നിന്നെ കാത്തിരിക്കുന്ന പാട്ട്

വിരഹവും പ്രതീക്ഷയും ഏകാന്തതയും നിറഞ്ഞ കാത്തിരിപ്പ് തീരാവേദനയുടേതാണ്. തിരിച്ചു വരുമെന്ന് പറഞ്ഞ് ആരും പോയിട്ടില്ലെങ്കിലും തിരികെ വരുമെന്നാണെല്ലാവരും കാത്തിരിക്കുന്നത് - എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം - പടംപാട്ടുകള്‍ - കാത്തിരിപ്പിന്റെ വേദനകളെക്കുറിച്ച് സംസാരിക്കുന്നു.

1980 കളിലെ കഥയാണ്. ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ പ്രണയിച്ച്, ഉന്മാദിനിയായി പത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ഭ്രാന്തിയെപ്പോലെ അലഞ്ഞുനടന്ന സുന്ദരിച്ചെല്ലമ്മയുടേത്. കോട്ടയ്ക്കകത്തെ തെക്കേതെരുവിൽ എന്നും തമ്പുരാന്റെ വരവും കാത്തു ചെല്ലമ്മ നിന്നു. നർത്തകിയും നാടകനടിയും അധ്യാപികയുമായിരുന്നു. തിരിച്ചു കിട്ടാത്ത പ്രണയത്തിനു വേണ്ടി ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന് ഭ്രാന്തിയായതായിരിക്കുമോ? അവർ അതീവ സുന്ദരിയായിരുന്നു. രാജാവിന്റെ ജന്മദിനത്തിൽ, ചിത്തിരതിരുനാൾ ഗ്രന്ഥാലയം അവതരിപ്പിച്ച നാടകത്തിൽ അവർ ഒരു വേഷമിട്ടിരുന്നു. ആ നടനമികവിന് അദ്ദേഹം നൽകിയ പുരസ്കാരങ്ങൾ ഒരു കസവുനേര്യതും മോതിരവും ആയിരുന്നു. അതവർ പ്രണയോപഹാരമായി സങ്കൽപിച്ചു. അന്നു മുതൽ രാജാവിന്റെ ഭാര്യയായി അവർ സ്വയം വിശ്വസിച്ചു. അനുവാദം വാങ്ങാതെയും ഒരാൾക്ക് പ്രണയത്തിലേർപ്പെടാമല്ലോ. അതോ ഏതെങ്കിലും തരത്തിൽ രാജാവിൽ നിന്ന് അവർക്ക് പ്രണയസൂചന ലഭിച്ചിരുന്നുവോ? രാജാധികാരത്തിന്റെ അസ്വാതന്ത്ര്യങ്ങൾ, പ്രണയത്തെ അവഗണിക്കാൻ മാത്രം ശക്തമായിരുന്നുവോ? അറിയില്ല. അധികാരമുള്ളവരുടെ ഓർമ്മകളും മറവികളും സന്മാർഗ്ഗഭീരുത്വവും ശാകുന്തളകാലത്തും സ്വാഭാവികം മാത്രമായിരുന്നുവല്ലോ. സുന്ദരിച്ചെല്ലമ്മയുടെ വേദനിപ്പിക്കുന്ന കാത്തിരിപ്പ് ഓർമ്മയിൽ കൊണ്ടു വരുന്ന ഒരു ഗാനമുണ്ട്.

“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

നിന്നെ പ്രതീക്ഷിച്ചു നിന്നു..

ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ

എന്നും പ്രതീക്ഷിച്ചു നിന്നു..

നീയിതു കാണാതെ പോകയോ..

നീയിതു ചൂടാതെ പോകയോ…”

റിലീസ് ചെയ്യാത്ത ചിത്രമായ നീലക്കടമ്പിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. കെ. ജയകുമാറെഴുതി രവീന്ദ്രൻ ഈണം നൽകി ചിത്ര പാടിയ ഈ ഗാനം കാത്തിരിപ്പിന്റെ വേദന നിറഞ്ഞു തുളുമ്പുന്നതാണ്.

“ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ

ആരും കാണാതെ..

കാറ്റും കേൾക്കാതെ..

എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...

നീയിതു കാണാതെ പോകയോ...

നീയിതു ചൂടാതെ പോകയോ...”.

സുഗതകുമാരിയുടെ കൃഷ്ണ നീയെന്നെ അറിയില്ല എന്ന കവിതയിലെ ഗോപികയുടെ കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്ന വരികൾ. എങ്കിലും അവളുടെ വീടിനു മുൻപിൽ തേര് നിറുത്തി കൃഷ്‌ണൻ അവൾക്ക് കരുണയാലാകെ തളർന്ന ഒരു മന്ദസ്മിതം നൽകുന്നുണ്ട്. സാഹിത്യത്തിന്,സംഗീതത്തിന്,ഗാനങ്ങൾക്ക്, സിനിമയ്ക്ക്, ചിത്രത്തിന്, ശിൽപത്തിന് എന്ന് വേണ്ട എല്ലാ കലകൾക്കും പ്രേരണയും പ്രചോദനവുമാണ് പ്രണയവും വിരഹവും കാത്തിരിപ്പും.

ദേശ് രാഗത്തിലാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാത്തിരിപ്പിന്റെ വിഹ്വലതകൾക്ക് ഈ രാഗഭാവം കൂടുതലായി ഇണങ്ങുന്നതാണ്. ശകുന്തളയിലെ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ

ശകുന്തളേ നിന്നെ ഓർമ്മ വരും

മയിൽപ്പീലിക്കാവിലെ

മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെന്നഴകേ

കനിവായ് പൊഴിഞ്ഞു താ

മയിൽപ്പീലി ഒന്നു നീയരികെ”,

ചാമരത്തിലെ

“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ

കാതോർത്തു ഞാനിരുന്നു”

 കാത്തിരിപ്പിന്റെ വിഹ്വലതകൾക്ക് ഈ രാഗഭാവം കൂടുതലായി ഇണങ്ങുന്നതാണ്. ശകുന്തളയിലെ ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ’ എന്ന ഗാനം
കാത്തിരിപ്പിന്റെ വിഹ്വലതകൾക്ക് ഈ രാഗഭാവം കൂടുതലായി ഇണങ്ങുന്നതാണ്. ശകുന്തളയിലെ ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ’ എന്ന ഗാനം

പരീക്ഷയിലെ “ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ

ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ”

ഇങ്ങനെ സമാന സ്വാഭവമുള്ള എത്രയെത്ര ഗാനങ്ങളാണ് ദേശ് രാഗത്തിൽ നാം കേട്ടുകൊണ്ടിരിക്കുന്നത്!

“മലർമണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ

മമസഖി നീയെന്ന് വന്നുചേരും

മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ

മമ സഖി നീയെന്ന് വന്നുചേരും”

അനശ്വരഗാനങ്ങളുടെ ശിൽപികളായ പി.ഭാസ്കരനും ബാബുരാജും യേശുദാസും ചേർന്നുണ്ടായ ഈ ഗാനം പുതു തലമുറയിലെ കുഞ്ഞുഗായകർ പോലും പാടുമ്പോൾ കാത്തിരിപ്പിന്റെ വിഹ്വലഭാവം ആലാപനത്തിൽ കലരുന്നു. വേദനിപ്പിക്കുന്ന അതേ അളവിൽ തന്നെ ആനന്ദിപ്പിക്കുന്നതുമാണ് കാത്തിരിപ്പിന്റെ ഹൃദയാനുഭൂതികൾ.

കാളിദാസൻ, വിക്രമാദിത്യമഹാരാജാവിന് പൂരിപ്പിച്ചു നൽകിയ സമസ്യയിലെ വിദുഷിയായ പെൺകുട്ടിയായാണ് കാഞ്ചനമാല എന്ന പേര് ആദ്യം കേട്ടത്. പിന്നീട് കേട്ടതോ നമ്മുടെ കാലം കണ്ട ഏറ്റവും വലിയ പ്രണയരക്തസാക്ഷിയായ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനമാല. മടുക്കാത്ത കാത്തിരിപ്പിന്റെ വർത്തമാനകാല പ്രതീകം.

“കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു

കാലവും കടന്നു പോയ്

വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്“

വളകളൂർന്നു പോയ് എന്ന് കേൾക്കുമ്പോൾ, ചുറ്റും സംഭവിക്കുന്നതൊന്നുമറിയാതെ, ഇതേ പോലെ ചിന്തകളിൽ മുഴുകിയ മറ്റൊരു സ്ത്രീയുടെ രണ്ടു മെലിഞ്ഞ കൈത്തണ്ടകൾ ഓർമ്മയിൽ വരുന്നു. വിടപങ്ങളൊടൊത്ത കൈകൾ എന്നാണ് ആ കൈകളെ ആശാൻ വിശേഷിപ്പിച്ചത്. ഇരവഞ്ഞിപ്പുഴയുടെ കുത്തൊഴുക്കുകളിൽ മൊയ്തിൻ പോയിട്ടും കാഞ്ചനമാല പ്രണയത്തെ ഒഴുകിപ്പോകാതെ മുറുകെ പിടിച്ച് കൂടെച്ചേർത്ത കൈകൾ. അനുദിനം മെലിയുന്ന പുഴയും നായികയുടെ കൈത്തണ്ടയും കാത്തിരിപ്പിന്റെ വേനലിലും ആത്മാവിന്റെ ജ്വരത്തിലും വാടുകയാണ്.

കാലം കണ്ട ഏറ്റവും വലിയ പ്രണയരക്തസാക്ഷിയായ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനമാല. മടുക്കാത്ത കാത്തിരിപ്പിന്റെ വർത്തമാനകാല പ്രതീകം.
കാലം കണ്ട ഏറ്റവും വലിയ പ്രണയരക്തസാക്ഷിയായ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനമാല. മടുക്കാത്ത കാത്തിരിപ്പിന്റെ വർത്തമാനകാല പ്രതീകം.

ഊർന്നുപോയ കൈവളകൾ മറ്റൊരു ഗാനത്തിലേക്ക് കൊണ്ടുപോകുന്നു.

“എന്തിനിച്ചിലങ്കകൾ എന്തിനിക്കൈവളകൾ

എൻ പ്രിയനെന്നരികിൽ വരില്ലയെങ്കിൽ”

കവിതയിലെന്നതിനേക്കാൾ ചലച്ചിത്രഗാനങ്ങളിൽ വൈകാരികാംശം ഏറിയിരിക്കും. പക്ഷേ, അടക്കി, ഒതുക്കി പറയുന്നതാണ് ഓ എൻ വി യുടെ രീതി. ദമനമാണ് ആ കാവ്യസംസ്കാരത്തിന്റെ മുഖലക്ഷണം. ഈ ഗാനം വാസവദത്തയുടെ അടങ്ങാത്ത പ്രണയത്തെ, അക്ഷമമായ കാത്തിരിപ്പിനെ ആവിഷ്കരിക്കുന്നതാണ്. വാസവദത്ത ഉത്തരമഥുരാപുരിയിലെ കേളി കേട്ട വാരനാരിയുമാണ്. പക്ഷേ ഉണ്ണായിവാര്യരേയും എഴുത്തച്ഛനേയും ഉള്ളിൽ കൊണ്ട് നടക്കുന്ന ഭാഷാധ്യാപകന്റെ കാവ്യഭാവനയിൽ 'കുലകന്യക'മാർക്ക് മാത്രമല്ല, വാരനാരിമാർക്കും ‘ഗുഹനീയവസ്തു പറയാമോ’ എന്ന സന്ദേഹമുണ്ട്. പ്രണയം അവർക്കും ദിവൃമായ വിശുദ്ധവികാരമാണ്.

“ആയിരം ഉഷസ്സുകൾ ഒന്നിച്ചുദിച്ചു നിൽക്കും

ആ മുഖമരികിൽ ഞാൻ എന്നു കാണും

താഴെ തൊഴുതു നിൽക്കും താമരപ്പൂവാണു ഞാൻ

താലോലിച്ചെന്നെ നാഥൻ തഴുകുകില്ലെ

നാഥൻ തഴുകുകില്ലെ”

പി. സുശീല പാടിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് ഇത് തന്നെയാണ്. ഹമിർ കല്യാണിയിൽ വിരഹത്തിന്റെ മുഴുവൻ നൊമ്പരവും സുശീലയുടെ ശബ്ദം ഒളിപ്പിക്കുന്നു.

മഴ കാത്തു കഴിയുന്ന വേഴാമ്പൽ കാത്തിരിപ്പിന്റെ നിത്യപ്രതീകമാണ്. എത്രയെത്ര ഗാനങ്ങളിലാണ് വേഴാമ്പൽ പ്രണയികളുടെ തീരാത്ത ദാഹത്തിന്റെ സൂചകമായിട്ടുള്ളത്!

“ഈറൻ മേഘം പൂവും കൊണ്ടേ

പൂജക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ

പൂക്കാരീ നിന്നെ കണ്ടു ഞാൻ”

ഷിബു ചക്രവർത്തിയുടെ ഗാനത്തിൽ വേഴാമ്പലിന്റെ ദാഹമുണ്ട്. ചുണ്ടിന്റെ ഘടനയുടെ പ്രത്യേകത കൊണ്ട്, വേഴാമ്പലിന് ഭൂമിയിൽ നിന്ന് ജലം കുടിക്കാൻ കഴിയില്ല. മേഘം ഇരുണ്ടു വരുമ്പോൾ വേഴാമ്പൽ ചുണ്ടു തുറന്നു മേലോട്ട് നോക്കി ആദ്യതുള്ളി ജലത്തിനായി കാത്തിരിക്കും.

“മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ

ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്”

മഴ പെയ്ത് ജലം പൊഴിഞ്ഞു കിട്ടുന്നതു വരെ അതു ദാഹത്താൽ കരയും. വേഴാമ്പൽ കേഴും വേനൽ കുടീരം ഏകാകികളായ എല്ലാ പ്രണയികളുടെയും മനസ്സാണ്.

 “ഈറൻ മേഘം പൂവും കൊണ്ടേ” എന്ന ഗാനത്തിൽ നിന്നും
“ഈറൻ മേഘം പൂവും കൊണ്ടേ” എന്ന ഗാനത്തിൽ നിന്നും

“ഈ വഴി ഹേമന്തമെത്രവന്നൂ

ഈറനുടുത്തു കൈകൂപ്പി നിന്നൂ

എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ

പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ

മായികാ മോഹമായ് മാരിവിൽ മാലയായ്“

ഹേമന്തവും വസന്തവും എത്ര വന്നു മോഹിപ്പിച്ചാലും മുന്നിൽ വന്നു കൈ കൂപ്പി നിന്നാലും തേൻ പകർന്നാലും വിരഹിയായ വേഴാമ്പലിന് വേണ്ടത് വർഷകാലത്തെ മഴത്തുള്ളികളാണ്. എത്ര കാലവും കേണു കേണ് അത് മഴത്തുള്ളിക്കു വേണ്ടി കാത്തിരിക്കും. ആരെല്ലാം ഇടയിൽ വന്നു പോയാലും തന്റെ പ്രണയത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്നവരെ പോലെ.

1960-70 കൾ ഗൾഫ് കുടിയേറ്റക്കാലം കൂടിയായിരുന്നു. ഗൾഫിലേക്കു മാത്രമല്ല, തൊഴിൽ തേടി മദിരാശി, ബോംബേ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലേക്കും പട്ടാളത്തിലേക്കും ഒക്കെയായി യുവാക്കൾ പലായനം നടത്തിയിരുന്ന കാലം. അന്നത്തെ സിനിമകളിൽ ദമ്പതിമാരുടെ കാത്തിരിപ്പ് ധാരാളമായി സിനിമക്കും പാട്ടുകൾക്കും വിഷയമായിരുന്നു. പണ്ട് എന്റെ അടുത്ത കൂട്ടുകാരിക്ക് ഗൾഫ്കാരന്റെ വിവാഹാലോചന വന്നപ്പോൾ അവൾ പറഞ്ഞത്, കത്തിന് കാത്തിരിക്കാനാണെങ്കിൽ ഞാൻ ഒരു പോസ്റ്റ്മാനെ കല്യാണം കഴിച്ചാൽ പോരെ എന്നായിരുന്നു. അവളതു പറയുമ്പോൾ എന്റെ മനസ്സിലേക്ക് ഒരു ദൃശ്യം ഓടിവന്നു. തുറക്കാത്ത വാതിൽ എന്ന ചിത്രത്തിൽ തീവണ്ടിയുടെ ചൂളം വിളി കേട്ടാലുടനെ പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങിയോടി വന്ന്, തന്റെ പ്രിയതമന്റെ ഓർമ്മയിൽ തീവണ്ടി നോക്കി നിൽക്കുന്ന രാഗിണിയുടെ ദൃശ്യം.

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന ഗാനവും”

മറുനാട്ടിൽ ജീവിക്കുന്ന ഒരുവന്റെ ഗൃഹാതുര ചിന്തകളാണ് ആ പാട്ടിലാകെ. നാട്ടിൽ തന്നെയും കാത്തിരിക്കുന്ന ഭാര്യയുടെ നെടുവീർപ്പുകൾ അക്കാലത്തെ മിക്ക സിനിമകളിലെയും നായകന്മാർ അകലെയിരുന്ന് നെഞ്ചിലേറ്റി ഉള്ളുലഞ്ഞു പാടി.

“നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട്

ദൂരത്തു വാഴുന്ന് ഞാനെന്നും

ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും

ഓടുന്ന് മുറ്റത്ത് നീയിന്നും“

പടപടാ എന്ന് അടഞ്ഞു തുറക്കുന്ന കണ്ണുകളും മിടിക്കുന്ന ഹൃദയവുമായി രാഗിണി ഓടി വന്ന് ട്രെയിൻ നോക്കി നിരാശയോടെ മടങ്ങുന്ന ഒരു ദൃശ്യമാണത്.

മറുനാട്ടിൽ ജീവിക്കുന്ന ഒരുവന്റെ ഗൃഹാതുര ചിന്തകളാണ് ആ പാട്ടിലാകെ. നാട്ടിൽ തന്നെയും കാത്തിരിക്കുന്ന ഭാര്യയുടെ നെടുവീർപ്പുകൾ അക്കാലത്തെ മിക്ക സിനിമകളിലെയും നായകന്മാർ അകലെയിരുന്ന് നെഞ്ചിലേറ്റി ഉള്ളുലഞ്ഞു പാടി.
മറുനാട്ടിൽ ജീവിക്കുന്ന ഒരുവന്റെ ഗൃഹാതുര ചിന്തകളാണ് ആ പാട്ടിലാകെ. നാട്ടിൽ തന്നെയും കാത്തിരിക്കുന്ന ഭാര്യയുടെ നെടുവീർപ്പുകൾ അക്കാലത്തെ മിക്ക സിനിമകളിലെയും നായകന്മാർ അകലെയിരുന്ന് നെഞ്ചിലേറ്റി ഉള്ളുലഞ്ഞു പാടി.

മാമലകൾക്കപ്പുറത്തെ മരതകപ്പട്ടുടുത്ത മലയാളമെന്ന ദേശത്തെ കുറിച്ചുള്ള അവരുടെ കാത്തിരിപ്പുകൾ വീണ്ടും എത്രയോ ഗാനങ്ങളിലൂടെ അനശ്വരമായി.

“വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ -

വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്

കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള

കരിനീലക്കണ്ണുള്ള പെണ്ണുണ്ട്

കരിനീലക്കണ്ണുള്ള പെണ്ണുണ്ട് "

അവളുടെ അടുത്തേക്ക് പറന്നെത്താൻ ചിറകില്ലല്ലോ എന്നവൻ വേദനിക്കുന്നു.

“മധുരക്കിനാവിന്റെ മായാവിമാനത്തിന്

മനുഷ്യനെ കൊണ്ടുപോകാൻ കഴിവില്ലല്ലോ

മനുഷ്യനെ കൊണ്ടു പോകാൻ കഴിവില്ലല്ലോ”

രസന മാസികയുടെ 1977 ഒക്ടോബർ - നവംബർ ലക്കത്തിൽ, ഈയിടെ അന്തരിച്ച കെ. കെ. ഹിരണ്യന്റെ ഒരു കവിതയുണ്ടായിരുന്നു. "എന്റെ ജാലകം" എന്ന പേരിൽ.

"മരമില്ല, കിളിയില്ല

എങ്കിലും ഞാനെന്റെ ജാലകം തുറന്ന്

കാത്തിരിക്കുന്നു.

ഒരു കാറ്റെങ്കിലും വന്നെങ്കിൽ

നിശ്ശബ്ദതയുടെ മണൽക്കാട്ടിലെങ്ങോ

നീണ്ടുപോകുന്ന എന്റെ പുറംലോകത്തിന്റ

മൗനം തകർക്കാൻ

ഒരു കാറ്റ്;

ഒരു വാക്ക്;

ഒരു നോട്ടം"

കാത്തിരിപ്പിനെ കുറിച്ച് എഴുതാനിരുന്നപ്പോൾ ഈ കവിതയും ആരെയോ കാത്തിരിക്കുന്നതു പോലെയുള്ള ഹിരണ്യൻ മാഷുടെ ഉഴറുന്ന മിഴികളും എന്റെ മനസ്സിലേക്കു വരുകയാണ്. ഈ വരികളിലെ ആശയം പിന്നീട് നാം എത്രയോ ചലച്ചിത്ര ഗാനങ്ങളിലായി കേട്ടു. കവിതയുടെ അവസാനവരികൾ ഇങ്ങനെയാണ്.

"മരമില്ല കിളിയില്ല

എങ്കിലും മുറിയുടെ കിഴക്കേജാലകം തുറന്നിട്ട്

ഞാനിന്നും കാത്തിരിക്കുന്നു".

1993-ൽ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ

“പതിവായി ഞാനെന്റെ പടിവാതിലെന്തിനോ

പകുതിയേ ചാരാറുള്ളല്ലോ

പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും

വെറുതേ മോഹിക്കുമല്ലൊ“

എന്ന പാട്ട് കേൾക്കുമ്പോഴെല്ലാം ഹിരണ്യൻ മാഷുടെ തളർന്ന കണ്ണുകൾ എന്റെ വേദനയാകാറുണ്ട്. ഗീതാ ഹിരണ്യൻ വിട പറഞ്ഞതിനു ശേഷം ഹിരണ്യൻ മാഷിൽ നിന്ന് വിട പറയാതെ നിന്ന സ്ഥായീഭാവം അതായിരുന്നു.

”വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി

ക്കറിയാം അതെന്നാലുമെന്നും

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ”

മധു മുട്ടം എഴുതിയ ഗാനത്തിന്റെ ഓരോ വരിയിലും കാത്തിരിപ്പിന്റെ വ്യർഥതാബോധമുണ്ട്. എന്നാൽ കാത്തിരിപ്പിലെ അനിശ്ചിതത്വത്തിന്റെ വേവലാതി സുഖകരമായ അസ്വസ്ഥതയാണ്. നിനയാത്ത നേരത്ത് പടിവാതിലിൽ എത്തിച്ചേർന്നേക്കാവുന്ന ആ പദവിന്യാസം വലിയ പ്രതീക്ഷയാണ്.

മണിച്ചിത്രത്താഴ് സിനിമയിലെ ഗാനരംഗം
മണിച്ചിത്രത്താഴ് സിനിമയിലെ ഗാനരംഗം

പിറവി എന്ന ചിത്രത്തിൽ ഗാനങ്ങളില്ലെങ്കിലും കാത്തിരിപ്പിന്റെ വേദന ഏതു ഗാനത്തേക്കാളും ശക്തമായി അനുഭവിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. വരില്ലെന്നുറപ്പായിട്ടും എന്നും മകനെ കാത്തിരിക്കുന്ന അച്ഛനോട് രാജന്റെ ഓപ്പോൾ ചോദിക്കുകയാണ് "എന്തിനാ അച്ഛാ ഇങ്ങനെ കാത്തിരിക്കുന്നേ?" അപ്പോൾ ക്ഷുഭിതനായ അച്ഛന്റെ ചോദ്യം "കാത്തിരിക്കണ്ടേ? പിന്നെ എന്തിനാ ഞാനവന്റെ അച്ഛനായേ? എന്തിനാ നീയവന്റെ ഓപ്പോളായേ?" മലയാളം കേട്ട ഏറ്റവും ഹൃദയസ്പർശിയായ ചോദ്യം. വിരഹവും പ്രതീക്ഷയും ഏകാന്തതയും നിറഞ്ഞ ഈ കാത്തിരിപ്പ് തീരാവേദനയുടേതാണ്. തിരിച്ചു വരുമെന്ന് പറഞ്ഞ് ആരും പോയിട്ടില്ലെങ്കിലും തിരികെ വരുമെന്നാണെല്ലാവരും കാത്തിരിക്കുന്നത്. അതിനായി പടിവാതിൽ പാതിയേ ചാരാറുള്ളു. പ്രേംജിയുടെ നിറകണ്ണുകളിലെ നിസ്സഹായതയും വിഭ്രാന്തി നിറഞ്ഞ മുഖവും ചാരുകസേരയിലെ കാത്തിരിപ്പും മലയാളം മറക്കില്ല. വരുമെന്നു പറഞ്ഞില്ലെങ്കിലും വരില്ലെന്നു പറഞ്ഞിട്ടില്ലല്ലോ എന്നതാണ് ഓരോ കാത്തിരിപ്പിന്റെയും ഉൾത്തുടിപ്പ്.

യാത്ര എന്ന ചിത്രത്തിന്റെ ഇതിവൃത്തം കാത്തിരിപ്പുമായി ബന്ധപ്പെട്ടതാണ്. ജപ്പാനീസ് ക്ലാസിക് ചിത്രമായ ‘ദി യെല്ലോ ഹാൻകർചീഫ്‘ ചലച്ചിത്രത്തിൽ നിന്ന് കടംകൊണ്ടതാണ് യാത്രയുടെ കഥ. കൂടൊന്നു കൂട്ടാൻ നാരുകൾ തേടി എങ്ങോ പോയ ആൺകിളിയെ തേടി ദൂരെ ഒരു പെൺകിളി കാത്തിരിക്കുന്നു.

“ഒരു കൊച്ചു സ്വപ്നത്തിൻ പൂ വിടർന്നാൽ

ഒരു കൊടും കാട്ടിലതാരറിയാൻ

ഒരു കുഞ്ഞുമെഴുതിരിയുരുകും പോലെ

കരയുമാ പെൺകിളി കാത്തിരുന്നു

ആയിരം കാതം ദൂരെയിരുന്നാ

ആൺകിളി എന്തേ ചൊല്ലീ

ദൂരേ ദൂരേ

പെൺകിളി കാത്തിരുന്നു”

പിറവി എന്ന ചിത്രത്തിൽ ഗാനങ്ങളില്ലെങ്കിലും കാത്തിരിപ്പിന്റെ വേദന ഏതു ഗാനത്തേക്കാളും ശക്തമായി അനുഭവിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. വരില്ലെന്നുറപ്പായിട്ടും എന്നും മകനെ  കാത്തിരിക്കുന്ന അച്ഛനോട് രാജന്റെ ഓപ്പോൾ ചോദിക്കുകയാണ് "എന്തിനാ അച്ഛാ ഇങ്ങനെ കാത്തിരിക്കുന്നേ?" അപ്പോൾ ക്ഷുഭിതനായ അച്ഛന്റെ ചോദ്യം "കാത്തിരിക്കണ്ടേ? പിന്നെ എന്തിനാ ഞാനവന്റെ അച്ഛനായേ? എന്തിനാ നീയവന്റെ ഓപ്പോളായേ?" മലയാളം കേട്ട ഏറ്റവും ഹൃദയസ്പർശിയായ ചോദ്യം.
പിറവി എന്ന ചിത്രത്തിൽ ഗാനങ്ങളില്ലെങ്കിലും കാത്തിരിപ്പിന്റെ വേദന ഏതു ഗാനത്തേക്കാളും ശക്തമായി അനുഭവിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. വരില്ലെന്നുറപ്പായിട്ടും എന്നും മകനെ കാത്തിരിക്കുന്ന അച്ഛനോട് രാജന്റെ ഓപ്പോൾ ചോദിക്കുകയാണ് "എന്തിനാ അച്ഛാ ഇങ്ങനെ കാത്തിരിക്കുന്നേ?" അപ്പോൾ ക്ഷുഭിതനായ അച്ഛന്റെ ചോദ്യം "കാത്തിരിക്കണ്ടേ? പിന്നെ എന്തിനാ ഞാനവന്റെ അച്ഛനായേ? എന്തിനാ നീയവന്റെ ഓപ്പോളായേ?" മലയാളം കേട്ട ഏറ്റവും ഹൃദയസ്പർശിയായ ചോദ്യം.

നായകന്റെ കഥ കേട്ട് ഒപ്പം യാത്ര ചെയ്യുന്ന ബസ്സിലെ സ്കൂൾകുട്ടികളുടെ കണ്ണുകൾ ഒരു താഴ്വാരത്തിലേക്ക് പ്രതീക്ഷയോടെ നീളുന്നു. അവിടെ ഒരു ചെരാതും കത്തിച്ച് തുളസി കാത്തിരിക്കുന്നുണ്ടാവുമോ? എല്ലാവരുടെയും മുഖം ആഹ്ലാദത്തിന്റെ അമ്പരപ്പിൽ വിടരുന്നു. നായകന്റെ മുഖം അവിശ്വസനീയമായ ആ കാഴ്ചയൊരുക്കിയ പ്രണയവേദനയിൽ തുടുക്കുന്നു. ഒരു താഴ്വര നിറയെ കത്തിനിൽക്കുന്ന മൺചെരാതുകൾ. പ്രേക്ഷകരെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തിയ ആ climax രംഗത്തിന്റെ മനോഹാരിത ബാലു മഹേന്ദ്രയെ മലയാളികൾക്ക് പ്രിയപ്പെട്ടവനാക്കി.

ആരൂഢമെന്ന ചിത്രത്തിലെ “കാത്തിരിപ്പൂ... കുഞ്ഞരിപ്പൂവ് വെറും പൂവ് ഇത്തിരിക്കുമ്പിളിൽ തേനും കൊണ്ട് ഒത്തിരിയൊത്തിരി സ്വപ്നം കണ്ട്” എന്ന ഗാനം, നീലി എന്ന ദളിത് നായികയുടെ നിഷ്ഫലമായ, എന്നാൽ പരാതികളും പരിഭവങ്ങളുമില്ലാത്ത കാത്തിരിപ്പിന്റെ ഗാനമാണ്. കാത്തിരുന്നു എന്ന ഭൂതകാല പ്രത്യയമല്ല കാത്തിരിപ്പൂ എന്ന വർത്തമാനകാല പ്രത്യയമാണ് നീലി ഓർമ്മകളുടെ നീണ്ട വർഷങ്ങൾക്കു ശേഷവും പാടിക്കൊണ്ടേയിരിക്കുന്നത്.

“ പൂക്കൈതക്കാട്ടിലെ പൂമണാളൻ

കണ്ടായോ കണ്ടിട്ടും കണ്ടീലെന്നോ

പൂവിന്റെ ഉള്ളിന്റെ ഉള്ളുലഞ്ഞും

മേലാകേ മേലാനും വാടിയില്ല വീണുമില്ല”

അതാണ് അവളുടെ കാത്തിരിപ്പിന്റെ ശക്തി. തിരസ്കാരത്തിൽ ഉള്ളുലഞ്ഞിട്ടും അവൾ വാടിയുമില്ല വീണുമില്ല. സൂര്യനെ പ്രേമിച്ച സൂര്യകാന്തിയെ പോലെ, തനിക്കനുയോജ്യനല്ലാത്ത കാമുകനെ കാത്തിരിക്കുന്നവൾ. വെറും പൂവ് എന്നതിലുണ്ട് അവൾ തിരിച്ചറിയുന്ന സ്വന്തം അയോഗ്യതകൾ.

“നോക്കെത്താ ദൂരത്ത് കണ്ണും നീട്ടി

കാറ്റിന് പൂമണം കാഴ്ച്ചവെച്ച്

ചെല്ലപ്പൂ വിങ്ങുന്നതാർക്കുവേണ്ടീ

കണ്ണീരിൽചാലിച്ചപുഞ്ചിരിയും കൊഞ്ചലുമായ് കാത്തിരിപ്പൂ

കുഞ്ഞരിപ്പൂവ് വെറും പൂവ്”

നീലിക്ക് സാമീപ്യത്തിലും അസാന്നിധ്യമനുഭവിക്കേണ്ടി വരുന്നത് ജാതീയവും സാമൂഹികവുമായ അസമത്വങ്ങളുടെ ഫലമായാണ്. തനിക്ക് സമീപിക്കാൻ വിലക്കുകളുണ്ട്. അതിന്റെ അസഹ്യമായ വേദനയെയാണ് പുഞ്ചിരിയും കൊഞ്ചലുമെന്ന് ഭാവിച്ച് അവൾ പാടിത്തുള്ളി നടക്കുന്നത്. ആ പുഞ്ചിരിയും കൊഞ്ചലും കണ്ണുനീരും കാവാലത്തിന്റെ വാക്കുകളിലുണ്ട്. ജാനകിയുടെ ശബ്ദത്തിലുണ്ട്, സീമയുടെ ഭാവങ്ങളിലുമുണ്ട്. സീമക്കു ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് ആരൂഢത്തിലെ നീലി.

നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിൽ ഒരു മുത്തശ്ശിയുടെ കാത്തിരിപ്പാണ് പ്രമേയം.

“ ആയിരം കണ്ണുമായ്

കാത്തിരുന്നൂ നിന്നെ ഞാൻ

എന്നിൽ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലർ തേൻ‌കിളീ” എന്ന ഗാനത്തിലെ

“മഞ്ഞുവീണതറിഞ്ഞില്ലാ

വെയിൽ വന്നുപോയതറിഞ്ഞില്ലാ

ഓമനേ നീ വരും

നാളുമെണ്ണിയിരുന്നു ഞാൻ

പൈങ്കിളീ മലർ തേൻ‌കിളീ

വന്നു നീ വന്നു നിന്നു നീയെൻ‌റെ

ജന്മസാഫല്യമേ”

ആ ചലച്ചിത്രത്തിന്റെ ആന്തരിക ഭാവം മുഴുവൻ ഒറ്റ ഗാനത്തിൽ ഇണക്കി വെച്ചു ബിച്ചു തിരുമല. 1984 ൽ ഫൈനൽ എം എ പരീക്ഷ കഴിഞ്ഞ് കോട്ടയത്തെ ഒരു കൂൾബാറിൽ ഇരുന്ന് ഞാനീ പാട്ട് കേൾക്കുമ്പോൾ എനിക്കൊപ്പം എന്റെ കൈത്തണ്ടയിൽ കൈയമർത്തി എന്റെ സഹപാഠിയുമുണ്ടായിരുന്നു.”എന്നിൽ നിന്നും പറന്നകന്നൊരു മഞ്ഞമന്ദാരമേ” എന്ന വരി കേൾക്കുമ്പോൾ ഞാനിന്നും ആ കൂൾബാറിലാണിരിക്കുന്നത്. എന്റെ കൈകൾ അന്നത്തെ അതേ തണുപ്പറിയുന്നു. പാട്ടുകൾ അങ്ങനെയാണ്. സാന്ദ്രസൗന്ദര്യമുള്ള പ്രണയലേഖനങ്ങളായി അവ ഏതു കാലത്തും നമ്മെ തേടിയെത്തും. ഈ ഗാനങ്ങളിലെ ഒന്നും ഭാഷ ഔപചാരിക വിനിമയത്തിന്റെയല്ല, അകലങ്ങളിലിരിക്കുന്നവർ തമ്മിലെ വൈകാരിക സംവേദനത്തിൻ്റേതാണ്.

നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിൽ ഒരു മുത്തശ്ശിയുടെ കാത്തിരിപ്പാണ് പ്രമേയം
നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിൽ ഒരു മുത്തശ്ശിയുടെ കാത്തിരിപ്പാണ് പ്രമേയം

ഭാർഗ്ഗവീനിലയത്തിലെ,

“വാസന്തപഞ്ചമി നാളിൽ

വരുമെന്നൊരു കിനാവു കണ്ട്

കിളിവാതിലിൽ മിഴിയും നട്ട്

കാത്തിരുന്നു ഞാൻ “

എന്ന ഗാനം ഞാൻ സമർപ്പിക്കുന്നത് എം.ടിയുടെ മഞ്ഞിലെ വിമലക്കാണ്. ഗൃഹാതുരത്വത്തോടെ ഒരു കാലഘട്ടത്തിലെ

മലയാളി വായനക്കാർ ഏറ്റവും സ്നേഹിച്ച ഒരു കാത്തിരിപ്പ്, വിമലയുടേതാണ്. ‘വരും വരാതിരിക്കില്ല’ എന്ന വാക്കുകൾ ചുവരിലും നോട്ട് ബുക്കിലും കൈത്തണ്ടയിലും രേഖപ്പെടുത്തി വെച്ചിരുന്ന ചെറുപ്പക്കാരുടെ ഒരു തലമുറ തന്നെ ഇവിടെ ഉണ്ടായിരുന്നു. എവിടേയ്‌ക്കോ പോയി മറഞ്ഞിരിക്കുന്ന സുധീർകുമാർ മിശ്രയ്ക്ക് വേണ്ടിയാണ് വിമല കാത്തിരിക്കുന്നത്.

“വസന്തമോ വന്നു കഴിഞ്ഞു

പഞ്ചമിയും വന്നണഞ്ഞു

വന്നില്ലെൻ കണ്ണിൻ മുന്നിൽ

വരേണ്ടയാൾ മാത്രം”

ഭാർഗവി നിലയത്തിലെ വസന്ത പഞ്ചമി നാളിൽ എന്ന ഗാനരംഗത്തിൽ നിന്നും
ഭാർഗവി നിലയത്തിലെ വസന്ത പഞ്ചമി നാളിൽ എന്ന ഗാനരംഗത്തിൽ നിന്നും

എന്ന വരികൾ വിമലക്കും എക്കാലത്തെയും എല്ലാ പ്രണയികൾക്കും ഇണങ്ങുന്നതാണ്.

“ആരുമാരും വന്നതില്ല

ആരുമാരും അറിഞ്ഞതില്ല

ആത്മാവിൽ സ്വപ്നവുമായി

കാത്തിരിപ്പു ഞാൻ”

സാമുവൽ ബെക്കറ്റിൻറെ പ്രസിദ്ധനാടകത്തിൽ ആരെന്നറിയാത്ത ഗോദോയെ കാത്തിരിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ അനന്തവും നിഷ്ഫലവുമായ കാത്തിരിപ്പുണ്ട്. അതേ പോലെ ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യപ്രതീക്ഷകളാണ് അതിഥി എന്ന മലയാള സിനിമയുടെയും പ്രമേയം. ഗോദോയെ കാത്ത് എന്ന നാടകമായിരുന്നു കെ.പി. കുമാരന് ഈ ചിത്രത്തിന് പ്രേരണയായത്. ‘ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ’ എന്നതായിരുന്നു അതിഥിയുടെ പോസ്റ്ററിലെ പരസ്യവാചകം.

മരുഭൂമിയായി മാറുന്ന മനുഷ്യമനസ്സ് മഴയ്ക്കു വേണ്ടിയും ആസക്തികൾ അടക്കുന്ന മനുഷ്യശരീരം മറ്റൊരു ശരീരത്തിന്റെ സാമീപ്യത്തിനു വേണ്ടിയും കൊതിക്കുന്നു. സങ്കൽപങ്ങളിലെ കൊടുങ്കാറ്റിലാണ് ഇടിമിന്നലുകൾ പോലെ ഉടലുകൾ ഒന്നാകുന്നത്. കാത്തിരിപ്പ് ഒരു ജന്മവാസനയാണ്. തുരുമ്പെടുത്തു പോകാതെ മനുഷ്യഹൃദയങ്ങളെ അത് കാത്തു വെക്കുന്നുണ്ട്.

“സീമന്തിനീ നിന്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം

ആരുടെ കൈനഖേന്ദു മരീചികളിൽ കുളിച്ചാകെ തളിർത്തു നിൻ കൗമാരം“

അയാൾ വരുമെന്നുള്ള ഉറപ്പിലാണ് അവളുടെ മനവും ശരീരവും ചെറുപ്പം നിലനിർത്തി തുടിക്കുന്നത്. പക്ഷേ അങ്ങനെയൊരാളില്ല. അയാൾ വരുകയുമില്ല. എന്നിട്ടും ചില ഈണങ്ങൾ അവളെ തഴുകുകയാണ്. തലോടി ആശ്വസിപ്പിക്കുകയാണ്.


Summary: s saradakutty writes waiting songs in Malayalam cinema


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments