ചലച്ചിത്ര ഗാനങ്ങളുടെ അടിസ്ഥാനപരമായ ഗുണം ആസ്വാദനമാണ്. ചഞ്ചലമായ മനസ്സിന്റെ, ചിന്താമണ്ഡലത്തിന്റെ അനിയന്ത്രിത പ്രവർത്തനങ്ങളെ ശാന്തമാക്കാനും വൈകാരികമായ ആസ്വാദനം ക്ഷണനേരം കൊണ്ട് സാധ്യമാക്കാനും ഗാനങ്ങൾക്ക് കഴിയുന്നുണ്ട്. സാഹിത്യം, സംഗീതം എന്നിവ പ്രധാനമായും ഗാനത്തിന് വേണം. ചലച്ചിത്ര ഗാനമാകുമ്പോൾ ദൃശ്യവും. 1990-കളുടെ അവസാനത്തോടെയാണ് ചങ്ങമ്പുഴയുടെ രചനാ പാടവത്തെ ഓർമിപ്പിക്കും വിധം ചലച്ചിത്ര ഗാനങ്ങൾ മലയാളത്തിൽ വന്നു തുടങ്ങുന്നത്. ചുരുക്കത്തിൽ മലയാളചലച്ചിത്ര ഗാനത്തിന്റെ കാല്പനിക ഘട്ടത്തിലെ വിപുലീകരണമെന്നും ആ ഘട്ടത്തെ കരുതാം.
അക്കാലത്ത്, കാസറ്റുകൾക്ക് വേണ്ടി പാട്ടെഴുതി തുടങ്ങിയ ഒരു കോഴിക്കോട്ടുകാരൻ യുവാവ് സിനിമയിൽ തനിക്ക് സഹൃദയ സ്ഥാനം ഉണ്ടാകാൻ ആഗ്രഹിച്ചു. ജീവിതത്തിലെ പലവിധ പ്രതിസന്ധികൾ പലരൂപത്തിലായി ബുദ്ധിമുട്ടിച്ചുവെങ്കിലും പാട്ടും അക്ഷരവും സംഗീതവും അയാൾ കൈവിട്ടിരുന്നില്ല. ഗായകൻ ആകാൻ കൊതിച്ച് പിന്നെ പാട്ടെഴുത്തിന്റെ പൂവരങ്ങിൽ വിസ്മയം തീർത്ത ഗാനരചയിതാവായി മാറാൻ ഏറെ സമയവും എടുത്തില്ല. അച്ഛൻ പുളിക്കൂൽ കൃഷ്ണപ്പണിക്കരിൽ നിന്നും സംസ്കൃതവും അമ്മ മീനാക്ഷി അമ്മയിൽ നിന്ന് ശിക്ഷണം ഇല്ലാതെ ശ്രവണമായി അറിഞ്ഞ കർണാടക സംഗീതജ്ഞാനവും മാത്രമായിരുന്നു ഗാനരചന രചനയിലേക്ക് എത്താൻ അദ്ദേഹത്തെ സഹായിച്ചത്. കാളിദാസ -ഭാസ -മാഘ കൃതിജ്ഞാനവും മായാമാളവഗൗളയും അതിന്റെ ജനി - ജന്യരാഗങ്ങളെ കുറിച്ചുള്ള ജ്ഞാനവും ജിജ്ഞാസ വിടരും മുൻപുള്ള പ്രായത്തിൽ തന്നെ ഹൃദ്യമായിരുന്നു. കേവലമായ ആസ്വാദന തലത്തിൽ മാത്രം താൻ നിന്നാൽ പോരെന്ന തോന്നലാവാം കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തിലെ പുത്തഞ്ചേരി എന്ന ഗ്രാമത്തിലെ ഗിരീഷ് പാട്ടെഴുത്തിലേക്ക് ഗൗരവമായി കടക്കുന്നത്. ആദ്യമായി ആകാശവാണിയിലേക്കാണ് ലളിതഗാനങ്ങൾ എഴുതി അയച്ചു കൊണ്ടിരുന്നത്. എന്നാൽ എഴുതിയ ഗാനങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരാൻ തുടങ്ങി. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ശ്രമം തുടർന്നു.
അങ്ങനെ 1980-കളുടെ അവസാനത്തിൽ,
"മധുവായ് മലരിൽ
ശ്രുതിയായി തന്ത്രിയിൽ
സ്വരമായി രാഗത്തിലലിയുന്നു നീ"
എന്ന വരികൾ ആകാശവാണി തെരഞ്ഞെടുക്കുന്നു. ഗിരീഷ് പുത്തഞ്ചേരി എന്ന പേര് അടയാളപ്പെടുത്തുന്ന ആദ്യ ഗാനമായിരുന്നു അത്. പൂവിലെ തേൻ പോലെ, തന്ത്രിമീട്ടുന്ന ശ്രുതി പോലെ, രാഗത്തിൽ മൂളുന്ന സ്വരം പോലെ ഗിരീഷ് പുത്തഞ്ചേരി മലയാളിയുടെ ചുണ്ടിൽ തത്തി കളിക്കുന്ന ഗാനങ്ങൾക്ക് കാരണമായി. 1989-ലാണ് രഘുകുമാർ എന്ന സംഗീതസംവിധായകനെ കാണാൻ ഗിരീഷ് പുത്തഞ്ചേരി അദ്ദേഹത്തിൻെറ വീട്ടിൽ പോകുന്നത്. പോക്കറ്റിലും കൈസഞ്ചിയിലുമായി അക്ഷരവും അത് തെളിയാൻ വേണ്ട പേനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ട്യൂണിന് അനുസരിച്ച് ഗാനം എഴുതുമോ?,” എന്ന ചോദ്യത്തിന് പാടാൻ എടുക്കുന്ന സമയത്തിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് ഗാനം എഴുതി നൽകി. അത്ഭുതമായിരുന്നുവെന്ന് രഘുമാർ മറ്റൊരു അവസരത്തിൽ രേഖപ്പെടുത്തിയിരുന്നു. ഗാനം എഴുതി ട്യൂൺ ഇടുന്ന സമ്പ്രദായത്തിൽ നിന്നും ട്യൂണിന് അനുസൃതമായ് ഗാനം എഴുതുന്ന സമ്പ്രദായം വന്നിട്ട് കുറഞ്ഞ സമയമേ ആകുന്നുണ്ടായിരുന്നുള്ളൂ. രഘുമാർ സംഗീത സംവിധാനം ചെയ്യുന്ന "ശ്രീ കാസറ്റ്സ്"-ലൂടെ ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി - രഘുകുമാർ കൂട്ടുകെട്ട് വീണ്ടും പിറന്നത്. പിന്നീട് തരംഗിണി, എച്ച് എം വി തുടങ്ങിയ കാസറ്റ് കമ്പനികൾക്ക് വേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചു. എച്ച് എം വി യുടെ ഗാനപൗർണമിയിലെ 10 ഗാനങ്ങൾ, തരംഗിണിയുടെ "സ്വീറ്റ് മെലഡീസ് വോളിയം ത്രീ" എന്ന കാസറ്റിലും ഇതേ കൂട്ടുകെട്ടിൽ ഗാനങ്ങൾ വന്നു.
സിനിമാ ഗാനരചയിതാവ് എന്ന മേൽവിലാസത്തിൽ അറിയപ്പെടാൻ ആഗ്രഹിച്ച ഗിരീഷ് പുത്തഞ്ചേരി പല സംവിധായകരെയും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പലകുറി കണ്ടിരുന്നു. ഒടുവിൽ കോഴിക്കോടുള്ള യു.വി രവീന്ദ്രനാഥിനെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ "എൻക്വയറി" എന്ന ചിത്രത്തിന്റെ പാട്ടുകൾ എഴുതാനായി ഗിരീഷ് പുത്തഞ്ചേരിയെ മദ്രാസിലേക്ക് ക്ഷണിക്കുന്നു. രാജാമണിയുടെ സംഗീതത്തിൽ "ജന്മാന്തരങ്ങളിൽ" എന്ന ഗാനത്തോടെ മലയാളചലച്ചിത്ര ഗാനമേഖലയിൽ ഗിരീഷ് പുത്തഞ്ചേരി എന്ന പേര് രേഖപ്പെടുത്തി. എന്നാൽ വലിയ സ്വീകാര്യത, അംഗീകാരം എന്നിവ ഗാനത്തിനോ ഗാനരചയിതാവിനോ ലഭിച്ചില്ല. പിന്നീട് സംവിധായകൻ രഞ്ജിത്ത് വഴി "ജോണിവാക്കർ" എന്ന ചിത്രത്തിന് ഗാനമെഴുതാൻ അവസരം കിട്ടി. എസ് പി വെങ്കിടേഷിന്റെ ഈണത്തിന് എത്ര ശ്രമിച്ചിട്ടും വരികൾ വരുന്നില്ല. പാട്ടെഴുത്ത് തന്റെ ജോലിയല്ലെന്ന് വരെ തോന്നി തിരിച്ചു പുത്തഞ്ചേരിയിലേക്ക് വണ്ടി കയറാൻ ശ്രമിച്ച സാഹചര്യം വരെ ഉണ്ടായിരുന്നു. രഞ്ജിത്ത് എന്ന സുഹൃത്തിന്റെ പിൻബലത്തിലാണ് "ശാന്തമീ രാത്രിയിൽ" എന്ന പാട്ടിൻെറ വരികൾ പിറന്നത്. അതോടെ ഗിരീഷ് പുത്തഞ്ചേരി എന്ന പേര് പ്രേക്ഷകരും സിനിമാ പ്രവർത്തകരും ശ്രദ്ധിച്ചു തുടങ്ങി.
പിന്നീട് 20 വർഷക്കാലം മലയാള ചലച്ചിത്ര ഗാനശാഖയിൽ പകരം വയ്ക്കാനില്ലാത്ത പദസമ്പത്തിന്റെ ഉടമയായി അദ്ദേഹം മാറി. 'വന്ദേ മുകുന്ദഹരേ' എന്ന സംസ്കൃതവരികളുള്ള ഗാനവും 'ജെയിംസ് ബോണ്ടിൻ ഡിക്റ്റോ' എന്ന ഇംഗ്ലീഷ് പ്രയോഗങ്ങളുള്ള ഗാനവും 'പിന്നെയും പിന്നെയും' എന്ന പ്രണയകാവ്യവും 'ഇന്നലെ എന്റെ നെഞ്ചിലെ' എന്ന വേദനയും 'പൊട്ടു കുത്തടി പുടവ ചുറ്റടി' എന്ന ആട്ടവും എഴുതാൻ ഒരാൾ മതിയായിരുന്നു.
രഞ്ജിത്തിൻെറ തിരക്കഥയിൽ 1993-ല്‍ വന്ന "ദേവാസുരം" എന്ന ചിത്രത്തിലെ ഗാനങ്ങൾ സ്വീകാര്യത വർധിപ്പിച്ചു. ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന വരിയുടെ ആഴവും പരപ്പും ചെറുതായിരുന്നില്ല. പിന്നീടങ്ങോട്ട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗാനരചയിതാവായി അദ്ദേഹം മാറി. എം. ജയചന്ദ്രൻ, ബേണി -ഇഗ്നേഷ്യസ്, എ.ആർ റഹ്മാൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ലക്ഷ്മികാന്ത് - പ്യാരേലാൽ, ഇളയരാജ, വിദ്യാസാഗർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങീ ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണപ്പെട്ട സംഗീതസംവിധായകരുടെ പാട്ടുകൾ വരികൾ പുത്തഞ്ചേരിയുടേതായി.
1990 മുതൽ 2010 വരെയുള്ള 20 വർഷങ്ങളിൽ 350-ലധികം ചിത്രങ്ങൾക്കായി 1500-ൽ പരം ഗാനങ്ങൾ അദ്ദേഹം എഴുതി. ചലച്ചിത്ര ഗാനത്തിന് പുറമേ ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, അവതരണ ഗാനങ്ങൾ, ടെലിവിഷൻ ഗാനങ്ങൾ എന്നിവയും എഴുതി. ഗാനരചനയിൽ മാത്രമായിരുന്നില്ല അദ്ദേഹം പ്രാവീണ്യം തെളിയിച്ചത്. "മേലേപ്പറമ്പിൽ ആൺവീട്" എന്ന ചിത്രത്തിനായി കഥയും 'കിന്നരിപ്പുഴയോരം', 'പല്ലാവൂർ ദേവനാരായണൻ', 'മേഘതീർത്ഥം' 'വടക്കുംനാഥൻ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതി.
വിദ്യാസാഗറിന് വേണ്ടിയാണ് ഗിരീഷ് പുത്തഞ്ചേരി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത്. ഇരുവരും ചേർന്നുള്ള പാട്ടുകൾ ശ്രദ്ധേയമായിരുന്നു. രസികൻ, റൺവേ, സി.ഐ.ഡി മൂസ, മീശമാധവൻ, രണ്ടാം ഭാവം, സമ്മർ ഇൻ ബത്ലഹേം, ഗ്രാമഫോൺ, ഉസ്താദ്, പ്രണയവർണ്ണങ്ങൾ, നിറം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ചന്ദ്രോത്സവം, എഴുപുന്നതരകൻ, പട്ടാളം തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. "ഒരു പുഷ്പം മാത്രമെൻ" എന്ന ദേശ് രാഗത്തിൽ വന്ന എം.എസ് ബാബുരാജിന്റെ ഗാനത്തിനുശേഷം മലയാളികൾ മൂളി നടന്ന മറ്റൊരു ദേശ് രാഗത്തിലുള്ള ഗാനമായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന "എന്തേ ഇന്നും വന്നീലാ."
ട്യൂണിനനുസരിച്ച് ഗാനം എഴുതുന്നിൽ നിന്നും സൗണ്ടിംഗിനുസരിച്ച് ഗാനമെഴുതുന്ന രീതി ആദ്യമായി ഇളയരാജ കൊണ്ടുവന്നു. ഈ സംവിധാനവുമായി എത്തിയതാകട്ടെ ഗിരീഷ് പുത്തഞ്ചേരിയുടെ മുൻപിൽ. "രസതന്ത്രം" എന്ന ചിത്രത്തിനുവേണ്ടി ആദ്യം എഴുതിയ വരികൾ ‘കാട്ടുകുയിൽ പാട്ടുണ്ട്’ എന്നായിരുന്നു. "ട്ട" എന്ന ശബ്ദത്തിന് പകരം "റ്റ"എന്ന ശബ്ദം വന്നാൽ നന്നാകുമെന്ന ഇളയരാജയുടെ അഭിപ്രായം കേട്ട് കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം “ആറ്റിൻകരയോരത്ത് ചാറ്റൽ മഴ ചോദിച്ചു” എന്നെഴുതി നൽകി. സംഗീതസംവിധായകരുടെ മനസ്സറിഞ്ഞ് ഗാനം എഴുതുന്ന ശൈലി പുത്തഞ്ചേരിക്കുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഒരു പാട്ട് എഴുതാൻ ഇരിക്കുമ്പോൾ സംവിധായകരോട് കഥാപാത്രത്തിന്റെ പ്രായം, വിദ്യാഭ്യാസം, ഭാഷ, ജീവിതരീതി എന്നിവയെല്ലാം ചോദിച്ചറിയാറുണ്ട് അദ്ദേഹം. രോഗനിർണയം നടത്തുന്ന ഡോക്ടറെ പോലെ സസൂക്ഷ്മമായി കഥാപാത്രത്തെ ഇഴകീറിപരിശോധിച്ച് അയാളുടെ വൈകാരിക തലത്തെ സ്വന്തം വികാര തലത്തിൽ കൊണ്ടുവന്ന എഴുതുന്ന രീതിയാണ് പുത്തഞ്ചേരിക്കുള്ളത്. അതുകൊണ്ടുതന്നെ ആ പാട്ടിൽ നമുക്ക് കഥാപാത്രത്തെ കാണാം.

2010 ഫെബ്രുവരി 10ന് തൻെറ 48ാം വയസ്സിലാണ് പുത്തഞ്ചേരിയുടെ കലാജീവിതം അവസാനിക്കുന്നത്. മരണത്തിന് മുമ്പ് അദ്ദേഹം എഴുതിയ പാട്ടുകൾ പിന്നെയും പുറത്ത് വന്നു. എം.ജി ശ്രീകുമാർ ഈണം നൽകി ആലപിച്ച് എംസി ഓഡിയോസ് ആൻഡ് വീഡിയോസ് പുറത്തിറക്കിയ 10 അയ്യപ്പഭക്തിഗാനങ്ങൾ ഇതിൽ പെടുന്നതായിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘ഫൈനൽ’ എന്ന ചിത്രത്തിലെ ‘മഞ്ഞുകാലം ദൂരെ മാഞ്ഞു’ എന്ന സംഗീത സംവിധായകൻ കൈലാസ് മേനോന് നേരത്തെ എഴുതി നൽകിയതായിരുന്നു. കലയുടെ വിജയം കാലാതീതമാവുക എന്നതാണ്. വേർപാടിന്റെ പതിനാറാം വർഷത്തിലും ആസ്വാദകരുടെ പ്ലേലിസ്റ്റിൽ, പ്രണയ - വിരഹ - മനസ്സുകളിൽ, ചിന്തകളിൽ, ഉറക്കത്തിൽ, ഉണർവിൽ എല്ലാം ഇന്നും ഗിരീഷ് പുത്തഞ്ചേരിയുണ്ട്. ആകാശദീപങ്ങളെ സാക്ഷിയാക്കി, വീണുടഞ്ഞ സൂര്യകിരീടത്തെ ഉയർത്തിക്കൊണ്ട്, നിലാവിന്റെ വെണ്മയെ കുറിച്ചുകൊണ്ട്, പ്രാവിന്റെ ചിറകടിയെ കാതിൽ കേട്ടുകൊണ്ട് പിന്നെയും പിന്നെയും ആ ഗാനങ്ങൾ മലയാളി മൂളുന്നു…


