“സുരസുന്ദര പുരുഷോത്തമ തവപാദം ശരണം വരവാഹിനി തവപത്നിപദമുടനേ അരുളീടണം,” - എന്ന വരികൾ ‘റിംഗ്ടോൺ’ എന്ന സിനിമയിൽ പത്തല്ലേ, പത്തല്ലേ എന്നൊക്കെയുള്ള ഒരു പാട്ടിനിടയിൽ വരുന്ന ഭാഗമാണ്. ആ ഭാഗം പാടുന്നത് അനിത ഷെയ്ക്ക് എന്ന ഗായികയാണ്. ജാസി ഗിഫ്റ്റ് പാടുന്ന ഫാസ്റ്റ് നമ്പർ വരികൾക്കിടയിൽ ഒരു ഇടവേള വന്ന് വളരെ മനോഹരമായി അനിത ഷെയ്ക്ക് ആ വരികൾ പാടുകയാണ്. ആ ഭാഗം ഒഴിച്ചാൽ ആ ഗാനം വരികൾ കൊണ്ടും മറ്റും നല്ലൊരു ഗാനമാണ് എന്നൊന്നും പറയാൻ പറ്റില്ല. ചില സിനിമാഗാനങ്ങൾ ഒത്തുതീർപ്പുകളുടേത് കൂടെയാണ് എന്ന വിധത്തിൽ കന്നഡ സിനിമകളുടെ സംഗീത സംവിധാനത്തിലേക്കും ഗാനാലാപനത്തിലേക്കും മറ്റും ചേക്കേറിയ ജാസി ഗിഫ്റ്റ് ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുന്നതായി കണ്ടിട്ടുണ്ട്.
അനിത ഷെയ്ക്ക് പാടിയ “ഓ മാമ മാമ ചന്ദാമാമാ”, “ഓല, ഓല, ഓല ആ ഒത്തപ്പന ഓല” എന്നീ പാട്ടുകൾ അവ ഇറങ്ങിയ കാലത്തുതന്നെ കേട്ടിട്ടുണ്ട് എങ്കിലും പാട്ടുകൾ പാടിയത് അനിത ഷെയ്ക്ക് ആണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ എന്ന സിനിമയിലെ “ഓല, ഓല, ഓല ആ ഒത്തപ്പന ഓല” എന്ന പാട്ട് തരംഗമായി മാറി ടൂറിസ്റ്റ് ബസുകളിലുമൊക്കെ സ്ഥിരം വിനോദ യാത്രകൾക്കൊപ്പം കൂടെപ്പോന്നിട്ടും ഗായികയെ പറ്റി ആലോചിക്കാൻ തോന്നിയിട്ടുണ്ടായിരുന്നില്ല. ജാസി ഗിഫ്റ്റിന്റെ ശബ്ദം ആ ഗാനം കേട്ട ഉടനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അനിത ഷെയ്ക്ക് എന്ന ഗായികയെപ്പറ്റി ആലോചിച്ചുണ്ടായിരുന്നില്ല.

മൈക്കിൽ അനിത ഷെയ്ക്ക് പാടുന്ന വീഡിയോകളുടെ തംബ്നെയിലുകൾ വർഷങ്ങൾക്കു മുമ്പ് തന്നെ മുന്നിലേക്ക് വന്നിരുന്നുവെങ്കിലും കേൾക്കാതെ ഒഴിവാക്കിയതായാണ് ഓർമ്മ. അത്തരത്തിൽ വരുന്ന പാട്ടുകൾ ശ്രദ്ധിക്കാറുണ്ടെങ്കിലും എല്ലാമൊന്നും കാണാറില്ല. ആ കൂട്ടത്തിൽ അനിത ഷെയ്ക്കിന്റെ സൂഫി ഗാനങ്ങൾ കേൾക്കാൻ പറ്റാതെ പോവുകയായിരുന്നു. അനിത ഷെയ്ക്ക് എന്ന ഗായികയെ ഒരു ചാനൽ പരിപാടിയായി പ്രാങ്ക് ചെയ്യുന്ന ഒരു വീഡിയോ, പ്രാങ്ക് വീഡിയോകൾ പലതും കോവിഡ് ലോക് ഡൗൺ കാലത്ത് കണ്ടിട്ടുണ്ട്. അപ്പോഴും അനിത ഷെയ്ക്ക് പാടിയ പാട്ടുകൾ ഏതെല്ലാമായിരിക്കും എന്ന ചിന്തയൊന്നും തോന്നിയില്ല.
“കോഴീ ചിങ്കാരപ്പൂങ്കോഴി” എന്ന പാട്ടിലെ “പണപ്പെട്ടിക്ക് കള്ളൻ കാവൽ പടക്കോപ്പിന് തീപ്പൊരി കാവൽ”എന്ന വരികൾ ബസിൽ നിന്ന് കേട്ടിട്ട് കുറേസമയം അതിന്റെ പിന്നാലെ ചിന്ത പോവുകയും ആ പാട്ടിനെ കുറിച്ച് തിരയുകയും ചെയ്തപ്പോഴാണ് അനിത ഷെയ്ക്ക് എന്ന പേര് കാണുന്നത്. കൈതപ്രം എഴുതിയ വരികളിൽ കൗതുകം തോന്നി ആ പാട്ടിന്റെ വരികൾ മുഴുവൻ വെറുതെയൊന്ന് നോക്കാം എന്ന ചിന്ത മാത്രമായി ചെന്നപ്പോൾ കണ്ടത്, അതുവരെ പേര് ശ്രദ്ധിക്കാതെ പാട്ടുകൾ കേട്ട ഗായികയുടെ പേരാണ്. പാടിയതാരാണ് എന്ന് ശ്രദ്ധിക്കാതെ പാട്ടുകൾ എത്രയോ കേൾക്കാറുണ്ട്. അത്തരത്തിൽ പാട്ടുകൾ കേൾക്കുന്ന ശീലം വരുന്നത് സിനിമാപാട്ടുകൾ പാടാറുള്ളത് സ്ഥിരം പാട്ടുകാരാണ് എന്നത് കൊണ്ടുകൂടിയാകാം. അല്ലെങ്കിൽ തന്നെ ഒരോ പാട്ടും ഒളിപ്പിച്ചുവെക്കുന്ന എത്രയോ കലാകാരരില്ലേ? ഓരോ പാട്ടുകളുടെയും പിന്നിൽ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെയും സാങ്കേതിക പ്രവർത്തകരെയുമൊക്കെ അവരുടെ പരിചയവൃന്ദങ്ങളിലുള്ളവർക്കല്ലാതെ ആർക്കാണ് ഇത്രമാത്രം അറിയുന്നത്? എങ്കിലും പാട്ട് പാടിയതാരാണ് എന്ന് എപ്പോഴെങ്കിലുമൊക്കെ ശ്രദ്ധിക്കാനിടയാകില്ലേ? തുടർന്ന് അതുവരെ പേര് ശ്രദ്ധിക്കാതിരുന്ന അനിത ഷെയ്ക്ക് എന്ന ഗായികയുടെ പാട്ടുകൾ ഏതൊക്കെയാണ് എന്ന് തിരയുകയായിരുന്നു.
പുതിയ പാട്ടുകളിൽ പാട്ടുണ്ടോ, പഴയ പാട്ടുകളല്ലേ നല്ലത് എന്നൊക്കെ പറയാറുള്ള വളരെ സഹൃദയത്വമുള്ളവരോട് നേരിട്ടും ഓൺലൈനിലുമൊക്കെ അങ്ങനെയല്ല, വളരെ മികച്ച ഗാനങ്ങൾ പുതിയ തലമുറകളിലും വരാറുണ്ട് എന്ന് പറയുന്ന ശീലമുണ്ട്. മുമ്പ് കേൾക്കാൻ സുഖമുള്ള വളരെ നല്ല ഗാനങ്ങളുണ്ടായിരുന്നു എന്ന് പറയുന്ന കാര്യത്തോട്, വളരെ പ്രശസ്തരായ മുമ്പത്തെ പാട്ടുകാരുടെയും സംഗീത സംവിധായകരുടെയുമൊക്കെ പാട്ടുകളുടെ ഡി.വി.ഡികൾ വാങ്ങിയിരുന്ന കാലത്ത്, പൊടിച്ചായയിൽ ചായപ്പൊടി ഗ്ലാസിന്റെ പകുതിയോളം നിൽക്കുന്നതുപോലെ, എവിടെയും കേൾക്കാത്തതും കേൾക്കാൻ വലിയ ഇമ്പമില്ലാത്തതുമായ പാട്ടുകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടല്ലോ എന്ന ഓർമ്മ ഓടിയെത്തും. സത്യമാണത്. കേൾക്കാൻ താല്പര്യം തോന്നാത്ത തരം പാട്ടുകൾ ഏതുകാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊക്കെ ചിന്തിക്കാറുണ്ടായിട്ടും പുതിയ പാട്ടുകാരെ തെരഞ്ഞുചെന്ന് കേൾക്കാറുണ്ടായിരുന്നിട്ടും അനിത ഷെയ്ക്ക് എന്ന ഗായികയുടെ പാട്ടുകൾ പ്രത്യേകമായി തെരഞ്ഞ് കേൾക്കാൻ പറ്റാതെ പോയി.

“ഓ മാമ മാമ ചന്ദാമാമാ”, “ഓല, ഓല, ഓല ആ ഒത്തപ്പന ഓല” എന്നീ പാട്ടുകൾ ഇഷ്ടഗാനങ്ങളിലുണ്ടായിരുന്നിട്ടും ആ പാട്ടുകൾ ആരാണ് പാടിയത് എന്ന് പ്രത്യേകം ശ്രദ്ധിക്കാതെ പോയത്, അനിത ഷെയ്ക്കിനെ പറ്റിയുള്ള റൈറ്റ് അപ്പ് ഒന്നും മുന്നിലേക്ക് വന്നതായി ഓർമ്മകളിൽ ഇല്ലാത്തതുകൊണ്ടു കൂടിയാകാം. വീടുകളിലേക്ക് എത്തിച്ചേരും വിധം മ്യൂസിക് റിയാലിറ്റി ഷോകളിലും ചാനലുകളിൽ വരാറുള്ള സ്റ്റേജ് ഷോകളിലുമൊന്നും അത്രയൊന്നും അനിത ഷെയ്ക്ക് വന്നിട്ടുമില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ പലയിടങ്ങളിലും വന്നിട്ടുണ്ടാകാം. പക്ഷേ യാദ്യച്ഛികമായി പോലും മുന്നിലേക്ക് എത്തിയില്ല. അനിത ഷെയ്ക്ക് എന്ന ഗായികയെ തിരഞ്ഞപ്പോൾ കണ്ടത് സൂഫി സംഗീതവും രവീന്ദ്രസംഗീതവും ഗസലുമൊക്കയായി പരിപാടികൾ ചെയ്യുന്നതായിട്ടാണ്. സിനിമകൾക്ക് വേണ്ടി പാടിയ പാട്ടുകൾ എന്ന വിധത്തിൽ “ഓ മാമ മാമ ചന്ദാമാമാ,” “ഓല, ഓല, ഓല ആ ഒത്തപ്പന ഓല” എന്നീ പാട്ടുകൾ പാടുന്നതായി അവയുടെ കൂട്ടത്തിൽ കണ്ടതുമില്ല. ആ പാട്ടുകൾ അനിത ഷെയ്ക്കാണല്ലേ പാടിയത് എന്ന് അത്ഭുതം തോന്നും വിധത്തിൽ കാണികളുടെ നിറഞ്ഞ കൈയ്യടികൾക്കിടയിൽ ഒരു സ്റ്റേജിൽ അവതരിപ്പിക്കുന്ന വിധത്തിൽ കണ്ടതേയില്ല.
ലക്ഷ്മി റായി എന്ന നടിക്കുവേണ്ടി പാടിയ പാട്ടുകളാണ് അനിത ഷെയ്ക്ക് പാടിയ പാട്ടുകളിൽ വളരെ ശ്രദ്ധേയമായവ. ലക്ഷ്മി റായി എന്ന നടിയുടെ പ്രസരിപ്പിനൊപ്പം ചേർന്ന ശബ്ദം. സിനിമകളുടെ കാര്യത്തിൽ നായികാനടിമാരുടേതായ കാലഘട്ട നിർണ്ണയമുണ്ട്. മലയാള സിനിമയിൽ അത്തരത്തിൽ ഒരു ലക്ഷ്മി റായി കാലഘട്ടവും ഉണ്ടായിരുന്നു. മറ്റ് ചില നായികാനടിമാരുടെ കാലഘട്ടങ്ങൾ പോലെ ലക്ഷ്മി റായിയുടെ കാലഘട്ടത്തിന് അത്രയേറെ ദൈർഘ്യം ഉണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രം. ലക്ഷ്മി റായി അഭിനയിച്ച പല മലയാളം സിനിമകളിലും അനിത ഷെയ്ക്ക് അവയിൽ ചില പാട്ടുകളുടെ ഭാഗമാകുന്നുണ്ട്.
അനിത ഷെയ്ക്ക് വരികൾ എഴുതി പാടിയ ‘വിയ്യ മിയ്യ’ എന്ന ഗാനവും ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന ഗാനവുമൊക്കെ കൂട്ടത്തിൽ കേട്ടു. അന്ന കാതറീന വളയിൽ പാടിയ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’ എന്ന ഗാനം തമിഴിലേക്ക് മൊഴിമാറ്റിയപ്പോൾ ആ ഗാനത്തിന് പരിക്കുകളേതുമില്ലാതെ അനിത ഷെയ്ക്ക് തമിഴിൽ പാടിയിട്ടുണ്ട്. തെലുങ്കിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ പാട്ടുകളിൽ ചിലത് അനിത ഷെയ്ക്ക് പാടിക്കാണുന്നുണ്ടെങ്കിലും മലയാളത്തിൽ നിന്ന് തമിഴിലേക്ക് ‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമ മൊഴി മാറ്റിയപ്പോൾ പാടിയ ആ ഗാനം കേൾക്കാൻ വളരെ ഇമ്പമുള്ളതാണ്.
സ്റ്റേജ് ഷോകളിൽ കാണികളെ ഇളക്കിമറിക്കാൻ പറ്റുന്ന ആ ഗാനവും അനിത ഷെയ്ക്ക് ഏതെങ്കിലും സ്റ്റേജ് ഷോകളിൽ പാടുന്നതായി തിരഞ്ഞിട്ട് കാണുകയുണ്ടായില്ല. ‘ദമാ ദം മസ്ത് കലന്തർ’ പോലുള്ള സൂഫി സംഗീതധാരയിലുള്ള ഗാനങ്ങൾ അവതരിപ്പിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. സാധാരണക്കാരിലേക്ക് അനിത ഷെയ്ക്ക് പാടിയ പാട്ടുകൾ ഗായികയുടെ പേരറിയാതെ കേൾക്കാനിടയായതിൽ അത്തരം കാര്യങ്ങളും ഒരു കാരണമായിട്ടുണ്ടാകാം.
കോഴിക്കോട് നഗരം പശ്ചാത്തലമായ “കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ” എന്ന അനിത ഷെയ്ക്ക് പാടിയ ഗാനം അഭയ ഹിരൺമയി പാടിയ “ഖൽബിൽ തേൻ ഒഴുകണ കോയിക്കോട്” എന്ന ഗാനത്തിന്റെ അടുത്തേക്കൊന്നും പക്ഷേ എത്തിയില്ല. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ ഒരുക്കിയ ഗാനത്തിൽ എവിടെയൊക്കെയോ കൃത്രിമത്വമുള്ളതുപോലെ തോന്നി. ആ പാട്ടിലെ “ജീരകശാല ചോറ് വിളമ്പാം വാ” എന്നൊക്കെയുള്ള വരികൾ പൊതുവേ കേൾക്കാത്ത കാര്യം, എന്തോ കേൾക്കുന്ന പ്രതീതിയാണ് തീർത്തത്. സാധാരണക്കാർക്ക് ജീരകശാല എന്നത് ബിരിയാണിയും നെയ്ച്ചോറുമൊക്കെ പാചകം ചെയ്യുന്ന അരിയായി തോന്നുന്നത് കൊണ്ടാകാം.
അനിത ഷെയ്ക്ക് എന്ന വളരെ മികച്ച ഗായികയെ സിനിമയിലെ പിന്നെപ്പിന്നെ വരുന്ന വർഷങ്ങളിൽ ഐറ്റം ഡാൻസ് പാട്ടുകൾ മാത്രം പാടാൻ വിളിക്കുന്നതുപോലെ തോന്നി. സിനിമാലോകം അരികുവൽക്കരിക്കുന്ന ഒട്ടനവധി കലാകാരരുണ്ട്. ഒരേരീതിയിലുള്ള കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാകും എന്ന് സിനിമാ ലോകം തീരുമാനിച്ചു കളയും. അത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാണോ പാടാൻ അവസരം ലഭിക്കാത്തതു കൊണ്ടാണോ എന്തോ, അവർക്ക് സിനിമാ പിന്നണി ഗാനരംഗത്ത് കുറച്ചേറെ വർഷങ്ങളുടെ ഇടവേള വന്നതുപോലെയും കാണുന്നുണ്ട്. മ്യൂസിക് ഷോകളും കൺസേർട്ടുകളുമൊക്കെ ഉണ്ടെന്നിരിക്കെയാണ് അത്തരത്തിൽ ഇടവേള.
പക്ഷേ സ്വന്തം നിലയ്ക്ക് ‘ക്രോസ് റോഡ്’, ‘കബീറിന്റെ ദിവസങ്ങൾ’ എന്നീ സിനിമകളിൽ അവർ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. അവരുടെ സ്വന്തം മ്യൂസിക് ബാൻഡിൽനിന്ന് വളരെ മികച്ച ഗാനങ്ങൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമകൾക്കും കൺസേർട്ടുകൾക്കുമൊക്കെ പുറത്ത് ജനകീയ സ്വഭാവത്തോടെ സാധാരണക്കാരിലേക്ക് പോലും എത്താൻ പറ്റും വിധത്തിലുള്ള വ്യത്യസ്തമായ ഗാനങ്ങൾ സ്വതന്ത്രമായി തീർക്കാൻ കഴിയുന്ന പുതുകാലത്ത് അനിത ഷെയ്ക്കിന് ഒട്ടേറെ കാര്യങ്ങൾ അത്തരം മേഖലയിൽ ചെയ്യാൻ സാധിക്കുമെന്നാണ് തോന്നിയത്. അവർ സംഗീതസംവിധാനം ചെയ്ത പുതിയൊരു സിനിമ വരാനിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ആ കാര്യം പറഞ്ഞുവെക്കുന്നത്.
പലപ്പോഴും അനിത ഷെയ്ക്കിന്റെ സംഗീത പരിപാടികളെ പറ്റിയും മറ്റും വാർത്തകൾ നൽകുന്നത് ഇംഗ്ലീഷ് പത്രങ്ങളിൽ ചിലതാണ് എന്നും ചില മലയാളം ചാനലുകൾ ഒഴിച്ച് മലയാളം പത്രങ്ങളും മലയാളം പ്രസദ്ധീകരണങ്ങളുമൊന്നും അത്രയൊന്നും ഇടം നൽകുന്നില്ല എന്നും തോന്നിയിട്ടുണ്ട്. മലയാളം പത്രങ്ങളുടെ പ്രാദേശികവാർത്തകളുടെ ഭാഗങ്ങളിൽ ഒതുങ്ങിപ്പോകുന്നതാകാനും വഴിയുണ്ട്. ഇംഗ്ലീഷ് പത്രങ്ങളല്ലാതെ, മലയാള പത്രങ്ങൾ പൊതുവേ ക്ലാസിക്കൽ കലകളുടെയും ക്ലാസിക്കൽ സംഗീതത്തിന്റെയും മറ്റും വാർത്തകൾ നൽകുന്നതായി കാണാറില്ല. സൂഫി സംഗീതവും ആ കൂട്ടത്തിൽ പെട്ടുപോകുന്നതാകാം.
വെറുതെ ഒരു കൗതുകത്തിന് ‘കോഴീ ചിങ്കാരപ്പൂങ്കോഴി’ എന്ന പാട്ടിലെ ‘പണപ്പെട്ടിക്ക് കള്ളൻ കാവൽ പടക്കോപ്പിനു തീപ്പൊരി കാവൽ’ എന്ന വരികൾ തിരയാൻ തോന്നിയതിനാൽ മാത്രമാണ് അനിത ഷെയ്ക്ക് സിനിമാപ്പാട്ടുകൾക്കൊപ്പം സൂഫി സംഗീതവും ഗസലുമൊക്കെ പാടുന്നുണ്ട് എന്നറിയാൻ കഴിഞ്ഞത്. തീർച്ചയായും അവരുടെ പല ഇന്റർവ്യൂകളും കൂട്ടത്തിൽ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രാങ്ക് ചെയ്യുന്നതായുള്ള അഭിമുഖം കണ്ട് ഗായിക ആരാണ് എന്നൊന്നും അന്വേഷിക്കാതിരുന്നതിന് പ്രായശ്ചിത്തം പോലെ, അവരുടെ ഗൗരവമാർന്ന പല അഭിമുഖങ്ങളും കാണുകയായിരുന്നു. സിനിമകളിൽ പാടാൻ അവസരം നൽകിയ അലക്സ് പോൾ എന്ന സംഗീത സംവിധായകനെ പറ്റിയും സൂഫി സംഗീതത്തെ കുറിച്ചും കൺസേട്ടുകളെ കുറിച്ചും കുട്ടിക്കാലം മുതൽ തന്നെയുള്ള സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും അന്തരീക്ഷത്തെ കുറിച്ചും തിരുവനന്തപുരത്തെ പ്രശസ്തരായ വ്യക്തികളിൽ നിന്നും പഠിച്ച സംഗീത അഭ്യസനത്തെ പറ്റിയും ലെനിൻ രാജേന്ദ്രന്റെ സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിച്ചതിനെ പറ്റിയുമൊക്കെ പറയുന്ന അഭിമുഖങ്ങളായിരുന്നു അവയിൽ പലതും.
പുതിയ പാട്ടുകളിൽ കേൾക്കാൻ രസമുള്ളവയുണ്ടോ, പഴയ പാട്ടുകളല്ലേ നല്ലത് എന്നൊക്കെ പറയാറുള്ളവരോട്, അങ്ങനെയല്ല വളരെ മികച്ച ഗാനങ്ങൾ പുതിയ തലമുറകളിലും വരാറുണ്ട് എന്ന് തുടർന്നും പറയുന്നതായിരിക്കും. പഴയ പാട്ടുകളല്ലേ നല്ലത് എന്ന് തോന്നുന്നത്, പാട്ടുകാരുടെ പേരുകൾ ശ്രദ്ധിക്കാതെ പാട്ടുകൾ കേൾക്കുന്നതുകൊണ്ടു കൂടിയാണ്. പല പുതിയ പാട്ടുകാരെയും അത്ഭുതത്തോടെ കേൾക്കാറുണ്ട് എന്നതിനാൽ തീർച്ചയായും ഒട്ടേറെ നല്ല പാട്ടുകൾ പുതിയ പാട്ടുകാർ പാടുന്നുണ്ട് എന്ന് സംശയമേതുമില്ലാതെ പറയാൻ കഴിയും. പുതിയ തലമുറയിലെ സംഗീത സംവിധായകർ ഒട്ടേറെ മികച്ച ഗാനങ്ങൾ ഒരുക്കുന്നുമുണ്ട്. ഒട്ടേറെ മികച്ച ഗാനങ്ങൾ കേൾക്കാൻ പുതിയ പാട്ടുകാരുടെയും പുതിയ സംഗീത സംവിധായകരുടെയും പേരുകൾ തിരഞ്ഞ് അവർ ഒരുക്കിയ സംഗീതവിസ്മയങ്ങൾക്ക് പിന്നാലെ പോയാൽ മാത്രം മതി.


