തിരകളെഴുതിയ
പ്രണയാസക്തികൾ

ജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്- എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം- പടംപാട്ടുകൾ- തുടങ്ങുന്നു.

ർഭപാത്രത്തിലെ അമ്നിയോട്ടിക് ഫ്ലൂയിഡിൽ തുടങ്ങുന്നതാണ് മനുഷ്യന് ജലവുമായുള്ള ബന്ധം. ഒഴുകിയും നീന്തിയും പൊങ്ങിയും താണുമുള്ള ഈ സുഖജലശയനത്തിന്റെ സ്മരണകൾ ജീവിതത്തിലുടനീളം മനുഷ്യന്റെ ചിന്തകളിലുണ്ട്. സാഹിത്യത്തിലും സംഗീതത്തിലും ഓർമകളിലും സ്വപ്നങ്ങളിലും ഈ ജലസ്വാധീനം വിടാതെ പിന്തുടരുന്നു. ജലം സ്വാതന്ത്ര്യവും സ്വാതന്ത്ര്യം സന്തോഷവുമാണ്. അതിന് രതിയുമായും അഭേദ്യബന്ധമുണ്ട്.

ആദ്യകാല ഫെമിനിസ്റ്റായ കേറ്റ് ചോപ്പിൻ എഴുതിയ Awakening എന്ന നോവലിന്റെ പരിസരം ജലവും സ്വാതന്ത്ര്യവും ആനന്ദവുമായുള്ള ഈ ബന്ധത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ നീന്തിത്തുടിക്കുമ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും ഉണർവ്വ് അറിയുന്ന എഡ്നയാണ് ഇതിലെ പ്രധാന കഥാപാത്രം. ഉൾക്കടലിൽ നീന്തൽ പഠിക്കുമ്പോഴാണ് അവൾ ആദ്യമായി ശരീരത്തിന്റെ യഥാർഥ ആനന്ദമെന്തെന്നറിയുന്നത്. ആ ഉണർവ്വിന് ആദിമമായ ആസക്തികളെ തീ പിടിപ്പിക്കാനുള്ള ശേഷിയുണ്ട്. ബാലാമണിയമ്മയുടെ നീന്തം പഠിക്കൽ എന്ന കവിതയിലും ആനന്ദത്തിരത്തള്ളലിൽ കനം കുറയുന്ന ശരീരം അറിയുന്ന ഉന്മത്താനുഭൂതികളെ കുറിച്ചു പറയുന്നുണ്ട്.

ആദ്യകാല ഫെമിനിസ്റ്റായ കേറ്റ് ചോപ്പിൻ എഴുതിയ Awakening എന്ന നോവലിന്റെ പരിസരം ജലവും സ്വാതന്ത്ര്യവും ആനന്ദവുമായുള്ള ബന്ധത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്.

ചലച്ചിത്രഗാനം കവിതയുടെ മറ്റൊരു രൂപം തന്നെയാണ്. ശ്രോതാക്കളുടെ ഓർമകളിൽ, സന്ദർഭങ്ങൾക്കനുസരിച്ച് അവരവരുടേതായി പരിണമിക്കുന്ന വികാരങ്ങൾക്ക് അനുരൂപമാകുന്ന ഭാവമാണ് ഗാനങ്ങളുടേത്. ജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്. കേട്ട കടലും കണ്ട കടലും ഉൾക്കൊണ്ട കടലും യഥാർഥത്തിലുള്ള കടലും വേറെ വേറെയാകാമെന്നൊരു ആശയം കവിതയിൽ എവിടെയോ വായിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും നമ്മളുണ്ടാക്കുന്നുണ്ട്.

സംഗമവേളകളിൽ ഉടലിലെ ഈ ആനന്ദമൂർച്ഛയുടെ ഉന്മാദാതിരേകങ്ങൾ അവതരിപ്പിക്കാൻ ചലച്ചിത്രഗാനങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും കടലെന്ന പ്രതീകം തന്നെയാണ്.

നമ്മുടെ കടൽ. അത് കണ്ണുനീർ കടലാകാം, ആഹ്ലാദ സമുദ്രമാകാം, ഉടലാഴമാകാം. എന്തായിരുന്നാലും അതിന്റെ ഓർമകൾ അലയടിച്ചു കൊണ്ടേയിരിക്കുന്നു. പാട്ടുകളും അങ്ങനെ തന്നെ. ഓരോ സന്ദർഭത്തിൽ അതോരോന്നാണ്. അതിന്റെ അലമാലകൾ അവസാനിക്കുന്നതുമില്ല. ചില പാട്ടുകളുടെ ദൃശ്യരംഗങ്ങൾ കാലഹരണപ്പെട്ടു പോയാലും പാട്ടുകൾ നമ്മുടെ വ്യക്ത്യനുഭവങ്ങളുമായിച്ചേർന്ന് പുതിയ ദൃശ്യാനുഭവം പകർന്നുകൊണ്ട് നിലനിൽക്കാറുണ്ട്. ഞാൻ കേട്ട പാട്ടുകളേക്കാൾ ഞാൻ കണ്ടതും മാറി മാറി പല കാലങ്ങളിൽ പലതായി കണ്ടു കൊണ്ടേയിരിക്കുന്നതുമായ പാട്ടുകളെക്കുറിച്ചാണ് എഴുതാനാഗ്രഹിക്കുന്നത്.

തിരമാലകളുടെ നൃത്തത്തിനും അപ്രതീക്ഷിതമായ കുതിച്ചുചാടലിനും തിരയടിച്ചുയരലിനും രതിവേളയിലെ ശരീരനടനവുമായി സാദൃശ്യമുണ്ട്. വേലിയേറ്റവും വേലിയിറക്കവും കടലിന്റെ ഉടലനുഭവിക്കുന്ന സത്യങ്ങളാണല്ലോ. സംഗമവേളകളിൽ ഉടലിലെ ഈ ആനന്ദമൂർച്ഛയുടെ ഉന്മാദാതിരേകങ്ങൾ അവതരിപ്പിക്കാൻ ചലച്ചിത്രഗാനങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും കടലെന്ന പ്രതീകം തന്നെയാണ്.

യൂസഫലി കേച്ചേരി ‘കടലേ നീലക്കടലേ നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ’ എന്ന ഗാനത്തിൽ രാപകലില്ലാതെയുള്ള കടലിന്റെ തിരയിളക്കങ്ങളെ കാണുന്നത്, പ്രണയിനിയെ ഓർത്ത് ഉറങ്ങാതെ മെത്തയിൽ തിരിഞ്ഞുമറിയുന്ന കാമുകന്റെ വേദനയായാണ്.

യൂസഫലി കേച്ചേരി ‘കടലേ നീലക്കടലേ നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ’ എന്ന ഗാനത്തിൽ രാപകലില്ലാതെയുള്ള കടലിന്റെ തിരയിളക്കങ്ങളെ കാണുന്നത്, പ്രണയിനിയെ ഓർത്ത് ഉറങ്ങാതെ മെത്തയിൽ തിരിഞ്ഞുമറിയുന്ന കാമുകന്റെ വേദനയായാണ്. കഥയിലെ സന്ദർഭവും അതാണ്.
ഒരു പെണ്മണിയുടെ ഓർമയിൽ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടോ’’- വിരഹിയായ കാമുകന് ഏതു കാലത്തും കടലിനോട് ഇതേ ചോദ്യം ചോദിക്കാനാകും. ഇളകിമറിയുന്ന കടൽ അവന് തന്റെ തിളച്ചു മറിയുന്ന ശരീരം തന്നെയാണ്. ഒരേ നീറ്റൽ. കടലിന് ഒരിക്കലും ഓളമടങ്ങുന്നില്ല. ഓർമകൾ അടങ്ങുന്നില്ല. മോഹങ്ങളും അതിനാൽ തന്നെ ശരീരവും അടങ്ങുന്നില്ല. സിനിമയിലെ വൈകാരികരംഗങ്ങളിൽ ആ ആവേഗം അനുഭവിപ്പിക്കാൻ കടൽ ഗാനരചയിതാക്കളെ അത്രയധികം സഹായിച്ചു.

കടലിനെന്തു മോഹം
കരയെ വാരിപ്പുണരാൻ മോഹം
കാറ്റിനെന്തു മോഹം
കലിയിളകിത്തുള്ളാൻ മോഹം’’.
കടൽ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട് യേശുദാസ് പാടിയ ഈ ഗാനം ഒരേ കടൽ തന്നെ സ്വജീവിതവുമായി ബന്ധപ്പെട്ട് പല മനുഷ്യർക്കെന്താണെന്ന് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ കടലിന്റെ മോഹം കരയെ വാരിപ്പുണരാനാണെന്ന് ഭാവന ചെയ്യാൻ കാമുകന് കഴിയും.

കടൽ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട് യേശുദാസ് പാടിയ ഗാനം ഒരേ കടൽ തന്നെ സ്വജീവിതവുമായി ബന്ധപ്പെട്ട് പല മനുഷ്യർക്കെന്താണെന്ന് നിരീക്ഷിക്കുന്നുണ്ട്. കടലിന്റെ മോഹം കരയെ വാരിപ്പുണരാനാണെന്ന് ഭാവന ചെയ്യാൻ കാമുകന് കഴിയും.

കാമാർത്തരായുള്ളവർ, പ്രകൃതിയിലെ ചേതനങ്ങളോടും അചേതനങ്ങളോടും ഒരേപോലെ തന്റെ മനോഗതങ്ങൾ പങ്കുവെക്കുമെന്ന് കാളിദാസൻ മേഘസന്ദേശത്തിൽ പറയുന്നുണ്ടല്ലോ. വികാരോദ്ദീപ്തിയിൽ കാമുകൻ തന്നെ ഉദ്ദീപന വസ്തുവായ മേഘമായി മാറുകയാണ്. വിദഗ്ദ്ധമായ ഭാവനാശക്തിയുടെ ഇന്ദ്രജാലമാണത്. സമുദായകൽപനകളുടെ ദണ്ഡനീതികളെ വകവെക്കാതെ ഉള്ള സ്വതന്ത്ര പ്രയാണമാണല്ലോ മേഘത്തിൻ്റേത്.

“മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടൂ നെഞ്ചിൽ
പുതിയൊരു താളം”

പ്രണയത്തിന്റെ ആസക്തിയിൽ ഉന്മത്തമാകുന്ന മനസ്സുകൾക്ക് കടലിന്റെ നിത്യഗാനം മർത്ത്യദാഹത്തിൻ്റേതാണ്. അതിന്റെ നിത്യഭാവം പരിരംഭണത്തിന്റെ രതിഭാവമാണ്.

തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ‘മേഘം പൂത്തു തുടങ്ങി’ എന്ന ഗാനരംഗത്തിൽ മോഹൻലാലും സുമലതയും

അലകടൽ തിരവർഷ മദം കൊണ്ടു വളർന്നും
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം
എന്ന് തൂവാനത്തുമ്പികളിലെ വികാരഭരിതമായ രംഗത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി.

സാഗരങ്ങളെ പാടിയുണർത്തിയ
സാമഗീതമേ സാമസംഗീതമേ ഹൃദയ-
സാഗരങ്ങളേ... പാടിപ്പാടി ഉണർത്തിയ
സാമഗീതമേ സാമസംഗീതമേ“
എന്നത് ഒ. എൻ. വി പഞ്ചാഗ്നിക്കു വേണ്ടി എഴുതിയ പ്രസിദ്ധ ഗാനമാണ്. ഈ പാട്ട് 1986 മുതൽ എനിക്ക് വൈകാരികമായ ലഹരി കൂടിയാണ്.

പഞ്ചാഗ്നി എന്ന സിനിമയിലെ ‘സാഗരങ്ങളെ പാടിയുണർത്തിയ…’ എന്ന ഗാനരംഗത്തിൽ മോഹൻലാലും ഗീതയും

“പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ ...
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മാറുമ്പോൾ
പോരൂ, തഴുകി തഴുകി ഉണർത്തു
മേഘരാഗമെൻ ഏകതാരയിൽ .....”

രാനിലാവു വീണുകിടക്കുന്ന ഒരു മുറ്റവും അവിടുത്തെ പിച്ചകച്ചെടിയിൽ നിന്നുതിരുന്ന മദഗന്ധവും അറയിൽ വിരിച്ചിട്ട ഒറ്റക്കട്ടിലും ഗീതയുടെ മോഹശരീരവും അതിനെ അണച്ചു പിടിക്കുന്ന കാമുകശരീരവും കാമുകിയുടെ രണ്ടു കണ്ണുകളിലേക്കും അത്യാർത്തിയോടെ മാറി മാറിനോക്കുമ്പോൾ അവിടെയിരമ്പുന്ന പ്രണയ സാഗരവും... ഇത്ര വശ്യഭംഗിയുള്ള, പ്രണയത്തിന്റെ കാമാർദ്രത നിറഞ്ഞ ഒരു രാത്രിയും സിനിമയിൽ കണ്ടിട്ടില്ല. ഇന്നും ഓർമയിൽ മോഹിപ്പിക്കുന്നു ആ ദൃശ്യങ്ങൾ. ഈ ദൃശ്യത്തിനു മുകളിൽ മറ്റൊരു രംഗവുമില്ല. ഒരു രാത്രിയും ഇത്ര മോഹിപ്പിച്ചില്ല. ഒരു പാട്ടും ഇത്രക്ക് തഴുകിയുണർത്തിയിട്ടില്ല. കടൽ പ്രണയമോഹങ്ങളുടെ ശരീരമാണ്. അതാണ് അതിങ്ങനെ അശാന്തമായി രാപകലില്ലാതെ ഇളകിമറിയുന്നത്.

"പുലരികൾ സന്ധ്യകൾ
പുളകിതരാവുകൾ
പൂവിട്ടു പുകൾ പാടുന്നു
ആടിത്തിമിർത്തു നീരാഴികൾ,
മൂന്നുമൊരാനന്ദമൂർച്ഛയിലാകുന്നു..."

അതെ, കന്യാകുമാരിയിലെ നായികാനായകന്മാരുടെ ആ സംഗമമുഹൂർത്തം ഏറ്റവും വികാരഭരിതമായി ആവിഷ്കരിച്ച ഗാനമാണ് നീയെത്ര ധന്യയിലേത്. കന്യാകുമാരിയിൽ ആഴികൾ മൂന്നും ആകാശവും ഒരുമിച്ച് സല്ലപിക്കുന്നത് കണ്ടുനിൽക്കുമ്പോഴെല്ലാം തിളച്ചുമറിയുന്ന രണ്ടു ശരീരങ്ങൾ ഒന്നായിച്ചേരുന്ന ആ രംഗം ഓർമ്മയിലെത്തും. അങ്ങനെ കന്യാകുമാരി എന്നാൽ എനിക്ക് ഹാഫിസലിയും ശ്യാമയുമാണ്… മുരളിയും കാർത്തികയുമാണ്.

വാരിപ്പുണർന്നു പിൻവാങ്ങും തിരയോട്
കോരിത്തരിക്കുന്ന തീരമോതി
ആയിരം ജന്മത്തിൻ സാഫല്യമാകവേ
ഈയൊരു മാത്രയെനിക്കു തന്നൂ
മൺതരി തൻ ആത്മഹർഷം
മൂവന്തി വെയിലായുരുകുന്നു…”

ആലിംഗനം ചെയ്തു മതിയാകാത്ത തിരയും തീരവും ചലച്ചിത്രങ്ങളിലെ അദമ്യമായ രതിയുടെ, ഒടുങ്ങാത്ത മോഹാവേശത്തിന്റെ പ്രതീകങ്ങളാണ്.

അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്ന്
പകിടയുരുട്ടി കളിയല്ലോ”
എന്ന പി. ഭാസ്കരന്റെ പ്രസിദ്ധഗാനം. ഇവിടെ തിരയും കരയും മണവാട്ടിയും മണവാളനുമാണ്. അദമ്യമായ രതിയുടെ ഉത്കടഭാവങ്ങൾ ഭാസ്കരൻ മാഷുടെ വരികളിൽ വരാറില്ലെങ്കിൽ പോലും മലയാളത്തിൽ കണ്ട ഏറ്റവും നല്ല സമുദ്ര രംഗങ്ങളിലൊന്ന് ഈ പാട്ടിലേതാണ്. പ്രണയികളായ അവർ രാവും പകലുമില്ലാതെ പകിടയുരുട്ടിക്കളിക്കുകയാണ്. നുരഞ്ഞു പതഞ്ഞുരുണ്ടു വരുന്ന വെൺതിര പകിടയായി സങ്കൽപ്പിച്ചു കവി. കാറ്റു ചിക്കിയ തെളിമണലെന്ന് മാത്രമേ കടപ്പുറത്തെ മൺതരികളെ കയ്യിലെടുക്കുമ്പോൾ എന്റെ മനസ്സു പാടാറുള്ളൂ.

അറബിക്കടലൊരു മണവാളൻ’ എന്ന പി. ഭാസ്കരന്റെ ഗാനത്തിൽ തിരയും കരയും മണവാട്ടിയും മണവാളനുമാണ്. അദമ്യമായ രതിയുടെ ഉത്കടഭാവങ്ങൾ ഭാസ്കരൻ മാഷുടെ വരികളിൽ വരാറില്ലെങ്കിൽ പോലും മലയാളത്തിൽ കണ്ട ഏറ്റവും നല്ല സമുദ്രരംഗങ്ങളിലൊന്ന് ഈ പാട്ടിലേതാണ്.

നീളേ പൊങ്ങും തിരമാലാ
നീലക്കടലിൻ നിറമാലാ
കരയുടെ മാറിലിടുമ്പോഴേക്കും
മരതക മുത്തണി മലർമാലാ“

കടലിനെയും വെള്ളച്ചാട്ടത്തെയും ഒക്കെ ഇങ്ങനെ നോക്കിയിരുന്നാൽ പ്രണയം പോലൊരു തിരത്തള്ളലാണുള്ളിൽ. ചില പാട്ടുകളാകട്ടെ തിരമാലയോളം ഉയർന്നു പൊങ്ങുകയും ജലപാതത്തോളം കുതിച്ചു തുള്ളുകയും ചെയ്യും. വെള്ളച്ചാട്ടവും കടലുമായി ബന്ധപ്പെടുന്ന ഏതു പാട്ടിനും ഈ ദൃശ്യാനുഭവം പകരാൻ കഴിയുന്നത് എന്തൊരത്ഭുതമാണ്.

പെണ്ണിനെ സംബന്ധിച്ച് അവളുടെ ശരീരം ഒരു വസ്തുവല്ല, അതൊരു അവസ്ഥയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ഈ പാട്ടുകൾ കേട്ടിരിക്കുമ്പോൾ. ലോകത്തിനുമേലുള്ള എന്റെ പിടിത്തത്തിനുള്ള ഒരു മാധ്യമമാണെനിക്ക് പാട്ടുകൾ. എന്റെ യുക്തികളുടെ സ്വരൂപമാണത്.

തിരനുരയും ചുരുൾമുടിയിൽ സാഗരസൗന്ദര്യം’’ എന്ന വരികളിൽ രാത്രിയിലെ ഭ്രാന്തമായ കടലും കാമുകിയുടെ ചുരുൾമുടിയുടെ ഇരുണ്ടവന്യതയും അതിൽ അമർന്നലിയാൻ വെമ്പുന്ന കാമുകഹൃദയവും അതിന്റെ ത്രസിപ്പുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി നാട്ടക്കുറിഞ്ഞിയിൽ എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഈ ഗാനം മന്ദ്രസ്ഥായിയിൽ യേശുദാസ് പാടുന്നത്, കണ്ണടച്ച് കേൾക്കുമ്പോൾ, തിരയടിച്ചുയരുന്ന ഒരു കടൽത്തീരത്ത് ഇരിക്കുന്ന അനുഭവമാണെനിക്ക്. ‘കന്മദം പോലെ ഗന്ധമാർന്നൊരീ
കാൽപടം മൂടുവാൻ
നൂപുരം കോർത്തു ചാർത്തുവാൻ
മിന്നൽ നൂലുമായ് നിൽക്കവേ’…
കാളിദാസന്റെ മേഘസന്ദേശത്തിലെ, ‘പൊന്നിൻവര പോലെ മിനുങ്ങുന്ന മിന്നൽക്കൊടി’ എന്ന പ്രയോഗം ഓർമപ്പെടുത്തുന്നതാണ് ഈ മിന്നൽനൂപുരം. പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കുന്ന മദഭരിതയായ ഒരു സ്ത്രീ നൃത്തം ചെയ്യുകയാണ് ഈ വരികളിൽ. നൂപുരവും മിന്നലും തമ്മിലുള്ള രൂപസാദൃശ്യം മാത്രമല്ല, ഇവിടെ ആകർഷകമാകുന്നത്. പ്രണയമൊരു മിന്നലാണ് എന്ന ഒരനുഭവവും കൂടിയാണ്. പ്രാചീന കാവ്യസങ്കൽപമനുസരിച്ച് മേഘത്തിന്റെ ഇണയാണ് മിന്നൽ. ഇടിയും മിന്നലും മഴയും രാത്രിയും നിലാവും തുടങ്ങി പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന എല്ലാ വിഭാവാനുഭാവങ്ങളും ഈ പാട്ടിലൊത്തുനിന്ന് ഒന്നാന്തരമൊരു ഇഫക്ട് ഉണ്ടാക്കുന്നുണ്ട്. കാമസുഖാനുഭൂതികളുടെ മേളനം. പ്രകൃതിപുരുഷന്മാരുടെ ലീലാവിനോദമായി, അർദ്ധനാരീശ്വരന്മാരൊരുമിക്കുന്ന സന്ധ്യാനേരത്തെ ഒരു താണ്ഡവകേളിയുടെ ലയമനോഹാരിതയാണ് ഈ ഗാനം ഒരുക്കുന്നത്. ജി. ശങ്കരക്കുറുപ്പിന്റെ ശിവതാണ്ഡവം എന്ന കവിതയിലെ ഇമേജറികളും പരിസരങ്ങളും ഓർമയിലെത്തുന്നു. ബിംബവിന്യാസങ്ങളുടെ ഒരു മാജിക്കിൽ ജിയുടെ കവിതയും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനവും എന്നെ മറ്റൊരു മായികലോകത്തേക്കാനയിക്കുന്നു. ഇമ ചിമ്മിച്ചിമ്മി നോക്കി നിന്നു പോകുന്നത്ര കമനീയമായ മഹാനടനലീല. ഏതു വരൾച്ചയിലും പെരുമഴയായി പെയ്തൊഴിയുന്ന ഗാനം. വികാരങ്ങളുടെ ഊർജ്ജവലയത്തിൽ പദങ്ങൾ ബിംബാവലികളായി നൃത്തം ചെയ്യുന്നു.
മാരോൽസവത്തിൻ മന്ത്ര കേളിമന്ദിരത്തിങ്കൽ
മഴതുള്ളി പൊഴിക്കുന്നു
മുകിൽ പക്ഷിയുടെ നടനം”
എന്ന് പദങ്ങളുടെ ചേരുവയിലൂടെ സ്വപ്ന ലോകത്തിന്റെ മുദ്രകളൊരുക്കുകയാണ്. ചലനങ്ങളുടെ ആവേഗവും വർണ്ണങ്ങളുടെ സംയോഗവും പദവിന്യസനവും ചേർന്ന് ദ്രുതി - ദീപ്തി വികാസങ്ങളുണർത്തുന്ന ഒരു ഗാനമാണത്.

തിരനുരയും ചുരുൾമുടിയിൽ സാഗരസൗന്ദര്യം’’ എന്ന വരികളിൽ രാത്രിയിലെ ഭ്രാന്തമായ കടലും കാമുകിയുടെ ചുരുൾമുടിയുടെ ഇരുണ്ടവന്യതയും അതിൽ അമർന്നലിയാൻ വെമ്പുന്ന കാമുകഹൃദയവും അതിന്റെ ത്രസിപ്പുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി നാട്ടക്കുറിഞ്ഞിയിൽ എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ഈ ഗാനം മന്ദ്രസ്ഥായിയിൽ യേശുദാസ് പാടുന്നത്, കണ്ണടച്ച് കേൾക്കുമ്പോൾ, തിരയടിച്ചുയരുന്ന ഒരു കടൽത്തീരത്ത് ഇരിക്കുന്ന അനുഭവമാണെനിക്ക്.

രതിയുടെ വന്യത, മൃദുശബ്ദങ്ങളുടെ വികാരതാളത്തിൽ അനുഭവിച്ചറിഞ്ഞ മറ്റൊരു ഗാനമുണ്ട്. ഭാവനിബിഡമായ ഒരു ഗാനം. ഏകാന്തരാത്രിയുടെ നിശ്ശബ്ദതയിൽ ഇതിലും രഹസ്യഭാവത്തിൽ പ്രണയികളെങ്ങനെ വികാരം പങ്കിടും? സ്ത്രീപുരുഷ ദാഹങ്ങളുടെ നനവ് അനുഭവപ്പെടുത്തുന്ന ഈണവും ആലാപനവും. ദാഹമോഹങ്ങളുടെ ഉണർവേള.
‘ആദ്യ സമാഗമ ലജ്ജയിലാതിരത്താരകം കണ്ണടക്കുമ്പോൾ
കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ സാഗരമുമ്മ വെക്കും’.
ഇവിടെ കായൽ സ്ത്രീയും സാഗരം പുരുഷനുമാണ്.
പൂവച്ചൽ ഖാദറെഴുതിയ ഈ ഗാനരംഗത്തിൽ നിലാവിന്റെ പാതി വെളിച്ചത്തിൽ മാത്രമാണ് കാമുകീകാമുക സംഗമം ദൃശ്യമാകുന്നത്. ശ്രീവിദ്യയുടെ പടർന്നുകിടക്കുന്ന കറുത്തിരുണ്ട മുടിയിൽ കാമുകനായ വിൻസെൻ്റ് വികാരമൂർഛയിൽ ഉമ്മ വെക്കുന്ന അവ്യക്ത ദൃശ്യം. ശ്രീവിദ്യയുടെ കണ്ണുകളിലെ ലഹരി, ആ പാതി വെളിച്ചത്തിൽ പോലും വ്യക്തമാണ്. സംഗീതമായ് പ്രേമസംഗീതമായ് അവർ തങ്ങളിലെ മോഹങ്ങൾ പരസ്പരം നിറയ്ക്കുകയാണ്. ഇത്രയും അടക്കിപ്പിടിച്ച ശബ്ദത്തിൽ യേശുദാസോ ജാനകിയോ മറ്റൊരു ഗാനവും പാടിയിട്ടില്ല. അർദ്ധരാത്രിയിൽ കടലും കായലും സന്ധിക്കുന്നതിന്റെ രതിമൂർച്ഛ. ആദ്യരാവിന്റെ അടക്കിപ്പിടിച്ച നിശ്വാസങ്ങൾ. എ.ടി. ഉമ്മറിന്റെ സംഗീതം ഇത്രക്ക് വശ്യമായനുഭവപ്പെട്ടിട്ടില്ല മറ്റൊരു പാട്ടിലും. ഏതെങ്കിലും ഒരാദ്യരാത്രിക്ക് ഇതിനേക്കാൾ മനോഹാരിത ഉണ്ടായിട്ടുണ്ടാകുമോ?

ഉത്സവം എന്ന സിനിമയിലെ ‘ആദ്യ സമാഗമ ലജ്ജയിലാതിരത്താരകം’ എന്ന ഗാനരംഗത്തിൽ വിൻസെന്റും ശ്രീവിദ്യയും. പൂവച്ചൽ ഖാദറെഴുതിയ ഈ ഗാനത്തിന്റെ രംഗത്തിൽ നിലാവിന്റെ പാതി വെളിച്ചത്തിൽ മാത്രമാണ് കാമുകീകാമുക സംഗമം ദൃശ്യമാകുന്നത്. ശ്രീവിദ്യയുടെ കണ്ണുകളിലെ ലഹരി, പാതി വെളിച്ചത്തിൽ പോലും വ്യക്തമാണ്. സംഗീതമായ് പ്രേമസംഗീതമായ് അവർ തങ്ങളിലെ മോഹങ്ങൾ പരസ്പരം നിറയ്ക്കുകയാണ്.

‘തിരയും തീരവും ചുംബിച്ചുറങ്ങി‘ എന്ന ഗാനം ഞാൻ ചെറുപ്പം മുതൽ തൊട്ടടുത്ത തിയേറ്ററിൽ നിന്ന് കേൾക്കുന്നതായിരുന്നു.
സാഗരശയ്യയിൽ രതിസുഖമാടുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ
തിരയുടെ വേദന മറക്കുമോ”
എന്ന വരികൾ കേട്ട് കൗമാരകാലത്ത് തലയിണയിൽ മുഖമമർത്തിക്കിടന്നപ്പോൾ അറിഞ്ഞ അജ്ഞാതമായ വിങ്ങൽ ഇന്നും മറന്നിട്ടില്ല.

പെണ്ണിനെ സംബന്ധിച്ച് അവളുടെ ശരീരം ഒരു വസ്തുവല്ല, അതൊരു അവസ്ഥയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ഈ പാട്ടുകൾ കേട്ടിരിക്കുമ്പോൾ. ലോകത്തിനുമേലുള്ള എന്റെ പിടിത്തത്തിനുള്ള ഒരു മാധ്യമമാണെനിക്ക് പാട്ടുകൾ. എന്റെ യുക്തികളുടെ സ്വരൂപമാണത്.

ഗായത്രി എന്ന ചിത്രത്തിനു വേണ്ടി വയലാറെഴുതി ദേവരാജൻ ഈണമിട്ട് യേശുദാസ് പാടിയ ഈ ഗാനമാണ് കടൽപ്പുറത്തിരുന്ന് ഞാനേറ്റവുമധികം കേൾക്കാനാഗ്രഹിക്കുന്നത്.

“തിരകൾ - തിരകൾ
ഒരിക്കലുമുറങ്ങാത്ത തിരകൾ
ചിരിച്ചും തമ്മിൽ പുണർന്നും
തീരങ്ങളിൽ കെട്ടിമറിഞ്ഞും
നീന്തുന്ന തിരകൾ”

ഇതിലെ നുരഞ്ഞുപൊന്തുന്ന ഒരാഗ്രഹമുണ്ട്. ആരോടും പറയാനാകാത്തതൊക്കെ ഞാൻ കടലിനോടാണ് പറയുക. രതിയുടെ ഈ മൂർത്തസൗന്ദര്യത്തെ കുറിച്ച് എനിക്കും കടലിനുമിടയിൽ മറ്റു മനുഷ്യരോട് പറയാനാകാത്ത ചില രഹസ്യധാരണകളുണ്ട്. അത് പാട്ടുകളിൽ ഞങ്ങൾ പങ്കുവെക്കാറുണ്ട്.

“നമുക്കീ തിരകളാകാം നറുനിലാപുതപ്പിൽ
നഗ്നവികാരങ്ങൾ പൊതിയാം
ഒരു ജലക്രീഡയിൽ മുഴുകാം
മണിമാണിക്ക്യ പത്തികൾ പിണച്ചീ
മണലിന്റെ മെത്തയിലിഴയാം
ഇഴയാം - ഇഴയാം - ഇഴയാം”

കാമസന്തപ്തമായ ഹൃദയത്തിൽനിന്ന് നീരാവി പോലെ തുള്ളിപ്പൊങ്ങുന്ന സംയോഗചിന്തകൾ പ്രകൃതിയെ പോലെ നഗ്നമാകാനും ഇണ ചേരാനുമുള്ള മോഹമായി മാറുന്നു. മനുഷ്യന് അസാധ്യമായ സ്വാതന്ത്ര്യത്തോടെയാണ് കടൽ തന്റെ കേളികളാടുന്നത്. അതുകൊണ്ടാണ് തിരയും തീരവും മനുഷ്യന് നിത്യാസക്തിയുടെ സുന്ദര പ്രതീകങ്ങളാകുന്നത്.

“നമുക്കീ തീരമാകാം നഖമുള്ള തിരകൾ
നെഞ്ചത്തു പടർത്തി കിടക്കാം
ഒരു രോമഹർഷത്തിലലിയാം
അലമാലകളുടെ പൊക്കിൾച്ചുഴിയിലെ
ചിറകുള്ള ചിപ്പികൾ പെറുക്കാം
പെറുക്കാം - പെറുക്കാം - പെറുക്കാം”

മനുഷ്യന് സദാചാര നിയന്ത്രണങ്ങളേറുമ്പോൾ തന്നിഷ്ടപ്രകാരം ചിത്തവൃത്തികളിലേർപ്പെടാൻ അവസരമൊരുക്കുന്നത് ഗാനങ്ങളാണ്. ഏകാന്തതയിലിരുന്ന് ഒരു പ്രിയഗാനം മൂളുമ്പോൾ ചിന്തകളുടെ സ്വാതന്ത്ര്യം കര കവിഞ്ഞൊഴുകുകയാണ്. പാട്ടുകളുമായി ഇങ്ങനെ രസവിനിമയം നടത്തുമ്പോൾ അടക്കിവെച്ച വികാരാവേഗങ്ങളുടെ ഓളം വെട്ടലുകൾ അനുഭവിച്ചറിയുകയാണ്.

അതെ. പാട്ടു പറഞ്ഞതും കവിത പറഞ്ഞതും കടല് പറഞ്ഞതും സത്യം. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ല. ഇന്നും കടപ്പുറത്തു പോയിരുന്നാൽ അടക്കിപ്പിടിച്ച ആസക്തിയുടെ ആ ജ്വലനങ്ങൾ എനിക്കനുഭവിക്കാനാകും. എന്റെ ശരീരം കടൽ തന്നെയായി മാറാറുണ്ട്. അത് എക്കാലത്തും രാപകലില്ലാതെ ഇങ്ങനെ തിളച്ചു മറിയണേ, അതിന്റെ ജ്വലനങ്ങൾ അടങ്ങരുതേ എന്നാണെന്റെ പ്രാർഥന.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments