ദിലിപ് കുമാർ, നൗഷാദ്‌, ലത മങ്കേഷ്കർ / Photo: @FilmHistoryPic, twitter

നൗഷാദിന്റെയും ദിലീപ്കുമാറിന്റെയും ലത

സംഗീത സംവിധായകൻ നൗഷാദ്​ അലിയും നടൻ ദിലീപ്​കുമാറും ഹജ്ജ്​ നിർവഹിക്കാനെത്തിയ സന്ദർഭത്തിൽ നടത്തിയ കൂടിക്കാഴ്​ചയിൽനിന്ന്​ ലത മ​ങ്കേഷ്​കറെക്കുറിച്ചുള്ള ഓർമ വീണ്ടെടുക്കുകയാണ്​ മാധ്യമപ്രവർത്തകനായ ലേഖകൻ.

സംഗീത സംവിധായകൻ നൗഷാദ്​ അലി, അന്നൊരിക്കൽ ഹജ്ജ് അനുഷ്ഠിക്കാനെത്തിയപ്പോൾ സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറൽ തൽമീസ് അഹമ്മദിന്റെ വീട്ടിലായിരുന്നു താമസം. അത്താഴവിരുന്നിനുശേഷം നല്ല മൂഡിലായിരുന്നു അദ്ദേഹം. കുട്ടികളെപ്പോലെ ചിരിച്ച് പഴയ കഥകൾ അയവിറക്കുന്നതിനിടെ, ഹേമ എന്നൊരു പെൺകുട്ടിയെക്കുറിച്ച്​ പറഞ്ഞു, അദ്ദേഹം:‘‘ഒരു മഴക്കാലത്ത് ബോംബെ ട്രാൻസ്​പോർട്ടിന്റെ ബസിറങ്ങി, കൊച്ചുകുട ചൂടി ഫുട്പാത്തിന്റെ ഓരം ചേർന്നാണ്​ ആ പെൺകുട്ടി എന്റെ വീട്ടിലേക്കുവന്നത്​. അവൾ വെളുത്ത സാരിയണിഞ്ഞിരുന്നു, നെറ്റിയിൽ വലിയ പൊട്ട്​, സംസാരിക്കാൻ പേടിയും നാണവും. അവളോട് ഞാൻ പറഞ്ഞു, ആരാംസെ...’’
‘‘അൽപനേരം വിശ്രമിച്ച് അവൾ വിറയലോടെ എന്തോ പറഞ്ഞു.
ചായയും പലഹാരവും കഴിച്ച ശേഷം ഹേമ ഒരു പാട്ടിന്റെ വരി മൂളി. അപ്പോഴും ശബ്ദം പതിഞ്ഞതായിരുന്നു. ഒന്നുകൂടി മെച്ചപ്പെടുത്താനുണ്ട് സ്വരം.’’

നൗഷാദിനൊപ്പം ലേഖകൻ

നിരാശയാക്കാതെ അവളെ അന്ന് മടക്കിയയച്ചുവെങ്കിലും നൗഷാദലിയുടെ മനസ്സിൽ ഹേമ, നാദലതയായി പടർന്നിരുന്നു.
നൂർജഹാൻ, സുരയ്യ, ഷംഷാദ് ബീഗം തുടങ്ങിയവർ അടക്കിവാണിരുന്ന ഹിന്ദി സിനിമാ സംഗീതത്തിലേക്ക്, ഹേമ എന്ന ലതാ മങ്കേഷ്‌ക്കർ വിടർന്നുവന്ന നിമിഷത്തെക്കുറിച്ചാണ്​ നൗഷാദലി പറഞ്ഞത്​.
1949 ലായിരുന്നു അത്. തുടർന്ന് സ്വരസാധനയുടെ ചില പാഠങ്ങൾ പകർന്ന് നൗഷാദലി, ലതയോട് വീണ്ടും വരാൻ പറഞ്ഞു. ശബ്ദപരിശോധനയിൽ തൃപ്തി തോന്നിയതിനാൽ സ്റ്റുഡിയോയിലെത്താൻ പറഞ്ഞു. ലതക്കുവേണ്ടി ഒരു പാട്ട് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
മെഹ്ബൂബ് ഖാൻ സംവിധാനം ചെയ്ത അന്ദാസ് എന്ന ചിത്രത്തിലെ‘ഉത്തായെ ജെ ഉൻകെ സിഥം...' എന്ന പാട്ട് ലത പാടി. പിന്നീട്​, ഏഴു പതിറ്റാണ്ട് ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ ആത്മാവ് കവർന്ന ശബ്​ദത്തിന്റെ വരവറിയിച്ച പാട്ട്​.
അന്നു നൽകിയ പ്രതിഫലം മൂന്നു രൂപ.
അത് കൈകളിൽ വെച്ചുകൊടുത്തപ്പോൾ, പട്ടിണിയുടേയും പരിവട്ടത്തിന്റെയും ലോകത്തുനിന്നെത്തിയ ആ പെൺകുട്ടി ആഹ്ലാദത്തോടെയും അമ്പരപ്പോടെയും പൊട്ടിക്കരഞ്ഞുപോയി.
ആ നിമിഷത്തെക്കുറിച്ചുള്ള ഓർമ നൗഷാദലി വികാരാധീനനായാണ് പൂർത്തിയാക്കിയത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ കോൺസൽ ജനറൽ തൽമീസ് അഹമ്മദടക്കമുള്ള കൊച്ചുസദസ്സും ആ ഓർമയിൽ നനഞ്ഞുകുതിർന്നു.

ആ മൂന്നുരൂപയും ചുരുട്ടിപ്പിടിച്ച് ചാരിതാർഥ്യത്തോടെ സ്റ്റുഡിയോയുടെ പടിയിറങ്ങിയ തന്റെ ചിത്രം, നൗഷാദിന്റെ വിയോഗത്തിൽ മിഴിനീരണിഞ്ഞ ലതയുടെ മനസ്സിൽ മായാതെ നിന്നിരിക്കണം, ഏറെക്കാലം.
നൗഷാദിന്റെ കരുതലിന് ഫലമുണ്ടായി. തുടർന്നങ്ങോട്ട് ലതക്ക്​ സിനിമകളുടെ വരവായിരുന്നു. പിൽക്കാലത്ത് പാകിസ്ഥാനിലേക്കുപോയ ഗുലാം ഹൈദർ ഉൾപ്പെടെ വലിയ സംഗീതജ്ഞരുടെ നിര തന്നെ ലതാമങ്കേഷ്‌ക്കറെ തേടിയെത്തിയതും കാലാതിശായിയായി ഇന്ത്യയുടെയാകെ ഹൃദയസ്വരമായി അവർ മാറിയതും ചരിത്രം.

ലതയുടെ യൂസുഫ്​ ഭായി

ദിലീപ്കുമാറിനെ യൂസുഫ് ഭായി എന്നായിരുന്നു ലതാ മങ്കേഷ്‌ക്കർ വിളിച്ചിരുന്നത്. ലതയെ ദിലീപ്കുമാർ പരിചയപ്പെടുന്നത് ഒരു ലോക്കൽ ട്രെയിൻ കംപാർട്ടുമെന്റിൽ വച്ചാണ്. ഭാര്യ സൈരാ ബാനുവിനോടൊപ്പം ഉംറ നിർവഹിക്കാനെത്തിയപ്പോഴാണ് ദിലീപ് സാബ് അക്കാര്യം പറഞ്ഞത്. എവിടേയും രേഖപ്പെടുത്താത്ത ഒരു കഥ കൂടിയായിരുന്നു അത്​.

ദിലീപ്കുമാറിനൊപ്പം ലത മങ്കേഷ്കർ

സംഗീത സംവിധായകൻ അനിൽ ബിശ്വാസുമൊത്ത് 1947 ലെ ഏതോ ഒരു ചൂടുള്ള പകലിലാണ് ബോംബെ ടാക്കീസിലേക്കുള്ള യാത്രക്കിടെ അതേ കംപാർട്ടുമെൻറിലുണ്ടായിരുന്ന ദിലീപ് കുമാറിനെ പരിചയപ്പെടുന്നത്.
ലത എഴുതുന്നു: ദിലീപ് കുമാറിനെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും അന്ന് ആദ്യമായി കാണുകയാണ്. അനിൽദായുമായി അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്.
‘ഇത് ലത. നന്നായി പാടും’, അനിൽദാ എന്നെ പരിചയപ്പെടുത്തി. മുഴുവൻ പേര് പറഞ്ഞു.
മഹാരാഷ്ട്രക്കാരിയാണെന്നറിഞ്ഞപ്പോൾ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു; ഉർദു കൂടി പഠിക്കണം. എങ്കിലേ ഡിക്ഷൻ ശരിയാവൂ. ഹിന്ദി സിനിമയിലെ ഗാനങ്ങളുടെ രചന അധികവും ഉർദുവിലാകുമ്പോൾ പൂർണത കിട്ടാൻ ഉർദു പഠിക്കുന്നത് നല്ലതാണ്.
നേരത്തെ നൗഷാദും ഉർദു പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. ദിലീപ്​കുമാർ കൂടി ഇങ്ങനെ പറഞ്ഞപ്പോൾ പിറ്റേന്നുതന്നെ ഒരു മൗലാനയെ ഏർപ്പാടാക്കുകയും അദ്ദേഹം എന്നും വീട്ടിലെത്തി ലതയെ ഉർദു പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

എൻ.പി. അബു

ദിലീപ് കുമാർ, ലതയുടെ ജീവിതത്തിലെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായി മാറി. ദിലീപ്കുമാറിന്റെ മൂത്ത സഹോദരി സക്കീന, ലതാ മങ്കേഷ്‌ക്കറെ മകളെയെന്ന പോലെയാണ് ചേർത്തുനിർത്തിയത്. ലതയും സക്കീനയും പരസ്പരം ഉർദുവിലാണത്രേ ആശയവിനിമയം നടത്തിയിരുന്നത്. ഉച്ചാരണത്തിലെ ചില വൈകല്യങ്ങൾ അന്നേരം സക്കീനാ ദീദി തിരുത്തിത്തരാറുണ്ടെന്നും ലതാ മങ്കേഷ്‌ക്കർ എഴുതിയിരുന്നു.

യൂസുഫ് ഭായി എന്നായിരുന്നു ലത, ദിലീപ്കുമാറിനെ വിളിച്ചിരുന്നത്.
ഒരിക്കൽ കല്യാൺജി - ആനന്ദ്ജി ജോഡിയിലെ കല്യാൺജിയുടെ വീട്ടിൽ അത്താഴവിരുന്നിനു ശേഷം, ലതാ മങ്കേഷ്‌കർ പാൻ ചവയ്ക്കുന്നതുകണ്ട ദിലീപ് കുമാർ, അത്​ നിരുത്സാഹപ്പെടുത്തി. അതോടെ ലതാ മങ്കേഷ്‌ക്കർ, പാൻമസാല ഉപയോഗം നിർത്തിയതായും ദീലീപ്കുമാർ പറഞ്ഞതോർക്കുന്നു.

1957 ൽ‘മുസാഫിർ' എന്ന ചിത്രത്തിൽ ലത ഒറ്റയ്ക്കും ഡ്യുവറ്റും പാടി.
ലത, ദീലീപ്; എല്ലാ അർഥത്തിലും ബോളിവുഡിനെ ചടുലമാക്കിയ ശബ്​ദങ്ങൾ. 1974 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ഇരുവരും പങ്കെടുത്ത വലിയൊരു ചടങ്ങിൽ ലതാ മങ്കേഷ്‌ക്കറെ, ദിലീപ് കുമാർ പരിചയപ്പെടുത്തിയത് ‘എന്റെ ഇളയ സഹോദരി' എന്നാണ്.
ബോംബെ സബർബൻ ട്രെയിനിലെ ആദ്യ കൂടിക്കാഴ്ച മുതൽ മുംബൈ ഹിന്ദുജാ ഹോസ്പിറ്റലിൽ അർബുദത്തിന്റെ രൂപത്തിൽ പതുങ്ങിയെത്തിയ മരണം, ദിലീപ്കുമാറിനെ കൊണ്ടുപോകും വരെ ആ സൗഹൃദം അവിരാമം തുടർന്നു.

അബുവാണ് ജമു ഫിലിംസിന്റെ ബാനറിൽ ബന്ധുവായ എൻ.പി.അലിയോടൊപ്പം 1974 ൽ നെല്ല് എന്ന ചലച്ചിത്രം നിർമിച്ചത്

അബു- അലി സഹോദരന്മാരുടെ ‘മലയാളി ലത'

ചാവക്കാടിനടുത്ത ഒരുമനയൂർ സ്വദേശിയും ഏറെക്കാലം മുംബൈയിൽ ബിസിനസ് നടത്തുകയും ചെയ്തിരുന്ന എൻ.പി. അബുവിന്റെ ആഗ്രഹമായിരുന്നു, ലതാ മങ്കേഷ്‌ക്കറെക്കൊണ്ട് മലയാള സിനിമയിൽ പാടിക്കുകയെന്നത്. അബുവാണ് ജമു ഫിലിംസിന്റെ ബാനറിൽ ബന്ധു എൻ.പി.അലിയോടൊപ്പം 1974 ൽ നെല്ല് എന്ന ചലച്ചിത്രം നിർമിച്ചത്. തിരുനെല്ലിയുടെ ഹരിതാഭയത്രയും കവർന്നെടുത്ത ബാലു മഹേന്ദ്രയുടെ ക്യാമറ. സലിൽദായുടെ സംഗീതം. വയലാറിന്റെ രചന. ലതാജി സമ്മതിച്ചു.‘കദളീ കൺകദളീ...', പാട്ടിന്റെ തുഷാരകണങ്ങൾ, ലത അനശ്വരമാക്കിയ മലയാളം. മലയാളത്തിൽ ആദ്യമായും അവസാനമായും ആ ശബ്ദം. മറുനാടൻ മലയാളികളായിരുന്ന അബു- അലി കൂട്ടുകെട്ട് മലയാളത്തിനു സമ്മാനിച്ച പാട്ടിന്റെ കദളീവനം.

മരണം കീഴടക്കുന്നതിന്റെ തലേവർഷം അബുക്ക ഹജ്ജ് കർമം അനുഷ്ഠിക്കാനെത്തിയിരുന്നു. അന്നാണ് മുംബൈ ജീവിതത്തെക്കുറിച്ചും മുഹമ്മദ് റഫിയോടും ലതയോടുമുള്ള ആരാധനാ സമാനമായ തന്റെ ആദരവിനെക്കുറിച്ചും അദ്ദേഹം കുറെ കഥകൾ പറഞ്ഞത്.നെല്ലിനു ശേഷം, സി. രാധാകൃഷ്ണൻ എഴുതിയ തേവിടിശ്ശി എന്ന കഥ പ്രിയ എന്ന പേരിൽ അദ്ദേഹം സിനിമയാക്കി. പ്രിയ ഫിലിംസ് കമ്പനി സ്ഥാപിച്ചു. വിസ, അണിയാത്ത വളകൾ എന്നീ സിനിമകൾ നിർമിച്ചു. മുഹമ്മദ് റഫിയെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും നിർമിച്ചു. അബുക്കയുടെ അപ്രതീക്ഷിത വേർപാടിൽ മനം നൊന്ത് സഹോദരൻ ഖാദറും കുഴഞ്ഞു വീണു മരിച്ചു. സ്നേഹനിധിയായ ആ
സഹൃദയനും കസിൻ സഹോദരനായ അലിയും അവരുടെ ജമു ഫിലിംസും ഇല്ലായിരുന്നെങ്കിൽ, ഒരു വേള ലത മങ്കേഷ്‌ക്കർ മലയാളത്തിൽ പാടുമോ എന്ന കാര്യം പോലും സംശയമായിരുന്നു. ഇരുവരുടേയും സ്നേഹപൂർണമായ സമ്മർദ്ദത്തിനൊടുവിലാണ്, മലയാളത്തിൽ പാടാൻ ലതയെത്തിയതെന്ന കാര്യം, പലരും വിസ്മരിക്കുകയും ചെയ്തു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്റർ.

Comments