പാട്ടിലെ കണ്ണേറുകൾ,കണ്ണോട്ടങ്ങൾ

‘‘പ്രണയമുള്ള കാമുകൻ കണ്ണിലേക്കു നോക്കുമെന്നും ആർത്തിയുള്ള കാമുകൻ മാറിലേക്കും വയറിലേക്കും നോക്കുമെന്നും ചെറുപ്പത്തിൽ തന്നെ ഒരു ബോധം ഉണ്ടായിരുന്നു. ആ രണ്ടുതരം നോട്ടത്തിനു മുന്നിലും എനിക്ക് എന്റെ ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വർധിച്ചുവന്നിരുന്നു’’- ചില നോട്ടങ്ങളുടെ അഴകിനെ കുറിച്ചാണ്, എസ്. ശാരദക്കുട്ടി ‘പടം പാട്ടുകളി’ൽ എഴുതുന്നത്.

പടംപാട്ടുകൾ- 11

ലോകാരംഭം മുതൽ ഇന്നോളമുള്ള എല്ലാ പ്രണയനാടകങ്ങൾക്കും സാക്ഷ്യം വഹിച്ച പ്രധാന അവയവം കണ്ണുകൾ തന്നെയാണ്. ദൂരെയിരുന്ന് കാമുകിയുടെ പ്രണയലേഖനം വായിക്കുമ്പോൾ, ഇൻലൻ്റിലെ നീണ്ട വരികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ നനവോടെ തന്നെ നോക്കുന്നത് കാണാറുണ്ടായിരുന്നു എന്ന് സത്യൻ അന്തിക്കാട് തന്റെ പ്രണയാനുഭവങ്ങളിൽ കുറിക്കുന്നുണ്ട്. മിഴികളിലൊഴുകുന്ന ആ വെളിച്ചം ഹൃദയത്തിനുള്ള സന്ദേശകാവ്യമാണ്.

സ്വതന്ത്രനോട്ടങ്ങൾക്കില്ലാത്ത ചില ചന്തങ്ങൾ ഒളിഞ്ഞുനോട്ടങ്ങൾക്കുണ്ട്. നിങ്ങളെ ഒരാൾ നോക്കി നിൽക്കുന്നതിഷ്ടമാണോ എന്നത് നോട്ടത്തിന് നിങ്ങൾ നൽകുന്ന അർത്ഥമനുസരിച്ചിരിക്കും. അത് തികച്ചും ആപേക്ഷികമാണ്. കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ ഉണ്ണിമേരി എന്ന കാമുകിയെ മമ്മൂട്ടി എന്ന കാമുകൻ നോക്കുന്നത് ആഭാസനോട്ടമായി തോന്നുന്നത്, കാമുകിക്കല്ല, കൂട്ടുകാരിയായ ശ്രീപ്രിയക്കാണ്.

ഒരാളുടെ നോട്ടം ആകർഷകമാകുന്നതെപ്പോഴൊക്കെയാണ്? അഴകാർന്ന ഒരു നോട്ടം ആഗ്രഹിക്കാത്തവരാരുണ്ട്? എല്ലാ നോട്ടങ്ങളും അശ്ലീലമാണോ? ചില ഒളിഞ്ഞുനോട്ടങ്ങളുടെ അഴകിനെ കുറിച്ചാണ് ഇന്നത്തെ പടം പാട്ടുകളിൽ.

കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ ഉണ്ണിമേരി എന്ന കാമുകിയെ മമ്മൂട്ടി എന്ന കാമുകൻ നോക്കുന്നത് ആഭാസനോട്ടമായി തോന്നുന്നത്, കാമുകിക്കല്ല, കൂട്ടുകാരിയായ ശ്രീപ്രിയക്കാണ്.
കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ ഉണ്ണിമേരി എന്ന കാമുകിയെ മമ്മൂട്ടി എന്ന കാമുകൻ നോക്കുന്നത് ആഭാസനോട്ടമായി തോന്നുന്നത്, കാമുകിക്കല്ല, കൂട്ടുകാരിയായ ശ്രീപ്രിയക്കാണ്.

എന്നെ കാണുന്ന കണ്ണുകളെ കൂടി മനസ്സിൽ കണ്ട് ഒരുങ്ങിച്ചമഞ്ഞ് നടന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ. ചില നോട്ടങ്ങൾക്കു മുന്നിൽ ഞാൻ സ്വയം മഴവില്ലായി മാറിയിരുന്നതും ഓർക്കുന്നു. പ്രണയമുള്ള കാമുകൻ കണ്ണിലേക്കു നോക്കുമെന്നും ആർത്തിയുള്ള കാമുകൻ മാറിലേക്കും വയറിലേക്കും നോക്കുമെന്നും ചെറുപ്പത്തിൽ തന്നെ ഒരു ബോധം ഉണ്ടായിരുന്നു. ആ രണ്ടുതരം നോട്ടത്തിനു മുന്നിലും എനിക്ക് എന്റെ ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വർധിച്ചുവന്നിരുന്നു.

കാറ്റിൽ തെന്നിത്തെറിക്കുന്ന സാരിയുടെ ഇടവഴികളിലൂടെ എതിരെ നിൽക്കുന്ന ആണിന്റെ കള്ളക്കണ്ണോടുന്നത് തിരിച്ചറിഞ്ഞപ്പോഴൊക്കെ എന്റെ ചുണ്ടിൽ ശ്യാമ എന്ന ചിത്രത്തിലെ ഷിബു ചക്രവർത്തിയുടെ വരികൾ തത്തിക്കളിക്കും.

കാറ്റത്തു ചേലത്തുമ്പൊന്നാടിയോ
കാറ്റിന്റെ കള്ളക്കണ്ണൊന്നോടിയോ
നാണിച്ചു നീ പാടി ഗമപ ഗമപ
പൂങ്കാറ്റേ പോയി ചൊല്ലാമോ ചെല്ല-
പ്പൂങ്കാറ്റേ പോയി ചൊല്ലാമോ…
കള്ളക്കണ്ണുള്ള എൻ കാമുകനോട്
എന്റെ ഉള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ…

ഒരുങ്ങുമ്പോഴൊക്കെ കള്ളക്കണ്ണുള്ള ഒരു കാമുകന്റെ സാമീപ്യം എപ്പോഴും ഞാൻ പ്രതീക്ഷിച്ചു. ഷിബു ചക്രവർത്തിയോട് നേരിട്ട് ഞാനിതു പറഞ്ഞപ്പോൾ ഉറക്കെ ഒരു ചിരിയായിരുന്നു മറുപടി.

കൊഞ്ചിക്കൊഞ്ചി
പുഞ്ചിരിച്ചാൽ
പൂനിലാവെട്ടം -
നിന്റെ
നെഞ്ചിലൊന്നു നോക്കിപ്പോയാൽ
കണ്ണിന്നു തേരോട്ടം
കണ്ണിന്നു തേരോട്ടം…

എന്ന് തിക്കുറിശ്ശി പച്ചക്ക് പറഞ്ഞുവെച്ചതിനെ തന്നെയാണ് ഷിബു ചക്രവർത്തി ഭാവഗംഭീരമായി ഒളികണ്ണോട്ടമാക്കിയത്.

ഒറ്റക്കു നടക്കുമ്പോൾ എല്ലാ നോട്ടത്തെയും ഭയന്നു ഞാൻ. ഇപ്പോൾ ആക്രമിക്കപ്പെടുമെന്ന് എന്റെ ശരീരം വിറച്ചു. എന്നാൽ എനിക്കു നേരെ വന്ന ചില കുസൃതി നോട്ടങ്ങളെ ഞാൻ നന്നായി ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുക വരെയും ചെയ്തിട്ടുണ്ട്.

ഷിബു ചക്രവർത്തി
ഷിബു ചക്രവർത്തി

കണ്ണോണ്ടോരു കൊളുത്തു
കോർത്തത് ആദ്യം ഞാനല്ലാ…
കടക്കണ്ണാൽ കഥകൾ മെനഞ്ഞതും
ആദ്യം ഞാനല്ലാ…
വല്ലാത്തൊരു പുകിലായിപ്പോയീ...
ഇത് വല്ലാത്തൊരു പുകിലായിപ്പോയീ..”

കണ്ണുകളുടെ കുസൃതികളെ കുറിച്ചും അവ എങ്ങനെയാണ് നോട്ടം മോഷ്ടിക്കുന്നതെന്നും മനോഹരമായി വിവരിക്കുന്ന മലയാളചലച്ചിത്രഗാനങ്ങളെ കുറിച്ച് ആലോചിക്കുവാൻ ഈ ഗാനമാണ് പ്രേരണയായത്.

അഴകിനെ കുറിച്ചും നോട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും എഴുതിയിട്ടുള്ളവരാണ് ലോകമെമ്പാടുമുള്ള ഭാവഗീത രചയിതാക്കളെല്ലാം. അതിൽ തുറന്ന നോട്ടവും ഒളിഞ്ഞുനോട്ടവുമുണ്ട്. ആഗ്രഹിക്കുന്ന നോട്ടങ്ങളുണ്ട്. വെറുപ്പിക്കുന്ന നോട്ടങ്ങളുണ്ട്.

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-വൈരിക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കിയാരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം”

എന്നെഴുതിയത് കുമാരനാശാനാണ്. അഴകു കാണാനുള്ളതല്ലെങ്കിൽ മനുഷ്യനു കണ്ണെന്തിനാണെന്നും നിന്റെ കണ്ണില്ലയെങ്കിൽ എനിക്ക് അഴകെന്തിനെന്നും എഴുതിയത് അയ്യപ്പപ്പണിക്കർ. ലോകമെമ്പാടുമുള്ള ലിറിക് പാരമ്പര്യങ്ങളോളം തന്നെ വരും മലയാളചലച്ചിത്രഗാനങ്ങളിലെ കണ്ണേറുകളും കണ്ണോട്ടങ്ങളും. കണ്ണിൽ കത്തുന്ന ദാഹത്തെയാണ് കവികൾ മാരദാഹമായി വിശേഷിപ്പിച്ചത്.

ക്ഷേത്രപരിസരങ്ങൾ ഏറ്റവും സുരക്ഷിതമായ പ്രണയസങ്കേതങ്ങളായിരുന്ന കാലത്ത് ഭക്തി പോലും കണ്ണേറുകൾക്കുള്ള മികച്ച അവസരങ്ങളായിരുന്നു. പാട്ടുകളിലെ കണ്ണേറുകളും കണ്ണോട്ടങ്ങളും ഏറെയും ദീപാരാധന വേളകളിൽ തന്നെയായിരുന്നു. പ്രദക്ഷിണ വീഥികളും അമ്പലങ്ങളിലെ ഇടയിരുണ്ട പാതകളും എന്നും ഹൃദയസംഗമത്തിന്റെ ശീവേലി വേളകളായിരുന്നുവെന്ന് തൂവാനത്തുമ്പികളിലെ ‘ഒന്നാം രാഗം പാടി’ എന്ന പാട്ടിൽ നാം കേൾക്കുന്നുണ്ട്.
പ്രേമപുഷ്പാർച്ചനയുടെ തിരക്കുകൾക്കിടയിൽ ലക്ഷാർച്ചന പൂജ നടന്നതറിയാതെ പോയതിൽ ഭഗവാനോട് മാപ്പു ചോദിക്കുന്ന അവിവേകിപ്പെണ്ണാണ് ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്’ എന്ന പാട്ടിലുള്ളത്. ഒരു വടക്കൻ വീരഗാഥയിലെ ധീരനായിക ഉണ്ണിയാർച്ചയുടെ പോലും അധീരമായ ആ ഒളിഞ്ഞുനോട്ടത്തെ കാമുകനായ ചന്തു തിരിച്ചറിയുന്നുണ്ട്. ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും തനിക്കായി മാത്രം വരുന്ന നോട്ടങ്ങളെ പ്രണയികൾ പരസ്പരം പിടിച്ചെടുക്കുന്നു.

ഒരു വടക്കൻ വീരഗാഥയിലെ ധീരനായിക ഉണ്ണിയാർച്ചയുടെ പോലും അധീരമായ ആ ഒളിഞ്ഞുനോട്ടത്തെ കാമുകനായ ചന്തു തിരിച്ചറിയുന്നുണ്ട്. ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും തനിക്കായി മാത്രം വരുന്ന നോട്ടങ്ങളെ പ്രണയികൾ പരസ്പരം പിടിച്ചെടുക്കുന്നു.
ഒരു വടക്കൻ വീരഗാഥയിലെ ധീരനായിക ഉണ്ണിയാർച്ചയുടെ പോലും അധീരമായ ആ ഒളിഞ്ഞുനോട്ടത്തെ കാമുകനായ ചന്തു തിരിച്ചറിയുന്നുണ്ട്. ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും തനിക്കായി മാത്രം വരുന്ന നോട്ടങ്ങളെ പ്രണയികൾ പരസ്പരം പിടിച്ചെടുക്കുന്നു.

“തൊഴുതു മടങ്ങുമ്പോൾ കൂവളപ്പൂമിഴി
മറ്റേതോ ദേവനെ തേടിവന്നൂ
മാറണിക്കച്ച കവർന്നൂ
കാറ്റു നിന്നംഗപരാഗം നുകർന്നൂ”

ഒരു ലെസ്ബിയൻ ഒളിഞ്ഞുനോട്ടമുണ്ട് സാഫോയുടെ ഗീതകത്തിൽ. തന്റെ കാമുകിയെ കൊതിയോടെയും അവളുടെ അടുത്തിരിക്കുന്ന ദൈവതുല്യനായ കാമുകനെ അസൂയയോടെയും അതിലേറെ ഭയത്തോടെയും നോക്കുന്നതാണ് ആ ഗീതകത്തിന്റെ കാതൽ. അത് നോട്ടത്തിന്റെ മനോഹാരിതയിന്മേലാണ് പണിഞ്ഞിരിക്കുന്നതു തന്നെ. പ്രാചീന ലിറിക് പോയട്രിയുടെ ഉത്തമ മാതൃകകളിൽ ഒന്നാണ് സാഫോയുടെ മുപ്പത്തിയൊന്നാമത്തെ ആ ഗീതകം. പ്രണയികളെയും അവരുടെ പ്രണയത്തെയും മറ്റു ചിലരുടെ ഒളിഞ്ഞുനോട്ടങ്ങൾ സുന്ദരമാക്കാറുള്ളതും ഗാനങ്ങളിൽ ധാരാളമായി വന്നിട്ടുണ്ട്.

നീലക്കുയിലിലെ

“എന്തിന്നു നോക്കണ് എന്തിന്നു നോക്കണ് ചന്ദിരാ നീ ഞങ്ങളെ ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട് കല്യാണച്ചെക്കനുണ്ട് താഴെ കല്യാണച്ചെക്കനുണ്ട്…’’

എന്ന് ചന്ദ്രന്റെ ഒളിഞ്ഞുനോട്ടത്തെ കണ്ടുപിടിച്ച പി. ഭാസ്കരൻ തന്നെയാണ് ഓപ്പോൾ എന്ന ചിത്രത്തിലെ കണ്ണോട്ടങ്ങളുടെ കുസൃതി ഏറ്റവും മനോഹരമായി ആവിഷ്കരിച്ചത്.

‘‘ഇന്നലെ കണ്ട കിനാവുകൾ ഞാനെന്റെ
പൊന്നിട്ട പെട്ടകത്തിൽ പൂട്ടി വെച്ചു
കണ്ടാൽ ചിരിക്കുന്ന കള്ളത്തിയൊരുത്തി കണ്മുനത്താക്കോലാൽ കവർന്നെടുത്തു’’

കാമുകന്റെ കിനാവുകൾ പൂട്ടിവെക്കുന്ന പെട്ടകത്തിന്റെ താക്കോലാണത്രേ കാമുകിയുടെ കണ്മുനകൾ. എത്ര മനോഹരമായ കൽപന! കണ്ടാൽ ചിരിക്കുന്ന കള്ളത്തി എന്നത് ഒരുഗ്രൻ പ്രശംസ തന്നെ.

‘‘വൃശ്ചികപ്പൂനിലാവേ പിച്ചകപ്പൂനിലാവേ
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ
ലജ്ജയില്ലേ നിനക്കു ലജ്ജയില്ലേ’’
എന്നും

‘അരുതേ അരുതേ നോക്കരുതേ’ എന്നും സ്നേഹപൂർവ്വം കാമുകൻ പരിഭവിച്ചതും പി. ഭാസ്കരന്റെ വരികളിലൂടെയാണ്. നിലാവും ചന്ദ്രനും രാത്രിയും ഒക്കെ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന വിഭാവങ്ങളാണല്ലോ.

നാലഞ്ചു താരകൾ യവനികക്കുള്ളിൽ നിന്നും
നീലച്ച കൺമുനകൾ എറിയുന്ന’തും വൃശ്ചികരാത്രിയിലെ പിച്ചകപ്പൂപ്പന്തലിലെ യുവമിഥുനങ്ങളുടെ നേർക്കാണ്. സെക്ഷ്വൽ ജെലസി എന്നത് പ്രണയത്തിന്റെ തീക്ഷ്ണതയിൽ സംഭവിക്കുന്ന ഒന്നാണ്. സെക്ഷ്വൽ ജെലസി ആവിഷ്കരിക്കുന്ന മറ്റൊരു മാസ്റ്റർപീസാണ് മാധവിക്കുട്ടി എന്ന സിനിമയിൽ വയലാറെഴുതിയ

‘‘മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ
അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ ആവേശഭരിതങ്ങൾ’’
എന്ന ഗാനം. തന്റെ പ്രേമഭാജനത്തെ തൊടാൻ വന്ന ചന്ദ്രനെയും കാറ്റിനെയും ഒക്കെ പ്രണയാധികൃത്താൽ ശപിക്കുന്ന കാമുകനാണയാൾ. തൊടാൻ അനുവദിച്ചതെന്തിന് എന്ന് കാമുകിയോട് പരിഭവിക്കുന്ന കാമുകൻ ആ രണ്ടു പ്രണയവിഭാവങ്ങളെയും ശപിക്കുകയാണ്. തന്റെ പ്രണയശാപത്തിന്റെ ശക്തിയാൽ ചന്ദ്രൻ കാമുകിയുടെ ചെമ്പക മുഖശ്രീയിലും കാറ്റ് അവളുടെ കാമുക ഹൃദയത്തിലുമൊളിച്ചതായി അയാൾ വിഭാവനം ചെയ്യുന്നു. toxic പ്രണയങ്ങളുടെ കാലത്ത് ഈ ഗാനം എപ്പോഴും ഓർമ്മയിൽ വരാറുണ്ട്.

കൊതിയോടെ തന്റെ കാമുകിയെ നോക്കുകയും അവളുടെ അടുത്തിരിക്കുന്ന ദൈവതുല്യനായ പുരുഷനെ അസൂയയോടെയും പേടിയോടെയും നോക്കുന്ന സാഫോയുടെ ആ കവിത ഉറപ്പായും വയലാർ വായിച്ചിട്ടുണ്ടാകണം.

‘ഒളികൺമുനകൊണ്ടു
കുളിരമ്പെയ്യുന്നതാരെ’- യാണെന്ന് താരയെന്ന കാമുകിയോട് പ്രേംനസീറിന്റെ പഴയകാല കാമുകൻ ചോദിക്കുമ്പോൾ, അജ്ജാതിനോട്ടത്തിൽ പിടിച്ചു നിൽക്കാത്ത തന്റെയവസ്ഥ
‘‘ഇജ്ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’’ എന്ന് പുതിയ കാലകാമുകൻ അവതരിപ്പിക്കുന്നു. ഒളിനോട്ടത്തിന് കുളിരമ്പ് എന്ന വാക്ക് ബിച്ചു തിരുമലയും ഉപയോഗിച്ചിട്ടുണ്ട്. ഗുരുജീ ഒരു വാക്ക് എന്ന ചിത്രത്തിലെ

‘‘പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ’’

എന്ന ഗാനത്തിലെ ചരണത്തിലാണത്.

‘‘കരിവണ്ടിണ കണ്ണുകളിൽ
ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ’’

തച്ചോളി അമ്പുവിലെ യേശുദാസ് പാടിയ ഗാനമാണ് പെൺനോട്ടത്തിന്റെ ശക്തിയുടെ മുന്നിൽ ആൺവീര്യം ദുർബ്ബലമായി പോകുന്നതിനെ ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിട്ടുള്ളത്. യൂസഫലി കേച്ചേരിയുടേതാണ് വരികൾ.

‘‘അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ
പുരികത്തിൻ ചുരിക തടുക്കാൻ പരിചയില്ല
നിന്റെ മലർമിഴിയാകും ശരം മടക്കാൻ
മനസ്സുമില്ല തെല്ലും മനസ്സുമില്ല’’

എന്ന് വീരശൂര പരാക്രമിയായ വടക്കൻ കഥയിലെ നായകൻ അടിമുടി തളരുന്നു. കാമുകിയുടെ നോട്ടത്തിനു മുന്നിൽ അയാൾ പടക്കളത്തിലെ വിരുതുകളും കടത്തനാടൻ ചുവടുകളുമെല്ലാം മറന്നു പോവുകയും ചെയ്യുന്നു. എല്ലാ അടവുകൾക്കും മേലെയാണ് കണ്ണേറുകളുടെ ശക്തി. അത് യോദ്ധാവായ കാമുകനെ കൊണ്ട് എന്തെന്തു സാഹസങ്ങൾ ചെയ്യിക്കില്ല!

‘‘കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ
കരളിൻ ദാഹം തീരുമോ’’ എന്നത് എല്ലാക്കാലത്തെയും കാമുകരുടെ നിശ്വാസമന്ത്രമാണ്. സാധാരണ കണ്ണല്ല, പ്രണയിക്കുന്ന കണ്ണ്. അനുരാഗമെന്ന ചിത്രകാരനാണ് ആ കടമിഴിക്കോണുകളിൽ കവിത രചിക്കുന്നത്.

പ്രാദേശിക ഉത്സവങ്ങൾ പ്രണയികളുടെ പൂരപ്പറമ്പാണ്. അവിടെയാണ് കണ്ണും കണ്ണും കഥ പറയുന്നത്. ഉടലുകളറിയാതെ ഉയിരുകൾ രണ്ടും കഥ പറയാൻ പൊയ്ക്കളയും. ഉത്രട്ടാതി വള്ളംകളി കാണാൻ തോഴിമാർക്കൊപ്പം വട്ടക്കായലിൽ ചെന്നു നിന്നപ്പോഴാണ് കാക്കത്തമ്പുരാട്ടിയിലെ നായിക അപ്പുറത്ത് തന്റെ മണവാളച്ചെക്കനെ കാണുന്നത്.

‘‘അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോൾ
അങ്ങേതിൽ പെണ്ണുങ്ങൾ കളിയാക്കി’’.

അതവൾ ഗൗനിച്ചില്ല. കായൽത്തിരകൾ കുമ്മിയടിക്കുന്നതും കളിത്തോഴിമാർ കൂട്ടച്ചിരി മുഴക്കുന്നതും അവൾ കേട്ടില്ല. അവൾ കണ്ടത് മറ്റൊരോണക്കളിയാണ്. അവളെ നോക്കി നിൽക്കുമ്പോൾ കാമുകന്റെ കണ്ണുകളിലെ ഓണക്കളി.

‘‘ഞാനൊന്നു നോക്കിയപ്പോൾ
മണിമാരൻ തന്റെ കണ്ണിന്റെ
മണികളിലോണക്കളി
ഓണക്കളീ ഓണക്കളി’’

അവൾ ഒന്നേ നോക്കിയുള്ളു. കളിയാകെ പിന്നെ കണ്ണുകൾ തമ്മിലായി.കണ്ണുകളയക്കുന്നതിലും ശക്തമായി സംവദിക്കുന്ന മറ്റേതു സന്ദേശകാവ്യമുണ്ട്! കണ്ണുകളാണ് ഹൃദയത്തിലേക്ക് സന്ദേശകാവ്യങ്ങളയക്കുന്നത്.

“നീലക്കണ്ണുകളോ -
ദിനാന്തമധുരസ്വപ്നങ്ങൾ തൻ ചന്ദനച്ചോലയ്ക്കുള്ളിൽ വിടർന്നു പാതിയടയും നൈവേദ്യപുഷ്പങ്ങളോ...
കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്പം
ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ - സന്ദേശകാവ്യങ്ങളോ”

എന്ന് കാമുകിയുടെ കണ്ണുകളിലേക്ക് നോക്കി അതോ ഇതോ എന്ന് സന്ദേഹിക്കുന്ന കാമുകശബ്ദം ജയചന്ദ്രൻ്റേതാണ്. കണ്ണുകളോളം ശക്തമായ മറ്റേത് രത്യുത്പാദനാവയവമുണ്ട്? അവയാണ് ക്ഷണിക്കുന്നതും തടയുന്നതും. അവയുടെ ശക്തി അപാരമാണ്.

‘‘നിന്റെ മിഴികൾ നീലമിഴികൾ
എന്നെ ഇന്നലെ ക്ഷണിച്ചു
കൗമാരത്തിൻ കാനനഛായയിൽ
കാവ്യോൽസവത്തിനു വിളിച്ചു, വിളിച്ചു…’’

സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയതാണ് ഈ ഗാനം. പ്രണയികളുടെ കണ്ണുകളുടെ ശക്തിയിൽ എത്ര ക്ലാസിക്കുകൾ പിറന്നു! റെയിൽവേ സ്റ്റേഷനിൽ വെച്ച് ടോൾസ്റ്റോയിയുടെ അന്ന കരെനിൻ, ആദ്യമായി വ്രോൺസ്കിയെ കണ്ടതുകൊണ്ടാണ് ആൺ- പെൺ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ആവിഷ്കരിക്കുന്ന ഒരു മാസ്റ്റർപീസ് ഉണ്ടായത് തന്നെ.

‘‘എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത്‌
കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി
ഒളികണ്ണിലെയോരിതൾ തേന്മലരമ്പുകൾ
വന്നു തറയ്ക്കാത്തൊരിടമില്ല എന്നിൽ
വന്നു തറയ്ക്കാത്തൊരിടമില്ല’’.

മഹാഭാരതത്തിലെ അർജ്ജുനന്റെ ആവനാഴിയിലെ അമ്പുകൾക്കാണ് ഈ ശക്തി കിട്ടിയിരുന്നത്. കാമദേവന്റെ അമ്പുകൾ അതിനേക്കാൾ ശക്തമാണ്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കാണതിന്റെ സഞ്ചാരങ്ങൾ.

‘‘മല്ലികാബാണൻ തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ട് ശരം തൊടുത്തു
മാറിലോ - എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന
മദകരമാമൊരു വേദന’’

കരിമ്പുവില്ലിൽ പൂവമ്പുതൊടുത്താണ് കാമദേവൻ പ്രണയികളെ തളർത്തിക്കളയുന്നത്. കരിമ്പുവില്ലിന് പെണ്ണിന്റെ പുരികത്തിന്റെ ആകൃതിയാണ്. അമ്പിനുപയോഗിക്കുന്ന പൂക്കളാകട്ടെ കാമുകിയുടെ കണ്ണുകൾക്കു സമാനവും.

‘‘നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥൻ കുലയ്ക്കും വില്ലുകളോ
മനസിൽപ്പടരും വല്ലികളോ
കുനു ചില്ലികളോ’’

ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ
‘‘മാണിക്യ മലരായ ബീവി
മഹതിയാം ഖദീജാ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി..
വിലസിടും നാരി...’’

എന്ന പാട്ടിനിടയിൽ നടി പ്രിയാ വാര്യർ ഒരു കണ്ണടച്ചും പുരികം തുടിപ്പിച്ചും യുവഹൃദയങ്ങളെ ഇളക്കിയപ്പോൾ മതനേതൃത്വത്തിന് വികാരം വ്രണപ്പെട്ടു.

ഹാതിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്..
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു.. മോഹമുദിച്ചു...

എന്ന വരികൾക്കിടയിലാണ് വിവാദമായ ആ കണ്ണേറ് നടക്കുന്നത്. നോട്ടത്തിനെതിരെയുള്ള സമുദായ നേതൃത്വത്തിന്റെ കലാപം ശക്തമായപ്പോൾ തുറക്കാത്ത വാതിലെന്ന പഴയ ചിത്രത്തിലെ ഒരു ഗാനം കൊണ്ടാണ് fb യിൽ ചില വിരുതർ പ്രതിരോധം തീർത്തത്.

ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ പാട്ടിനിടയിൽ  നടി പ്രിയാ വാര്യർ ഒരു കണ്ണടച്ചും പുരികം തുടിപ്പിച്ചും യുവഹൃദയങ്ങളെ ഇളക്കിയപ്പോൾ മതനേതൃത്വത്തിന് വികാരം വ്രണപ്പെട്ടു.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ പാട്ടിനിടയിൽ നടി പ്രിയാ വാര്യർ ഒരു കണ്ണടച്ചും പുരികം തുടിപ്പിച്ചും യുവഹൃദയങ്ങളെ ഇളക്കിയപ്പോൾ മതനേതൃത്വത്തിന് വികാരം വ്രണപ്പെട്ടു.

‘‘കടക്കണ്ണിൻ മുന കൊണ്ട്
കത്തെഴുതി പോഷ്ട് ചെയ്യാൻ
ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി
നടക്കുമ്പോൾ എന്തിനാണൊരു-
തിരിഞ്ഞുനോട്ടം - നിന്റെ
പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം’’

രാഗിണിയുടെ നായികാകഥാപാത്രമാണ് കടക്കണ്ണിൻ മുന കൊണ്ട് കത്തെഴുതി ‘പോഷ്ട്‘ചെയ്യാൻ ഇടക്കിടെ വേലിക്കൽ ഓടിയെത്തുന്നത്. പ്രണയികളുടെ നോട്ടത്തെ തടയാൻ പൗരോഹിത്യത്തിനാവില്ല. ആ കണ്ണുകൾ സ്വന്തം ഹൃദയ നീലിമയയിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് ഓരോ പ്രണയിയും തിരിച്ചറിയുന്നു.

‘‘കണ്ണിനാലെന്റെ കരളിന്നുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം
ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം’’.

പ്രണയത്തിന്റെ നീറ്റലിനെ ഇങ്ങനെയും ആവിഷ്കരിക്കാമെന്ന് പി.ഭാസ്കരൻ തെളിയിച്ചു. കണ്ണിണ കൊണ്ട് കടുകു വറുക്കുന്ന പെണ്ണിനെ കുഞ്ചൻ നമ്പ്യാർ കണ്ടപ്പോൾ കരളിന്നുരുളിയിലെണ്ണ കാച്ചിയ നൊമ്പരമെന്ന് അനുഭ്യസ്തവിദ്യന്റെ പ്രണയത്തെ അത്രക്ക് അനുഭവവേദ്യമാക്കി ഭാസ്കരൻ മാസ്റ്റർ.

‘‘കാമുകനെ കാണുമ്പോൾ കാമുകിയുടെ
നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂവിരിയും
നാണത്താൽ നനഞ്ഞ കവിൾത്താരുകളിൽ
സന്ധ്യ പൂക്കും’’

എന്ന് ശ്രീകുമാരൻ തമ്പി എഴുതി. പ്രണയത്തിന്റെ കണ്ണുകൾ എപ്പോഴുമെപ്പോഴും ഇണയെത്തേടിക്കൊണ്ടേയിരിക്കും. ഇണയെവിടെ തുണയെവിടെ എന്നത് വിഹ്വലപ്പെട്ടു കൊണ്ടിരിക്കും. അവയുടെ രഹസ്യപഥങ്ങൾ അവയ്ക്കു മാത്രമേ അറിയൂ.

‘‘ഓടുന്ന കണ്ണുകൾ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ തോന്നുമോ
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോൾ
പൂജിയ്ക്കാനാണെന്ന് തോന്നുമോ’’
എന്നത് സലജ്ജം സങ്കോചത്തോടെ ആരാഞ്ഞു കൊണ്ടിരിക്കും.

80 കളിലെ ഏറ്റവും പോപുലറായ ഗാനമാണ്

‘‘കണ്ണും കണ്ണും.... തമ്മിൽ തമ്മിൽ....
കഥകൾ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം’’

ഈ ഗാനത്തിന് പുതിയ രൂപഭാവങ്ങൾ നൽകി പുതിയ കാലത്ത് അവതരിപ്പിക്കപ്പെട്ടുവെങ്കിലും ജയന്റെയും സീമയുടെയും നിമിഷങ്ങൾ നീണ്ടു നിൽക്കുന്ന നോട്ടത്തോളം അത് ശ്രദ്ധിക്കപ്പെട്ടില്ല. ഐ. വി ശശിക്ക് ഗാനചിത്രീകരണത്തിലുണ്ടായിരുന്ന ശ്രദ്ധ അനുകരിച്ചെടുക്കുക അത്ര എളുപ്പമല്ല.

മുറപ്പെണ്ണിലെ ‘കടവത്തു തോണിയടുത്തപ്പോൾ പെണ്ണിന്റെ’ എന്ന ഗാനത്തിൽ കാമുകനെ കാണുമ്പോഴുള്ള പെണ്ണിന്റെ ഒളിനോട്ടത്തിന്റെ ചന്തം കൂട്ടുകാരി കണ്ടെടുക്കുന്നുണ്ട്. ശാരദയും ജ്യോതിലക്ഷ്മി യുമാണ് രംഗത്ത്. ശാരദയുടെ കണ്ണുകളുടെ അഴക് ഏറ്റവും ഭംഗിയായി കണ്ടിട്ടുള്ള ഗാനരംഗവും ഇതു തന്നെയാണ്.

മുറപ്പെണ്ണിലെ ‘കടവത്തു തോണിയടുത്തപ്പോൾ പെണ്ണിന്റെ’ എന്ന ഗാനത്തിൽ കാമുകനെ കാണുമ്പോഴുള്ള പെണ്ണിന്റെ ഒളിനോട്ടത്തിന്റെ ചന്തം കൂട്ടുകാരി കണ്ടെടുക്കുന്നുണ്ട്. ശാരദയും ജ്യോതിലക്ഷ്മിയുമാണ് രംഗത്ത്.
മുറപ്പെണ്ണിലെ ‘കടവത്തു തോണിയടുത്തപ്പോൾ പെണ്ണിന്റെ’ എന്ന ഗാനത്തിൽ കാമുകനെ കാണുമ്പോഴുള്ള പെണ്ണിന്റെ ഒളിനോട്ടത്തിന്റെ ചന്തം കൂട്ടുകാരി കണ്ടെടുക്കുന്നുണ്ട്. ശാരദയും ജ്യോതിലക്ഷ്മിയുമാണ് രംഗത്ത്.

‘‘കതകു ചെന്നമ്മ തുറന്നപ്പോൾ - തൂണിന്റെ
പിറകിൽ നിന്നൊരു തത്തയ്ക്കൊളിനോട്ടം
ഇന്നു തുളസിത്തറയ്ക്കു വിളക്കുമായ് ചെന്നപ്പോൾ
കിളിവാതിലിലൊരുവന്റെ തിരനോട്ടം
കിളിവാതിലിലൊരുവന്റെ തിരനോട്ടം”

ജാലകത്തിരശ്ശീല നീക്കി കാമുകി നോക്കുമ്പോൾ അതൊരു മായാജാലക്കാഴ്ചയായി കാമുകന്. അവളൊരു മന്ത്രവാദിനിയായി. ‘സുറുമയെഴുതിയ മിഴികളേ…’’ എന്ന ഗാനത്തിലാണാ മാജിക്കുള്ളത്. അവളുടെ നോട്ടം തേൻ പുരട്ടിയ മുള്ളുകളായാണ് കാമുകന്റെ കരളിൽ വന്ന് തറയ്ക്കുന്നത്. എന്തൊരു മധുരമധുര നൊമ്പരം!

കണ്ണേറ് ഗാനങ്ങൾ തീരുന്നില്ല. കണ്ണോട്ടങ്ങളും തീരുന്നില്ല. ആണിന്റെ നോട്ടമെല്ലാം വായ്നോട്ടമല്ല. പ്രണയത്തോടെയും ആരാധനയോടെയും സ്നേഹത്തോടെയും കാമത്തോടെയും കൗതുകത്തോടെയും നിസ്സംഗതയോടെയും ഒക്കെ നോക്കാമെന്നിരിക്കെ കണ്ണിൽനോട്ടത്തിന്റെ അഴകിനെ വായിൽനോട്ടമായി ദുർഗന്ധപ്പെടുത്തരുത്. അങ്ങനെയായാൽ ആൺപെൺ കണ്ണേറുകളുടെ അഴകുകൾ ആവിഷ്കരിക്കുന്ന മാസ്റ്റർ പീസുകൾ പോലും ഇനി ഉണ്ടാകാതെയാകും. ലോകം എത്ര വിരസമാകും.

‘‘മദനനെ മയക്കുന്ന മിഴിയിൽ
മാതളമലരുകൾ വിരിയട്ടെ…’’

‘‘നാടായനാട്ടിലെല്ലാം നാളീകലോചനമാർ
വീടും കുടിയും വിറ്റും സുറുമ വാങ്ങണം.
വാങ്ങുവിൻ സുറുമ വാങ്ങുവിൻ
വാങ്ങുവിൻ സുറുമ വാങ്ങുവിൻ…’’

‘‘ഊരായാലതിൽ വീടുവേണം - ഒരു
വീടായാലൊരാണ് വേണം
ആണായാൽ കൂടെ പെണ്ണുവേണം - ഒരു
പെണ്ണായാൽ കണ്ണിൽ സുറുമവേണം…’’

മാത്രമല്ല, സുറുമയെഴുതിയ കണ്ണുകൾ എന്നും സുന്ദരസ്വപ്നങ്ങൾ കാണുകയും വേണം.


ലേഖനം വായിച്ചത്: കൗമുദി

പടം പാട്ടുകൾ - മറ്റു എപിസോഡുകൾ വായിക്കൂ, കേൾക്കൂ…


Summary: S Saradakkutty's Padam Paattukal Malayalam movie songs series continuous. Part 11 discuss songs about The beauty of sneak peeks.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments