ഏതു നാട്ടിലാണോ,
കഥ എന്നു നടന്നതാണോ…

കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടർന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകൾ പകരുന്ന ഊർജ്ജം ഗാനങ്ങളിൽ മനോഹാരിതയോടെ നിലനിർത്തപ്പെടുന്നുണ്ട്. പാട്ടിൽ കഥ, കഥയിൽ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം, പടംപാട്ടുകൾ.

പടംപാട്ടുകൾ- ഏഴ്

മ്മാച്ചു എന്ന ചിത്രത്തിലെ ‘കൽപ്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകീ നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി
എന്റെ ഖബറടക്കി’
എന്ന പാട്ട് കേട്ട ഉറൂബ് പറഞ്ഞതിങ്ങനെ:
‘പി. ഭാസ്കരന്റെ ഈ പാട്ട് കേട്ടു കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഞാൻ ഉമ്മാച്ചു എന്ന നോവൽ എഴുതേണ്ടിവരില്ലായിരുന്നു’.
തന്റെ നോവലിന്റെ സത്ത മുഴുവൻ ഭാസ്കരൻ രണ്ടു വരിയിലൊതുക്കിവെച്ചതിനുള്ള അഭിനന്ദനവും അംഗീകാരവും ആയിരുന്നു അത്.

പാട്ടിൽ കഥ, കഥയിൽ പാട്ട് ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എഴുതുന്നത്.

ഉമ്മാച്ചു എന്ന സിനിമയിൽ മധു
ഉമ്മാച്ചു എന്ന സിനിമയിൽ മധു

പഴമ്പാട്ടുകളുടെയും പഴങ്കഥകളുടെയും ഒരു വലിയ സംഭരണി കൂടിയാണ് ചലച്ചിത്രഗാനങ്ങൾ. വടക്കൻപാട്ടു കഥകളും തെക്കൻപാട്ടുകഥകളും മാവേലിക്കഥയും ഒക്കെ പാട്ടുരൂപത്തിലാണല്ലോ പ്രചരിച്ചത്. പാടിപ്പാടിയാണ് പല കഥകളും തലമുറകളിൽനിന്ന് തലമുറകളിലേക്ക് സഞ്ചരിച്ചത്. കഥകഥപ്പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും കാവേരിപ്പുഴയിൽ കുളിക്കാൻ പോയതും കൈ കാലിട്ടടിച്ചു മുങ്ങി വലിയ കുത്തൊഴുക്കിലേക്ക് കഥകഥപ്പൈങ്കിളി ഒലിച്ചുപോയതും കാലിൽ രണ്ടു മിന്നും തളയുമായി തിരിച്ച് നീന്തിയെത്തിയെന്നുമാണല്ലോ പി. ഭാസ്കരൻ എഴുതിയത്. കഥ, ഏതു കുത്തൊഴുക്കിനെയും അതിജീവിക്കുമെന്നു മാത്രമല്ല, മിന്നിത്തിളങ്ങി തിരിച്ചെത്തുകയും ചെയ്യും.

എന്നോ എവിടെയോ നടന്നതെന്ന മട്ടിൽ പ്രചരിച്ച പഴങ്കഥകൾ പല പാട്ടുകളിലൂടെ ഓർമ്മ നിവർത്തുന്നു. എല്ലാക്കാലത്തും നിലനിൽക്കുന്ന കഥകളായി പാട്ട് മാറുന്നു. ഓരോ പാട്ടിനും ഒരു സാമൂഹ്യാവസ്ഥയുണ്ട്, ഭൂമിശാസ്ത്രമുണ്ട്, ചരിത്രവുമുണ്ട്.

നാട്ടുതനിമയുടെ പാരമ്പര്യം സംരക്ഷിച്ചു നിലനിർത്തിയ കഥകൾ, ഗുണപാഠകഥകൾ, സാരോപദേശ കഥകൾ, പ്രണയത്തിന്റെയും പകയുടെയും വഞ്ചനയുടെയും കഥകൾ, പാരിസ്ഥിതിക കഥകൾ എല്ലാം ചലച്ചിത്രഗാന ശാഖയെയും പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. എന്നോ എവിടെയോ നടന്നതെന്ന മട്ടിൽ പ്രചരിച്ച പഴങ്കഥകൾ പല പാട്ടുകളിലൂടെ ഓർമ്മ നിവർത്തുന്നു. എല്ലാക്കാലത്തും നിലനിൽക്കുന്ന കഥകളായി പാട്ട് മാറുന്നു. ഓരോ പാട്ടിനും ഒരു സാമൂഹ്യാവസ്ഥയുണ്ട്, ഭൂമിശാസ്ത്രമുണ്ട്, ചരിത്രവുമുണ്ട്. ചില പാട്ടുകൾ കവികളുടെ ഭാവനയാകാം. എന്നാൽ പോലും അവയിലെ ഇന്ദ്രിയ സംവേദനങ്ങൾക്ക് ചില മിത്തുകളുമായി ബന്ധമുണ്ട്.

വാഴ്‌വേമായത്തിലെ മനോഹരഗാനമാണ്, ‘ഭഗവാനൊരു കുറവനായി
ശ്രീപാർവ്വതികുറത്തിയായി’

കിരാതം കഥയിൽ അർജ്ജുനന്റെ അഹങ്കാരം ശമിപ്പിക്കാൻ ശിവനും പാർവ്വതിയും, കാട്ടാളനും കാട്ടാളത്തിയുമായി വേഷം മാറുന്നുണ്ട്. ദേശാടനത്തിനിറങ്ങുന്ന കുറവനും കുറത്തിയും കാക്കാരിശ്ശി നാടകത്തിലും കുറത്തിയാട്ടത്തിലും ഒക്കെ കണ്ടിട്ടുണ്ട്. ഇവിടെ അവർ വേഷം മാറി തീർഥാടനത്തിനു പോവുകയാണ്. തീർഥാടനവും ദേശാടനവും ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്ര തന്നെയാണ്. ലൗകികതയിൽ നിന്ന് ദൈവികതയിലേക്കെത്തുന്ന തരത്തിൽ പ്രാദേശികതകളിൽ നിന്ന് ലോകസത്യങ്ങളിലേക്ക് അവർ സഞ്ചരിക്കുന്നു. അതൊരു സ്വാഭാവികമായ സംക്രമണമാണ്.

വാഴ്‌വേമായം എന്ന സിനിമയിൽ സത്യൻ
വാഴ്‌വേമായം എന്ന സിനിമയിൽ സത്യൻ

ആദ്യം,

‘കാശ്മീരിലെ പൂവുകൾ കണ്ടൂ
കന്യാകുമാരിയിൽ കാറ്റു കൊണ്ടൂ
നാടുകൾ കണ്ടൂ നഗരങ്ങൾ കണ്ടൂ
നന്മയും തിന്മയും അവർ കണ്ടൂ’

കുറത്തിയാട്ടത്തിന്റെ ആ ഫോക് പിച്ചിന് ഇണങ്ങുന്ന ഏകശബ്ദം മലയാളത്തിൽ പി. ലീലയുടേതാണെന്ന് തോന്നിപ്പോകും, ഈ പാട്ടുകേൾക്കുമ്പോൾ.

‘ആശ്രമങ്ങൾ കണ്ടൂ
അമ്പലങ്ങൾ കണ്ടൂ
പണക്കാർ പണിയിച്ച
പൂജാമുറികളിൽ
പാല്പായസമുണ്ടു - അവർ
പലപല വരം കൊടുത്തൂ’

ഇവിടെയാണ് സിനിമയുടെ ഇതിവൃത്തവുമായി ഗാനം ഇണങ്ങി നിൽക്കുന്നത്. ജീവിതത്തിലൊന്നും ആശിക്കാനില്ലാതിരുന്നിട്ടും നിരാശയാകാതെ, പാട്ടും കഥയും പറഞ്ഞ് നിത്യരോഗിയായ ഭർത്താവിനെ ഉറക്കുന്ന ദരിദ്രയായ ഒരു സ്ത്രീയുടെ ദയനീയജീവിതം പ്രധാന കഥക്ക് സമാന്തരമായി ഈ ചിത്രത്തിലുണ്ട്. കെ.പി.എ.സി ലളിതയാണ് ആ പാട്ടുരംഗത്ത്.

‘കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായ് ഞങ്ങൾ കാത്തുനിന്നു
പാവങ്ങൾ ഞങ്ങൾ പ്രാർഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല’

തിരിച്ചറിവിന്റെ തിരിയിലാണ് പാട്ട് തെളിയുന്നത്. മനുഷ്യമുഖഛായകളുടെ പലതരം പകർന്നാട്ടങ്ങളാണല്ലോ വാഴ് വേമായമെന്ന സിനിമയിലും.

ജീവിതത്തിലൊന്നും ആശിക്കാനില്ലാതിരുന്നിട്ടും നിരാശയാകാതെ, പാട്ടും കഥയും പറഞ്ഞ് നിത്യരോഗിയായ  ഭർത്താവിനെ ഉറക്കുന്ന ദരിദ്രയായ ഒരു സ്ത്രീയുടെ ദയനീയജീവിതം പ്രധാന കഥക്ക് സമാന്തരമായി ‘ വാഴ്‌വേമായം എന്ന ചിത്രത്തിലുണ്ട്. കെ.പി.എ.സി ലളിതയാണ് ആ പാട്ടുരംഗത്ത്. (വയലാർ, ദേവരാജൻ, പി. ലീല)
ജീവിതത്തിലൊന്നും ആശിക്കാനില്ലാതിരുന്നിട്ടും നിരാശയാകാതെ, പാട്ടും കഥയും പറഞ്ഞ് നിത്യരോഗിയായ ഭർത്താവിനെ ഉറക്കുന്ന ദരിദ്രയായ ഒരു സ്ത്രീയുടെ ദയനീയജീവിതം പ്രധാന കഥക്ക് സമാന്തരമായി ‘ വാഴ്‌വേമായം എന്ന ചിത്രത്തിലുണ്ട്. കെ.പി.എ.സി ലളിതയാണ് ആ പാട്ടുരംഗത്ത്. (വയലാർ, ദേവരാജൻ, പി. ലീല)

പരമശിവന്റെയും ശ്രീ പാർവ്വതിയുടെയും കഥ പിന്നെയും ഒട്ടനവധി ഗാനങ്ങളിൽ കഥാരൂപത്തിൽ കടന്നു വരുന്നുണ്ട്. അതിൽ വ്യത്യസ്തതയുള്ള ഒരു പാട്ടാണ്,

‘തിരുവേഗപ്പുറയുള്ള ഭഗവാൻ ഒരു നാൾ ഗൗരിയെന്നൊരുത്തിയെ കിനാവു കണ്ടു’

പി. ഭാസ്കരനും കെ. രാഘവനും എസ്. ജാനകിയും ചേർന്നുള്ള മനോഹരഗാനം. തിരുവേഗപ്പുറ ശിവക്ഷേത്രം പാലക്കാടുള്ള ഒരുൾഗ്രാമത്തിലാണ്.

‘മകയിരപ്പൂനിലാവിൽ ദശപുഷ്പങ്ങളും ചൂടി, മാങ്കൊമ്പിൽ പൊന്നൂഞ്ഞാലാടിയാടി’

ശ്രീപാർവ്വതിക്കു പകരം മാങ്കൊമ്പിലൂഞ്ഞാലാടുന്ന ഗൗരി എന്നൊരുത്തിയെ, സങ്കൽപിക്കാൻ പി. ഭാസ്കരനല്ലാതെ മറ്റാർക്ക് കഴിയും? ഗൗരിയുടെ ഊഞ്ഞാലാട്ടം കണ്ടിരിക്കുന്ന ഭഗവാൻ കാമവിവശനാകുന്നു. ഒരു കുസൃതി തോന്നി പിന്നിൽ നിന്നുചെന്ന് കണ്ണുപൊത്തുകയാണ്. ഭഗവതിയാകട്ടെ തിരുനോമ്പിലങ്ങനെ മനമൂന്നിയിരിക്കുന്നു.

‘പുറകീന്നു മിഴിപൊത്തി
പുരഹരനപ്പോൾ
-ദേവിയുടെ വരമഞ്ഞൾക്കുറിയാകെ‍
മാഞ്ഞുപോയി’

കാമുകീകാമുകന്മാരുടെ കുസൃതി, പ്രണയത്തിന്റെ ഐതിഹാസിക മിത്തായ പാർവ്വതീപരമേശ്വരന്മാരിലൂടെ എത്ര ഗ്രാമീണശോഭയോടെ പി. ഭാസ്കരൻ ആവിഷ്കരിച്ചു.

‘ഭഗവതി പിണങ്ങിപ്പോയ് ഭഗവാനോ കുഴങ്ങിപ്പോയ്, ഉണർന്നപ്പോൾ കിനാവാണെന്നറിഞ്ഞു ശംഭു’

ഇത്ര മനോഹരമായ ഒരു കിനാവ് സ്വപ്നങ്ങളിൽ മാത്രം.

ഈശ്വരനായാലും ക്ഷണിക്കാത്ത വിരുന്നിനു പോകരുത്. ഒരിക്കൽ ക്ഷണിക്കാത്ത വിരുന്നിനു രാജകൊട്ടാരത്തിൽ പോയ ദൈവത്തിന്റെ അനുഭവമാണ് ലങ്കാദഹനം എന്ന ചിത്രത്തിലെ ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി രാജകൊട്ടാരത്തിൽ വിളിക്കാതെ’ എന്ന പ്രസിദ്ധഗാനത്തിൽ പറയുന്നത്. പ്രത്യക്ഷാർഥത്തിൽ ലളിതമായ ഒരു കഥ പറയുന്നതായി തോന്നാം. ‘ബ്രഹ്മസത്യം ജഗന്മിഥ്യ’ എന്ന പരമാർഥദർശനത്തിന്റെ ഒരു ലളിതവ്യാഖ്യാനമാണ് ഈ ഗാനം. അലങ്കരിച്ച തന്റെ വിഗ്രഹം അവിടെ പൂജിക്കപ്പെടുന്നുണ്ട്. എന്നാൽ മനുഷ്യാകാരത്തിൽ എത്തിയ യഥാർഥ ദൈവത്തെ ആരും കാണുന്നില്ല, മനസ്സിലാക്കുന്നുമില്ല. അന്വേഷിക്കുന്നവരുടെ ഹൃദയധമനിയേക്കാൾ അടുത്ത് അയാൾ നിൽക്കുന്നുണ്ട്. അജ്ഞാനം കൊണ്ട് കണ്ണു മഞ്ഞളിച്ചവർക്ക് അത് കാണാനാകുന്നില്ല.

‘ഒരു പിടിച്ചോറിനായ് യാചിച്ചു ദൈവം
ചിരികൾ മുഴങ്ങി സദസ്സിൽ
ഒരു കാവൽക്കാരൻ വാളോങ്ങിനിന്നു
ചിരിച്ചൂ, പിൻവാങ്ങീ, ഭഗവാൻ’

പരമാർഥദർശനം സാധ്യമാകാതെ, എണ്ണമറ്റ രൂപങ്ങളെ കണ്ട് അവയോട് പ്രതികരിച്ച് വ്യവഹാരം ചെയ്തു ജീവിക്കുന്ന ജീവിതങ്ങളെയാണ് പാട്ടിൽ വിവരിക്കുന്നത്. ലോകത്തിന്റെ ഓരോ അണുവിലും കലർന്നിരിക്കുന്ന ചൈതന്യത്തെ മാത്രം ആരും കാണുന്നില്ല.

ലങ്കാദഹനം എന്ന സിനിമയിൽ ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി രാജകൊട്ടാരത്തിൽ വിളിക്കാതെ’  എന്ന ഗാനരംഗത്തിൽ പ്രേംനസീർ. (ശ്രീകുമാരൻ തമ്പി, എം.എസ്. വിശ്വനാഥൻ, യേശുദാസ്)
ലങ്കാദഹനം എന്ന സിനിമയിൽ ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി രാജകൊട്ടാരത്തിൽ വിളിക്കാതെ’ എന്ന ഗാനരംഗത്തിൽ പ്രേംനസീർ. (ശ്രീകുമാരൻ തമ്പി, എം.എസ്. വിശ്വനാഥൻ, യേശുദാസ്)

മഹാമോഹത്തിനടിപ്പെട്ട ഒരു ഗായകൻ പരമാർഥദർശനത്തിലൂടെ മുക്തനാകുന്ന കഥയാണ് ആഭിജാത്യം എന്ന ചിത്രത്തിലെ മനോഹര ഗാനമായത്.

‘ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ
പണ്ടൊരിക്കലൊരാട്ടിടയൻ തപസ്സിരുന്നു
വിണ്ണിൽനിന്ന് വന്നിറങ്ങിയ ഭഗവാനപ്പോൾ
ഒരു ചന്ദനത്തിൻ മണിവീണ അവനു നൽകി’
ഭഗവാൻ തന്ന ചന്ദനവീണയിൽ പാടിപ്പാടി മതിമറന്ന ഗന്ധർവ്വഗായകൻ ഭൂമിദേവിയെ മറന്നതും ഭൂമി പാഴ് മരുവായ് മാറിയതുമാണ് കഥ.

‘ആ മധുരസംഗീതത്തിൻ ലഹരിയാലേ സ്വന്തം ഭൂമിദേവിയെപ്പാവം മറന്നുപോയീ’

സമ്പന്ന കുടുംബത്തിൽ നിന്ന് തന്നോടൊപ്പം ഇറങ്ങിപ്പോന്ന് കഷ്ടപ്പാടനുഭവിക്കുന്ന ഭാര്യയെ ചേർത്തുപിടിച്ചാണ് ഈ വരികൾ പാടുന്നത്. ഒടുവിൽ പരമാർഥബോധം സിദ്ധിച്ചപ്പോൾ,

‘കാത്തു നിൽക്കും വയലിൽ തൻ കലപ്പയുമായ് തന്റെ വേർപ്പു കൊണ്ട് വിതയ്ക്കുവാനവനിറങ്ങി
എന്നുമെന്നും സമൃദ്ധിതൻ
പൊൻമണികൾ വിളയിക്കാൻ
മണ്ണിതിന്റെ മകനായ് അവനിറങ്ങി’

പൊള്ളയായ ആഭിജാത്യമഹിമകളെ വലിച്ചെറിയുവാനുള്ള ഉജ്ജ്വലമായ ഒരാഹ്വാനം പാട്ടിന്റെ വരികളിൽ ലയിച്ചുകിടക്കുന്നുണ്ട്. ഒരു യഥാർഥ കലാകാരന്റെ സ്വത്വവും സഹജാവബോധവും തന്നിലും തന്റെ കലയിലും തന്റെ ജീവിതത്തിലും മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത് പ്രകൃതിയിലും പരിസ്ഥിതിയിലും ഭൂമിയിലും ആകാശത്തിലും ജീവജാലങ്ങളിലും അർഥങ്ങളന്വേഷിച്ചു കൊണ്ടിരിക്കുമെന്നതിന് ഉദാഹരണമായി പി.ഭാസ്കരനെഴുതിയ ഈ ഗാനത്തെ തിരഞ്ഞെടുക്കാനാകും.

ഒരരയന്നത്തിന്റെ കഥയാണ് അടുത്തത്.

‘അണിയം മണിയം പൊയ്കയിൽ പണ്ടൊരരയന്നമുണ്ടായിരുന്നു
അവൾ ഉദയം മുതൽ അസ്തമയം വരെ
ഉർവ്വശി ചമയുകയായിരുന്നു’

അണിയം എന്നതിന് ശബ്ദതാരാവലി പറയുന്ന അർഥം വഞ്ചിയുടെ തുഞ്ചം, അണിയൽ, അണിഞ്ഞൊരുങ്ങൽ എന്നൊക്കെയാണ്. എനിക്കു പക്ഷേ കേട്ടു തുടങ്ങിയ കാലം മുതൽ ഈ പദത്തിന് മറ്റൊരർഥമുണ്ട്. ആ മറ്റേയർഥം സുശീലയുടെ അനുനാസിക ശൃംഗാരത്തിൽ കേട്ടാൽ മാത്രം അനുഭവിക്കാനാകുന്ന ഒന്നാണ്.
‘അണിയം മണിയം പൊയ്ക’... ആഹാ, അവിടെയാണ് അരയന്നം ഉദയം മുതൽ അസ്തമയം വരെ ഉർവ്വശി ചമയുന്നത്. ‘ഉർവ്വശി ചമയുന്നു’ എന്നത് ഒരുങ്ങിനടക്കുന്ന സ്ത്രീകളെ പരിഹസിക്കാനുപയോഗിക്കുന്ന പ്രയോഗമാണ്. ഇവൾക്കു പക്ഷേ ഒരു കൂസലുമില്ല. കണ്ടതു കണ്ടതു കടം വാങ്ങിയും അതെല്ലാമണിഞ്ഞുമുള്ള ഒരു ആഘോഷമാണവളുടെ ജീവിതം.

പതിവായി രാവിലെ നടക്കാനിറങ്ങുമ്പോൾ റോഡരികിൽനിന്ന് എനിക്ക് ഒരു ഗന്ധരാജൻപൂവ് കിട്ടാറുണ്ട്. ഞാനത് ഇറുത്തെടുത്ത് ഉയർത്തിക്കെട്ടിയ മുടിയിൽ, ചെവിക്കു പിന്നിലായി അണിയും. വല്ലാത്ത മദഗന്ധമാണതിന്. അത് ചൂടി നടക്കുമ്പോൾ എനിക്ക് സൗന്ദര്യം അൽപം കൂടിയെന്ന് ഒരു വിശ്വാസമാണ്.

ഈ പാട്ട് എന്നെ ഇത്രക്ക് ആകർഷിക്കാനും കാരണമുണ്ട്. പതിവായി രാവിലെ നടക്കാനിറങ്ങുമ്പോൾ റോഡരികിൽനിന്ന് എനിക്ക് ഒരു ഗന്ധരാജൻപൂവ് കിട്ടാറുണ്ട്. ഞാനത് ഇറുത്തെടുത്ത് ഉയർത്തിക്കെട്ടിയ മുടിയിൽ, ചെവിക്കു പിന്നിലായി അണിയും. വല്ലാത്ത മദഗന്ധമാണതിന്. അത് ചൂടി നടക്കുമ്പോൾ എനിക്ക് സൗന്ദര്യം അൽപം കൂടിയെന്ന് ഒരു വിശ്വാസമാണ്. പിന്നിൽ നടക്കുന്നവർ ഈ പൂവ് എന്റെ പിൻകഴുത്തിനു മുകളിലായി കാണുമെന്നും, ഇവളേതൊരു കമനി എന്ന മട്ടിൽ അവർ എന്നെ നോക്കുമെന്നും ഞാൻ വെറുതെ സങ്കൽപിക്കും. ആരെങ്കിലും കാണാനുണ്ടെങ്കിലല്ലാതെ അണിയലിനൊരു ഉഷാറില്ല. അപ്പോൾ ഞാൻ ഇങ്ങനെ മൂളും.

‘അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ
അവളൊരു മയിലിനെക്കണ്ടു
നിറമയിൽപ്പീലികൾ കണ്ടു.
ഇരുമണിക്കച്ചകൾ കണ്ടു
നിറുകയിൽ പൂമ്പൊടി കണ്ടു
അന്നാ മയിലിൻ വർണ്ണച്ചിറകുകൾ
അവൾ ചെന്നു കടം മേടിച്ചു’

പിന്നീടവൾ കാണുന്നത് ഒരു മാനിനെയാണ്. അഗ്നിമുടിക്കുന്നിൽ വിളക്കിനുപോയ നാളിൽ. അല്ലിമലർക്കാവും അഗ്നിമുടിക്കുന്നും പാട്ടിലല്ലാതെ ഞാൻ കണ്ടിട്ടില്ല. കേട്ടിട്ടുമില്ല. പക്ഷേ കൂത്തും വിളക്കും കാണാൻ പോകാൻ ഇവിടമൊക്കെ തിരഞ്ഞെടുക്കുന്നവളെ എനിക്കു പരിചയമുണ്ടല്ലോ.

പണിതീരാത്ത വീട് എന്ന സിനിമയിലെ അണിയം മണിയം പൊയ്കയിൽ എന്ന ഗാനരംഗം. (വയലാർ, എം.എസ്.വിശ്വനാഥൻ, പി. സുശീല)
പണിതീരാത്ത വീട് എന്ന സിനിമയിലെ അണിയം മണിയം പൊയ്കയിൽ എന്ന ഗാനരംഗം. (വയലാർ, എം.എസ്.വിശ്വനാഥൻ, പി. സുശീല)

‘കലയുള്ള കൊമ്പുകൾ കണ്ടൂ
കടമിഴിക്കോണുകൾ കണ്ടൂ
കതിരിട്ട സ്വപ്നങ്ങൾ കണ്ടൂ’

മഴവില്ലിന്റെ പൂങ്കുടക്കീഴെ കടം വാങ്ങിയ മയിലിന്റെ പീലികൾ ചൂടി, കടം വാങ്ങിയ മാനിന്റെ കണ്ണുകളണിഞ്ഞ് അവൾ മതിമറന്ന് നൃത്തം ചെയ്യുകയാണ്. ആ വഴി വന്നവർ അവളുടെ വികൃതികൾ കണ്ടു. അവരതു കണ്ട് നാണിച്ചു. അരയന്നവും നാണിച്ചു. വിലക്കുകൾക്കിടയിൽ ജീവിച്ചുമടുത്തപ്പോൾ അണിഞ്ഞൊരുങ്ങാനും ആളെയാകർഷിക്കാനും എനിക്ക് ധൈര്യം തന്ന പാട്ടാണിത്.

മാനും മയിലും ഇനിയും ധാരാളം കഥാഗാനങ്ങൾക്ക് വിഷയമായിട്ടുണ്ട്. വിവാഹിത എന്ന ചിത്രത്തിലെ പ്രസിദ്ധ ഗാനമാണ്,

‘പച്ചമലയിൽ പവിഴമലയിൽ
പട്ടുടുത്ത താഴ് വരയിൽ
കണ്ടുമുട്ടി പണ്ടൊരിക്കൽ ‍
രണ്ടു കൃഷ്ണമൃഗങ്ങൾ’

കാളിദാസന്റെ മാൻ, വയലാറിനെ എന്നും പ്രചോദിപ്പിച്ചിട്ടുള്ള ഒരു പ്രണയപ്രതീകമാണ്. ശാകുന്തളത്തിലെ, ‘കാന്തന്റെ മെയ് ചാരി, ക്കൊമ്പിലിടതുകണ്ണുരസുന്ന മാൻപേട’ തന്നെയാണ് ഈ പാട്ടിലും. പരസ്പരവിശ്വാസത്തിന്റെ പ്രണയ പ്രഖ്യാപനമാണവർ നടത്തുന്നത്.

‘ഇണയുടെ കണ്ണിൽ കൊമ്പുകളാൽ പ്രിയൻ
ഇളനീർ കുഴമ്പെഴുതിച്ചു’.
കൂർത്തുമൂർത്ത ശാഖോപശാഖകളോടു കൂടിയ കൊമ്പിന്റെ അഗ്രം കൊണ്ടാണ് കലമാൻ, പേടമാനിന്റെ പേലവമായ കണ്ണിൽ ഉരസുന്നത്.
‘നീലക്കറുകമ്പൂ ചൂടിച്ചു
വേളിയും നിശ്ചയിച്ചു’

സ്വയം മറന്ന് ഒന്നാകുകയും പുഴയുടെ കരയിലും വെള്ളമണൽ പുറങ്ങളിലും സ്വപ്നം കണ്ടുമയങ്ങിയുണരുകയും ചെയ്യുന്നുണ്ട് ഇണകൾ. ശാകുന്തളത്തിലെന്നതുപോലെ, ഒടുവിൽ വേർപിരിയാനുള്ള വിധിയെ നായിക സ്വീകരിക്കുകയാണ്.

‘ഏഴ് ചിറകുള്ള തേര്...
ഏഴു നിറമുള്ള തേര് …
മാനത്തുണ്ടൊരു തേര്
തേരിന് മഴവില്ലെന്നാണ് പേര്...’

അക്ബർ ചക്രവർത്തിയുടെ മകനായ ജഹാംഗീർ അഥവാ സലിം എന്ന രാജകുമാരന്റെ പ്രണയഭാജനമായിരുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. തെരുവിൽനിന്ന് രാജകുമാരൻ കണ്ടെത്തിയ അനാർക്കലിയുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

‘പള്ളിത്തേരു തെളിച്ചും കൊണ്ടേ
പണ്ടൊരു ബാദുഷ വന്നൂ
തെരുവിൽ നിന്നൊരു നൃത്തക്കാരിയെ
തേരിലെടുത്തു പറന്നൂ‍’

സലിം രാജകുമാരന് അവളെ നഷ്ടപ്പെടുന്നു. പ്രണയിച്ച തെറ്റിന് അവൾ മാത്രം രാജശിക്ഷക്ക് പാത്രമാകുന്നു. അവളെ പിന്നീടാരും കണ്ടിട്ടില്ല. പക്ഷേ.

‘മാനത്തേ താരകളവളുടെ
മണിച്ചിലമ്പിൻ മുത്തല്ലേ
മാനത്തേ പൊന്മുകിലവളുടെ
മാറിൽ കിടന്നൊരു പട്ടല്ലേ’.

ചരിത്രത്തിലെ ദുരഭിമാനക്കൊലയുടെ ഇരയായ ആ പെൺകുട്ടി, പ്രണയ സങ്കൽപചക്രവാളത്തിലെ മാരിവില്ലാകുന്നു.

മറ്റൊരു പ്രിയപ്പെട്ട കഥാഗാനമാണ്,
‘പഞ്ചതന്ത്രം കഥയിലെ
പഞ്ചവർണ്ണക്കുടിലിലെ
മാണിക്യപ്പൈങ്കിളി
മാനം പറക്കുന്ന വാനമ്പാടിയെ
സ്നേഹിച്ചു’

കാളിദാസനും വ്യാസനും മാത്രമല്ല, സോളമനും യറുശലേമും മറ്റു ബിബ്ലിക്കൻ കൽപനകളും സന്ദർഭാനുസരണം വയലാർ ഉപയോഗിക്കാറുണ്ട്. മാലാഖമാരും മന്ത്രകോടിയും മനസ്സമ്മതവും ഷാരോണും എല്ലാം വയലാർ, ഗാനങ്ങളിൽ ധാരാളമായി ഉപയോഗിച്ചു. മധ്യകേരളത്തിലെ ക്രിസ്തീയ പശ്ചാത്തലത്തിലുള്ള നദി എന്ന ചിത്രത്തിലേതാണ് ഗാനം. സോളമന്റെ ദിവ്യഗാനമാണ് നായിക അകലെ നിന്ന് കേൾക്കുന്നത്.

‘അകലെ മണൽപ്പുറത്തവൻ പാടി
അവളുടെ മൌനമതേറ്റു പാടി
ഒരു ദിവ്യഗാനത്തിലനുരക്തയായ്ത്തീർന്ന യെരുശലേം പുത്രിയെ പോലെ’

നായികാനായകന്മാരുടെ രഹസ്യപ്രണയവും അത് നാട്ടുമ്പുറത്താകെ പാട്ടാകുന്നതും മനസ്സമ്മതത്തിനായുള്ള അവളുടെ കാത്തിരിപ്പുമാണ് ഒടുവിലെ ചരണത്തിൽ. സോളമന്റെ പരിശുദ്ധ പ്രണയം നേടിയ യറുശലേം കന്യകയെ പോലെ, ഓരോ കിനാവിലും മാലാഖമാർ വന്നു പ്രണയത്തിന്റെ ശോശന്ന പുഷ്പങ്ങൾ അവളെ ചൂടിക്കുന്നു.

അരനാഴികനേരത്തിലെ ഗാനമാണ്
‘ദൈവപുത്രനു വീഥിയൊരുക്കുവാൻ
സ്നാപക യോഹന്നാൻ വന്നു ആയിരമായിരമാലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചു’

സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വത്തിന്റെ കഥക്കൊപ്പം സ്ത്രീകുലത്തിനൊന്നാകെ ശാപം വാങ്ങിക്കൊടുത്ത ശലോമിയെന്ന നർത്തകിയുടെ കഥ കൂടിച്ചേരുന്നു. തന്റെ നൃത്തത്തിൽ സന്തോഷവാനായ ഹേറോദോസിനോട് അമ്മ ഹേറോദിയക്ക് വേണ്ടി സലോമി സ്നാപകയോഹന്നാന്റെ ശിരസ് ഒരു വെള്ളിത്തളികയിൽ വേണം എന്ന് ആവശ്യപ്പെടുന്ന ഭാഗം ബൈബിളിലുണ്ട്.

‘ഹെരോദിയാസിന്റെ അന്തഃപ്പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ ഓ... ഓ....

അന്നു സലോമിയെ ദൈവം ശപിച്ചൂ
കണ്ണിൽ കനലുകളോടെ
നിത്യദുഃഖത്തിന്റെ മുൾക്കിരീടങ്ങളെ
നിങ്ങൾക്കണിയുവാൻ കിട്ടൂ എന്നും
നിങ്ങൾക്കണിയുവാൻ കിട്ടൂ’

യാത്ര എന്ന ചലച്ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ വരുന്ന പാട്ടാണ്
‘തന്നന്നം താനന്നം താളത്തിലാടി മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി’
സിനിമയുടെ ഇതിവൃത്തവും പശ്ചാത്തലവുമായി ഏറെ ഇണങ്ങിനിൽക്കുന്ന ഒരു പ്രണയകഥ തന്നെയാണ് ഈ പാട്ടിന്റെയും പ്രമേയം.

‘ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങൾ പൂവിടും നാൾ
കൂടൊന്നു കൂട്ടാൻ നാരുകൾ തേടി
ആൺകിളിയെങ്ങോ പോയി
ദൂരേ ദൂരേ
പെൺകിളി കാത്തിരുന്നു’



സിനിമയിലെ വികാരനിർഭരമായ അവസാന രംഗത്തിന് ഈ ഗാനം നൽകുന്ന പ്രതീക്ഷയും പിരിമുറുക്കവും ചിത്രം കണ്ടവർ മറക്കാനിടയില്ല.

വടക്കൻപാട്ടു വീരകഥകൾ അനേകം കഥാഗാനങ്ങളിലായി പടർന്നുകിടക്കുന്നുണ്ട്. ഓരോ സിനിമയിലും ഉണ്ടാകും ചരിത്രകഥ പാടി നടക്കുന്ന ഒരു പാണൻ. അനുരാഗകഥകളെ കവചങ്ങളണിയിച്ച ഇതിഹാസ സമ്പത്തിന്റെ വീരഗാഥകൾ.
അങ്കത്തട്ട് എന്ന ചിത്രത്തിലെ,
‘അങ്കത്തട്ടുകളുയർന്ന നാട്
ആരോമൽ ചേകവർ വളർന്ന നാട്
പടവാൾ മുന കൊണ്ട്
മലയാളത്തിന് തൊടുകുറി ചാർത്തിയ കടത്തനാട്’ എന്ന ഗാനനൃത്തരംഗത്തിൽ പാലാട്ടു കോമൻ, തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയവരുടെയെല്ലാം കഥകൾ ചേർത്തു വെച്ചിരിക്കുന്നു.

അങ്കത്തട്ട് എന്ന ചിത്രത്തിലെ ‘അങ്കത്തട്ടുകളുയർന്ന നാട് ആരോമൽ ചേകവർ വളർന്ന നാട് ' എന്ന ഗാനരംഗത്തിൽ നിന്ന്. (വയലാർ, ജി. ദേവരാജൻ, അയിരൂർ സദാശിവൻ, മാധുരി, പി. ലീല)
അങ്കത്തട്ട് എന്ന ചിത്രത്തിലെ ‘അങ്കത്തട്ടുകളുയർന്ന നാട് ആരോമൽ ചേകവർ വളർന്ന നാട് ' എന്ന ഗാനരംഗത്തിൽ നിന്ന്. (വയലാർ, ജി. ദേവരാജൻ, അയിരൂർ സദാശിവൻ, മാധുരി, പി. ലീല)

ആരോമലുണ്ണി എന്ന ചിത്രത്തിലെ
‘പാടാം പാടാം
ആരോമൽച്ചേകവർ പണ്ടങ്കം വെട്ടിയ കഥകൾ’
എന്ന ഗാനം പുത്തൂരം ആരോമൽച്ചേകവർ അങ്കത്തിനുപോയ കഥ മുഴുവനായി രേഖപ്പെടുത്തിയിരിക്കുന്ന ഗാനമാണ്.

ചിലപ്പതികാരത്തിലെ കണ്ണകീ - കോവലൻ ചരിതം മുഴുവൻ ഒരു തിരുവാതിരപ്പാട്ടിന്റെ രൂപത്തിലാക്കിയാണ് ആകാശഗംഗ എന്ന ചിത്രത്തിന്റെ ഇതിവൃത്തസൂചന നൽകുന്നത്.

‘കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ
ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു
മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു’

എന്നു തുടങ്ങി കണ്ണകിയുടെ കോപാഗ്നിയിൽ വെന്തു നശിക്കുന്ന നഗരത്തിന്റെ മുഴുചരിതമാണ് ഈ പാട്ടിലുള്ളത്. വഞ്ചിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരാഗ്നിയിൽ തറവാട്ടിലെ ചതിയന്മാരായ പുരുഷന്മാർ ചാമ്പലാകുന്നതാണ് ആകാശഗംഗയുടെയും ഇതിവൃത്തം.

കണ്ണകി - കോവലൻ കഥ, തെക്കൻ കേരളത്തിനെന്നതു പോലെ പ്രധാനമാണ് വടക്കൻ കേരളത്തിന് ചെമ്മരത്തി കതിവനൂർവീരൻ കഥ.

‘കതിവനൂർ വീരനെ
നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലി പോൽ
അഴകോലും ചെമ്മരത്തി’

ഉത്തര മലബാറിൽ കളിയാട്ടക്കാവുകളിലെ ദൈവമായി മാറിയ കതിവനൂർ വീരന്റെയും അവന്റെ പെണ്ണായ ചെമ്മരത്തിയുടെയും കഥ പല പാട്ടുകളിലും കടന്നു വന്നിട്ടുണ്ട്. തെയ്യാട്ടത്തറയിലെ ദൈവമാണ് കതിവനൂർ വീരനെങ്കിൽ കളിയാട്ടക്കളത്തിലെ നിലവിളക്കാണ് ചെമ്മരത്തി. ചതിയിൽ കൊലചെയ്യപ്പെട്ടവരാണ് കോവലനും കതിവനൂർ വീരനും. അവരുടെ പ്രതികാര ദുർഗ്ഗകളാണ് കണ്ണകിയും ചെമ്മരത്തിയും.

കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും ഇനിയും എത്രയോ പാട്ടുകളിലായി പടർന്നു കിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകൾ പകരുന്ന ഊർജ്ജം ഗാനങ്ങളിൽ മനോഹാരിതയോടെ നിലനിർത്തപ്പെടുന്നുണ്ട്.


Summary: S Sharadakutty writes about some film songs where the story in the songs and the song in the story complement each other, Padam Paattukal Series


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments