പടംപാട്ടുകൾ- ഒമ്പത്
ഒരു പെൺകുട്ടി വിവാഹം കഴിക്കുമ്പോൾ, പല പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് പകരം, ഒരു പുരുഷന്റെ അശ്രദ്ധയുമായി അവൾ വിനിമയം ചെയ്യപ്പെടുകയാണ് എന്ന് ഹെലൻ റോലൻഡ് എഴുതിയിട്ടുണ്ട്. വൈവാഹിക ജീവിതത്തിലെ വൈകാരികമായ അശ്രദ്ധകളുണ്ടാക്കുന്ന ക്ഷതങ്ങൾ, നിറയെ സ്വപ്നങ്ങളുമായി പുതുജീവിതത്തിലേക്ക് പറന്നുചെല്ലുന്ന പെൺകുട്ടികളെ തളർത്തിക്കളയാറുണ്ട്. ചലച്ചിത്രങ്ങളിൽ അത്തരം സന്ദർഭങ്ങൾ ധാരാളമാണ്. കാട്ടിലും വീട്ടിലും ഉപേക്ഷിക്കപ്പെടുന്ന പെണ്ണിന്, അവൾ നേരിടുന്ന അവഗണനകൾക്കും അപമാനങ്ങൾക്കും നാവു കൊടുത്ത ചില പാട്ടുകളെ കുറിച്ചാണ് ഇന്നത്തെ എഴുത്ത്. നിരാശയുടെ പടുകുഴിയിലേക്ക് പതിക്കുമ്പോൾ പല സ്ത്രീകളുടെയും ആത്മഗതമായി മാറിയ ചില ഗാനങ്ങൾ.
1988 ലാണ് എന്റെ വിവാഹം നടക്കുന്നത്. 27 വയസ്സു കഴിഞ്ഞിരുന്നിട്ടും പാട്ടുകളുടെയും സാഹിത്യത്തിന്റെയും പ്രണയത്തിന്റെയും പൂവിരിപ്പാതയിൽനിന്ന് വിട്ടുനടക്കേണ്ട വഴിയാണ് ദാമ്പത്യത്തിൻ്റേത് എന്ന യാഥാർഥ്യബോധത്തിലേക്ക് ഞാനെത്തിയിരുന്നില്ല. പാട്ടിലൊഴുകുന്ന പാലാഴിപ്പൂമങ്കയായി ഞാൻ എന്നെത്തന്നെ സങ്കൽപിച്ചിരുന്നു. ദാമ്പത്യം ഭോഗത്തിനല്ല, ത്യാഗത്തിനാണ് എന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയിലെ വരികൾ നിത്യേന ഉരുവിടുമായിരുന്നു എന്റെ അമ്മ. എന്നെപ്പോലെ തന്നെ പാട്ടിലും സിനിമയിലും നോവലിലും സ്വപ്നങ്ങൾ നെയ്ത്, തലയിണ തുന്നിയിരുന്നു അമ്മയും. ഞങ്ങൾ തമ്മിൽ അതൊക്കെ സംസാരിക്കുമായിരുന്നു. എന്റെ വിവാഹദിവസം അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു. പലതും താങ്ങാൻ ഇവൾക്കാകുമോ, എന്നൊരാധി അമ്മയ്ക്കുണ്ടായിരുന്നു. വിവാഹജീവിതത്തിലുള്ള സന്തോഷം പൂർണമായും ഭാഗ്യത്തിന്റെ കയ്യിലാണ് എന്ന് ജെയ്ൻ ഓസ്റ്റിൻ എഴുതിയിരുന്നില്ലെങ്കിൽ പോലും അമ്മക്ക് അതറിയാമായിരുന്നു.
എന്റെ വിവാഹം നടക്കുമ്പോഴേക്ക് സ്വാതിതിരുനാൾ എന്ന സിനിമയിലെ പാട്ടുകൾ വലിയ തരംഗം സൃഷ്ടിച്ചിരുന്നു, മലയാളത്തിൽ. തന്റെ ജീവിതസങ്കൽപങ്ങൾക്ക് തീരെയിണങ്ങാത്ത പങ്കാളിയിൽനിന്ന് സുഗന്ധവല്ലി എന്ന നർത്തകിയിലേക്ക് സ്വാതിതിരുനാൾ സ്വയമറിയാതെ ഒഴുകുന്ന ആ രംഗങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. സുഗന്ധവല്ലിയായാണ് ഞാനന്നൊക്കെ സ്വയം സങ്കൽപിച്ചത്. അവർ തമ്മിലുള്ള ആ പ്രണയം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ജീവിതത്തിൽ നമ്മൾ ഭാര്യക്കൊപ്പം നിൽക്കുമെങ്കിലും സിനിമയിലും നോവലിലും കാമുകിക്കൊപ്പം മനസ്സു ചായും. കാമുകനിൽ നിന്ന് ജീവനാഡി എടുത്തുകളഞ്ഞാൽ ഭർത്താവാകുമെന്ന് രണ്ടു നായികമാർക്കിടയിലെ സ്വാതിതിരുനാളിനെ കാണുമ്പോഴൊക്കെ എനിക്കു തോന്നി. കാമുകിക്കടുത്തെത്തുമ്പോഴുള്ള കണ്ണുകൾ അല്ല ഭാര്യയുടെ അടുത്തെത്തുമ്പോൾ. പ്രണയം ദാമ്പത്യജീവിതത്തിന് പുറത്താണ് എന്നതു കൊണ്ടാണത്.
“അലർശര പരിതാപം..
ചൊൽവതി-
ന്നളിവേണി പണി ബാലേ
ജലജബന്ധുവുമിഹ..
ജലധിയിലണയുന്നൂ
ജലജബന്ധുവുമിഹ..
ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ
മനമതിതരാംബത
വിവശമായി സഖീ”
ഈ പാട്ട് ഞാൻ എന്റെ ഭർതൃഗൃഹത്തിന്റെ, എനിക്ക് തികച്ചും പുതിയതായ ഒരു ജനാലയിലൂടെ പുറത്തേക്കുനോക്കിനിന്ന് റേഡിയോയിലൂടെ കേൾക്കുകയാണ്.
വളരുന്നു ഹൃദി മോഹം എന്നോമലേ..
വളരുന്നു ഹൃദിമോഹം എന്നോമലേ..
തളരുന്നു മമ ദേഹം കളമൊഴീ..
വളരുന്നു ഹൃദിമോഹം എന്നോമലേ..
തളരുന്നു മമ ദേഹം കളമൊഴീ..
ഇതെന്റെ ജീവിതപങ്കാളി കേൾക്കാനായി ഞാനൽപം ശബ്ദം കൂട്ടിവെച്ചു. തീർച്ചയായും ഇതിലും ഭംഗിയായി എനിക്കു പറയാനറിയില്ലല്ലോ ഒന്നും. ഞാനിന്നുമോർക്കുന്നു, സ്വന്തം സഹോദരിക്കൊപ്പം അവരുടെ പ്രിയ ചെടികൾക്ക് വെള്ളമൊഴിച്ചും വളമിട്ടും നടക്കുകയാണദ്ദേഹം. ആദ്യമായി വന്നു കയറിയ വീട്ടിൽ ഞാൻ ശരിക്കും ഒറ്റക്കായതുപോലെ തോന്നി. ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. പുതിയ പെണ്ണിന്റെ സാന്നിധ്യം തന്റെ പെങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കരുതെന്നു മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലെന്നു മനസ്സിലാക്കാനുള്ള പ്രായോഗികതാഭാരമൊന്നും എനിക്കുണ്ടായിരുന്നില്ല. ആ വീട് എനിക്കാണ് പുതിയതെന്ന് അവരാരും ഓർത്തില്ലല്ലോ. ഞാൻ ഒറ്റക്കാണെന്ന് ഓർത്ത് എന്റെ കണ്ണു നിറഞ്ഞൊഴുകി. യേശുദാസ് എനിക്കുവേണ്ടി എന്നതുപോലെ അപ്പോഴും സ്വാതിതിരുനാളിന്റെ വരികൾ പാടിക്കൊണ്ടിരുന്നു
“കുസുമവാടികയതിലുളവായോ
രളികുലാരവമതിഹ കേൾപ്പതു
മധികമാധി നിദാനമയി.. സഖീ
അലർശരപരിതാപം ചൊൽവതി-
ന്നളിവേണി പണിബാലേ..”
ഇന്നും റേഡിയോയിൽ ഈ പാട്ടു കേൾക്കുമ്പോൾ വിവാഹത്തിന്റെ ആദ്യ നാളുകളിലൊന്നിൽ, ജനാലയിൽ പിടിച്ച് പുറത്തേക്കു നോക്കി നിൽക്കുന്ന ആ പെണ്ണിന് കണ്ണു നിറയാറുണ്ട്.
ദാമ്പത്യബന്ധത്തിലെ വൈകാരിക വന്ധ്യതകൾ സ്നേഹമില്ലായ്മയുടേതാണോ? ദമ്പതികളിൽ ഒരാൾക്ക് മറ്റേയാളുടെ വൈശിഷ്ട്യവും ചാരുതകളും കാണാതെയിരിക്കാനും കണ്ടാൽ തന്നെ അവഗണിച്ചുകളയാനും മാത്രം നിർവ്വികാരതയും നിർമ്മമതയും എങ്ങനെയാണവിടെ വേരുറപ്പിക്കുന്നത്? പ്രണയകാലത്തുനിന്ന് ദാമ്പത്യത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ മുതൽ പണ്ടത്തെ പ്രണയകാലങ്ങളിൽ ആസ്വദിച്ചതോ പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതോ ആയ ഓരോ സംഭവവും ഊഷ്മളവും ആർദ്രവുമായ ഓർമ്മയായി കുത്തി നോവിച്ചു കൊണ്ടിരിക്കും.
ഭാര്യ എന്ന സിനിമയിലെ “ഓമനക്കൈയിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുനാളു വന്നൂ’’
എന്ന ഗാനത്തിന്റെ നാലു വരിയിൽ ദാമ്പത്യത്തിൽ വളരെപ്പെട്ടെന്നു വന്നുചേർന്ന വിരസതയും വെറുപ്പും ദുഃഖവും നിസ്സഹായതയും പി. സുശീല കദനം നിറഞ്ഞ ശബ്ദത്തിൽ പാടിത്തന്നു. ഓരോ ഭാര്യയുടെയും നിരാശ തുളുമ്പുന്ന ഹൃദയവിലാപം പോലെ.
“പണ്ടൊക്കെ ഞങ്ങൾ ഒരു കുടക്കീഴിലേ
പള്ളിയിൽ പോകാറുള്ളൂ
എന്തു പറഞ്ഞാലുമെത്ര കരഞ്ഞാലും
എന്നും പിണക്കമേയുള്ളൂ
ഇപ്പോൾ, എന്നും പിണക്കമേയുള്ളൂ”
മാനസികോല്ലാസത്തെ വളർത്തേണ്ടുന്ന പ്രണയാഭിനിവേശങ്ങൾ ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ മുരടിച്ചുപോവുകയാണ്.
നദീതീരത്ത് ഒരു വിരുന്നിനുശേഷമുള്ള ആൾക്കൂട്ടത്തിനിടയിൽ ഒരു സ്ത്രീയെ മാർകേസ് ശ്രദ്ധിച്ചു. സന്തോഷം സഹിക്കാനാവാതെ താനിപ്പോൾ പറന്നുകളയും എന്ന നിലയിലായിരുന്നു അവൾ. മാർകേസ് അവളുടെയടുത്തു ചെന്ന് ചെവിയിലെന്തോ പറഞ്ഞതും കൂടെ നിന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അവൾ യാതൊരു നിയന്ത്രണവുമില്ലാതെ പൊട്ടിക്കരയാൻ തുടങ്ങി.
'ഒറ്റക്കാണെന്ന് ഒരിക്കലും വിചാരിക്കണ്ട' എന്നു മാത്രമാണ് അവളോട് മാർകേസ് പറഞ്ഞത്.
ആ യുവതിയെ പൊട്ടിക്കരയിച്ചത് സാന്ത്വനത്തിന്റെ ആ മൂന്നു വാക്കുകളാണ്. വൈവാഹിക ജീവിതത്തിൽ, ‘ഞാനുണ്ട് കൂടെ‘ എന്ന സാന്ത്വനം പറയുന്നവർ എത്ര അപൂർവ്വമാണ്.
കളിയാട്ടം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം രചനയും സംഗീതവും നിർവ്വഹിച്ച് ഭാവന രാധാകൃഷ്ണൻ പാടിയ ഈ ഗാനം, പ്രണയിച്ചു വിവാഹം കഴിച്ച താമരയുടെ മേൽ കണ്ണനുണ്ടാകുന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ പാടുന്നതാണ്. പലപ്പോഴും പ്രിയപ്പെട്ടവൻ എന്തിനാണ് തന്നോട് പിണങ്ങിയിരിക്കുന്നതെന്ന് താമരക്കെന്നല്ല, പല ഭാര്യമാർക്കും അറിയുന്നുണ്ടാവില്ല.
“എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു നീ
ഒരു നോക്കു കാണാൻ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ”
തന്റെ ആത്മനൊമ്പരങ്ങളാണ് പല പാട്ടുകളിലായി ഒഴുകിവരുന്നത് എന്നതു കൊണ്ടാകും പെണ്ണുങ്ങൾ പാട്ടുകളെ കെട്ടിപ്പിടിച്ചുറങ്ങുന്നത്.
മൈക്കണ്ണെഴുതിയൊരുങ്ങി...
ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു
കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ
എന്തേ നീ മാത്രമാടാൻ വന്നില്ല…
വിവാഹ ഉടമ്പടികൾ എല്ലാം അറിഞ്ഞിട്ടും, വിവാഹത്തിലേക്ക് പ്രവേശിക്കുന്ന ബുദ്ധിമതിയായ സ്ത്രീ അതിന്റെ പരിണതഫലങ്ങൾ തീർച്ചയായും അർഹിക്കുന്നുണ്ട് എന്നെഴുതിയത് പ്രസിദ്ധ എഴുത്തുകാരിയും നർത്തകിയും ഫാഷൻ മോഡലുമായ ഇസഡോറ ഡങ്കനാണ്. വൈകാരികതലത്തിൽ തന്നേക്കാൾ താഴെയുള്ള ആളെയാണ് താൻ വിവാഹം കഴിച്ചത് എന്ന് ജീവിതത്തിലെപ്പോഴെങ്കിലും ചിന്തിക്കാത്ത ഒരു സ്ത്രീ പോലും ഉണ്ടാവില്ല.
സ്ത്രീയുടെ ഭാവന ദ്രുതഗതിയിലുള്ളതാണ്. അത് ആരാധനയിൽനിന്ന് പ്രേമത്തിലേക്കും പ്രേമത്തിൽ നിന്ന് വിവാഹത്തിലേക്കും ഒരു നിമിഷം കൊണ്ട് ചാടുമെന്ന് ജെയ്ൻ ഓസ്റ്റിൻ എഴുതിയതെന്തുകൊണ്ടാകാം? അവൾ ഭ്രമാത്മകതയുടെ അമ്മയല്ലേ? അവളെ താങ്ങാൻ സാമ്പ്രദായിക പുരുഷന്റെ ഈഗോയ്ക്ക് കഴിയാറില്ല പലപ്പോഴും.
തറവാട്ടമ്മ എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട് എസ്. ജാനകി പാടിയ ഗാനമാണ്,
ഒരു കൊച്ചു സ്വപ്നത്തിൻ
ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു നോക്കു കാണാൻ
ഒരു വാക്കു കേൾക്കാൻ
ഒരുമിച്ചാദുഃഖത്തിൽ പങ്കുചേരാൻ…
റിയാലിറ്റി ഷോകളിൽ കുഞ്ഞുകുട്ടികൾ പാടുന്ന ഹിറ്റുഗാനങ്ങളിൽ പ്രിയപ്പെട്ട ഒന്നാണിത്. കഥാസന്ദർഭത്തിൽ നിന്നടർത്തിയെടുത്താൽ ഗാനങ്ങളെ ഇഴകീറി പരിശോധിക്കുന്നതിൽ വലിയ അർഥമില്ലെങ്കിലും കഥയും സന്ദർഭവുമൊക്കെ മറന്നിട്ടും പാട്ട് നിലനിൽക്കുകയല്ലേ? ഇതിന്റെ ആശയം എത്ര സ്ത്രീവിരുദ്ധമാണ്.
പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
മുറിവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാൽ തഴുകി വെണ്ണ പുരട്ടാം
ഒരു തെറ്റും ചെയ്യാതെ മാപ്പു ചോദിക്കുകയും കുറ്റബോധം കൊണ്ടു നീറിപ്പിടയുകയും ചെയ്യുന്ന ഭാര്യയെയാണ് തറവാട്ടമ്മ എന്നു പറയുക. അവൾ വീടിനു പൊന്മണിവിളക്കും തറവാടിന് നിധിയുമാണ്. അവളാണ് കുടുംബിനി. വീനോ വെരിത്താസ് എന്ന കൃതിയിൽ ഡേനിഷ് തത്വചിന്തകൻ കീർക്ക്‌ഗോർ, "സ്ത്രീയായിരിക്കുക എന്തൊരു ശാപമാണ്, എന്നാൽ അതിലും വലിയ ശാപം താനൊരു സ്ത്രീയാണ് എന്ന് ഒരുവൾ അറിയാതിരിക്കുമ്പോഴാണ്’’ എന്നെഴുതിയിട്ടുണ്ട്.
“എന്നും ഞാൻ ചെന്ന് വിളിച്ചില്ലയെങ്കിൽ
ഉണ്ണില്ലുറങ്ങില്ല മൽജീവനാഥൻ”
അതാണ് തറവാട്ടമ്മമാരുടെ ശാപമെന്ന് ഇന്നത്തെ പെൺകുട്ടികൾ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ‘മാംഗല്യം തന്തുനാനേന
പിന്നെ ജീവിതം ധുന്തനാനേന’ എന്നവർക്കറിയാം. വിവാഹിതയായ മഹാറാണി ആയിരിക്കുന്നതിലും ഭേദം അവിവാഹിതയായ യാചകിയാകുന്നതാണെന്ന് എത്രയോ ഭാര്യമാരുടെ അനുഭവങ്ങൾ പാട്ടുകളിലൂടെ കേട്ടറിഞ്ഞും പാടിയും നടന്നാലും, ഈ ബന്ധത്തിന്റെ അടയാളമായ ചങ്ങലക്കണ്ണി വിരലിലണിയുന്ന മുഹൂർത്തം സ്വപ്നം കാണാറുണ്ട് പെൺകുട്ടികൾ. സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ എന്നാകും പ്രതീക്ഷ.
സീത അപമാനത്തിന്റെ ഒരു നിത്യപ്രതീകമായി പെണ്മനസ്സുകളിലുണ്ട്. കാട്ടിലോ കിടപ്പറയിലോ അടുക്കളയിലോ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയുടെ നിത്യ പ്രതീകമായി.
മറ്റൊരു സീതയെ
കാട്ടിലേക്കയക്കുന്നു
ദുഷ്ടനാം ദുർവ്വിധി വീണ്ടും
ഇതാ ദുഷ്ടനാം ദുർവ്വിധി വീണ്ടും
എന്ന ഗാനവും തറവാട്ടമ്മയിലേതാണെന്നോർക്കുക. ലോകം പ്രാതിനിധ്യം ചെയ്യപ്പെടുന്നത്, പുരുഷനിലൂടെയാണ്. അവന്റെ കാഴ്ചപ്പാടിലൂടെയാണ് അവനത് എന്നും ചിത്രകരിച്ചിട്ടുള്ളത്; അങ്ങനെ പരമസത്യം പലപ്പോഴും അവന്റെ കാഴ്ചയുമായി കൂടിക്കലർന്ന് താറുമാറാവുന്നു. കമുകറ പുരുഷോത്തമൻ പാടിയ ഈ പ്രശസ്ത ഗാനത്തിലുണ്ട് ദാമ്പത്യത്തിൽ തുടരുന്ന മനുഷ്യത്വഹീനതയെ കുറിച്ചുള്ള ഒരു വിലയിരുത്തലും വിധിയെഴുത്തും.
വേർപിരിഞ്ഞകലുന്ന
നിന്നിണക്കിളിയുടെ
വേദന കുലുങ്ങാതെ കണ്ടുനിൽക്കാൻ
രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ
കേവലനാമൊരു മനുജൻ
തെറ്റു ചെയ്യാത്തവളെയോ തെറ്റുകാരിയെയോ ശിക്ഷിക്കാൻ ഭർത്താവാര്, സമൂഹമാര് എന്നൊക്കെ ചോദിച്ചു തുടങ്ങുന്നതിനെത്രയോ മുൻപെഴുതപ്പെട്ട ഈ ഗാനത്തിലും പി. ഭാസ്കരൻ ധാർമ്മികതയെ സംബന്ധിച്ച ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്.
നിൻ മനസ്സാക്ഷിയും ധർമ്മവും തമ്മിൽ ചെയ്യും
കർമ്മയുദ്ധത്തിൽ ഭവാൻ ജയിച്ചെങ്കിലും
പടയിതിൽ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ
നിരപരാധിയാം നിന്റെ ഹൃദയേശ്വരി…
ഏതു തരത്തിൽ നോക്കിയാലും ബുദ്ധിയുടെ ശവമടക്കമാണ് വിവാഹം. അത് സ്നേഹത്തിന്റെ ഒരു സ്മാരകചിഹ്നം മാത്രമാണ്. ദാമ്പത്യം ലക്ഷണമൊത്ത ഒരു മഹാകാവ്യമല്ല, വൈകാരിക ദീപ്തിയുള്ള ഒരു ഭാവകാവ്യമായാണ് അത് മാറേണ്ടത്. മഹാകാവ്യങ്ങൾ വലിച്ചു നീട്ടപ്പെട്ടതും സ്ഥൂലവും വിരസവുമാണ്.
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്…
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ…
എന്ന മനോഹരഗാനം വളരെ പ്രശസ്തമാണ്. പ്രഭാവർമ്മ മുൻപ് എഴുതിയ കവിത സ്ഥിതി എന്ന ചിത്രത്തിലെ പ്രത്യേക സന്ദർഭത്തിനുവേണ്ടി ഉപയോഗിച്ചതാണ്. ഉണ്ണിമേനോൻ പാടിയ ഈ ഗാനം ഒരു ഭർത്താവിന്റെ കുമ്പസാരമാണ്. സിനിമ മറന്നാലും ഗാനസന്ദർഭം മറന്നാലും ഗാനം നിലനിൽക്കും.
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
നിറനീലരാവിലെ ഏകാന്തതയിൽ
നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എൻ നിനവെന്നും നിൻ നിനവറിയുന്നതായ്…
നിന്നെ തഴുകുന്നതായ്..
ആണിന്റെ കുമ്പസാരങ്ങൾക്ക് ആണെഴുതിയ ഗാനങ്ങളിൽ എത്ര ഹൃദയാലുത്വമാണ്. പെണ്ണ് ജീവിതകാലത്ത് മുഴുവൻ നേരിട്ട അവഗണനയും ഈ ഒരു തലോടലിൽ മറക്കും എന്ന് ഈ പാട്ടിനെ താലോലിക്കുന്ന സ്ത്രീകൾ പറയും. ‘ഇത്രയും മതിയെനിക്ക്’ എന്നവർ സ്വർഗ്ഗം ലഭിച്ച ആനന്ദത്തിൽ പ്രത്യാലിംഗനം ചെയ്യും. അവളുടെ ത്യാഗമാണല്ലോ അവൻ എണ്ണിയെണ്ണി പറയുന്നതത്രയും. പെണ്ണുങ്ങൾ ഏറ്റവുമധികം കോൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളിലൊന്നാണിതും.
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാൻ മൂളിയില്ലാ
പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
നിൻ മൃദുമേനിയൊന്നു തലോടിയില്ല…
എങ്കിലും… നീയറിഞ്ഞു…
എൻ മനമെന്നും നിൻ മനമറിയുന്നതായ്…
നിന്നെ പുണരുന്നതായ്…
‘ഞാൻ എന്തറിഞ്ഞുവെന്നാണിയാൾ പറയുന്നത്? തേങ്ങാക്കൊല’ എന്ന് കോപത്താലും മടുപ്പിനാലും മുരളുന്ന ഭാര്യയും ഒരു നിമിഷം ഈ പാട്ടിന്റെ വരികളിൽ തല ചായ്ക്കാനാഗ്രഹിക്കും. ഇത്രയെങ്കിലും തോന്നിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും. അതാണ് സംഗീതത്തിന്റെ മാജിക്.
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രിയിൽ മീട്ടിയ
സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
എന്നാണല്ലോ അവളുടെ പതിവ് ആത്മഗതവും പരിദേവനവും.
ദത്തുപുത്രൻ എന്ന ചിത്രത്തിനു വേണ്ടി വയലാറെഴുതി ദേവരാജൻ ഈണമിട്ട് പി. സുശീല പാടിയതാണ്,
തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ
സ്ത്രീയായ് ദൈവം ജനിക്കേണം
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ മേയും
നാട്ടിൻപുറത്ത് വളരേണം
എന്ന ഗാനം.
പ്രാണസർവ്വസ്വമായ് സ്നേഹിച്ചൊരാളിനെ
പ്രണയവിവാഹം കഴിക്കേണം - അവൾ
അവനു വിളക്കായിരിക്കേണം
പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും
അന്നേ മനസ്സിലാകൂ - ദൈവത്തി-
ന്നന്നേ മനസ്സിലാകൂ
അതുമാത്രം പോരാ, ദൂരെ ജോലിക്കു പോയിരിക്കുന്ന അവനെയോർത്ത് അവൾ, ആട്ടിൻതോലിട്ട ചെന്നായ്ക്കൾ നിറഞ്ഞ അവന്റെ നാട്ടിൻപുറത്തെ വീട്ടിൽ അപവാദങ്ങൾക്കിടയിൽ മെഴുകുവിളക്കായി ഉരുകേണം എന്നും പാട്ടിലുണ്ട്.
പെണ്ണിന്റെ കണ്ണീരിൻ താപവും ആഴവും
അന്നേ മനസ്സിലാകൂ - ദൈവത്തി-
ന്നന്നേ മനസ്സിലാകൂ .
ദൈവങ്ങൾ ആണുങ്ങളാണ്. ദൈവങ്ങളെ സൃഷ്ടിച്ചതും ആണുങ്ങളാണ്. അവർക്ക് സൗമനസ്യം തോന്നിയാൽ പൊഴിച്ചുതന്നേക്കാവുന്ന കരുണക്കായി കൈക്കുമ്പിൾ നീട്ടി നിൽക്കുന്ന അഭയാർഥിനി മാത്രമാണ് ഭാര്യ.
കമലദളത്തിലെ ‘സുമുഹൂർത്തമായ് സ്വസ്തി സ്വസ്തി’ എന്ന ഗാനത്തിൽ അപമാനിതയായ സീതയുടെ ചില ചോദ്യങ്ങളുണ്ട്.
ആത്മനിവേദനമറിയാതെ എന്തിനെൻ
മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ…
രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
വെറുതെ പതിച്ചു വച്ചൂ…
കോസലരാജകുമാരാ...
തന്റെ പരാതികളും പരിഭവങ്ങളും ആത്മനിവേദനങ്ങളും അവൾ കെട്ടഴിച്ചു മുന്നിലിടുകയാണ്.
എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും
കോസലരാജകുമാരാ…
രാജകുമാരാ...
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
സീത ഉറങ്ങിയുള്ളൂ…
അങ്ങനെയാകുമോ സീത ഉറങ്ങിയിരിക്കുക എന്നെനിക്ക് സംശയമുണ്ട്. എല്ലാം മായാതെ കുറിച്ചു വെക്കുന്ന ഒരു മനസ്സുണ്ടവൾക്ക്. കുമാരനാശാന്റെ കാലം വരെ കാത്തിരിക്കേണ്ടി വന്നു ഉണങ്ങിക്കിടന്ന ആ മുറിപ്പാടുകളിൽ നിന്ന് ചോര പൊട്ടിയൊഴുകാൻ. അവളുടെ ചിന്തകൾ തുടരുകയാണ്. തടസ്സപ്പെടുത്താൻ ധൈര്യമില്ലാതെ നീതിയും നിയമവും ഭയന്ന് മാറിനിൽക്കുകയാണ്.
1973- ൽ ഇറങ്ങിയ ചിത്രമാണ് കലിയുഗം. തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതി മഞ്ഞിലാസിനുവേണ്ടി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടിയാണ് വയലാർ ഈ ഗാനമെഴുതിയത്.
“ഭൂമിപെറ്റ മകളല്ലോ സീതപ്പെണ്ണ്
രാമന്റെ പെണ്ണല്ലോ സീതപ്പെണ്ണ്
രാവണന്റെ ലങ്കയിലെ
പൊന്നശോകത്തോട്ടത്തിൽ
താമസിച്ചു തിരിച്ചുവന്ന ഗർഭിണിപ്പെണ്ണ്’’
അവസാനത്തെ ആ വരിയിലുണ്ട് അപവാദത്തിന്റെ ഒരു മുള്ളാണി. കലിയുഗം എന്ന ചിത്രത്തിലെ ഈ ഗാനം പി. ലീലയും മാധുരിയും സംഘവും ചേർന്നാണ് പാടുന്നത്. ഫോക് ശൈലിയിലുള്ളതാണ് പെണ്ണുങ്ങൾ ചേർന്ന് പാടുന്ന ഈ പാട്ട്. രാവണനുമായി ബന്ധിപ്പിച്ച് സീതാകഥയിലെ പുരുഷാധിപത്യഗർവ്വിനെ ചോദ്യം ചെയ്യുന്ന ഒട്ടനവധി നാടൻപാട്ടുകളും തിരുവാതിരകളിപ്പാട്ടുകളും പ്രചാരത്തിലുണ്ടെങ്കിലും ചലച്ചിത്രഗാനങ്ങളിൽ ഇതൊന്നു മാത്രമാണ് ശ്രദ്ധയിൽ പെട്ടത്. ഈ ഏഷണിപ്പാട്ടിലെ സ്ത്രീവിരുദ്ധ ആശയത്തെ നാട്ടുകൂട്ടത്തിലെ മറ്റു പെണ്ണുങ്ങൾ തന്നെ ചോദ്യം ചെയ്യുന്ന മട്ടിലാണ് ഗാനം. അതുകൊണ്ടു തന്നെ ഇത് ഒരപൂർവ്വതയുള്ള വ്യത്യസ്ത ഗാനമാണ്.
‘‘ഭൂമിയ്ക്കു ഭാരമായ പെണ്ണ്
പാപത്തിൻ ചുമടുതാങ്ങും ജാനകിപ്പെണ്ണ്
പാവം ജാനകിപ്പെണ്ണ്
നിർത്തു പെണ്ണേ നിർത്തു പെണ്ണേ
നിർത്തു പെണ്ണേ നിർത്തു പെണ്ണേ
കൊതിച്ചിപ്പെണ്ണേ
ഇനി നിനക്കു വേണോ രഘുവരന്റെ പവിഴക്കൊട്ടാരം’’
1973- ൽ തന്നെ വയലാർ ഇങ്ങനെ ഒരു വരി കൂടി അതിൽ എഴുതി എന്നത് എന്നത് പ്രസക്തമാണ്:
“പറയുന്നെല്ലാരും പറയുന്നെല്ലാരും
ഇത്ര നാണം കെട്ടൊരു ചക്രവർത്തി
ഭാരതത്തിലിന്നു വരെ
നാടു വാണിട്ടില്ലെന്ന് പറയുന്നെല്ലാരും”
ലോകവും ഞാനും അഗാധനിദ്രയിലാഴുമ്പോൾ എന്നിലെ ഞാൻ പൊയ്മുഖങ്ങളെല്ലാം അഴിച്ചുവച്ച് ഉണരുകയായി. അപമാനങ്ങൾക്ക് ഞാൻ പ്രതികാരം ചെയ്യുന്നു.
ഇവിടെയുറങ്ങുന്നു
ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ
ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ
ശാപശപഥത്തിൻ കഥ ഇവിടെത്തുടരുന്നൂ…
അധീരയായി നിന്നു കരയുകയും, പ്രണയത്തെ ചേർത്തുപിടിച്ച് കിടക്കുകയും ചെയ്യുമ്പോൾ പാട്ടുകൾ എനിക്കു കൂട്ടുവരുമ്പോൾ, കുലീനതക്ക് വിരുദ്ധമായ സ്വപ്നങ്ങളോടെ കെട്ടഴിഞ്ഞ് ഉണർന്നുവരുന്ന എന്നെക്കണ്ട് ആഭിജാത്യവും കുലീനതയും തറവാടിത്തവും സ്തംഭിച്ചുനിൽക്കുന്നു. അപ്പോൾ നിങ്ങൾ കാരുണ്യത്തിന്റെ, ഔദാര്യത്തിന്റെ, കുറ്റബോധത്തിന്റെ പൈങ്കിളിപ്പാട്ടുകൾ തുടരൂ…
മലർക്കുമ്പിളിൽ
ഒരു മാതളക്കനിയുമായ് വിളിപ്പൂ കാലം
കഥ തുടരൂ നീയെൻ തത്തേ…