പാടിത്തിമിർക്കുന്ന ആൺസൗഹൃദങ്ങൾ

രസകരവും ആഹ്ലാദകരവും കൗതുകകരവുമായ ചില ആൺസൗഹൃദപാട്ടുകളാണ് ഇന്ന് ഞാൻ അവർക്കൊപ്പം പാടുന്നത്. ചികഞ്ഞുനോക്കിയാൽ ചിലതിൽ സ്ത്രീവിരുദ്ധത കണ്ടെത്താനായേക്കും. പക്ഷേ പ്രത്യക്ഷത്തിൽ അവ നിരുപാധികമായ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. ഒരാണായി ജനിച്ചാലും തെറ്റില്ല എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന പാട്ടുകൾ- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു.

പടംപാട്ടുകൾ- 10

“മാരിവില്ലിൻ‍ ഗോപുരങ്ങൾ
വെണ്ണിലാവാൽ മച്ചകങ്ങൾ
മോടികൂട്ടാൻ മേടസൂര്യൻ
കാവലാളായ് നീലരാത്രി

കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാൻ വാ
മാരിവില്ലിൻ ഗോപുരങ്ങൾ
വെണ്ണിലാവാൽ മച്ചകങ്ങൾ…’’

സമ്മർ ഇൻ ബത്‍ലഹേമിലെ ഗാനമാണിത്.
പുരുഷ സൗഹാർദ്ദദിനം കടന്നുപോയപ്പോഴാണ് മലയാള സിനിമയിലെ പുരുഷസൗഹൃദഗാനങ്ങളുടെ നീണ്ട ലിസ്റ്റ് തയ്യാറാക്കിവെച്ചത്. ആഹ്ലാദദായകവും കുസൃതി നിറഞ്ഞതും ഉത്സവസ്വഭാവമുള്ളതും വേദനാനിർഭരവുമായ അത്തരം ധാരാളം ഗാനങ്ങളാണ് മലയാള സിനിമകളിലുള്ളത്. അവയിൽ ചിലതാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.

സൗഹൃദം എന്ന സത്യത്തിന് ഹിന്ദുസ്ഥാൻ- ചൈനീസ്‌സാമ്രാജ്യങ്ങളേക്കാൾ പഴക്കമുണ്ടെന്നാണ് തോറോ പറയുന്നത്. രക്തബന്ധമോ ശാരീരികബന്ധമോ ഇല്ലാതെ തന്നെ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന സ്നേഹവും അന്യോന്യമുള്ള ഉദാരതയുമാണതെന്ന് ഓക്സ്ഫോഡ് നിഘണ്ടു. എന്നാൽ അതിന്റെ സ്വകാര്യതയും തീവ്രതയും വിവരിക്കുവാൻ ഒരു നിഘണ്ടു മതിയാകില്ല. ചിലപ്പോഴെങ്കിലും ആൺകൂട്ടായ്മകളുടെ ഒരു ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിപ്പിക്കുന്ന ചില ഗാനങ്ങൾ ഓർത്തെടുക്കുകയാണ്.

സാമൂഹിക ഇടങ്ങളിലെ പെൺസൗഹൃദങ്ങളേക്കാൾ വളരെ പഴക്കമുള്ളതാണ് ആൺസൗഹൃദങ്ങൾ. പെണ്ണുങ്ങൾ അകത്തളങ്ങളിലും പണിസ്ഥലങ്ങളിലും അമ്പലക്കുളക്കടവുകളിലും ലേഡീസ് ഹോസ്റ്റലുകളിലും അടുക്കളയുടെ വടക്കുപുറത്തും പകലുകളിലും മാത്രമായി സൗഹൃദങ്ങൾ ഒതുക്കിയിരുന്ന കാലത്തും ആൺസൗഹൃദങ്ങൾക്ക് കൂടുതൽ തുറവി കിട്ടിയിരുന്നു. അവർക്ക് ചൂതാട്ടക്ലബ്ബുകളും ഉത്സവപ്പറമ്പുകളും കള്ളുഷാപ്പുകളും രാത്രികളും വെളിമ്പറമ്പുകളും എല്ലാം അനുവദനീയമായിരുന്നു. ക്രിസ്തുമസും പെരുന്നാളും ന്യൂ ഈയറും പുലികളിയും പൂരവും ആനയോട്ടവും ജെല്ലിക്കെട്ടും വള്ളംകളിയും സമരവും തിരഞ്ഞെടുപ്പും വിഷുവും ഓണവുമെല്ലാം ആണുത്സവങ്ങളായിരുന്നു, അടുത്ത കാലം വരെയും.

നിയന്ത്രണങ്ങളേതുമില്ലാത്തതിനാൽ ആണുങ്ങളുടെ സൗഹൃദങ്ങൾക്ക് വലിയ ഊർജ്ജമാണ്. നല്ല താളമാണ്. ബഹളമയമാണ്. ചിരിയാണ്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ അവർ തങ്ങളുടെ ഇടത്തെ ഉത്സവഭരിതമാക്കും. അവരിൽ സുഹൃത്തുക്കളായ നാലാൾ കൂടിയാൽ വഴിയരികിലും അവർക്കതുത്സവമാക്കാനാകും. സാമൂഹ്യ സാഹചര്യങ്ങൾ അവർക്കനുകൂലമാണെന്നതിന്റെ ധൈര്യം ആ സൗഹൃദങ്ങൾക്ക് കുറച്ചൊരഹങ്കാരവും നൽകുന്നുണ്ട്.

വിധ്വംസകമായ ആണരങ്ങുകളിലേക്കല്ല, രസകരവും ആഹ്ലാദകരവും കൗതുകകരവുമായ ചില ആൺസൗഹൃദപാട്ടുകളാണ് ഇന്ന് ഞാൻ അവർക്കൊപ്പം പാടുന്നത്. ചികഞ്ഞുനോക്കിയാൽ ചിലപ്പോൾ ചിലതിൽ സ്ത്രീവിരുദ്ധത കണ്ടെത്താനായേക്കും. പക്ഷേ പ്രത്യക്ഷത്തിൽ അവ നിരുപാധികമായ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. ഒരാണായി ജനിച്ചാലും തെറ്റില്ല എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന പാട്ടുകൾ.

ഓർമ്മയിലേക്ക് ആദ്യമെത്തുന്നത് യോദ്ധ എന്ന ചിത്രത്തിലെ മോഹൻലാലും ജഗതി ശ്രീകുമാറും ചേർന്നുള്ള കാവിലെ പാട്ടുത്സവം തന്നെ.

“പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗ്ഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..”

തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനും. സിനിമയിലെ അവരുടെ വഴക്കുകളും കള്ളത്തരങ്ങളും കുസൃതികളും ഒക്കെ സൗഹൃദത്തിന്റെ കലങ്ങിമറിയലുകളാണ്. അവിടെ കൗശലം പ്രയോഗിക്കൽ, കവിണക്കല്ലെറിയൽ, രഹസ്യം വെളിവാക്കൽ, പിന്നിൽനിന്ൻ കുത്തൽ ഒക്കെയുണ്ടാകും. പക്ഷേ അശോകൻ എന്നാൽ മറ്റൊരു അപ്പുക്കുട്ടൻ തന്നെ എന്ന ഒരു തോന്നലുണ്ടാക്കുന്ന ഒരന്തരീക്ഷവുമുണ്ട്. ചെറിയ കാര്യങ്ങളിൽ പരസ്പരം പാര പണിയുന്ന ഇവരിൽ ഒരാൾ ‍ പോയാലും അയാളുടെ കാര്യങ്ങൾ നോക്കിനടത്താൻ മനസ്സുണ്ടാകുന്ന മറ്റേ ആളുണ്ടാകും എന്നൊരുറപ്പ്. അത്രമാത്രം പരസ്പരപൂരകമാണത്. ഒരു പങ്കാളിത്തജീവിതമാണ് അശോകനും അപ്പുക്കുട്ടനും അനുഭവിക്കുന്നത്.

ഒതുങ്ങി പതുങ്ങിയൊതുങ്ങി ചുളുങ്ങി ച്ഛെ ച്ഛെ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടിയനു ഞാനെതിരല്ലട പോ

ബിച്ചു തിരുമലയുടെ വരികൾക്ക് എ. ആർ. റഹ്മാന്റെ ഈണം. ഗാനം ചുണ്ടിലൊരു ചെറുചിരിയോടെ അല്ലാതെ പകർത്താൻ കൂടിയാകുന്നില്ല.

“മോറ പറയാൻ നൊണ പറയാൻ
അടിയനുമുണ്ടേ പൊങ്ങച്ചം…
അടി പറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊക
മനസിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ”

ഇവിടെ പൊളിട്ടിക്കലി ഇൻകറക്ടായ ബോഡിഷേമിങ്ങോ തെറിവിളിയോ വാടാ പോടാ വിളിയോ ഒക്കെയുണ്ട്. പക്ഷേ അനുഭവപ്പെടുന്നതോ സൗഹൃദത്തിന്റെ ഇളക്കങ്ങളായി മാത്രം.
ഇവിടെ പൊളിട്ടിക്കലി ഇൻകറക്ടായ ബോഡിഷേമിങ്ങോ തെറിവിളിയോ വാടാ പോടാ വിളിയോ ഒക്കെയുണ്ട്. പക്ഷേ അനുഭവപ്പെടുന്നതോ സൗഹൃദത്തിന്റെ ഇളക്കങ്ങളായി മാത്രം.

ഇവിടെ പൊളിട്ടിക്കലി ഇൻകറക്ടായ ബോഡിഷേമിങ്ങോ തെറിവിളിയോ വാടാ പോടാ വിളിയോ ഒക്കെയുണ്ട്. പക്ഷേ അനുഭവപ്പെടുന്നതോ സൗഹൃദത്തിന്റെ ഇളക്കങ്ങളായി മാത്രം.

യഥാർഥ സൗഹൃദത്തെ കുറിച്ചു പറയുമ്പോൾ, ‘മുപ്പിരിച്ചരട് എളുപ്പം പൊട്ടുകയില്ല’ എന്ന ബൈബിൾ വചനമാണ് ഓർമ വരുന്നത്. ഒരാൾ വീണാൽ മറ്റേയാൾ താങ്ങിയെടുക്കും. രണ്ടുപേരും ഒരുമിച്ചുവീണാൽ പരസ്പരം ചൂടു നൽകും. സൗഹൃദം സ്നേഹബന്ധങ്ങളിൽ വെച്ചേറ്റവും ഉദാത്തമായത് തന്നെ. കാരണം അത് കാലത്താൽ ദൃഡീകരിക്കപ്പെട്ടതാണ്. പ്രണയത്തിലേതുപോലെ വ്യർഥമായ ഭയങ്ങളോ ആസക്തമായ അസൂയകളോ ഇല്ല. ജ്വലിപ്പിക്കുന്ന തരം കാറ്റുകളുമില്ല. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാർഥമായ ആദരവും മാത്രം.

ചമയം എന്ന ഭരതൻ ചിത്രത്തിലെ മുരളിയും മനോജ് കെ ജയനും അവതരിപ്പിക്കുന്ന ആ ഗാനരംഗം ഓർത്തുനോക്കൂ.

“അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കിനടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല
ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ
മൂപ്പര് പോണതാണേ’’

കൈതപ്രം എഴുതി ജോൺസൺ ഈണമിട്ട പാട്ടുകളാണ് ചമയമെന്ന ചിത്രത്തിന്റെ ജീവൻ. ഈ പാട്ടും കടപ്പുറത്തെ ആ നൃത്തവും കഴിയുന്നതോടെയാണ്, നാടകം ജീവവായു ആയിരുന്ന എസ്തപ്പനാശാനും ആൻ്റോയും സുഹൃത്തുക്കളാകുന്നത്. അവരുടെ സ്നേഹത്തിന്റെ നിത്യാടയാളമായി ഈ അനശ്വര ഗാനരംഗം പ്രേക്ഷകർ ഉള്ളിൽ സൂക്ഷിക്കുന്നു. മികച്ച അഭിനേതാക്കളാണ് മത്സ്യത്തൊഴിലാളികൾ കൂടിയായ ഈ കൂട്ടുകാർ. ‘മലർപ്പൊടി തട്ടിക്കലപില കൂട്ടണ താളത്തുമ്പികണക്കെ’ ആൻ്റോ, ‘ആ മണപ്പുറമാകെ ത്തമികിടതികൃതത്തെയ് താകിട തിമൃതത്തെയ്’ എന്ന് ചാടിത്തുള്ളുമ്പോൾ എസ്തപ്പാനാശാന്റെ അമ്പരപ്പും കൗതുകവും പ്രതീക്ഷയും ചാകര വന്ന കണക്കെ, ആകാശത്തോളം ഉയരുകയാണ്. മഹത്തായ കലയിലുള്ള അഭിനിവേശം രണ്ടു മനുഷ്യരെ ഒന്നാക്കുകയാണ്. എസ്തപ്പാനാശാനും അയാൾ കണ്ടുനിൽക്കുന്ന ആൻ്റോയുടെ നൃത്തച്ചുവടുകളും.. അവിടെ നിന്ന് ചിത്രത്തിൽ പുതിയതെന്തോ ഉടലെടുക്കുകയാണ്.

അടുത്തത് മമ്മൂട്ടിയും കുറെ യുവാക്കളും ഒരു ക്രിസ്മസ് രാത്രിയുമാണ്. ക്രിസ്മസ് ന്യൂ ഈയർ ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത പാട്ടാണ് ജോണി വാക്കറിലേത്.

“ശാന്തമീ രാത്രിയിൽ
വാദ്യഘോഷാദികൾ കൊണ്ടു വാ,
ഓഹോ, കൊണ്ടു വാ
കൊമ്പെട്…
ജും തജുംതജുംതജും തജുംതജും
കുറുംകുഴൽ കൊട്…
ജും തജുംതജുംതജുംത ജും ജുംജും
തപ്പെട്…
ജും തജുംതജുംതജും തജുംതജും
തകിൽ പുറം കൊട്…
ജും തജുംതജുംതജും തജുംതജും
നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവേ…’’

യേശുദാസിന്റെ ശബ്ദത്തിൽ നഗരരാത്രിയുടെ ലഹരിയിൽ അവർ അതിമനോഹരമാക്കിയ ഒരു ഉത്സവഗാനം. അനിയനോടൊപ്പം കോളേജിൽ ചേർന്നു പഠിക്കാൻ വരുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേഷവും ഹെയർ സ്റ്റൈലും നൃത്തവും അതിനിടയിലെ തലവെട്ടിക്കലും എല്ലാം യുവാക്കൾക്ക് ചേരുന്ന തരത്തിലായിരുന്നു. യുവസുഹൃത്തുക്കൾക്കൊപ്പം കോളേജ് ടൂറിനൊക്കെ പോകുമ്പോൾ അധ്യാപകർക്കും കൂടെ നൃത്തം ചെയ്യാൻ പ്രേരണ തരുന്ന ഗാനം. ഈ പാട്ട് ഓർക്കുമ്പോൾ തന്നെ ജും തജും തജും എന്നൊരു ബീറ്റ് വന്ന് ചങ്കിൽ തമ്പേറടിക്കാൻ തുടങ്ങും. സിനിമയിൽ ഇത് ഒരു ആണാഘോഷമാണെങ്കിലും ഈ പാട്ടിനൊപ്പം ഇന്ന് പെൺകുട്ടികളും നൃത്തം ചെയ്യുന്നത് അത്യാവേശത്തിൽ തന്നെയാണ്.

പാട്ട് ഓർക്കുമ്പോൾ തന്നെ ജും തജും തജും എന്നൊരു ബീറ്റ് വന്ന് ചങ്കിൽ തമ്പേറടിക്കാൻ തുടങ്ങും. സിനിമയിൽ ഇത് ഒരു ആണാഘോഷമാണെങ്കിലും ഈ പാട്ടിനൊപ്പം ഇന്ന് പെൺകുട്ടികളും നൃത്തം ചെയ്യുന്നത് അത്യാവേശത്തിൽ തന്നെയാണ്.
പാട്ട് ഓർക്കുമ്പോൾ തന്നെ ജും തജും തജും എന്നൊരു ബീറ്റ് വന്ന് ചങ്കിൽ തമ്പേറടിക്കാൻ തുടങ്ങും. സിനിമയിൽ ഇത് ഒരു ആണാഘോഷമാണെങ്കിലും ഈ പാട്ടിനൊപ്പം ഇന്ന് പെൺകുട്ടികളും നൃത്തം ചെയ്യുന്നത് അത്യാവേശത്തിൽ തന്നെയാണ്.

ഗിരീഷ് പുത്തഞ്ചേരി ഗാനരചനാ രംഗത്ത് ചുവടുറപ്പിച്ച ഈ ഗാനത്തിന്റെ ഉത്സവലഹരി നിറഞ്ഞ ഈണം എസ്. പി. വെങ്കിടേഷിന്റെതാണ്. എപ്പോൾ കേട്ടാലും കൂടെ നൃത്തം ചെയ്യണമെന്ന് ആവേശം തോന്നിപ്പിക്കുന്ന ഗാനം. ആഘോഷത്തിൽ പങ്കുചേരാൻ വിളിക്കുന്ന ആ വിളി ഒന്നു കേട്ടു നോക്കൂ. ആരായാലും കൂടെച്ചേർന്ന് ആടിപ്പോകും.

“ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ താണാടും സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര്
കാതോരം പാടാൻ വാ
പാഴ് പൂരം കാണാൻ വാ
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും ജും ജും’’…

നമ്പർ 20 മദ്രാസ് മെയിലാണ് ആൺ സൗഹൃദങ്ങളിലെ കുസൃതി കൊണ്ട് കൊതിപ്പിച്ച മറ്റൊരു ചിത്രം. ഷിബു ചക്രവർത്തി എഴുതി ഔസേപ്പച്ചൻ ഈണമിട്ട പാട്ട്:

“പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചള കുണുക്കുമിട്ടു വിൺരഥം
കടന്നെത്ര വേഗം എങ്ങു മാഞ്ഞുപോയ്
നീലനഭസ്സിൻ മേഘപടത്തിൽ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം’’

പകൽ എത്ര വേഗമാണ് അസ്തമിച്ചുപോയത് എന്ന ആവേഗമുള്ള വരികൾക്ക് അത്രതന്നെ വേഗതയുള്ള ഈണം കൊണ്ട് ചടുലമാക്കി ഔസേപ്പച്ചൻ. കാലവേഗത്തെ കുറിച്ചുള്ള യുവത്വത്തിന്റെ പിടപ്പുകൾ ഈ വരികളിലുണ്ട്. പിച്ചളക്കുണുക്കുമിട്ടു വേഗത്തിൽ മാഞ്ഞുപോകുന്ന ആ വിൺരഥത്തിലെ താഴികക്കുടം ഒരു കൗതുകം തീരാത്ത കാവ്യബിംബമായി മനസ്സിൽ.

“വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതിയൂതിയൂതിപൂന്തെന്നലോ
ആഴി തൻ കൈകളോ ആവണി പൈതലോ
ആരു പൊൻ ആലയിൽ തീർത്തു
മിന്നും പതക്കങ്ങൾ’’

എത്ര മനോഹരമായ കൽപനകൾ.
പകൽ എങ്ങോ പോയൊളിച്ചു. ഉരുകി വീണ പകലിനെ, തീരങ്ങളിലെ മൺകൂരയിലെ ഉലയിൽ പൂന്തെന്നൽ തീയൂതിയൂതി മാലതീർക്കുന്ന ഭാവന എന്നും അത്ഭുതപ്പെടുത്തുന്നതാണ്. ആ പൊന്നാലയിൽ ആഴി തീർത്ത മിന്നും പതക്കങ്ങളാണത്രേ നക്ഷത്രങ്ങൾ. യുവമനസ്സുകളുടെ കാഴ്ചകളുടെ തിളക്കം മുഴുവൻ ഷിബുവിന്റെ വരികളിലുണ്ട്.


ഏറെക്കുറെ ഉന്മത്തരും തന്നിഷ്ടം നടത്തുന്നവരുമായ യുവാക്കളുടെ തീവണ്ടിയാഘോഷമാണ്. മോഹൻലാലും മണിയൻപിള്ള രാജുവും ജഗദീഷും, കൂടെ അതിഥിയായി മമ്മൂട്ടിയും ചേർന്നുള്ള നായകകഥാപാത്രങ്ങളുടെ ഒരാഘോഷമാണ് സിനിമയുടെ ആദ്യ പകുതിയിൽ. ഇത്തരം ആണത്ത ആഘോഷങ്ങൾ യഥാർഥ ജീവിതത്തിലെ ഒരു തീവണ്ടിയാത്രയിൽ സഹിച്ചിരിക്കാനാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ട്രെയിനിലെ ഈ രംഗവും മോഹൻലാലിന്റെ ടോണിയുടെയും കൂട്ടുകാരുടെയും നിഷ്കളങ്കമായ കുസൃതികളും എത്രയാവർത്തി കണ്ടാലും മടുക്കുന്നില്ല. അന്നൊക്കെ ഏതു ട്രെയിൻ കണ്ടാലുമത് നമ്പർ 20 മദ്രാസ് മെയ്ൽ എന്നൊരു കൗതുകചിന്ത ഉണർത്താൻ പ്രേരകമായിരുന്നു ആ ചിത്രം.

സിദ്ദിഖ്- ലാൽ എന്നത് മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു ആൺ കൂട്ടുകെട്ടായിരുന്നു. മലയാള സിനിമക്ക് എന്നെന്നും ഓർമ്മിക്കാനുള്ള ആഘോഷക്കാലം തീർത്തവർ.

“ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ’’

എന്ന വരികൾ സിദ്ദിഖ്- ലാൽ സിനിമകൾക്കും ഇണങ്ങുന്നതാണ്.

“വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയിൽ ചേക്കയുണരും
വാലുവിറയൻ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെൻ കുറുവാലൊന്നനങ്ങുമ്പോൾ’’

എത്ര കണ്ടാലും ചിരി തീരാത്ത ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളണി , ക്രോണിക് ബാച്ച്ലർ, റാംജി റാവ് സ്പീകിങ്, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സിനിമകളിലെല്ലാം ഈ ആൺ കൂട്ടുകെട്ടുകളുടെ തീരാത്ത വികൃതികളും ആഘോഷങ്ങളും യുവത്വത്തിന്റെ തൊഴിലില്ലായ്മ പ്രശ്നങ്ങളും അവർ ചെന്നു പെടുന്ന പ്രണയക്കുരുക്കുകളുമെല്ലാമുണ്ട്.

“പൂവനഹങ്കാരം ഇവിടിനി ഞാൻ
കൊക്കരകോ കൂവുകയില്ലെങ്കിൽ
എതുവഴിയേ പുലരിവരും
ഉശിരേറിയാൽ പുലിപുല്ലെടാ...
ഉശിരില്ലെന്നതു നേരെടാ...
എലിതുമ്മിയാൽ മലവീഴുമോ....
എരിതീയിൽ ചിരി വേവുമോ…”

ആലോചിച്ചു നോക്കിയാൽ ഇതിലെ ഓരോ വരിയിലുമുണ്ട് യുവത്വബഹളങ്ങളുടെ അർഥശൂന്യതയെ കുറിച്ചുള്ള ഗൗരവചിന്തകൾ. മലയാളത്തിലെ എല്ലാ ജോണറുകളിലും ഹിറ്റുണ്ടാക്കിയ ബിച്ചുതിരുമലയുടെ വരികൾ.

‘‘കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ
പായുംമൊരു പുഴയുടെ തിരയിലെ
നുരയുടെ തരിയിവർ’’

ഇതൊക്കെയറിയാം. എങ്കിലും അവർ ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻ കിനാക്കളെ എല്ലാം ഒന്നിച്ചെടുത്ത് കരളിന്നകത്ത് ചില്ലിട്ടു വെക്കുകയാണ്. ഒരു പഴഞ്ചൊല്ലുണ്ട്: ''മനുഷ്യർ സൗഹാർദ്ദപരമായി വർത്തിക്കുമ്പോൾ ജലം പോലും മധുരതരമാകും." ശരിയാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും പോലും ഈ കൂട്ടുകെട്ടുകൾ അവർ കൈവിടാറില്ല. ഈ ചലച്ചിത്രങ്ങൾ ഇന്നും നമ്മെ രസിപ്പിക്കുന്നത് അവയിലെ സൗഹൃദത്തിന്റെ മധുരത്തിന് കാലം കയ്പു പകരാത്തതു കൊണ്ടാണ്. ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മയും ഇൻ ഹരിഹർ നഗറിലെ ഏകാന്തചന്ദ്രികയും റാംജി റാവുവിലെ അവനവൻ കുഴിക്കുന്ന കുഴിയിൽ വീണുഴലുന്ന ഗുലുമാലും ഒക്കെ ജീവിതപ്രശ്നങ്ങൾക്കിടയിൽ ഓർത്തു ചിരിക്കാവുന്ന നർമ്മമുഹൂർത്തങ്ങൾ ധാരാളമായി സമ്മാനിക്കുന്നുണ്ട്.

സിദ്ദിഖ് ലാലിന്റെ ഫ്രണ്ട്സ് എന്ന ചിത്രത്തിലും മറ്റെന്തിനെക്കാളും സൗഹൃദത്തിന് വിലമതിക്കുന്ന മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അരവിന്ദൻ, ചന്തു, ജോയി എന്നിവരുടെ റോൾ ചെയ്യുന്നത് യഥാക്രമം ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ്. പെയിൻ്റിംഗ് ജോലി ചെയ്യാനെത്തുന്ന ബംഗ്ലാവിൽ ഈ കൂട്ടുകാർ ഒപ്പിക്കുന്ന പ്രശ്നങ്ങളും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഭാഗിക പ്രമേയം.

“പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനി പൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം”

ഒരന്തവുമില്ലാത്ത സ്വപ്നങ്ങളുടെ രാജകുമാരന്മാരാണിവർ. അവരുടെ സ്വപ്നങ്ങൾക്ക് അതിര് ആകാശമാണ്. അവരുടെ മുത്തു മനസ്സിന് ചുറ്റും മതിലും ആകാശം തന്നെ. അവർക്ക് ഒത്തിരി മേലേക്ക് പറപറക്കണം. സ്നേഹക്കരിമ്പുകൾ കൊത്തിക്കൊറിക്കണം. ചെറുതുള്ളിക്കനവിൽ അവർ പെരുവെള്ളച്ചാട്ടം കാണുകയാണ്. അവർക്ക് മോഹനിലാക്കടൽ നീന്തി കടക്കണം. പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം.

“പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം
ഹെ ഹേ ഹേ ഹേയ് ഹേയ്‌
പെണ്ണിന്നുശിങ്കാര ചേലു വേണം
ചുണ്ടത്ത് തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ
താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും
സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ലുകൊണ്ട് മേടകെട്ടി മഞ്ഞുകൊണ്ട് മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ’’

ചങ്ങാതിയാണ് ഏറ്റവും നല്ല കണ്ണാടി എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദങ്ങളാണ് സിദ്ദിഖ്- ലാലിന്റെ സിനിമകളിൽ കാണാനാകുന്നത്. ആണുങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളെ കുറിച്ച് ജി. കെ. ചെസ്ടർടൺ പറഞ്ഞതിങ്ങനെയാണ്: "പുരുഷന്റെ സുഹൃത്ത് അവനെ ഇഷ്ടപ്പെടുകയും അവനെങ്ങനെയാണോ അതുപോലെ ഉൾക്കൊള്ളുകയും ചെയ്യും: എന്നാൽ അവന്റെ കൂട്ടുകാരി അവനെ സ്നേഹിക്കുകയും നിരന്തരം അവനെ മറ്റാരോ ആക്കിമാറ്റാൻ ശ്രമിക്കുകയും ചെയ്യും’’.
പൂർണ്ണമായും യോജിക്കാനാവില്ലെങ്കിലും സിദ്ദിഖ്- ലാലിന്റെ സിനിമകളിലെ ആൺകൂട്ടുകെട്ടുകൾ ഏറെക്കുറെ ഇത് ശരിവെക്കുന്നുണ്ട്.

കാബൂളിവാലായിലെ കന്നാസിന്റെയും കടലാസിൻ്റേയും സൗഹൃദം ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ്. അവരുടേത് പിരിയാനാകാത്ത സൗഹൃദമാണ്. അവർ തമ്മിൽത്തമ്മിലും ചതിക്കില്ല, അവരെ വിശ്വസിക്കുന്നവരെയും ചതിക്കില്ല. ജഗതി ശ്രീകുമാറും ഇന്നസെൻ്റും ചേർന്നുണ്ടാക്കിയ ഈ ഇരട്ടവേഷങ്ങളിൽ ഒരിക്കലും അവർ വെറും കോമാളികളല്ല. രണ്ടു പേരുടെയും ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങൾ തന്നെയാണ് കന്നാസും കടലാസും. നമുക്കവരെ അവഗണിക്കാനുമാവില്ല. കഠിനമായ ജീവിത സാഹചര്യങ്ങളിലും അവർ ചിരിച്ചു. നമ്മളും കൂടെ ചിരിച്ചു.

“പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാക്കിളീ എന്തിനീ മൗനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല’’

തങ്ങളുടെ അവസ്ഥയുടെ കണ്ണിലൂടെ അവർ ലോകത്തിന്റെ മുഴുവൻ അവസ്ഥയെയും നിരീക്ഷിക്കുന്നുണ്ട്.

“മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ’’…

ദാസൻ- വിജയൻ കൂട്ടുകെട്ടിനോട് കിടപിടിക്കാൻ മലയാള സിനിമയിൽ പിന്നീടൊരു കൂട്ടുകെട്ടും ഉണ്ടായിട്ടില്ല. മലയാള സിനിമ എക്കാലത്തും കൊണ്ടാടുന്ന ആൺകൂട്ടുകെട്ടാണ് ദാസനും വിജയനുമായുള്ളത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ പരമ്പരസിനിമകളുടെ തുടർച്ചയായി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് അക്കരെയക്കരെയക്കരെ. An American mission of Dasan and Vijayan എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന പരസ്യവാചകം. ആ ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച ഒരു മനോഹര ഗാനമുണ്ട്:

“സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധർവ്വലോകത്തിലോ
ദീപങ്ങളോ മണ്ണിൻ താരങ്ങളോ
നാദങ്ങളോ ദേവരാഗങ്ങളോ’’

ദാസനും വിജയനും ആദ്യം തൊഴിൽരഹിതരായാണ് പ്രത്യക്ഷപ്പെട്ടത്. അവർ പല വേഷം കെട്ടി. പലരെയും കളിപ്പിച്ചു. രാത്രികളിൽ സ്വയം പരിഹസിച്ച് ചിരിച്ചു. നാളെ എന്തെന്നറിയാതെ ഊരാക്കുടുക്കുകളിൽ പെടുകയും അവരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുരുക്കുകളഴിയുന്നത് കണ്ടുനിൽക്കുകയും ചെയ്തു. സി ഐ ഡിയും പ്രൊഫഷനൽ ഡിറ്റക്ടീവുമായി. സമകാലിക രാഷ്ട്രീയത്തിലെ പല കോമാളിത്തരങ്ങളും കാണുമ്പോൾ, മലയാളി പ്രേക്ഷകർ ദാസനെയും വിജയനെയും മറയാക്കി അവരുടെ ഡയലോഗുകൾ കടമെടുത്ത് രാഷ്ട്രീയനേതാക്കന്മാരുടെ കുതന്ത്രങ്ങളെ പരിഹസിക്കാറുണ്ട്. ദാസനെയും വിജയനെയും പോലെ എത്രയോ രാത്രികളിൽ എത്രയോ ചെറുപ്പക്കാർ, “നമ്മുടെ ജീവിതവും ഉടനെ രക്ഷപ്പെടു”മെന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കാം - ഞാൻ രക്ഷപ്പെട്ടാൽ നീയും രക്ഷപ്പെടുമെന്ന് പരസ്പരം വാക്കു കൊടുത്തിട്ടുണ്ടാകാം - ഒന്നും നടക്കില്ല എന്നുറപ്പാകുമ്പോൾ “എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ടാകാം. ദാസനും വിജയനും വെറും കുട്ടിക്കളിയല്ല കളിക്കുന്നത്. തൊഴിലില്ലായ്മ, പ്രണയം, വിശപ്പ്, വിരഹം, സൗഹൃദം, രാഷ്ട്രീയം, കുടുംബം എന്ന് വേണ്ട സകല വൈകാരിക -ബൗദ്ധിക കെട്ടുപാടുകളെയും ഈ കഥാപാത്രങ്ങൾ ഇന്നും അവിസ്മരണീയമാക്കിക്കൊണ്ടിരിക്കുന്നു.

ദാസനെയും  വിജയനെയും പോലെ എത്രയോ രാത്രികളിൽ എത്രയോ ചെറുപ്പക്കാർ, “നമ്മുടെ ജീവിതവും ഉടനെ രക്ഷപ്പെടു”മെന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കാം - ഞാൻ രക്ഷപ്പെട്ടാൽ നീയും രക്ഷപ്പെടുമെന്ന് പരസ്പരം വാക്കു കൊടുത്തിട്ടുണ്ടാകാം - ഒന്നും നടക്കില്ല എന്നുറപ്പാകുമ്പോൾ “എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ടാകാം.
ദാസനെയും വിജയനെയും പോലെ എത്രയോ രാത്രികളിൽ എത്രയോ ചെറുപ്പക്കാർ, “നമ്മുടെ ജീവിതവും ഉടനെ രക്ഷപ്പെടു”മെന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കാം - ഞാൻ രക്ഷപ്പെട്ടാൽ നീയും രക്ഷപ്പെടുമെന്ന് പരസ്പരം വാക്കു കൊടുത്തിട്ടുണ്ടാകാം - ഒന്നും നടക്കില്ല എന്നുറപ്പാകുമ്പോൾ “എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ടാകാം.

“ആകാശവും ഭൂവിന്നാഘോഷങ്ങൾ
കാണുമ്പോൾ നാണിയ്‌ക്കുന്നു
ആഹ്ലാദത്തിൽ പൂക്കുമീയുന്മാദം
നമ്മെയും പന്താടുന്നൂ
മറക്കാം, ആവേശങ്ങൾ രസിക്കാം
സുഖിക്കാം.......”
എന്നവർ ഓരോ വിരസതയിലും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു പറ്റം ആൺസുഹൃത്തുക്കളുടെ അവധിക്കാലാഘോഷത്തിനായുള്ള വിനോദയാത്രക്കിടയിൽ അവരിലൊരാൾ ഗുണ ഗുഹക്കുള്ളിൽ പെട്ടുപോകുന്ന സംഭവവും അയാളെ തിരിച്ചു കിട്ടുന്നതുവരെ സുഹൃത്തുക്കളനുഭവിക്കുന്ന മാനസിക സംഘർഷവുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമക്ക് ആധാരം. ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണ ഗുഹയിൽ വീണ സുഹൃത്ത് മരിച്ചിരിക്കാമെന്ന് അധികൃതർ പറഞ്ഞിട്ടും കൂട്ടുകാരനെ അവിടെ വിട്ടിട്ടുപോകാൻ സുഹൃത്സംഘം തയ്യാറാകുന്നില്ല. ഗുണ എന്ന കമൽഹാസൻ ചിത്രത്തിനുവേണ്ടി ഇളയരാജ ഈണം നൽകിയ ഹിറ്റ് ഗാനമായ
കണ്മണീ അൻപോട് കാതലൻ നാൻ എഴുതും കടിതമേ എന്ന ഗാനത്തിന്റെ ഒറിജിനൽ, അനുവാദം കൂടാതെ ഈ ചിത്രത്തിൽ ഉപയോഗിച്ചത് വിവാദമായിരുന്നു. എങ്കിലും ഈ ഗാനത്തിന്റെ സാന്നിധ്യം ഇവരുടെ ഈ സുഹൃദ് യാത്രയിലുടനീളമുണ്ട്. കാറിൽ മാത്രമല്ല, ഗുഹയിലെ അപകടം നേരിടുമ്പോഴും ഈ ഗാനമുണ്ട് പശ്ചാത്തലത്തിൽ. ആ ഗാനം ഇന്ന് കേൾക്കുമ്പോൾ യഥാർഥ ചിത്രമായ ഗുണയല്ല, കമൽഹാസനുമല്ല, മഞ്ഞുമ്മൽ ബോയ്സിലെ ഗുഹയിൽ നിന്നുയരുന്ന, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആ നീണ്ട ഞരക്കമാണ് സംഗീതമെന്ന് തിരിച്ചറിയാനാകുന്നു. സൗഹൃദത്തിന്റെ തീവ്രത അത്രമേലാഴത്തിൽ അനുഭവിപ്പിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

സുഹൃത്തുക്കൾ ചേർന്ന ഇതു പോലൊരു കാർയാത്ര, വളരെ വർഷങ്ങൾക്കു മുൻപ് 1984- ൽ കണ്ടിട്ടുണ്ട്. കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിലാണത്. മധു അവതരിപ്പിക്കുന്ന പ്രൊഫസർ തമ്പിയും കൂട്ടുകാരായ നെടുമുടി വേണുവും ഗോപിയും കരമന ജനാർദ്ദനൻ നായരും ചേർന്നുള്ള യാത്രയും അവർക്കു പിണയുന്ന അബദ്ധങ്ങളുമാണ് ചിത്രത്തിൽ. ആ കാർ യാത്രക്കിടയിൽ അവർ പാടുന്ന ആച്ചാമരം ചാച്ചാമരം എന്ന പാട്ടു രംഗത്തിൽ ആ വിനോദയാത്രയുടെ താളക്കൊഴുപ്പ് മുഴുവനുമുണ്ട്. കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനം അക്കാലത്തെ ഒരു അടിപൊളിപ്പാട്ട് തന്നെയായിരുന്നു.

“ആച്ചാമരം ചാച്ചാമരം
ആച്ചാമരം ചാച്ചാമരം
അയ്യേ ഏസമ്മാ ഇയ്യേ ഇല്ലല്ലാ
ഈ മരത്തിന് തെല്ലു നേരം
കണ്ണിൽ തങ്ങി നിൽക്കാൻ മേലാ
ആച്ചാമരം ചാച്ചാമരം’’

ഗോപി, കാറിലും നെടുമുടി വേണു സ്വന്തം മാറിലും കൊട്ടി താളമിട്ടാണ് പാട്ട് പാടുന്നത്. കൂടുവിട്ടവർ കൂട്ടുകൂടി പാറി നടക്കുന്ന ആഹ്ലാദം, ഗാനരംഗത്തിൽ വ്യക്തമാണ്. നാടടക്കിയ ഭാവത്തിൽ മോടി കാട്ടിയുള്ള സഞ്ചാരം.

റിട്ടയർമെൻ്റ് കഴിഞ്ഞ സുഹൃത്തുക്കൾ ചിലപ്പോൾ കുടുംബത്തെ കൂട്ടാതെ അവർ മാത്രമായി വനത്തിലേക്കും നഗരങ്ങളിലേക്കും അന്യ ഭൂപ്രദേശങ്ങളിലേക്കും വിദൂര യാത്രകൾ പോകുമ്പോഴൊക്കെ, ഈ കാറിലെ സുഹൃത്തുക്കൾ പങ്കുവെക്കുന്ന ആഹ്ലാദം അവരനുഭവിക്കുന്നുണ്ടാകും എന്ന് ഞാൻ ഊഹിക്കാറുണ്ട്. ഇനിയും യാത്ര പോകുവാൻ ആലോചിക്കുന്നവരോട് പറയട്ടെ, പോകുന്നതിനു മുൻപ് യുട്യൂബിൽ കയറി ശ്യാമിന്റെ ഈണത്തിലുള്ള കാവാലത്തിന്റെ ആച്ചാമരം ചാച്ചാമരം ഒന്നു കേട്ടിട്ടു പോകൂ.

‘ജീവിതത്തിന് താളമില്ലെന്നാരു പറഞ്ഞൂ
ഈ വഴിക്കൊരു ലക്ഷ്യമില്ലെന്നാരു പറഞ്ഞൂ
കാറിന് താളമുണ്ട് കാറ്റിന് താളമുണ്ട്
നാടിനു താളമുണ്ട് നമുക്കുമുണ്ടേ താ….ളം..’

ദുരിതകാലങ്ങൾ സൗഹൃദങ്ങൾക്ക് അധിക ഇന്ധനവും ഊർജ്ജവും നൽകുകയും അതിന്റെ മൂല്യത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിക്കുന്നവയാണ് ഇവിടെ സൂചിപ്പിച്ച ചിത്രങ്ങളിൽ പലതും.

കാതൽദേശത്തിലെ ഈ എ.ആർ. റഹ്മാൻ ഗാനം ചേർക്കാതെ എങ്ങനെ എന്റെ കുറിപ്പ് അവസാനിപ്പിക്കും? വിനീതും അബ്ബാസും ചേർന്നുള്ള കടൽക്കരയിലെ ആ സൗഹൃദ നൃത്തരംഗം എങ്ങനെ മറക്കും?

‘‘മുസ്തഫാ മുസ്തഫാ
ഡോൺട് വറി മുസ്തഫാ
കാലം നം തോഴൻ മുസ്തഫാ
ഡേ ബൈ ഡേ ഡേ ബൈ ഡേ
വാഴ്കൈ പയണം ഡേ ബൈ ഡേ
മുങ്ഗാത്ത ഷിപ്പൈ ഫ്രണ്ട്ഷിപ് താൻ’’

മുസ്തഫാ എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു തന്നെ. എനിക്കു വേണ്ടിയുള്ള മറ്റൊരു ‘ഞാൻ’ തന്നെ. ഞാൻ പോയാലും എന്റെ കാര്യങ്ങൾ നോക്കിനടത്താൻ മനസ്സുണ്ടാകുന്ന ആൾ. അത്രമാത്രം പരസ്പര പൂരകമായാൽ സൗഹൃദമെന്നാൽ ഒരു പങ്കാളിത്ത ജീവിതം തന്നെയാകും. നമ്മുടെ സ്വന്തം സ്വത്വപൂർണതയെ ഓർമ്മിപ്പിക്കുന്ന സാന്നിദ്ധ്യം. അങ്ങനെ ഒരു സുഹൃത്തെങ്കിലുമുണ്ടായാൽ അത് പരമമായ ഭാഗ്യം.


Summary: S Saradakkutty's Padam Paattukal Malayalam movie songs series continuous. Part 10 discuss songs about men friendship.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments