“ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...”
അട്ടപ്പാടിയിൽ നിന്നും കാടിറങ്ങി വന്ന് പൂരം കാണാനെത്തുന്ന മുഡുഗ യുവതിയും ഇരുള യുവാവും. പൂരത്തിനാണ് ചാന്തും കണ്മഷിയും കുപ്പിവളയും അവൾക്ക് അവൻ വാങ്ങിക്കൊടുക്കുക. തീവെട്ടികൾ ജ്വലിക്കുന്ന പൂരപ്പറമ്പിൽ നിന്നും മാറി കുന്തിപ്പുഴയോരത്ത് പന്തൽ പോലെ പടർന്നു നിൽക്കുന്ന പുന്നാഗത്തിന്റെ ചോട്ടിൽ അവന്റെ മാറിൽ അവനും അവളുടെ മാറിൽ അവനും കിടന്നുറങ്ങുന്ന മേളക്കൊഴുപ്പുള്ള പൂര രാത്രികൾ.
“ കണ്ണേ നിൻ കൈപിടിച്ച് കാവു ചുറ്റണ നേരം
ചിന്ന കട പെരിയ കട ചിന്തൂര കട കേറാം
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം ”
മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ പൊന്നി എന്ന നോവൽ ചലച്ചിത്രമായപ്പോൾ പടത്തിന് വേണ്ടി പി.ഭാസ്ക്കരൻ എഴുതിയ പ്രസിദ്ധമായ പാട്ടാണ് ഇത്. സംഗീതം ദേവരാജൻ.
മുഡുഗ യുവതിയായ പൊന്നിയും ഇരുള യുവാവായ മാരനും തമ്മിലുള്ള പ്രണയകഥയാണ് പൊന്നിയിലെ പ്രധാന ഇതിവൃത്തമെങ്കിലും അതിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ സാമൂഹിക ജീവിതം മലയാറ്റൂർ വരച്ചുകാണിക്കുന്നുണ്ട്.
ദേവികുളത്ത് സബ് കളക്ടറായിരുന്ന മലയാറ്റൂർ ആനപ്പേടി കാരണമാണ് ഒറ്റപ്പാലത്തേക്ക് സ്ഥലം മാറ്റം വാങ്ങിയതെന്ന് അന്ന് മലയാറ്റൂരിന് വേണ്ടി ഒറ്റപ്പാലത്ത് നിന്നും ദേവികുളത്തേക്ക് സ്ഥലം മാറേണ്ടി വന്ന ടി എൻ ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. ഒറ്റപ്പാലം ആർ ഡി ഒ ആയിരുന്ന ജയചന്ദ്രനെയും ദേവികളും സബ് കളക്ടറായിരുന്ന കെ വി രാമകൃഷ്ണയ്യരെന്ന മലയാറ്റൂരിനെയും പരസ്പരം മാറ്റി നിയമിക്കുകയായിരുന്നു. എന്തായാലും ആ മാറ്റം മലയാളത്തിന് പൊന്നി എന്ന നോവൽ സമ്മാനിച്ചു.
ഒറ്റപ്പാലം സബ് കളക്ടറായിരുന്ന കാലത്താണ് മലയാറ്റൂർ അട്ടപ്പാടി സന്ദർശിക്കുന്നത്. അത്തരമൊരു സന്ദർശനത്തിലാണ് പൊന്നിയുടെ കഥാബീജം മലയാറ്റൂരിന്റെ മനസിലേക്ക് വരുന്നത്. അതിന് കാരണക്കാരനായത് പരീത് എന്ന ഗ്രാമസേവകനാണ്. പരീത് ഇല്ലായിരുന്നുവെങ്കിൽ തനിക്ക് പൊന്നി എഴുതാൻ കഴിയുമായിരുന്നില്ലെന്ന് മലയാറ്റൂർ പറഞ്ഞിട്ടുണ്ട്. ആദിവാസികളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പരീത്. പുറംനാട്ടുകാരുമായി അടുപ്പം സൂക്ഷിക്കാത്ത അട്ടപ്പാടിയിലെ ആദിവാസികൾക്ക് പരീതിനെ വിശ്വാസമായിരുന്നു. അയാളുടെ ആത്മാർത്ഥതയും സത്യസന്ധതയും മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും പരീതിനെ വേറിട്ടു നിർത്തി. അട്ടപ്പാടിയിലെ ആദിവാസികളുടെ ആചാരങ്ങളെ കുറിച്ചും സംസ്ക്കാരത്തെ കുറിച്ചുമെല്ലാം ആഴത്തിലുള്ള അറിവുമുണ്ടായിരുന്നു പരീതിന്. ഇത് അന്നത്തെ ജൂനിയർ ഐ എ എസുകാരനായ മലയാറ്റൂരിന് പരിചയസമ്പന്നനായ ഗ്രാമസേവകൻ പരീത് പകർന്നു നൽകി.
ഒരു രാത്രിയിൽ കക്കുപടി ടിബിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ പരീത് മലയാറ്റൂരിനോട് മല്ലീശ്വരൻ മുടിയുടെ കഥ പറയുന്നു. മല്ലീശ്വരൻ എന്നാൽ ആദിവാസികൾക്ക് ശിവനാണ്. അവരുടെ വിശ്വാസമനുസരിച്ച് മല്ലീശ്വരന്റെ മുടിയും ജടയുമാണത്രെ അട്ടപ്പാടി കാടുകൾ. അട്ടപ്പാടി താഴ്വരയെ മുഴുവൻ സംരക്ഷിക്കുന്നത് മല്ലീശ്വരനാണെന്നാണ് അട്ടപ്പാടിയിലെ ആദിവാസികളായ മുഡുഗരുടെയും ഇരുളരുടെയും കുറുമ്പരുടെയും വിശ്വാസം. ഇപ്പോൾ സൈലന്റ് വാലി സംരക്ഷിത വനത്തിന്റെ കവാടത്തിൽ നിന്ന് നോക്കിയാൽ ദൂരെ മല്ലീശ്വരൻ മുടി കാണാം. ആദിവാസികൾക്ക് ഈ മല ശിവലിംഗമാണ്. ഇരുളർ തന്ത്രിമാരായ മല്ലീശ്വരൻ കോവിലിൽ ശിവരാത്രി ഉത്സവമാണ് പ്രധാനം. അന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലർ ഭവാനിപ്പുഴ കടന്ന് മല്ലീശ്വരന് അഭിഷേകം നടത്താൻ മുളങ്കുഴലിൽ പാലുമായി കാട് കയറുമത്രെ. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം പൊന്നിയിൽ വിശദമായി തന്നെ മലയാറ്റൂർ വിവരിച്ചിട്ടുണ്ട്.
ഇങ്ങനെ മനോഹരമായ ഒരു ശിവരാത്രി ഉത്സവമുള്ളപ്പോൾ ആദിവാസികൾ എന്തിനാണ് അട്ടപ്പാടി വനമിറങ്ങി മണ്ണാർക്കാട് പൂരം കാണാനെത്തുന്നത്?
അതിലേക്ക് വരാം. അതിന് മുമ്പ് “ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...” എന്ന പാട്ടിനെ കുറിച്ച് എനിക്കുണ്ടായ ഒരു സംശയം പങ്കു വയ്ക്കട്ടെ. മാർകഴി എന്നാൽ തമിഴ് മാസമാണ്. നമ്മുടെ ധനു മാസം. അതായത് ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ. എന്നാൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അരകുറിശ്ശിയിലുള്ള ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരം നടക്കുന്നത് കുംഭ മാസത്തിലാണ്. ഇവിടെയെന്നല്ല കേരളത്തിലെ ഒട്ടുമിക്ക ഭഗവതി ക്ഷേത്രങ്ങളിലും പൂരവും ഉത്സവവും ഒക്കെ കൊടിയേറുന്നത് കുംഭം മീനം മാസങ്ങളിലാണ്. ചിലത് മേടമാസത്തിലും ഉണ്ടാവും. അപ്പോൾ മാർകഴി എന്ന് തമിഴിൽ പറയുന്ന ധനുമാസത്തിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം കൊടിയേറുന്നത് എങ്ങനെ? കൃതഹസ്തനായ ഭാസ്ക്കരൻ മാഷിന് തെറ്റു പറ്റിയതാണോ?
ചരിത്രവും സംസ്ക്കാരവും കൊമ്പും കുഴലും വിളിക്കുന്ന മണ്ണാർക്കാട് പൂരം
വള്ളുവക്കോനാതിരിയുടെ ഭരണത്തിൻ കീഴിലായിരുന്നു മണ്ണാർക്കാട്. സാമൂതിരിയുമായുള്ള യുദ്ധത്തിൽ വള്ളുവനാട് പരാജയപ്പെട്ടപ്പോൾ തന്റെ നായർ പടത്തലവൻമാരിലൊരാളെ സാമൂതിരി മണ്ണാർക്കാടിന്റെ ഭരണമേൽപ്പിച്ചു. ഇദ്ദേഹം പിൽക്കാലത്ത് മണ്ണാർക്കാട് മൂപ്പിൽ നായർ എന്നറിയപ്പെട്ടു. ജന്മിത്വം കൊടികുത്തിവാണിരുന്ന കാലത്ത് വിപുലമായ ഭൂസ്വത്തിന് ഉടമയായി തീർന്നു മൂപ്പിൽ നായർ. സൈലന്റ് വാലിയും അട്ടപ്പാടിയുമെല്ലാം ഉൾപ്പെടുന്ന വനമേഖലയിലെ ജന്മിയായ മൂപ്പിൽ നായരുടെ പരദേവത അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതിയായിരുന്നത്രെ. ഭഗവതിയെ ആവാഹിച്ച് കുടിയിരുത്തിയ ക്ഷേത്രമാണ് അരകുറിശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രം.
പൂരക്കാലമായാൽ അട്ടപ്പാടി ഊരുകളിൽ നിന്നും ആദിവാസികൾ മണ്ണാർക്കാടെത്തും. തങ്ങളുടെ കാർഷിക വനവിഭവങ്ങൾ മണ്ണാർക്കാട്ടെ ഓരോ വീടുകളിലും കയറിയിറങ്ങി കച്ചവടം ചെയ്യും. എള്ള്, തൊമരപ്പയറ്, ചാമ, തിന, തേൻ അങ്ങനെയുള്ളവ താഴ്വരയിലെ വീടുകളിലെ അടുക്കളകളിലെത്തുന്നത് അങ്ങനെയാണ്. അക്കാലത്ത് ഇതിന് വിലയായി നൽകുന്നത് പണം മാത്രമല്ല അരിയും പഞ്ചസാരയും മറ്റും പകരം നൽകാറുണ്ടായിരുന്നു. ആദിവാസികളുടെ ഒരു കൊല്ലത്തെ സമ്പാദ്യമാണ് മണ്ണാർക്കാട് പൂരം.
പൂരം നടക്കുന്ന എട്ട് ദിവസവും ഓരോ ഊരുകളിൽ ഉള്ള ആദിവാസികൾ മണ്ണാർക്കാട് തന്നെ തമ്പടിക്കും. വിവിധ ഊരുകളിലെ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള തർക്കവും മറ്റും മൂപ്പിൽ നായരുടെ മധ്യസ്ഥതയിൽ വച്ച് ഒത്ത് തീർപ്പാക്കിയിരുന്നത് ഈ ദിവസങ്ങളിലാണ്. തീവെട്ടികളുടെ വെളിച്ചത്തിൽ പല ഊരുകളിലെ ആണും പെണ്ണും തമ്മിൽ കാണുന്നതും കല്യാണം ഉറപ്പിക്കുന്നതും പൂരക്കാലത്ത് നടന്നിരുന്നു.
അടിയാളന്മാർ എന്ന് അന്ന് പൊതുവേ വിളിക്കപ്പെട്ടിരുന്ന ആദിവാസികൾക്ക് വേണ്ടിയുള്ളതായിരുന്നു പൂരത്തിന്റെ അഞ്ചാം ദിവസം. ഇത് കൂട്ടുവിളക്കെന്നാണ് അറിയപ്പെടുന്നത്. മുഡുഗർക്കും ഇരുളർക്കും കുറുമ്പർക്കും മാത്രമായി അരങ്ങേറുന്ന ചില മേളങ്ങളും, കലാവിരുന്നും കൂട്ടുവിളക്ക് രാത്രിക്ക് ചന്തം ചാർത്തും. അന്ന് അവർ ദേവിക്ക് മുന്നിലെ കൽവിളക്ക് തെളിയിക്കും. അതിനു ചുറ്റുമായി നൃത്തം ചെയ്യും. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന അന്ന് ആദിവാസികൾക്ക് മാത്രമായി കുന്തിപ്പോഴയോരത്ത് ഭക്ഷണം നൽകിയിരുന്നു. കഞ്ഞിപാർച്ച എന്നറിയപ്പെട്ടിരുന്ന ഈ അന്നദാനം ഇന്ന് ജാതിമതഭേദമെന്യേ അനേകർ പങ്കെടുക്കുന്ന സമൂഹസദ്യയായി പരിണമിച്ചു. തങ്ങളുടെ വനവിഭവങ്ങൾ വിൽപ്പനയ്ക്ക് മാത്രമല്ല ദേവിക്ക് സമർപ്പിക്കാനും അവർ കൊണ്ടു വന്നിരുന്നു. എള്ളെറിയൽ എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങിൽ ആദിവാസികൾ എള്ള് ദേവിയുടെ മുന്നിലേക്ക് എറിയുകയാണുണ്ടായിരുന്നത്. ഇന്ന് അത് ക്ഷേത്രനടയിൽ തന്നെ സമർപ്പിക്കുന്നു. ഇതും അയിത്തം ഇല്ലാതായ കാലത്തിന്റെ മാറ്റമാവാം.
ഈ പൂരക്കാലത്തേക്കാണ് പൊന്നിയും മാരനും കാടിറങ്ങി വരുന്നത്. കുന്തിപ്പുഴയുടെ കരയിൽ പുന്നാഗത്തിൻ ചോട്ടിലിരിക്കുന്നത്. പൂരമാകുമ്പോൾ സജീവമാകുന്ന വാണിഭക്കാരിൽ നിന്നും അവൻ അവൾക്ക് കരിവളയും ചാന്തുമെല്ലാം വാങ്ങിക്കൊടുക്കുന്നത്. പൊന്നി ചിത്രീകരിക്കുമ്പോൾ ഈ പുന്നാഗം അവിടെയുണ്ടായിരുന്നു. ഭാസ്ക്കരൻ മാഷും തോപ്പിൽ ഭാസിയും മലയാറ്റൂരും ഇതിന്റെ ചുവട്ടിൽ നേരമ്പോക്കുകൾ പറഞ്ഞിരിക്കാറുണ്ടായിരുന്നു.
വീണ്ടും നമ്മുടെ സംശയത്തിലേക്ക് വരാം. കുംഭമാസം കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്ക്കരൻ മാഷ് ധനു മാസത്തിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്?
അതിനുള്ള ഉത്തരവും മണ്ണാർക്കാട് പൂരത്തിന്റെ ചരിത്രത്തിലുണ്ട്. ധനുമാസത്തിൽ തന്നെ മുഡുഗരും ഇരുളരും തങ്ങളുടെ വിഭവങ്ങളുമായി മണ്ണാർക്കാട് എത്തും. അന്ന് മുതൽ ആ പ്രദേശത്ത് തമ്പടിച്ചു കഴിയുന്ന അവർ വീടുവീടാന്തരം കയറിയിറങ്ങി അതൊക്കെ വിൽക്കും. ധനു മകരം മാസങ്ങളിൽ അവ വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണം അവർക്ക് ഒരു വർഷം കഴിയാൻ. അതിലൊരു പങ്ക് ഉദയർകുന്ന് ദേവിക്കുള്ളതാണ്, പിന്നെയൊരു പങ്ക് മല്ലീശ്വരനും. പിന്നെ ഒരു പങ്ക് സ്നേഹിക്കുന്നവർക്ക് ചാന്തും വളയും കുപ്പായത്തുണിയും വാങ്ങാനും. എട്ട് ദിവസത്തെ പൂരവും കഴിഞ്ഞാണ് അവർ പിന്നെ കാടു കയറുക. അപ്പോൾ അവരെ സംബന്ധിച്ച് മാർകഴി എന്ന ധനു മാസത്തിൽ മല്ലിക പൂക്കൂമ്പോേൾ തന്നെ മണ്ണാർക്കാട് പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങും. ഭാസ്ക്കരൻ മാഷിന് തെറ്റിയിട്ടില്ലെന്ന് മനസിലായില്ലേ?
അവിടത്തെ ചരിത്രവും സാമൂഹിക സംസ്ക്കാരവും മനസിലാക്കാൻ ഭാസ്ക്കരൻ മാഷിനെ സഹായിച്ചത് മലയാറ്റൂരും പരീതുമാണ്. മാത്രമല്ല സഹോദരിയുടെ വിവാഹബന്ധം വഴി മണ്ണാർക്കാട് മൂപ്പിൽ നായരുടെ തറവാടുമായും ഭാസ്ക്കരൻ മാഷിന് പരിചയമുണ്ടായിരുന്നു.
ചുരം കടന്നെത്തിയ തമിഴ് മൊഴിയും കുടിയേറ്റവും
തമിഴ് മൊഴിയുടെ സൗന്ദര്യമുള്ളതാണ് തമിഴിലെ മാസങ്ങളുടെ പേരും. മാർകഴിയും അങ്ങനെ തന്നെ. മാത്രമല്ല ഈ പാട്ടിൽ ചിന്ന കട, പെരിയ കട എന്നിങ്ങനെയുള്ള തമിഴ് വാക്കുകളും കടന്നു വരുന്നുണ്ട്. അട്ടപ്പാടിയിൽ നിന്നും കോയമ്പത്തൂരേക്ക് 40 കിലോമീറ്റർ ദൂരം മാത്രം. അതിർത്തി ഊരുകളിൽ നിന്നും തമിഴ്നാട്ടിലേക്ക് എത്താൻ ഇത്രയും ദൂരമില്ല. തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂർ ജില്ലകൾ അതിരിടുന്ന അട്ടപ്പാടിയിലെ ഊരുകളിൽ തമിഴിന്റെ സ്വാധീനം കടന്നു വന്നത് സ്വാഭാവികം. അതോ ഇരുളരുടെ ഭാഷയിൽ നിന്നും കാട്ടുതേനിറ്റുന്നത് പോലെ തമിഴിലേക്ക് മൊഴികൾ ഇറ്റു വീണതോ?
ഏഴോളം ഗോത്രഭാഷകൾ പാലക്കാട് ജില്ലയിലെ ആദിവാസികൾക്കിടയിൽ ഉപയോഗിച്ചു വരുന്നുണ്ട്. ഇവയെല്ലാം തമിഴിനെ പോലെ ദ്രാവിഡ കുടുംബത്തിൽ പെട്ടതുമാണ്. അതുകൊണ്ട് ഗോത്രഭാഷയിൽ നിന്നും ചില വാക്കുകൾ തമിഴിലേക്ക് കടന്നുകൂടിയതുമാവാം. നമ്മുടെ ഈ പാട്ടിലെ തമിഴ് മൊഴിക്ക് പിന്നിൽ മറ്റൊരു ചരിത്ര കഥ കൂടിയുണ്ട്. പാട്ടിലെ നായിക മുഡുഗ യുവതിയാണല്ലോ. മുഡുഗ സമുദായമായിരുന്നു കോയമ്പത്തൂരിലെ യഥാർത്ഥ വാസികൾ. അവിടെയുള്ള മറ്റ് ചില ജാതികളുടെ കടന്നുകയറ്റം കാരണം നിവർത്തിയില്ലാതെ പടിഞ്ഞാറേക്ക് നടന്ന് അവർ അട്ടപ്പാടിയിൽ എത്തിയതാണെന്ന് സാമൂഹിക ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പേ അട്ടപ്പാടിയിലെത്തിയ മുഡുഗരാണ് അട്ടപ്പാടിയിലെ ആദ്യ താമസക്കാരെന്ന് ഭാഷാ ശാസ്ത്രജ്ഞനും അട്ടപ്പാടിയെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ളയാളുമായ മാധവ മേനോൻ പറഞ്ഞിട്ടുണ്ട്.
എന്നാൽ അട്ടപ്പാടിയിൽ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇരുളരാണ്. തീരെ കുറവ് കുറുമ്പരും. ഇവരിൽ ഉയർന്ന ജാതിക്കാരാണ് തങ്ങളെന്ന് മുഡുഗർ കരുതുന്നു. ഇരുളരെ താഴ്ന്ന ജാതിക്കാരായി കണ്ടിരുന്ന മുഡുഗർ ഇവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ കുറുമ്പരുമായി വിവാഹബന്ധം സ്ഥാപിക്കുന്നത് മുഡുഗർക്ക് പ്രശ്നമല്ല. പൊന്നിയിൽ ഈ ജാതി വേർതിരിവ് പൊന്നിയുടെയും മാരന്റെയും പ്രണയത്തിന് ഒരു തടസമാകുന്നുണ്ട്.
പൊന്നിയിൽ അധികാരി എന്നൊരു കഥാപാത്രമുണ്ട്. സിനിമയിൽ ഇത് അവതരിപ്പിച്ചത് നടൻ ബഹദൂറാണ്. മലയാറ്റൂരിന് നേരിട്ട് പരിചയമുള്ള ബസവയ്യൻ ചെട്ടിയാരുടെ മാതൃകയിലാണ് അദ്ദേഹം അധികാരി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. പാറയിൽ ചിരട്ട ഉരയ്ക്കുന്നത് പോലെയുള്ള ശബ്ദമുള്ള ബസവയ്യന് അട്ടപ്പാടിയിലും കോയമ്പത്തൂരിലും കൃഷിയിടങ്ങളും ബംഗ്ലാവുമുണ്ടായിരുന്നു.
പാണ്ഡ്യ രാജാവിന്റെ ഭരണം അവസാനിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്നും മണ്ണാർക്കാട്ടേക്ക് കുടിയേറിയവരാണത്രെ ചെട്ടിമാർ. പാലക്കാട് രാജാവാണ് അന്ന് ഇവരെ മണ്ണാർക്കാട് എത്താൻ സഹായിച്ചതെന്നും പറയുന്നു. തമിഴ് ചെട്ടിമാർ മാത്രമല്ല തെലുങ്ക്, കന്നഡ ചെട്ടിമാരും അക്കാലത്ത് മണ്ണാർക്കാടേക്ക് കുടിയേറിയെന്നും അവർക്ക് വ്യാപാരത്തിനും മറ്റും സൗകര്യം ചെയ്തു കൊടുത്തത് മൂപ്പിൽ നായരാണെന്നും പ്രാദേശിക ചരിത്രം പറയുന്നു. മാത്രമല്ല അലക്കു ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും വണ്ണാരെ മൂപ്പിൽ നായർ കൊണ്ടു വന്നുവെന്നും അവർ പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയെന്നും പറയപ്പെടുന്നു. ഇങ്ങനെ കുടിയേറി വന്നവരെ കൂടി ഉൾക്കൊള്ളുന്ന ഒരു പാരമ്പര്യം കൂടിയുണ്ട് മണ്ണാർക്കാട് പൂരത്തിന്. ചെട്ടിമാരുടെ ദേശപ്രമുഖനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സ്വീകരിച്ച് ആണ് പൂരത്തിന് കൊണ്ടു വരുന്നത്. അതിന് ശേഷം ചെട്ടിമാർക്കായി പ്രത്യേക ദീപാരാധനയും 21 പ്രദക്ഷിണവും. ഈ ദിവസത്തെ പൂരത്തോടനുബന്ധിച്ച് ചെട്ടിവേല ഇന്നും അരങ്ങേറുന്നുണ്ട്. പൂരം കൊടിയിറങ്ങുമ്പോൾ ചെട്ടിമാരുടെ സാന്നിദ്ധ്യം നിർബന്ധമാണത്രെ.
മലയാറ്റൂരിന്റെ സിനിമാ ജീവിതം
1960ലാണ് മലയാറ്റൂർ രാമകൃഷ്ണൻ ഒറ്റപ്പാലം സബ് കളക്ടറായി ചാർജ്ജെടുക്കുന്നത്. പിന്നീട് ഒറ്റപ്പാലമൊക്കെ വിട്ട ശേഷമാണ് മലയാറ്റൂർ പൊന്നി എഴുതിത്തുടങ്ങുന്നത്. 1967ൽ നോവൽ പ്രസിദ്ധീകരിച്ചെങ്കിലും അത് സിനിമയായത് 1976ൽ.
മലയാറ്റൂരിന് സിനിമയുമായി ഒരു ബന്ധം തുടങ്ങുന്നതിന് കാരണമായതും മാർകഴിയിൽ മല്ലിക പൂത്താൽ എന്ന പാട്ടെഴുതിയ പി ഭാസ്ക്കരനാണ്. അച്ചാണി രവി എന്നറിയപ്പെടുന്ന ജനറൽ പിക്ചേഴ്സ് രവിക്ക് വേണ്ടി ഒരു തിരക്കഥയെഴുതാൻ മലയാറ്റൂരിനെ നിർബന്ധിച്ചത് പി ഭാസ്ക്കരനാണ്. വർഷം 1967, ഇ എം എസിന്റെ നേതൃത്വത്തിൽ സപ്തകക്ഷി മുന്നണി അധികാരത്തിലിരിക്കുന്ന സമയം. അന്നത്തെ രാഷ്ട്രീയ സാഹചര്യമൊക്കെ വച്ച് ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ തിരക്കഥ മലയാറ്റൂർ എഴുതി. മുഖ്യമന്ത്രി എന്ന് പേരുമിട്ടു. ഭാസ്ക്കരൻ മാസ്റ്റർ തന്നെ തിരക്കഥ പ്രീ സെൻസർഷിപ്പ് പരിശോധനയ്ക്ക് അയച്ചു. ഇത് പ്രദർശനയോഗ്യമല്ലെന്ന് സെൻസർ ഓഫീസർ വിധിയെഴുതി എന്ന് മാത്രമല്ല “ I am shocked to find that this has been written by an I A S officer ” എന്ന നെഞ്ചുപിളർക്കുന്ന പരാമർശം കൂടി അദ്ദേഹം പരിശോധനാ റിപ്പോർട്ടിന്റെ അവസാനം എഴുതിച്ചേർത്തുവെന്ന് മലയാറ്റൂർ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പകരം പെട്ടെന്ന് ഒരു തിരക്കഥ മലയാറ്റൂരിന് തട്ടിക്കൂട്ടേണ്ടി വന്നു. അതാണ് ലക്ഷപ്രഭു. അതേ വർഷം തന്നെ കെ എസ് സേതുമാധവൻ മലയാറ്റൂരിന്റെ യക്ഷി ചലച്ചിത്രമാക്കി. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ നിരവധി നോവലുകൾ ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു.
പക്ഷേ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം മലയാറ്റൂരിന് ബാക്കിയുണ്ടായിരുന്നു. 1982ൽ ആ മോഹം പൂവണിഞ്ഞു. മലയാറ്റൂരിന്റെ തന്നെ തുടക്കം ഒടുക്കം എന്ന നോവൽ സിനിമയാക്കി. തിരക്കഥയും സംവിധാനവും മാത്രമല്ല പടത്തിലെ ഒരു പാട്ടും മലയാറ്റൂർ എഴുതി. ' ആരോമലോ അമലേ..’ എന്ന യേശുദാസ് പാടിയ പാട്ട് ചിട്ടപ്പെടുത്തിയത് മാർകഴിയിൽ മല്ലിക ചിട്ടപ്പെടുത്തിയ ദേവരാജൻ തന്നെ. പടത്തിലെ മറ്റൊരു ഗാനം എഴുതിയത് മാർകഴിയിൽ മല്ലിക എഴുതിയ ഭാസ്ക്കരൻ മാഷും.
നോവലിന്റെ പേര് തുടക്കം ഒടുക്കം എന്നായിരുന്നുവെങ്കിലും എന്തുകൊണ്ടോ പടത്തിന് ഒടുക്കം തുടക്കം എന്നായിരുന്നു പേരിട്ടത്. അത് ഒരു അശുഭലക്ഷണമായി മലയാറ്റൂരിന്റെ സുഹൃത്തുക്കൾ പറഞ്ഞെങ്കിലും അദ്ദേഹം വക വച്ചില്ല. പടം പൊട്ടിപ്പോയി. മലയാറ്റൂരെന്ന സംവിധായകനും തുടക്കത്തിലേ ഒടുങ്ങി.
അങ്ങനെ അട്ടപ്പാടി കാടിറങ്ങി നമ്മൾ മണ്ണാർക്കാട് എത്തുന്നത് വരെ പറഞ്ഞ പൂരം വിശേഷങ്ങൾക്കിടയിൽ എത്ര പേരുടെ കഥകൾ കേട്ടു! ഓരോ പൂരവും പാട്ടും ദേശവും എത്രയെത്ര ചരിത്രവും എത്രയെത്ര ജീവിതങ്ങളെയും പേറുന്നവയാണ് എന്ന് നോക്കൂ. കുടിയേറ്റത്തിന്റെയും കച്ചടവടത്തിന്റെയും വിശ്വാസത്തിന്റെയും എത്രയെത്ര കഥകൾ!
ഓരോ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും പിറകിൽ ഇങ്ങനെ ഓരോ ചരിത്രമുണ്ട്. ആളും ആരവവും മേളക്കൊഴുപ്പും മാറ്റി നിർത്തിയാൽ പൂരങ്ങൾ ശുഷ്ക്കമാകും. അവ ഇല്ലാതെയായാൽ ചില ജീവിതങ്ങളും വഴിമുട്ടുപ്പോകും.