വിമൽകുമാർ

സംവിധാനം, സംഗീതം വിമൽകുമാർ; ഒരു സെല്ലുലോയിഡ് വിസ്മൃതി

“മികച്ച പാട്ടുകളിലൂടെ ആസ്വാദകരുടെ ആദരം നേടിയ പ്രതിഭയായിരുന്നു വിമൽകുമാർ. അമ്പതുകളുടെ ആദ്യപകുതിയിൽ മലയാള സിനിമയിലേക്ക് മികച്ച സംഗീത സംവിധായകർ കടന്നുവരുന്ന ദശകത്തിലാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ആ വിസ്മയം വിസ്മൃതിയിലായിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു,” നദീം നൗഷാദ് എഴുതുന്നു.

ലയാള ചലച്ചിത്ര സംഗീത ചരിത്രത്തിൽ മൂന്ന് സിനിമകളുടെ സംവിധാനവും സംഗീത സംവിധാനവും നിർവ്വഹിച്ച്, മികച്ച പാട്ടുകളിലൂടെ ആസ്വാദകരുടെ ആദരം നേടിയ പ്രതിഭയായിരുന്നു വിമൽകുമാർ. അമ്പതുകളുടെ ആദ്യപകുതിയിൽ മലയാള സിനിമയിലേക്ക് മികച്ച സംഗീത സംവിധായകർ കടന്നുവരുന്ന ദശകത്തിലാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. എന്നാൽ ആ വിസ്മയം വിസ്മൃതിയിലായിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കെ. രാഘവൻ, ദേവരാജൻ, എം.എസ്. ബാബുരാജ് എന്നിവർ മലയാള സിനിമയിൽ സജീവമാകുന്നതിന് മുൻപായിരുന്നു വിമൽകുമാറിന്റെ കടന്നുവരവ്. പിൽക്കാലത്ത് വിഖ്യാതനായി മാറിയ എം.എസ്. ബാബുരാജ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നതിന് മുൻപ് വിമൽകുമാറിന്റെ ആദ്യ സിനിമയായ ‘തിരമാല’ (1953) യിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. ഈ സിനിമയിലെ 'കുരുവികളായി ഉയരാൻ', 'വടക്കൻ കായലിൽ ഓളം തല്ലുമ്പോൾ' എന്നീ ഗാനങ്ങൾ അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. പി. ഭാസ്കരൻ ഇതിനു മുൻപും ഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ഈ സിനിമയിലെ പാട്ടുകളാണ്. ടി.എൻ. ഗോപിനാഥൻ നായർ, കുമാരി തങ്കം, അടൂർ ഭാസി എന്നിവർ ചലച്ചിത്ര രംഗത്തേക്ക് എത്തിയതും ‘തിരമാല’യിലൂടെയാണ്. പി.ആർ. ശിവശങ്കരപിള്ള എന്ന ഇരുപത്തിയാറുകാരൻ അക്കാലത്ത് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വിമൽകുമാറും പി.ആർ.എസ്. പിള്ളയും ചേർന്നായിരുന്നു. പിന്നീട് ഫിലിം ഡിവിഷനിലും ചിത്രാഞ്ജലി സ്റ്റുഡിയോ ചെയർമാനായും പിള്ള തിളങ്ങി. തിരമാലയിലെ നായകനായ തോമസ് ബെർളി ചിത്രം പുറത്തുവന്നതിനുശേഷം സിനിമ പഠിക്കാൻ ഹോളിവുഡിലേക്ക് തിരിക്കുകയും ചെയ്തു.

​സിനിമാചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ തന്റെ 'വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങൾ' എന്ന പുസ്തകത്തിൽ വിമൽകുമാറിന്റെ ജീവിതം വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ഫോർട്ട് കൊച്ചിയിലെ കണ്ടക്കടവിലെ അറയ്ക്കൽ എന്ന പുരാതന കുടുംബത്തിൽ 1906-ൽ ജനിച്ച എ.എസ്. തോമസാണ് വിമൽകുമാർ എന്ന പേരിൽ അറിയപ്പെട്ടത്. കൊച്ചിയിലെ ബ്രിട്ടോ സ്കൂളിലും മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, പ്രൊഫസർ പി. ശങ്കരൻ നമ്പ്യാരുടെ പ്രേരണയാലാണ് ശാസ്ത്രീയ സംഗീത പഠനത്തിലേക്ക് തിരിഞ്ഞത്. അണ്ണാമല യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് പഠിക്കുമ്പോഴും സംഗീതപഠനം തുടർന്നു. എം.എസ്.സി ബിരുദം നേടിയ തോമസ് ജബൽപൂരിലെ ഓർഡിനൻസ് ഫാക്ടറിയിൽ ഓഫീസറായി ജോലിക്ക് ചേരുകയും അവിടെവെച്ച് തന്റെ മേലുദ്യോഗസ്ഥന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയും ചെയ്തു. ഇതിനിടയിൽ മൃദംഗം, ഓടക്കുഴൽ, ഫീഡിൽ എന്നിവയിലും പ്രാവീണ്യം നേടി. തോമസിന്റെ പ്രാവീണ്യം തിരിച്ചറിഞ്ഞ മേലുദ്യോഗസ്ഥൻ തന്റെ മകളെ കർണാടക സംഗീതം പഠിപ്പിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ആ ഗുരുശിഷ്യ ബന്ധം പ്രണയമായി മാറി. വിവാഹത്തിന് പിതാവ് സമ്മതിച്ചെങ്കിലും ഒരു നിബന്ധന വെച്ചു; തോമസ് മതം മാറണം അല്ലെങ്കിൽ ഒരു ഹിന്ദു പേര് സ്വീകരിക്കണം. അങ്ങനെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ തോമസ് 'വിമൽകുമാർ' എന്ന പേര് സ്വീകരിച്ച് ആ യുവതിയെ വിവാഹം കഴിച്ചു. വിവാഹശേഷം ജോലി രാജിവെച്ച അദ്ദേഹം ഒരു മറാത്തി സിനിമയുടെ സംഗീത സംവിധായകനായി. പിന്നീട് വിഖ്യാതനായ പങ്കജ് മല്ലിക്കിന്റെ സഹായിയായും ബോംബെയിൽ പ്രവർത്തിച്ചു. ആ അനുഭവങ്ങളുമായാണ് അദ്ദേഹം തിരമാലയുടെ സംഗീത സംവിധായകനായി മലയാളത്തിലെത്തുന്നത്.

സിനിമാചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ തന്റെ 'വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങൾ' എന്ന പുസ്തകത്തിൽ വിമൽകുമാറിന്റെ ജീവിതം വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
സിനിമാചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ തന്റെ 'വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങൾ' എന്ന പുസ്തകത്തിൽ വിമൽകുമാറിന്റെ ജീവിതം വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

ഹിന്ദി സിനിമാ സംഗീതത്തിന്റെ സ്വാധീനം വിമൽകുമാറിന്റെ ഗാനങ്ങളിൽ പ്രകടമായിരുന്നു. 1946-ലെ 'അൻമോൽ ഘടി'യിലെ 'ആവാസ് ദേ കഹാം ദേ' എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയായ 'പാലാഴിയാം നിലാവിൽ' എന്ന പാട്ട് ശാന്താ പി. നായരുടെ ശബ്ദത്തിൽ ഏറെ പോപ്പുലറായി. ‘കുരുവികളായി ഉയരാം’, ‘ഹേ കളിയോടമേ’, ‘കരയുന്നതെന്തേ’ തുടങ്ങിയ ഗാനങ്ങളും ശാന്താ പി. നായർ പാടി. ഈ ചിത്രത്തിലൂടെയാണ് പ്രശസ്തയായ ലക്ഷ്മി ശങ്കറും പിന്നണിഗാന രംഗത്തെത്തുന്നത്. ഉദയശങ്കറിന്റെ സഹോദരൻ രാജേന്ദ്ര ശങ്കറെ വിവാഹം കഴിച്ച് കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി ശങ്കർ പിന്നീട് നിരവധി ഹിന്ദി സിനിമകളിലും പാടിയിട്ടുണ്ട്.

തിരമാലയിലെ പാട്ടുകൾ ഹിറ്റായെങ്കിലും വിമൽകുമാറിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പുത്രധർമ്മം (1954), അച്ഛനും മകനും (1957) എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു. പുത്രധർമ്മത്തിൽ പി.എസ്. ദിവാകർ സംഗീത സംവിധാനം നിർവ്വഹിച്ചു. 'അച്ഛനും മകനും' എന്ന ചിത്രത്തിലാണ് തിരുനെല്ലൂർ കരുണാകരൻ ആദ്യമായി ഗാനങ്ങളെഴുതുന്നത്. എ.എം. രാജ, ശാന്താ പി. നായർ, ജിക്കി എന്നിവർ ഈ സിനിമയിൽ പാടി. എങ്കിലും ഈ ചിത്രങ്ങൾ വേണ്ടത്ര വിജയിച്ചില്ല.

തിരമാലയിലെ പാട്ടുകൾ ഹിറ്റായെങ്കിലും വിമൽകുമാറിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല.  'അച്ഛനും മകനും' എന്ന ചിത്രത്തിലാണ് തിരുനെല്ലൂർ കരുണാകരൻ ആദ്യമായി ഗാനങ്ങളെഴുതുന്നത്.
തിരമാലയിലെ പാട്ടുകൾ ഹിറ്റായെങ്കിലും വിമൽകുമാറിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല. 'അച്ഛനും മകനും' എന്ന ചിത്രത്തിലാണ് തിരുനെല്ലൂർ കരുണാകരൻ ആദ്യമായി ഗാനങ്ങളെഴുതുന്നത്.

വിമൽകുമാറിന്റെ അവസാന കാലം അങ്ങേയറ്റം ദയനീയമായിരുന്നു. വാതരോഗം ബാധിച്ച് ഒരു കൈ തളർന്ന അദ്ദേഹം മരുന്നിന് പോലും പണമില്ലാതെ കഷ്ടപ്പെട്ടു. താൻ കൈപിടിച്ചുയർത്തിയ പല പ്രമുഖർക്കും സഹായത്തിനായി തന്റെ മകൻ മുഖേന കത്തുകൾ അയച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സിനിമയ്ക്ക് പുറത്തുള്ള ചില സുഹൃത്തുക്കൾ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാനും സഹായിക്കാനും എത്തിയത്. ഒടുവിൽ 1966-ലെ ഒരു വേനൽ കാലത്ത് എറണാകുളം കച്ചേരിപ്പടിയിലെ ആയുർവേദ ആശുപത്രിയിൽ വെച്ച് ഏകാകിയായി അദ്ദേഹം മടങ്ങി. പിറ്റേ ദിവസത്തെ മലയാള പത്രങ്ങൾ പോലും ആ മരണവാർത്തക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല.


Summary: Nadeem Noushad writes about Malayalam director and music director Vimal Kumar's contributions.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments