താരാട്ടുകൾ ഉണർത്തുപാട്ടു പാടുമ്പോൾ...
Lullubies From Cochin

കൊച്ചിയിൽ ഈയിടെ ഒരുക്കിയ താരാട്ടുപാട്ടുകളുടെ സംഗീത സായാഹ്നത്തിന്റെ അനുഭവം. കൊച്ചിയുടെ കോസ്മോപൊളിറ്റൻ ജീവിതത്തിന് പശിമ പകർന്ന് സെക്യുലർ ഭക്തിയുടെ വേദാന്തമായി തീർന്ന ‘ലല്ലബൈസ് ഫ്രം കൊച്ചി’, മലയാളം മതനിരപേക്ഷതയെ കയ്യൊഴിയില്ല എന്ന മാർച്ചിംഗ് സോങ് ആലപിക്കുന്ന ധൈഷണിക മുന്നേറ്റം കൂടിയായിത്തീർന്നു- പി.പി. ഷാനവാസ് എഴുതുന്നു.

‘‘ഹസ്ബീ റബ്ബീ ജല്ലള്ള
മാഫീ ഖൽബീ ഖൈറുള്ളാ
നൂറു മുഹമ്മദ്‌ സ്വല്ലള്ളാഹ്
ഹഖ് ലാ ഇലാഹ ഇല്ലള്ളാഹ്’’.
- മലബാറിലെ ഒരു തരാട്ടുപാട്ട്.

"Promises we make
from the cradle to the grave
When all I want is you.."
- U2, an Irish Rock Band.

കൊച്ചിയുടെ കായൽതീരങ്ങൾ ഒരിക്കൽ കൂടി ഓർമ്മകളുടെ ഖയാലുകളിൽ മുങ്ങിനിവർന്നു. താരാട്ടുപാട്ടുകളുടെ ആ സയാഹ്നങ്ങൾ ശൈശവ അബോധത്തിന്റെ 'ശുദ്ധസാരംഗി'ൽ രാഗനീലിമ കൈകൊണ്ടു. ലോകമാകെയുള്ള അമ്മമാർ തങ്ങളുടെ കുരുന്നുകൾക്ക് പകർന്ന തൊട്ടിൽപ്പാട്ടുകൾ.. ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതത്തിന്റെ തത്വചിന്തകൾ പാട്ടിന്റെ ഇരടികളായി പുനർജനിക്കുന്ന സംഗീതചരിത്രം.

ഗുരുപ്രിയ ആത്രേയയും വേദാന്ത്‌ ഭരദ്വാജും പാടി ഉണർത്തിയ ആ സായാഹ്നങ്ങൾ, മറവിയിലാണ്ടു പോകുന്ന, ജീർണ്ണമായി മൺന്മറയുന്ന കൊച്ചിയുടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഉണർത്തുപാട്ടായി ആൽക്കെമി തീർത്തു. ശ്രുതിമധുരമായ ശബ്ദത്തിന്റെ സംഗീത സാന്ത്വനമായി, കെട്ടകാലത്തിന്റെ പ്രതീക്ഷകളായി ഗുരുപ്രിയയും വേദാന്തും, ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ സംഘർഷഭരിതമായ വർത്തമാനത്തിൽ, തങ്ങൾക്കു നൽകാനുള്ള പങ്കുകൊണ്ട് ചരിത്രം തീർത്തു. കവികളും കലാകാരരും ഗായകരും എഴുത്തുകാരും ബുദ്ധിജീവികളും സർവ്വോപരി മട്ടാഞ്ചേരിയിലെ സാധാരണ മനുഷ്യരും അത് 'നിർന്നിമേസാക്ഷിയായ് സാദരം വീക്ഷിച്ചു'.

കൊച്ചിയിൽ ഈയിടെ ഒരുക്കിയ താരാട്ടുപാട്ടുകളുടെ സംഗീത സായാഹ്നമായ ‘ലല്ലബൈസ് ഫ്രം കൊച്ചി’യിൽനിന്ന്. ഫോട്ടോകൾ: ബിജു ഇബ്രാഹിം.
കൊച്ചിയിൽ ഈയിടെ ഒരുക്കിയ താരാട്ടുപാട്ടുകളുടെ സംഗീത സായാഹ്നമായ ‘ലല്ലബൈസ് ഫ്രം കൊച്ചി’യിൽനിന്ന്. ഫോട്ടോകൾ: ബിജു ഇബ്രാഹിം.

2024 സെപ്തംബർ 21, 22 തീയതികൾ, കൊച്ചിയുടെ സംസ്കൃതിയുടെ ചരിത്രത്തിന് കവിതയുടെയും കാല്പനികതയുടെയും 'ഭൂതക്കാലക്കുളിരാ’യി മാറി. പാശ്ചാത്യസംഗീതത്തിന്റെ ഈടുവെയ്പ്പായ ഹാർമണിയും കർണാടക സംഗീതത്തിനു സവിശേഷമായ ഭാവ- ഭക്തി വൈവിധ്യങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയമാധുര്യവും സമ്മോഹന സമ്മേളനം തീർത്ത, വേദാന്തിന്റെയും ഗുരുപ്രിയയുടെയും കമ്പോസിഷനുകൾ. ഇന്ത്യൻ എക്ലക്റ്റിക് സംസ്കാരത്തിന്റെ സംഘാടസൗഭാഗ്യമായി മാറുന്ന, ഉരു ആർട് ഹാർബറും ആഴി ആർക്കൈവും ബാക് വാട്ടർ കലക്ടീവും അടങ്ങുന്ന സംഘടനാമികവിന്, ഒരിക്കൽക്കൂടി നമുക്ക് റിയാസ് കോമുവിനും സംഘത്തിനും നന്ദി പറയാം. കൊച്ചിയുടെ കോസ്മോപൊളിറ്റൻ ജീവിതത്തിന് പശിമ പകർന്നു കൊണ്ട് സെക്യുലർ ഭക്തിയുടെ വേദാന്തമായി തീർന്ന ‘ലല്ലബൈസ് ഫ്രം കൊച്ചി’, അതിർത്തി കടന്നുനിറയുന്ന താരാട്ടുപാട്ടുകൾ..

‘കടൽ ഒരു തിളക്കുന്ന ചെമ്പ്’ എന്ന പ്രമേയത്തിൽ ആർക്കിയോളജിയുടെ മറൈൻ ടൈം ചരിത്രത്തിന് ആധുനികതയുടെ ഭാവി പണിഞ്ഞ, കഴിഞ്ഞ വർഷത്തെ ചിത്ര- ശിൽപ- ഫോട്ടോ പ്രദർശനങ്ങൾക്കു തുടർച്ചയെന്നോണമാണ് ഇത്തവണ താരാട്ടുപാട്ടുകളുടെ സംഗീത സായാഹ്നങ്ങൾ ഒരുങ്ങിയത്.

ബിനാലെയും 'മെറ്റാഫിസിക്സ് ആൻഡ് പൊളിറ്റിക്സ്' സെമിനാർ സംരംഭങ്ങളും നാരായണഗുരുവിന്റെ കവിതകളുടെ ടി.എം. കൃഷ്ണയുടെ സംഗീത യാത്രകൾക്കും അരങ്ങൊരുക്കിയ കൂട്ടായ്മകൾ, പ്രതിസന്ധികളുടെയും സംഘർഷങ്ങളുടെയും ഒരിടവേള പിന്നിട്ട് വീണ്ടും ഒന്നു ചേർന്നൊരുക്കിയ 'ലല്ലബൈസ്', മലയാളം മതനിരപേക്ഷതയെ കയ്യൊഴിയില്ല എന്ന മാർച്ചിംഗ് സോങ് ആലപിക്കുന്ന ധൈഷണിക മുന്നേറ്റം കൂടിയായിത്തീർന്നു.

കൊച്ചി ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തലേദിവസം നടന്ന ശില്പശാല, വേദാന്തിന്റെയും ഗുരു പ്രിയയുടെയും അക്കാദമിക പഠനവും സംഗീതസത്യവും കൊണ്ട് താരാട്ടുകൾ പാടിയപ്പോൾ, അത് ഏറ്റുപാടിയും കൂടെപ്പാടിയും കവികളും തത്വചിന്തകരും സാംസ്കാരിക പ്രവർത്തകരും പ്രാദേശിക ഗായകനും ഒരു ഉണർത്തുപാട്ടിന്റെ ശീലുകൾ നിർമ്മിക്കുകയായിരുന്നു. ‘ഇതാ ഇവിടെ നൃത്തം ചെയ്യുവിൻ’ എന്ന് കേരളം ഒരിക്കൽ കൂടി ഇന്ത്യയെ ഉണർത്തി. ബ്രജ് ഭാഷയിലും ബഗ്ലയിലും സിംഹളിയിലും സ്പാനിഷ് ഭാഷയിലും ഗ്രാമീണ മറാത്തിയിലുമുള്ള അഞ്ചു താരാട്ടുപാട്ടുകൾ പാടിയും അർത്ഥം പകർന്നും പ്രേക്ഷകരെ കൊണ്ട് പാടിപ്പിച്ചും, വേദാന്തും ഗുരുപ്രിയയും തങ്ങളുടെ പാട്ടിന്റെ ഖനികളിൽ നിന്ന് മുത്തും പവിഴവും സമ്മാനിച്ച ശിൽപ്പശാല, സ്വന്തം നിലയിൽ തന്നെ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വേദനയുടെയും, പോറ്റിവളർത്തലിന്റെ സ്ത്രയ്ണ പ്രയത്നത്തിന്റെയും മനുഷ്യന്റെ 'മാതൃചരിത്രം' തീർക്കുന്നതായിരുന്നു.

കുഞ്ഞിനെ ഉറക്കാൻ വാഗ്ദാനങ്ങളുടെ പ്രലോഭനങ്ങൾ നൽകി കവിത കൊത്തിയ താരാട്ടുകൾ, പ്രേക്ഷകർ തങ്ങളുടെ ശൈശവ അബോധത്തിലേക്കുള്ള മനോയാനമായി അനുഭവിച്ചു കാണണം. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഒരുമയുടെയും ജാത്യാതീതവും മതനിരപേക്ഷവുമായ മനുഷ്യാസ്തിത്വത്തിലേക്ക് എല്ലാം മറന്ന് അവർ ഉണർന്നിരിക്കണം. പിറ്റേന്ന് മട്ടാഞ്ചേരിയിൽ ഉരു ആർട് ഹാർബറിൽ, വാണിജ്യത്തിന്റെ ഭൂതകാല പെരുമ ബാക്കിയാക്കിയ ഇടത്തിൽ ഒരുക്കിയ കച്ചേരി പ്രതലത്തിൽ, ശിവ- പാർവ്വതി യുഗ്മമായി വേദാന്തും ഗുരുപ്രിയയും രണ്ടു മണിക്കൂർ, തങ്ങളുടെ ഗവേഷണത്തിന്റെയും പരിശീലനസപര്യയുടെയും നിറവുകൾ പകർന്ന കച്ചേരിക്ക്, കേരളത്തിലെയും ഇന്ത്യയിലെ നാനാഭാഗങ്ങളിലെയും വലിയൊരു പ്രേക്ഷകവൃന്ദം ശ്വാസമടക്കിയും കണ്ണീർതൂകിയും സാക്ഷ്യം വഹിച്ചു. 'ആമിനാബീവിക്കോമനമോനേ.. ആരിലും കനിയും ഇമ്പത്തേനേ...’ എന്ന റസൂലിന്റെ ഓർമ്മകളെ ഉണർത്തുന്ന, മലയാള മാപ്പിള ഗാനശാഖയിൽ പിറന്ന പാട്ടിന്റെ മറ്റൊരു ഉറുദു ഭാഷ്യം കൊണ്ട് ഗുരുപ്രിയയും വേദാന്തും അപരവൽക്കരണത്തിന്റെ സന്തതികളോട് കണക്കുപറഞ്ഞു. ഒപ്പം ക്രിസ്തുവിനും കൃഷ്ണനും പങ്കുപകർന്ന് അദ്വൈത രഹസ്യത്തിന്റെ വേദാന്ത ജ്ഞാനം നൽകിയായിരുന്നു കച്ചേരിയുടെ തുടക്കം. ഇല്ല, ഞങ്ങൾ ഇന്ത്യക്കാരുടെ ഹിന്ദ് ദേശം ഏതെങ്കിലും 'സിൻഡിക്കേറ്റ് ഹിന്ദു ത്വത്തിന്' അടിയറ വയ്ക്കില്ല എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയം, നെഹ്റുവിയൻ കാലം നിർമ്മിച്ച ഒരു തത്വചിന്തകന്റെ (ജെ. കൃഷ്ണമൂർത്തി) വിദ്യാഭ്യാസ സ്വപ്നങ്ങളിൽ പിറന്ന 'ഋഷിവാലി'യിൽ വിദ്യ നേടിയ വേദാന്തിന്റെ സൂക്ഷ്മ രാഷ്ട്രീയം മുന്നോട്ടുവെച്ചത്, സംഗീതത്തിനപ്പുറം ധൈഷണികമായ അറിവിന്റെ ഫലശ്രുതിയായിത്തീർന്നു. ക്ലാസിക്കൽ ഗിറ്റാറിലും ഹിന്ദുസ്ഥാനിയിലും കർണാടക സംഗീതത്തിലും പരിശീലന പരീക്ഷണങ്ങൾ നടത്തുന്ന വേദാന്തിന്റെ സംഗീത ജീവിതത്തിന് 'ലല്ലബൈസ്' പുതിയ അധ്യായം രചിക്കുകയായിരുന്നു.

കോവിഡ് കാലത്തെ നാസി ജയിൽ ജീവിതത്തിൽ നിന്നെവണ്ണം വേദാന്തും ഗുരുപ്രിയയും രൂപപ്പെടുത്തിയെടുത്ത ‘ലല്ലബൈസ്’ 38- ഓളം വേദികളിൽ ഇതിനകം അവതരിപ്പിക്കുകയുണ്ടായി. ലിത്വാനിയൻ കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ചും, സ്പാനിഷ് ഗിറ്റാറിന്റെ തമിഴ് ഭൂതകാലത്തിന്റെ ആർക്കിയോളജി കണ്ടെടുത്തും, ‘ലല്ലബൈസ്’, രാഷ്ട്രീയം ഒരു 'പാർട്ടി പരിപാടി' മാത്രമല്ല എന്ന 'വേദശാസ്ത്രം' അവതരിപ്പിക്കുന്നതായി മാറി. എല്ലാത്തിനുമുപരി ഗുരുപ്രിയയുടെ സൂക്ഷ്മസ്വനഗ്രാഹി, സ്വരങ്ങളും നോട്ടുകളും അതിന്റെ യഥാസ്ഥായിയിൽ നിർത്തി നടത്തിയ അവതരണം, ആ കലാകാരിയുടെ സംഗീതാവഗാഹത്തിന്റെ നിദർശനം തന്നെയായി. ശ്രുതിയും ലയവും ഹാർമണിയും കൊണ്ട് ഒരു എക്ലക്റ്റിക് സംഗീതത്തിന്റെ സാധ്യതകളെ മുന്നോട്ടുവെച്ച ഈ സംഗീതയുഗ്മം ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി മാറുന്നു.

'ചന്ദന ചർച്ചിത നീല കളേബരമണിയിച്ച്' ഉണ്ണിയെ പാടിയുറക്കുന്ന ഗോപികമാരുടെ കൃഷ്ണപ്രേമം അവതരിപ്പിച്ച ബ്രജ് ഭാഷയിൽ, ജൈജൈവന്തി രാഗശീലുകൾ കൊണ്ട് തീർത്ത താരാട്ടുപാട്ട്, കൃഷ്ണനും രാമനും രാഷ്ട്രീയാവതാരങ്ങളല്ലെന്നും അവർ പ്രേമത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മീയ സ്വരൂപങ്ങളാണെന്നും നമ്മെ ഓർമിപ്പിച്ചു.


‘‘പുട് ദ ബുൾസ് ഓഫ് ലൗ ആൻഡ് ഡിറ്റാച്മെന്റ് പ്ലഫ് ദി ഫീൽഡ് ഓഫ് നിർവ്വാണ" എന്ന സന്ത്‌ കബീറിന്റെ ഉപദാനങ്ങൾ പലനിലയിൽ പാടി പതിപ്പിച്ച താരാട്ടുകൾ, സൗന്ദര്യശാസ്ത്രത്തിനപ്പുറം ആ ഴോണറിലെ ആത്മീയതയുടെയും, ഭക്തിയുടെ ഭാരതീയ ഏകത്വ ദർശ നത്തിന്റെയും മറ്റൊരു അന്തർധാരയെ വഹിച്ചു എന്നത്, ആ മേഖലയിൽ ഉണർവുള്ളവർക്ക് ലഭിച്ച സൂക്ഷ്മജ്ഞാനമായിരുന്നു.

സ്വന്തം പേരുകളുടെ അർത്ഥങ്ങൾ തന്നെ വേദാന്തും ഗുരുപ്രിയയും തങ്ങളുടെ സംഗീതയാത്രകൊണ്ട് അന്വർത്ഥമാക്കുന്നു. "എന്നെ ഞാൻ കബീർ എന്നു വിളിക്കുന്നത് ആ നാമത്തിന്റെ അർത്ഥഗ്രാഹ്യം കൊണ്ടാണ്’’ എന്ന് കബീർ പറഞ്ഞ പോലെ, വേദാന്തും ഗുരുപ്രിയയും തങ്ങളുടെ പേരിന്റെ അർത്ഥം ഉള്ളിലറിഞ്ഞ ജ്ഞാനികളാണെന്നതിന് അവരുടെ സംഗീതജീവിതം സാക്ഷി പറയുന്നു. തന്റെ പേരിന്റെ (റിയാസ്) അർത്ഥം പ്രവർത്യുന്മുഖതയാണ് എന്ന ഗുരുജ്ഞാനം അവിശ്രാന്തമായ തന്റെ കലാജീവിതത്തിലൂടെ റിയാസ് കോമുവും തെളിയിച്ചു. 'ക്യൂററ്റേറിയൻ ഭാവന'യുടെ അർത്ഥ പരിണാമങ്ങളെ അനുഭവിപ്പിക്കുന്ന അദ്ദേഹത്തിന്റെ സംഘാടനം, മലയാളി ഇനിയും ഏറ്റുവാങ്ങേണ്ട പാഠമായി തീരുകയും ചെയ്തു.

ഇല്ല, ഈ വരികൾ കൊണ്ടൊന്നും പ്രകടമാക്കാൻ കഴിയാത്ത അനുഭവം തന്നെയാണ് അവർ പകർന്നു നൽകിയത്. സംഗീതത്തിന് ആത്മാവിന്റെ ഭാഷയാണുള്ളത് എന്നതിനാൽ, യുക്തിയുടെ ഭാഷാവ്യവഹാരത്തിനപ്പുറത്തുള്ള മറ്റു ചിലത് 'ലല്ലബൈസ്' ബാക്കിയാക്കുന്നുണ്ട്. വിശദീകരണം നൽകാൻ കഴിയാത്ത അനുഭവത്തിന്റെ സൈകത ഭൂമികൾ. ധൈഷണികതയ്ക്കപ്പുറമുള്ള ദരാകാശങ്ങൾ.

At the gates of heaven
little shoes they are selling
For the little barefooted
angels there dwelling
sleep little baby, sleep, little baby, sleep, little baby, aaru aaru....

ആരീരം ആരീരം..
താലോലം താലോലം..

ആനി ദരിയോ നന്ദ് ദ്വാർ സുഭഗ്
ബ്രജ് -വധു ദേകേ ബാർ ബാർ
ശോഭ നഹി വാർ പാർ
ധനി ധനി ധന്യ ഹായ് ഗഡയ്യാ..

ഉറക്കത്തിന്റെ രഹസ്യത്തിലേക്കുള്ള താരാട്ടുകൾ ചിലപ്പോൾ ഉണർവ്വിന്റെ ജീവിതരസായനത്തെക്കാൾ ഊർജ്ജദായകമാണ് എന്ന വേദാന്തസത്യം, ഒരു ദെലൂസിയൻ ജ്ഞാനിമമായിത്തീരുന്നു. ചന്ദ്രികാചർച്ചിതമായ കൊച്ചിയുടെ ആകാശങ്ങൾ.. ''ആകാശങ്ങളിൽ വസിക്കുന്ന അനശ്വരനായ പിതാവിനെ" തേടുന്ന മനുഷ്യന്റെ അന്വേഷണത്തിന് തൊട്ടിൽപ്പാട്ടുകൾ പകരുന്ന അമ്മമാരുടെ 'പാർവതിപഥ' രഹസ്യങ്ങൾ.
നന്ദി ഗുരുപ്രിയ,
നന്ദി വേദാന്ത്.. നന്ദി...

ഫോട്ടോകൾ: ബിജു ഇബ്രാഹിം.
ഫോട്ടോകൾ: ബിജു ഇബ്രാഹിം.

Comments