ഇന്ത്യൻ സിനിമാസംഗീതരംഗത്ത് മനോഹരമായ ഒരു സ്വരധാര ഒഴുകാൻ തുടങ്ങിയിട്ടിപ്പോൾ അഞ്ച് പതിറ്റാണ്ടായി. കലൈവാണി എന്ന് തമിഴ്‌നാട്ടുകാർ അൻപോടെ വിളിക്കുന്ന വാണി ജയറാമിന്റെതാണ് അത്. ഇമ്പമാർന്ന മണിനാദം പോലെയായിരുന്നു എന്നതാണ് ആ ശബ്ദത്തിന്റെ സവിശേഷത. 1945ൽ തമിഴ്‌നാട്ടിലെ വേലൂരിൽ ജനിച്ച വാണി തന്റെ സംഗീതവാസന പിൻപറ്റിയത് അമ്മയായ പത്മാവതിയിൽ നിന്നായിരുന്നു. രംഗരാജ അയ്യങ്കാരിൽനിന്ന്ശാസ്ത്രീയസംഗീതം അഭ്യസിച്ച അമ്മ തന്റെ മക്കളെയും സംഗീതപാതയിലേക്കാനയിച്ചു. അഞ്ചു വയസ്സുള്ളപ്പോൾ കടലൂർ ശ്രീനിവാസ അയ്യങ്കാരുടെ അടുത്ത് ദീക്ഷിതർ കൃതികൾ പഠിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ജി. എൻ. ബിയുടെ ശിഷ്യനായ ടി. ആർ. ബാലസുബ്രമണ്യം, തിരുവനന്തപുരം ആർ. എസ്. മണി എന്നിവരുടെയടുത്തും വാണി സംഗീതം അഭ്യസിച്ചു.
ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ഗുഡ്ഡി എന്ന സിനിമയിൽ പുതുമുഖമായ ജയാഭാദുരിക്ക് വേണ്ടി പാടാൻ ഒരു പുതിയ ശബ്ദം തന്നെ വേണമായിരുന്നു- ആ ശബ്ദം വാണി ജയറാമായി. പിന്നീട് വാണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
മദ്രാസിലെ ക്വീൻ മേരീസ് കോളേജിൽ പഠിച്ച് സ്റ്റേറ്റ് ബാങ്കിൽ ചെയ്യുമ്പോഴാണ് അവർ ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നത്. പഠിക്കുന്ന കാലത്തേ, സംഗീതത്തിനു പുറമേ ഡിബേറ്റിംഗ്, അഭിനയം എന്നീ രംഗങ്ങളിലും ശോഭിച്ചിരുന്നു. കലൈവാണി എന്ന പേര് അന്വർത്ഥമാക്കുംവിധം ബഹുമുഖപ്രതിഭയാണ് അവർ. കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കും, എംബ്രോയ്ഡറി ചെയ്യും.
വാണിയുടെ സഹോദരിമാരും പാട്ടുകാരായിരുന്നുവെങ്കിലും (അവർ വേലൂർ സിസ്റ്റേഴ്‌സ് എന്ന പേരിൽ കച്ചേരികൾ നടത്തിയിരുന്നു) സിനിമയിലെത്തിയത് വാണി മാത്രമായിരുന്നു.
കല്യാണം കഴിഞ്ഞ് ബോംബേയിലെത്തിയതാണ് വഴിത്തിരിവായത്. പണ്ഡിറ്റ് രവിശങ്കറിന്റെ കിന്നര സ്‌കൂളിൽ സിത്താർ അഭ്യസിച്ചിരുന്ന ഭർത്താവ് ജയറാം, വാണിയെ പട്യാല ഘരാനയിലെ ഉസ്താദ് അബ്ദുൾ റഹ്‌മാൻ ഖാന്റെ അടുക്കൽ ഹിന്ദുസ്ഥാനി സംഗീതം പഠിയ്ക്കാനയച്ചു. അവിടെ ഠുമ്രി, ഭജൻ, ഗസൽ എന്നിവയിലൊക്കെ ആറുമാസത്തെ തീവ്രമായ ശിക്ഷണമാണ് വാണിക്ക് ലഭിച്ചത്. അവർ ഹിന്ദുസ്ഥാനി അർദ്ധ ശാസ്ത്രീയ കച്ചേരികൾ നടത്താനാരംഭിച്ചു. അവരുടെ പാട്ടുകേൾക്കാനിടയായ സംഗീതസംവിധായകൻ വസന്ത് ദേശായ്, ഹൃഷികേശ് മുഖർജി സംവിധാനം ചെയ്യുന്ന ഗുഡ്ഡി എന്ന സിനിമയിലെ പാട്ടുകൾ പാടാൻ വാണിയെ ക്ഷണിച്ചു.1971ലായിരുന്നു അത്. പുതുമുഖമായ ജയാഭാദുരിക്ക് വേണ്ടി പാടാൻ ഒരു പുതിയ ശബ്ദം തന്നെ വേണമായിരുന്നു അവർക്ക്. പിന്നീട് വാണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല ഭാഷകളിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭാഷകളിൽ അവർ പാടിക്കൊണ്ടേയിരുന്നു.
എഴുപതുകളും എൺപതുകളുടെ പകുതി വരെയും ദക്ഷിണേന്ത്യയിലെ നമ്പർ വൺ ഗായികയായിരുന്നു അവർ. അതിമനോഹരമായി പാടി വരവറിയിച്ച ഹിന്ദിയെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ ഭാഷകളിലാണ് അവർ അധികം ഗാനങ്ങൾ ആലപിച്ചത്. ഹിന്ദിയിൽ അവസരങ്ങൾ കുറയാൻ ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള തിരക്കിനു പുറമെ ഹിന്ദിഗാനരംഗത്തുണ്ടായിരുന്ന ചിലരുടെ ആധിപത്യസ്വഭാവങ്ങളും കാരണമായിട്ടുണ്ടാകാം. ഇതിനെപ്പറ്റി ഒരു സംഭവം ഇങ്ങിനെ ഓർത്തെടുക്കുന്നുണ്ട് വാണി.
വർഷം 1972. ഛത്രപതി ശിവജിയുടെ പ്രതിമയുടെ അനാച്ഛാദനത്തിന് വസന്ത് ദേശായിയുടെ കൂടെ മറാഠിപാട്ടുകൾ പാടാൻ ഡൽഹിയിൽ എത്തിയതാണ് വാണി. ചടങ്ങ് കഴിഞ്ഞ് അന്നത്തെ കേന്ദ്രധനമന്ത്രിയായ വൈ. ബി. ചവാൻ അതിഥികളെ ഡിന്നറിനു ക്ഷണിച്ചു. ഡിന്നറിന്റെ സമയത്ത് മന്ത്രി വാണിയോട് ചിരിച്ചുകൊണ്ട് പറയുകയാണ്: ‘‘വാണിജി, ഹമാരി രാജനീതി മേ സംഗീത് നഹീ ഹൈ, ആപ്കീ സംഗീത് മേ ഇത്‌നീ രാജ്‌നീതി ഹൈ'' (ഞങ്ങളുടെ രാഷ്ട്രീയത്തിൽ സംഗീതമില്ല, പക്ഷെ താങ്കളുടെ സംഗീതത്തിൽ വല്ലാത്ത രാഷ്ട്രീയമാണല്ലൊ).
ഇതൊന്നും പക്ഷെ ആ കലാകാരിയെ ബാധിച്ചില്ല. അവർ സംഗീതലോകത്ത് തന്റെ ജൈത്രയാത്ര തുടർന്നു. മൂന്നു പ്രാവശ്യം ദേശീയ അവാർഡ്, അനേകം സംസ്ഥാന അവാർഡുകൾ, സമഗ്രസംഭാവനയ്ക്കടക്കം എത്രയോ തവണ ഫിലിം ഫെയർ പുരസ്‌കാരം എന്നിവ നേടി.
ഗുഡ്ഡിയിൽ ആദ്യം റെക്കോർഡ് ചെയ്ത മീരാഭജന് ഓടക്കുഴൽ വായിച്ചത് ഹരിപ്രസാദ് ചൗരസ്യ. മേഘമൽഹാർ രാഗത്തിലുള്ള ഗുൽസാർ- വസന്ത് ദേശായ് ടീമിന്റെ ബോലേ രേ ബപ്പിഹരാ പുറത്തിറങ്ങേണ്ട താമസം, ഹിറ്റായി. രാജ്യം മുഴുവനും അറിയപ്പെടുന്ന ഗായികയായി വാണി ജയറാം. താൻ ചെറുപ്പത്തിലാഗ്രഹിച്ചതുപോലെ ബിനാകാ ഗീത് മാലയിൽ പതിനാറാഴ്ച ജനപ്രിയഗാനങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടർന്നു ആ പാട്ട്. ആ സിനിമയിൽത്തന്നെയുള്ള ഹംകോ മൻ കി ശക്തി ദേനാ ഒരുപാട് സ്‌കൂളുകളിൽ പ്രാർത്ഥനാഗീതമായി.
വാണി ജയറാമിന്റെ മലയാളത്തിലെ ആദ്യഗാനം 1973ൽ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലേതാണ്. ഒ.എൻ.വിയും സലിൽ ചൗധരിയുമായിരുന്നു സൗരയൂഥത്തിൽ വിടർന്നോരു കല്യാണസൗഗന്ധികമാണീ ഭൂമി എന്ന പാട്ടിന്റെ ശിൽപ്പികൾ. ആ പാട്ടിൽ പറയുന്നതു പോലെ, നിന്നെ ഞാനെന്തു വിളിക്കും, എന്നാത്മസംഗീതമെന്നോ എന്ന് വിസ്മയിച്ചു ആസ്വാദകർ. ഏറെത്താമസിയാതെ ഏതാണ്ടെല്ലാ സംഗീതസംവിധായകരുടെയും പ്രിയഗായികയായി വാണി. മലയാളത്തിൽ സലിൽ ദായ്ക്കു പുറമെ ദേവരാജൻ, ദക്ഷിണാമൂർത്തി, കെ രാഘവൻ, എം. എസ്. വി, എം. ബി. എസ്, എം. കെ. അർജ്ജുനൻ, ആർ. കെ. ശേഖർ, ശങ്കർ- ഗണേഷ്, എ. ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയ് എന്നിവരുടെയെല്ലാം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് വാണി ജയറാം.
മലയാളത്തിൽ പാടിത്തുടങ്ങുന്നതിനോടൊപ്പം തന്നെയാണ് തമിഴിലും വാണി പാടിത്തുടങ്ങുന്നത്. ആദ്യം ഒന്നുരണ്ടു ചിത്രങ്ങളിൽ പാടിയെങ്കിലും എം. എസ്. വിശ്വനാഥനു വേണ്ടി പാടിയ മല്ലികൈ എൻ മന്നൻ മയങ്കും പൊന്നാന മലരല്ലവാ എന്ന പാട്ടിന്റെ സുഗന്ധത്തിൽ തമിഴരെല്ലാം മയങ്ങിപ്പോയി. പിന്നെ അവിടെയും തുരുതുരെ ഹിറ്റ് ഗാനങ്ങളിറങ്ങി.1975 ൽ എം. എസ്. വി യുടെ തന്നെ ഏഴു സ്വരങ്കളുക്കുൾ എത്തനൈ രാഗം (അപൂർവ്വരാഗങ്കൾ) എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ആ വർഷത്തെ ദേശീയപുരസ്‌കാരം ലഭിച്ചു.
രണ്ടാമത്തെ ദേശീയ അവാർഡ് തന്നോടുതന്നെ മത്സരിച്ച് വാങ്ങിയ അപൂർവ്വതയും വാണിക്ക് സ്വന്തമാണ്. 1979-80 ലായി പുറത്തിറങ്ങിയ മീര (ഹിന്ദി), ശങ്കരാഭരണം (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അവസാനം വിധികർത്താക്കൾ ശങ്കരാഭരണം തിരഞ്ഞെടുക്കുകയായിരുന്നു. പണ്ഡിറ്റ് രവിശങ്കർ സംഗീതസംവിധാനം നിർവ്വഹിച്ച് വാണി ആലപിച്ച 14 പാട്ടുകളുണ്ടായിരുന്നു മീരയിൽ. കെ. വി മഹാദേവനായിരുന്നു ശങ്കരാഭരണത്തിന്റെ സംഗീതസംവിധായകൻ.
മലയാളത്തിൽ എല്ലാത്തരം പാട്ടുകളും പാടിയിട്ടുണ്ട് വാണിജയറാം. ശബ്ദഗാംഭീര്യം, സ്വരവ്യാപ്തി, ഏതു ശ്രുതിയിലും സ്ഥായിയിലും കാലത്തിലും ശ്രുതിശുദ്ധമായി , ലയഭംഗിയോടെ പാടാനുള്ള സിദ്ധി എന്നിവ അവരുടെ സവിശേഷതകളായിരുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും ചെറുപ്പത്തിലേ കിട്ടിയ അടിത്തറ അവരെ ഏത് വിഷമം പിടിച്ച സ്വരസഞ്ചാരവും അനായാസമാലപിയ്ക്കാൻ പ്രാപ്തയാക്കി. സ്വാഭാവികസിദ്ധിയും കഠിനാധ്വാനവും കൊണ്ട് ഏതു ഭാഷയിലും അതാത് ഭാഷക്കാർ പാടുന്നതുപോലെ പാടാനുള്ള കഴിവ് നേടി. 18 ഭാഷകളിലാണ് അവർ പാടിയിരുന്നത്. മൂന്നാമത്തെ ദേശീയപുരസ്‌കാരം തെലുങ്കിലുള്ള സ്വാതികിരണം എന്ന പടത്തിലെ പാട്ടിനാണ്. ഗുജറാത്തി, തമിഴ്, ഒറിയ തെലുങ്ക് ഭാഷകളിൽ അവർക്ക് സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാലെന്തുകൊണ്ടോ ഒരുപാട് മനോഹരഗാനങ്ങൾ ആലപിച്ചിട്ടും മലയാളത്തിൽ അവർക്ക് ഒരു സ്റ്റേറ്റ് അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ല.
അഞ്ചു പതിറ്റാണ്ട് നീളുന്ന ആ സംഗീതസപര്യയിൽ അറുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും നൂറിലധികം ആൽബം സോങ്ങ്‌സും അവർ പാടി. താരതമ്യേന വിഷമമുള്ള മലയാളഭാഷയിൽ, അതിവേഗത്തിൽ വാക് സഞ്ചാരം നടത്താൻ അവർക്കുകഴിഞ്ഞു
മലയാളത്തിൽ അവരാലപിച്ച പ്രണയഗാനങ്ങളിൽ ചിലത്:കാറ്റു ചെന്നു കളേബരം തഴുകി, എന്റെ കയ്യിൽ പൂത്തിരി (സമ്മാനം, 1975, വയലാർ- ദക്ഷിണാമൂർത്തി) നാടൻപാട്ടിലെ മൈന (രാഗം,1975, വയലാർ- സലിൽ ചൗധരി), തിരുവോണപ്പുലരി തൻ (തിരുവോണം, 1975, ശ്രീകുമാരൻ തമ്പി- എം. കെ. അർജ്ജുനൻ), പത്മതീർത്ഥക്കരയിൽ (ബാബുമോൻ, 1975, മങ്കൊമ്പ് ഗോപാലകൃഷ്ണൻ- എം. എസ്. വി), തേടിത്തേടി ഞാനലഞ്ഞു (സിന്ധു, 1975, ശ്രീകുമാരൻ തമ്പി- എം. കെ. അർജ്ജുനൻ), കുങ്കുമപ്പൊട്ടിലൂറും കവിതേ (പാൽക്കടൽ, 1976, ശ്രീകുമാരൻ തമ്പി- എ. ടി. ഉമ്മർ), ആഷാഢമാസം (യുദ്ധഭൂമി, 1976, മങ്കൊമ്പ് ഗോപാലകൃഷ്ണൻ- ആർ. കെ. ശേഖർ), നായകാ പാലകാ (ലക്ഷ്മിവിജയം, 1976, ഭരണിക്കാവ് ശിവകുമാർ- എം. കെ. അർജ്ജുനൻ), പൊന്നുംകുടത്തിനൊരു (യുദ്ധകാണ്ഡം, 1977, ഒ. എൻ. വി- കെ. രാഘവൻ), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു, 1978, യൂസഫലി- കെ. രാഘവൻ), ഏതോ ജന്മകൽപ്പനയിൽ (പാളങ്ങൾ, 1982, പൂവച്ചൽ ഖാദർ- ജോൺസൺ).
യേശുദാസ്, ജയചന്ദ്രൻ തുടങ്ങീ എല്ലാ പ്രഗത്ഭരുടെയും കൂടെ സുന്ദരങ്ങളായ യുഗ്മഗാനങ്ങൾ പാടിയിട്ടുണ്ട് വാണി. മാവിന്റെ കൊമ്പിലിരുന്നൊരു (പ്രവാഹം, യേശുദാസ്), വാൽക്കണ്ണെഴുതി (പിക്‌നിക്, യേശുദാസ്), കുറുമൊഴിമുല്ലപ്പൂവേ (ഈ ഗാനം മറക്കുമോ, യേശുദാസ്), ഏഴാം മാളിക മേലെ (സർപ്പം,യേശുദാസ്), ദേവി ശ്രീദേവി (പ്രേമാഭിഷേകം, യേശുദാസ്), നാണമാവുന്നോ (ആട്ടക്കലാശം, യേശുദാസ്), പകൽ സ്വപ്നത്തിൻ (അമ്പലവിളക്ക്, യേശുദാസ്), മഞ്ചാടിക്കുന്നിൻ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, യേശുദാസ്), സുരലോകജലധാര (ഏഴാം കടലിനക്കരെ, ജോളി ഏബ്രഹാം), ഉണരൂ ഉണരൂ ഉഷാദേവതേ (എയർഹോസ്റ്റസ്, യേശുദാസ്), നിറങ്ങളിൽ നീരാടുന്ന (സ്വന്തമെന്ന പദം, ജയചന്ദ്രൻ), പുഷ്പമംഗല്യരാത്രിയിൽ (ആദ്യപാഠം, ബ്രഹ്‌മാനന്ദൻ), കൊഞ്ചും ചിലങ്കേ (ധന്യ, യേശുദാസ്).
സംഘഗാനങ്ങളിൽ ജനപ്രിയമായ ചിലത്: ആയില്യം പാടത്തെ പെണ്ണേ (രാസലീല), സ്വർണ്ണമീനിന്റെ (സർപ്പം), താത്തെയ്യത്തോം (പടയോട്ടം), പൊന്നലയിൽ അമ്മാനമാടി ( ദേവദാസി), വളകിലുക്കം കേക്കണില്ലേ (സ്‌ഫോടനം) , പൂ പൂ ഊതാപ്പൂ (പപ്പു), ആഴിത്തിരമാലകൾ (മുക്കുവനെ സ്‌നേഹിച്ച ഭൂതം) .
അർദ്ധശാസ്ത്രീയഗാനങ്ങളായിരുന്നു സവിശേഷമാർന്നവ. ഒന്നിനൊന്ന് മെച്ചമാണ് എല്ലാം. ഹിന്ദോളരാഗത്തിൻ (തുറുപ്പുഗുലാൻ), സപ്തസ്വരങ്ങളാടും (ശംഖുപുഷ്പം), തൃപ്പയാറപ്പാ, ശ്രീരാമാ (ഓർമ്മകൾ മരിക്കുമോ), നിലവിളക്കിൻ തിരിനാളമായ് (ശാന്ത ഒരു ദേവത), ഏതു പന്തൽ കണ്ടാലുമത് (വേനലിൽ ഒരു മഴ), നൂപുരമേതോ(ധന്യ), ധും ധുംതന(തോമാശ്ലീഹ).
രാഗമാലികയായ രാഗം ശ്രീരാഗം (ബന്ധനം, ഒ. എൻ. വി- എം. ബി. എസ്) എടുത്തുപറയേണ്ട ഗാനമാണ്. അതിൽ ശ്രീ, ഹംസധ്വനി, വസന്ത, മലയമാരുതം എന്നീ രാഗങ്ങൾ ആരോഹണാവരോഹണങ്ങൾ മനോഹരമായി ആലപിച്ചുകൊണ്ടാണ് അവർ പാടുന്നത്.
താരതമ്യേന വിഷമമുള്ള മലയാളഭാഷയിൽ, അതിവേഗത്തിൽ വാക് സഞ്ചാരം നടത്തുന്ന കണ്ണിൽ പൂവ് ചുണ്ടിൽ തേന് (വിഷുക്കണി), ധും ധുംതന (തോമാശ്ലീഹ), മഞ്ഞിൻ തേരേറി ( റൗഡിരാമു) എന്നീ പാട്ടുകൾ എത്ര അനായാസമായും മധുരമായുമാണ് വാണി പാടിയിരിക്കുന്നത്!
അഞ്ചു പതിറ്റാണ്ട് നീളുന്ന ആ സംഗീതസപര്യയിൽ അറുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും നൂറിലധികം ആൽബം സോങ്ങ്‌സും അവർ പാടി. ഒരു മലർ ചോദിച്ചാൽ ഒരു വസന്തം നൽകുന്ന, ഒരു തുള്ളി യാചിച്ചാൽ ഒരു വർഷം തൂവുന്ന ശബ്ദസാഗരം.
ഇങ്ങനെ, ക്ഷണനേരം കൊണ്ട് ഒരു കാലത്തെ തന്നെ മനസ്സിൽ എത്തിക്കുന്ന, പറഞ്ഞാൽ തീരാത്തത്ര പാട്ടുകളുണ്ട് മലയാളത്തിൽ വാണി ജയറാമിന്റേതായി. അഞ്ചു പതിറ്റാണ്ട് നീളുന്ന ആ സംഗീതസപര്യയിൽ അറുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും നൂറിലധികം ആൽബം സോങ്ങ്‌സും അവർ പാടി. അടുത്ത കാലത്ത് പാടിയ ഓലഞ്ഞാലിക്കുരുവി (1983 , ജയചന്ദ്രന്റെ കൂടെ, ഗോപിസുന്ദറിന്റെ സംഗീതസംവിധാനം), പൂക്കൾ പനിനീർപൂക്കൾ ( ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിനുവേണ്ടി യേശുദാസിന്റെ കൂടെ, 2016, ജെറി അമൽദേവിന്റെ സംഗീതം), പെയ്‌തൊഴിഞ്ഞ നിമിഷം (പി. ജയചന്ദ്രന്റെ കൂടെ ക്യാപ്റ്റൻ എന്ന പടത്തിനുവേണ്ടി ഗോപീസുന്ദറിന്റെ സംഗീതത്തിൽ, 2018) എന്നീ യുഗ്മഗാനങ്ങളും മാനത്തെ മാരിക്കുറുമ്പേ (പുലിമുരുകൻ, 2016, ഗോപീസുന്ദർ)എന്ന സോളോ ഗാനവും ജനപ്രീതി നേടി.
അവരുടെ തന്നെ പാട്ടിലെ വരികൾ പറയുന്നതുപോലെ; ഒരു മലർ ചോദിച്ചാൽ ഒരു വസന്തം നൽകുന്ന, ഒരു തുള്ളി യാചിച്ചാൽ ഒരു വർഷം തൂവുന്നതാണ് ആ ശബ്ദസാഗരം.▮