പൊയ്​കയിൽ അപ്പച്ചനെ പുതിയ രീതിയിൽ പാടുന്നത്​ എന്റെ രാഷ്​ട്രീയമാണ്​

കേരള നവോത്ഥാന നായകരിൽ ഒരാളായ പൊയ്​കയിൽ അപ്പച്ചന്റെ പാട്ട്​ അമേരിക്കൻ ആഫ്രിക്കൻ മ്യൂസിക്കായ ബ്ലൂസിന്റെയും ജാസിന്റെയും സ്വാധീനത്തിൽ ചിട്ടപ്പെടുത്തിയതിന്​​ എതിർപ്പ്​ നേരിട്ട സംഗീതജ്​ഞ പുഷ്പവതി, തന്റെ സംഗീതം തന്റെ രാഷ്​ട്രീയമാണ്​ എന്ന നിലപാട്​ പ്രഖ്യാപിക്കുകയാണിവിടെ, ഒപ്പം ആ പാട്ടും കേൾക്കാം

പ്രത്യക്ഷരക്ഷാദൈവസഭയിൽ പൊയ്കയിൽ അപ്പച്ചനെ ദൈവമായിട്ട് വെച്ചിരിക്കുകയാണ്. ദൈവമായി വെച്ചുകഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനില്ല. നാരായണ ഗുരുവിനെ സിമന്റ് പ്രതിമയാക്കി മാറ്റി. എന്തായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ചിന്തയെന്നത് അദ്ദേഹത്തിന്റെ കൃതികളിൽ ഉടനീളമുണ്ട്. പ്രത്യേകിച്ച് ‘ആത്മോപദേശ ശതക’ത്തിൽ. ഇതിന് കടകവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കാൻ ഏറ്റവും എളുപ്പം അവരെ ദൈവമാക്കിവെക്കുകയെന്നതാണ്. ഒരു സമൂഹത്തിന്റെ നവോത്ഥാനമാണ് ഇവരൊക്കെ മുന്നോട്ടുവെച്ച ദർശനം. അതിനു കടകവിരുദ്ധമായ രീതിയിലാണ് അനുയായികൾ പ്രവർത്തിക്കുന്നത്. മദ്യം തൊടരുത് എന്നു പറഞ്ഞ ഗുരുവിന്റെ അനുയായികൾ കള്ളുകച്ചവടക്കാരാണ്.

പൊയ്കയിൽ അപ്പച്ചൻ പാടിയ അതേ ഈണത്തെ പിന്തുടർന്ന്​ പാടുന്ന, അദ്ദേഹത്തെ ദൈവമായി ആരാധിക്കുന്ന വിശ്വാസികളുണ്ട്; ഇരവിപേരൂർ ഭാഗങ്ങളിൽ. അവിടെ ചുരുങ്ങി നിൽക്കുകയാണ് പൊയ്കയിൽ അപ്പച്ചൻ. അദ്ദേഹത്തിന്റെ ദർശനങ്ങളുടെ പ്രഭ ലോകമെമ്പാടും പരക്കേണ്ടതല്ലേ?

അദ്ദേഹത്തിന്റെ പാട്ട്​ ഞാൻ വേറൊരു ട്യൂണിൽ പാടി ഫേസ് ബുക്കിലിട്ടപ്പോൾ കുറച്ചുപേർ അതിനെ എതിർത്ത് കമന്റ് ചെയ്തുപോയി. ഒരാൾ എഴുതിയിരിക്കുന്നത്, ‘ഞങ്ങൾക്ക് ദൈവമാണ് പൊയ്കയിൽ അപ്പച്ചൻ, ഞങ്ങൾക്ക് പാടുന്നതിന് ഒരു രീതിയുണ്ട്, ആ ട്യൂൺ കേട്ട് പഠിച്ച് പാടിക്കൂടേ' എന്നൊക്കെയാണ്. ഞാൻ അദ്ദേഹത്തെ

ഞാൻ അദ്ദേഹത്തെ അപമാനിച്ചുവെന്നടക്കം പറഞ്ഞവരുണ്ട്. സംഗീതം കൊണ്ട് എങ്ങനെയാണ് ഞാൻ അദ്ദേഹത്തെ അപമാനിച്ചത് എന്നാണ് എനിക്കു മനസിലാവാത്തത്

അപമാനിച്ചുവെന്നടക്കം പറഞ്ഞവരുണ്ട്. സംഗീതം കൊണ്ട് എങ്ങനെയാണ് ഞാൻ അദ്ദേഹത്തെ അപമാനിച്ചത് എന്നാണ് എനിക്കു മനസിലാവാത്തത്. അദ്ദേഹത്തിന്റെ വരികൾ അതേപോലെയെടുത്ത് അദ്ദേഹം നൽകിയ ട്യൂണിൽ പാടിയില്ലയെന്നത് ശരിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം അദ്ദേഹത്തിന്റെ ട്യൂണിൽ പാടി. ഞാൻ എന്റെ ട്യൂണിൽ പാടി. എനിക്കതിനൊരു രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയം ഇവിടുത്തെ ദളിതരുടെ ഉന്നമനം തന്നെയാണ്. അവർ മുഖ്യധാരയിലേക്ക് അധികാരശക്തിയായി ഉയർന്നുവരണം എന്ന ആഗ്രഹം കൊണ്ടുതന്നെയാണ് ഞാൻ ബോധപൂർവ്വം അങ്ങനെ ചെയ്തത്.

പൊയ്കയിൽ അപ്പച്ചൻ
പൊയ്കയിൽ അപ്പച്ചൻ

സാധാരണ സംഗീതം ചെയ്യുമ്പോൾ വളരെ റിജിഡായി, ചുരുങ്ങിയ രീതിയിൽ, ആചാരമര്യാദകൾക്ക് കീഴ്‌പ്പെട്ട്​, ഭയഭക്തിബഹുമാനത്തിൽ ഇങ്ങനെ പാടി ആ പാട്ടുകൾ ഒതുങ്ങുകയാണ്. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് എനിക്കു തോന്നി. അമേരിക്കൻ ആഫ്രിക്കൻ മ്യൂസിക്കാണ് ബ്ലൂസും ജാസുമൊക്കെ. അമേരിക്കൻ അടിമവംശത്തിൽ നിന്ന് ഉരുവംകൊണ്ട സംഗീതമാണ് ബ്ലൂസ്, അതുപോലെ ജാസും. അപ്പോൾ അടിമവംശം അനുഭവിക്കുന്ന ബുദ്ധിമുട്ടും വിഷമവും അടിമത്തവുമെല്ലാം ലോകത്തിൽ എല്ലായിടത്തും സമാനമാണ്. അതിന് വിശ്വമാനവികമായ മാനമുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഞാനിത്​ പാടാൻ ശ്രമിച്ചത്. അല്ലാതെ വെറും ഇരവിപേരൂരിൽ ഒതുങ്ങുന്ന, പ്രത്യക്ഷരക്ഷാസഭയുണ്ടാക്കിയിട്ടുള്ള പള്ളിയിലെ വിശ്വാസികളുടെ ചുരുങ്ങിയ ഇടത്തിൽ ഒതുക്കാൻവേണ്ടി ചെയ്തതല്ല. അത് എല്ലായിടത്തും എത്തണം. ഇത് ഓർക്കസ്‌ട്രേഷൻ ചെയ്ത് വലിയൊരു പ്രോജക്ടായി ചെയ്യണമെന്ന് വിചാരിക്കുന്ന വർക്കാണ്. കുറേനാളായി മനസിൽ ഇങ്ങനെ കിടക്കുകയാണിത്. പക്ഷേ അതിനുള്ള ഫണ്ടിങ്ങൊന്നും കിട്ടാത്തതുകൊണ്ടാണ് നീണ്ടുപോകുന്നത്.

ബ്രാഹ്മണ രാഷ്ട്രീയത്തിന്റെയൊക്കെ ആധിപത്യം നമ്മുടെ മേലേക്ക് വരുമ്പോൾ നമ്മളൊക്കെ ചുരുങ്ങിച്ചുരുങ്ങിപ്പോയിട്ട് എന്താണ് കാര്യം. എന്റെ വഴി സംഗീതമാണ്. പാട്ടുകൊണ്ട് അങ്ങനെയൊരു രാഷ്ട്രീയ പ്രവർത്തനം

സാധാരണ സംഗീതം ചെയ്യുമ്പോൾ വളരെ റിജിഡായി, ചുരുങ്ങിയ രീതിയിൽ, ആചാരമര്യാദകൾക്ക് കീഴ്‌പ്പെട്ട്​, ഭയഭക്തിബഹുമാനത്തിൽ ഇങ്ങനെ പാടി ആ പാട്ടുകൾ ഒതുങ്ങുകയാണ്. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് എനിക്കു തോന്നി

ചെയ്യുകയാണ് ഞാൻ. എല്ലാ പാട്ടുകാരും ചെയ്യേണ്ടതാണിത്. പക്ഷേ പലരും അധികാരത്തിനു കീഴിൽ അവരുടേതായ സെയ്ഫ് സോണിൽ നിൽക്കുകയാണ്. അധികാരത്തിന്റേതായ ഗ്രിപ്പ് അവർക്കുണ്ട്. അതുവഴി അവർക്കു കിട്ടാനുള്ളതൊക്കെ അവർ നേടിയെടുക്കും. നമ്മളെ കൈപിടിച്ച് ഉയർത്താനൊന്നും അധികാരശ്രേണിയിലുള്ളവർ ഇല്ല. സത്യത്തിൽ സ്വത്വപരമായിട്ടുള്ള ഒരു ദുഃഖം ആണത്.

പൊയ്കയിൽ അപ്പച്ചൻ എന്ന കേരള നവോത്ഥാന നായകന്റെ തീക്ഷ്ണമായ സമരങ്ങളും കലാപങ്ങളും തിരസ്‌കാരങ്ങളും നിറഞ്ഞ ജീവിതത്തിൽ അദ്ദേഹം കുറിച്ചിട്ട വരികളാണിത്​. ജാതി വ്യവസ്ഥകൊണ്ട് സങ്കീർണ്ണമായ സാമൂഹിക ഘടനക്കു നേരെ നിരന്തരം വെല്ലുവിളി ഉയർത്തിയ അദ്ദേഹം ചരിത്രത്തിലേക്ക് നടന്നു കയറി.. അദ്ദേഹത്തിനായി ഒരു ദിനം നമ്മുടെയൊക്കെ കലണ്ടറിൽ എന്നാണ് അടയാളപ്പെടുത്തുക?

സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും ഇന്ത്യയിലെ അടിസ്ഥാന വർഗം അധികാരത്തിന്റെ ഉന്നതശ്രേണികളിലൊന്നും എത്തിപ്പെടുന്നില്ല എന്നാണ്​പാട്ടിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് . ഇവിടുത്തെ അധികാര വ്യവസ്ഥതന്നെ നിലനിൽക്കുന്നത് ഉപരിവർഗത്തിന്റെ നിയന്ത്രണത്തിലാണ്. അവരാണ് ഇവിടുത്തെ ഭരണചക്രം തന്നെ കയ്യടക്കിവെച്ചിരിക്കുന്നത്. അടിസ്ഥാനവർഗത്തിന് അവിടം പ്രാപ്യമല്ലാത്ത അവസ്ഥതന്നെയാണ് ഇപ്പോഴും ഉള്ളത്. മാത്രമല്ല, നമ്മുടെ കലണ്ടറുകളിലൊന്നും ഇപ്പോഴും പൊയ്കയിൽ അപ്പച്ചൻ സ്ഥാനം നേടിയിട്ടില്ലയെന്നത് വലിയ അനീതിയാണ്. എത്രയോ ആൾക്കാരുടെ പേരിൽ, മത-സാമുദായിക നേതാക്കന്മാരുടെ പേരിലൊക്കെ അവധിയും മറ്റും നൽകുന്ന സാഹചര്യത്തിലാണ് ഈ അനീതി.

നാരായണ ഗുരു ജീവിച്ചിരുന്ന അതേ കാലഘട്ടത്തിൽ, അയ്യങ്കാളി ജീവിച്ചിരുന്ന അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്നയാളാണ് പൊയ്കയിൽ അപ്പച്ചൻ. ആ മൂന്നുപേരിൽ പ്രായംകൊണ്ട് ചെറുത് പൊയ്കയിൽ അപ്പച്ചനായിരുന്നു. സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമായി ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ പേരിൽ ഒരു ദിനം ഇവിടയില്ലയെന്നത് വലിയ അനീതിയാണ്.

പൊയ്കയിൽ അപ്പച്ചന്റെ പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്റെ ഫേയ്‌സ്ബുക്ക് ടൈംലൈനിലൂടെ ഷെയർ ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ 13000 പേർ ഇത് കണ്ടു. തീർച്ചയായിട്ടും ഈയൊരു സ്വത്വബോധം ഉള്ളിൽപേറുന്നവർ ഒരുപാട് ശ്രദ്ധിക്കും ഇത്. അപ്പച്ചൻ എഴുതിയ ഏതാനും വരികൾ ഞാൻ എന്റെ രീതിയിൽ പാടുകയാണ്​, കേൾക്കുവിൻ സോദരരേ..


Summary: കേരള നവോത്ഥാന നായകരിൽ ഒരാളായ പൊയ്​കയിൽ അപ്പച്ചന്റെ പാട്ട്​ അമേരിക്കൻ ആഫ്രിക്കൻ മ്യൂസിക്കായ ബ്ലൂസിന്റെയും ജാസിന്റെയും സ്വാധീനത്തിൽ ചിട്ടപ്പെടുത്തിയതിന്​​ എതിർപ്പ്​ നേരിട്ട സംഗീതജ്​ഞ പുഷ്പവതി, തന്റെ സംഗീതം തന്റെ രാഷ്​ട്രീയമാണ്​ എന്ന നിലപാട്​ പ്രഖ്യാപിക്കുകയാണിവിടെ, ഒപ്പം ആ പാട്ടും കേൾക്കാം


Comments