ചിക്കനിൽ അലിഞ്ഞ ബഡേ ഗുലാം അലി ഖാൻ, കുമാർ ഗന്ധർവയുടെ പച്ചമാങ്ങപ്പുളിരാഗം

സംഗീതവും ഭക്ഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഹിന്ദുസ്ഥാനി സംഗീത‍ജ്ഞരിൽ പലരും മികച്ച ഭക്ഷണപ്രിയരും പാചകവിദഗ്ധരുമെന്നാണ് ഏഡ്രിയൻ മക്നീൽ (Adrian McNeil) നടത്തിയ പഠനത്തിൽ പറയുന്നത്. ഏഡ്രിയൻ മക്നീൽ എന്ന ഈ ആസ്ത്രേലിയക്കാരൻ ചില്ലറക്കാരനല്ല. വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള സരോദ് എന്ന സംഗീതോപകരണം അതിമനോഹരമായി ഇദ്ദേഹം വായിക്കും.

അടുക്കളയിൽ കയറാത്ത സംഗീതസംവിധായകനായിരുന്നു ജോൺസൺ. എന്നാൽ ഭാര്യ റാണിയുടെ പാചകത്തിനോട് വലിയ മതിപ്പായിരുന്നു ജോൺസൺ മാഷിന്. രവീന്ദ്രൻ മാഷ് നേരെ തിരിച്ചും. അടുക്കളയിൽ കയറാനും പാചകം ചെയ്യാനും അത്യാവശ്യം ഭാര്യയെ സഹായിക്കാനും രവീന്ദ്രന് ഉത്സാഹമാണ്. സുഹൃത്തുക്കൾക്ക് വേണ്ടി വച്ച് വിളമ്പുന്നതും ഭക്ഷണം ആസ്വദിക്കുന്നതും രവീന്ദ്രന് ഏറെ പ്രിയപ്പെട്ട പരിപാടികളായിരുന്നു.

ദേബ് ജ്യോതി മിശ്ര

"അദ്ദേഹം നന്നായി സംഗീതം പറഞ്ഞു തരും. പക്ഷേ പാചകക്കുറിപ്പുകളുടെ രഹസ്യം പങ്ക് വയ്ക്കില്ല. ഒരിക്കൽ അദ്ദേഹം കോഴിക്കറിയിൽ റം ചേർക്കുന്നത് ഞാൻ കണ്ടു. സംഗീതത്തിലെന്ന പോലെ പാചകത്തിനും അദ്ദേഹത്തിന് സവിശേഷമായ ചില രീതികളുണ്ടായിരുന്നു.' തന്റെ ഗുരുവായ സലി‍ൽ ചൗധരിയെ കുറിച്ച് ദേബ് ജ്യോതി മിശ്ര എന്ന സംഗീതസംവിധായകൻ പറ‍ഞ്ഞതാണിത്.

കൊൽക്കൊത്ത ന്യൂസ് എന്ന മലയാള പടത്തിന് വേണ്ട ദേബ് ജ്യോതി പാട്ടുകൾ ചെയ്തിട്ടുണ്ട്. അതിലെ കണികണ്ടുവോ വസന്തം എനിക്കേറെ പ്രിയപ്പെട്ട ഗാനം.

നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് മട്ടൻ ആണത്രെ കൊൽകത്തയിലെ സവിശേഷ വിഭവം. തിരക്കേറിയ ചന്തയിൽ നിന്നും ആട്ടിറച്ചി വാങ്ങാൻ പോകുന്നതും മുത്തശ്ശി തനതായ ശൈലിയിൽ അതുണ്ടാക്കുന്നതും ദേബ് ജ്യോതി ഒരു അഭിമുഖത്തിൽ പങ്ക് വച്ചിട്ടുണ്ട്. മുത്തശ്ശിയിൽ നിന്നാണ് അദ്ദേഹം പാചകം പഠിച്ചത്.

സംഗീതവും ഭക്ഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഹിന്ദുസ്ഥാനി സംഗീത‍ജ്ഞരിൽ പലരും മികച്ച ഭക്ഷണപ്രിയരും പാചകവിദഗ്ധരുമെന്നാണ് ഒരു സായിപ്പ് നടത്തിയ പഠനത്തിൽ പറയുന്നത്. ഏഡ്രിയൻ മക്നീൽ (Adrian McNeil) എന്ന ഈ ആസ്ത്രേലിയക്കാരൻ സായിപ്പ് ചില്ലറക്കാരനല്ല. വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ച് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള സരോദ് എന്ന സംഗീതോപകരണം അതിമനോഹരമായി ഇദ്ദേഹം വായിക്കും. ഇപ്പോൾ മെൽബണിലെ ഒരു സർവകാലാശാലയിൽ സംഗീതം പഠിപ്പിക്കുന്നു.

മധുവന്തി എന്ന ഹിന്ദുസ്ഥാനി രാഗം ഒരു അപരാഹ്ന രാഗമാണ് (Afternoon raga) ഇതിന് പൂർവാംഗവും ഉത്തരാംഗവുമുണ്ട്. ഉത്തരേന്ത്യയിൽ ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മൂന്നര മണിക്കാണ് സമോസ എന്ന പലഹാരം മധുരവും നേർത്ത പുളിയുമുള്ള ചമ്മന്തി കൂട്ടി കഴിക്കുന്നത്. സമോസയുടെ കൊതിപ്പിക്കുന്ന രുചി മധുവന്തിയുടെ പൂർവാംഗവും ചമ്മന്തിയുടെ മധുരരുചി അതിന്റെ ഉത്തരാംഗവുമാണത്രെ!

ഏഡ്രിയൻ മക്നീൽ

കുമാർ ഗന്ധർവ്വ എന്ന ഹിന്ദുസ്ഥാനി ഗായകനെ ഹിന്ദുസ്ഥാനി സംഗീതം കേൾക്കുന്നവർക്കൊക്കെ അറിയാം. അദ്ദേഹം നല്ലൊരു പാചകക്കാരനും ഭക്ഷണപ്രിയനുമായിരുന്നുവെന്ന് മകൾ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ വീട്ടുമുറ്റത്തെ മാവിൽ നിന്നും പച്ചമാങ്ങ എടുത്ത് നന്നായി അരിഞ്ഞ് മുളകുപൊടിയും ഉപ്പും ചേർത്ത് അവിടെ വന്നവർക്കെല്ലാം അദ്ദേഹം വിളമ്പി. ഓരോ കഷണം വായിലേക്ക് ഇടുമ്പോഴും ഒരു നല്ല രാഗവിസ്താരം കേട്ടെന്ന മട്ടിൽ ആഹാ...എന്ന ആസ്വാദന ശബ്ദവും പുറപ്പെടുവിച്ചു എന്ന് Bhanukul's Kitchen Raga എന്ന ചെറുകുറിപ്പിൽ ഗന്ധർവ്വയുടെ മകൾ കാലാപിനി എഴുതുന്നു.

സരോദ് വാദകൻ അലി അക്ബർ ഖാൻ ഗംഭീരമായി ബിരിയാണി വയ്ക്കുമായിരുന്നുവെന്ന് തബലാ വാദകൻ സക്കീർ ഹുസൈൻ Zakir Hussain: A Life in Music എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

പട്യാല ഘരാനയിലെ ഗംഭീര ഗായകനായിരുന്നു ബഡേ ഗുലാം അലി ഖാൻ. ഡൽഹിയിൽ അദ്ദേഹം അതിഥിയായി ചെന്നത് ഒരു സസ്യഭുക്കിന്റെ വീട്ടിലായിരുന്നു. മാംസഭക്ഷണം കിട്ടാത്തതിനാൽ അദ്ദേഹം ആകെ നിരാശനായെന്നും ആതിഥേയൻ വീടിന് പുറത്ത് താൽക്കാലിക അടുക്കള ഒരുക്കി കൊടുക്കകയും ഗുലാം അലി ഖാൻ തന്നെ നെയ്യും ബദാമും പലവിധ സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് രുചികരമായ ചിക്കൻ വിഭവം തയ്യാറാക്കി കഴിച്ചുവെന്നും ഷീലാ ധർ Raga’n Josh എന്ന പുസ്തകത്തിൽ പറയുന്നു. സംഗീതജ്ഞരുടെ രുചിഭേദങ്ങളെ കുറിച്ച് മനോഹരമായി വിവരിക്കുന്ന പുസ്തകമാണിത്.

പണ്ഡിറ്റ് രവിശങ്കർ

ലോക പ്രശസ്തനായ സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിന്റെ പാചകക്കാരൻ ഒരു വാസുദേവൻ നായരായിരുന്നു. രവിശങ്കർ പോകുന്ന വിദേശരാജ്യങ്ങളിലടക്കം ഈ മലയാളിയും അദ്ദേഹത്തിന്റെ പാചക വൈഭവവും യാത്ര ചെയ്തു. അതാരടാ ഈ മലയാളി നളൻ എന്നറിയാൻ ഞാൻ തിരഞ്ഞു മടുത്തു. വാസുദേവൻ നായരെന്ന് ഗൂഗിൾ ചെയ്തു നോക്കുമ്പോൾ കിട്ടുന്നതത്രയും നമ്മുടെ കൂടല്ലൂരുള്ള ഒരുഎഴുത്തുകാരന്റെ പേര്. പാചകക്കാരനെ കിട്ടാനില്ല. എവിടെയാണ് നിങ്ങൾ മിസ്റ്റർ വാസുദേവൻ നായർ?

ചിലർക്ക് സംഗീതവും പാചകവും ഒരു പോലെ വഴങ്ങും. ചിലർക്ക് സംഗീതം മാത്രം, മറ്റ് ചിലർക്ക് പാചകം മാത്രം. ഇത് രണ്ടും വഴങ്ങാത്ത എന്നെ പോലെയുള്ളവർ നല്ല സംഗീതവും നല്ല ഭക്ഷണവും നന്നായി ആസ്വദിക്കും. അത് പോരെ?

Comments