പടംപാട്ടുകൾ- രണ്ട്
‘പതിനാറു വയസ്സു കഴിഞ്ഞാൽ
പുളകങ്ങൾ പൂത്തുവിരിഞ്ഞാൽ
പതിവായി പെൺകൊടിമാരൊരു
മധുരസ്വപ്നം കാണും’
കൗമാരം കഴിഞ്ഞാൽ പെൺകുട്ടികളുടെ സ്വപ്നങ്ങളെല്ലാം കല്യാണത്തെ കുറിച്ചായിരിക്കുമെന്ന സങ്കൽപമൊക്കെ പഴയതായിരിക്കാം. കാലം മാറി. പുതിയ ചലച്ചിത്രങ്ങളും വിവാഹസങ്കൽപങ്ങൾ തിരുത്തിയെഴുതിത്തുടങ്ങി. ‘മാംഗല്യം തന്തുനാനേന’ എന്ന പ്രസിദ്ധമായ മംഗളാചരണ മന്ത്രത്തിന് ‘പിന്നെ ജീവിതം ധുന്തനാനേന’ എന്ന് പാരഡിയുണ്ടാക്കിക്കൊണ്ട് വിവാഹാചാരങ്ങളുടെ അർഥമില്ലായ്മയെ ട്രോളുകയാണ്, ചെറുപ്പക്കാർ അടിച്ചുപൊളിക്കുന്ന ബാംഗ്ളൂർ ഡേയ്സിലെ കല്യാണവീട്ടിൽ.
ജയ ജയ ജയഹേയും അർച്ചന നോട്ട് ഔട്ട് 31- ഉം ഗ്രേറ്റ് ഇന്ത്യൻ കിച്ചനും വണ്ടർ വിമനും ഒക്കെ പറയുന്നതിതുതന്നെയാണ്. പുതിയ കാലത്തെ പെൺകുട്ടിയുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും പുതുക്കിനിർവ്വചിക്കാൻ പുതുസിനിമകളും അവയിലെ പാട്ടുകളും നിർബ്ബന്ധിതമായി.
‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന പ്രസിദ്ധമായ ഗാനത്തിനൊരു പാരഡി പോലെ,
‘ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ
വീടിൻ സൗഭാഗ്യം നീയിനിയേ
ദാസീ മന്ത്രീ ഭാര്യേ സഹോദരീ
ആണിൻ ഐശ്വര്യമെന്നും നീയേ…’
എന്ന് വിവാഹമുഹൂർത്തത്തിൽ തന്നെ പരിഹസിച്ചു പാടുന്നുമുണ്ട്. എങ്കിലും ഒരു കാലഘട്ടത്തെ വൈകാരികമായി കീഴ്പ്പെടുത്തിയ സുന്ദരഗാനങ്ങൾ, പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങളെ ഏതു വിധമൊക്കെയാണ് പൊലിപ്പിച്ചെടുത്തത്.
എന്റെ കുട്ടിക്കാലത്ത് ഏറ്റവുമധികം കേട്ടതും പാടിനടന്നിരുന്നതുമായ വിവാഹസ്വപ്നഗാനം
‘ഏഴു സുന്ദരരാത്രികൾ
ഏകാന്തസുന്ദര രാത്രികൾ
വികാരതരളിത ഗാത്രികൾ
വിവാഹപൂർവ്വ രാത്രികൾ’
തന്നെയാണ്.
അശ്വമേധം എന്ന സിനിമക്കുവേണ്ടി വയലാറെഴുതി ദേവരാജൻ ഈണം നൽകി, പി. സുശീല പാടിയ ഈ ഗാനം, നിലനിന്നിരുന്ന വിവാഹസങ്കൽപങ്ങളുടെ സൗന്ദര്യധോരണിയിൽ മാത്രമല്ല, ഗാനമെന്ന നിലയിലുള്ള മികവു കൊണ്ടും അനശ്വരമായിത്തീർന്നു. തയ്യൽമെഷീനിൽ കാൽ ചവിട്ടിയിരുന്ന് സ്വപ്നത്തിൽ മുഴുകുന്ന ഷീലയുടെ സുന്ദരമുഖം എങ്ങനെ മറക്കാനാണ്.
‘മാനസസരസ്സിൽ പറന്നിറങ്ങിയ
മരാളകന്യകളേ മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടിൽ നിന്നൊരു മംഗളപത്രമെനിക്കു തരൂ…’
കാളിദാസഭാവനയിൽ നിന്നാണ് ഈ മാനസസരസ്സും മരാളകന്യകളുമെല്ലാം പറന്നുവരുന്നത്. ഹംസങ്ങളുടെ ജന്മസ്ഥലമാണ് ഹിമവൽ പരിസരത്തുള്ള മാനസസരസ്സ് എന്നാണ് കവിസങ്കൽപം. മാനസസരസ്സും ഹംസങ്ങളും സ്വർണ്ണമരാളങ്ങളും വയലാറിനെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അവയൊക്കെ, ‘ഈ മനോഹരഭൂമിയിലല്ലാതെ മറ്റെവിടെയുണ്ട്’ എന്ന് അവസാനമായി ചോദിച്ചുകൊണ്ടാണല്ലോ വയലാർ വിട പറഞ്ഞതും.
വർഷാരംഭത്തിലാണത്രേ ഹംസങ്ങൾ മാനസസരസ്സിൽ പറന്നിറങ്ങുന്നത്. വധുവിന്റെ മനസ്സിലും വെൺചിറകുള്ള ഹംസങ്ങൾ പറന്നിറങ്ങുന്നുണ്ട്. ഹംസങ്ങളുടെ പവിഴച്ചുണ്ടിൽ നിന്ന് വധു ഒരു മംഗളപത്രമാവശ്യപ്പെടുകയാണ്. പഴയ കാലത്ത് വിവാഹത്തിന് മംഗളപത്രം വായിക്കുന്ന ചടങ്ങ് പല സമുദായങ്ങളിലും നിലവിലുണ്ടായിരുന്നു.
വിവാഹരാത്രിയിൽ മണിയറയിൽ കൊളുത്തി വെക്കാനുള്ളതാണ് സംഗമദീപം. വിരുന്നുകാരികളായി വരുന്ന വസന്തദൂതികളോട്, സ്വർണ്ണത്തളികയിൽ ഒരു സംഗമദീപമാണ് അവൾ ചോദിക്കുന്നത്. നാണത്തിൽ മുങ്ങുന്ന ആ മുത്തുവിളക്കിന്റെ മാണിക്യക്കണ്ണൊന്നു പൊത്തിക്കൊണ്ടു വേണം അവൾക്ക് ആദ്യരാത്രിയുടെ മധുരമറിയാൻ.
‘മഞ്ഞണിപ്പൂനിലാവ്
പേരാറ്റിൻ കടവിങ്കൽ
മഞ്ഞളരച്ചു വെച്ച് നീരാടുമ്പോൾ ....’
പി.ഭാസ്കരൻ്റേതാണ് വരികൾ. പൂക്കൈതയുടെ മാദകഗന്ധം ചൂടി വരുന്ന ധനുമാസത്തിൽ ഒരുവൾ കിനാവു കണ്ടിരിക്കുകയാണ്, എള്ളെണ്ണമണമുള്ള തന്റെ മുടിക്കെട്ടിൽ ഒരിക്കൽ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരനെ. ധനുമാസരാവുകളുടെ നിറസുഗന്ധമായി പാലപ്പൂ മണം ഒഴുകിയിറങ്ങുന്നുണ്ട്. ഈ വശ്യസുഗന്ധം ഏതൊരാളിലും കാമോദ്ദീപനമുണ്ടാക്കും. പാലമരത്തിൽ സ്ത്രീകളെ മോഹിക്കുന്ന ഗന്ധർവ്വൻ വാസമുണ്ടെന്നാണ് ഭാരതീയ കാവ്യസങ്കൽപം. ധനുമാസമാകട്ടെ മഞ്ഞുമാസമാണ്. പ്രണയോത്സവമായ തിരുവാതിരയുടെ മാസം. വയലാറെഴുതിയത് പോലെ
‘ഭൂമികന്യക്കു യൗവനം നൽകിയ ധനുമാസം
ഇതു പൂവുകളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം’.
‘പാലയ്ക്കില വന്നു പൂ വന്നു കാ വന്നു
പാലയ്ക്ക് നീർകൊട് തോഴിമാരേ’
എന്നു പാടി പാല നനച്ച് കന്യകമാർ നല്ല വരനെ കിട്ടാൻ നോമ്പുനോറ്റ് ഉറക്കമിളക്കുന്ന രാത്രി. ധനുക്കുളിരിൻ ധനുസ്സെടുക്കുന്ന മണിമലരമ്പനെ സ്ത്രീകൾ സ്വപ്നം കാണുന്ന രാത്രി.
രണ്ടാമത്തെ ചരണത്തിൽ വിവാഹച്ചടങ്ങുകളാണ്.
‘പാതിരാപ്പാലകൾതൻ വിരലിങ്കൽ പൗർണമി
മോതിരമണിയിക്കും മലർമാസത്തിൽ
താന്നിയൂരമ്പലത്തിൽ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോൾ…’
ഒരു കൊച്ചു മണ്ഡപവും പുളിയിലക്കരമുണ്ടും കിനാവു കാണുകയാണവൾ.
വൃശ്ചികരാത്രിയുടെ അരമനമുറ്റത്ത് വാനമൊരുക്കുന്ന നിലാവിന്റെ പിച്ചകപ്പൂപ്പന്തൽ സ്വപ്നം കാണുകയാണ് മറ്റൊരുവൾ.
അതാ, വധുവായ ഹേമന്തകൗമുദി, കോമളവദനത്തിൽ ചന്ദനക്കുറിയുമായി ഇറങ്ങി വരുന്നു. അതു കാണാനോ, ‘നാലഞ്ചു താരകൾ യവനികക്കുള്ളിൽ നിന്ന് നീലച്ച കൺമുനകൾ എറിയുന്നു’.
വരൻ ആരാണെന്നറിയാനുള്ള ആകാംക്ഷയോടെ ഭൂമിയും വാനവും നോക്കി നിൽക്കുന്നു. നാട്ടിൻപുറത്തെ ഒരു കല്യാണവീടിന്റെ മുഴുവൻ ഒരുക്കങ്ങളും അവിടെയുണ്ട്. അടക്കം പറയുന്ന പെണ്ണുങ്ങൾ, ഒളിഞ്ഞു നോക്കുന്ന കൂട്ടുകാരികൾ, ലജ്ജയോടെ ഇറങ്ങിവരുന്ന വധു.
‘പരിണയം നടക്കുമോ
മലരിന്റെ ചെവികളിൽ പരിമൃദുപവനൻ ചോദിക്കുന്നു’.
പൊതുസ്ഥലങ്ങളിൽ, പരസ്പരം ചെവിയിൽ അടക്കം പറയുന്ന പെണ്ണുങ്ങളെ കാണുമ്പോഴൊക്കെ എന്റെ ചുണ്ടിൽ ഈ വരികൾ ഒരു ചെറുചിരിയോടെ ഓടിയെത്തും.
‘നാഴിയൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം’ നടത്തിയ കവിയല്ലേ, പി.ഭാസ്കരൻ.
‘മഞ്ഞിന്റെ തട്ടമിട്ട് ചന്ദ്രൻ മേലെ
സുറുമയാൽ കണ്ണെഴുതി താരകൾ നീളേ
അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിൻ കുലവെട്ടി
കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി’ സാന്ധ്യനിലാവൊരുക്കുന്ന മറ്റൊരു മുല്ലപ്പന്തൽ.
നാട്ടിൻപുറങ്ങളിൽ ലളിതമായി ഒരുങ്ങുന്ന ഇത്തരം കല്യാണവീടുകൾ ഇന്നും ഒരു തലമുറയുടെ ഓർമകളിലുണ്ട്.
‘പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി പാതിരാക്കുയിലുകൾ കുയലുകളൂതി
ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ
പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവർത്തി’
വിവാഹാരംഭത്തിലെ പന്തലുകെട്ടു മുതൽ പാടിപ്പാടി ആദ്യരാവിന്റെ മണിയറയിലെ മെത്തവിരിക്കൽ വരെ ഒരൊറ്റ ഗാനത്തിൽ.
പരിഷ്കൃതമായ ഒരു കല്യാണപ്പന്തലാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലേത്. എം.ബി. ശ്രീനിവാസന്റെ ഈണത്തിൽ എസ്. ജാനകി പാടിയ ഗാനങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ട ഗാനമാണത്.
‘വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശിൽപികളേ…’
കവിയും കോളേജധ്യാപികയുമായ വധു സിവിൽ സർവീസുദ്യോഗസ്ഥനായ വരന്റെ പദവിക്കനുസരിച്ച ഒരുക്കങ്ങളാണ് സങ്കൽപിക്കുന്നത്. നല്ല സാഹിത്യവായനയൊക്കെയുള്ള വിദ്യാസമ്പന്നയായ പെൺകുട്ടിയുടെ വിവാഹസ്വപ്നത്തിന് ഭാവഗരിമ ഏറിയിരിക്കും. രചന, യൂസഫലി കേച്ചേരിയാകുമ്പോൾ അത് ഗംഭീരവും കൂടിയാകും.
‘നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ
വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ’
നീലാകാശം ഭൂമിദേവിയ്ക്ക് നീഹാരമണിഹാരം ചാർത്തുന്ന വേളയായാണ് അവൾ തന്റെ മംഗല്യരാവിനെ കാണുന്നത്. ആകാശത്തിന്റെ വധുവാണ് ഭൂമി എന്നത് പ്രസിദ്ധമായ കവികൽപനയാണ്. അനുരാഗനക്ഷത്രക്കണ്ണുകൾ ചിമ്മി ആകാശം ഭൂമിയെ വിളിക്കുന്നതിലെ ആനന്ദവാഞ്ഛ ആലോചിച്ചുനോക്കൂ.
ലതകൾ നീട്ടുന്ന മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറയ്ക്കുകയും തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വക്കുകയുമാണ്. ഭൂമിദേവിയും താനും നാളെ സീമന്തരേഖയിൽ സിന്ദൂരരേണുക്കൾ ചൂടി നിൽക്കും.
വായനയുള്ളവളുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും മണിയറയും എല്ലാം വ്യത്യസ്തങ്ങളായിരിക്കും. സാധാരണക്കാരുടെ സ്വപ്നങ്ങളേക്കാൾ അതിനൽപ്പം ഉയരക്കൂടുതലുണ്ടാകും. സ്വപ്നമോ വിവാഹജീവിതമോ വിജയിച്ചിട്ടുണ്ടാവില്ല. എങ്കിലും സ്നേഹത്തിന്റെ സ്മാരക ചിഹ്നമായി ആ പാട്ടുകൾ നിത്യവസന്തം പോലെ അവശേഷിക്കുന്നു.
വിവാഹമുഹൂർത്തം സ്വപ്നം കണ്ട്, ചടുലഭംഗിയോടെ നൃത്തം ചെയ്യുകയും തപസ്സു ചെയ്ത്, ഇഷ്ടവരനെ സ്വന്തമാക്കിയ ശ്രീ പാർവ്വതിയെ തനിക്കൊപ്പം ആടിപ്പാടാൻ ക്ഷണിക്കുകയുമാണ് ചിലമ്പിലെ നായിക.
‘പുടമുറി കല്യാണം ദേവീ,
എനിക്കിന്നു മാംഗല്യം
ആതിരരാവിൽ താലിയുമായ് കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി…’
ഭരതനാണ് ചിത്രത്തിന്റെ സംവിധാനവും ഗാനത്തിന്റെ രചനയും. അതിലെ വർണ്ണധോരണി ഊഹിക്കാവുന്നതേയുള്ളു. അവളുടെ വിവാഹാഭിനിവേശത്തെ ഉണർത്തുന്നത്, ആടയലങ്കാരച്ചാർത്തുകൾ മാത്രമല്ല, മാനസികോന്മാദങ്ങൾ കൂടിയാണ്.
‘കാതിൽ പൂത്തോടയുമായ്
കാലിൽ പൊൻചിലമ്പണിഞ്ഞു
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയായി കളമൊഴി പാടി
തരളമിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി…’
അംഗോപാംഗ പ്രത്യംഗങ്ങളുടെ നാനാവിധ വിന്യാസങ്ങൾ കൊണ്ട് ഈ ഗാനരംഗത്ത് സൗന്ദര്യലഹരി നിറയ്ക്കുകയാണ് ശോഭന. ഗന്ധർവ്വനെ പ്രാപിക്കാനാഗ്രഹിക്കുന്ന കന്യകക്ക് ആ സാന്നിധ്യം ചില ഗന്ധങ്ങളിലൂടെ അനുഭവിച്ചറിയാനാകും എന്നാണ് സങ്കൽപം. രാവിന്റെ രണ്ടാം യാമത്തിൽ ഇലഞ്ഞിപ്പൂ, അരളിപ്പൂ, യക്ഷിപ്പാല, കദംബം, ഗോരോചനം എന്നിവയുടെ വിശിഷ്ട സുഗന്ധമാണ് ആ സാന്നിദ്ധ്യമറിയിക്കുക. അപ്പോൾ അവൾ ഉന്മാദിനിയാവുകയാണ്. അവളുടെ ഭാവന, വന്യഭംഗികൾ തേടുകയാണ്.
‘ഗന്ധർവ്വകിന്നരി കേട്ടെൻ മനസ്സിന്റെ
അലങ്കാരച്ചാർത്തുകൾ ഉലഞ്ഞു
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി…
മദന ലളിതമപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താളമേളം...’
മായാമോഹങ്ങളുടെ അത്ഭുതലോകത്താണവൾ.
ഞാൻ ഗന്ധർവ്വനിലെ
‘പാലപ്പൂവേ
നിൻ തിരുമംഗല്യത്താലി തരൂ
മകരനിലാവേ
നീയെൻ നീഹാരക്കോടി തരൂ’
എന്ന ഗാനവും കല്യാണനാളിന്റെ സ്വപ്നങ്ങളാണ്. പുഷ്പഗന്ധിയും സ്വപ്നഗന്ധിയുമായ പ്രകൃതിയിൽ നിന്നാണ് വിവാഹത്തിനുള്ള ആടയാഭരണങ്ങൾ ഇവിടെയും കടം ചോദിക്കുന്നത്. അഭിജ്ഞാന ശാകുന്തളത്തിൽ വിവാഹസജ്ജയാകുന്ന ശകുന്തളക്ക് അണിയാനുള്ള മന്ത്രകോടിയും ആഭരണങ്ങളും വനപ്രകൃതി നൽകുന്നതായി പറയുന്നുണ്ട്.
‘ചുറ്റാനുള്ളൊരുടയാടയൊന്നൊരു മരം തന്നൂ ശശാങ്കോജ്ജ്വലം
മറ്റൊന്നപ്പോഴതിൽ ചൊരിഞ്ഞൂ
ചരണച്ചെഞ്ചാറു ചാർത്തീടുവാൻ’
എന്ന ശ്ലോകം പ്രസിദ്ധമാണ്.
‘കാണാതെ വിണ്ണിതളായ് മറയും
മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ്’ മണിപ്രവാളകാലത്തെ ചന്ദ്രോത്സവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ചന്ദ്രദേവന്റെ പ്രീതിക്കായി ഗണികസ്ത്രീയായ മേദിനീവെണ്ണിലാവിന്റെ നേതൃത്വത്തിൽ നടത്തുന്ന മാരോത്സവമാണത്. അഴകെഴുന്ന പ്രണയോത്സവം.
ഏതു നിമിഷത്തിലും വിണ്ണിൽ മറഞ്ഞുപോകാവുന്നവരാണ് ഗന്ധർവ്വന്മാർ. ഗന്ധർവ്വസദൃശരായ പുരുഷന്മാരെ മുഴുവൻ തങ്ങളിലേക്കാകർഷിക്കാനായി സ്ത്രീകൾ നടത്തുന്ന ഈ ഉത്സവത്തിന്റെ സ്മരണ ഗാനത്തിന്റെ വരികളിലുണ്ട്.
ക്ലാസിക്കൽ സൗന്ദര്യ സങ്കൽപങ്ങളിലെ ലാവണ്യാനുഭൂതിയല്ല, നാടൻ ശീലുകളിലും നാടൻ പദങ്ങളിലുമായി പി. ഭാസ്കരൻ രചിച്ച നീലക്കുയിലിലെ ഗാനങ്ങളിലുള്ളത്. കാലമെത്ര കഴിഞ്ഞിട്ടും, അഭിരുചികളും ആചാരങ്ങളും എത്ര മാറിയിട്ടും മനസ്സിൽ നിന്നും കാതിൽ നിന്നും മാഞ്ഞുപോകാൻ കൂട്ടാക്കാതെ നിൽക്കുന്ന ഗാനമാണ്,
‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണ് നെഞ്ചിലെന്ന്…’
ഈ പാട്ടിൽ നായിക കാണുന്ന ഒരു വിവാഹസ്വപ്നമുണ്ട്. ചന്ദ്രനേക്കാൾ ഉന്നതനാണവളുടെ കല്യാണച്ചെക്കൻ.
‘ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ട്, താഴെ
കല്യാണച്ചെക്കനുണ്ട്’
എന്നതാണ് അവളുടെ അഭിമാനം. പിന്നെയോ അവൾക്ക് ഒരു പാട് ഒരുക്കങ്ങൾ നടത്താനുണ്ട്.
‘ചെണ്ടൊന്നു വാങ്ങണം
മുണ്ടു മുറിക്കണം
പൂത്താലി കെട്ടീടണം -
പൊന്നിൻ പൂത്താലി -
കെട്ടീടണം
കളിയല്ല കിളിവാലൻ
വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിക്കണം’
മലയാളിയുടെ ചലച്ചിത്രസംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ഗാനമാണിത്. ലാളിത്യമുള്ള പദാവലികളും അതിലും ലളിതമായ ഈണവും ജാനമ്മ ഡേവിഡിന്റെ ഫോക് സ്പർശമുള്ള ശബ്ദവും ഗാനത്തിന് നിത്യജീവൻ നൽകി.
ഉമ്മ എന്ന ചിത്രത്തിനു വേണ്ടി ജിക്കി പാടിയ ‘കദളിവാഴക്കൈയിലിരുന്നു കാക്കയൊന്നു വിരുന്നു വിളിച്ചു’ എന്ന ഗാനവും മാരനെ കുറിച്ചുള്ള നായികയുടെ സങ്കൽപങ്ങളാണ്. നായിക മുസ്‍ലിം പെൺകുട്ടിയാണ്. മാരൻ വരുമ്പോഴുള്ള ഒരിടത്തരം മുസ്‍ലിം വീടിന്റെ ഒരുക്കങ്ങളും വധുവിന്റെ ചമയങ്ങളുമാണ് ഗാനത്തിന്റെ വരികളിൽ.
‘സുന്ദരനാണ് വരുന്നതെങ്കിൽ
സുറുമയിത്തിരി എഴുതേണം
കാപ്പു വേണം കാത്തള വേണം
കസവിൻ തട്ടം മേലിടണം
മാരനാണ് വരുന്നതെങ്കിൽ
മധുര പത്തിരി വെക്കേണം
മാവു വേണം വെണ്ണ വേണം
പൂവാലിപ്പശുവേ പാൽ തരണം…’
സാമുദായികവും ഗ്രാമീണവുമായ നാട്ടു ജീവിതച്ഛായകളുള്ള ഈ ഗാനവും നിത്യഹരിതമായി ആസ്വദിക്കപ്പെടുന്നു.
ഇഷ്ടമില്ലാത്ത വിവാഹത്തിലേക്ക് നിർബ്ബന്ധപൂർവ്വം തള്ളിവിടുന്ന സമുദായനീതികളോട് മൗനമായി പ്രതിഷേധിച്ച് കണ്ണും മനവും കലങ്ങിയിരിക്കുന്ന വധുവാണ് ദേവരാഗത്തിലേത്.
‘താഴമ്പൂ മുടിമുടിച്ച്
പതിനെട്ടുമുഴം ചേല ഞൊറിഞ്ഞുടുത്ത്
വെള്ളിചിറ്റണിഞ്ഞ് മൂക്കുത്തിയണിഞ്ഞ്
മകളൊരുങ്ങ് മനമകളൊരുങ്ങ്’
ഈ രംഗത്തിൽ തോഴികൾ എത്ര ഒരുക്കിയിട്ടും വധുവിന്റെ കണ്ണും കവിളും തിളങ്ങുന്നില്ല. ദുരഭിമാനക്കല്യാണത്തിന്റെ ഇരയാണവൾ. ശ്രീദേവിയാണ് രംഗത്ത്.
‘കണ്ണുതട്ടാതിരുന്നീടാൻ
കവിൾ പൂവിൽ
മഷി തേച്ചൊരുങ്ങ്
വരമഞ്ഞൾക്കുറി ചാർത്തിയൊരുങ്ങ്
വാസനപ്പൂ ചൂടിയൊരുങ്ങ്’
അവൾ ആഘോഷങ്ങളൊന്നും അറിയുന്നതേയില്ല.
ചെമ്മീനിലെ കറുത്തമ്മയുടെയും കാതിൽ തലേന്നത്തെ ആചാരപ്പാട്ടുകളും ഉപദേശവാക്കുകളും താക്കീതുകളും ഏൽക്കുന്നില്ല. സമുദായനീതികളോട് പൊരുത്തപ്പെടനാകാതെയെങ്കിലും അവളും വിവാഹത്തിനൊരുങ്ങുകയാണ്.
‘അരയൻ തോണിയിൽ പോയാല്
അവന് കാവല് നീയാണേ
നിന്നാണേ എന്നാണേ
കണവൻ അല്ലേലിക്കര കാണൂല്ല’
കടലിൽ പോകുന്ന മുക്കുവന്റെ ജീവൻ കരയിലിരിക്കുന്ന മുക്കുവത്തിയുടെ ചാരിത്ര്യത്തിലാണെന്ന, അരയന്മാരുടെയിലുണ്ടെന്നു പറയപ്പെടുന്ന വിശ്വാസത്തെ ഉറപ്പിക്കുന്നതാണീ പാട്ട്. അതൊന്നുമേ അവൾ കേൾക്കുന്നില്ല. നഷ്ടസ്വപ്നങ്ങളുടെ വിഷാദമാണാ മുഖത്തെ വിവർണ്ണമാക്കുന്നത്.
വിവാഹത്തിനുശേഷമുള്ള തരംഗലീലയിൽ ഈ വധുക്കളൊക്കെ തടശിലപോലെ നിലകൊണ്ടു.
പരിണയം എന്ന ചിത്രത്തിലെ ‘പാർവ്വണേന്ദു മുഖി പാർവ്വതി’ എന്ന ഗാനത്തിലും നായിക ആഹ്ലാദവതിയല്ല. യുവതീ- വൃദ്ധ വിവാഹത്തിന്റെ ഇരയായ ഒരു പെൺകുട്ടിയുടെ വേളീമുഹൂർത്തമാണ് രംഗത്ത്. കേരളത്തിലെ ഒരു പ്രത്യേക ചരിത്രസന്ദർഭമാണ് സിനിമയുടെ ഇതിവൃത്തം. അവൾ വിവാഹത്തോണിയിലിരിക്കുന്നത് നിർജ്ജീവമായ മുഖഭാവവുമായാണ്. എത്രയോ പെൺകുട്ടികൾ ഇന്നും ഇങ്ങനെ ജീവിച്ചിരിക്കുമ്പോൾ തന്നെ ചിതയിലേക്ക് തള്ളിയിടപ്പെടുന്നു.
കോവിലകത്തെ തമ്പുരാട്ടിക്കുട്ടിയായ താമരയെ തെയ്യം കലാകാരനായ കണ്ണൻ പെരുമലയൻ വിവാഹം കഴിച്ചു കൊണ്ടുപോകുന്നത് ഒരു കൊച്ചുകുടിലിലേക്കാണ്. എങ്കിലും അവന്റെ നാടും വീടും രാജകീയമായ ഒരു കുടിവെയ്പിന് ഒരുങ്ങുകയാണ്.
‘വേളിക്കു വെളുപ്പാൻകാലം
താലിക്കു കുരുത്തോല
കോടിക്കു കന്നിനിലാവ്
സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക്
മനം പോലെ മംഗല്യം’
ഒന്നിനും ഒരു കുറവുമില്ല സമൃദ്ധമായ പ്രകൃതി ഇങ്ങനെ കനിഞ്ഞനുഗ്രഹിച്ചു നിൽക്കുമ്പോൾ. പാട്ടിന്റെ തുടക്കം തന്നെ കല്യാണക്കുടിവെയ്പ് കാണാനെന്നവണ്ണം, ഓരോ കവുങ്ങും വളച്ചുവളച്ച് അടുത്ത കവുങ്ങിലേക്ക് നീങ്ങുന്ന ആൾക്കാരുടെ ദൃശ്യത്തിലാണ്. വടക്കൻ മലബാർ ഗ്രാമങ്ങളിലെ ഒരു സാധാരണ കാഴ്‌ച. ഇത് കൗതുകത്താൽ വിടർന്ന മുഖത്തോടെ കാണുന്ന താമര.
വിട്ടുപോന്ന വലിയ ജീവിതമോർത്ത് അവൾ ഒരിക്കലും കരയരുത്. അതിനാൽ ധൃതഗതിയിൽ ഒരുക്കങ്ങൾ നടക്കണം. തത്തമ്മയും അണ്ണാർക്കണ്ണനും കാക്കാലത്തുമ്പിയും വെളുത്തവാവും കുടിവെയ്പിനുള്ള തിടുക്കത്തിലാണ്.
‘നൂറുവെറ്റില നൂറുതേച്ചോ
വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ
മലയണ്ണാർക്കണ്ണാ
ഓലക്കുട കൈയ്യിലെടുത്തോ
വെളുത്തവാവേ..
ഏഴിമലയുടെ നാലുകെട്ടിൽ
കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ...
കാക്കാലത്തുമ്പീ…’
വണ്ണാത്തിപ്പുഴയോരത്തെ ഭഗവതിക്കാവിന്റെ പരിസരങ്ങളിൽ പച്ചടക്കയും പഴുക്കടക്കയും ചേർന്ന് പ്രകൃതി ഒരുക്കുന്ന മനോഹരക്കാഴ്ചയുണ്ട്. ക്ഷേത്രമുറ്റത്തെ ഈ അപൂർവ്വക്കാഴ്ചയാണ് കൈതപ്രം, ഗാനത്തിൽ ഇണക്കിച്ചേർത്തിരിക്കുന്നത്. കവുങ്ങിൻ തോപ്പിലൂടെ കണ്ണനും താമരയും നടന്നു വരുന്ന സന്ദർഭത്തിൽ പഴുക്കടക്കത്തൂണിന്റെ ചേരുവ എത്ര ഉചിതമാണ്.
യഥാർഥത്തിൽ അവളെ സ്വീകരിക്കാൻ ആ വീട്ടിൽ ഒരു വലിയമ്മ മാത്രമേയുള്ളു. പക്ഷേ സങ്കൽപ്പത്തിലോ? ആലവട്ടം വീശുന്ന പനയോല. കുത്തുവിളക്കിൽ തിരിയിടാനും കട്ടിലൊരുക്കാനും നാത്തൂനാരായി നന്നാറിപ്പൂവ്. അവളെ വലംകാൽ വെച്ച് കയറാൻ അനുഗമിക്കുന്നത്, പാണപ്പുഴയുടെ പനിനീർ തൂകിക്കൊണ്ട് വീരാളിക്കാറ്റാണ്. എത്ര സമൃദ്ധമാണ് ആ കുടിവെയ്പ്.
ഉത്തരകേരളത്തിൽ തീയരുടെ വീടുകളിൽ കല്ല്യാണത്തലേന്ന് തേങ്ങ അരയ്ക്കാൻ വരുന്ന പെണ്ണുങ്ങൾ അവരുടെ അരവുപാട്ടായി പാടിപ്പോന്നത് വടക്കൻപാട്ടുകളായിരുന്നുവത്രേ. വടക്കൻപാട്ടു സിനിമകളാകട്ടെ യഥാർഥ വടക്കൻ വീരചരിതങ്ങളെ കടുത്ത വർണ്ണങ്ങൾ ചേർത്ത് പൊലിപ്പിച്ചാണ് അവതരിപ്പിച്ചിരുന്നത്. വിവാഹത്തിന് അരയന്നക്കിളിച്ചുണ്ടൻ തോണിയിലും പുഷ്പകപ്പല്ലക്കിലുമെത്തുന്ന, ചേകവന്മാർ. മത്സരക്കളരിയിൽ പറന്നെത്തുന്ന വീരനായകന്മാരെ സ്വപ്നം കണ്ട്, അർഘ്യാപാദ്യാദികളുമായി അന്ത:പുരത്തിൽ കാത്തിരിക്കുന്ന നായികമാർ. അങ്ങനെയുള്ള ഒരു വിവാഹാഘോഷ ഗാനമാണ് ആരോമലുണ്ണിയിലെ
‘മറിമാൻ മിഴി മല്ലികത്തേൻമൊഴി
മനം പോലെ മംഗല്യം
പ്രിയതോഴി പ്രിയദർശിനി
നിൻ മനംപോലെ മംഗല്യം’
വയനാട്ടിലെ വാസനപ്പൂവുകളും വെരുകും പുഴു കളഭവും ശംഖുഞൊറിപ്പട്ടും തുളുനാട്ടിലെ തട്ടാൻ തീർത്ത പുലിയാമോതിരവും അണിവൈരക്കല്ലു പതിച്ച മണിക്കാതിലയുമൊക്കെ അണിഞ്ഞ് വധു ഒരുങ്ങുകയാണ്.
‘ചുളി നീർത്തിയ ചീനപ്പട്ടുകൾ
ശംഖുംഞൊറിവച്ചുടുക്കേണം
അരയാലിലവയറിനുതാഴെ
അരഞ്ഞാണം കിലുങ്ങേണം
പനിനീർക്കൊടി വെറ്റമുറുക്കി
പവിഴച്ചുണ്ടു ചുവക്കേണം
നവരാത്രിയിൽ മണവാളനു നീ
കവിളത്തൊരു കുറിയിടണം’
ഇങ്ങനെ കല്യാണസ്മരണയുടെ പാട്ടുകളെത്രയെത്ര…
‘പൊന്നുംനൂലിൽ പൂത്താലിയും
കോർത്തു തന്നൂ
കന്നിപ്പട്ടിൽ മണിത്തൊങ്ങലും
ചാർത്തിത്തന്നൂ
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല
കലപില പാടും
താഴത്തോ…’
പട്ടിന്റെയും പൊന്നിന്റെയും പളപളപ്പില്ലെങ്കിലും സ്വന്തം വിവാഹമണ്ഡപത്തിലേക്ക്, സ്വർഗ്ഗങ്ങൾ സ്വപ്നം കാണുന്ന ദിവ്യമുഹൂർത്തത്തിലേക്ക്, എത്രയെത്ര ഇമേജറികളിലൂടെ ഈ പാട്ടുകൾ കടത്തിക്കൊണ്ടുപോകുന്നു. ജീവിതം അത്രക്കൊന്നും അഴകാർന്നതായിരുന്നില്ലായിരിക്കാം. പക്ഷേ പാട്ടുകളിലെ കല്യാണപ്പൂപ്പന്തൽ പകരുന്നത് സ്വർഗ്ഗീയാനുഭൂതി തന്നെയാണ്.