‘പ്രേതവും മനസ്സലിഞ്ഞ്​ കേക്കണ പാട്ട്​’

ബിസ്മില്ലാഖാന്റെ ഷെഹനായി വാദനം ആസ്വദിക്കുന്നത് ഉയര്‍ന്ന സംഗീതാസ്വാദന മികവിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായി കണ്ടവര്‍ പോലും നമ്മുടെ സ്വന്തം നാഗസ്വരത്തെ കണ്ടില്ലെന്ന് നടിച്ചു. കേരളീയ സംഗീതോപകരണങ്ങളെ കുറിച്ചുള്ള പഠനങ്ങളിലൊന്നും നാഗസ്വരത്തെ പരാമര്‍ശിച്ചു കാണാറില്ല.

Mixed Bag- 2

മൃത് പോലെ മധുരോള്ള പാട്ട്. ദൈവങ്ങളൊക്കെ വന്നെറങ്ങി കേട്ടിരിക്കണ പാട്ട്. പ്രേതവും മനസ്സലിഞ്ഞ് കേക്കണ പാട്ട്’, തമിഴ്- മലയാളം എഴുത്തുകാരന്‍ ജയമോഹന്റെ തേനീച്ച എന്ന കഥയില്‍ നിന്നുള്ള വരികളാണിത്. പ്രശസ്ത നാഗസ്വരം വിദ്വാന്‍ തിരുവാടുതുറൈ രാജരത്തിനം പിള്ളയുടെ നാഗസ്വര കച്ചേരിയെ കുറിച്ച് കഥയിലൊരാള്‍ പറയുന്നത് ഇങ്ങനെയാണ്.

നാഗസ്വരം ആരാധകരുടെ മാത്രമല്ല, നാഗസ്വരം കലാകാരന്‍മാരുടെയും മിശിഹയായിരുന്നു രാജരത്തിനം പിള്ള. നാഗസ്വരത്തിന്റെ ജന്മദേശമായ തമിഴ്‌നാട്ടില്‍ പോലും ഇവരെ രണ്ടാംകിടക്കാരായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് അറുതി വരുത്തിയത് രാജരത്തിനം പിള്ളയുടെ നിലപാടുകളാണ്.

തിരുവാടുതുറൈ രാജരത്തിനം പിള്ള

ബിസ്മില്ലാഖാന്റെ ഷെഹനായി വാദനം ആസ്വദിക്കുന്നത് ഉയര്‍ന്ന സംഗീതാസ്വാദന മികവിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായി കണ്ടവര്‍ പോലും നമ്മുടെ സ്വന്തം നാഗസ്വരത്തെ കണ്ടില്ലെന്ന് നടിച്ചു. കേരളീയ സംഗീതോപകരണങ്ങളെ കുറിച്ചുള്ള പഠനങ്ങളിലൊന്നും നാഗസ്വരത്തെ പരാമര്‍ശിച്ചു കാണാറില്ല.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കച്ചേരി നടത്തിയത് ആലപ്പുഴയിലാണെന്ന് രാജരത്തിനം പിള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍, പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലും തിരുവിതാംകൂറിലെ ക്ഷേത്രകലകളുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കാവുന്ന വൈക്കം, അമ്പലപ്പുഴ താലൂക്കുകളിലും നാഗസ്വരം ഏറെ ജനപ്രീതി നേടിയ സംഗീതോപകരണമാണ്. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം, വൈക്കത്തഷ്ടമി എന്നിവയ്ക്കും ശുചീന്ദ്രം, അമ്പലപ്പുഴ, മാവേലിക്കര, തിരുനക്കര, ചോറ്റാനിക്കര, തുറവൂര്‍ നരസിംഹ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും നാഗസ്വര കച്ചേരി ഒഴിച്ചുകൂടാനാവാത്തതാണ്.

ബിസ്മില്ലാ ഖാന്‍

‘അമ്പലപ്പുഴക്കാര്‍ തന്‍ നാദസ്വര ലഹരി
അലമാല തീര്‍ത്തത് കേട്ടു ഞാന്‍...’
എന്ന വരികള്‍ ശ്രീകുമാരന്‍ തമ്പിയുടേതാണ്. സംഗീതം വി. ദക്ഷിണാമൂര്‍ത്തി. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന പടത്തിലെ ‘ആറാട്ടിനാനകള്‍ എഴുന്നള്ളി’ എന്ന ഈ ഗാനത്തില്‍നാഗസ്വരം വായിച്ചതും അമ്പലപ്പുഴക്കാര്‍ തന്നെയാണ്. അമ്പലപ്പുഴ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന അമ്പലപ്പുഴ ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ രാമകൃഷ്ണപ്പണിക്കരും ചേര്‍ന്നാണ് ഈ ഗാനത്തിലെ നാഗസ്വരം വായിച്ചിരിക്കുന്നതും. ഗോപീചന്ദനക്കുറി അണിഞ്ഞ് (ഫുട്‌ബോള്‍ ചാമ്പ്യൻ), പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു (നൃത്തശാല), തൈപ്പൂയ കാവടിയാട്ടം (കണ്ണൂര്‍ ഡീലക്‌സ്) എന്നിങ്ങനെ തന്റെ ഒട്ടേറേ ഗാനങ്ങളില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി നാഗസ്വരത്തിന്റെ ശ്രുതി ചേര്‍ത്തിട്ടുണ്ട്. സ്വാമിയുടെ അച്ഛന്‍ ആലപ്പുഴക്കാരനും അമ്മ അമ്പലപ്പുഴയില്‍ നിന്നുമുള്ളവരാണ്.

ഇവിടത്തെ ക്ഷേത്രങ്ങളിലെ നാഗസ്വര സംസ്‌കാരവും ഭക്തിയുമെല്ലാം സ്വാമിയുടെ സംഗീതത്തെ വ്യത്യസ്തമാക്കി. അങ്ങനെയുള്ള സ്വാമിയും ഹരിപ്പാട് സ്വദേശിയായ ശ്രീകുമാരന്‍ തമ്പിയും ഒരുമിച്ച ഗാനങ്ങളിലാണ് നാഗസ്വരം ഏറെയും ഉപയോഗിച്ചിട്ടുള്ളത്. ഹരിപ്പാട് തൈപ്പൂയത്തിന് വായിക്കാനെത്തിയ പേരുകേട്ട നാഗസ്വര വിദ്വാന്മാരായ രാജരത്തിനം പിള്ള, നാമഗിരിപ്പേട്ടൈ കൃഷ്ണന്‍, കാരൈക്കുറിച്ചി അരുണാചലം തുടങ്ങിയ പ്രഗത്ഭരുടെ ഹരിപ്പാട് തൈപ്പൂയ മഹോത്സവത്തെ സമ്പന്നമാക്കിയ കാലം ശ്രീകുമാരന്‍ തമ്പി ഓര്‍ത്തെടുക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കച്ചേരി നടത്തിയത് ആലപ്പുഴയിലാണെന്ന് രാജരത്തിനം പിള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

അമ്പലപ്പുഴ ബ്രദേഴ്‌സ് / Photo: Facebook Ambalapuzha Brothers

വ്യാപാരാവശ്യത്തിന്​ ആലപ്പുഴയിലേക്കും കായംകുളത്തേക്കും തമിഴ്‌നാട്ടില്‍ നിന്ന്​ കുടിയേറിയ റെഡ്യാര്‍ പിള്ളമാരാണ് ഈ പ്രദേശത്ത് നാഗസ്വരത്തിന് പ്രചാരം നല്‍കിയതെന്ന് കരുതപ്പെടുന്നു. തമിഴ്‌നാട്ടില്‍ പോയി പഠിച്ചാലേ നാഗസ്വര വിദ്വാനായി അംഗീകരിക്കപ്പെടുകയുള്ളു എന്ന അവസ്ഥ അന്നുണ്ടായിരുന്നുവെന്ന ചില സൂചകങ്ങള്‍ സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയുടെ സ്മരണമണ്ഡലം എന്ന പുസ്തകത്തില്‍ കാണാം. അമ്പലപ്പുഴയുടെ നാഗസ്വര പാരമ്പര്യത്തിന്റെ ഖ്യാതി ആരംഭിക്കുന്നത് അമ്പലപ്പുഴ ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്നവരിലെ മുതിര്‍ന്ന അംഗം ശങ്കരനാരായണ പണിക്കരില്‍ നിന്നാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാരായിരുന്നു അമ്പലപ്പുഴ ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരും. ഇവരുടെ അച്ഛന്‍ കുട്ടപ്പപ്പണിക്കരും നാഗസ്വര വിദ്വാനായിരുന്നുവെങ്കിലും വൈക്കം സ്വദേശിയായിരുന്നു.

വര്‍ക്കല ശങ്കുപ്പണിക്കര്‍ എന്ന നാഗസ്വര വിദ്വാനാണ് അമ്പലപ്പുഴ ശങ്കരനാരായണ പണിക്കരുടെ ഹരിശ്രീ കുറിച്ചത്. തുടര്‍ന്ന് മാന്നാര്‍ രാമപ്പണിക്കരുടെ കീഴില്‍ പഠനം തുടങ്ങി. പിന്നീട് അദ്ദേഹം വീട് വിട്ട് തമിഴ്‌നാട്ടില്‍ പോവുകയും തിരുവിടമരുതൂര്‍ വീരസ്വാമിപ്പിള്ള എന്ന പുകഴ്‌പെറ്റ നാഗസ്വര വിദ്വാന് ശിഷ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം രാമേശ്വരം ക്ഷേത്രത്തില്‍ വച്ച് ശങ്കരനാരായണപ്പണിക്കരുടെ നാഗസ്വരം വായന കേട്ട രാമനാഥപുരം രാജാവ് സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു.

Photo: Facebook Ambalapuzha Brothers

ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ ബ്രദേഴ്‌സ് എന്ന പേരില്‍ തെക്കേ ഇന്ത്യയിലെങ്ങും പേരെടുത്തു. ശങ്കരനാരായണപ്പണിക്കരുടെ മരണ ശേഷം അനുജന്‍ രാമകൃഷ്ണപ്പണിക്കര്‍ ജ്യേഷ്ഠന്‍ ഗോപാലകൃഷ്ണപ്പണിക്കരുടെ ഒപ്പം ചേര്‍ന്ന് അമ്പലപ്പുഴ ബ്രദേഴ്‌സിന്റെ കീര്‍ത്തി നിലനിര്‍ത്തി. ജി. അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കുമ്മാട്ടിയായി അഭിനയിച്ചത് രാമുണ്ണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാമകൃഷ്ണപ്പണിക്കരാണ്.

പുരുഷമേധാവിത്തം തന്നെ ഉണ്ടായിരുന്നു എന്ന് പറയാവുന്ന നാഗസ്വര രംഗത്ത് ആദ്യമായി പേരെടുത്ത വനിതയെ കുറിച്ച് പറയാതിരിക്കാനാവില്ല. ആദ്യമായി നാഗസ്വരം വായിച്ച വനിത എന്നറിയപ്പെടുന്ന മധുര പൊന്നുത്തായുടെ പേര് മികച്ച നാഗസ്വര വിദ്വാന്മാര്‍ക്കൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ഒന്നാണ്.

നാഗസ്വരത്തില്‍ മാത്രമല്ല പുല്ലാങ്കുഴല്‍, തകില്‍, മൃദംഗം, ഇടയ്ക്ക, മുഖര്‍ശംഖ് തുടങ്ങിയ വാദ്യോപകരണങ്ങളിലും നൃത്തത്തിലും വായ്പ്പാട്ടിലും മികവ് തെളിയിച്ച കലാകാരനായിരുന്നു രാമുണ്ണി. പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ടി ആര്‍ മഹാലിംഗത്തിനൊപ്പം ഓടക്കുഴല്‍ കച്ചേരി നടത്തിയിട്ടുണ്ട് രാമുണ്ണി. പടയണി, തിറ, തുള്ളല്‍ എന്നിവയുടെ ചുവടുകള്‍ അനന്യസാധാരണമായ മെയ് വഴക്കത്തോടെ വച്ചിരുന്ന രാമുണ്ണി അങ്ങനെയാണ് അരവിന്ദന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതും കുമ്മാട്ടിയില്‍ നായകനാവുന്നതും.

എം.എസ് പൊന്നുത്തായ് / Photo: Facebook, The Big Stage - Drama, Music, Discourse and Magic

പുരുഷമേധാവിത്തം തന്നെ ഉണ്ടായിരുന്നു എന്ന് പറയാവുന്ന നാഗസ്വര രംഗത്ത് ആദ്യമായി പേരെടുത്ത വനിതയെ കുറിച്ച് പറയാതിരിക്കാനാവില്ല. ആദ്യമായി നാഗസ്വരം വായിച്ച വനിത എന്നറിയപ്പെടുന്ന മധുര പൊന്നുത്തായുടെ പേര് മികച്ച നാഗസ്വര വിദ്വാന്മാര്‍ക്കൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ഒന്നാണ്. ഒമ്പതാം വയസ് മുതല്‍ മധുര നടേശപിള്ളയുടെ കീഴില്‍ നാഗസ്വരം അഭ്യസിച്ചു തുടങ്ങി. പതിമൂന്നാം വയസില്‍ പ്രസിദ്ധമായ രാമരായര്‍ മണ്ഡപത്തില്‍ നടത്തിയ അരങ്ങേറ്റത്തില്‍ തന്നെ ആസ്വാദകരെ ഞെട്ടിച്ചു. രാജരത്തിനം പിള്ളയുടെ ഒപ്പം നാഗസ്വരം വായിച്ചിട്ടുള്ള പൊന്നുത്തായ് ജവഹര്‍ലാല്‍ നെഹ്രുവിനും എസ്. രാധാകൃഷ്ണനും മുന്നില്‍ തന്റെ കച്ചേരി നടത്തിയിട്ടുണ്ട്. നാഗസ്വരത്തിലെ ആദ്യ വനിത എന്നറിയപ്പെടുന്ന പൊന്നുത്തായി 2012-ല്‍, 84ാം വയസില്‍ അന്തരിച്ചു. പൊന്നുത്തായ് ഇശൈ ആലയം എന്ന സംഗീത വിദ്യാലയം നടത്തുന്ന പൊന്നുത്തായുടെ കൊച്ചുമകന്‍ വിഘ്‌നേശ്വരന്‍ നാഗസ്വര കച്ചേരികളില്‍ പങ്കെടുക്കുന്നു.

കേരളത്തില്‍ നാഗസ്വര രംഗത്തേക്ക് ആദ്യമായി കടന്നു വന്ന സ്ത്രീകള്‍ ടി. അംബികയും ടി. ശിവാനിയുമാണ്. ഇവര്‍ മുതുകുളം സിസ്റ്റേഴ്‌സ് എന്ന് അറിയപ്പെട്ടു. അരനൂറ്റാണ്ടോളം ഈ രംഗത്ത് ഇവര്‍ നിറഞ്ഞു നിന്നു. ഷേക്ക് ചിന്ന മൗലാന എന്ന പ്രസിദ്ധ നാഗസ്വരവിദ്വാന്റെ പരമ്പരയില്‍ പെട്ട കാലി ഷാബി മെഹ്ബൂബ് എന്ന വനിത ഇപ്പോള്‍ ഈ രംഗത്ത് പ്രസിദ്ധയാണ്.

Photo: Wikimedia Commons

ജാതിയുടെ പേരില്‍ നാഗസ്വര വിദ്വാന്‍മാര്‍ അവഗണന നേരിട്ടിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാടുതുറൈ, മായാവരം, കുംഭകോണം, തിരുവാരൂര്‍, കുളിക്കരൈ, തിരുവിടൈമരുതുര്‍ എന്നിവിടങ്ങളിലെ ശൈവപ്പിള്ള, മുതലിയാര്‍ ജാതിയില്‍ പെട്ടവര്‍ക്ക് കുലത്തൊഴില്‍ പോലെ തന്നെയായിരുന്നു നാഗസ്വര വായന. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ മംഗളവാദ്യമായി ഉപയോഗിച്ചിരുന്നുവെങ്കിലും അന്ന് ഉയര്‍ന്ന ജാതിക്കാരുടെ വീടുകളില്‍ നടക്കുന്ന വിവാഹച്ചടങ്ങുകളില്‍ വീടിന് മുന്‍വശത്ത് അല്ലെങ്കില്‍ പുറകുവശത്ത് മാത്രമേ ഇവരെ നിര്‍ത്തുകയുള്ളു. ഷര്‍ട്ടോ മേല്‍ വസ്ത്രമോ ധരിക്കാന്‍ പാടില്ല. മേല്‍വസ്ത്രം അരയില്‍ ചുറ്റി നില്‍ക്കണം. അതിഥികള്‍ എല്ലാവരും കഴിച്ചതിന് ശേഷമേ ഇവരെ സദ്യക്ക് ക്ഷണിച്ചിരുന്നുള്ളു. ഇതിന് ഒരു മാറ്റം കൊണ്ടു വന്നത് രാജരത്തിനം പിള്ളയാണെന്ന് പറയാം. തന്റെ അനിതരസാധാരണമായ സിദ്ധി കൊണ്ട് കര്‍ണാടക സംഗീത രാഗങ്ങള്‍ നാഗസ്വരത്തില്‍ വായിച്ച് കീര്‍ത്തി നേടിയ അദ്ദേഹം വായ്പ്പാട്ട് പാടുന്നവര്‍ക്ക് ഒട്ടും താഴെയല്ല താനെന്ന് തെളിയിച്ചു. നാഗസ്വരവാദകര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ശാഠ്യത്തോടെ തന്നെ നേടിയെടുത്തു.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നാഗസ്വര വിദ്വാന്മാരില്‍ അഗ്രഗണ്യന്‍ 85 വയസുള്ള തിരുവിഴ ജയശങ്കറാണ്. പിതാവ് തിരുവിഴ രാഘവപ്പണിക്കരുടെ പാത പിന്‍തുടര്‍ന്ന് ഈ രംഗത്തെത്തിയ അദ്ദേഹത്തെ നാഗസ്വരത്തിന്റെ വിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കാം.

തിരുവിഴ ജയശങ്കര്‍

ക്ഷേത്രങ്ങളില്‍ നിന്നുതന്നെയാവണം നാഗസ്വരത്തിന്റെ തുടക്കം. ജനങ്ങളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശബ്ദം കൂടിയ വാദ്യോപകരണങ്ങളായ നാഗസ്വരവും തകിലും ഉപയോഗിച്ചിരിക്കാം. തമിഴ്‌നാട്ടിലെ ആഴ്വാര്‍ തിരുനഗരി. ചിദംബരം, രാമേശ്വരം ക്ഷേത്രങ്ങളിലും കേരളത്തിലെ പത്മനാഭ സ്വാമി ക്ഷേത്രം, വൈക്കം, ഏറ്റുമാനൂര്‍, ഓമല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും കരിങ്കല്ലില്‍ തീര്‍ത്ത നാഗസ്വരങ്ങളുണ്ടെന്ന് തിരുവിഴ ജയശങ്കര്‍ എഴുതിയ നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചലച്ചിത്രഗാനങ്ങളില്‍ ഇപ്പോള്‍ നാഗസ്വരം അധികം ഉപയോഗിക്കാത്തതിന് കാരണം അത് ശ്രുതിചേര്‍ക്കാന്‍ വിഷമമുള്ള ഉപകരണമായത് കൊണ്ടാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്ത് വളരുന്ന ഒരു പ്രത്യേക തരം വൃക്ഷത്തിന്റെ തടിയാണത്രെ നാഗസ്വരത്തിന്റെ ഒളവ് അഥവാ ഉടല്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. ഉടലിന്റെ അറ്റത്ത് കാണുന്ന കോളാമ്പി പോലെയുള്ള കീഴ്ഭാഗത്തിന് അണശ് എന്നാണ് പറയുക. വാകമരത്തിന്റെ തടി കടഞ്ഞാണ് ഇത് നിര്‍മ്മിക്കുന്നത്. നാഗസ്വരത്തിന് ശബ്ദം നല്‍കുന്ന റീഡ് നിര്‍മ്മിക്കുന്നത് കാവേരി തീരത്ത് വളരുന്ന ഒരു പുല്ലില്‍ നിന്നാണ്. റീഡ് ജീവാളിയെന്നും ശീവാളിയെന്നും അറിയപ്പെടുന്നു. ഇതിന് പുറമെ കണ്ടൈ എന്ന വാല്‍വ് പോലെയുള്ള ചെമ്പ് തകിടും കൂടി ചേരുമ്പോഴാണ് നാഗസ്വരം പൂര്‍ണമാവുക.

തമിഴ്‌നാട്ടില്‍ തഞ്ചാവൂരിനും മയിലാടുതുറൈക്കും ഇടയിലുള്ള നരസിംഗന്‍ പേട്ടൈ, തിരുവാടുതുറൈ, തിരുവലങ്കാട്ട് എന്നീ ഗ്രാമങ്ങളാണ് നാഗസ്വര നിര്‍മ്മാണത്തിന് പേര് കേട്ടത്. തേരഴന്തൂര്‍, വാഞ്ചൂര്‍ എന്നീ ഗ്രാമങ്ങളിലും നാഗസ്വര നിര്‍മാണ കേന്ദ്രങ്ങളുണ്ട്.

ചലച്ചിത്രഗാനങ്ങളില്‍ ഇപ്പോള്‍ നാഗസ്വരം അധികം ഉപയോഗിക്കാത്തതിന് കാരണം അത് ശ്രുതിചേര്‍ക്കാന്‍ വിഷമമുള്ള ഉപകരണമായത് കൊണ്ടാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. നാഗസ്വരത്തില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്റെ ശ്രുതി ചേര്‍ക്കാന്‍ നാഗസ്വര കലാകാരന്‍മാര്‍ വിഷമിക്കുന്നുണ്ട്.

അഞ്ച് ഭാര്യമാരും എട്ട് സീറ്റുകളുള്ള ബ്യൂക്ക് കാറും ഉണ്ടായിരുന്ന രാജരത്തിനം പിള്ളയുടെ തിരുവാടു തുറൈയിലെ വീട് 2021-ല്‍ ഇടിച്ചു നിരത്തപ്പെട്ടു. അദ്ദേഹം ഉപയോഗിച്ചിരുന്ന നാഗസ്വരം ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. താന്‍ ദത്തെടുത്ത മകന്‍ ശിവജിയുടെ വിവാഹം ആഢംബരപൂര്‍ണമായി നടത്താനാണത്രെ അദ്ദേഹത്തിന് വീട് വില്‍ക്കേണ്ടി വന്നത്.

നാഗസ്വരത്തില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് ജീവിതത്തിന്റെ ശ്രുതി ചേര്‍ക്കാന്‍ നാഗസ്വര കലാകാരന്‍മാര്‍ വിഷമിക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്ന്​ കേരളത്തില്‍ തന്റെ പ്രിയപ്പെട്ട ഇടമായ ആലപ്പുഴയില്‍ കച്ചേരി നടത്തിയ ശേഷം പിന്നെയും മൈലാപ്പൂരിലേക്ക് അദ്ദേഹം തിരികെ യാത്ര ചെയ്തു. കച്ചേരിക്ക് പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അനുസരിച്ചില്ല. ഇതിന് ഒരു കാരണം സാമ്പത്തിക ബുദ്ധിമുട്ടാണെന്നും പറയപ്പെടുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് ആകാശവാണിയില്‍ ഒരു റെക്കോഡിംഗ് ഉണ്ടായിരുന്നു. സാവേരി രാഗത്തില്‍ വായിക്കണമെന്നായിരുന്നു അദ്ദേഹത്തോട് നിര്‍ദേശിച്ചതെങ്കിലും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് വിരുദ്ധമാണ് സാവേരി എന്നും അതിനാല്‍ വരാളിയില്‍ തുടങ്ങാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അന്ന് ധന്യാസിയിലും കേദാരത്തിലും അദ്ദേഹത്തിന്റെ വായന റെക്കോഡ് ചെയ്തുവെന്ന് ടി. ശങ്കരന്‍ എഴുതുന്നു.

ശ്രീകുമാരന്‍ തമ്പി

അദ്ദേഹത്തിന്റെ അവസാന ഗാനം കാനഡ രാഗത്തില്‍ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്ന നടന്‍ എം. ആര്‍. രാധ പറഞ്ഞതായി ടി. ശങ്കരന്‍ എഴുതിയ ലഘു ജീവചരിത്ര കുറിപ്പില്‍ പറയുന്നുണ്ട്. എങ്കിലും തോടിയുമായാണ് രാജരത്തിനം പിള്ളയുടെ പേര് എന്നും പറഞ്ഞു കേട്ടിട്ടുള്ളത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തോടി വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

1956 ഡിസംബര്‍ 12ന് ആ നാഗസ്വരം നിശ്ശബ്​ദമായി.

‘‘തട്ടാര് കേട്ടോ, പിള്ളയദ്ദേഹം പോയി’’ എന്ന് പറഞ്ഞു.
അപ്പന് ഒന്നും മനസിലായില്ല. ‘ആര്?’
‘എന്താ പറയിണത്? നമുക്ക് പിള്ളയദ്ദേഹം ന്നാ ഒരാളല്ലേയുള്ളൂ?’
‘‘നാദസ്വര ചക്രവര്‍ത്തി തിരുവാടുതുറൈ രാജരത്തിനം പിള്ള പോയെടോ... രത്‌നമല്ലേ ഇദ്ദേഹം? രത്‌നങ്ങളില്‍ വച്ച് രാജാവാ! മരിച്ചു പോയെടോ. കൂടെ തോടിയും കൊണ്ടു പോയെടോ…’’

പെട്ടെന്ന് നായിഡു നെഞ്ചത്ത് ഓങ്ങിയടിച്ച് അലറി.
‘‘പെരുമാളാണു സത്യം. ഇനി ഇക്കാതു കൊണ്ട് തോടി ഞാന്‍ കേക്കൂല. സത്യം!’’
നായിഡു തളര്‍ന്ന് പണിയാലയുടെ തിണ്ണയില്‍ ഇരുന്നു. നെഞ്ഞത്തും തലയിലും അടിച്ചു കരഞ്ഞു. അവിടെ കിടപ്പായി.
എന്നാല്‍ അപ്പന്‍ ഒന്നും പറഞ്ഞില്ല. കൈയിലെ കിടുക്കിയും കൊരടും ഒരു സെക്കന്‍ഡു പോലും താഴ്ത്തിയില്ല. പണി ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ കണ്ണീര്‍ തുളുമ്പുന്നുണ്ടായിരുന്നു.
(തേനീച്ച - ജയമോഹന്‍).

(വിവരങ്ങള്‍ക്ക് കടപ്പാട്: തിരുവിഴ ജയശങ്കര്‍, അമ്പലപ്പുഴ ഗോപകുമാര്‍, ശ്രീകുമാരന്‍ തമ്പി)

Comments