മറഞ്ഞ സന്ധ്യകൾ
പുനർജ്ജനിക്കുമോ?

സ്വസ്ഥത നഷ്ടമായാൽ സന്ധ്യസമയത്തിനുവേണ്ടി കൊതിക്കുന്ന ഒരു മനസ്സ്. കാരണം, സന്ധ്യകൾ ഓർമകളെ പിൻവിളിക്കും. അവയ്ക്ക് ഓർമകളുടെ നിറവും മണവും നനവുമുണ്ട്. പ്രതീക്ഷയുടെയും നിരാശയുടെയും വിരഹത്തിൻ്റെയും മരണത്തിൻ്റെയും പ്രലോഭനത്തിൻ്റെയും പ്രതീകമായ സന്ധ്യകൾ നിറഞ്ഞുനിൽക്കുന്ന മനോഹര ഗാനങ്ങളെക്കുറിച്ചാണ് ഇത്തവണ ‘പടംപാട്ടുകൾ. എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം തുടരുന്നു.

പടംപാട്ടുകൾ- 12

സ്വസ്ഥത നഷ്ടപ്പെടുമ്പോൾ ഞാൻ സന്ധ്യാസമയത്തിനുവേണ്ടി കൊതിക്കാറുണ്ട്. കാരണം സന്ധ്യകൾ ഓർമ്മകളെ പിൻവിളിക്കാറുണ്ട്. ഓരോ സന്ധ്യക്കും ഓർമ്മകളുടെ നിറവും ഗന്ധവും നനവുമുണ്ട്. അതൊരു നിത്യസാന്നിദ്ധ്യമായി മലയാള ചലച്ചിത്രഗാനങ്ങളിൽ നിറയുന്നുമുണ്ട്.

“ഇമ ചിമ്മിച്ചിമ്മി നോക്കി നിന്നുപോയ് ഞാൻ
മൂവന്തിക്കാ കമനീയ മഹാനട നടനലീല”

എന്ന ജി.ശങ്കരക്കുറുപ്പിൻ്റെ ശിവതാണ്ഡവത്തിലെ വരികളിൽ പറയുന്നതുപോലെ മനുഷ്യൻ - പ്രകൃതി; അപാരത -വ്യക്തിസത്ത; ജീവിതാഹ്ലാദം - ആത്മീയത എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങൾ ചേർന്ന് ഒരു മിസ്റ്റിക് അനുഭവമായി അന്തിനേരത്തെ അനുഭവിച്ചറിയാൻ കഴിയാറുണ്ട്. സാന്ധ്യാകാശത്തിലേക്ക് നിർന്നിമേഷയായി നോക്കിയിരിക്കുന്ന മാധവിക്കുട്ടിയോട് അമ്മ നാലപ്പാട്ട് ബാലമണിയമ്മ ഒരിക്കൽ ചോദിച്ചത്രേ, ‘നീയേതു ദേവനെയാണിപ്പോൾ ധ്യാനിക്കുന്നത്’. മകൾ പറഞ്ഞ മറുപടി; ‘എനിക്കിഷ്ടപ്പെട്ട പുരുഷനുമായി ഞാൻ രതിലീലയിലേർപ്പെടുന്നത് ഭാവന ചെയ്യുകയാണ്’ എന്ന്.

പ്രകൃതി പ്രതിഭാസങ്ങൾ വ്യക്തിയിൽ എങ്ങനെയൊക്കെയാകാം നിർവ്വചിക്കപ്പെടുക എന്നതിന് ഉദാഹരണമായി കേട്ട മികച്ച കഥയോ സംഭവമോ ആണിത്. പ്രകൃതിയുമായി മാനുഷികവികാരങ്ങൾക്കുള്ള ഗാഢബന്ധം തന്നെയാണ് യഥാർഥത്തിൽ മനുഷ്യൻ്റെ മതം എന്നാണല്ലോ രവീന്ദ്രനാഥ ടാഗൂറും വിശ്വസിച്ചിരുന്നത്. പലതരം ആരാധനകളുടെ നാദാവരണത്തിൽ അന്തരീക്ഷമാകെ മുഴുകുന്ന അതീന്ദ്രിയവും ആത്മീയവുമായ അനുഭവനേരമാണ് സന്ധ്യ. എത്ര തീക്ഷ്ണവും സൗമ്യവുമാണ് സന്ധ്യകൾ.

കടൽത്തീരത്ത് സാന്ധ്യാകാശത്തെ നോക്കി കണ്ണുകളെ അലയാൻ വിടുന്നതിൻ്റെ ആനന്ദം ഒന്നു വേറെ തന്നെ. എന്തൊക്കെ കാഴ്ചകളാണ് വയലാർ ഒരുക്കുന്നത്.

‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നിൻ തോണി
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊൻമുകിലോലപ്പായ കെട്ടിയ
പൊന്നിൻ തോണി’

പാൽക്കടലാകെ പാറി നടക്കുകയാണ് ആ പഞ്ചമിത്തോണി. മന്ദാരത്തിൻ്റെ ഇതൾപോലെ ലോലമായ ആ തോണി തുഴയുന്നതാകട്ടെ മാലാഖകളാണ്. എത്ര മാത്രം സംഗീതാത്മകവും ദൃശ്യാത്മകവുമാണ് ഈ കൽപ്പന.

ചക്രവാളരേഖയിൽ സന്ധ്യാനേരത്ത് വിറകൊള്ളുന്ന ഒരു കൊച്ചുകപ്പൽപ്പായയെ കുറിച്ച് ബോദ്ലേറും എഴുതിയിട്ടുണ്ട്. അവിടെ അല്ലിപ്പൂവുകൾ വിറ്റു നടക്കുന്ന പെൺകുട്ടിയെ കന്നിനിലാവിന് കളഞ്ഞു കിട്ടിയതാണത്രേ.

പോക്കുവെയിൽ കൊണ്ടാൽ പൊന്നിൻ്റെ നിറം കിട്ടുമെന്ന് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്. പോക്കുവെയിൽ കൊണ്ടുനടക്കുമ്പോൾ കൂടെ വരാറുള്ളത്, കൂടെവിടെ എന്ന ചിത്രത്തിലെ പാട്ടാണ്.

പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായിത്തന്നു
കൂടേറാൻ പ്രാവെല്ലാം പാറിപ്പോകേ…

എസ്. ജാനകിയുടെ ഗാനമാണിത്. സന്ധ്യയുടെ ദൃശ്യഭംഗി ഏറ്റവും മനോഹരമായി അനുഭവപ്പെടുത്തിയ ഗാനം.

കാടാകേ കാവടിയാടുകയായീ തന്നാനം
കാനന മൈനകൾ പാടീ ഈ സന്ധ്യ
പോയ് മറയും വാനവീഥി പൂവിടും സ്‌മൃതിരാഗമായി
കാറ്റിൻ നെഞ്ചിൽ ചായുന്നു…

ഈ വരികളിൽ സന്ധ്യയുടെ ശ്രാവ്യബിംബങ്ങളും ദൃശ്യബിംബങ്ങളും ഗന്ധബിംബങ്ങളും സമഞ്ജസമായി ഇണങ്ങിച്ചേർന്നിരിക്കുന്നു. ഏതു വിരാഗിയുടെയും ഉള്ളുലയ്ക്കാൻ ശക്തിയുള്ള പാട്ട്.

അന്തിവെളിച്ചത്തിന് വലിയൊരു സമാധാനമുണ്ട്. ആ പാടലവർണ്ണത്തിന് ഒരു തീക്ഷ്ണതയുമുണ്ട്. പകലിൻ്റെ അധ്വാനങ്ങൾക്കൊടുവിൽ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീടണയാനുള്ള മനുഷ്യൻ്റെ നടപ്പിൽത്തന്നെ ഒരു നിശ്ശബ്ദസംഗീതമുണ്ട്. ആർദ്രതയുണ്ട്. സാന്ധ്യനേരത്തിൻ്റെ പാടലഛായക്ക് അധ്വാനികളുടെ സ്വപ്നത്തിൻ്റെ നിറമാണ്. പകലധ്വാനം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സായന്തനാകാശത്തിലെ ചുവന്ന സൂര്യനെ നോക്കി ഒരു പാട്ടുപാടി പാടത്തിൻ കരയിലൂടെ നടന്നു നീങ്ങുകയാണ് എൻ്റെ അയൽക്കാരി ലീല.

‘അന്തിപ്പൊൻവെട്ടം കടലിൽ
മെല്ലെത്താഴുമ്പോൾ
മാനത്തെ മുല്ലത്തറയിൽ
മാണിക്യച്ചെപ്പ്, വിണ്ണിൻ മാണിക്യച്ചെപ്പ്’

ശ്രുതിയും താളവും തെറ്റാതെ ലീല പാടുമ്പോൾ അതിലൊരു ഹൃദ്യമായ തെളിച്ചമുണ്ട്. എനിക്ക് കൂടെച്ചേരാതിരിക്കാനായില്ല. അതി വിശിഷ്ടമായ ഒരു പരിമളം ആ വായുവിൽ ഒഴുകി നടക്കുന്നതു പോലെ. സാന്ധ്യപ്രകാശത്തെ ഇതിലും ചന്തത്തിലെങ്ങനെ ഗാനത്തിലാക്കും.

തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകൾ
എരിയുന്നംബര നടയിൽ
തൊഴുതുവലംവച്ച് തുളസിക്കതിർവച്ച്
കളഭമണിയുന്നു പൂനിലാവ്..
താനാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തനനന
തിന്തിന്താരാ തിന്തിന്താരാ താ..

ആയിരം വിളക്കുകൾ എരിയുന്നത് അംബരനടയിലോ അമ്പല നടയിലോ എന്ന് ലീല ചോദിച്ചു. നിഗൂഢതയും നിശ്ശബ്ദതയും പരിമളവും ശാന്തിയും കൊണ്ട് ശ്രോതാവിനെ വലയം ചെയ്യുന്ന ഗാനങ്ങളിലെ സാന്ധ്യബിംബങ്ങളെ കുറിച്ചു ചിന്തിക്കുവാൻ ലീലയുടെ സംശയമാണ് എനിക്കു പ്രേരണയായത്

അപ്പോൾ, സന്ധ്യയിൽ ദീപാലംകൃതമായ അംബരനടയിൽ തുളസിക്കതിരും കളഭവുമണിഞ്ഞു തൊഴുതു വലംവെച്ച് നിൽക്കുന്ന പൂനിലാവിനെ കണ്ടു. ഈ പാട്ടിൻ്റെ രചനാവേളയിലെ കൗതുകങ്ങളെ കുറിച്ച് ഓസേപ്പച്ചനും ഷിബു ചക്രവർത്തിയും കൂടെ ഒരഭിമുഖത്തിൽ സംസാരിച്ച രസകരമായ സംഭവങ്ങൾ ഞാൻ ആവേശത്തിൽ ലീലയുമായി പങ്കുവെച്ചു. അവർക്ക് ഔസേപ്പച്ചനെയും അറിയില്ല. ഷിബു ചക്രവർത്തിയെയും അറിയില്ല. അവർ വിശദീകരിച്ച ‘താനാ തിന്തിന്താനാ’ എന്നതിലെ താളക്കണക്കുകളെ കുറിച്ചും അറിയില്ല. പക്ഷേ താളക്കണക്കു തെറ്റാതെ ലീല പാടുന്നുണ്ട്. അതാണ് സിനിമാപ്പാട്ടിൻ്റെ ജനകീയത. ഓരോ സന്ദർഭത്തിലും അത് ഓരോ വ്യക്തിയെയും പാട്ടുകാരനോ പാട്ടുകാരിയോ ആക്കുന്നു. അപ്രാപ്യമായ ഏതൊക്കെയോ ലോകങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണവർ. സുഖാനുഭവങ്ങളുടെ നിത്യതയിലെത്തിക്കുന്ന ഗാനങ്ങൾ. പുതുജന്മത്തിൻ്റെ പ്രതീക്ഷയെ കുറിച്ച് സായന്തനനക്ഷത്രങ്ങൾ പാടുന്ന ചില പാട്ടുകൾ നമുക്ക് കേൾക്കാം.

സായാഹ്നം സാന്ത്വനമണയ്ക്കാനുള്ള സമയമാണ്. പക്ഷേ നിർഭാഗ്യമെന്നു പറയാം, എല്ലാവർക്കും അതങ്ങനെയല്ല. ബോദ്‌ലേർ എഴുതിയതുപോലെ, കൂമന്മാരെപ്പോലെ പിശാചുമായി സങ്കേതം കുറിക്കാനുള്ള മുഹൂർത്തമായി സന്ധ്യ മാറുന്ന മനുഷ്യരുമുണ്ട്. അന്തിക്കള്ളും മോന്തി ആടിയാടി വീട്ടിലേക്ക് ചെന്നുകയറുന്ന ഭർത്താവിൻ്റെ ഓരിയിടലുകളിൽ ലീലയുടെ സംഗീതം നരകസംഗീതമായി മാറ്റൊലിക്കൊള്ളുന്നതും ഞാൻ കേൾക്കാറുണ്ട്. പ്രപഞ്ചത്തിൻ്റെ ഏത് ആഘോഷവേളയിലും ഒരു പീഡിതജന്മമെങ്കിലും ഉണ്ടാകുമല്ലോ.

സന്ധ്യസമയം കാൽപനികരുടെയും ഭ്രാന്തരുടെയും മദ്യപാനികളുടെയും മനസ്സിളക്കുന്നു. അമിതാനന്ദങ്ങളെ സന്ധ്യ ക്ഷണിച്ചു വരുത്തുന്നു.

പകലെരിഞ്ഞടങ്ങുന്ന ചിതാവെളിച്ചമാണ് സന്ധ്യയുടെ ശോണിമ. പകലിൻ്റെ മരണത്തെ ഓർമ്മിപ്പിക്കുന്ന ബിംബമായ സായംസന്ധ്യ, പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന രാത്രിയിലേക്ക് തുറക്കുന്ന വാതിലുമാണ്. രാത്രി കഴിഞ്ഞ് പകലിലേക്ക് തുറക്കുന്ന പുലർകാല സന്ധ്യയാകട്ടെ, പുതുജീവിതത്തിലേക്ക് കുളിച്ചൊരുങ്ങി ഇറങ്ങുന്ന പ്രതീക്ഷയുമാണ്. മരണത്തെയും ജീവിതത്തെയും തമ്മിൽ ഇണക്കുന്ന പ്രതീക്ഷയുടെയും നിരാശയുടെയും വിരഹത്തിൻ്റെയും മരണത്തിൻ്റെയും പ്രലോഭനത്തിൻ്റെയും പ്രതീകമായ സന്ധ്യ, കവികൾക്ക് സ്ത്രീ തന്നെയാണ്. ഒരേ സമയം അവൾ പ്രണയവും മരണവുമാണ്.

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

എന്ന അയ്യപ്പപ്പണിക്കരുടെ കവിത സ്വജീവിതത്തെയും ലോകാവസ്ഥകളേയും പ്രപഞ്ചസത്യത്തെയും പ്രകൃതിയെയും സ്പർശിക്കുന്ന രചനയാണ്. ആ കവിത കൂടുതൽ പ്രശസ്തമായത് ലെനിൻ രാജേന്ദ്രൻ്റെ വേനൽ എന്ന ചിത്രത്തിലെ നെടുമുടി വേണുവിൻ്റെ നഷ്ടകാമുകൻ പാടുന്നതോടെയാണ്. 80- കളുടെ തുടക്കത്തിലെ കാമ്പസുകളിൽ വിഷാദത്തിൻ്റെ പ്രതീകമായി താടി നീട്ടി തോൾസഞ്ചി തൂക്കി നടന്ന നവബുദ്ധിജീവികൾ ഹിറ്റാക്കിയ ഗാനം.

വേനൽ എന്ന ചിത്രത്തിൽ  നെടുമുടി വേണു
വേനൽ എന്ന ചിത്രത്തിൽ നെടുമുടി വേണു

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

‘ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരല്ലേ വരല്ലേ’
എന്നത് 80- കളിൽ കാമ്പസിൻ്റെ വിടപറയൽ ദിനങ്ങളിലും ഓട്ടോഗ്രാഫുകളിലും കണ്ണുനീർ നനച്ച വരികളാണ്.

ജീവിതത്തിൻ്റെ അന്തിമപൂർണ്ണതേ
മരണമേ എൻ്റെ മരണമേ
വന്നാലും എന്നോടു മന്ത്രിച്ചാലും
എന്ന് മരണത്തെ മധുരീകരിക്കുന്ന അനുഭവമാക്കി ഗീതാഞ്ജലിയിൽ ടാഗോർ.
രാക്കുയിലിൻ്റെ പാട്ടു കേട്ട് ആനന്ദാതിരേകത്താൽ മതിമറന്ന് മരണം കൊതിച്ചു കീറ്റ്സ്.
പ്രണയത്തിൻ്റെ മൂർധന്യനിമിഷത്തിൽ മരണമാഗ്രഹിച്ചു ചങ്ങമ്പുഴ. ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തി മരണത്തോടും പ്രകടിപ്പിക്കുക എന്നത് കാൽപനിക ചേതനയുടെ പ്രത്യേകതയാണ്. മദനോത്സവമെന്ന പഴയ കാല ചിത്രത്തിലെ ഗാനങ്ങളിൽ പ്രണയവും മരണവും ഇണ ചേരുന്ന സന്ധ്യയുണ്ട്.

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻമുഖംപോൽ നൊമ്പരംപോൽ
നില്പൂ രജനീഗന്ധീ
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ…

ഈ ഗാനത്തിലെ ചരണത്തിൽ,

മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
നീയും ഏറ്റുപാടാൻ പോരൂ

പ്രണയത്തിൽ ജയിച്ചവളെ മരണത്തിന് തോൽപിക്കാനാവില്ല എന്ന് മരണത്തെ ഒരു മധുരാനുഭൂതിയിൽ വെല്ലുവിളിക്കുകയാണ് നായിക.

വയലാർ രാമവർമ്മയെ മരണക്കിടക്കയിൽ സന്ദർശിച്ചതിനു ശേഷമുള്ള മടക്കയാത്രയിൽ ഒ.എൻ.വി എഴുതിയ ഗാനം അതേ ചിത്രത്തിലുണ്ട്.

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്

സാന്ധ്യരാഗം, പ്രണയം, പാടലവർണ്ണം, മൗന സമാധി, മൂകമാകുന്ന കിളിനാദങ്ങൾ- ഇങ്ങനെ സാന്ധ്യബിംബങ്ങളെ എല്ലാം വയലാറിൻ്റെ മരണത്തോട് ചേർത്തു വെച്ച ഈ ഗാനം മദനോത്സവത്തിലെ പ്രണയത്തിൻ്റെ മരണവും കൂടിയാണ്.

തളിർതൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ
ചൈത്രവിപഞ്ചിക മൂകമായ്
എന്തേ മൗനസമാധിയായ്

മലയാള ഗാനശാഖയുടെ അനുരാഗവും ശോണിമയും യൗവനവുമാണല്ലോ ആ ആശുപത്രിക്കിടക്കയിൽ പൊലിയുന്നത്. സന്ധ്യയുടെ രാഗമന്ത്രങ്ങളെ എത്രയെത്ര ഗാനങ്ങളിലൂടെ വയലാർ അനശ്വരമാക്കി.

നൂറു ചൈത്ര സന്ധ്യാരാഗം
പൂ തൂകാവൂ നിന്നാത്മാവിൽ

എന്ന ആ ആശംസ വയലാറിനു കൂടിയുള്ളതാണ്. ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ സന്ധ്യകളും ചന്ദ്രികയും കാമുകഹൃദയങ്ങളും ഇല്ലെന്ന് പാടിക്കൊണ്ടാണല്ലോ വയലാർ ഇഹലോകജീവിതം അവസാനിപ്പിച്ചത്. ആ വയലാറിനുള്ള ​ഒ.എൻ.വിയുടെ ആശംസ എത്ര അർഥസംപുഷ്ടവും ഹൃദയസ്പർശിയുമാണ്.

മലയാള ഗാനശാഖയുടെ അനുരാഗവും ശോണിമയും യൗവനവുമാണല്ലോ ആ ആശുപത്രിക്കിടക്കയിൽ പൊലിയുന്നത്. സന്ധ്യയുടെ രാഗമന്ത്രങ്ങളെ എത്രയെത്ര ഗാനങ്ങളിലൂടെ വയലാർ അനശ്വരമാക്കി.
മലയാള ഗാനശാഖയുടെ അനുരാഗവും ശോണിമയും യൗവനവുമാണല്ലോ ആ ആശുപത്രിക്കിടക്കയിൽ പൊലിയുന്നത്. സന്ധ്യയുടെ രാഗമന്ത്രങ്ങളെ എത്രയെത്ര ഗാനങ്ങളിലൂടെ വയലാർ അനശ്വരമാക്കി.

വയലാറിൻ്റെ പ്രണയങ്ങളിൽ സന്ധ്യ എപ്പോഴും സാക്ഷിയാണ്.
‘ശാരദ സന്ധ്യകൾ മരവുരി ഞൊറിയു’മ്പോഴാണ് അയാൾ ശകുന്തളയെ ഓർക്കുന്നത്. സന്യാസിനിയുടെ പുണ്യാശ്രമത്തിൽ സന്ധ്യാ പുഷ്പവുമായെത്തുന്ന ആരാധകൻ, ആ തിരുനടയിൽ ഒരു അന്യനെപ്പോലെ നിൽക്കുകയാണ്. പ്രേമഭിക്ഷുകിയോട് ഏതു ജന്മത്തിലെ ഏതു സന്ധ്യയിൽ എവിടെ വെച്ചാണ് നാം കണ്ടതെന്ന് അന്വേഷിക്കുകയാണ്. മുട്ടത്തുവർക്കിയുടെ നായികക്ക് ഇണങ്ങുന്ന പ്രണയ പശ്ചാത്തലം വയലാർ കണ്ടെത്തുന്നതു നോക്കൂ.

സന്ധ്യ മയങ്ങുന്നേരം ഗ്രാമ
ച്ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ നീ
എന്തിനീ വഴി വന്നു എനി
ക്കെന്തു നൽകാൻ വന്നൂ

പ്രാവെല്ലാം കൂടേറിപ്പോകുന്ന കാൽപനികസമയം തന്നെയാണല്ലോ പാവം കാട്ടുതാറാവുകളും കാക്കകളും കൂടണയുന്നത്. മുട്ടത്തു വർക്കിയുടെ നോവലുകളുടെ ജീവിത പരിസരം വയലാർ അതേ പടി ഈ ഗാനത്തിൽ ചേർത്തു വെക്കുകയാണ്. കാക്ക ചേക്കേറുന്ന കിളിമരത്തണലും കടത്തു തോണികളിൽ ആളെക്കയറ്റുന്ന കല്ലൊതുക്കുകളും തനിച്ചു വരുന്ന കാമുകരും അവർ പരസ്പരം പകരുന്ന മധുരവും മുട്ടത്തുവർക്കിയുടെ മുദ്രകൾ തന്നെ. കാളിദാസൻ്റെ ശകുന്തളക്ക് മരവുരി ഞൊറിയുന്ന സന്ധ്യ തന്നെയാണല്ലോ മുട്ടത്തുവർക്കിയുടെ മേരിക്ക് ഗ്രാമച്ചന്ത പിരിയുന്ന നേരമാകുന്നതും.

സന്ധ്യ പകലുമല്ല, രാത്രിയുമല്ല. നീ തന്നെ ഇരുളുന്നു, നീ തന്നെ മറയുന്നു എന്നവൾക്ക് സ്വന്തമായി അസ്തിത്വവും സ്വന്തമായി നിലനിൽപ്പുമുണ്ട്.

“നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ”

അവൾ, പകലിൻ്റേതുമല്ല, രാത്രിയുടേതുമല്ല.
“നീ രാത്രി തൻ ജനനി നീ മൃത്യു തൻ കമനി” എന്ന് ജനിമൃതികളുടെ അധികാരസ്ഥാനത്തിരിക്കുന്നവൾ സന്ധ്യ. പക്ഷേ കമേർഷ്യൽ സിനിമയിലെ നായിക ആരുടെ സ്വന്തമെന്ന സംശയമുണ്ടാകുമ്പോഴൊക്കെ നായികയെ പകലിനും രാത്രിക്കുമിടയിലെ വ്യക്തിത്വവും അസ്തിത്വവുമില്ലാത്ത വിഹ്വലനേരമാക്കിക്കളയും.

'സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ,
അതോ രാവിൻ്റെ മാറിലടിഞ്ഞോ…’

ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ ഈ പാട്ടിൽ സന്ധ്യ യഥാർഥത്തിൽ ആരുടെ കാമുകിയാണെന്നത് സംശയമാണ്. സന്ധ്യ, പകലിനെ കൈ വെടിഞ്ഞ് രാവിൻ്റെ മാറിലമർന്നോ എന്നതാണ് കാമുകൻ്റെ സംശയം.

ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ

പൂജാബിംബം മിഴിതുറന്നൂ താനേ
നടതുറന്നു
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ

എന്ന ഗാനത്തിലും ‘സന്ധ്യേ നീയിന്നാർക്കു സ്വന്തം’ എന്ന സംശയമുണ്ട്. സൂര്യൻ്റെയോ ചന്ദ്രൻ്റെയോ, പകലിൻ്റെയോ രാത്രിയുടെയോ? ഇവിടെയും നായിക രണ്ടു നായകന്മാരുടെ പ്രണയത്തിനിടയിൽ ഉഴറി പൊട്ടിപ്പൊടിയുന്നവളാണ്. ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ മനുഷ്യ ഹൃദയങ്ങൾക്കുള്ളിൽ പരസ്പരം മത്സരിക്കുന്ന സങ്കീർണ്ണ വികാരങ്ങളുടെ പ്രതിഫലനമാകാം സന്ധ്യയുടെ ചില തുടുപ്പുകൾ.

സ്ത്രീയുടെ നേരഭേദങ്ങളും ഭാവഭേദങ്ങളുമാണ് ഗാനങ്ങളിലെ സന്ധ്യയിലും ആരോപിക്കപ്പെടുന്നത്. എന്നാൽ അവളോ ? അകത്തും പുറത്തുമല്ലാത്തവൾ. നരനോ നാരിയോ അല്ലാത്തവൾ. മൃഗമോ മനുഷ്യനോ അല്ലാത്തവൾ. നരസിംഹത്തിന് പിറവി കൊടുക്കുന്നവൾ. ഉഷസ്സിൽ അവളൊരു തുഷാരബിന്ദു പോലെ സുതാര്യയെങ്കിൽ സായന്തനത്തിൽ അവൾ വശ്യമോഹിനിയാണ്. ഉഷഃസന്ധ്യ പോലൊരു പാവനാംഗിയാൾ. അങ്ങനെയാണല്ലോ നളിനിയെ കുറിച്ചുള്ള കുമാരനാശാൻ്റെ ആദ്യവർണ്ണന തന്നെ. നായകനായ ദിവാകരനാകട്ടെ ഉത്ഫുല്ലബാലരവിയും.

വരമഞ്ഞൾ തേച്ചുകുളിക്കും
പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും
കുഞ്ഞു മുകിലോ തെന്നലോ

എന്ന് പ്രഭാതസന്ധ്യയുടെ പവിത്രതയെ പല ഗാനങ്ങളും വാഴ്ത്തുന്നുണ്ട്. സായം സന്ധ്യയാകട്ടെ രാത്രിയുടെ പ്രലോഭനങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. അത് സാവധാനം ഇരുട്ടിലേക്കും പ്രണയത്തിൻ്റെ സാഹസങ്ങളിലേക്കുമാണ് നയിക്കുന്നത്. റഫീക് അഹമ്മദ് സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിനു വേണ്ടി രചിച്ച

സായം സന്ധ്യേ നീറും തിരിപോല്‍
രാവിന്‍ കാവില്‍ ആരേ തേടുന്നു...
ഏതോ സ്‌മൃതി പോല്‍ നീളും വഴിയൂടെ..

എന്ന ഗാനം, സ്വന്തം തീരുമാനങ്ങളുടെ വഴിയിലൂടെ തന്നിഷ്ടപ്രകാരം നീങ്ങുന്ന ചിത്രത്തിലെ നായികയുടെ പ്രതീകമായാണ് സന്ധ്യയെ അവതരിപ്പിക്കുന്നത്.

ചിത്രകൂടങ്ങളിലന്തിനിലാവില്‍
നാ‍ഗങ്ങളായ് നിഴലാടി
വൃശ്ചികരാവിന്റെ ശീതസ്‌മരണയില്‍
കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു
വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍
ഉടലുറയൂരിയിറങ്ങീ…

നിറസന്ധ്യയിൽ ദിനരാത്രങ്ങൾ ഇട റിയിഴഞ്ഞു പിരിയുകയാണ്. കഥാസന്ദർഭത്തിനും നായികയുടെ നിശ്ചയദാർഢ്യത്തിനും അനുയോജ്യമായ കരുത്തോടെയാണ് പ്രണയത്തിൻ്റെ ശീതസ്മരണയിൽ സായംസന്ധ്യ ഇവിടെ ഉടലുറ ഊരിയിറങ്ങുന്നത്.

സായംകാല സന്ധ്യയെ പ്രലോഭനത്തിൻ്റെ രതിമുദ്രകൾ കൊണ്ട് അലംകൃതമാക്കിയ മറ്റൊരു പ്രശസ്ത ഗാനമുണ്ട്.

പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞുവീണു
കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു

സന്ധ്യസമയത്തെ ആകാശത്ത് പടരുന്ന പാടലവർണ്ണം, അഴിഞ്ഞു വീഴുന്ന ആ മാറണിക്കച്ചയുടെ ഓർമ്മയുണർത്താറുണ്ട്. സന്ധ്യയാകുന്ന ഗോപസ്ത്രീ, രാത്രിയിലെ കാമുകൻ്റെ രതിവീണയാകുവാൻ ഒരുങ്ങുകയാണ്.

സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
ചെന്തളിർ മെയ്യിൽ താരനഖമമർന്നു
രാജീവനയനന്റെ രതിവീണയാകുവാൻ
രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ

പ്രണയസമാഗമത്തിൻ്റെ സകലവിശദാംശങ്ങളും ശങ്കരാഭരണ രാഗത്തിൽ ചേർത്തുവെച്ച ഗാനം. സന്ധ്യയുടെ വികാരവായ്പുകൾക്കിണങ്ങുന്ന രാഗമാണല്ലോ ശങ്കരാഭരണം. സന്ധ്യയുടെ നിറപ്പകർച്ചകളിലെ പ്രലോഭനീയഘടകങ്ങളെല്ലാം ശ്രീകുമാരൻ തമ്പി തൻ്റെ വരികളിൽ സമൃദ്ധമായി നിറച്ചുവെച്ചു. ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങനെ എന്നും സന്ധ്യക്കെന്തിന് സിന്ദൂരമെന്നും പ്രണയഭരിതനാകുന്നുണ്ട് ശ്രീകുമാരൻ തമ്പി.

കൂട്ടത്തോടെ പക്ഷികൾ ചേക്കേറുന്ന സമയമാണ് സന്ധ്യ. വിശാലമായ ആകാശത്ത് നോക്കിക്കിടക്കുമ്പോഴൊക്കെ ആ കാഴ്ചയുടെ മനോഹാരിത പകർത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. സാന്ധ്യാകാശത്തിൻ്റെ വക്കിലെ കീറലുകൾ തുന്നിപ്പിടിപ്പിക്കാനെന്ന വണ്ണം ഒരു സൂചിയിൽ കോർത്ത നൂലെന്നപോലെ നിരനിരയായി നീണ്ടുപോകുന്ന പക്ഷികളെ വീരാൻകുട്ടിയുടെ കവിതയിൽ വായിച്ചിട്ടുണ്ട്. ഫോട്ടോകളിൽ അതിമനോഹരമായി പതിഞ്ഞു കണ്ടിട്ടുള്ള സന്ധ്യ അതാണ്.

പരസ്പരം എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറായ നായകൻ്റെ നഷ്ടവേദനയിൽ കാമുകി ഓർമ്മയിൽ മുഴുകുന്ന ഗാനമാണ് ​ഒ.എൻ.വി എഴുതി എം.ബി. ശ്രീനിവാസൻ ചിട്ടപ്പെടുത്തി എസ്. ജാനകി പാടിയ ‘നിറങ്ങൾ തൻ നൃത്തം’ എന്ന പാട്ട്.

നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
വിരഹനൊമ്പര തിരിയിൽ പൂവ്പോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ?

ചിന്താകുലയായ നായികക്ക് സന്ധ്യ, വിരഹനൊമ്പരത്തിൽ എരിഞ്ഞു തീരാനുള്ളതാണ്. എങ്കിലും എന്നെങ്കിലും ആ സന്ധ്യകൾ പുനർജ്ജനിച്ചെങ്കിൽ എന്ന് അവളാഗ്രഹിക്കുകയാണ്. മറഞ്ഞ പക്ഷികൾ ഉപേക്ഷിച്ചു പോയ തൂവലുകളാണ് അവളുടെ ഓർമ്മകൾ. അതിലൊരു കിളുന്നു തൂവലും തഴുകിയിരിക്കുന്ന അവൾക്കായി ആ സന്ധ്യകൾ ഇനി പുനർജ്ജനിക്കുമോ?.. ഈ ഗാനത്തിനു ശേഷം എൻ്റെ സന്ധ്യകൾക്ക് സറിനാ വഹാബിൻ്റെ മുഖമാണ്. ജോഗ് രാഗത്തിൻ്റെ ആർദ്രതയാണ്. അഴിഞ്ഞുലഞ്ഞ ആ മുടിയുടെ അഴകാണ്. സന്ധ്യകൾ തൊഴുതു വരുന്നത് അവളെ തേടിയാണ്.

ഋതുക്കളോരോന്നും കടന്നുപോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ

താനനുഭവിച്ച സന്ധ്യയുടെ ഉന്മാദങ്ങളെളെ, യൗവ്വനസ്മരണകളെ തിരിച്ചുപിടിക്കാനായുന്ന നായിക, വേദന തിങ്ങിനിറഞ്ഞ സറിനാ വഹാബിൻ്റെ മുഖവും നദീതീരത്തെ ഇരിപ്പും ആകുലതകളും എൻ്റെയുള്ളിൽ വിടർത്തുന്ന ചിത്രം ആശാൻ്റെ സീതയുടേതാണ്. ചിന്താവിഷ്ടയായിരുന്ന് സ്വാനുഭവങ്ങളെ വിചാരണ ചെയ്യുന്ന ഏതൊരു സ്ത്രീയിലും ആദിരൂപമായി ആ സീത ഉണ്ടാകുമല്ലോ.

വിടപങ്ങളൊടൊത്ത കൈകൾ തൻ
തുടമേൽ വെച്ചുമിരുന്നു സുന്ദരി

എന്ന സീതയുടെ ഇരിപ്പ് ഓർമ്മിപ്പിക്കുന്ന നായികയാണ് ഈ ഗാനരംഗത്ത്.

ആശാൻ്റെ സീത, ചിന്താവിഷ്ടയാകാൻ തിരഞ്ഞെടുക്കുന്ന സമയവും സന്ധ്യയാണ്. സ്വയം മറക്കാനും അതിചിന്ത വഹിക്കാനും ഇണങ്ങുന്ന സമയവും അതു തന്നെയാണ്.

രവി പോയ് മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരി ഓർത്തതില്ല പോ-
ന്നവിടെത്താൻ തനിയെ ഇരിപ്പതും

സ്നേഹിച്ച തെറ്റിന് ഏകാന്തത വിധിക്കപ്പെട്ടവളാണ് സീത. അപ്പോൾ കന്യാകുമാരിയിലെ ആ നിത്യ വിരഹിണിയെ കൂടി ഓർക്കാതെങ്ങനെ? ആ സാന്ധ്യലഹരി കൂടി പറയാതെ എങ്ങനെ ഈ കുറിപ്പവസാനിപ്പിക്കും! ആടിത്തിമിർക്കുന്ന മൂന്നാഴികളുടെ സംഗമ സ്ഥാനത്ത് കടലുകളേക്കാൾ ആസക്തിയോടെ ഒന്നാകാൻ വെമ്പുന്ന പ്രണയികളുടെ ആനന്ദമൂർഛ ആവിഷ്കരിക്കുന്ന നീയെത്ര ധന്യ എന്ന ചിത്രത്തിലെ ഗാനം.

പുലരികള്‍ സന്ധ്യകള്‍
പുളകിത രാവുകള്‍
പൂവിട്ട് പുകഴ് പാടുന്നു
ആടിത്തിമിര്‍ത്തൂ നീരാഴികള്‍
മൂന്നുമൊരാനന്ദ മൂര്‍ച്ഛയിലാഴുന്നു ആഴുന്നു

ഇത്ര ആസക്തമായ ഒരു സന്ധ്യ ഞാൻ മറ്റൊരു ഗാനരംഗത്തിലും കണ്ടിട്ടില്ല. സ്നേഹിച്ചു പോയി എന്ന തെറ്റിന് ഏകാന്തത വരിക്കേണ്ടി വന്ന ഒരു ദേവിയുടെ വരപ്രസാദമാണ് കന്യാകുമാരിയിലെ പോക്കുവെയിൽ,.

വാരിപ്പുണര്‍ന്നു പിൻവാങ്ങും തിരയോട്
കോരിത്തരിക്കുന്ന തീരമോതി
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ
ഈയൊരു മാത്രയെനിക്കു തന്നൂ

ആ മൺതരിയുടെ ആത്മഹർഷമാണ് അവിടെ മൂവന്തിവെയിലായ് ഉരുകുന്നത്. എപ്പോൾ കന്യാകുമാരിയിൽ പോയാലും അവിടുത്തെ സന്ധ്യയിൽ ഞാൻ പ്രണയത്തിൽ ചതിക്കപ്പെട്ട ഒരുവളുടെ നിശ്വാസം കേൾക്കാറുണ്ട്. അവിടുത്തെ സന്ധ്യ അവളുടെ ആർദ്രസ്മിതമാണല്ലോ.

പുലരിയോടോ സന്ധ്യയോടോ നിനക്കു പ്രേമം എന്നു ചോദിച്ചാൽ, സന്ധ്യയോട് ശാരദസന്ധ്യയോട് എന്നു തന്നെയേ ഞാൻ പറയൂ. കാരണം, അതിന് ഭ്രമകൽപനയുടെ ജ്വാലകളുണ്ട്. മികച്ച നർത്തകി വട്ടം ചുഴറ്റി പറന്നിരിക്കുമ്പോൾ അവരുടെ കണങ്കാലുകൾ വെളിപ്പെടുന്നതു പോലെ ഭൂതകാല നക്ഷത്രങ്ങളെ തെളിയിച്ചു കാണിക്കുന്ന സുതാര്യമായ വർണ്ണപ്പാവാടകളുമുണ്ട്.

എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം- പടംപാട്ടുകൾ മറ്റ് 11 ഭാഗങ്ങൾ വായിക്കാം, കേൾക്കാം


Summary: S Saradakkutty's Padam Paattukal Malayalam movie songs series continuous. Part 12. discuss songs about hopefull evenings.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments