പടംപാട്ടുകൾ- എട്ട്
സംത്രാസങ്ങൾ ശമിപ്പിച്ച് മനസ്സിനെ ശാന്തമാക്കുന്നവയാണ് മലയാള ചലച്ചിത്രഗാനങ്ങളിലെ പല ക്രിസ്തീയപ്രാർഥനകളും. സംഗീതത്തിൻ്റെ വിശുദ്ധീകരണശേഷി ഈ പ്രാർഥനാഗാനങ്ങളിലുണ്ട് എന്നാലും, ഇരുളും നിഴലും അശാന്തിയും ആകുലതകളുമാണ് അവയുടെ അടിസ്ഥാനശ്രുതി. ആഹ്ലാദാതിരേകത്താൽ മനസ്സിനെ ഉത്സാഹഭരിതമാക്കുന്ന ചില ഗാനങ്ങളുമുണ്ട്. അവയെ കുറിച്ചാണ് ഈ എഴുത്ത്.
പ്രാർഥന എന്നാൽ എനിക്ക് ഒരനുരാഗയാത്രയാണ്. പ്രാർഥിക്കുമ്പോൾ, പ്രിയനെ കാത്തിരിക്കുന്ന വിളക്കേന്തിയ കന്യകയാകുകയാണ് ഞാൻ. ‘എപ്പോഴുമെപ്പോഴും ഞാനെൻ്റെ ഗാനങ്ങളിൽ അങ്ങയെ അന്വേഷിച്ചു’ എന്ന് ഗീതാഞ്ജലിയിൽ രവീന്ദ്രനാഥ ടാഗോർ എഴുതിയിട്ടുണ്ട്. നിശ്ശബ്ദവും നിശ്ചലവുമായ രാത്രിയിൽ കൈയ്യിൽ തംബുരുവുമായി അവനെത്തും. അതിൻ്റെ സ്വരലയത്തിൽ എൻ്റെ സ്വപ്നങ്ങളെല്ലാം സംഗീതഭരിതമാകും. സോളമൻ്റെ പ്രണയഗീതം കേൾക്കുന്നതുപോലെ ഒരനുഭവമാണ് ചില പ്രാർഥനകൾ പകരുന്നത്.
മലയാളത്തിലെ വിലാപധ്വനിയില്ലാത്ത ക്രിസ്തീയപ്രാർഥനാ ഗാനങ്ങളെ കുറിച്ചാലോചിക്കാൻ എനിക്ക് പ്രേരണയായത് ബോഗെയ്ൻവില്ലയിലെ സ്തുതിപ്പാട്ടാണ്.
ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി.
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി.
ബോഗെയ്ൻവില്ല പൂക്കളും ഞാനാകുന്നോർമ്മയും
നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി
ഇത് എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനമാണ്. ഇത് പ്രാർഥനയാണോ? പ്രാർഥനക്ക് ഇത്രമേൽ സ്വതന്ത്രമാകാൻ കഴിയുമോ?
ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ പിടയുന്നേ
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മെല്ലെക്കൊല്ലുന്നേ ഉരുകുന്നേ
അലൗകികമായ ഒരാനന്ദതീരത്തേക്കുമാത്രമല്ല, ചടുലതയുടെ ഒരു യുവധാരയിൽ അത് പതിവു ഗാനതാളങ്ങളുടെ തടവറയിൽനിന്ന് ശ്രോതാവിനെ ഊർജ്ജസ്വലമായ തുറസ്സിലേക്ക് കൂടി ആനയിക്കുന്നുണ്ട്. ഈ ഗാനം കേൾക്കുമ്പോൾ ആകുലതയൊഴിഞ്ഞ ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കുകയും അത് പതുക്കെപ്പതുക്കെ ഉണർവ്വിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ചുണ്ടിലും മനസ്സിലും നിറയെ കഴിഞ്ഞ കുറെ ദിവസങ്ങളായി ബൊഗെയ്ൻവില്ലയിലെ ഈ ഗാനമാണ്. ഇതൊരു മികച്ച പ്രാർഥനയാണ്. വ്യത്യസ്തമായ പ്രാർഥനയാണ്. അതിൻ്റെ ചടുലതയും ഊർജ്ജവുമാണ് അതിലേക്ക് കൂടുതലായാകർഷിക്കുന്നത്. സ്വന്തം ദൈവത്തെ കുറിച്ചുള്ള ഉണർവ്വാണീ ഗാനം. പുറത്തുനിന്നുള്ള ചിന്താമാതൃകകൾക്കനുസരിച്ച് രൂപെപ്പട്ട ദൈവസങ്കൽപമല്ല ഇത്. ജീവിതത്തിൻ്റെ പ്രായോഗികാവശ്യങ്ങൾ കൂടി നിവർത്തിത്തരുന്ന കർത്താവിന് സ്തുതി.
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി
വിനായക് ശശികുമാർ എഴുതി സുഷിൻ ശ്യാം ഈണമിട്ട ഈ ഗാനം പാടിയത് മേരി ആൻ അലക്സാണ്ഡറും സുഷിൻ ശ്യാമും ചേർന്നാണ്. ബോഗെയ്ൻവില്ല എന്ന ചിത്രത്തിൻ്റെ പ്രമോഷനെ കാര്യമായി സ്വാധീനിച്ച ഗാനം. ഇത്രയും മനോഹരമായ ഒരു ഗാനത്തെ ഉൾക്കൊള്ളാനുള്ള ശക്തി മതവിശ്വാസികളിൽ ചിലർക്കുണ്ടായില്ലെന്നേയുള്ളു ഗാനം വൈറലായി. സ്നേഹത്തിൻ്റെ ക്ഷീണത്താൽ എല്ലാവരും ഏറ്റു പാടിപ്പോയി.
ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായ്
സ്നേഹത്തിൽ കൊന്നുതരാനായ്
ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം
ആമേൻ ആമേൻ
അവഗണിക്കപ്പെടുന്നതിന്റെയും ചവിട്ടിത്തേയ്ക്കപ്പെട്ടതിന്റെയും പ്രാഥമികവേദന വിട്ടൊഴിഞ്ഞശേഷം കിട്ടുന്ന ശാന്തിയുടെ നിർവ്വതിയും കരുത്തുമാണ് ഈ പ്രാർഥന. ചടുലമായ നൃത്തച്ചുവടുകളുമായി ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും സംഘവും പ്രാർഥനയെ മറ്റൊരു തലത്തിലെത്തിക്കുന്നു. വ്യർഥതകൾ ഇനി മേൽ തൊടില്ലെന്നൊരു ധൈര്യം.
ഗീതാഞ്ജലിയിലെ പ്രാർഥനാഗീതങ്ങൾ വായിക്കുന്ന ആരെയും അതിലെ വരികൾ വേദനയുടെയും പ്രണയത്തിൻ്റെയും ആനന്ദത്തിൻ്റെയും ലോകത്തേക്ക് ആനയിക്കുക തന്നെ ചെയ്യും. പ്രപഞ്ചസ്രഷ്ടാവിൻ്റെ സർഗ്ഗഭാവനയോടുള്ള വിനമ്രതാഭാവമാണ് ടാഗോറിൻ്റെ വരികളിൽ നാം കാണുന്നത്. ടാഗോറിൻ്റെ സ്വാധീനം ഏറ്റവുമധികമായി മലയാളകവികളിൽ കണ്ടിട്ടുള്ളത് ജി. ശങ്കരക്കുറുപ്പിൻ്റെ കവിതകളിലും പി. ഭാസ്കരൻ്റെ ഗാനങ്ങളിലുമാണ്. ഭക്തയായ പ്രണയിനിയുടെ ശബ്ദത്തിലാണ് ടാഗൂറിൻ്റെയും പി. ഭാസ്കരൻ്റെയും ജീയുടെയും പ്രാർഥനകൾ. ദൈവം ഒരു കാമുകനെ പോലെ എൻ്റെ ഗാനം കേൾക്കാൻ ചെവിയോർത്ത് അരികിലിരിക്കുന്നു. സ്ത്രൈണ വിഹ്വലതകൾ നിറഞ്ഞതാണ് അവയിലെ കൽപനകൾ.
അഭയം എന്ന ചിത്രത്തിൽ ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയുടെ വരികൾക്ക് ദക്ഷിണാമൂർത്തി ഈണം നൽകി എസ്. ജാനകി പാടുമ്പോൾ പ്രപഞ്ചത്തിൻ്റെയും പ്രകൃതിയുടെയും നിത്യസംശ്ലേഷണത്തിൻ്റെ ഗാനമാണ് നാം കേൾക്കുന്നത്.
നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം
ദൈവത്തെ എവിടെയൊക്കെയാണ് നാം അന്വേഷിക്കുക? എവിടെയൊക്കെയാണ് കണ്ടെത്തുക?
അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ
തിങ്ങിടും അനുഭവം പകരും കലാശൈലി നിത്യഗായകാ - നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം
അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്കരൻ രചിച്ച് ബാബുരാജ് ഈണമിട്ട് എസ്. ജാനകി പാടിയ പ്രസിദ്ധ ഗാനത്തിലും ടാഗൂറിൻ്റെ കൽപനകളുടെ സ്വാധീനം പ്രകടമാണ്.
താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍
താതാ നീ സംഗീത മധുപകരൂ
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെയെടുക്കും ഞാന്‍
എങ്ങനെയൊഴുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
നാഥാ നാഥാ…
ദൈവത്തോടുള്ള ഈ സമീപനം ഒരു സാമ്പ്രദായിക പ്രാർഥനയുടേതല്ല. വ്യവസ്ഥാപിത മതത്തിൻ്റേതുമല്ല. പ്രണയത്തിലേതിന് സമാനമായ സമർപ്പണമാണ് ഈ വരികളിലുള്ളത്.
കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത-
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ
ഈ വരികളിലെ ആത്മീയപ്രണയാനുഭവത്തിന് തുല്യമായ ഒന്നാണ് ബൊഗോയ്ൻവില്ലയിലെ കർത്താവിന്നു സ്തുതിയിലും കേട്ടത്.
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി
സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിൽ പി.ഭാസ്കരൻ എഴുതി പുകഴേന്തി ഈണം നൽകി എസ്. ജാനകി പാടിയ,
ലോകം മുഴുവൻ സുഖം പകരാനായ്
സ്നേഹദീപമേ മിഴിതുറക്കൂ
കദന നിവാരണ കനിവിന്നുറവേ
കാട്ടിൻ നടുവിൽ വഴിതെളിക്കൂ
എന്ന മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാർഥനയിലും ടാഗൂറിൻ്റെ ഗീതാഞ്ജലിയിലെ വരികളുമായി സാത്മ്യം കാണാം.
പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ…
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതില്‍ അവതരിക്കൂ
എപ്പോഴെങ്കിലും എന്നിൽ വിഷാദം നിറയുകയോ ഞാൻ സ്വപ്നത്തിൽ നിന്നു ഞെട്ടിയുണരുകയോ ചെയ്താൽ അപ്പോഴെല്ലാം ഇത്തരം ചില പ്രാർഥനാഗാനങ്ങളുടെ മധുരസൗരഭ്യം എനിക്കനുഭവിക്കാൻ കഴിയാറുണ്ട്. ആവിലായിലെ വിശുദ്ധ തെരേസയുടെ വാക്കുകളുടെ അവ്യക്തമധുരിമ എന്നിൽ നിറയാറുണ്ട്.
വിശുദ്ധ കൊച്ചുത്രേസ്യ പറഞ്ഞത്, ''ഞാൻ സർവ്വതിനെയും സ്വീകരിക്കുന്നു'' എന്നാണ്. അങ്ങനെ പറയാൻ അവരെ പോലുള്ള വിശുദ്ധകൾക്കു മാത്രമേ സാധിക്കൂ. അതുപോലെ ചില ഭക്തിഗാനങ്ങളിലെ പ്രണയാനുഭവങ്ങൾ എന്നെ വിശുദ്ധ കൊച്ചുത്രേസ്യയിലേക്ക് കൊണ്ടുപോകുന്നു. അവർ പറഞ്ഞത്, യേശു അഥവാ ആ കാമുകൻ വസിക്കുന്ന പള്ളിയറയിൽ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ. അവിടുത്തെ പ്രകാശരശ്മികളല്ലാതെ മറ്റൊന്നും നമ്മുടെ കണ്ണിൽ പതിയാനനുവദിക്കരുത്. ശരീരത്തിൻ്റെ നിർവൃതികളിലൂടെ അല്ലാതെ സ്ത്രീക്ക് ഇത്തരം ആത്മീയാനുഭൂതികളിൽ എത്തിച്ചേരാനാവില്ല.
വയലാറെഴുതിയ ഒരു ഗാനമുണ്ട്, തെറ്റ് എന്ന ചിത്രത്തിലേതാണ്. ഏതു പള്ളിയിലെയും ക്രിസ്തുരൂപത്തിലേക്ക് നോക്കുമ്പോൾ ഈ ഗാനമുണ്ടാക്കുന്ന ഒരു വശ്യമധുരിമ മറ്റേതു പ്രാർഥനയേക്കാൾ എൻ്റെയുള്ള് നിറയ്ക്കാറുണ്ട്.
പള്ളിയരമന വെള്ളിയരമനയിൽ
പൊന്നുകൊണ്ടൊരാൾ രൂപം
ചിത്രമണിയറ മുത്തുമണിയറയിൽ
ശില്പി തീർത്തൊരാൾരൂപം സ്വപ്ന-
ശിൽപി തീർത്തൊരാൾ രൂപം
ക്രിസ്തുവിൻ്റെ പ്രണയാതുരമായ ആ കണ്ണുകളാണ് എന്നെ ആകർഷിക്കാറുള്ളത്. അവിടെ ഞാൻ പ്രണയമെഴുതിയ എല്ലാ കവികളുടെയും കണ്ണുകളുടെ ആർദ്രത കാണും. ആനന്ദത്തിൻ അരുണകിരണമെന്ന് പി. ഭാസ്കരൻ എഴുതിയതെത്ര ശരി. കാനനശലഭത്തിൻ കണ്ഠത്തിൽ വാസന്തകാകളി നിറച്ചവന്, എന്നെയും നിന്നെയും പ്രണയത്തെയും സൃഷ്ടിച്ച കർത്താവിന് സ്തുതി. ക്രിസ്തു പെണ്ണുങ്ങളുടെ ദൈവമാണ്. പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിയവനെന്ന കൽപന എത്ര പ്രണയപൂരിതമാണ്. ഞാനാകുന്ന കടലിന്നു മീതേ നടന്നവനല്ലേ?
പള്ളിയരമനപ്പാട്ടിൻ്റെ വരികളിൽ പ്രണയാനുഭൂതിയുടെ ദിവ്യതയും അത് കൊണ്ടു ചെന്നെത്തിക്കുന്ന ശാരീരികവും ആത്മീയവുമായ വിഭ്രമങ്ങളും ഉണ്ട്. സോളമൻ്റെ ഉത്തമഗീതത്തിൽ നാം കണ്ടിട്ടുണ്ട്, ഈ പള്ളിയരമന. സ്വന്തം ആഭ്യന്തര ഹർമ്മൃത്തിലെ വെള്ളിയരമന. അകംപൊരുളിനോടുള്ള പ്രണയമാണ് ഈ പാട്ടിലനുഭവിക്കാനാകുന്നത്. ആവിലായിലെ തെരേസക്ക് ക്രിസ്തു അദൃശ്യനായെങ്കിലും ശരീരരൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ദൈവികത എങ്ങനെയാണ് ഒരു സ്ത്രീയുടെ ആത്മാവിൻ്റെയും ശരീരത്തിൻ്റെയും ആവശ്യം നിറവേറ്റിക്കൊടുത്ത് അവളെ സംതൃപ്തയാക്കുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമാനമായ ഒരു പെണ്ണനുഭവമാണ് വയലാറെഴുതി പി.സുശീലയുടെ ശബ്ദത്തിൽ നാം കേൾക്കുന്നത്.
ഞാനതിന്റെ നീലക്കണ്ണുകളില്‍ കണ്ടു
ദാഹമായ ദാഹങ്ങള്‍
ആ ദാഹം ആ രൂപം ആ നോട്ടം
ആപാദചൂഡം ചാര്‍ത്തിച്ചു - എന്നെ
നാണമെന്നൊരാഭരണം
ആഹഹാ ആഹഹാ...ആ
ദൈവികപ്രണയത്താൽ പരവശയായ നായിക. അവളനുഭവിക്കുന്ന പ്രണയത്തിൻ്റെ മധുരം അവാച്യമാണ്.
ഞാനതിന്റെ മന്ദസ്മേരത്തില്‍ കണ്ടൂ
മോഹമായ മോഹങ്ങള്‍
ആ മോഹം ആ സ്നേഹം ആ മൌനം
ആത്മാവിനുള്ളില്‍ പകരുന്നൂ - ഇന്നും
പ്രേമമെന്ന തിരുമധുരം
ആഹഹാ ആഹഹാ...ആ
ആത്മീയമായ പ്രണയവേദനകളിൽ ഉടലിന് അനൽപമായ പങ്കുണ്ട്. ദൈവത്തിനും ശരീരത്തിനുമിടയിൽ നടക്കുന്ന മൃദുലമെങ്കിലും തീവ്രമായ പ്രണയത്തിൻ്റെ ഈ തഴുകൽ അനുഭവിക്കണമെങ്കിൽ വിശ്വാസത്തോടൊപ്പം വികാരത്തിൻ്റെതു കൂടിയായ ഒരു വന്യത ഉള്ളിലുണ്ടാകണം. വ്യക്തവും കൃത്യവുമായ അർഥവിശദീകരണത്തിന് ആ വന്യത വഴങ്ങിയെന്നു വരില്ല.
സാധാരണ മതപുരോഹിതന്മാർക്ക് ഈ പ്രാർഥനയുടെ അർഥം മനസ്സിലാകില്ല. ജീവിതത്തിൻ്റെ വൈവിധ്യപൂർണ്ണമായ സൗന്ദര്യത്തിലൂടെ ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ആവിലായിലെ വിശുദ്ധ തെരേസയെ ഞാനീ പ്രാർഥനാഗാനങ്ങളിൽ കാണുന്നുണ്ട്. അവർ ദൈവവുമായി നിത്യപ്രണയത്തിലാണല്ലോ.
നീയെന്റെ പ്രാർഥന കേട്ടൂ
നീയെന്റെ മാനസം കണ്ടൂ
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ
അഴലിൻ കൂരിരുൾ മാറ്റി....
കാറ്റു വിതച്ചവൻ എന്ന ചിത്രത്തിനു വേണ്ടി പൂവച്ചൽ ഖാദറെഴുതി പീറ്റർ റൂബിൻ ഈണം നൽകി മേരി ഷൈല പാടിയതാണ് ഈ ഗാനം.
എന്നെ സംബന്ധിച്ച് ആത്മീയത തികച്ചും ഒരു പ്രണയവ്യഥയായതിനാൽ എല്ലാ ക്രിസ്തുമസിനും ഈ ഗാനവുമായി ക്രിസ്തുവിനെ പോലെ സൗമ്യനായ പൂവച്ചൽ ഖാദർ എൻ്റെ മനസ്സിലെത്തും. കാരണം ദൈവം എങ്ങനെയൊക്കെയായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നുവോ അങ്ങനെയൊക്കെ ദൈവത്തെ എനിക്കു കൊണ്ടുത്തന്നു കൊണ്ടിരുന്നു പൂവച്ചൽ ഖാദർ തൻ്റെ പാട്ടുകളിലൂടെ. മെയിൽ ഈഗോയുടെ ലഹരിയില്ലാത്ത ഈ കവി സങ്കൽപിക്കുന്ന ദൈവത്തിനും അതില്ല. പൊതുവിൽ യേശുവിലതില്ല എങ്കിലും യേശുവിനെ വെറും ഭൗതികനും നിസ്സാരനുമാക്കിയിട്ടുണ്ട്, നിലവിലെ പ്രാർഥനാക്രമങ്ങൾ.
പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം
അതിനുള്ളില്‍ പാപത്തിന്‍
പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകൾ
പനിനീരു വിരിയുന്ന പറുദീസയെങ്ങനെയിരിക്കും? ആനന്ദവും കണ്ണുനീരും തിരിച്ചറിയുന്ന ആൺദൈവത്തിനൊപ്പം ആ പറുദീസയിൽ സ്വപ്നത്തിലെന്ന വണ്ണം നടന്നാലെങ്ങനെയിരിക്കും? ചെറിയ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പുല്ലിലൂടെ, ഇടതുകൈ നിറയെ പനിനീർ ചാമ്പക്കയുമായി, ഇടക്കിടെ ഓരോ ചാമ്പക്കയെടുത്തു തിന്നും ഇടക്കോരോന്നു ദൈവത്തിനു കൊടുത്തും അതിയായ പ്രസരിപ്പോടെ അരുവിയിലേക്കും മരച്ചില്ലകളിലേക്കും ആകാശത്തേക്കും നോക്കിനോക്കി നടന്നാലോ? സി.വി. ബാലകൃഷ്ണന്റെ സ്നേഹവിരുന്ന് എന്ന കഥയിലെ'സിസ്റ്റർ എവുസേബിയയെ വായിക്കുമ്പോഴെന്നതു പോലെ ഞാൻ ഈ പാട്ട് കേട്ട് ക്രിസ്തുവിനൊപ്പം നടക്കാറുണ്ട്.. ലോകത്തെ വിഷമയമാക്കുന്ന മനുഷ്യരെ കുറിച്ച് ദൈവം എന്നോട് പ്രണയിനിയോടെന്ന വണ്ണം തമാശകൾ പറയും. ചിലപ്പോൾ ഞാൻ ചിരിച്ചു കുഴഞ്ഞ് ആ തോളിൽ ചായും. മറ്റു ചിലപ്പോൾ പച്ചപ്പുൽ മൈതാനത്ത് ആ മടിത്തട്ടിൽ മയങ്ങും. പിന്നീടുണരുമ്പോൾ എന്തൊരൂർജ്ജവും തെളിച്ചവുമായിരിക്കും!! ഈ പാട്ടിൽ അതിനു പറ്റിയൊരീണവും ശബ്ദവും നൽകി പീറ്റർ റൂബിനും മേരി ഷൈലയും. ആഗ്രഹം സാധിച്ചു തന്നവനോടുള്ള ഉത്സാഹവും ആഹ്ലാദവും ആരാധനയുമാണ് ഈ പാട്ടിലാകെ.
പതിവു ഭക്തിഗാനങ്ങളുടെ വിഷാദം നിറഞ്ഞ ആലാപപ്രലാപങ്ങളോ തേങ്ങലിന്റെ ശ്രുതിയോ ഇല്ലാത്ത ഗാനം. പീറ്റർ റൂബിന്റെ സംഗീതത്തിലും മേരി ഷൈലയുടെ ആലാപനത്തിലുമുണ്ട് തുളുമ്പി മറിയുന്ന നിഗൂഢാനന്ദത്തിന്റെ ഒരു കുതിച്ചുതുള്ളൽ. ഓരോ ചരണത്തിൽ നിന്നും പല്ലവിയിലേക്ക് തിരികെ ധൃതിയിൽ കടക്കുമ്പോൾ ഉയരുന്ന ബീറ്റുകൾ ഹൃദയത്തിലിങ്ങനെ പടപടാന്ന് വന്നടിക്കും. ക്രൂശിതനും മുറിവേറ്റവനുമായ ദൈവം മുള്ളാണികളുടെ മൂർച്ചകളിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ദൈവത്തിന് അവൻ്റെ പ്രണയവും ചൈതന്യവും യുവത്വവും തിരികെ ലഭിക്കുകയാണ് ഈ ഗാനത്തിൽ.
ചെന്നായ്ക്കളേപോലും പുള്ളിമാനാക്കുന്ന
നിൻ സ്നേഹ മുന്തിരിപ്പൂക്കൾ
എന്ന് കേൾക്കുമ്പോൾ സ്നേഹാധിക്യത്താൽ ഞാൻ എൻ്റെ ദൈവത്തെ കെട്ടിപ്പിടിക്കുന്നു. അടഞ്ഞ മതിലുകൾക്കുള്ളിലെ ഒരു കന്യാസ്ത്രീയുടെ പ്രണയം പോലെയാണത്. മറ്റാർക്കും അത് മനസ്സിലാകണമെന്നില്ല. ജീവിതം മുഴുവൻ കൊന്തയർപ്പിച്ചാലും ഈ holy Spirit കിട്ടണമെന്നുമില്ല. സ്വതന്ത്രയായ വിശ്വാസി എന്നൊരു സങ്കൽപം സഭക്കില്ലല്ലോ. ഒതപ്പ് എന്ന നോവലിൽ സാറാ ജോസഫ് അതേ കുറിച്ച് എഴുതുന്നുണ്ട്. ‘holy Spirit എന്നാൽ അതൊരു മണാ’ എന്നാണ് റബേക്ക പറയുന്നത്. പ്രണയവിശുദ്ധിയുടെ മണമാണത്.
പൂവച്ചൽ ഖാദറിൻ്റെ തന്നെ മറ്റൊരു പ്രാർഥനാ ഗാനമാണ്,
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ നിൻ
തൃക്കാൽ കഴുകുന്നു നാഥാ
ആ പാട്ടിൻ്റെ ഒന്നാം ചരണത്തിൽ ഇങ്ങനെ ഒരു വരിയുണ്ട്:
പെണ്ണിന്റെ കണ്ണുനീർ കണ്ടു
കരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ
അതാണെൻ്റെ ദൈവം. ഓരോ പാട്ടിലും അദ്ദേഹം എന്റെ ആശ്വാസത്തിലേക്കുള്ള ചില താക്കോലുകൾ ഒളിപ്പിച്ചുവെച്ചു.
പഴയ വി ജെ ടി ഹാളിൽ കുറച്ചു വർഷം മുൻപ് മൂന്നു കസേരക്കു മുന്നിലിരുന്നിരുന്ന പൂവച്ചൽ ഖാദറിനെ നോക്കിയിരിക്കുമ്പോൾ, ആ മുഖത്തെ സൗമ്യത കണ്ട് 'ചുമ്മാതല്ല ഇങ്ങനെയൊക്കെയെഴുതുന്നത്' എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. അതിനാൽ, ‘എന്റെ ദൈവമേ, എന്റെ യേശുവേ’ എന്ന് ഓരോ ക്രിസ്തുമസും പൂവച്ചൽ ഖാദറിന്റെ ഓർമ്മകൾക്കു മുന്നിൽ വർദ്ധിച്ച സ്നേഹത്തോടെ സമർപ്പിക്കാറുണ്ട് ഞാൻ.
ഒരു പ്രാർഥനാ ഗാനത്തിനിണങ്ങുന്ന ഈണത്തേക്കാൾ ഒരു പ്രണയഗാനത്തിനിണങ്ങുന്ന ഈണമാണ് താമരക്കുമ്പിളല്ലോ മമ ഹൃദയം... എന്ന പാട്ടിന് ബാബുരാജ് നൽകിയിരിക്കുന്നത്. ‘നിത്യസുന്ദരമായ ഭൂലോകവാടിയിലെ ഉദ്യാനപാലകനായ ഈ കർത്താവിനെ’ തന്നെയാണ് ‘ബൊഗെയ്ൻവില്ല പൂക്കളും എന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി’ എന്ന ഗാനത്തിലും വാഴ്ത്തുന്നത്. പൂമണമില്ലെങ്കിലും, പൂന്തേനുമില്ലെങ്കിലും ഈ കടലാസ്പൂവിനെയും എൻ്റെ പ്രണയത്തെയും നിന്നെയും സൃഷ്ടിച്ച കർത്താവിന്ന് സ്തുതി.
ഉത്സാഹഭരിതമായ മറ്റൊരു പ്രാർഥനാ ഗീതമാണ്
പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ
നല്ലൊരു നാളയെ മാടിവിളിക്കുവിൻ
നല്ലൊരു നാളേ - നാളേ
പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ…
അധ്യാപിക എന്ന ചിത്രത്തിനു വേണ്ടി ഒ. എൻ. വി എഴുതി ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനമാണിത്. പി. ലീലയും കോറസും പാടിയ ഈ ഗാനത്തിൽ ഉത്സാഹഭരിതവും പ്രത്യാശാ നിർഭരവുമായ ഒരൂർജ്ജതാളം അടങ്ങിയിരിക്കുന്നു. നിഷ്പ്രയോജനങ്ങളുടെ ഭാരമേന്തിയ വിലാപമല്ല ഈ വരികളിലും ഈണത്തിലും. വിശ്വാസം ശൂന്യതയിലേക്കല്ലല്ലോ മിഴിനട്ടിരിക്കേണ്ടത്. സദാ ഉണർന്നിരിക്കുന്ന നീലാകാശത്തിലെ ആയിരമിതളുകളുള്ള വാടാത്ത മണിവിളക്കിലേക്കാണ് ഈ പ്രാർഥന കണ്ണു നട്ടിരിക്കുന്നത്.
താരമേ ചിരിച്ചാലും - ആയിരമിതളുള്ള
താമര മലർവിളക്കേ - വാടാത്ത
താമര മലർവിളക്കേ
പള്ളിമണികളേ പള്ളിമണികളേ
സ്വർല്ലോകഗീതത്തിന്നുറവുകളേ
എൻ്റെ നാഥാ, എൻ്റെ കർത്താവേ, നിന്നെയാണല്ലോ ഞാനെന്നും പ്രണയിച്ചിരുന്നതെന്ന് ഈ പാട്ടുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിയവനേ എന്ന് വെറുതെയല്ല നിന്നെ ഞങ്ങൾ വിളിക്കുന്നത്. കണ്ണിമ ചിമ്മുന്ന വെളിച്ചത്തിൽ ഞാനും നീയും ഊഞ്ഞാലാടിയിരുന്നപ്പോൾ നവം നവമായി ഓരോ ദിനവും വിടരേണ്ടതിൻ്റെ രഹസ്യങ്ങൾ നീയെന്നോട് കാതിൽ മന്ത്രിച്ചിരുന്നുവല്ലോ. എൻ്റെ പിഴവുകളും പരാജയങ്ങളും, പ്രണയത്തിടമ്പേ നിനക്കല്ലാതാർക്ക് ഒരു തമാശയായിക്കണ്ട് പൊറുക്കാൻ കഴിയും?
പ്രലോഭനത്തിൻ്റെയും അനുഭൂതിയുടെയും അലൗകികപ്രപഞ്ചം സൃഷ്ടിച്ച ഈ പ്രിയഗാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ നിറഞ്ഞു തുളുമ്പുന്ന ജീവിതത്തെ എൻ്റെ ചെവികളിലൂടെത്തന്നെ കേൾക്കുകയും എന്നിലൂടെത്തന്നെ അതിൻ്റെ മധുരം നുകരുകയുമാണ്. അവനു വേണ്ടി ഞാൻ പാടുന്നു. ഉള്ളിലൊരു മിന്നൽ പിണരൊളിപ്പിച്ച് അവനുവേണ്ടി മാത്രം.
ഏതു കവിത പാടണം നിൻ
ചേതനയിൽ മധുരം പകരാൻ
എങ്ങനെ ഞാൻ തുടങ്ങണം നിൻ
സങ്കൽപം പീലി വിടർത്താൻ
അവിടുന്നെൻ ഗാനം കേൾക്കാൻ
ചെവിയോർത്തിട്ടരികിലിരിക്കെ
സ്വരരാഗസുന്ദരിമാർക്കോ
വെളിയിൽ വരാൻ എന്തൊരു നാണം…