മലയാള സിനിമയെ ആലിംഗനം ചെയ്യുന്നു, മാപ്പിളപ്പാട്ടിന്റെ ഇംഗിതം

‘‘മുസ്​ലിം ക്വാട്ടയില്‍ അല്ല തല്ലുമാലയും സുലൈഖാ മന്‍സിലും ഇക്കൊല്ലം മല്‍സരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടാലറിയാം, കേരളത്തിലെ എല്ലാ കല്യാണപ്പന്തലുകളും സുലൈഖാ മന്‍സിലായി കഴിഞ്ഞ മാസങ്ങളില്‍. മുമ്പ്, ദേവാസുരവും നരസിംഹവും ഇറങ്ങിയപ്പോള്‍ അവയുടെ മുണ്ടും കിംഗ് ഷര്‍ട്ടും ഇറങ്ങിയതുപോലെ ഇതും ഉള്‍ക്കൊണ്ടാല്‍ മതി.’’- പുതിയ മലയാള സിനിമയിൽ പാട്ടുകളുണ്ടാക്കുന്ന സാംസ്​കാരികധ്വനികളെ വിശകലനം ചെയ്യുന്നു, റഫീക്ക്​ തിരുവള്ളൂര്​

"ആദം മല തേടി ഹാദി അലി മരയ്ക്കാന്‍
ആലമേറും മരക്കപ്പല്‍ കേറിപ്പോയീ ഒരിക്കല്‍.."
രാജീവ് രവിയുടെ തുറമുഖം എന്ന സിനിമക്കു വേണ്ടി അന്‍വര്‍അലി എഴുതിയ കപ്പല്‍പ്പാട്ടിലെ നായകന് ഷഹബാസ് അമന്‍ നല്‍കിയ പേരാണ് ഹാദി. സമുദ്രഞ്ചാരിയായ ഹാദി മരക്കാന്‍ ആദംമല തേടി മരക്കപ്പല്‍ കേറിപ്പോവുന്നതും എന്തിനും പോന്ന പന്ത്രണ്ടു ഖലാസിമാര്‍ തുണ പോകുന്നതും പടച്ചോന്റെ കടക്കണ്ണിന്‍ പൊയ്കയായ കടലില്‍ അവര്‍ ആപത്തില്‍ പെടുന്നതും മരക്കാനെ കടലിലെ കന്യക കൊണ്ടുപോകുന്നതുമാണ് പാട്ട്. കേരളത്തിലെ മുസ്​ലിമീങ്ങള്‍ക്ക്​ ചിരപരിചിതമായ റാത്തീബുകളുടെ രീതിയിലും താളത്തിലുമാണ് ഈ പുതിയ കപ്പൽപ്പാട്ടിന്റെ മുറുക്കം. കപ്പൽപ്പാട്ടെന്ന നാമകരണത്തില്‍ കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പൽപ്പാട്ടിന്റെയും അനേകം സബീനപ്പാട്ടുകളുടെയും പിന്തുടര്‍ച്ചയുമുണ്ടതില്‍.

കവി അന്‍വർ അലി അറബിക്കടലിലെ സഞ്ചാരികളുടെ ചരിത്രത്തിന് പാട്ടുകൊണ്ടൊരു പുരാവൃത്തം ചമയ്ക്കുന്ന കാലത്തുതന്നെയാണ് ചരിത്രപഠിതാവായ അഭിലാഷ് മലയില്‍, കേരളചരിത്രത്തിന്റെ സാമ്പ്രദായിക രീതികളെ തിരുത്തിക്കുറിക്കുന്നൊരു കൃതി റയ്യത്തുവാരി പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് കൊയിലാണ്ടി പന്തലായനിക്കൊല്ലത്തെ പാറപ്പള്ളി മഖാമില്‍ കബറടക്കപ്പെട്ട സമുദ്രസഞ്ചാരിക്കാണ്, ആ ദിവ്യപുരുഷന്റെ പേരുമാണ് ഹാദി. 19-ാം നൂറ്റാണ്ടിനു മുമ്പേ മലേഷ്യ, ഒമാൻ, കെയ്​റോ, അലക്‌സാണ്ട്രിയ, ചൈന എന്നിവിടങ്ങളുമായി വാണിജ്യബന്ധങ്ങളുണ്ടായിരുന്ന, ഇബ്‌നു ബത്തൂത്ത ‘ഫന്തറീന’ എന്നും, പോര്‍ച്ചുഗീസുകാര്‍ ‘പണ്ടാരാണി’ എന്നും, ചൈനക്കാര്‍ ‘ഫന്റലൈന’ എന്നും വിളിച്ച സാമൂതിരിയുടെ ‘പന്തലായനി’ അറബികളുടെയും ചൈനക്കാരുടെയും ജൂതന്മാരുടെയും സഞ്ചാരത്തിന്റെയും വ്യാപാരത്തിന്റെയും താവളമായിരുന്നു. ചരിത്രത്തിലെ തിരക്കേറിയ തുറമുഖം. പ്രസ്തുത ചരിത്രത്തിന്റെ ഈടാണ് പന്തലായനിയിലെ പാറപ്പള്ളിയും ഹാദി എന്ന സഞ്ചാരിയും.

ഹാദിയുടെ ബീവി ഞാനിന്നൂരുകാക്കുന്നോള്‍
ഓര് പോയ ചാലിലോര്‍മ്മത്തോണിയോട്ടുന്നോള്‍
ആദമിന്ന് ഹവ്വ പോലെ ഭൂമി പോറ്റുന്നോള്‍
ആണിപോയ പാമരത്തിന്‍ വാരിയെല്ലായോള്‍


തുറമുഖം സിനിമയിലെ രണ്ടു പാട്ടുകള്‍ കേള്‍ക്കുമ്പോഴെല്ലാം പാട്ടിലേക്ക് കാലവും ചരിത്രവും എഴുതുന്നവരുപോലുമറിയാതെ കടന്നുവരുന്നതിന്റെ ആക്‌സ്മികത വെളിപ്പെടുന്നു. ജനതയുടെ ബോധത്തില്‍ നിന്ന്​ പാട്ടുകളുണ്ടാവുന്നത്​ പുലരുകയാണങ്ങനെ. എല്ലാ വൈകുന്നേരത്തിനും ഒരുപാട്ടുണ്ട്, ആ പാട്ടെനിക്കെഴുതി തരുന്നത് ബാലന്‍ ഭായിയാണെന്ന് മഹബൂബ് മാമ്പുള്ളി ബാലനെപ്പറ്റി പറഞ്ഞതുപോലെ, സ്ഥലകാലങ്ങള്‍ക്കെല്ലാം പാട്ടില്‍ പുനര്‍ജനിക്കുകയാണ് ശീലം.

അന്‍വർ അലി എഴുതുന്നേരം കേരളത്തിന്റെ കടല്‍ സഞ്ചാരങ്ങളുടെ മുഖപടങ്ങള്‍ പൊന്തണള്ളാ, അള്ളാഹ് എന്ന റാത്തീബുകളുടെ താളത്തില്‍ പാട്ടിന്റെ തുറമുഖത്തെത്തുന്നപോലെ, മുഹ്‌സിന്‍ പരാരി എഴുതുന്നേരം മാലകളുടെയും സബീനകളുടെയും ഭൂതകാലം തല്ലുമാലയായെത്തുന്നു. പി. ഭാസ്‌കരനും കെ. രാഘവനും നീലക്കുയിലില്‍ തുടക്കമിട്ട പാട്ടുകെട്ടിന്റെയും കൂട്ടുകെട്ടിന്റെയും ആവര്‍ത്തനം നമ്മുടെ കേള്‍വിയെ പിന്നെയും പിന്നെയും അലങ്കരിക്കുന്നതാണിപ്പോള്‍ മലയാളത്തിലെ പാട്ടുവിശേഷം.

പി.ഭാസ്കരൻ, കെ. രാഘവൻ
പി.ഭാസ്കരൻ, കെ. രാഘവൻ

1925-ല്‍ നാലപ്പാട്ട് നാരായണമേനോന്‍ പാവങ്ങളുടെ പരിഭാഷ ചെയ്തശേഷം മലയാള ഗദ്യത്തിലും, ഏറെക്കുറെ ഒരു ദശകം കഴിഞ്ഞ്​ ചങ്ങമ്പുഴ മലയാള കവിതയിലും, ചങ്ങമ്പുഴയുടെ അടുത്ത കൂട്ടുകാരനായ ബഷീര്‍ മലയാള കഥയിലും കൊണ്ടുവന്നതിനു തുല്യമായ പുതുക്കമാണ് 1955 ആകുന്നതോടെ നീലക്കുയില്‍ എന്ന സിനിമ നമ്മുടെ പാട്ടുസംസ്‌കാരത്തിലേക്കു കൊണ്ടുവന്നത്. മാപ്പിളപ്പാട്ടുകളെ കൂടി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കൂട്ടുക മാത്രാമയിരുന്നില്ല പി. ഭാസ്‌കരനെന്നും കെ. രാഘവനെന്നും പേരുള്ള രണ്ടു മാഷന്മാര്‍ ചെയ്തത്. അറബിമലയാളത്തിന്റെയും മാപ്പിളപ്പാട്ടുകളുടെയും നിധിപേകടകം എല്ലാ മലയാളികളുടെയും മുമ്പില്‍ തുറന്നുവെച്ച്​ അവയെ പൊതുസ്വത്താക്കുക കൂടിയായിരുന്നു. മാപ്പിള ഗാനശാഖയുടെ ആ സമ്പന്നതയും ധന്യതയും ഇപ്പോള്‍ വീണ്ടും കേരളീയവരെ പാട്ടിലാക്കിക്കൊണ്ടിരിക്കുന്നു.

ചേറില്‍ നിന്നു ബളര്‍ന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാല്‍
നെയ്ചോറു വെച്ചതു തിന്നുവാന്‍
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ്

ആദ്യം സംസ്‌കൃത വൃത്തങ്ങളിലും ശേഷം ദ്രാവിഡ വൃത്തങ്ങളിലും പാര്‍ത്ത മലയാള കവിതയെ നാടന്‍ ശീലുകളിലേക്കും നാട്ടുകാരുടെ ഭാഷയിലേക്കും ചങ്ങമ്പുഴ കൊണ്ടുവന്നു. അന്ന്​ രമണനെച്ചൊല്ലി ഉയര്‍ന്ന ആക്ഷേപം ഉരല്‍പ്പുരപ്പെണ്ണുങ്ങള്‍ക്കു പോലും രസിക്കാവുന്ന വിധമായി കവിത എന്നതായിരുന്നു. ഈ ചങ്ങമ്പുഴക്കാലത്തിനും എത്രയോ മുമ്പേ, അറബിമലയാള ഭാഷയില്‍ സാക്ഷരരായ സാധാരണക്കാരായ മുസ്​ലിം പെണ്ണുങ്ങള്‍ കേരളത്തില്‍ ദീര്‍ഘകാവ്യങ്ങള്‍ മനഃപ്പാഠമാക്കിയും നോവല്‍പുസ്തകങ്ങള്‍ വായിച്ചും ജീവിക്കുന്നുണ്ടായിരുന്നു. രമണന്‍ ഇടയന്മാരുടെ കഥയായതും സാധാരണക്കാരുടെ ഭാഷയിലായതും നാടന്‍ ഈണമാണെന്നതും രസിക്കാത്തവര്‍ക്കായിരുന്നു ചങ്ങമ്പുഴയോട് പുച്ഛം. ലളിതമധുരമായും സംഗീതസാന്ദ്രമായും എഴുതപ്പെട്ട രമണനിലെ ഭാഷയും ഈണവും പക്ഷേ, മലയാള കവിതയുടെ പില്‍ക്കാലത്തെയാകെ മറ്റിക്കളഞ്ഞു. ചങ്ങമ്പുഴ ചെയ്തതു പോലെ മലയാള ഭാഷയെ, മലയാള കവിതയെ, മലയാള കാവ്യ രചനാ സമ്പ്രദായത്തെ ജനകീയവത്കരിച്ച ഒരു കവി പിന്നെയുണ്ടായിട്ടില്ല.

എം.എന്‍. കാരശേരി ഒരിക്കലെന്നോടു പറഞ്ഞു; നമ്മളിന്നു പാടുന്ന നാടകഗാനങ്ങളും സിനിമാഗാനങ്ങളും രാഷ്ട്രീയഗാനങ്ങള്‍ പോലും ചങ്ങമ്പുഴയുടെ പാരമ്പര്യമാണ്. പി. ഭാസ്‌കരനാവട്ടെ, വയലാറാകട്ടെ, തിരുനല്ലൂര്‍ കരുണാകരനാവട്ടെ അവരൊക്കെ പാട്ടെഴുതിയപ്പോള്‍ ചങ്ങമ്പുഴയുടെ ആ പാരമ്പര്യമാണ് പുലര്‍ന്നത്. പി. ഭാസ്‌കരന്‍ ഒരു കവിതയില്‍ ‘അല്ലയോ മഹാകവേ, നിന്റെ സുവര്‍ണരഥം പോയവഴിക്കു പാറിയ പൊടികളാണ് ഞങ്ങള്‍, ഞങ്ങള്‍ നിനക്കു കപ്പം തരുന്നു’ എന്നു ചങ്ങമ്പുഴയെ നമസ്‌കരിക്കുന്നുണ്ട്​ എന്നാണ്​.

പാട്ടുകൊണ്ട് സാധ്യമാക്കിയ അറിവിന്റെയും അനുഭവത്തിന്റെയും ഈ ജനാധിപത്യ മൂല്യത്തിലാണ് ഇപ്പോള്‍ നമുക്ക് പഴഞ്ചനായിത്തോന്നുന്ന സ്ത്രീയെ കനിയെന്നും പൂവെന്നും തേനെന്നും വിളിക്കുന്ന പാട്ടുവിളികളെ കേള്‍ക്കേണ്ടത്. 

ചങ്ങമ്പുഴ കാളിദാസനെയാണ് ഇങ്ങനെ വണങ്ങിയതെങ്കില്‍, ഭാസ്‌കരന്‍ ചങ്ങമ്പുഴയെ വണങ്ങുകയാണെന്ന് ഈ പിന്തുടര്‍ച്ചയെ വിശദീകരിക്കാറുണ്ട് കാരശ്ശേരി മാഷ്. വീട്ടിലെ വാക്കുകളും നാട്ടിലെ ഈണങ്ങളും കൊണ്ട് സിനിമാഗാനങ്ങള്‍ നമ്മുടെ കേള്‍വിയെ പുല്‍കിയ ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് മാപ്പിളമലയാളത്തെ കൂടി മലയാളസിനിമാസംഗീതം സ്വാംശീകരിച്ചത്. ബഹുസ്വരതയുടെ ശരിയായ സാക്ഷാത്കാരമായിരുന്നു അത്.

ബഹുസ്വരത ഇന്നൊരു രാഷ്ട്രീയ പദമാണ്. വാസ്തവത്തില്‍ സംഗീതസംബന്ധിയായ പദമാണത്. മതനിരപേക്ഷതയെ മുന്‍നിര്‍ത്തിയുള്ള വാചാടോപങ്ങളില്‍ നിരന്തരമുള്ള ഉപയോഗം കൊണ്ട് വെറുംവാക്കായി മാറിയ ബഹുസ്വരതയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ചുവെന്നതാണ് മലയാള സിനിമാഗാനങ്ങളില്‍ പി. ഭാസ്‌കരന്‍, കെ. രാഘവന്‍കൂട്ടുകെട്ടുണ്ടാക്കിയ ഇടപാടിന്റെ സാംസ്‌കാരികമായ മഹിമ. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതിമതസമുദായങ്ങള്‍ക്കും പെരുമാറാനും ശബ്ദം കേള്‍പ്പിക്കാനും ജീവിക്കാനും അസരമുണ്ടാക്കുകയെന്ന അര്‍ത്ഥത്തില്‍, വ്യത്യസ്തതയോ വൈരുധ്യമോ കാരണം ഒന്നു മറ്റൊന്നിനെ നിരാകരിക്കാന്‍ പാടില്ലെന്നതാണ് ബഹുസ്വരത.
‘നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമക്കണക്കേ ശരണം’ എന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തീര്‍പ്പാണ് എഴുത്തച്ഛന്റെ മലയാളമാണ് ശരിമലയാളം എന്ന ധാരണ ഉറപ്പിക്കുന്നത്. അതില്‍ത്തന്നെ എഴുത്തച്ഛന്റേതല്ലാത്ത മലയാളങ്ങളുമുണ്ട് എന്ന തുറന്ന ധ്വനിയുണ്ട്. എഴുത്തച്ഛന്റെ മലയാളം എല്ലാവരുടെയും മലയാളമായിരുന്നില്ല. എഴുത്തായാലും പേച്ചായാലും അതില്‍ സമാന്തര വഴികളുണ്ടായിരുന്നു. ഈ പലതില്‍ ഒന്ന് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സമാന്തരമായുള്ളവ എത്ര ക്ഷമതയും ചന്തവും ചരിത്രവുമുള്ളതാണെങ്കിലും തിരസ്‌കരിക്കപ്പെടും. ഈ തിരസ്‌കാരത്തെ അതിജീവിച്ചു മുന്നേറിയ പല മലയാളങ്ങളിലൂടെ നമ്മുടെ സംഗീതത്തില്‍ ബഹുസ്വരത അതിജീവിക്കുന്നതാണ് നാമിന്നും കേള്‍ക്കുന്നത്. അതിലൊന്നാണ് മാപ്പിളപ്പാട്ടുകളുടെ ഭാഷയായ അറബിമലയാളം.

മുഹ്‌സിന്‍ പെരാരി
മുഹ്‌സിന്‍ പെരാരി

1932-ല്‍ വക്കം മൗലവി മാപ്പിളപ്പാട്ടുകളെന്നു വിളിച്ചപ്പോഴാണത് സ്വന്തം പേരില്‍ സ്ഥാനമുറപ്പിക്കുന്നത്. സാമൂഹികവും സാംസ്‌കാരികവുമായ വിവക്ഷകളുണ്ടാ പേരിടലിന് പിന്നിൽ.
‘മാപ്പിളപ്പാട്ടിനെ ആദരിക്കണമെന്ന് ഇന്ന് പലരും പറയുന്നത് മാപ്പിളമാര്‍ക്ക് പാട്ടിനുപുറമേ വോട്ടും ഉള്ളതുകൊണ്ടാണെന്ന്’ എം.എന്‍. വിജയനും ‘മുസ്​ലിം ഗാര്‍ഹികാന്തരീക്ഷത്തില്‍ കിടന്ന് പഴകിപ്പഴകി തനിമലയാള പദങ്ങളേക്കാളും മനസ്സില്‍ കൊള്ളുന്നവയായിത്തീര്‍ന്ന ഇറക്കുമതി വാക്കുകളുണ്ടെങ്കിലേ മുസ്​ലിം ജീവിതത്തിന്റെ വൈകാരികതയെ അതേപടി പകര്‍ത്താന്‍ ഭാഷാശൈലിയെക്കൊണ്ടാവൂ’ എന്ന് ജോസഫ് മുണ്ടശേരിയും എഴുതിയതതാണ്. കേസരി ബാലകൃഷ്ണപ്പിള്ളയെപ്പറ്റിയുള്ള ഒരു പ്രസംഗത്തില്‍ എം.എന്‍. വിജയന്‍ പറയുന്ന ഒരു കുഞ്ഞുവാചകമാണാദ്യത്തേത്.
രണ്ടാമത്തേതാവട്ടെ നാടാകാന്തം കവിത്വം എന്ന കൃതിയില്‍ നിരൂകനായ മുണ്ടശ്ശേരി നടത്തുന്ന നിരീക്ഷണവും. മുസ്​ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെപ്പറ്റിയുള്ള സവിശേഷമായ സാംസ്‌കാരികപാഠവും അവരുടെ സാംസ്‌കാരിക പ്രാതിനിധ്യത്തെപ്പറ്റിയുള്ള രാഷ്ട്രീയപാഠവുമായി ഗണിക്കാവുന്ന ഒരു സമസ്യാപൂരണം പോലെ അനുഭവപ്പെടുന്നുണ്ട് ഈ രണ്ടു നിരീക്ഷണങ്ങളുമിക്കാലത്ത്.

പഴമ മാത്രമാണ് തനിമ എന്നുവെച്ചാല്‍ പിന്നെ ഒരു ഗാനശാഖക്കും വളര്‍ച്ച സാധ്യമല്ല. മാപ്പിളപ്പാട്ടിന്റെ തനിമയെന്നു പറഞ്ഞാല്‍ മോയിന്‍കുട്ടി വൈദ്യരെ ആവര്‍ത്തിക്കലല്ല, വൈദ്യരെ മറികടക്കുകയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. പുലിക്കോട്ടിലിന്റെ ഭാഷയും ഭാവുകത്വവുമല്ല പി.ടി. അബ്ദുറഹിമാനിലെത്തുമ്പോള്‍.

പാട്ടാണെങ്കിലും കവിതകളാണെങ്കിലും എഴുതുമ്പോഴത് വികാരങ്ങളുടെ ഒഴുക്കാണ്. കവിയുന്നതാണ് കവിത. എന്നാലത് നമ്മുടെ വൈകാരിക ലോകത്തുനിന്ന് മാത്രമല്ല ഉരുവം കൊള്ളുന്നത്. നമ്മുടെ ലോകബോധത്തില്‍ നിന്നും ബൗദ്ധിക ജീവിതത്തില്‍നിന്നും അതിലേക്ക് വിചാരങ്ങള്‍ വന്നുചേരുന്നു. വളരെ സൂക്ഷ്മമായി ചുറ്റുമുള്ള മനുഷ്യരെയും സമൂഹത്തെയും ജീവിതത്തെയും, അവയെ വര്‍ത്തമാനകാലത്തിന്റെ ഇപ്പോഴത്തെ ബിന്ദുവിലേക്കെത്തിച്ച ചരിത്രത്തെയും അതിന്റെ സങ്കീര്‍ണതയിലും വൈവിധ്യത്തിലും ആവുന്നത്ര അറിഞ്ഞും അന്വേഷിച്ചും നേടിയ ഉള്ളടക്കം കൂടിച്ചേരുമ്പോഴാണ് ഒരുനല്ല പാട്ടു പിറക്കുന്നത്. സന്തോഷങ്ങളില്‍ നിന്നു മാത്രമല്ല, സംഘര്‍ഷങ്ങളില്‍ നിന്നുമുണ്ടാവണം പാട്ട്. പാട്ട് നന്നാവുന്നത് ആ പാട്ടിനെ സൃഷ്ടിച്ച വൈകാരിക ലോകത്തിന് ബൗദ്ധികമായൊരു പിന്നാമ്പുറം കൂടിയുണ്ട് എന്നതിനാലാണ്. മലയാളത്തിലെ കാവ്യഭാവുകത്വവും ഭാഷയും സവര്‍ണവും ശാരീരികമല്ലാത്ത പ്രേമഭാവനയ്ക്ക് ഇടമില്ലാത്തതുമായിരുന്ന ഒരു കാലത്ത് മാപ്പിളപ്പാട്ടുകള്‍ പരമ്പരാഗതമായി നിവൃത്തിച്ച പരിവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നമ്മുടെ സാംസ്‌കാരിക പഠനങ്ങളുടെ ഭാഗമാണ്. സംസ്‌കൃതജ്ഞാനം സവര്‍ണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത്, 1894- ല്‍ സംസ്‌കൃതം പഠിച്ച് ആയുര്‍വേദത്തിലെ അഷ്ടാംഗഹൃദയം പാട്ടുരൂപത്തില്‍ പരിഭാഷ ചെയ്ത കവി തന്റെ അറബി മലയാളം കൃതിയുടെ ആമുഖത്തില്‍, ‘സര്‍വ്വര്‍ക്കും അറിയാന്‍ കയ്യാത്തതിനാല്‍ നമ്മളെ മലയാളം ഭാഷയില്‍ അതിനെ തര്‍ജമ ചെയ്യുന്നു’ എന്നാണ് പ്രസ്താവിക്കുന്നത്.
പാട്ടുകൊണ്ട് സാധ്യമാക്കിയ അറിവിന്റെയും അനുഭവത്തിന്റെയും ഈ ജനാധിപത്യ മൂല്യത്തിലാണ് ഇപ്പോള്‍ നമുക്ക് പഴഞ്ചനായിത്തോന്നുന്ന സ്ത്രീയെ കനിയെന്നും പൂവെന്നും തേനെന്നും വിളിക്കുന്ന പാട്ടുവിളികളെ കേള്‍ക്കേണ്ടത്. വര്‍ണന അവളുടെ ശരീരത്തിനു പകരം അവളിലേക്കു നോക്കിയതാണത്. പേര്‍ഷ്യന്‍ അറബ് ഭാവുകത്വവും വൈകാരിക പ്രപഞ്ചവും മാപ്പിളമലയാളം വഴി കേരളത്തെ തൊട്ടതിന്റെ ഫലമായുണ്ടായതാണാ പ്രേമഭാവന. അഭിരുചിപരമായ ആ വൈകാരിക സ്പര്‍ശത്തിലാണ് മോയിന്‍കുട്ടി വൈദ്യരുണ്ടായത്. മാപ്പിളപ്പാട്ട് സമ്പന്നമായ അനുഭൂതി നിക്ഷേപങ്ങളുള്ള ഒരു കാവ്യപ്രപഞ്ചമാകുന്നതിങ്ങനെയൊരു രാഷ്ട്രീയം കൊണ്ടുകൂടിയാണ്.



സിനിമയുടെ സ്വാധീനശേഷി കൊണ്ട് മലയാളികള്‍ക്ക് സംഗീതമെന്നാല്‍ ചലച്ചിത്രഗാനങ്ങളായി മാറിയെന്ന് നമുക്കറിയാം, എന്നാല്‍ മലയാളത്തില്‍ ചലച്ചിത്രഗാനങ്ങള്‍ എന്നൊന്നില്ലാത്ത കാലത്ത്, തൃശ്ശിനാപ്പള്ളിയില്‍ സ്ഥാപിതമായ തെക്കേ ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനി മുഖേന എസ്.വി. സുബ്ബയ്യ ഭാഗവതരും കാദര്‍ബാബാ സാഹിബും എസ്.ജി. കിട്ടപ്പയും തമിഴ്ഗാനങ്ങള്‍ പാടി തെന്നിന്ത്യയെ പുളകം കൊള്ളിക്കുന്ന 1920- കളുടെ തുടക്കത്തില്‍ തന്നെ മാപ്പിളപ്പാട്ടുകളുടെ റെക്കോര്‍ഡുകള്‍ പുറത്തിറങ്ങി. മലയാളം പാട്ടുകളുടെ ആദ്യത്തെ റെക്കോര്‍ഡായിരുന്നു അത്. കേരളത്തിലെ അക്കാലത്തെ അറിയപ്പെടുന്ന പാട്ടുകാരനെ എച്ച്.എം.വി. കമ്പനിയുടെ ഉടമസ്ഥന്‍ വന്നു കണ്ട്​ കരാറുണ്ടാക്കി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ ഗ്രാമഫോണ്‍ റിക്കാര്‍ഡ് ഉണ്ടായി. 1924, 25 കാലത്തായിരുന്നു അത്. അതിലെ പാട്ടുകള്‍ പാടിയത് ഗുല്‍മുഹമ്മദ് എന്ന അക്കാലത്തെ അറിയപ്പെട്ട മാപ്പിളപ്പാട്ടുഗായകനായിരുന്നു.

കെ. ഗുൽമുഹമ്മദ് ബാവ
കെ. ഗുൽമുഹമ്മദ് ബാവ

മട്ടാഞ്ചേരിയിലെ മന്നുസേട്ടു എന്ന ഗാനപ്രിയനായ ധനികന്‍ ബോംബെയില്‍ നിന്ന്​ ഹാര്‍മോണിയം വരുത്തിച്ചു, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് വിലായത്ത്​ ഖാൻ എന്ന സംഗീതജ്ഞനും കൊച്ചിയിലേക്കു വന്നു. വിലായത്ത് ഖാന്റെ ശിക്ഷണത്തിലാണ് ഗുല്‍മുഹമ്മദിന് ഹാര്‍മോണിയം അഭ്യസിക്കാന്‍ അവസരമുണ്ടായത്. കൊച്ചിയിലെ കച്ചിക്കാരുടെ പള്ളിയിലെ ഇമാമായിരുന്നു യുവാവായ ഗുല്‍മുഹമ്മദ്. ഹാര്‍മോണിയം വായിച്ചു പാട്ടുപാടിയതോടെ പരമ്പരാഗതമായി ചെയ്തുവരുന്ന ഇമാമിന്റെ ജോലി ഗുല്‍ മുഹമ്മദിനു നഷ്ടമായി. ഗുല്‍മഹമ്മദ് പൂര്‍ണമായും പാട്ടുകാരനായി മാറി. എച്ച്.എം.വി. കമ്പനിക്കു വേണ്ടി ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ ഇറങ്ങിയ ശേഷം പിതാവിനെത്തേടി കൊളംബിയ കമ്പനിക്കാര്‍വന്നതും തുണി പുറകിലേക്കു വലിച്ചുകെട്ടി കോട്ടും ടൈയും തലപ്പാവും ധരിച്ചുവരുന്ന കൊളംബിയയുടെ അയ്യങ്കാര്‍ സ്വാമിയെ കണ്ടതും കെ.ജി സത്താര്‍ ഒരിക്കലെന്നോടു തന്നെ പറയുകയുണ്ടായി.

എച്ച്.എം.വി റെക്കോര്‍ഡുകളുടെ വരവിനുശേഷം മാപ്പിളപ്പാട്ടുകള്‍ക്ക് കീര്‍ത്തിയും കേള്‍വിയും കൂടി. അയിഷാ ബീഗത്തെയും റംലാ ബീഗത്തെയും പോലുള്ള ഗായികമാര്‍ വരെ അമ്പതുകളുടെ അവസാനം വരെ മുപ്പതും നാല്‍പതും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിറക്കി. മോയിന്‍കുട്ടി വൈദ്യരുടെ ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ തുടങ്ങി പ്രവാചകനുമുമ്പും ശേഷവുമുള്ള മൂസാ നബിയും ഫിര്‍ഔനും കര്‍ബലയിലെ രക്തക്കളം പോലുള്ള ചരിത്രേതിഹാസങ്ങളും ശാകുന്തളവും കേശവദേവിന്റെ ഓടയില്‍ നിന്നും പോലുള്ള കൃതികളും അവര്‍ പാട്ടുപാടിയും കഥപറഞ്ഞും രംഗത്തവതരിപ്പിച്ചു.
ശേഷം മാപ്പിളപ്പാട്ടുകളുടെ സിനിമകളിലേക്കുള്ള പ്രവേശമുണ്ടായി. റേഡിയോ നിലയങ്ങളും കാസറ്റുകളുടെ വരവും ഗള്‍ഫിലേക്കുള്ള കേരളീയരുടെ പുറവാസവും മാപ്പിളപ്പാട്ടിന്റെ സുവര്‍ണകാലത്തിനും വ്യാപനത്തിനും ഹേതുവായി. ടെലിവിഷനും സിനിമയും നിഷിദ്ധമായിരുന്നതു നിമിത്തം ഒട്ടേറെ കലാകാരന്മാര്‍  അവരുടെ  സര്‍ഗാത്മക ദാഹങ്ങളും സാമാന്യ മുസ്​ലിം ജനം അവരുടെ അനഭൂതിദാഹങ്ങളും മാപ്പിളപ്പാട്ടുകളിലൂടെ നിറവേറി.

മലയാള സിനിമാഗാനങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആദ്യത്തെ പത്തില്‍ വരുന്ന ഓത്തുപള്ളീലന്നു നമ്മൾ… എഴുതിയ പി.ടി. അബ്ദുറഹ്‌മാനെന്ന മലയാള കവി ആകെക്കൂടി പത്തുപതിനെട്ടു സിനിമാ ഗാനങ്ങളെഴുതിയപ്പോള്‍ ആയിരക്കണക്കായ മാപ്പിളപ്പാട്ടുകളെഴുതി. പി.ടി. എന്ന പാട്ടെഴുത്തുകാരനെ മാത്രമെടുത്താല്‍ തന്നെ മലയാളി മുസ്​ലിം ജീവിതത്തിന്റെ ഒരേടും ഒരടരും വിട്ടുപോകാതെ അദ്ദേഹമതെല്ലാം പാട്ടിലേക്കു കൊണ്ടുവന്നതുകാണാം. പരശ്ശതം കവികള്‍, പരസഹസ്രം ഗായകര്‍ പാട്ടുകൊണ്ട് പുലര്‍ന്നു. എരഞ്ഞോളി മൂസ പാടുമ്പോള്‍
"കെട്ടുകള് മൂന്നു കെട്ടി,
കട്ടിലില് നിന്നെയുമേറ്റീ,
ഒരു ദിനമുണ്ടൊരു യാത്രാ,
തീരെ മടക്കമില്ലാത്ത യാത്രാ" 
എന്ന മരണത്തെപ്പറ്റിയുള്ള പാട്ടിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ തന്നെ അടുത്ത ഊഴത്തില്‍
"പുന്നാര കരളേ നിന്‍ പൂമണി മാറത്ത്,
പൊന്നോല കൊണ്ട് മെടഞ്ഞൊരു കൊട്ടയില്‍, കൊത്തിവെച്ചുള്ളൊരാ മല്‍ഗോവ മാമ്പഴം,
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ,
ഏതാണീ, ഏതാണീ രാജാത്തീ "
എന്ന പാട്ടിനായി ദാഹിച്ചു.

എണ്‍പതുകളുടെ അവസാനം അദ്വാനിയുടെ രഥയാത്രയും സംഘ്പരിവാറിന്റെ അധികാരാരോഹണത്തിനുള്ള രാഷ്ട്രീയ ഇന്ധനമായി ബാബരി മസ്ജിദ് തര്‍ക്കവും ഹിന്ദുത്വ വര്‍ഗീയതയുടെ വിദ്വേഷപ്രചാരണവും ചൂടുപിടിച്ച സമയം രചിക്കപ്പെടുകയും ഏറെ ആലപിക്കപ്പെടുകയും ചെയ്ത
"പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളി,
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി" 
എന്ന പാട്ടു മതി മാപ്പിളപ്പാട്ടുകളുടെ അപ്പപ്പോഴുള്ള ഉള്ളടക്കമറിയാന്‍. ഭാഷയുടെയോ ഭാവനയുടെയോ വളച്ചുകെട്ടലേതുമില്ലാതെ
"ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു,
ശബ്ദത്താല്‍ ദൈവത്തെ പാടി സ്തുതിച്ചു, അമ്പലവും പുണ്യ മസ്ജിദുമെല്ലാം, അന്‍പിന്റെ കാഹളമോതുകയല്ലോ"
എന്ന് ജനങ്ങളുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ് പാട്ട്.

തൊണ്ണൂറുകളില്‍ ആദ്യം ഓഡിയോ സീഡികളുടെയും ശേഷം വീഡിയോ സീഡികളുടെയും കാലമെത്തിയപ്പോഴാണ് മാപ്പിളപ്പാട്ടുകള്‍ അവയുടെ ഗതികെട്ടകാലത്തെത്തിയത്. കലക്കത്തിന്റെ കാലമായിരുന്നു അത്. പാട്ടിന്റെ തനിമ നഷ്ടപ്പെട്ടു എന്ന നിലക്കായിരുന്നു അക്കാലത്തുയര്‍ന്ന വലിയ നിരാശ. എന്നാലത് തനിമയുടെ പ്രശ്‌നമായിരുന്നില്ല. ഒട്ടും ആത്മാര്‍ത്ഥതയോ ആഭിമുഖ്യങ്ങളോ ഇല്ലാതെ, സാങ്കേതികവിദ്യ സാധ്യമാക്കിയ എളുപ്പങ്ങളെ ഉപയോഗിച്ചുള്ള ഉപായപ്പണികളായിരുന്നു ആ ആല്‍ബങ്ങള്‍ മുഴുവന്‍. തനിമയെപ്പറ്റി അന്നും ഇന്നും പറയപ്പെടുന്നതില്‍ അസംബന്ധമുണ്ട്. പഴമ മാത്രമാണ് തനിമ എന്നുവെച്ചാല്‍ പിന്നെ ഒരു ഗാനശാഖക്കും വളര്‍ച്ച സാധ്യമല്ല. മാപ്പിളപ്പാട്ടിന്റെ തനിമയെന്നു പറഞ്ഞാല്‍ മോയിന്‍കുട്ടി വൈദ്യരെ ആവര്‍ത്തിക്കലല്ല, വൈദ്യരെ മറികടക്കുകയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. പുലിക്കോട്ടിലിന്റെ ഭാഷയും ഭാവുകത്വവുമല്ല പി.ടി. അബ്ദുറഹിമാനിലെത്തുമ്പോള്‍.
മുന്നോട്ടു പോകുകയെന്നതിന് സാഹിത്യത്തിലും സംസ്‌കാരത്തിലും സാധിക്കേണ്ടത് അപൂര്‍വ വസ്തുനിര്‍മാണമാണ്. മുമ്പില്ലാത്തത് പടച്ചുണ്ടാക്കണമതിന്. പഴമ മാത്രമല്ല തനിമ. പഴമയുമായി ഒത്തുപോകുന്ന പുതുമയും അതിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ഭാഷയ്ക്കും ഭാഷയുടെ ഉരവങ്ങള്‍ക്കും ഭൂതകാലം മാത്രമേ ഉണ്ടാവൂ. വര്‍ത്തമാനവും ഭാവിയുമുണ്ടാകില്ല. പഴയതിനെ പുല്‍കുകയും വെല്ലുകയും ചെയ്യാനുള്ള ശ്രമവും തുടരെഴുത്തുമാണത്. പുലിക്കോട്ടില്‍ ഹൈദറിന്റെ "പാടീ ഞാന്‍ മൂളക്കമാലെ,
ഒരു പാട്ട് തന്നാലെ.."
എന്ന വരികള്‍ക്ക്
"നോക്കീ നീ വാതില്‍ക്കലാലെ,
ഒരു നോട്ടം പിന്നാലെ,
രസം കേറുന്നേ, കൊതി ഏറുന്നേ,
വേവുന്നേ ഈ പ്രേമത്തള്ളാലെ
കുന്നോളം കിനാവിനോളം
ഒരു പൂതി നിന്നാലെ.."
എന്ന്​ മുഹ്‌സിന്‍ പരാരിയെന്ന മു.രിയെഴുതുന്നതാണ് ഇനിയുള്ള പുതുമ.
എന്തൊരു രസമാണതിന്റെ പാട്ടുബാക്കി!. ഞെരിപിരിപ്പനിവിരിയിലെത്ര കിടന്നു രാവത്ത്, എരിപൊരിത്തനിവെയിലിലിലെത്ര നടന്നു ചൂടത്ത് -ഇന്ന് കാതിലൊരുമണി കിലുകിലുക്കി, വന്നു ചാരത്ത് നീ തക്ക നേരത്ത്...

ടെലിവിഷന്‍ ചാനകലുകളിലെ റിയാലിറ്റി ഷോകളില്‍ഇടം പിടിച്ചതോടെയാണ് മാപ്പിളപ്പാട്ടിനും ചോദിക്കാനും പറയാനും ആളുണ്ടെന്ന ധാരണ വീണ്ടും പരന്നത്. ടി.കെ. ഹംസ മുതല്‍ ഫൈസല്‍ എളേറ്റിലടക്കം ഒട്ടേറെപ്പേര്‍ അതിനുള്ള കാരണവന്മാരുടെ കസേരകളില്‍ ഉപവിഷ്ടരായി. നമ്മുടെ നാട്ടില്‍ സംഗീതത്തിനു വല്യേട്ടനാണെന്നും സിനിമ, ഏതു കലാരൂപത്തെയും ജനകീയമാക്കാന്‍ സിനിമ വിചാരിച്ചാലാവും. മലയാള സിനിമയുടെ ഭാവുകത്വവും പരിചരണവും മാറിയത് മാപ്പിളപ്പാട്ടിന്റെ രൂപവും അതിനൊപ്പിച്ചുമാറാന്‍ കാരണമായി. സുഡാനി ഫ്രം നൈജീരിയ പോലൊരു സിനിമ വന്‍ വിജയമായതുമാത്രമല്ല,
"ഏതുണ്ടടാ കാല്‍പന്തല്ലാതെ,
ഊറ്റം കൊള്ളാന്‍ വല്ലാതെ,
പന്തുകൊണ്ടൊരു നേര്‍ച്ച,
ഫലമെന്തുകൊണ്ടും തീര്‍ച്ച"


എന്ന ഷഹബാസ് അമന്‍ നേരത്തേയെഴുതിയ പാട്ടും മലപ്പുറത്തിന്റെയും മാപ്പിളപ്പാട്ടിന്റെയും മലയാള സിനിമയിലൂടെയുണ്ടായ പ്രത്യക്ഷമാണ്. നേര്‍ച്ചയും ഫുട്ബാളും അവിടത്തെ അനുഷ്ടാനമാണ്. മലയാള സിനിമയിലെ മുസ്​ലിം ജീവിതത്തിന്റെ പ്രതിനിധാനത്തിന്റെ പ്രകാരങ്ങള്‍ മാറുന്ന മുറക്ക് ആ മാറ്റം പാട്ടിലും വരികയാണ്. കാക്കാമാരും തലയില്‍കെട്ടും അപ്രത്യക്ഷമായി, ജ്ജ് നല്ല മന്‍സനാകാന്‍ നോക്ക് തുടങ്ങിയ പ്രബോധനങ്ങളടങ്ങി, സെറ്റിട്ട മുസ്​ലിം വീട്ടില്‍ നിന്നും തേങ്ങാച്ചോറും ബീഫും വെക്കുന്ന വീട്ടിലേക്ക് സിനിമ വന്നു. ഈ നവതരംഗത്തില്‍ ക്ലിഷേകള്‍ പോലും തിരിച്ചുവരുന്നത് പുതിയ സൗന്ദര്യവുമായാണ്. തക്കാരം എന്നു പേരുള്ള ഭക്ഷണശാലകള്‍ എറണാകുളത്തും തിരുവനന്തപുരത്തും വരുന്നതുപോലെ, നീറായി എന്ന വയ്യാപ്പുറത്തെ വാക്ക് രാജ്യാന്തര പ്രശസ്തമായ റസ്‌റ്റോറന്റിനു പേരാവുന്നപോലെ ഈ മാറ്റം അട്ടിമറികളുണ്ടാക്കുന്നുണ്ട്.

ഷഹബാസ് അമൻ, സമീർ ബിൻസി
ഷഹബാസ് അമൻ, സമീർ ബിൻസി

ലോക്കല്‍ ഇന്റര്‍നാഷണലാവുകയാണതില്‍. മാപ്പിളപ്പാട്ടിന്റെ ഇംഗിതം സിനിമയെ ആലിംഗനം ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. മുസ്​ലിം ക്വാട്ടയില്‍ അല്ല തല്ലുമാലയും സുലൈഖാ മന്‍സിലും ഇക്കൊല്ലം മല്‍സരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടാലറിയാം, കേരളത്തിലെ എല്ലാ കല്യാണപ്പന്തലുകളും സുലൈഖാ മന്‍സിലായി കഴിഞ്ഞ മാസങ്ങളില്‍. മുമ്പ്, ദേവാസുരവും നരസിംഹവും ഇറങ്ങിയപ്പോള്‍ അവയുടെ മുണ്ടും കിംഗ് ഷര്‍ട്ടും ഇറങ്ങിയതുപോലെ ഇതും ഉള്‍ക്കൊണ്ടാല്‍ മതി. ഷഹബാസ് അമന്റെ സൂഫി റൂട്ടിനും സമീര്‍ ബിന്‍സിയുടെ സൂഫിയാനാ കലാമുകള്‍ക്കും ശേഷമുള്ള ഇപ്പോഴത്തെ വിശേഷം മലയാള സിനിമ കേള്‍പ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ പാരമ്പര്യമാണ്. ഷഹബാസ് മലയാളത്തിലെ ഗാനശാഖയെ സൂഫി സംഗീതവുമായി കലര്‍ത്തുമ്പോള്‍, ബിന്‍സി മാപ്പിളപ്പാട്ടെന്നും മറ്റും വിപുലപ്പെട്ട മാപ്പിളമലയാളത്തെ സൂഫി സംഗീതമായി പുനരാനയിക്കുന്നു. മാപ്പിളപ്പാട്ട് ജീര്‍ണിച്ചുണ്ടായ വളം ഈ പുതുമയെ വേഗം വളരാന്‍ സഹായിക്കും എന്നും ആശിക്കാം, ഈ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ ഉസ്താദ് മുഹ്‌സിന്‍ പരാരിയാണ്.

മേലെ മിന്നും താരം പൊന്നാണോന്ന്
നേരില്‍ ചെന്ന് നോക്കാനായ്,
നിക്കാതുണ്ടേ ഉള്ളിന്നുള്ളില്‍
പരവേശം കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും വേരില്‍ നിന്നും പോന്നെന്നാലും മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം
എന്നയാള്‍ അയാളെയാണോ എഴുതുന്നത്..! ഏതായാലും ജീന്‍സിട്ട മോയിന്‍ കുട്ടി വൈദ്യര്‍ എന്നതാണ് പാട്ടെഴുതുന്ന മൂ.രിക്കുള്ള ഉചിതമായ വട്ടപ്പേര്. ഒരു ‘മൂരിപ്പാട്ടു’മൂളി ഈ വിചാരച്ചുമടിറക്കിവെക്കട്ടെ..

"ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ..!"

Comments