INTERSTELLAR RE-RELEASE: സ്ഥലകാലങ്ങളെ മറികടക്കുന്ന സംഗീതം, ഹാൻസ് സിമ്മറിന്റെ ഇന്റർസ്റ്റെല്ലാർ

ക്രിസ്റ്റഫർ നോളന്റെ ഇൻ്റർസ്റ്റെല്ലാർ എന്ന സയൻസ് ഫിക്ഷൻ സിനിമ പരമ്പരാഗത സൈഫൈ മൂവികളിൽ നിന്നുള്ള ഒരു മാറിനടത്തമായിരുന്നു. ദൃശ്യങ്ങൾ കൊണ്ട് നോളൻ തീർത്ത ഇൻ്റർസ്റ്റെല്ലാറിലെ സീനുകളെ അതേ തീവ്രതയോടെ പ്രേക്ഷകനിലേക്ക് എത്തിച്ചത് ഹാൻസ് സിമ്മർ എന്ന കംപോസറും. അടുത്തമാസം റീ റിലീസിന് എത്തുമ്പോൾ ഇൻ്റർസ്റ്റെല്ലാറിലെ സംഗീതത്തിന്റെ പ്രധാന്യം എത്രത്തോളമെന്ന് ചർച്ച ചെയ്യുന്നു.

“Love is the one thing that we're capable of perceiving that transcends dimensions of time and space” - Interstellar.

രു പക്ഷേ, ഡോ. അമേലിയ ബ്രാന്റിന് വേണ്ടി ഈ ഡയലോഗ് കടലാസിലേക്ക് പകർത്തുമ്പോൾ ക്രിസ്റ്റഫർ നോളൻ എന്ന ചലച്ചിത്ര സംവിധായകൻ തന്നിലെ എഴുത്തുകാരനെയും തത്വചിന്തകനെയും കൂടി കണ്ടെത്തിയ നിമിഷമായിരിക്കും. ഫിസിക്സിന്റെ യുക്തിയെയും മനുഷ്യാവസ്ഥയുടെ സങ്കീർണതകളെയും ഒരേ സമയം ഒറ്റ വാചകത്തിൽ ചേർക്കുന്നു ക്രിസ്റ്റഫർ നോളൻ. സ്ഥലകാലങ്ങളെ (Space and Time) ഭേദിക്കുന്ന, അനശ്വരമായ ഒരേയൊരു വസ്തു - സ്നേഹം.

ഇൻ്റർസ്റ്റെല്ലാർ സിനിമയിൽ ഡോക്ടർ അമേലിയ ബ്രാൻഡ് ആയി ആൻ ഹാത്ത് വേ
ഇൻ്റർസ്റ്റെല്ലാർ സിനിമയിൽ ഡോക്ടർ അമേലിയ ബ്രാൻഡ് ആയി ആൻ ഹാത്ത് വേ

ഡോ. ബ്രാന്റ് ഈ ഡയലോഗ് പറഞ്ഞവസാനിപ്പിക്കുമ്പോൾ പശ്ചാത്തലത്തിലേക്ക് പതിയെ ഒരു ബാക്ക്ഗ്രൗണ്ട് സ്കോറും കയറിവരുന്നുണ്ട്. നോളൻ എഴുതിയ സംഭാഷണത്തിന്റെ ഫിലോസഫിക്കൽ, ലിറ്റററി ഭംഗി അത്രയും പ്രേക്ഷകനിലേക്ക് കടത്തിവിടുന്ന ഒരു സംഗീതം. സ്ഥലകാലങ്ങളെ ഭേദിക്കുന്നതെന്ന്, അനശ്വരമായതെന്ന് നോളൻ എഴുതിയവയുടെ കൂട്ടത്തിൽ സ്നേഹത്തിനൊപ്പം സംഗീതവുമുണ്ടെന്ന് അപ്പോൾ പ്രേക്ഷകന് തോന്നിപ്പോകുന്നു. ആ സംഗീതം സൃഷ്ടിച്ചത് ഹാൻസ് സിമ്മർ എന്ന വിഖ്യാതനായ കംപോസറാണെന്ന് നാം തിരിച്ചറിയുന്നു. ‘Love’ എന്ന് നോളൻ എഴുതിയിടത്ത് ‘Music’ എന്ന് നാം തിരുത്തി വായിക്കുന്നു. ‘Music is the one thing that we're capable of perceiving that transcends dimension of time and space.’

അത്ര മാന്ത്രികമാണ് ഹാൻസ് സിമ്മർ ഇൻർസ്റ്റെല്ലാറിന് വേണ്ടി ഒരുക്കിയ സ്കോറുകൾ. പത്തുവർഷങ്ങൾക്കിപ്പുറവും സിനിമയുടെ വിഷ്വൽ സ്കെയിലും ഇമോഷണൽ ഡെപ്തും അതേ തീവ്രതയിൽ അനുഭവിപ്പിക്കുന്നുണ്ട് ഹാൻസ് സിമ്മറിന്റെ സംഗീതം. കോൺഫീൽഡ് ചെയ്സ്, ഡസ്റ്റ്, സ്റ്റേ, മെസ്സേജ് ഫ്രം ഹോം, ദ വോംഹോൾ, അഫ്രെയ്ഡ് ഓഫ് ടൈം, എ പ്ലെയിസ് എമംഗ് സ്റ്റാർസ് തുടങ്ങി മുപ്പതോളം സ്കോറുകളാണ് ഇന്റർസ്റ്റെല്ലാറിലുള്ളത്. അടുത്തമാസം 27-ന് വേൾഡ് വൈഡ് റീ റിലീസിന് എത്തുമ്പോൾ ഇന്റർസ്റ്റെല്ലാറിന്റെ ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നത് ഹാൻസ് സിമ്മറിന്റെ സംഗീതം ഒരുവട്ടംകൂടി തിയേറ്ററിൽ മുഴങ്ങുന്നത് കേൾക്കാൻ വേണ്ടി കൂടിയാണ്.

ഹാൻസ് സിമ്മർ
ഹാൻസ് സിമ്മർ

സിനിമയുടെ ആറാം മിനുട്ടിൽ, ലക്ഷ്യമറ്റ് പറക്കുന്ന ഒരു ഇന്ത്യൻ ഡ്രോണിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ നായകൻ കൂപ്പറും മകൾ മർഫിയും മൂത്തമകൻ ടോമും ചേർന്ന് നടത്തുന്ന ഒരു കാറോട്ടത്തിന്റെ ബാക്ക്ഗ്രൗണ്ടിലാണ് ഇൻർസ്റ്റെല്ലാറിലെ ആദ്യത്തെ മ്യൂസിക്, ‘ദ കോൺഫീൽഡ് ചെയ്സ്’ പതിയെ തെളിഞ്ഞു വരുന്നത്. വിദൂരഭാവിയിലെ ഭൂമിയിൽ ചോളം മാത്രം വിളയുന്ന ഒരു കാലത്ത്, ജീവിതം അനിശ്ചിതത്വത്തിൽപ്പെട്ടു പോകുന്ന ഭൂമിയിലെ മനുഷ്യർ ആകാശജീവിതം പിടിച്ചെടുക്കുന്നത് (സിനിമയുടെ ഒരു സംക്ഷിപ്ത രൂപമാണ് ആദ്യത്തെ ഈ സീൻ) നോളൻ ചിത്രീകരിക്കുമ്പോൾ ആ ചെയ്സിന്റെ ഉദ്വേഗവും സീനിന്റെ ഇമോഷനും പ്രേക്ഷകനിലേക്ക് കടത്തിവിടുന്നത് ഹാൻസ് സിമ്മർ കംപോസ് ചെയ്ത കോൺഫീൽഡ് ചെയ്സ് എന്ന മ്യൂസിക്കൽ മാസ്റ്റർപീസാണ്.

ഒരുപക്ഷേ, മലയാളികൾക്ക് സുപരിചിതമായിരിക്കും കോൺഫീൽഡ് ചെയ്സ് എന്ന ഇന്റർസ്റ്റെല്ലാറിലെ ഈ ആദ്യ മ്യൂസിക്. പലപ്പോഴും മലയാളി യൂത്തിന്റെ ഇൻസ്റ്റഗ്രാം ഫീഡിലും റീൽസിലുമെല്ലാം നിറയുന്നത് ഹാൻസ് സിമ്മറിന്റെ കോൺഫീൽഡ് ചെയ്സ് ആണ്. നോളൻ ഡോക്ടർ ബ്രാന്റിന് വേണ്ടി എഴുതിയ ആ ഡയലോഗ് ഹാൻസ് സിമ്മർ തന്റെ സംഗീതത്തിലൂടെ യാഥാർത്ഥ്യമാക്കുന്നു. സ്പേസിനെയും ടൈമിനെയും കടന്ന് ഹാൻസ് സിമ്മർ എന്ന അമേരിക്കൻ കംപോസറുടെ മ്യൂസിക്, ലോകത്തിന്റെ ഇങ്ങേയറ്റത്തിരുന്ന്, നമ്മൾ മലയാളികളും ആസ്വദിക്കുന്നു.

ഒരുപക്ഷേ, മലയാളികൾക്ക് സുപരിചിതമായിരിക്കും കോൺഫീൽഡ് ചെയ്സ് എന്ന ഇന്റർസ്റ്റെല്ലാറിലെ ഈ ആദ്യ മ്യൂസിക്.
ഒരുപക്ഷേ, മലയാളികൾക്ക് സുപരിചിതമായിരിക്കും കോൺഫീൽഡ് ചെയ്സ് എന്ന ഇന്റർസ്റ്റെല്ലാറിലെ ഈ ആദ്യ മ്യൂസിക്.

ഇൻസ്റ്റഗ്രാമിലെയും യു ട്യൂബിലെയും മലയാളി കണ്ടെൻ്റ് ക്രിയേറ്റർമാരുടെ ഇഷ്ട സംഗീതമായി മാറിയിട്ടുണ്ട് ഇൻ്റർസ്റ്റെല്ലാറിലെ ട്രാക്കുകൾ. മലയാളികൾക്കിടയിലെ ഒരു പോപ്പുലർ കൾച്ചർ.

സ്നേഹം, ദുഃഖം, നഷ്ടം, വിഷാദം, ഒറ്റപ്പെടൽ - മനുഷ്യാവസ്ഥയുടെ ഏത് ഡെപ്തിലും, ഏത് സ്പെയ്സിലും ഹാൻസ് സിമ്മറിന്റെ മ്യൂസിക്കിന്, ഇന്റർസ്റ്റെല്ലാറിലെ മ്യൂസിക്കിന് ഇടമുണ്ട്. അതിന് പലതും ചെയ്യാനുണ്ട്. നമ്മെ പലതും അനുഭവിപ്പിക്കാനുണ്ട്. ദുഃഖത്തെ വെറുക്കാതിരിക്കാനും, സ്നേഹത്തെ കൂടുതൽ സ്നേഹിക്കാനും നഷ്ടത്തെ നഷ്ടപ്പെടുത്താതിരിക്കാനും ഒറ്റപ്പെടലിന്റെ ആഴമറിയാനും ഹാൻസ് സിമ്മറിന്റെ സംഗീതം നമ്മുടെ മനസ്സ് ഒരുക്കുന്നു.

സിനിമയിൽ കോൺഫീൽഡ് ചെയ്സിനൊപ്പം ആദ്യം കടന്നുവരുന്ന ട്രാക്കുകളിലൊന്നിന്റെ പേര് ‘സ്റ്റേ’ എന്നാണ്. നായകൻ കൂപ്പറും മകൾ മർഫിയും തമ്മിലുള്ള ബന്ധത്തിന്റെ, സ്നേഹത്തിന്റെ ഡെപ്തിനെ രേഖപ്പെടുത്തി വെക്കുന്നുണ്ട് സ്റ്റേ. പതിയെത്തുടങ്ങി, മെല്ലെ മെല്ലെ വികസിക്കുന്ന ഈ ട്രാക്ക് സമയത്തിന്റെ സ്വഭാവത്തെയും, കടന്നുപോകുന്ന സ്ഥലത്തെയും കാലത്തെയും, കൂപ്പറിന്റെയും മകൾ മർഫിയുടെയും ബന്ധത്തിന്റെ തീവ്രതയെയും കാണിക്കുന്നുണ്ട്. വേർപിരിയലിന്റെ വേദനയും പുനസമാഗമത്തിന്റെ പ്രതീക്ഷയും സ്റ്റേയിലുണ്ട്.

പൈപ്പ് ഓർഗണും സ്ട്രിംഗ്സും സിന്തസൈസറുമാണ് ഇന്റർസ്റ്റെല്ലാറിന്റെ എല്ലാ ട്രാക്കുകളിലും എടുത്തുനിൽക്കുന്നത്. സ്കോറുകളിലെ ഓർഗണിന്റെ ഉപയോഗം എടുത്തുപറയേണ്ടതാണ്. സ്പേസിന്റെ വിശാലതയിലൂടെയുള്ള കൂപ്പറിന്റെയും സംഘത്തിന്റെയും യാത്രയ്ക്കിടെ നേർത്ത ശബ്ദത്തിൽ മാത്രം പലപ്പോഴും കേൾക്കുന്ന ഓർഗണിന്റെ ചെറിയ മുഴക്കങ്ങൾ, ചെറിയ പ്രതിധ്വനികൾ ജീവിതത്തിന്റെ വിശാലതയിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ നേർത്ത വികാരങ്ങളെ ഓർമ്മിപ്പിക്കുന്നു.

സ്നേഹം, ദുഃഖം, നഷ്ടം, വിഷാദം, ഒറ്റപ്പെടൽ - മനുഷ്യാവസ്ഥയുടെ ഏത് ഡെപ്തിലും, ഏത് സ്പെയ്സിലും ഹാൻസ് സിമ്മറിന്റെ മ്യൂസിക്കിന്, ഇന്റർസ്റ്റെല്ലാറിലെ മ്യൂസിക്കിന് ഇടമുണ്ട്.
സ്നേഹം, ദുഃഖം, നഷ്ടം, വിഷാദം, ഒറ്റപ്പെടൽ - മനുഷ്യാവസ്ഥയുടെ ഏത് ഡെപ്തിലും, ഏത് സ്പെയ്സിലും ഹാൻസ് സിമ്മറിന്റെ മ്യൂസിക്കിന്, ഇന്റർസ്റ്റെല്ലാറിലെ മ്യൂസിക്കിന് ഇടമുണ്ട്.

നമുക്കറിയാവുന്ന, ഭൂമിയിൽ നാം കണ്ടുപരിചയിച്ച ചെറിയ സത്യങ്ങളിൽ നിന്ന്, അത്യുന്നതമായ മറ്റൊരു സത്യത്തിലേക്ക്, ഇന്റർസ്റ്റെല്ലാറിലെ മ്യൂസിക്കുകളോരോന്നും നമ്മെ പറിച്ചുനടന്നു. കേവലസത്യങ്ങളുടെ ദുഃഖത്തിൽ നിന്ന് ഉന്നതമായ ഒരു സത്യത്തിന്റെ ശാശ്വതമായ സുഖത്തിലേക്ക് ഹാൻസ് സിമ്മർ നമ്മെ എളുപ്പം കടത്തിവിടുന്നു. നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത പ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് അത് നമ്മെ കൊണ്ടുചെന്നു നിർത്തുന്നു. മനുഷ്യന്റെ വലുപ്പവും ചെറുപ്പവും അനുഭവിപ്പിക്കുന്നു.

ക്രിസ്റ്റഫർ നോളൻ
ക്രിസ്റ്റഫർ നോളൻ

നോളൻ ദൃശ്യങ്ങളിൽ അവതരിപ്പിക്കുന്ന, സമയത്തിന്റെ പോക്കും സ്പേസിലെ സമയത്തിന്റെ പ്രഹേളികയും (time dilation) പ്രേക്ഷകന് ഒന്നുകൂടെ വെളിപ്പെട്ട് കിട്ടുന്നത് ‘അഫ്രെയ്ഡ് ഓഫ് ടൈം’ എന്ന, സിമ്മർ ഒരുക്കിയ ട്രാക്ക് ബാക്ക്ഗ്രൌണ്ടിൽ കേൾക്കുമ്പോഴാണ്. സിനിമയിലൂടെ നോളൻ ഉദ്ദേശിക്കുന്ന ഫിലോസഫിക്കലും സൈന്റിഫിക്കുമായ അർത്ഥതലങ്ങളെ പ്രേക്ഷകന് വെളിപ്പെട്ട് കിട്ടുന്നത് ഈ ട്രാക്കിലൂടെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ക്വാണ്ടംഫിസിക്സ് മുന്നോട്ട് വെക്കുന്ന വന്യമായ സങ്കൽപ്പങ്ങളെ നോളൻ ദൃശ്യങ്ങളിൽ യാഥാർത്ഥ്യമാക്കുമ്പോൾ പ്രേക്ഷകനെ അത് പച്ചയ്ക്ക് അനുഭവിപ്പിക്കുന്നത് ഹാൻസ് സിമ്മറിന്റെ മ്യൂസിക്കാണ്.

‘കോൺഫീൽഡ് ചെയ്സും’ ‘മെസ്സേജ് ഫ്രം ഹോമും’ പോലെ ഇന്റർസ്റ്റെല്ലാറിലെ മറ്റൊരു പ്രധാനപ്പെട്ട ട്രാക്ക് ‘ദ വേം ഹോളാ’ണ്. മറ്റൊരു നക്ഷത്രസമൂഹത്തിലേക്ക് ശനിയുടെ അരികിൽ രൂപപ്പെട്ട ഒരു വേംഹോളിലൂടെ കൂപ്പറും സംഘവും സഞ്ചരിക്കുന്നിടത്താണ് ‘ദ വേം ഹോൾ’ എന്ന ട്രാക്ക് പതിയെ തെളിഞ്ഞുവരുന്നത്. ഇന്നും തമോഗർത്തങ്ങൾക്കകത്തെ ഭൗതികരഹസ്യങ്ങളെന്തെന്ന് അറിയാത്ത നമ്മൾ മനുഷ്യർക്ക് നോളൻ തന്റെ ഭാവനാദൃശ്യങ്ങളിലൂടെ അത് കാണിച്ചുതരുന്നു. സിമ്മറിന്റെ മ്യൂസിക് പശ്ചാത്തലത്തിൽ നിറയുമ്പോൾ, വേം ഹോളിലൂടെ അനന്തമായ ഭൂതകാലത്തേക്കുള്ള വാതിലുകൾ തുറക്കുന്നത് നായകൻ കൂപ്പറും പ്രേക്ഷകനും ഒന്നിച്ചായിരിക്കും.

ത്രീ ഡയമൻഷനിൽ ജീവിക്കുന്ന കൂപ്പറും പ്രേക്ഷകരുമുൾപ്പടെയുള്ള സമൂഹത്തെ, മറ്റൊരു ഡയമൻഷനിലേക്ക്, നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരു ഡയമൻഷനിലേക്ക് ഉയർത്തുന്നതാണ് ഹാൻസ് സിമ്മർ ഇൻ്റർസ്റ്റെല്ലാറിന് വേണ്ടി വായിച്ച ട്രാക്കുകളോരോന്നും.

ത്രീ ഡയമൻഷനിൽ ജീവിക്കുന്ന പ്രേക്ഷകരെ മറ്റൊരു ഡയമൻഷനിലേക്ക്, നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരു ഡയമൻഷനിലേക്ക് ഉയർത്തുന്നതാണ് ഹാൻസ് സിമ്മർ ഇൻ്റർസ്റ്റെല്ലാറിന് വേണ്ടി വായിച്ച ട്രാക്കുകളോരോന്നും.
ത്രീ ഡയമൻഷനിൽ ജീവിക്കുന്ന പ്രേക്ഷകരെ മറ്റൊരു ഡയമൻഷനിലേക്ക്, നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരു ഡയമൻഷനിലേക്ക് ഉയർത്തുന്നതാണ് ഹാൻസ് സിമ്മർ ഇൻ്റർസ്റ്റെല്ലാറിന് വേണ്ടി വായിച്ച ട്രാക്കുകളോരോന്നും.

ഹാൻസ് സിമ്മറിന്റെ മാന്ത്രികത, അദ്ദേഹത്തിന്റെ സംഗീതം ഇൻർസ്റ്റെല്ലാറിൽ ഒരു പടികൂടി ഉയരുന്നു. പത്തുവർഷങ്ങൾക്കിപ്പുറം അടുത്തമാസം 27ന് ചിത്രം വേൾഡ് വൈഡ് റീ റീറിലീസിന് ഒരുങ്ങുമ്പോൾ, ക്രിസ്റ്റഫർ നോളന്റെ ദൃശ്യങ്ങൾക്കൊപ്പം സിനിമയിൽ കാഴ്ച്ചക്കാര ത്രസിപ്പിക്കാൻ പോകുന്നത് ഹാൻസ് സിമ്മറിന്റെ സംഗീതവുമായിരിക്കും. മലയാളികളുൾപ്പടെ, ഇൻ്റർസ്റ്റെല്ലാറിന്റെ ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്നതും അതിനു തന്നെ.

Comments