പടംപാട്ടുകൾ- അഞ്ച്
മലയാളസിനിമാ ലോകം ഒന്നാകെ വിറകൊണ്ടു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ പാട്ടുകോളം എഴുതുന്നത്. പാട്ടുകളെ കുറിച്ചെഴുതുമ്പോൾ സാധാരണ എന്നിലുണ്ടാകാറുള്ള ഊർജ്ജസ്വലത ഇന്നില്ല. പാട്ടിന്റെ ആലക്തിക സൗന്ദര്യങ്ങളെ കുറിച്ചെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ. പാട്ടുകളിൽ ശ്വസിച്ചു ജീവിച്ചിരുന്ന ഒരാൾ, ഓക്സിജൻ മാസ്ക് വെച്ച് കൃത്രിമശ്വാസമെടുക്കുന്ന ഒരവസ്ഥ.
80- കളിലെ നവസിനിമയുടെ വക്താക്കളിലൊരാളായ സംവിധായകൻ മോഹൻ വിട പറയുന്നതും ഈ സമയത്തുതന്നെ. എനിക്കേറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ മരണത്തിന്റെ വേദന ആറുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലച്ചിത്രനടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. സത്യത്തിൽ മോഹന്റെ മരണമുണ്ടാക്കിയ വേദനയെ പോലും മുക്കിക്കളഞ്ഞു വിവാദങ്ങൾ.
ഞാൻ തിയേറ്ററുകളിൽ നിന്നിറങ്ങാതെ സിനിമ കണ്ടുനടന്ന കാലത്തെ ചലച്ചിത്രങ്ങളാണ് രണ്ടു പെൺകുട്ടികൾ, വിട പറയും മുമ്പേ, ഇളക്കങ്ങൾ, രചന, ശാലിനി എന്റെ കൂട്ടുകാരി, മംഗളം നേരുന്നു, കൊച്ചു കൊച്ചു തെറ്റുകൾ, ഒരു കഥ ഒരു നുണക്കഥ, ആലോലം തുടങ്ങിയവ. എല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. അന്നത്തേതിനേക്കാൾ ഏറെ മോഹന്റെ സിനിമകൾ പ്രസക്തമാകുന്ന ഒരു കാലത്താണ് അദ്ദേഹം വിടപറഞ്ഞുപോയത്.
മധ്യവയസ്സിലെത്തുന്ന സ്ത്രീയുടെ കാമനകളുടെ ആളലിന് കൊച്ചു കൊച്ചു തെറ്റുകൾ എന്നും കൗമാരക്കാരിയുടെ പേരറിയാപ്രശ്നങ്ങൾക്ക് ഇളക്കങ്ങളെന്നും കൗതുകത്തോടെ പേരിട്ട്, ആ വൈകാരികപ്രതിസന്ധികളെ സമചിത്തതയോടെ കൈകാര്യം ചെയ്ത സംവിധായകൻ.
വിഹ്വലനായ മനുഷ്യന്റെ ആധികൾ ആവിഷ്കരിക്കാൻ നെടുമുടി വേണുവിന്റെ ശരീരമാണ് മോഹൻ ഏറെയും തിരഞ്ഞെടുത്തത്.
താരങ്ങൾ സിനിമയുടെ അധികാരകേന്ദ്രങ്ങളായിത്തുടങ്ങിയിട്ടില്ല അന്ന്. താരപരിവേഷമൊന്നുമില്ലാത്ത നെടുമുടി വേണുവാണ് ഇളക്കങ്ങൾ, വിട പറയും മുൻപേ, മംഗളം നേരുന്നു, ആലോലം, തീർഥം എന്നീ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഹ്വലനായ മനുഷ്യന്റെ ആധികൾ ആവിഷ്കരിക്കാൻ നെടുമുടി വേണുവിന്റെ ശരീരമാണ് മോഹൻ ഏറെയും തിരഞ്ഞെടുത്തത്. വൃഥാഹങ്കാരത്തിന്റെയും അധികാരഹുങ്കിന്റെയും സിനിമാക്കാലത്ത്, മോഹൻ സംവിധാനം ചെയ്ത ചിത്രങ്ങളിലെ, വേണുവിന്റെ നിസ്സഹായ മുഖങ്ങൾ കാണുന്നത് ഒരു ആശ്വാസമാണ്. നെടുമുടി വേണു പാടിയഭിനയിച്ച ഏറ്റവും മികച്ച ഗാനങ്ങൾ മോഹന്റെ ചിത്രങ്ങളിലേതായിരുന്നു. മംഗളം നേരുന്നു എന്ന ചിത്രത്തിലെ,
“അല്ലിയിളം പൂവോ
ഇല്ലിമുളം തേനോ
തെങ്ങിളനീരോ
തെന്മോഴിയോ
മണ്ണിൽ വിരിഞ്ഞ നിലാവോ”
എന്ന ഗാനം മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്നാണ്. കൃഷ്ണചന്ദ്രനെന്ന യുവഗായകന് അന്ന് യേശുദാസിൽ നിന്നു പോലും പ്രശംസ നേടിക്കൊടുത്ത ഗാനം. തന്റെ ചിത്രങ്ങളിലെ ഗാനങ്ങളിൽ രചനാഭംഗി നിർബന്ധമായിരുന്ന മോഹൻ പതിവ് ഗാനരചയിതാക്കളേക്കാൾ കാവാലം നാരായണപ്പണിക്കരേയും എം.ഡി. രാജേന്ദ്രനെയും മുല്ലനേഴിയെയും പോലെ, കവിതയോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നവരെയാണ് തിരഞ്ഞെടുത്തത്. ഈ പാട്ടിലെ വരികൾ അതിന്റെ നാടൻപദങ്ങളുടെ ലാളിത്യം കൊണ്ട് കാവാലമെഴുതിയതാണോ എന്ന് സംശയം തോന്നാം. പക്ഷേ, ‘ഹിമശൈല സൈകതഭൂമിയിൽ’ പോലെ സംസ്കൃത പദനിബദ്ധമായ പാട്ടെഴുതിയ എം.ഡി. രാജേന്ദ്രൻ തന്നെയാണ് ഈ വരികളെഴുതിയത്. ഇളയരാജയാണ് സംഗീതം.
“തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കന്നിവയൽ കാറ്റേ നീ കണ്മണിയെ ഉറക്കാൻ വാ
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ“
അപ്രതീക്ഷിതമായി ജീവിതം തകർന്നുപോയ ഒരു സ്ത്രീയുടെ ഒരു രാത്രിക്കുവേണ്ടി അവരുടെ കിടപ്പറയിലെത്തുകയും പിന്നീട് അവരുടെ ജീവിതകഥകളിൽ കരളലിഞ്ഞ് അവരുടെ മകളുടെ അഛനായി മാറുകയും ചെയ്യുന്ന രവീന്ദ്രമേനോനായാണ് നെടുമുടി ഈ ചിത്രത്തിലഭിനയിക്കുന്നത്. ലാഭചേതങ്ങളുടെയും മുതൽ - പലിശകളുടെയും ക്രൂരലോകത്ത് ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീക്ക് മാനുഷികതയുടെ സ്വാഭാവിക വെളിച്ചം ഉള്ളിലുള്ള ഒരു മനുഷ്യൻ കൂട്ടാവുകയാണ്. അയാൾ അവരുടെ മകൾക്ക് അച്ഛനാകുന്നു.
“കൈവിരലുണ്ണും നേരം
കണ്ണുകൾ ചിമ്മും നേരം
കന്നിവയൽ കിളിയേ നീ
കണ്മണിയെ ഉണർത്താതെ
നീ താലീപീലീ പൂങ്കാട്ടിന്നുള്ളിൽ
നീ താലീ പീലീ കാട്ടിന്നുള്ളിൽ
കൂടും തേടി പോ പോ’’
അഛന്മാരുടെ പ്രായമുള്ളവരെ പോലും പെൺകുട്ടികൾ ഭയപ്പെടേണ്ട കാലത്ത് ആരുമല്ലാത്ത ഒരാൾ നിറഞ്ഞ വാത്സല്യത്താൽ അഛനായി മാറുന്ന ചിത്രമാണത്.
"ഏറ്റവും മത്തുപിടിപ്പിക്കുന്ന വികാരം, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് തോന്നുന്നതാണ്'' എന്ന് ബൽസാക് ‘കസിൻ ബെറ്റി’ എന്ന തന്റെ നോവലിൽ എഴുതിയിട്ടുണ്ട്. രണ്ടു പെൺകുട്ടികളുടെ പരസ്യം വന്നപ്പോൾ മുതൽ തങ്ങളുടെ ഉള്ളിലുണ്ടായ സംഭ്രമം പലരും വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ചിത്രത്തെ മലയാളി പ്രേക്ഷകർ സഹർഷം സ്വീകരിക്കുകയും സത്യങ്ങളെ മടി കൂടാതെ നേരിടുകയും ചെയ്തു. ഗിരിജയും കോകിലയുമാണ് ആ രണ്ടു പെൺകുട്ടികൾ. ഗിരിജയാണ് ഒരു വയസ്സിനു മുകളിൽ. കൗമാരപ്രായത്തിൽ കാമുകനിൽ നിന്നുണ്ടായ ചില ദുരനുഭവങ്ങൾ ഗിരിജയെ കോകിലയിലേക്ക് അടുപ്പിക്കുന്നു. കോകില അവൾക്കൊരു ലഹരിയാകുന്നു. എന്നാൽ കോകിലക്ക് ഒരു കാമുകനുണ്ടെന്നറിയുന്നതോടെ ഗിരിജ തകർന്നു പോകുകയാണ്. വി. ടി.നന്ദകുമാറിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് രണ്ട് പെൺകുട്ടികൾ എന്ന സിനിമക്ക് ആധാരമായ കൃതി. മലയാളത്തിലെ ആദ്യ ലെസ്ബിയൻ നോവലും ആദ്യ ലെസ്ബിയൻ സിനിമയും രണ്ടു പെൺകുട്ടികളാണ്.
പരസ്പരം പ്രേമിയ്ക്കുന്ന രണ്ട് യുവതികൾ എന്നത് സമൂഹം ചിന്തിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാലത്താണ് മോഹൻ ഇങ്ങനെ ഒരു ചിത്രവുമായി കാലഘട്ടത്തെ തന്നെ ഞെട്ടിച്ചത്. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു വിഷയത്തെ ഏറെ കയ്യടക്കത്തോടെയാണ് മോഹൻ അഭ്രപാളികളിലേക്ക് പകർത്തിയത്.
ജയചന്ദ്രൻ പാടിയ അതിമനോഹരമായ ഒരു ഗാനമുണ്ട് ഈ ചിത്രത്തിൽ.
“ശ്രുതിമണ്ഡലം സപ്തസ്വര മണ്ഡലം
ശബ്ദധ്വനിമണ്ഡലം ഈ ഭൂമണ്ഡലം
സൗരയൂഥത്തിന്റെ സുന്ദരസ്വപ്നമേ
ധനധാന്യ ലയലാസ്യ മണിമണ്ഡപം’’
ബിച്ചു തിരുമലയും എം.എസ്. വിശ്വനാഥനുമാണ് ഗാനശിൽപികൾ. ജയചന്ദ്രൻ പാടിയ ക്ലാസിക്കൽ ഗാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണിത്. പാട്ടിന്റെ വരികളാകട്ടെ ചിത്രത്തിന്റെ ഇതിവൃത്തവുമായി ഏറെ ഇണങ്ങിനിൽക്കുന്നുമുണ്ട്. നിലാവിന്റെ കൈകളാൽ ഭൂമിക്കു നിർവൃതി പകരുന്ന ഹേമന്തചന്ദ്രിക. ഭൂമിയും ഹേമന്തചന്ദ്രികയും രാസകേളീഗൃഹത്തിൽ രണ്ടു പെൺകുട്ടികളാണ്.
“നീലനിലാവല കൈകളാൽ ഭൂമിയ്ക്ക്
നിർവൃതിയേകുന്ന ഹേമന്തചന്ദ്രികേ
രാസകേളീഗൃഹ ശയ്യാതലങ്ങളിൽ
രണ്ട് പെൺകുട്ടികളല്ലോ നിങ്ങളും
രണ്ടു പെൺകുട്ടികളല്ലോ’’
ഒരു പെണ്ണിന് എങ്ങനെ മറ്റൊരു പെണ്ണിനെ പ്രണയിക്കാതിരിക്കാനാകുമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മനോഹരമായിരുന്നു കോകിലയും ഗിരിജയുമായി വേഷമിട്ട ശോഭയുടെയും അനുപമയുടെയും അഭിനയം. പെൺശരീരത്തിൻറെ ആവേഗങ്ങൾ മറ്റൊരു പെണ്ണിന് അത്രക്ക് പൂർണമായി മനസിലാകുമെന്ന് അവരുടെ നോട്ടങ്ങൾ പോലും പറയുന്നുണ്ടായിരുന്നു. എത്രയൊക്കെ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല ലെസ്ബിയൻസിന്റെ അന്വേഷണപഥങ്ങൾ. ''അനന്തതയുടെ അന്വേഷകർ'' എന്നാണ് ലെസ്ബിയൻസിനെ കുറിച്ചുള്ള പ്രശസ്തമായ വിശേഷണം. വിലക്കപ്പെട്ട പ്രേമത്തിനു പിന്നാലെ പോകുന്ന ഈ സാഹസികരെയും നയിക്കുന്നത് ഏതു പ്രണയത്തിലെയും പോലെ തടുക്കാൻ കഴിയാത്ത വികാരമായിരിക്കും. ഇന്നും നമ്മുടെ നാട്ടിൽ അവർ നിയമത്തിത്തിൻറെയും സമൂഹത്തിൻറെയും നിന്ദകൾക്ക് പാത്രമാകുന്നുണ്ട്. സ്വന്തം ശരീരത്തിന്റെ കാമനകളോട് സത്യസന്ധത പുലർത്തുന്നതിൻറെ പേരിൽ അവർ ക്രിമിനലുകളായി വിധിക്കപ്പെടുന്നുണ്ട്. അവരോട് അനുതാപം പുലർത്തി മോഹന്റെ ഈ ചിത്രം.
“ഈ സുന്ദാരാകാര ഭൂമിയിൽ ജീവിതം
ശോഭായമാനമായ് മാറ്റേണ്ട മാനവൻ
പേടിക്കിനാവിന്റെ വേതാളവേദിയിൽ
പേയാട്ടമാടുന്നതെന്തേ
ഈ വിധം പേയാട്ടമാടുന്നതെന്തേ’’
എന്ന് ആ പാട്ടിൽ ബിച്ചു തിരുമല എഴുതിയിട്ടുണ്ട്. അതെ, അടഞ്ഞ ഒരു ലോകത്തിൽ കഴിയുമ്പോൾ സ്വന്തം ശരീരത്തിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിൻറെ വേദനകളും അവർക്ക് നേരിടേണ്ടി വരുന്നു. രണ്ടു പെൺമനസ്സുകളുടെയും ശരീരങ്ങളുടെയും ആസക്തി തരുന്ന മുറിവുകളെ, വർഷങ്ങൾക്കു മുൻപേ മോഹൻ അനശ്വര കലാശില്പമാക്കി.
ആലോലം എന്ന ചിത്രവും മനോഹരഗാനങ്ങളാൽ സമൃദ്ധമാണ്. കാവാലം - ഇളയരാജാ കൂട്ടുകെട്ടിലുണ്ടായ അതിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.
“ആലായാൽ തറ വേണം
അടുത്തൊരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം’’
എന്ന നാടൻപാട്ട് ഈ ചിത്രത്തിന്റെ റിലീസോടെ പോപുലറായി. ഭരത് ഗോപി നായകനെങ്കിലും നെടുമുടി വേണുവിന്റെ ‘കോഴിത്തമ്പുരാന്റെ‘ വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എസ്. ജാനകി പാടിയ രണ്ടു മനോഹര ഗാനങ്ങളുണ്ട് ചിത്രത്തിൽ.
“തണൽ വിരിക്കാൻ കുട നിവർത്തും
സൗവ്വർണ്ണ വസന്തം
എൻ മഞ്ചാടി മോഹങ്ങൾ…
ഇടറി വീഴും വസന്തം
തണൽ വിരിക്കാൻ കുട നിവർത്തും
സൗവ്വർണ്ണ വസന്തം’’
സുഹൃത്തിന്റെ പ്രലോഭനങ്ങളിൽ പെട്ട് പരിചിതമല്ലാത്ത ചില ശീലങ്ങളിൽ ചെന്നു ചാടുന്ന പാവത്താനായാണ് ഗോപി അഭിനയിക്കുന്നത്. മക്കളില്ലാത്ത ദുഃഖത്തോടൊപ്പമാണ് ഭർത്താവിന്റെ, തനിക്ക് ആശാസ്യമല്ലാത്ത ചില ചാഞ്ചാട്ടങ്ങൾ അവരറിയുന്നത്. തർക്കിക്കാനും യുദ്ധം ചെയ്യാനുമുള്ള ആത്മശേഷിയില്ലാത്ത ആ സ്ത്രീ, തന്റെ മനസ്സ് ഇങ്ങനെ തളർന്നു നിൽക്കുന്നതെന്തിനെന്നറിയാതെ ഉഴറുകയുമാണ്.
“പൂവിൻദളങ്ങൾക്കു വിരിയാതെ വയ്യാ
കാറ്റിൻ താളത്തിൽ തളിരിനു കുണുങ്ങാതെ വയ്യ
അല്ലിനൊന്നു നിറം പൊട്ടി പുലരാതെ വയ്യ
അല്ലലിൻ തുമ്പികൾക്കോ ആടാതെ വയ്യ’’
കെ. ആർ. വിജയയാണ് നിസ്സഹായയായി കേഴുന്ന ഭാര്യയുടെ ആ വേഷം ചെയ്യുന്നത്.
‘‘നിൻ കൈ തൊടും നേരം കുളിരാതെ വയ്യാ
എന്റെ പൂന്തേനും ലഹരിയും പകരാതെ വയ്യ
ഉള്ളിന്നുള്ളിൽ എനിക്കെന്നെ തിരയാതെ വയ്യാ
ഉണ്മതൻ മുന്നിൽ വിങ്ങി മാഴ്കാതെ വയ്യ’’
ഇന്നും ഇത്തരം നിസ്സഹായതകൾ അനുഭവിച്ചു കൊണ്ട് എന്തും സഹിച്ചു കേണുനിൽക്കുന്ന ഭാര്യമാരുണ്ടാകാം. അവിവാഹിതയായ ജാനകിക്കുട്ടി എന്നൊരു സ്ത്രീയുടെ വൈകാരിക സമ്മർദ്ദത്തിന്റെ ചെറു നെടുവീർപ്പുകളും ചിത്രത്തിലുണ്ട്. ആ സ്ത്രീകളുടെ ആത്മഗതം കൂടിയാണ് ഈ ഗാനം. പാട്രിയാർക്കിയുടെ നിയമങ്ങൾക്കുള്ളിൽ ശ്വാസം മുട്ടുന്ന വ്യക്തികളുടെ നിശ്ശബ്ദവേദനകൾ സിനിമയുടെ അന്തരീക്ഷത്തിലാകെയുണ്ട്.
മോഹന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രം ശാലിനി എന്റെ കൂട്ടുകാരിയാണ്. അതിലെ ഗാനങ്ങൾ ഇന്നും പുതുമനഷ്ടപ്പെടാതെ ആസ്വദിക്കപ്പെടുന്നുമുണ്ട്.
“ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നു’’
കുമാരസംഭവം അഞ്ചാം സർഗ്ഗത്തിലെ പാർവ്വതിയുടെ തപസ്സിനെ വർണ്ണിക്കുന്നിടത്തു നിന്നാണ് ഈ ‘പ്രഥമോദബിന്ദു’ വരുന്നത്. പാർവ്വതിയുടെ കൺപീലികളിലും കവിളിലും മാറിടത്തിലും തട്ടി വയറിലെ മൃദുരോമങ്ങളെ തഴുകി ഒടുവിൽ പൊട്ടിത്തകർന്നു ചിതറി പൊക്കിൾക്കുഴിയിലെത്തുന്ന പ്രണയത്തിന്റെ ആദ്യ മഴത്തുള്ളി. അതാണാ പ്രഥമോദബിന്ദു. തട്ടിത്തടഞ്ഞു വരുന്ന വഴികകളാലോചിച്ചുള്ള അതിഗൂഢ സുസ്മിതമാണ് എം ഡി രാജേന്ദ്രൻ കാളിദാസ കൽപനയിൽ അധികമായി ചേർത്തത്. പ്രണയമഴയിലെ ആ ആദ്യത്തെ നീർത്തുള്ളി മലയാളി ഇന്നും എന്നും പാടി നടക്കുകയാണ്.
“എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായീ
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദ പരാഗമായ് മാറീ”
ആ ചിത്രത്തിലെ തന്നെ,
സുന്ദരീ...
ആ... സുന്ദരീ ആ..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ.
നീ വന്നൂ
സുന്ദരീ…
എന്ന ഗാനം കാമ്പസുകളിൽ തരംഗമായി. ചരണങ്ങളിലെ സംസ്കൃതപദ ബാഹുല്യമൊന്നും കാമുകർക്ക് തടസ്സമുണ്ടാക്കിയില്ല. പല്ലവിയിലെ അതിലളിതമായ പ്രണയഭാവം അത്രക്ക് വശ്യമായിരുന്നുവല്ലോ. രവി മേനോനും ശോഭയും പരസ്പരം നോക്കിയിരിക്കുമ്പോഴുള്ള സ്വാഭാവിക ലാളിത്യം അക്കാലത്തെ ശൃംഗാരാധിക്യമുള്ള പതിവു പ്രണയരംഗങ്ങളിൽ നിന്ന് വ്യത്യസ്തവുമായിരുന്നല്ലോ.
ഇന്ന് ചലച്ചിത്രമേഖലയിൽ നിന്നുയരുന്ന കഥകളുടെയും നുണക്കഥകളുടെയും ചതിയുടെയും ഒക്കെ ബ്ലൂ പ്രിന്റെന്നു പറയാവുന്ന തരം കഥയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിൽ ഹാസ്യരസത്തിന് പ്രാധാന്യം നൽകി മോഹൻ പറഞ്ഞത്. വാചകക്കസർത്തിൽ പെണ്ണുങ്ങളെ പെടുത്തുന്നതിൽ മിടുക്കനായ തട്ടിപ്പുവീരൻ അപ്പുവായി നെടുമുടി വേണു. ഒടുവിൽ തന്നെയും കൂട്ടികാരിയെയും വലയിലാക്കാൻ നടക്കുന്ന ഈ വാചകമടിക്കാരന്റെ നുണക്കഥകൾ നായിക പൊളിച്ചു കളയുകയാണ്.
ചിത്ര പാടിയ അതി മനോഹരമായ ഒരു ഗാനം ഈ ചിത്രത്തിലുണ്ട്.
“അറിയാതെ.. അറിയാതെ..
എന്നിലെ എന്നിൽ നീ..
എന്നിലെയെന്നിൽ നീ..
കവിതയായ് വന്നു തുളുമ്പി..
അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
നവനീതചന്ദ്രിക പൊങ്ങി…’’
ഇതിലെ അപ്പുവിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ മുകേഷും സിദ്ദിഖും ഒക്കെ ചേർന്ന് നടത്തുന്ന പല തട്ടിപ്പുകഥകളും നുണക്കഥകളും പല ചലച്ചിത്രങ്ങളിലും പിന്നീട് നാം കുറെയേറെ കണ്ടിട്ടുള്ളതാണ്. പക്ഷേ വളിച്ചുപുളിച്ച കോമഡി മോഹന്റെ ചിത്രങ്ങളിലുണ്ടാവില്ല. കോമഡിക്കു പോലും യാഥാർഥ്യത്തോട് അടുപ്പമുള്ള ഗൗരവമുണ്ടാകും. അത് നമ്മെ കൂടുതൽ ചിന്തിപ്പിക്കും.
മറ്റൊരു തട്ടിപ്പിന്റെയും വഞ്ചനയുടെയും ദുരന്തചിത്രമാണ് രചന എന്ന ചിത്രത്തിലൂടെ മോഹൻ അവതരിപ്പിച്ചത്. മനുഷ്യമനസ്സിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്നയാളെന്നഭിമാനിക്കുന്ന ഒരു നോവലെഴുത്തുകാരൻ തന്റെ പുതിയ നോവലിലെ കഥാപാത്രമാകാൻ, കപടതകൾ വശമില്ലാത്ത പാവപ്പെട്ട ഒരിരയെ കണ്ടെത്തുകയാണ്. തന്റെ സുന്ദരിയായ ഭാര്യ ശാരദയെയും ഇയാൾ തന്റെ സൃഷ്ടിയുടെ തികവിനു വേണ്ടി ക്രൂരമായി ഉപയോഗിക്കുന്നു. ഗോപിയും ശ്രീവിദ്യയും നെടുമുടി വേണുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാകാരന്റെ സ്വാർഥതയും അധികാര പ്രമത്തതയും കുടുംബത്തോടും സ്ത്രീയോടും സമൂഹത്തോടും ചെയ്യുന്ന ക്രൂരതയാണ് ഈ ചിത്രത്തെയും കാലികപ്രസക്തമാക്കുന്നത്. മൂന്നു പേരുടെയും അനിവാര്യമായ ദുരന്തത്തെ വിശ്വസനീയമാം വിധം ഹൃദയസ്പർശിയായാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. പുരുഷനെ വശീകരിച്ചും പ്രലോഭിപ്പിച്ചും കീഴടക്കുവാൻ സ്ത്രീസൗന്ദര്യത്തെ ആയുധവും ഭൂഷണവുമാക്കുന്ന കാവ്യഭാവനയെ അഭിനന്ദിച്ച് വയലാർ പണ്ടേക്കു പണ്ടേ എഴുതിയിട്ടുണ്ടല്ലോ.
“ഇന്ദ്രനതായുധമാക്കി
ഈശ്വരൻ ഭൂഷണമാക്കി
വ്യഭിചാരത്തെരുവിൽ
മനുഷ്യനാ മുത്തുക്കൾ വിലപേശി വിൽക്കുന്നു
ഇന്ന് വിലപേശി വിൽക്കുന്നൂ”
സ്ത്രീശരീരം ഒരു പ്രലോഭനവസ്തുവായി, ഒരു ചരക്കായി, ആൺപ്രേരണയായി മാത്രം നിലനിർത്തുന്നതിൽ ചലച്ചിത്രങ്ങൾക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. പെൺശരീരത്തെ ഭോഗവസ്തുവും ഭോജ്യ വസ്തുവുമായാണ് സിനിമയും പാട്ടുകളും കാണുന്നത്. സിനിമാ പ്രവർത്തകരും ഏറെക്കുറെ അങ്ങനെ തന്നെയാണ് കാണുന്നതെന്നതിന് കാലം സാക്ഷ്യം പറയുന്നു. മോഹന്റെ ചലച്ചിത്രങ്ങളും അതിലെ ഗാനങ്ങളും മായക്കാഴ്ചകളിൽ കുടുങ്ങാതെ, വിപണിയുടെ അലങ്കാരങ്ങളിൽ പെടാതെ സ്ത്രീശരീരത്തോട് യാഥാർഥ്യബോധത്തോടെ പെരുമാറിയതെങ്ങനെ എന്ന് ഈ ചിത്രങ്ങൾ പറയുന്നുണ്ട്.
Social stigma- യെ മറികടക്കാൻ, അധികാര മത്തുകൾക്കെതിരെയും സൈബർ ആഭാസങ്ങൾക്കെതിരെയും ചിലപ്പോൾ രൂക്ഷമായും മറ്റു ചിലപ്പോൾ Witty and vigorous ആയും, കല കൊണ്ട് പ്രതിരോധമേർപ്പെടുത്തിയും, Wonder Women ഒരുമിക്കുന്ന കാലമാണിത്. വലിയ കോട്ടമതിലിന്റെ ബാഹ്യവലയം ഭേദിച്ചു കഴിഞ്ഞിരിക്കുന്നു അവർ.
‘നിങ്ങൾ ഇങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ.
നിങ്ങൾ മാറണ്ട, ഞങ്ങൾ മാറിക്കോളാം…’ എന്നത് ഒരു കടന്നുകയറ്റമാണ്. ഒരതിക്രമിക്കൽ തന്നെയാണ്. അൻപതാണ്ട് മുമ്പ് ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ.
കെ.പി.എ.സി ലളിതയുടെയും കോട്ടയം ശാന്തയുടെയും ആത്മകഥകൾ മറ്റൊരു കഥയാണ് പറയുന്നത്. നടിയാകാൻ മോഹിച്ച് സിനിമയിലെത്തിയതാണ് കോട്ടയം ശാന്ത. രൂപസൗന്ദര്യവും ശബ്ദസൗന്ദര്യവും ഒത്തിണങ്ങിയ കലാകാരി. ഇടത്തരം വേഷങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളുവെങ്കിലും സീമയുടെയും ലക്ഷ്മിയുടെയും ഉണ്ണിമേരിയുടെയും മാധവിയുടെയും പൂർണ്ണിമാ ജയറാമിന്റെയും ശബ്ദമായി അവർ മലയാളസിനിമയിൽ ഒരു കാലഘട്ടം മുഴുവൻ നിറഞ്ഞുനിന്നു. മലയാള ചലച്ചിത്രലോകം പക്ഷേ അവരോട് നീതി ചെയ്തില്ല.
കോട്ടയം ശാന്തയുടെ ആത്മകഥ ‘അഗ്നിപഥങ്ങളിലൂടെ’ പ്രസിദ്ധീകരിക്കാനൊരുങ്ങിയപ്പോൾ ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് പരിഭ്രമിക്കുന്നതു പോലെ തന്നെ അന്നത്തെ സിനിമാപ്രവർത്തകർ പരിഭ്രമിച്ചു. തിക്കുറിശ്ശിയുടെയും അടൂർ ഭാസിയുടെയും ഉൾപ്പെടെ പല പ്രമുഖരുടെയും തനിനിറം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു 40 ലക്കത്തോളം ആ ആത്മകഥ പ്രസിദ്ധീകരിച്ചത്. മറ്റു നടികളുടെ ശരീരഭാഗങ്ങളെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്ന നടന്മാർക്കെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോൾ സിനിമാപ്രവർത്തകർ ഒറ്റക്കെട്ടായി എതിർപ്പുമായി വന്നു. മധു വൈപ്പന എഡിറ്ററായിരുന്ന സിനിമാമംഗളം മാസികക്ക് ആത്മകഥയുടെ പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടി വന്നു.
തിക്കുറിശ്ശിയുടെയും അടൂർ ഭാസിയുടെയും ഉൾപ്പെടെ പല പ്രമുഖരുടെയും തനിനിറം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു 40 ലക്കത്തോളം കോട്ടയം ശാന്തയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്. നടന്മാർക്കെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോൾ സിനിമാപ്രവർത്തകർ ഒറ്റക്കെട്ടായി എതിർപ്പുമായി വന്നു. സിനിമാമംഗളം മാസികക്ക് ആത്മകഥയുടെ പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടി വന്നു.
സമാനമായ ഇതിവൃത്തമുള്ള ഒരു ചലച്ചിത്രം 1970- ൽ മലയാളത്തിലിറങ്ങിയിരുന്നു, എഴുതാത്ത കഥ എന്ന പേരിൽ. മലയാള നാടകവേദിയിലെ ഉജ്ജ്വല താരമായിരുന്ന കായംകുളം കമലമ്മയുടെ വേഷമാണ് ഷീല ഈ ചിത്രത്തിൽ ചെയ്യുന്നത്. നാടക ജീവിതത്തിനിടയിൽ സമൂഹത്തിലെ പല പ്രമുഖരുടെയും കിടപ്പറ പങ്കിടേണ്ടിവന്ന കമലമ്മയുടെ മകളായതിനാൽ തനിക്കും കലാജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വയ്യാത്ത സാഹചര്യമാണ് എന്ന് ഗായികയായ മകൾ മീന പറയുന്നുണ്ട്. പ്രതാപൻ എന്ന പത്രാധിപർ തന്റെ ധർമ്മയുദ്ധം എന്ന വാരികയിൽ കായംകുളം കമലമ്മയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു എന്ന പരസ്യം കൊടുക്കുന്നു. പരസ്യം പ്രസിദ്ധീകൃതമായതോടു കൂടി പല മാന്യന്മാരും വിരണ്ടു. സത്യങ്ങൾ പുറംലോകത്തെ അറിയിക്കുവാൻ പ്രതാപനും കമലമ്മയും തയ്യാറാകുന്നു എന്ന വിവരമറിഞ്ഞ് നാനാ ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തിനിടയിൽ കമലമ്മ ഹൃദയാഘാതത്താൽ മരിക്കുന്നു. എഴുതാത്ത കഥ അവസാനിച്ചു. പുറത്തു വരാത്ത ഹേമ കമ്മിറ്റി റിപ്പോർട്ടു പോലെ എഴുതാത്ത കഥകളും ഇനിയുമെത്ര അധികം. അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഈ ചിത്രം കലാമേഖലയിൽ സ്ത്രീകളനുഭവിക്കേണ്ടി വരുന്ന യാതനകളുടെ നേർച്ചിത്രമാണ്.
“പ്രാണവീണ തൻ
ലോലതന്തിയിൽ
ഗാനമായി വിടർന്നു നീ ’’
എന്ന മനോഹര ഗാനമുണ്ട് ഈ ചിത്രത്തിൽ.
“കല്പനയിൽ മഹാബലീപുര-
ശില്പഭംഗികൾ ചേർത്തു നീ
ചിന്തതൻ മലർവല്ലികകളിൽ
മുന്തിരിക്കുല ചാർത്തി നീ
അത്തലിന്റെ കയങ്ങളിൽ നിന്നും
മുത്തു വാരുവാൻ പോരുമോ
മന്ദഹാസ വസന്തരേഖയായ്
നന്ദിനീ രാഗനന്ദിനീ’’
എന്ന വരികൾ അന്നുമുതൽ എനിക്കേറെ പ്രിയപ്പെട്ടതായി.
അപമാനിതരായ ഭാനുമതിമാരുടെ ഉഗ്രവെളിപ്പെടുത്തലുകളിൽ മംഗലശ്ശേരി ദുഷ്പ്രഭുത്വങ്ങൾ നിന്ന് വിറയ്ക്കുകയാണ്. ദേവാസുരമെന്ന ചിത്രത്തിലെ ആ നൃത്തമണ്ഡപം മറക്കുന്നതെങ്ങനെ? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ചിത്രയുടെ ശബ്ദത്തിലെ ഈ പാട്ട് പ്രസക്തമാകുക.
“അംഗോപാംഗം സ്വരമുഖരം.. ദ്രുതചലനം
ആളുമീ ഹോമാഗ്നിയിൽ
എൻ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതിൽ നൊന്തുപാടുമീ
ശ്യാമകന്യയിൽ കനിയൂ’’
രഞ്ജിത്താണ് തിരക്കഥ. അപമാനിതയായി തനിച്ചു നിന്നുരുകുന്ന ഭാനുമതിയായി രേവതിയാണ് രംഗത്ത്. മോഹൻലാലിന്റെ നായകവേഷമായ മംഗലശ്ശേരി നീലകണ്ഠനും മറ്റ് പ്രമുഖരും രംഗത്ത്. ‘നീ ഞാൻ പറയുന്നതനുസരിക്കും, അതല്ലാതെ നിനക്കു മറ്റു വഴിയില്ല’ എന്നാണല്ലോ എന്നും സിനിമാലോകം പെണ്ണിനോട് കൈക്കൊള്ളുന്ന നിലപാട്.
“ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം
നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ’’
ഭാനുമതി പറയുന്ന ആ സംഭാഷണം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. അതിന് അറം പറ്റുന്ന ക്ഷോഭശക്തിയുണ്ട്: “എനിക്കുമുണ്ടല്ലോ അൽപം ആത്മാഭിമാനം. അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ. ആർക്കും ഒരു ചേതവുമില്ലാതെ ഞാനും ഒന്നു ജയിച്ചോട്ടെ”.
ജീവിതത്തിൽ കൊച്ചു കൊച്ചു തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ആ തെറ്റുകൾ വലിയ തെറ്റുകളായി മാറുമ്പോൾ കൊണ്ടു ചെന്നെത്തിക്കുന്നത് തിരുത്താനാവാത്ത വലിയ തെറ്റുകളിലേക്കും വലിയ ദുരന്തത്തിലേക്കും ആയിരിക്കും. എല്ലാ അധികാര സ്ഥാപനങ്ങളുടെയും നിത്യഭയമായി ഒരു സ്ത്രീയെങ്കിലും ഇവിടെ ഉണ്ടാകേണ്ടതുണ്ട്.