Mixed Bag- 6
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അവസാന കച്ചേരി ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു. അന്നും അദ്ദേഹം പ്രശസ്തമായ വാതാപി ഗണപതി എന്ന, ഹംസധ്വനി രാഗത്തിലെ മുത്തുസ്വാമി ദീക്ഷിതര്‍ കൃതി പാടി. ചെമ്പൈയുടെ വാതാപി ഗണപതി ആലാപനം വളരെ പ്രസിദ്ധമാണ്. ഒരു പക്ഷേ മലയാളികള്‍ക്കിടയില്‍ വാതാപി ഗണപതിക്ക് ഇത്രയും പ്രചാരം നല്‍കിയതും ചെമ്പൈയും ശിഷ്യന്‍ യേശുദാസുമായിരിക്കാം.
ഗണപതിയെ നമുക്ക് അറിയാം.
പക്ഷേ ആരാണ് വാതാപി ഗണപതി?
അതിന് അല്‍പ്പം ചരിത്രത്തിലേക്ക് പോകേണ്ടി വരും. പൊന്നിയിന്‍ സെല്‍വന്‍ എന്ന വിഖ്യാതമായ നോവല്‍ പോലെ കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ മറ്റൊരു ചരിത്ര നോവലാണ് ശിവകാമിയിന്‍ ശപഥം. നോവലിലെ ഒരു പ്രധാന കഥാപാത്രമാണ് പരംജ്യോതി എന്ന സൈനികന്‍. പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെ സേനാധിപനായിരുന്ന പരംജ്യോതി നോവലിലെ സാങ്കല്‍പ്പിക കഥാപാത്രം മാത്രമല്ല. ചരിത്രത്തില്‍ ഇങ്ങനെയൊരാളെ കുറിച്ച് രേഖപ്പെടുത്തലുണ്ട്. മഹേന്ദ്രവര്‍മ്മന്റെ കാലശേഷം മകന്‍ നരസിംഹവര്‍മ്മന്‍ രാജാവായപ്പോള്‍ പരംജ്യോതി തന്നെയായിരുന്നു സൈന്യാധിപന്‍. കാഞ്ചിപുരമായിരുന്നു പല്ലവരുടെ ആസ്ഥാനം.
വടക്കന്‍ മൈസൂരില്‍ വാതാപി തലസ്ഥാനമായി ഭരിച്ചിരുന്ന ചാലൂക്യരുടെ ദേശമായിരുന്നു പല്ലവര്‍ ലക്ഷ്യം വച്ച പ്രദേശങ്ങളിലൊന്ന്. മഹേന്ദ്രവര്‍മ്മനെ പരാജയപ്പെടുത്തിയതിന് പ്രതികാരമെന്നോണം തുംഗഭദ്ര നദി കടന്ന് അവിടേക്ക് പട നയിച്ച പരംജ്യോതി വാതാപി നഗരം തകര്‍ത്തുവാരി. ക്രിസ്തുവര്‍ഷം 642ലായിരുന്നു ഇത്. യുദ്ധം നടക്കുന്ന വേളയില്‍ തന്നെ വാതാപിയിലെ കോട്ടച്ചുമരുകളിലൊന്നില്‍ സ്ഥാപിച്ചിരുന്ന ഗണപതി വിഗ്രഹത്തില്‍ പരംജ്യോതി ആകൃഷ്ടനായി. നിത്യേന ആ ഗണപതിയെ ആരാധിക്കാന്‍ തുടങ്ങിയ അദ്ദേഹം താന്‍ യുദ്ധം ജയിച്ചതിന് കാരണം ഗണപതിയുടെ അനുഗ്രഹം കൊണ്ടു കൂടിയാണെന്ന് വിശ്വസിച്ചു. യുദ്ധാനന്തരം ആ ഗണപതി വിഗ്രഹത്തെ തന്റെ ദേശമായ തിരുച്ചെങ്കട്ടന്‍കുടിയിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുച്ചെങ്കട്ടന്‍കുടിയിലെ ഉത്തരപതീശ്വരസ്വാമി ക്ഷേത്രത്തില്‍ ഇന്നും ഈ ഗണപതി വിഗ്രഹമുണ്ട്.
അവധൂതനായ സംഗീതജ്ഞനായിരുന്നു മുത്തുസ്വാമി ദീക്ഷിതര്‍. തഞ്ചാവൂരും തിരുവാരൂരും കാഞ്ചീപുരവും മധുരയുമെല്ലാം കറങ്ങി നടന്ന് അവിടെയുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അതത് സ്ഥലത്തെ പ്രതിഷ്ഠകളെ കുറിച്ച് കീര്‍ത്തനങ്ങള്‍ ചമച്ച ദീക്ഷിതര്‍ ഒരിക്കല്‍ ഉത്തരപതീശ്വരസ്വാമി ക്ഷേത്രത്തിലെത്തുകയും വാതാപി ഗണപതിം ഭജേഹം എന്ന പ്രസിദ്ധമായ കീര്‍ത്തനം രചിക്കുകയും ചെയ്തു. വാതാപിയിലെ ഗണപതി 641ല്‍ കാഞ്ചിപുരത്ത് എത്തി ഏകദേശം 1000 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മുത്തുസ്വാമി ദീക്ഷിതര്‍ പ്രസിദ്ധമായ ഈ കീര്‍ത്തനം രചിക്കുന്നത്.
ഇത്തരം തീര്‍ത്ഥയാത്രകള്‍ക്കിടയില്‍ സ്വാമിമല, മന്നാര്‍ഗുഡി, നാഗപട്ടണം, തിരുച്ചിറപ്പള്ളി തുടങ്ങിയ പട്ടണങ്ങളും കാവേരി തീരത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളുമെല്ലാം മുത്തുസ്വാമി ദീക്ഷിതര്‍ സന്ദര്‍ശിച്ചു. സ്വാമിമലയില്‍ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ഒരു മഹാക്ഷേത്രമുണ്ട്. ആറുപടൈ വീടുകള്‍ എന്നറിയപ്പെടുന്ന ആറ് സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഈ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ഒരു കൃതി നമുക്കെല്ലാം സുപരിചിതമാണ്. ചിത്രം എന്ന സിനിമയില്‍ ഉപയോഗിച്ച സ്വാമിനാഥ പരിപാലയാശുമാ എന്ന് തുടങ്ങുന്ന നാട്ട രാഗത്തിലെ കീര്‍ത്തനം. ഇതേ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹം രചിച്ച ബിലഹരി രാഗത്തിലുള്ള ശ്രീബാലസുബ്രഹ്മണ്യ എന്ന് തുടങ്ങുന്ന മറ്റൊരു കീര്‍ത്തനവും പ്രസിദ്ധമാണ്.
ഒരു യുദ്ധവും അതിനോട് അനുബന്ധിച്ച് നടന്ന വിഗ്രഹമോഷണവും കാലാതിവര്‍ത്തിയായ ഒരു സംഗീതകൃതിയെ സൃഷ്ടിച്ചു. പക്ഷേ എന്തുകൊണ്ടാണ് യുദ്ധാനന്തരം ഇങ്ങനെ വിഗ്രഹങ്ങള്‍ കൊള്ളയടിക്കപ്പെടുന്നത്? യുദ്ധവിജയത്തിന് ഒരു ആരാധനനാ മൂര്‍ത്തി വേണമെന്ന വിശ്വാസം കൊണ്ടുമാത്രമാണോ? ചില രാജാക്കന്‍മാരെങ്കിലും അവരുടെ രാജ്യത്തിന്റെ ഐശ്വര്യത്തിനും തങ്ങളുടെ യുദ്ധവിജയങ്ങള്‍ക്കും കാരണം തങ്ങള്‍ ആരാധിക്കുന്ന ദൈവമാണെന്ന് വിശ്വസിച്ചിരുന്നു. ഇങ്ങനെ ഓരോ രാജാക്കന്മാരുടെയും ശക്തിയെന്ന് അവര്‍ കരുതുന്ന വിഗ്രഹത്തെ അവിടെ നിന്ന് മാറ്റിയാല്‍ അത് യുദ്ധത്തില്‍ നേടുന്ന മാനസിക വിജയമായി യുദ്ധതന്ത്രം അറിയാവുന്നവര്‍ കണക്കുകൂട്ടി. അത്തരമൊരു മാനസിക യുദ്ധ വിജയത്തിന്റെ ചരിത്രം തിരുവിതാംകൂറിനുമുണ്ട്.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ വികസിപ്പിക്കുമ്പോള്‍ നിര്‍ണായകമായ യുദ്ധം നടന്നത് കായംകുളുവുമായിട്ടായിരുന്നു. അവകാശികളില്ലാതെ പോകുന്ന കരുനാഗപ്പള്ളി സ്വന്തമാക്കുക എന്ന ലക്ഷ്യം കായംകുളത്തിനും മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ഒരു പോലെയുണ്ടായിരുന്നു. ഇതാവണം ഒരു പക്ഷേ യുദ്ധത്തിലേക്ക് നയിച്ചത്. കുരുമുളക് വാണിജ്യത്തിന്റെ കുത്തക നിലനിര്‍ത്താന്‍ വിദേശ വാണിജ്യ ശക്തികള്‍ ഇടപെട്ട് ഇരുവര്‍ക്കുമിടയില്‍ ശത്രുത നിലനിര്‍ത്തിയതെന്ന വാദമാണ് കൂടുതല്‍ യുക്തിഭദ്രമായി തോന്നുന്നത്. എന്നാല്‍ കായംകുളത്തോട് ഒടുങ്ങാത്ത പകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്. മാര്‍ത്താണ്ഡവര്‍മ്മയോളം കായംകുളം രാജവംശത്തെ വെറുത്ത മറ്റൊരു ഭരണാധികാരി ചരിത്രത്തിലില്ല.
1734 മുതല്‍ 1747 വരെ കായംകുളവുമായി നിരന്തര യുദ്ധത്തിലായിരുന്നു തിരുവിതാംകൂറിന്റെ പുള്ളിപ്പട്ടാളം. ഒരു ദശകമായിട്ടും കായംകുളം വീഴാത്തതിന് പരമ്പരാഗത യുദ്ധശാസ്ത്രത്തിന് അപ്പുറമുള്ള എന്തോ ഒരു കാരണമുണ്ടെന്ന് മാര്‍ത്താണ്ഡവർമക്കു തോന്നി. അതിനെ കുറിച്ചുള്ള അന്വേഷണമായി. അന്വേഷണം എത്തിനിന്നത് കായംകുളം രാജാവ് പൂജിക്കുന്ന വേട്ടയ്ക്കൊരു മകന്‍ വിഗ്രഹത്തിലാണ്. കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സമര്‍ത്ഥനായ രാമയ്യന്‍ ദളവയെ വിട്ടു. വേട്ടയ്ക്കൊരു മകന്‍ മാത്രമല്ല കായംകുളം രാജാവ് പൂജിക്കുന്ന മേരു ശ്രീചക്രവും സ്ഫടികലിംഗവും സാളഗ്രാമവുമാണ് അവിടത്തെ ശക്തിക്ക് പിന്നിലെന്ന് രാമയ്യന്‍ മനസിലാക്കി. ഇവ തട്ടിയെടുത്താല്‍ കായംകുളം രാജാവിനെ മാനസികമായി തകര്‍ക്കാന്‍ കഴിയുമെന്ന് മനസിലാക്കാനുള്ള യുദ്ധതന്ത്രമൊക്കെ രാമയ്യനും അറിയാമായിരുന്നു.
വളരെ തന്ത്രപരമായാണ് രാമയ്യന്‍ നീങ്ങിയത്. ബുദ്ധിഭ്രമം ബാധിച്ച ഒരുവനെ പോലെ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രവളപ്പില്‍ രാമയ്യന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി. അവിടെ മാലകെട്ടലും പൂജയ്ക്ക് പൂക്കള്‍ എത്തിക്കലും മറ്റും കൂടി ചെയ്തു. ദിവസവും ക്ഷേത്രം അടയ്ക്കുമ്പോള്‍ ഒരു കുട്ട നിറയെ പൂജ കഴിഞ്ഞ പുഷ്പങ്ങളും മറ്റും എടുത്തു കൊണ്ട് രാമയ്യന്‍ ഇറങ്ങും. അപ്പോള്‍ ഞാന്‍ വേട്ടയ്ക്കൊരു മകനെ കൊണ്ടു പോകുന്നു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് പോവുക. ഇത് പറയുന്നതുകേട്ട് പട്ടാളക്കാര്‍ രാമയ്യന്റെ കുട്ട പരിശോധിക്കും. വെറും വാടിയ പൂക്കളാണെന്ന് കണ്ട് വിട്ടയക്കും. ഇത് ദിവസേന ആവര്‍ത്തിച്ചു. ഒടുവില്‍ പട്ടാളക്കാര്‍ കുട്ട പരിശോധിക്കാതെയായി. അങ്ങനെ ഒരു ദിവസം വേട്ടയ്ക്കൊരു മകനെ കുട്ടയിലാക്കി രാമയ്യന്‍ തിരുവിതാംകൂറിലെത്തി എന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെ എടുത്തത് വേട്ടയ്ക്കൊരുമകന്‍ വിഗ്രഹമല്ല ശ്രീചക്രമാണെന്നും ചില ചരിത്രകഥകളില്‍ പറയുന്നുണ്ട്. എന്തായാലും വേട്ടയ്ക്കൊരു മകന്‍ വിഗ്രഹം മാത്രമല്ല മേരുശ്രീചക്രവും, സ്ഫടികലിംഗവും സാളഗ്രാമവും രാമയ്യന്‍ കായംകുളത്ത് നിന്നും പൊക്കി. വേട്ടയ്ക്കൊരു മകന്‍ വിഗ്രഹം ഇപ്പോള്‍ തിരുവനന്തപുരത്ത് ഫോര്‍ട്ട് സ്ക്കൂളിന് സമീപമുള്ള വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. കോട്ടയം കേരളവര്‍മ്മ താമസിച്ചിരുന്ന കൊട്ടാരത്തിന് സമീപമാണ് ഈ ക്ഷേത്രം. നിലവില്‍ ആ കൊട്ടാരത്തില്‍ മാര്‍ഗി പ്രവര്‍ത്തിക്കുന്നു. കായംകുളത്ത് നിന്നും കൊണ്ടു വന്ന സാളഗ്രാമം പത്നനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ ശ്രീബലിപ്പുരയുടെ തെക്കു ഭാഗത്തുള്ള ഭദ്രദീപപ്പുരയിലും സ്ഫടികലിംഗം ആറ്റിങ്ങല്‍ ക്ഷേത്രത്തിലും മേരുശ്രീചക്രം വലിയ കൊട്ടാരം തേവാരപ്പുരയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.
രാമയ്യന്‍ ദളവ പ്രച്ഛന്ന വേഷത്തിലെത്തി വിഗ്രഹമടക്കമുള്ളവ തട്ടിയെടുത്ത് തിരുവിതാംകൂറിലെത്തിച്ചു എന്നത് ഒരു പക്ഷേ കെട്ടുകഥയാവാം. യുദ്ധത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ തന്നെ മനഃശാസ്ത്രയുദ്ധത്തിന്റെ ഭാഗമായി രാമയ്യന്റെ നിര്‍ദേശപ്രകാരം തിരുവിതാംകൂര്‍ പട്ടാളം തന്നെ ബലമായി എടുത്തുകൊണ്ടു വന്നതാവാനും മതി. തിരുനെല്‍വേലി ജില്ലയിലെ ഏര്‍വാടിയില്‍ നിന്ന് തിരുവട്ടാറിലേക്ക് കുടിയേറിയ കുടുംബമായിരുന്നു രാമയ്യന്റേത്. കൊട്ടാരക്കര വഞ്ഞിപ്പുഴ തമ്പ്രാക്കളുടെ സേവകനായി ജോലി നോക്കുന്ന കാലത്താണ് രാമയ്യനെ മാര്‍ത്താണ്ഡവര്‍മ്മ കണ്ടെത്തുന്നത്. എന്തായാലും ശത്രുക്കളോട് ദയയുടെ ഒരു കണിക പോലും കാണിക്കേണ്ടതില്ലെന്ന് മാര്‍ത്താണ്ഡവര്‍മ്മയെ ഉപദേശിച്ചത് സംപ്രതി സ്ഥാനത്തുനിന്ന് ഉപദളവയായും പിന്നീട് ദളവയായും ഉയര്‍ന്ന രാമയ്യനായിരുന്നു.
വാതാപിയിലെ ഗണപതി കാഞ്ചിപുരത്ത് എത്തിയതുപോലെ കാഞ്ചിയിലെ ഗണപതി പുരിയില്‍ എത്തിയ കഥയും പുരാതന ഇന്ത്യയുടെ യുദ്ധചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ കാഞ്ചി ആക്രമിച്ച പുരിയിലെ പുരുഷോത്തം ദേവ് എന്ന രാജാവ് യുദ്ധവിജയത്തിന് ശേഷം കാഞ്ചിയിലെ ഒരു ഗണപതി വിഗ്രഹത്തെ പുരിയിലേക്ക് കൊണ്ടു പോയി. പുരി ജഗന്നാഥ ക്ഷേത്രവളപ്പില്‍ കാഞ്ചി ഗണപതി ക്ഷേത്രത്തില്‍ ആ വിഗ്രഹം കാണാം.
ചരിത്രം നിശ്ചലമല്ലല്ലോ.
പല്ലവരോട് പരാജയപ്പെട്ട പുലികേശിയുടെ മകന്‍ വിക്രമാദിത്യന്‍ രണ്ടാമന്‍ വാതാപിയുടെ തകര്‍ച്ച കണ്ടാണ് വളര്‍ന്നത്. പല്ലവരോട് പ്രതികാരം ചെയ്യാന്‍ തന്നെ വിക്രമാദിത്യന്‍ തീരുമാനിച്ചു. ഒരു വേനല്‍ക്കാലത്ത് വരണ്ടു കിടന്ന പാലാര്‍ നദി നിഷ്പ്രയാസം കടന്നെത്തിയ വിക്രമാദിത്യന്റെ സേന കാഞ്ചീപുരം കീഴടക്കി. വേനല്‍ക്കാലമായതിനാല്‍ വെള്ളം കിട്ടാതെ പടയാളികള്‍ മരിക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും വിക്രമാദിത്യന്‍ യുദ്ധത്തിന് വേനല്‍ തന്നെ തിരഞ്ഞെടുത്തത് പാലാര്‍ നദി കടക്കാനുള്ള എളുപ്പമാര്‍ഗം കണ്ടിട്ടായിരുന്നു. തമാശയെന്താണെന്ന് വച്ചാല്‍ ആര്‍ക്കോട്ടിന് കിഴക്കായി പല്ലവര്‍ തന്നെ കെട്ടിപ്പൊക്കിയ അണക്കെട്ടില്‍ നിന്നുള്ള വെള്ളമാണ് ആ വേനല്‍ക്കാലത്ത് ചാലൂക്യപ്പടയുടെ ദാഹമകറ്റിയത് എന്നതാണ്.
അപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വാതാപിയില്‍ നിന്നും പരംജ്യോതിയുടെ സൈന്യം കാഞ്ചീപുരത്ത് എത്തിച്ച ഗണപതിയെ വിക്രമാദിത്യന്‍ തിരികെ കൊണ്ടു പോകാത്തത് എന്താണ്?
കാഞ്ചീപുരം കൊള്ളയടിക്കാന്‍ തുടങ്ങിയ തന്റെ സേനാംഗങ്ങളോട് കാഞ്ചീപുരം ഒരു വിശുദ്ധ നഗരമാണെന്നും ഒന്നും എടുത്തുകൊണ്ടു പോകരുതെന്നും വിക്രമാദിത്യന്‍ നിര്‍ദേശിച്ചുവത്രെ. ക്ഷേത്രങ്ങളാലും ശില്‍പ്പങ്ങളാലും സമ്പന്നമായിരുന്നു കാഞ്ചീപുരം. അങ്ങനെ വാതാപിയിലെ ഗണപതി കാഞ്ചീപുരത്ത് തന്നെ സ്ഥിരതാമസമാക്കി. കാഞ്ചീപുരം കീഴടക്കിയതിന് സമ്മാനമായി വിക്രമാദിത്യന്റെ രണ്ട് ഭാര്യമാരും ഓരോ ക്ഷേത്രവും കൂടി പണി കഴിപ്പിച്ചു!
എത്ര യുദ്ധങ്ങളുടെ സ്മാരകമായിരിക്കണം പല ക്ഷേത്രങ്ങളും.
അപ്പോള്‍ പരംജ്യോതിക്ക് എന്തുപറ്റി?
വാതാപി തകര്‍ത്ത് തിരികെ കാഞ്ചീപുരത്ത് എത്തിയ പരംജ്യോതിക്ക് ആകെ മാനസാന്തരം വന്നു. ഗണപതി വിഗ്രഹം ക്ഷേത്രത്തില്‍ ഏല്‍പ്പിച്ച് സൈന്യാധിപ സ്ഥാനം ഒഴിഞ്ഞ പരംജ്യോതി കടുത്ത ശിവഭക്തനായി മാറി. ശിരുത്തൊണ്ടര്‍ എന്നറിയപ്പെട്ട അദ്ദേഹം 63 നായന്‍മാരില്‍ ഒരാളായി. ശൈവാരാധന പിന്തുടരുന്ന സന്യാസിമാരാണ് നായന്‍മാര്‍.
അങ്ങനെ, വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം മാത്രമല്ല, ആ യുദ്ധം ഒരു സന്യാസിയെ കൂടി സൃഷ്ടിച്ചു.