നെഞ്ചോട് ചേര്‍ത്തില്ലെങ്കില്‍ വീണുടഞ്ഞുപോകുന്ന പാട്ട്

ജല്‍തേ ഹേ എഴുതിയ മജ്രൂഹ് സുല്‍ത്താന്‍പുരിയെ കുറിച്ച് ഏറെ പറയാനുണ്ട്. എന്നും ഇടതുപക്ഷത്തായിരുന്ന അദ്ദേഹം കല്‍ക്കട്ടാ തീസിസ് കാലത്ത് ജയിലിലായി. അന്ന് സാമ്പത്തികമായി ആകെ ഞെരുക്കത്തിലായിരുന്ന അദ്ദേഹത്തെ ഒരു പാട്ടിന് വലിയ തുക പ്രതിഫലം നല്‍കി സഹായിച്ചത് രാജ് കപൂര്‍. ഒരു പാട്ടിന് പിന്നില്‍ എത്രയെത്ര പേരുടെ കഥകളാണ്!

Mixed Bag- 4

‘‘നിനക്കുവേണ്ടിയുള്ള പാട്ട് ഞാന്‍
കണ്ടുപിടിച്ചു കഴിഞ്ഞു,
എന്റെ ഹൃദയത്തിലെ നോവ് മുഴുവന്‍ പേറുന്ന
ഒരു ഗാനം.
നീയിത് നെഞ്ചോട് ചേര്‍ത്തുവയ്ക്കുക,
അല്ലെങ്കില്‍ അതൊരു സ്ഫടികപാത്രം പോലെ ഉടഞ്ഞുപോകും.
തേനൂറുന്ന നിന്റെ അധരങ്ങളില്‍ എത്തുംവരെ
ഈ ഗാനം കാറ്റിലിളകുന്ന അലസമായ നിന്റെ മുടിയിഴകള്‍ പോലെ വെറുതെ ഒഴുകിയലയും.’’

വര്‍ രണ്ടു പേരും തടാകക്കരയില്‍ ഇരിക്കുകയാണ്. കുഞ്ഞോളങ്ങള്‍ അവരുടെ കാല്‍പ്പാദങ്ങളെ മെല്ലെ തഴുകി മടങ്ങുന്നുണ്ട്. അവന്റെ ഉള്ളിലേക്ക് ഒരു ഈണം കടന്നുവന്നു. അവന്‍ വെറുതെ മൂളി. പാടാന്‍ പാട്ടൊന്നും ഓര്‍മ്മ വരാത്തതുകൊണ്ടാണോ മൂളുന്നത് എന്ന് കളിയാക്കും മട്ടില്‍ അവള്‍ ചോദിച്ചു.

“ഇപ്പോള്‍ എന്റെയുള്ളില്‍ ഈണം മാത്രമേയുള്ളൂ. വരികള്‍ കണ്ടെത്തുന്ന നിമിഷം ഞാന്‍ നിന്നെ അത് പാടിക്കേള്‍പ്പിക്കും".

തന്റെ പെണ്‍കുട്ടി ഇതാണെന്ന് അവന്‍ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. ഉള്ളിലുള്ള പ്രണയം തുറന്നു പറയാനോ അവന്റെ പ്രണയം സ്വീകരിക്കാനോ ശക്തിയില്ലാതെ അവള്‍ നിശ്ശബ്ദം തേങ്ങിക്കൊണ്ടിരുന്നു.

‘ സുജാത’ സിനിമയിലെ ജല്‍തേ ഹേ ജിസ് കേ ലിയെ  ഗാനരംഗത്തിൽ നിന്ന്
‘ സുജാത’ സിനിമയിലെ ജല്‍തേ ഹേ ജിസ് കേ ലിയെ ഗാനരംഗത്തിൽ നിന്ന്

അവര്‍ തടാകക്കരയില്‍ നിന്ന്​ പിരിഞ്ഞു. പിന്നീട് അവനിലേക്ക് ആ പ്രണയകവിത ഒഴുകിയെത്തി. ഫോണ്‍ എടുത്ത് അവളെ അത് പാടിക്കേള്‍പ്പിച്ചു.

‘‘നിനക്കുവേണ്ടിയുള്ള പാട്ട് ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു,
എന്റെ ഹൃദയത്തിലെ നോവ് മുഴുവന്‍ പേറുന്ന ഒരു ഗാനം.
നീയിത് നെഞ്ചോട് ചേര്‍ത്തു വയ്ക്കുക,
അല്ലെങ്കില്‍ അതൊരു സ്ഫടികപാത്രം പോലെ ഉടഞ്ഞുപോകും”.

1959-ല്‍ ഇറങ്ങിയ സുജാത എന്ന പടത്തിലെ പ്രസിദ്ധമായ ജല്‍തേ ഹേ ജിസ് കേ ലിയെ എന്ന പാട്ടിന്റെ സന്ദര്‍ഭം ഇതാണ്. ഇതിലെ കാമുകനായ അധീറിനെ അവതരിപ്പിച്ചത് സുനില്‍ ദത്തും നായികയായ സുജാതയെ അവതരിപ്പിച്ചത് നൂതനുമാണ്.

മജ്രൂഹ് സുല്‍ത്താന്‍പുരിയുടെ അനുപമമായ പ്രണയ കവിത, എസ്.ഡി. ബര്‍മന്റെ സംഗീതം. പട്ടു തൂവാല ഒഴുകുന്നതുപോലെ തലത് മഹമൂദിന്റെ ആലാപനം. ഈ പാട്ടിന് വയസ് 60 കഴിഞ്ഞെങ്കിലും ഇന്നും പ്രണയം പോലെ നിത്യമധുരം, നിറയൗവ്വനം.

ഈ പാട്ടില്‍ ഫോണിലൂടെ കാമുകന്‍ തന്റെ പ്രണയം ആവര്‍ത്തിച്ചുറപ്പിക്കുന്ന രംഗമാണ്. നൂതന്റെ സുജാത എന്ന കഥാപാത്രം ഒരു വിഷമസന്ധിയിലുമാണ്. അന്ന് ഫോണ്‍ അത്ര പ്രചാരത്തിലും അല്ല. ഒരു മിനിറ്റ് സംസാരിക്കുന്നതിനുതന്നെ വലിയ വില കൊടുക്കേണ്ടിവരും. അപ്പോഴാണ് ഒരു പ്രണയഗാനം തന്നെ ഫോണിലൂടെ കാമുകന്‍ കാമുകിക്കുവേണ്ടി പാടുന്നത്. അതേ, പ്രണയത്തിന് വലിയ വില കൊടുക്കേണ്ടി വരും!

ഫോണിലൂടെ പ്രണയഗാനം ഒഴുകിവരുന്ന അനുഭൂതി എങ്ങനെയാവും എന്ന് ഓരോ കാമുകിയും ഈ ഗാനരംഗം കണ്ട് ചിന്തിച്ചു പോയിട്ടുണ്ടാവണം.

കുറച്ചുദിവസം മുമ്പ് തലതിന്റെ കടലേ നീലക്കടലേ എന്ന പാട്ട് ആകാശവാണിയില്‍ കേട്ട രാത്രിയില്‍ തലതിന്റെ ഹിന്ദി ഗാനങ്ങളുടെ ആല്‍ബം കേട്ടു നോക്കി. പല കുറി കേട്ടിട്ടുണ്ടെങ്കിലും ജല്‍തേ ഹൈ ജിസ് കേ ലിയേ വീണ്ടും മനസിനെ പ്രണയാതുരമാക്കി. ദ്വീപിലെ കടലേ നീലക്കടലേ എന്ന പാട്ട് മാത്രമേ തലത് മലയാളത്തില്‍ പാടിയിട്ടുള്ളൂ. യൂസഫലി എഴുതി ബാബുരാജ് ഈണമിട്ട ഈ ഗാനം തലതിനെ കൊണ്ട് പാടിക്കണമെന്നത് ഒരു പക്ഷേ രാമു കാര്യാട്ടിന്റെ നിര്‍ബന്ധമായിരുന്നിരിക്കാം.

ജല്‍തേ ഹേയില്‍ വരികളോ സംഗീതമോ അല്ല നമ്മളെ സ്പര്‍ശിക്കുക, തലതിന്റെ ശബ്ദമാണ്. ഗസലുകളുടെ രാജകുമാരനായിരുന്നു തലത് മഹ്മൂദ്. ലക്നൗവില്‍ ജനിച്ച തലതിന്റെ തട്ടകം ആദ്യം കല്‍ക്കട്ടയും പിന്നീട് ബോംബെയുമായിരുന്നു. തലതിന്റേത് വളരെ സമ്പന്നമായ കുടുംബമായിരുന്നുവെങ്കിലും മതപരമായ സംഗതികള്‍ക്കുള്ളതല്ലാത്ത ഒരു സംഗീതവും ആ കുടുംബത്തില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. തലതിന്റെ അച്ഛന്‍ ഇസ്​ലാമിക പ്രാര്‍ത്ഥനാ സംഗീതമായ നാട്ട് നന്നായി ആലപിക്കുമായിരുന്നു. ഉറുദുഭാഷയുടെ ഉച്ചാരണത്തില്‍ നല്ല പരിചയം നേടിയ തലതിന് പില്‍ക്കാലത്ത് ഗസലുകള്‍ പാടുമ്പോള്‍ ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ടാവാം.

തലത് മഹ്മൂദ്
തലത് മഹ്മൂദ്

തലതിലെ ഗായകനെ കണ്ടെത്തുന്നത് പിതൃസഹോദരി മെഹല്‍ക്ക ബീഗമാണ്. അവര്‍ ശാസ്ത്രീയം സംഗീതം പഠിക്കുന്നതിനായി ലക്നൗവിലെ മൗറിസ് കോളേജില്‍ തലതിന് അഡ്മിഷന്‍ തരപ്പെടുത്തുന്നു. തന്റെ പതിനാറാം വയസില്‍ ആകാശവാണി ലക്നൗ നിലയത്തിലാണ് തലത് ആദ്യമായി ഗസല്‍ ആലപിക്കുന്നത്. പിന്നീട് ഗസല്‍ ആലാപനത്തില്‍ തലത് തന്റേതായ ശൈലി രൂപപ്പെടുത്തുകയും സംഗീതലോകത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. 1941ല്‍ എച്ച് എം വി തലതിന്റെ ആദ്യ ആല്‍ബം പുറത്തിറക്കുന്നു. അടുത്ത വര്‍ഷം തലതിന്റെ നാല് ആല്‍ബങ്ങളും പുറത്തിറങ്ങി.

അന്ന് കൊല്‍ക്കൊത്തയാണ് ഇന്ത്യന്‍ സിനിമയുടെ കേന്ദ്രം. സിനിമയില്‍ അവസരം തേടി കൊല്‍ക്കൊത്തയിലെത്തിയ തലതിന് പാടുന്നതിന് പുറമേ നാലഞ്ച് സിനിമകളില്‍ അഭിനയിക്കാനും അവസരം കിട്ടി. ലക്നൗക്കാരന്‍ പയ്യനെ കൊല്‍ക്കൊത്ത ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായകനായി മാറ്റുകയായിരുന്നു.

ശബ്ദം പോലെ സുന്ദരമായിരുന്നു തലതിന്റെ മുഖവും പെരുമാറ്റവും. ഒരുപാട് പെണ്‍കുട്ടികള്‍ മോഹിച്ച തലത് മഹ്മൂദ് പ്രണയത്തിലായത് ബംഗാളിയായ ക്രിസ്ത്യന്‍ യുവതി ലതികാ മല്ലിക്കുമായി. അന്ന് കല്‍ക്കട്ടയിലെ ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കിയ തലത് തപന്‍ കുമാര്‍ എന്ന ബംഗാളി പേരിലാണ് ആല്‍ബങ്ങള്‍ പുറത്തിറക്കിയത്. തലതിന്റെ ബംഗാളി ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. വിവാഹശേഷം ലതിക നസ്രീന്‍ ആയി.

തലത് മഹ്മൂദും പങ്കാളി ലതിക നസ്രീനും
തലത് മഹ്മൂദും പങ്കാളി ലതിക നസ്രീനും

ഇന്ത്യന്‍ സിനിമ കൊല്‍ക്കൊത്തയില്‍ നിന്ന്​ മുംബൈയിലേക്ക് മാറിയത് 1950- കളുടെ തുടക്കത്തിലാണ്. കൊല്‍ക്കൊത്തയിലെ പ്രസിദ്ധമായ ന്യൂ തിയറ്റേഴ്സ് എന്ന സ്റ്റുഡിയോ ആയിരുന്നു ബിമല്‍ റോയിയുടെ തട്ടകം. ബോംബെ നഗരത്തില്‍ സിനിമ വേരുപിടിക്കാന്‍ തുടങ്ങിയതോടെ ബിമല്‍ റോയിയുടെ നേതൃത്വത്തില്‍ ഒരു ടീം തന്നെ മുംബൈയിലേക്ക് കുടിയേറി. ഋഷികേശ് മുഖര്‍ജി, എഴുത്തുകാരന്‍ നബേന്ദു ഘോഷ്, ഛായാഗ്രാഹകന്‍ കമല്‍ ബോസ്, സലില്‍ ചൗധരി എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തലത് മഹ്മൂദും മുംബൈയിലെത്തി.

ജല്‍തേ ഹേ എന്ന ഗാനം അടങ്ങിയ സുജാത എന്ന ചിത്രം പുറത്തിറങ്ങുന്നത് 1959 ഏപ്രില്‍ 16നാണ്. അപ്പോള്‍ ഈ ഗാനത്തിന്റെ ജനനവും 1959- ലെ ഒരു വേനല്‍ക്കാലത്തായിരിക്കണം. ജാതി വ്യവസ്ഥക്കെതിരായ ചിത്രമായിരുന്നു സുജാത. പടത്തില്‍ മനോഹരഗാനങ്ങള്‍ വേണമെന്ന് സംവിധായകന്‍ ബിമല്‍ റോയിക്ക് നിര്‍ബന്ധം. കാഫി എന്ന ഹിന്ദുസ്ഥാനി രാഗത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജല്‍തേ ഹേ മുഹമ്മദ് റഫിയെ കൊണ്ട് പാടിക്കാനായിരുന്നു സംഗീത സംവിധായകന്‍ എസ്. ഡി. ബര്‍മ്മന്‍ തീരുമാനിച്ചത്. പക്ഷേ അന്ന് ബര്‍മ്മന്റെ സഹായിയായിരുന്ന ജയ്ദേവ് തലത് മഹമൂദിന്റെ പേര് പറഞ്ഞു. അത് ആ ഗാനത്തിന്റെ തലവര തന്നെ മാറ്റി.

പുതിയ ശബ്ദങ്ങളെ പരീക്ഷിക്കുന്നതില്‍ പില്‍ക്കാലത്ത് സ്വതന്ത്ര സംഗീത സംവിധായകനായപ്പോഴും ജയ്ദേവ് മടി കാണിച്ചിരുന്നില്ല. അത്തരം വേറിട്ട ശബ്ദങ്ങളെ കണ്ടെത്തുന്നതില്‍ ഒരു പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. പര്‍വീണ്‍ സുല്‍ത്താന, ഭൂപീന്ദര്‍ സിംഗ്, സുരേഷ് വാഡ്കര്‍, ഛായാ ഗാംഗുലി തുടങ്ങിയ ഗായകര്‍ക്ക് തങ്ങളുടെ കരിയറിലെ മികച്ച ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകനാണ് ജയ്ദേവ്. പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചില ഗാനങ്ങള്‍ തലതിനും ജയ്ദേവ് നല്‍കിയിട്ടുണ്ട്. ഇവയില്‍ ആശ ഭോസ്ലേയുമായി ചേര്‍ന്ന ചില യുഗ്മഗാനങ്ങളുമുണ്ട്.

ജയ്ദേവ്
ജയ്ദേവ്

ചില പാട്ടുകളുടെ തലയില്‍ അത് പാടേണ്ട ഗായകരുടെ പേര് എഴുതിവച്ചിട്ടുണ്ടെന്ന് പറയുന്നത് അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു തലതിന്റെ ആലാപനം.

കറുപ്പിലും വെളുപ്പിലും ബിമല്‍ റോയ് എഴുതിയ കവിതകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഈ ഗാനചിത്രീകരണ രംഗവും കണ്ടു നോക്കുക. വളരെ കുറച്ച് കട്ടുകള്‍ മാത്രമുള്ള, ക്യാമറ മൃദുവായി മെല്ലെ നീങ്ങുന്ന അതിവശ്യമായ ചിത്രീകരണം. രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് സ്ക്രീനില്‍. കണ്ണുകളടച്ച് അനിര്‍വചനീയമായ പ്രണയനിര്‍വൃതിയോടെ നില്‍ക്കുന്ന നൂതന്റെ ഭാവം മറക്കാനാവില്ല. ഒരു ഘട്ടത്തില്‍ അവളുടെ കണ്ണുകള്‍നിറഞ്ഞൊഴുകുന്നുണ്ട്. ഫോണ്‍ ഇരിക്കുന്ന ചെറിയ മേശയുടെ മുന്നിലെ കസേരയില്‍ സാരിത്തുമ്പ് കടിച്ച് സുജാത തേങ്ങലടക്കി ഇരിക്കുമ്പോള്‍ ഒരു വെയില്‍നാളം മുറിയിലേക്ക് എത്തിനോക്കുന്നുണ്ട്. അതുവരെ ഇരുട്ടു നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചം കടന്നുവരുന്നത് പോലെയാണ് അത്.

ദോ ബീഗാ സമീനും ദേവദാസും പോലെയുള്ള ബിമല്‍ റോയ് ക്ലാസിക്കുകളുടെ ഛായാഗ്രാഹകന്‍ കമല്‍ ബോസ് ആയിരുന്നു സുജാതയുടെയും ക്യാമറ കൈകാര്യം ചെയ്തത്. കറുപ്പിന്റെയും വെളുപ്പിന്റെയും പരിമിതകള്‍ മറികടന്ന ആദ്യകാല ഛായാഗ്രാഹകരില്‍ ഗാനചിത്രീകരണ രംഗത്തിന് പേര് കേട്ടയാളാണ് കമല്‍ ബോസ്. ഋഷികേശ് മുഖര്‍ജിയുടെയും പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്ന കമല്‍ ബോസ് ഋഷികേശിന്റെ ആദ്യ ചിത്രമായ മുസാഫിറിന് (1957) വേണ്ടി ചിത്രീകരിച്ച ഗാനരംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കമൽ ബോസ്
കമൽ ബോസ്

ജല്‍തേ ഹേ എഴുതിയ മജ്രൂഹ് സുല്‍ത്താന്‍പുരിയെ കുറിച്ച് ഏറെ പറയാനുണ്ട്. എന്നും ഇടതുപക്ഷത്തായിരുന്ന അദ്ദേഹം കല്‍ക്കട്ടാ തീസിസ് കാലത്ത് ജയിലിലായി. അന്ന് സാമ്പത്തികമായി ആകെ ഞെരുക്കത്തിലായിരുന്ന അദ്ദേഹത്തെ ഒരു പാട്ടിന് വലിയ തുക പ്രതിഫലം നല്‍കി സഹായിച്ചത് രാജ് കപൂര്‍.

ഒരു പാട്ടിന് പിന്നില്‍ എത്രയെത്ര പേരുടെ കഥകളാണ്!

"നിന്റെ തേനൂറുന്ന അധരങ്ങളില്‍ എത്തും വരെ
കാറ്റിലിളകുന്ന നിന്റെ അലസമായ മുടിയിഴകള്‍ പോലെ എന്റെ ഗാനം ഒഴുകിയലയും"

Comments