വി.എം. കുട്ടി: അകമുരുകി കുറിച്ച പാട്ടുകൾ

പതിനഞ്ചാമത്തെ വയസ്സിൽ പാടിത്തുടങ്ങുകയും മാപ്പിളപ്പാട്ടുരംഗത്തെ സമകാലികവും ജനകീയവുമാക്കുകയും​ ചെയ്​ത ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രപരമായ ഇടപെടലുകളായിരുന്നു വി.എം. കുട്ടിയുടേത്​.

"സംകൃത പമഗരി തംഗ തുംഗ തധിംഗിണ' എന്ന് മാപ്പിളപ്പാട്ടിന്റെ തനത് ശൈലിയിൽ വി.എം. കുട്ടി മാഷ് പാടുന്നത് കേൾക്കുമ്പോഴാണ് മാപ്പിളപ്പാട്ടുകൾക്ക് പാട്ടിനെക്കവിഞ്ഞ് നിൽക്കുന്ന ഏറെ സവിശേഷതകൾ വേറെയമുണ്ടെന്ന് നമുക്ക് അനുഭവപ്പെടുക. കേരളത്തിന്റെ പാട്ടു പാരമ്പര്യത്തിന്റെയും കാവ്യപാരമ്പര്യത്തിന്റെയും ചേർച്ചയുടെ സൗന്ദര്യമാണ് മാപ്പിളപ്പാട്ടുകൾ എന്ന് തിരിച്ചറിയുകയും ആ രീതിയിൽ പാട്ടുകൾ അവതരിപ്പിക്കുകയും രചിക്കുകയും ചെയ്തുകൊണ്ട് വി.എം. കുട്ടി എന്ന ഗായകൻ പാടിയതിന്റെ പ്രതിഫലനം കൂടിയാണത്.

അതുവരെ മലബാറിലെ സാധാരണ മനുഷ്യർ അവരുടെ തൊഴിലിടങ്ങളിലും, സ്വകാര്യ വിനോദവേളകളിലും, ആചാരാനുബന്ധ സന്ദർഭങ്ങളിലും മാത്രം പാടിയിരുന്ന മാപ്പിളപ്പാട്ടുകൾ സവിശേഷമായ ഗാനകല എന്ന രീതിയിൽ കേരളീയമാവാൻ ചരിത്രപരമായി ഇടപെട്ട ഗായകനും ഗാനരചയിതാവുമെന്ന നിലയിലാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടു രംഗത്തെ ഇടം.

എഴുപതുകൾ മുതൽ സജീവമായ വി.എം. കുട്ടിയും വിളയിൽ വത്സലയും ചേർന്ന് പാടുന്ന മാപ്പിളപ്പാട്ടു ഗാനമേളകൾ, അതിന്റെ ഇശൽ ഹൃദ്യതയാലും താളപ്പൊരുത്തത്താലും ജനകീയമാവുകയും ആസ്വാദകർ ഗാനമേള സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്നതിന്ന് ഇടയാവുകയും ചെയ്തു.

അദ്ദേഹം പാടിയ സംകൃതപമഗരി , ആമിനാ ബീവിക്കോമനമോനെ, കാളപൂട്ടിന്റതിശയം, ഹക്കാനകോനമറാൽ, മൈലാഞ്ചി കൊമ്പൊടിച്ച്, മാളികയിൽ മുടി ചൂടി വിളങ്ങും മലർനാരി തുടങ്ങിയ പാട്ടുകൾ ആസ്വാദകർ ഹൃദയത്തിലേറ്റുകയും പാടി നടക്കുകയും ചെയ്തു.

ഗാനരചയിതാവ് എന്ന രീതിയിൽ മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവഴിയിലുള്ള സങ്കേതങ്ങൾ മുറുകെപ്പിടിക്കുമ്പോഴും സമകാലികമായ സാമൂഹികതയെ അദ്ദേഹം പ്രമേയമാക്കി. ഒപ്പനപ്പാട്ടുകളും കത്തുപാട്ടുകളും വിനോദ ഗാനങ്ങളും വിരഹ ഗാനങ്ങളും അദ്ദേഹം എഴുതി. പാട്ടിന്റെ പാടൽ മാത്രമായിരുന്നില്ല പാട്ടുകൾ പറഞ്ഞ പ്രമേയങ്ങൾ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ ജനകീയതയ്ക്ക് നിദാനം.
ആ രചനകളിലുള്ള
"കിളിയേ ദിഖ്ർ പാടി കിളിയേ...
സുബ്ഹിക്ക് മിനാരത്തിൽ വലംവെച്ചു പറക്കുന്ന ദിഖ്ർ പാടിക്കിളിയേ നീ നില്ല്...' എന്ന പാട്ട് അനാഥത്വത്തിന്റെയും സ്വർഗമെന്ന ആത്മീയ സാന്നിധ്യത്തിന്റെയും സവിശേഷ കൂടിച്ചേരലുകൾകൊണ്ട് മാപ്പിളപ്പാട്ടിലെ എന്നത്തെയും ഹിറ്റുകകളിൽ ഒന്നായിത്തീർന്നു.

"മംഗലപ്പുതു നാരിയെയും കൊണ്ടു ഞങ്ങള് വന്നേ
മംഗലമണിമാരന്റകം കൊള്ള കേറുവാനിത വന്നേ
മാലകൾ പണിതിട്ട സ്വർണത്താലികൾ പലതാണേ
ചേലിലന്നച്ചുവടു വെച്ച് നാരിയാളിതാ വന്നേ'
കുട്ടി മാഷിന്റെ രചനയിൽ വിളയിൽ ഫസീല പാടിയ ഈ ഒപ്പനപ്പാട്ട് മാപ്പിളപ്പാട്ടിന്റെ പാരമ്പര്യമായ എല്ലാ വഴക്കങ്ങളും ചേർന്നതും മലബാറിലെ മാപ്പിള കല്യാണ സന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റാൻ കഴിയാത്തതുമായ ഒരു പാട്ടാണ്. വി.എം. കുട്ടിയോടൊപ്പം ആ പാട്ടുകൾ കേട്ടുവളർന്ന തലമുറയും അവരുടെ പേരക്കിടാങ്ങളുമെല്ലാം ഇപ്പോഴും പാടിത്തുടരുന്നു ഈ ഒപ്പനപ്പാട്ട്,
മാപ്പിളപ്പാട്ടിലെ പ്രധാന ശാഖകളിലൊന്നായ കത്തുപാട്ട് രീതിയിൽ വി.എം. കുട്ടി എഴുതിയതാണ്
"അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാൻ
അകമുരുകി കുറിക്കും മകൾക്കൊരു പാടുണ്ട് പറയാൻ ' - എന്ന പാട്ട്. സാജിത പാടിയ ഈ പാട്ട് ഗൾഫ് പ്രവാസം കുടുംബത്തിനകത്തുണ്ടാക്കിയ വേദനയെയും വിരഹത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു. എസ്.എ. ജമീലിന്റെ കത്തുപാട്ടുകൾക്കൊപ്പം തന്നെ മാപ്പിളപ്പാട്ട്‌ സ്‌നേഹികൾ കൂടെ കൊണ്ടുനടക്കുന്നു ഈ പാട്ടും.
"ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ' എന്ന് തുടങ്ങുന്ന പാട്ട് ആത്മീയമായ അനുഭൂതിയുടെ നിറവിൽ കേൾവിക്കാരനെ എപ്പോഴും കൊണ്ടുപോകുന്നു. അനേകം മാപ്പിളപ്പാട്ടുഗായകർ ഇപ്പോഴും അവരുടെതായ വേർഷനിൽ പാടിക്കൊണ്ടിരിക്കുന്ന അതിഗംഭീരമായ ഒരു രചന കൂടിയാണത്.

വി.എം. കുട്ടി

മഹാകവി മോയിൻകുട്ടി വൈദ്യരുടെ കാവ്യപാരമ്പര്യമുള്ള കൊണ്ടോട്ടി തന്നെയാണ് വി.എം. കുട്ടി എന്ന പാട്ടുകാരന്റെയും തിണ. വലിയ കർഷക കുടുംബമായിരുന്നു തന്റെത് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ കാർഷിക കുടുംബ പാരമ്പര്യം കൂടിയാണ് തന്നെ ഗായകനാക്കിയതെന്നും.

മാപ്പിളപ്പാട്ടിന്റെ തായ് വേരുകൾ എന്ന പുസ്തകത്തിൽ താൻ പാട്ടുകാരനായതിനെക്കുറിച്ച് എഴുതിയ ആമുഖത്തിൽ അദ്ദേഹം പറയുന്നു:
"നാട്ടിൻപുറത്തെ ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. വിവിധ ജാതിക്കാരും മതസ്ഥരുമായിരുന്നു അയൽക്കാർ. എല്ലാ വിഭാഗത്തിനും പാട്ടുകളും കളികളുമുണ്ടായിരുന്നു. ഇവ കണ്ടും കേട്ടും എന്റെ മനസ്സിൽ പാട്ടുകളോടുള്ള താൽപര്യം ജനിച്ചു. പലപ്പോഴും കേട്ട പാട്ടുകൾ ഞാൻ മൂളിപ്പാട്ടായി പാടാൻ തുടങ്ങി. വീടിനു മുൻവശം വിശാലമായ നെൽപ്പാടങ്ങളാണ്. കന്നി മാസത്തിൽ ഞാറുനടന്ന പെണ്ണുങ്ങളുടെ വടക്കൻ പാട്ടുകളുടെ ഈണം മനസ്സിൽ തങ്ങിനിന്നു. ഓണക്കാലമായാൽ പൂവട്ടികളുമേന്തി ഞങ്ങളുടെ കുന്നിൻമുകളിലേക്ക് ഓടിക്കയറുന്ന കുട്ടികളുടെ ഓണപ്പാട്ടുകൾ മനസ്സിൽ മധുരം നിറച്ചു. തിരുവാതിര നാളിലും ശിവരാത്രിയിലും കല്യാണരാവുകളിലും പാട്ടുകൾ കേട്ടു. തൊട്ടടുത്ത ഹരിജൻ വീട്ടിൽ വയസ്സറിയിക്കൽ കല്യാണം നടത്താറുണ്ട്. പെണ്ണിനെ കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ അണിയിച്ച് ചുമലിലേറ്റി പാട്ടും കളിയുമായി ഞങ്ങളുടെ വീട്ടുമുറ്റത്തെത്തും. തുടർന്ന് മുറ്റത്ത് ഉരൽ വെച്ച് അതിനുമീതെ പട്ടുവിരിച്ച് വയസ്സറീച്ച പെണ്ണിനെ ഉരലിൽ ഇരുത്തും. പിന്നെ ആണുങ്ങൾ ചുറ്റും നിന്ന് വട്ടക്കളി അവതരിപ്പിക്കുന്നു. തുടർന്ന് പെണ്ണുങ്ങളും കളിയിൽ പങ്കുചേരും. ഈ പാട്ടുകളുടെ ഈണവും താളവും മായാതെ മനസ്സിൽ പതിഞ്ഞിരുന്നു.'

മാപ്പിളപ്പാട്ടിന്റെ ഇശലുകളെക്കുറിച്ചും താളത്തെക്കുറിച്ചും നിരന്തരമായി ഗവേഷണം നടത്തിയ അദ്ദേഹം അവയ്ക്ക് നാടൻ പാട്ടുകളും മലയാള കാവ്യവൃത്തങ്ങളുമായുള്ള ബന്ധങ്ങളും കണ്ടെത്തുകയും എഴുതുകയും ചെയ്തു.
തന്റെ പതിനഞ്ചാമത്തെ വയസ്സിൽ പാടിത്തുടങ്ങുകയും മാപ്പിളപ്പാട്ടുരംഗത്തെ സമകാലികവും ജനകീയവുമാക്കുകയും​ ചെയ്​ത ഏഴു പതിറ്റാണ്ടുകാലത്തെ ചരിത്രപരമായ ഇടപെടലുകളായിരുന്നു ജനകീയനായ ഈ ഗായകന്റെത്.
.
​.

Comments