ആടും പാട്ടുകൾ

പടംപാട്ടുകൾ- ആറ്

ത് റീൽസിന്റെ കാലമാണ്.
സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്. ശാസ്ത്രീയനൃത്തം അഭ്യസിക്കാത്തവരും ‘അലൈപായുതേ കണ്ണാ എൻ മനമിഗ അലൈപായുതേ’യും, ‘ഒരു മുറൈ വന്തു പാരായാ എൻ മനം നീ അറിന്തായോ’യും ‘എൻവീട്ടു തോട്ടത്തിൽ പൂവെല്ലാം കേട്ടിപ്പാ’യും ‘ഇന്നെനിക്ക് പൊട്ടു കുത്താനും’ മാത്രമല്ല, പൊതുജനഹൃദയങ്ങളിൽ സുസ്ഥിരമാക്കിയ ‘ക്ഷീരസാഗര’ യും ‘നഗുമോ’യും ‘കൃപയാപാലയ’യും അടക്കമുള്ള കൃതികളും കീർത്തനങ്ങളും വരെ ഭംഗിയായും ലളിതമായും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. ശാസ്ത്രീയനൃത്തം നർത്തകരിൽ നിന്നാവശ്യപ്പെടുന്ന ആന്തരികനിഷ്ഠയോ അച്ചടക്കമോ ഒന്നും റീലുകൾക്ക് വിഷയമല്ല. ശാസ്ത്രീയനൃത്തത്തിന്റെ സുഭദ്രമായ ഘടനകളെ റീലുകൾ തന്നിഷ്ടപ്രകാരം ലഘുപ്പെടുത്തുന്നു. ഈ നർത്തകർക്ക് തടുക്കാനാകാത്ത ആത്മവിശ്വാസമാണ്.

തിരുവല്ല റവന്യൂ ഡിപ്പാർട്ടുമെൻ്റിലെ ഉദ്യോഗസ്ഥരായ യുവാക്കൾ

“ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെൻ നിനവിൽ
പ്രിയരാഗ പുലർവാനം
ഓ..ഓ..ഓ…’’

തിരുവല്ല നഗഭസഭയിലെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിലെ ഭാഗങ്ങൾ
തിരുവല്ല നഗഭസഭയിലെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസിലെ ഭാഗങ്ങൾ

എന്നു പാടി ചുവടുവെച്ച് ഫയലുകൾ നീക്കുന്ന കാഴ്ച എത്ര ഹൃദ്യമായിരുന്നു. അവരുടെ ഉത്സാഹത്തിന്റെ തോത് അപാരം തന്നെ. ചടുലവും മന്ദവുമായ ചലനങ്ങളുടെ കലർപ്പിലൂടെയും അമൂർത്തമായ മുദ്രകളിലൂടെയും പാട്ടുകൾക്ക് അവർ ലളിതാവിഷ്കാരങ്ങൾ സാധ്യമാക്കുന്നു. എങ്കിലും ആംഗികാഭിനയത്തിലെ വ്യത്യസ്തതയില്ലായ്മ, അമിതമായ ഭാവാവിഷ്കാരം ഇതൊക്കെ റീലുകൾ തുടർച്ചയായി കാണുമ്പോൾ മടുപ്പുണ്ടാക്കാറുണ്ട് എന്ന് പറയാതെയും വയ്യ.

ഞങ്ങളുടെ ബാല്യകൗമാരകാലത്ത് റീൽസ് എടുക്കാനുള്ള സംവിധാനങ്ങളില്ലായിരുന്നുവെന്നേയുള്ളു. സ്വന്തം വീട്ടിലെ കണ്ണാടിക്കു മുന്നിൽ നിന്ന് നൃത്തം ചെയ്യാത്ത പെൺകുട്ടികളുണ്ടായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസകാലത്ത് ബഞ്ച് കൂട്ടിയിട്ടുണ്ടാക്കിയ സ്റ്റേജിൽ നൃത്തം ചെയ്യാത്തവരും കുറവായിരിക്കും. മിക്കവാറും സിനിമാ പാട്ടിനനുസരിച്ചായിരിക്കും ആ നൃത്തങ്ങൾ. പഴയ സാരി നാടോടി സ്റ്റൈലിൽ ചുറ്റി, മുടി ഒരു വശത്തേക്ക് വാരിക്കെട്ടി, പലനിറം കാച്ചിയ വളകളും മാലകളുമണിഞ്ഞ് ചെയ്യുന്ന നൃത്തത്തെ, ശാസ്ത്രീയ അർഥത്തിൽ നൃത്തം എന്നു പറഞ്ഞുകൂടാ. ഇന്നത്തെ റീൽസിന്റെ സാങ്കേതികമികവും ഉണ്ടായിരുന്നിരിക്കില്ല. എങ്കിലും ഏതു കുട്ടിക്കും തനതായ ഒരു താളബോധമുണ്ടെങ്കിൽ ചെയ്യാവുന്നതായിരുന്നു അവ. സിനിമകളിലും അത്തരം ലളിതനൃത്തങ്ങൾ ധാരാളമായി വന്നിരുന്നു.

ശ്വാസം പോലെ സ്വാഭാവികമായ ഒരു നൃത്തമാണ്,
‘കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ
കരിക്കു പൊന്തിയ നേരത്ത്
മുരിക്കിൻ തൈയ്യേ നിന്നുടെ ചോട്ടിൽ
മുറുക്കിത്തുപ്പിയതാരാണ്’.

കുഞ്ഞനിയനെ കളിപ്പിക്കാൻ ഒരു ചേച്ചി പാടിക്കളിക്കുന്നു. നിഷ്കളങ്കമായ ചുവടുകൾ. പാട്ടിന്റെ വരികൾക്കനുസരിച്ച് അപ്പപ്പോൾ ഉണ്ടാക്കുന്ന അംഗചലനങ്ങൾ. വീട്ടിൽ നിൽക്കുന്ന വേഷത്തിലുള്ള നൃത്തം. 1964- ൽ പുറത്തിറങ്ങിയ ആദ്യ കിരണങ്ങൾ എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്കരനെഴുതി കെ. രാഘവൻ സംഗീതം നൽകി എ.പി. കോമള പാടിയ ഗാനമാണിത്. കെ.പി.എ.സി കൃഷ്ണമ്മയാണ് ആ നൃത്തരംഗത്തിലെ ഗ്രാമീണ പെൺകൊടി. കിഴക്കുദിക്കിലെ ചെന്തെങ്ങിൽ പൊന്തുന്ന കരിക്ക് സൂര്യനാണ്. തലേന്ന് കൊഴിഞ്ഞ് താഴെ വീണു കിടക്കുന്ന മുരിക്കിന്റെ ചുവന്ന പൂക്കളാണ് മുറുക്കിത്തുപ്പലായി തോന്നുന്നത്. ഈ പാട്ട് എപ്പോൾ കേട്ടാലും പഴയ ഓർമ്മയിൽ കാലുകൾ ഇളകിത്തുടങ്ങും.

“വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങൾ
പള്ളിയിൽ പോകണ നേരത്ത്‌
പള്ളിയിൽ പോകണ നേരത്ത്
ഓടക്കാട്ടിൽ ഒളിച്ചിരുന്ന്
ഓശാന പാടണതാരാണ്‌
ഓശാന പാടണതാരാണ്‌…’’

വെണ്മേഘങ്ങളാണ് മാനത്തെ പെണ്ണുങ്ങൾ.
കിലുകിലുപ്പച്ചെടി എന്നു കൂടി പേരുള്ള ഒരു വള്ളിമരമാണ് ഓടൽ. ഒരു തരം മുളയാണിത്. പ്രഭാതത്തിൽ മുളങ്കാട്ടിൽ കാറ്റൂതുമ്പോഴുള്ള സംഗീതത്തെയാണ് ഓടക്കാട്ടിൽ നിന്നു കേൾക്കുന്ന ഓശാനയായി കവി സങ്കൽപിക്കുന്നത്. മരങ്ങളുടെ ഒച്ചകൾക്ക് അർഥം കണ്ടെത്തുന്നതിൽ പി.ഭാസ്കരനുള്ള വൈദഗ്ധ്യം ഒന്നു വേറെയാണല്ലോ. പദാനുപദം അഭിനയിച്ചുള്ള ലളിതനൃത്തമാണ് ഈ പെൺകുട്ടി ചെയ്യുന്നത്. ആർക്കും തുള്ളിക്കളിക്കാവുന്ന ലാളിത്യമാണ് പദങ്ങളിലും ഈണത്തിലും.

പിന്നീട് സിനിമാറ്റിക് ഡാൻസിന് നിരോധനമേർപ്പെടുത്തുന്ന കാലം വരെ, സ്കൂളിൽ നാടോടി നൃത്തമവതരിപ്പിക്കുന്നവർ തിരഞ്ഞെടുക്കുന്നതത്രയും സിനിമാ പാട്ടുകൾ ആയിരുന്നു. മിക്കവാറും എല്ലാ സിനിമകളിലും ഒരു കുട്ടിയുണ്ടാകും, കുട്ടിക്കൊരു നൃത്തവുമുണ്ടാകും.

സ്കൂൾ മാസ്റ്റർ എന്ന ചിത്രമിറങ്ങുന്നത് 1964- ലാണ്. വീടുകളിൽ ടെലിഫോൺ വ്യാപകമാകുന്നതിന് മുൻപുള്ള സിനിമ. വലിയ കൂറ്റൻ ബംഗ്ലാവിന്റെ സ്വീകരണമുറിയിലെ ഒരു മൂലയിൽ അത്യാഡംബര വസ്തുവായി ഒരു ഫോൺ കാണാം. ഫോണിനെ കുറിച്ചു മാത്രമുള്ള പാട്ടാണിത്.

“കിലുകിലുക്കം കിലുകിലുക്കം
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി
കളിക്കൂട്ടുകാരി’’.

സ്കൂൾ മാസ്റ്റർ എന്ന ചിത്രമിറങ്ങുന്നത് 1964- ലാണ്. വീടുകളിൽ ടെലിഫോൺ വ്യാപകമാകുന്നതിന് മുൻപുള്ള സിനിമ. വലിയ കൂറ്റൻ ബംഗ്ലാവിന്റെ സ്വീകരണമുറിയിലെ ഒരു മൂലയിൽ അത്യാഡംബര വസ്തുവായി ഒരു ഫോൺ കാണാം. ഫോണിനെ കുറിച്ചു മാത്രമുള്ള പാട്ടാണ് “കിലുകിലുക്കം കിലുകിലുക്കം കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി കളിക്കൂട്ടുകാരി’’.
സ്കൂൾ മാസ്റ്റർ എന്ന ചിത്രമിറങ്ങുന്നത് 1964- ലാണ്. വീടുകളിൽ ടെലിഫോൺ വ്യാപകമാകുന്നതിന് മുൻപുള്ള സിനിമ. വലിയ കൂറ്റൻ ബംഗ്ലാവിന്റെ സ്വീകരണമുറിയിലെ ഒരു മൂലയിൽ അത്യാഡംബര വസ്തുവായി ഒരു ഫോൺ കാണാം. ഫോണിനെ കുറിച്ചു മാത്രമുള്ള പാട്ടാണ് “കിലുകിലുക്കം കിലുകിലുക്കം കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി കളിക്കൂട്ടുകാരി’’.

എന്നെ ട്യൂഷൻ പഠിപ്പിക്കാൻ വീട്ടിൽ വന്നിരുന്ന രമണി സാറാണ് ഈ ഡാൻസ് എനിക്ക് പഠിപ്പിച്ചുതന്നത്. ചുവന്ന ജോർജറ്റ് പാവാടയും പച്ച ഹാഫ്സാരിയും അണിഞ്ഞുവരുന്ന രമണി സാർ അന്നത്തെ ഹിന്ദി സിനിമാതാരങ്ങളെ ഓർമ്മിപ്പിക്കുന്ന തരം സുന്ദരിയായിരുന്നു.

ഫോൺ കയ്യിലുണ്ടെന്ന് സങ്കൽപിച്ച് രമണി സാർ നൃത്തം ചെയ്യും.

“ഹലോ ഹലോ വിളിക്കും
അകലെയോടി ഒളിക്കും
കാതിൽ വന്നു കഥ പറയും
കാൽച്ചിലമ്പൊലി കേൾക്കും
ചിലമ്പൊലി കേൾക്കും”

വലതുകൈയിലെ ചൂണ്ടുവിരൽ, ചുണ്ടോടടുപ്പിച്ച് കൊക്കുപോലെ നീട്ടിപ്പിടിച്ച്, ഇടതുകൈ പിന്നിൽ ചിറകുപോലെ നീർത്തി രമണി സാർ അരയന്നമായി കുണുങ്ങി നടന്നുപാടി.

“നളചരിതം കഥകളിയിലെ
അരയന്നത്തിനെ പോലെ
ദൂരെയുള്ളൊരരമനയിൽ ദൂതിനുപോകും
അവൾ ദൂതിനു പോകും”.

എസ്. ജാനകി അതിപ്രശസ്തയാകുന്നതിനുമുൻപുള്ള അല്പം വിഹ്വലമായ ആ ശബ്ദലാളിത്യം എങ്ങനെ ഇവിടെ ആവിഷ്കരിക്കും? ഒരു പൂവ് മറ്റൊരു പൂവിനോട് കിന്നാരം പറയുന്നതിന്റെ, കൌതുകം എങ്ങനെ കേൾപ്പിച്ചുതരും?

അന്നത്തെ പ്രമുഖ ബാലതാരവും പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത നടിയുമായ കുട്ടിപത്മിനിയാണ് ഈ പാട്ടു രംഗത്തഭിനയിച്ചത്. കുട്ടിപത്മിനി അഭിനയിച്ച മറ്റൊരു പ്രശസ്ത നൃത്തരംഗമാണ് ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ

‘‘അമ്മേ അമ്മേ അമ്മേ നമ്മുടെ
അമ്പിളിയമ്മാവനെപ്പവരും
അമ്മിണിത്താരകക്കുഞ്ഞിന്റെ കൂടെ
അത്താഴമുണ്ണാനെപ്പവരും”

രേണുക പാടിയ ഗാനരംഗത്തിൽ ഉണ്ടക്കണ്ണുകളുള്ള കുട്ടിപ്പത്മിനി കവിളത്ത് വിരൽ വെച്ച് ‘അമ്മാവൻ എപ്പവരും’ എന്നാലോചിച്ചിരിക്കുന്നതു കാണാൻ പ്രത്യേക ചന്തമാണ്. അമ്മയായി കവിയൂർ പൊന്നമ്മയും അമ്മാവനായി സത്യനും.

“അമ്പലപ്പാവയും വേണ്ടല്ലോ
കമ്പിളിത്തൊപ്പിയും വേണ്ടല്ലോ
പഞ്ചാരയുമ്മയും പുഞ്ചിരിപൂവുമായ്
എന്നെ വിളിക്കൂലേ അമ്മാവൻ എന്നെ വിളിക്കൂലേ”

എന്നിടത്തെത്തുമ്പോൾ കുസൃതിച്ചിരിയുമായി അമ്മാവൻ പ്രത്യക്ഷപ്പെടുന്നു. പപ്പുവിന് ഓടയിൽ നിന്ന് കളഞ്ഞുകിട്ടിയ പെൺകുട്ടിയായ ലക്ഷ്മിയും അവളുടെ അമ്മയും പപ്പുവും ചേർന്നുള്ള ഹൃദയബന്ധത്തിന്റെ ആവിഷ്കാരം ഈ ഗാനരംഗത്തുണ്ട്. ഈയിടെ യൂട്യൂബിൽ കുട്ടിപത്മിനിയുമായുള്ള അഭിമുഖം കണ്ടപ്പോൾ ഓടയിൽ നിന്നിലെ ഓടിക്കളിക്കുന്ന ആ ഉണ്ടക്കണ്ണി പെൺകുട്ടിയായിരുന്നു എന്റെ മനസ്സിൽ.

പപ്പുവിന് ഓടയിൽ നിന്ന് കളഞ്ഞുകിട്ടിയ പെൺകുട്ടിയായ ലക്ഷ്മിയും അവളുടെ അമ്മയും പപ്പുവും ചേർന്നുള്ള ഹൃദയബന്ധത്തിന്റെ ആവിഷ്കാരമാണ് ‘‘അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും” എന്ന ഗാനം
പപ്പുവിന് ഓടയിൽ നിന്ന് കളഞ്ഞുകിട്ടിയ പെൺകുട്ടിയായ ലക്ഷ്മിയും അവളുടെ അമ്മയും പപ്പുവും ചേർന്നുള്ള ഹൃദയബന്ധത്തിന്റെ ആവിഷ്കാരമാണ് ‘‘അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും” എന്ന ഗാനം

ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ കണ്ട നൃത്തം ‘എലന്തപ്പയം എലന്തപ്പയം’ എന്ന തമിഴ് പാട്ടിന് അനുസരിച്ചുള്ളതാണ്. പണമാ പാശമാ എന്ന തമിഴ് ചിത്രത്തിലേതാണ് ഗാനം. കണ്ണദാസന്റെ വരികൾ , കെ.വി. മഹാദേവൻ ഈണം നൽകി എൽ.ആർ. ഈശ്വരി പാടിയ ഗാനമാണ്.

‘‘എലന്തപ്പയം എലന്തപ്പയം ....
ങ്യായ് … ചെക്കചെവന്ത പയം
ഇത് തേനാട്ടമിനിക്കും പയം …
എല്ലോരും വാങ്കും പയം ഇത്
ഏഴൈക്കിനെ പൊറന്ത പയം’’.

ഒരു കുഞ്ഞു ട്രോളിയിൽ നിറയെ ചുവന്നപഴവുമായി വിജയനിർമ്മലയാണ് സിനിമയിൽ പാടിയാടുന്നത്. ഏഴകൾക്കായി പിറന്ന ചൊകചൊകന്ന എലന്തപ്പയം. അതേ നാടോടി വേഷത്തിൽ സ്കൂളിലെ സ്റ്റേജിലും നർത്തകി ഓടിത്തുള്ളി നടക്കും. എന്റെ ഓർമ്മയിലെ ആദ്യ തമിഴ്പാട്ടും എലന്തപ്പയം തന്നെ.

വീട്ടുമുറ്റമോ, തുറസ്സായ സ്ഥലമോ, തെങ്ങിൻ ചുവടോ, നെൽവയലോ, തെരുവോരമോ ഒക്കെയായിരിക്കും നൃത്തത്തിന് പശ്ചാത്തലം. ഈ നൃത്തരൂപങ്ങളെല്ലാം ഉള്ളിലെ സന്തുഷ്ടിയെ പ്രകടിപ്പിക്കുന്നവയാണ്..

കൊന്നപ്പൂവേ
കൊങ്ങിണിപ്പൂവേ
എന്ന ഗാനത്തിന്റെ ഓർമ്മകൾ വന്നാൽ അപ്പോൾ എനിക്ക് കയ്യിലൊരു പൂക്കൂടയും കാലിലൊരു ചിലങ്കയും വേണമെന്നു തോന്നും. സ്കൂളിൽ ബഞ്ചുകൾ അടുപ്പിച്ചിട്ടുണ്ടാക്കുന്ന താത്കാലിക സ്റ്റേജിൽ ചവിട്ടുമ്പോൾ പട പടാ എന്ന് ശബ്ദം കേൾക്കും. ആ സ്റ്റേജിൽ ഒരു കൊച്ചു പൂക്കൂടയുമേന്തി ആദ്യം ചെയ്ത നൃത്തമാണ്

“കൊന്നപ്പൂവേ
കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്തു തോന്നും
കിങ്ങിണിപ്പൂവേ”

മുതിർന്നുകഴിഞ്ഞപ്പോഴാണ് അത് കുട്ടിപ്പാട്ടല്ലെന്നും നായികയുടെ മോഹനസങ്കൽപങ്ങളാണെന്നുമൊക്കെ തിരിച്ചറിഞ്ഞത്. ‘അമ്മയെക്കാണാൻ’ എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരൻ എഴുതി, കെ. രാഘവൻ ഈണം നൽകി, എസ്. ജാനകി പാടിയ രംഗത്തിൽ അന്നത്തെ പ്രശസ്ത നടി അംബികയാണ് അഭിനയിക്കുന്നത്. എന്നെക്കണ്ടാൽ ഞാൻ പ്രേമത്തിലാണെന്നു തോന്നുമോ, എന്ന സംശയമാണ് നായിക പൂവിനോട് ചോദിക്കുന്നത്. തന്റെ കള്ളങ്ങൾ വെളിപ്പെട്ടുപോകുന്നുണ്ടോ എന്ന പരിഭ്രമം കലർന്ന കൗതുകം നായികയുടെ സംശയങ്ങൾക്കുണ്ട്.

“കരളിലോരായിരം തങ്കക്കിനാക്കൾ
കരുതിയിട്ടുണ്ടെന്നു തോന്നുമോ? തോന്നുമോ?
മണിമാരൻ കൈ നീട്ടി കവിളത്ത് നുള്ളിയത്
മൈലാഞ്ചിയിട്ടതായി തോന്നുമോ?”

പൂവ് മൊട്ടായിരിക്കുമ്പോൾ അതീവരഹസ്യമായി ഒളിപ്പിക്കുന്ന സൗരഭ്യം എത്ര പെട്ടെന്നായിരുന്നു കാറ്റ് വന്നു വെളിപ്പെടുത്തുന്നത്. അതിന്റെ ലജ്ജയിൽ അവളാകെ ചുവന്നു പോയി.

“ഓടുന്ന കണ്ണുകൾ ഒറ്റയോരാളിനെ
തേടുകയാണെന്ന് തോന്നുമോ ... തോന്നുമോ…
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോൾ
പൂജിക്കാനാണെന്ന് തോന്നുമോ… തോന്നുമോ…”

എസ്. ജാനകി അതിപ്രശസ്തയാകുന്നതിനുമുൻപുള്ള അല്പം വിഹ്വലമായ ആ ശബ്ദലാളിത്യം എങ്ങനെ ഇവിടെ ആവിഷ്കരിക്കും? ഒരു പൂവ് മറ്റൊരു പൂവിനോട് കിന്നാരം പറയുന്നതിന്റെ, കൌതുകം എങ്ങനെ കേൾപ്പിച്ചുതരും? ഇപ്പോൾ എന്റെയുള്ളിലെ കൗമാരക്കാരി ഒരു പൂക്കൂടയുമേന്തി ഒരു താത്കാലിക സ്റ്റേജിൽ പ്രത്യേക താളത്തിൽ അങ്ങോടിങ്ങോട്ടുമോടുകയാണ്. മുട്ടുകുത്തിയിരുന്നു താടിക്ക് കൈ കൊടുത്തിരുന്ന് അർഥമോ സന്ദർഭമോ അറിയാതെ കുണുങ്ങി, തലയാട്ടി ചോദിക്കുകയാണ്,

“ഓടുന്ന കണ്ണുകൾ ഒറ്റയോരാളിനെ
തേടുകയാണെന്ന് തോന്നുമോ… തോന്നുമോ…”

“കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ഇന്നെന്നെക്കണ്ടാലെന്തു തോന്നും കിങ്ങിണിപ്പൂവേ” എന്ന ഗാനരംഗം
“കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ഇന്നെന്നെക്കണ്ടാലെന്തു തോന്നും കിങ്ങിണിപ്പൂവേ” എന്ന ഗാനരംഗം

വിമല പീറ്റർ കല്ലട, കോട്ടയം ബി സിഎം കോളേജിൽ പ്രീഡിഗ്രിക്ക് എന്റെ കൂടെ പഠിച്ചിരുന്ന കുട്ടിയാണ്. അവൾ നൃത്തം ചെയ്യുമെന്നോ പാട്ടു കേൾക്കുമെന്നോ ഒന്നും കണ്ടാൽ തോന്നില്ല. പ്രത്യേക ആകാരസുഷമയോ സാമർഥ്യമോ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു പാവം. ഒരു ആർട്സ് ഡേയ്ക്ക് മൈക്കിൽ അനൗൺസ്മെന്റ് ‘നാടോടി നൃത്തം, വിമല പീറ്റർ കല്ലട’.
കർട്ടൻ ഉയർന്നു.
"ആ കയ്യിലോ ഈ കയ്യിലോ
അമ്മാനപ്പൂച്ചെണ്ട് കണ്ണന്
സമ്മാനപ്പൂച്ചെണ്ട്..."
എന്ന് പാട്ടു തുടങ്ങി. കയ്യിൽ ഒരു പൂക്കുലയുമായി സ്റ്റേജിന്റെ ഒരറ്റത്തുനിന്ന് ചാടി മറ്റേ അറ്റത്തേക്ക് വിമല. എന്തൊരൂർജ്ജം! ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. നമ്മുടെ പാവം വിമല തന്നെയോ ഇത്?
രാഗം എന്ന സിനിമയിൽ ബഹദൂർ അവതരിപ്പിച്ച പൂക്കച്ചവടക്കാരനായ കഥാപാത്രത്തിനുവേണ്ടി യേശുദാസ് പാടിയ അന്നത്തെ ഹിറ്റ് ഗാനം.

"കുറവിലങ്ങാട്ടൊരു കുഞ്ഞേനാച്ചന്
കുന്നേപ്പള്ളി പെരുന്നാള്
ഇന്ന് കുന്നേപ്പള്ളിപെരുന്നാള്"

ഓഡിറ്റോറിയത്തിൽ കൂട്ടച്ചിരി. ഡാൻസിന്റെ ബഹളത്തിനിടയിൽ വസ്ത്രത്തിന്റെ ഏതോ ഭാഗം അഴിഞ്ഞുവീണിട്ടും അത് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കൊണ്ടുള്ള നൃത്തമായിരുന്നു വിമലയുടേത്. എന്തൊരു ആത്മവിശ്വാസം! എന്തൊരു ധൈര്യം! ഇന്നാണെങ്കിൽ ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള പരിണാമം എന്നൊക്കെ പറയാമായിരുന്നു. ഓഡിറ്റോറിയത്തിൽ കൂട്ടച്ചിരിയും കയ്യടിയും. ഇന്നും ആ പാട്ടു കേൾക്കുമ്പോൾ ഊർജ്ജസ്വലയായ വിമല മനസ്സിലേക്ക് ഓടിക്കയറും.

പിന്നീട് എവിടെപ്പോയി വിമല? ഏതെങ്കിലും വീട് അവളെ വിഴുങ്ങിക്കളഞ്ഞിരിക്കും. തന്റെ നൃത്തം അവൾ ഓർക്കുന്നുണ്ടാകുമോ? തന്നിലെ ആ അധികോർജ്ജം എങ്ങനെയാകും അവൾ വിനിയോഗിച്ചിട്ടുണ്ടാവുക.? ഒരു വിമലയെ അല്ല, നഷ്ടപ്പെട്ടുപോയ എല്ലാ വിമലമാരെയുമാണ് ഈ നിമിഷത്തിൽ ഞാനോർമ്മിക്കുന്നത്.

എന്റെ തൊട്ടടുത്ത വീട്ടിൽ വേല ചെയ്യാനായി തമിഴ്നാട്ടിൽനിന്ന് ചെറുപ്പത്തിൽ തന്നെ കേരളത്തിലേക്കു വന്ന ലീല നല്ല ചുണക്കുട്ടിയായിരുന്നു. വീട്ടുടമസ്ഥർ ഉച്ചക്കുറങ്ങുന്ന സമയത്ത് ലീല ഞങ്ങളുടെ വീട്ടിൽ വരും. ഞങ്ങളുടെ വീട്ടിലെ മാഞ്ചുവട് ലീലക്ക് നൃത്തത്തിനായി സജ്ജമാകും. ഞങ്ങൾ കാണികളും.

‘‘ചുവപ്പുകല്ല് മൂക്കുത്തീ…ഹോയ്
ചുരുണ്ടമുടിയിൽ ചേമന്തി.. ഹോയ്
പഞ്ചവങ്കാട്ടിലെ കന്നിക്കുറത്തിക്കു
പുലിനഖത്താലീ, കഴുത്തിൽ
പുലിനഖത്താലീ…’’

ലീല പകലത്തെ തൊഴിലധ്വാനം മറന്ന് മാധുരിയുടെ ഉച്ചസ്ഥായി ശബ്ദത്തെ അനുകരിച്ച് പാടി നൃത്തം ചെയ്യും. നീളൻ പാവാടയെടുത്തുകുത്തി നൃത്തം ചെയ്യുമ്പോൾ അവളുടെ കാലിലെ ക്ലാവുപിടിച്ച കൊലുസിൽ നിന്ന് ചെറിയ കിണുകിണാ ശബ്ദം കേൾക്കും.

ചിലപ്പോൾ എനിക്കും ഒരു റീൽ ചെയ്യാൻ ആവേശം തോന്നാറുണ്ട്. അപ്പോൾ ഞാൻ തിരഞ്ഞെടുക്കുന്ന പാട്ട് ഇതായിരിക്കും: ‘‘ഈ മയിലാടുംകുന്ന് മറന്നേപോയോ /
അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും / കളിവീടുവെച്ചതും / കറിവെച്ചുണ്ടതും മറന്നുപോയോ…’’

തിരുവിതാംകൂർ രാജകുടുംബത്തെയും എട്ടുവീട്ടിൽ പിള്ളമാരുടെ പരമ്പരയേയും ആസ്പദമാക്കി വൈക്കം ചന്ദ്രശേഖരൻ നായർ രചിച്ച ചരിത്രനോവൽ 1971- ലാണ് ഉദയയുടെ ബാനറിൽ പഞ്ചവൻകാട് എന്ന പേരിൽത്തന്നെ ചലച്ചിത്രമായത്. മാർത്താണ്ഡവർമ്മക്കുവേണ്ടി ചാരവൃത്തിക്കായി നിയോഗിക്കപ്പെടുന്നത് രാജാവിന്റെ കാമുകി കൂടിയായ ദേവമ്മയാണ്. ശത്രുപാളയത്തിന്റെ രഹസ്യങ്ങളറിയാനാണ് ദേവമ്മ പച്ചമരുന്നു വിൽപ്പനക്കാരിയായ കുറത്തിവേഷത്തിൽ പഞ്ചവൻ കാടിനുള്ളിലെത്തുന്നത്. ഉഷാകുമാരിയാണ് ദേവമ്മയും കുറത്തിയുമായി രംഗത്തെത്തുന്നത്. വീട്ടുമുറ്റത്ത് ഞങ്ങളുടെ മുന്നിലോ ലീലയും.

“അത്തിവേര് ചെത്തിവേര് കർപ്പൂരം
അരിച്ചാന്ത് മണിച്ചാന്ത് സിന്ദൂരം
കൊടുവേലി കൊത്തമ്പാലരി കുറുന്തോട്ടി
കുടുക്ക കൂവളക്കുടുക്കനിറയെ കസ്തൂരി
എന്നമ്മാ - പൊന്നമ്മാ
ഇന്നുരൊക്കം നാളെക്കടം
കണ്ണമ്മാ കണ്ണമ്മാ
അഹഹാ‍ഹോ...
അഹഹാഹോയ്…”

ലീലയുടെ കറുത്ത ഉടലഴകുകൾ നോക്കി അയൽപക്കത്തെ ചെറുപ്പക്കാർ പറയുന്നതൊക്കെ ലീല കേൾക്കും. ‘അതിപ്പം ഞാനങ്ങനെയാ‘ എന്ന് കൂസലില്ലായ്മയുടെ ഒരു ഞെളിച്ചിലും പുളച്ചിലും ലീലക്കുണ്ടായിരുന്നു. അവളുടെ നടപ്പും നൃത്തമായിരുന്നു.

രഹസ്യങ്ങൾ കണ്ടുപിടിക്കാൻ രാജാക്കന്മാർ രാജകുമാരിമാരെയും കാമുകിമാരെയും ഒക്കെ ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്നതായി പിന്നെയും പല ചലച്ചിത്രങ്ങളിലും കാണാം.
‘അരക്കള്ളൻ മുക്കാൽ കള്ളനി’ൽ കള്ളനെ കണ്ടെത്താൻ രാജകുമാരി തന്നെ വേഷപ്രഛന്നയാകുന്നുണ്ട്. ജയഭാരതിയുടെ ആ കുറത്തിനൃത്തത്തിന് പകരം വെക്കാൻ മലയാള സിനിമയിൽ മറ്റൊന്നില്ല.

“പച്ചമലപ്പനങ്കുരുവീ,
എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷിനോട്ടത്തിൽ കണ്ടോ’’

ചുവന്ന ചേല, തമിഴ് ശൈലിയിൽ മുട്ടോളം ഉയർത്തിച്ചുറ്റിയ ജയഭാരതി, കാലിൽ സ്പ്രിങ് പിടിപ്പിച്ചതുപോലെ തെറിച്ചുതെറിച്ചു ചെയ്യുന്ന ആ നൃത്തത്തിന് എന്തൊരഴകും ചടുലതയുമാണ്. ശരീരത്തിന്റെ ഓരോ ഇഞ്ചും ഇളകിത്തുള്ളി മറിയുകയാണ്.

“പച്ചമലപ്പനങ്കുരുവീ, എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷിനോട്ടത്തിൽ കണ്ടോ’’ എന്ന ഗാനരംഗത്തില്‍ നൃത്തം ചെയ്യുന്ന ജയഭാരതി
“പച്ചമലപ്പനങ്കുരുവീ, എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ മഷിനോട്ടത്തിൽ കണ്ടോ’’ എന്ന ഗാനരംഗത്തില്‍ നൃത്തം ചെയ്യുന്ന ജയഭാരതി

“വടമലക്കുന്നുകളിൽ
വാകപൂത്ത കാലം
കുടിലിൽ നിന്നൊരുനാളിൽ
വഴക്കിട്ടു പിരിഞ്ഞു
വൈകാശി മലയിലും തോരാത്ത മഴയിലും
താനാകെത്തേടിത്തേടി
ക്കുറത്തി ഞാനലഞ്ഞൂ’’

ആ ചിത്രത്തിലെ തന്നെ

“മുല്ലപ്പൂമ്പല്ലിലോ
മുക്കുറ്റിക്കവിളിലോ
അല്ലിമലർ മിഴിയിലോ
ഞാൻ മയങ്ങീ…
ഏനറിയീലാ, ഏനറിയീലാ,
ഏലമലക്കാട്ടിലെ മലങ്കുറവാ…’’

എന്ന യുഗ്മഗാനവും സ്കൂളുകളിൽ സ്ഥിരമായി സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു.

ഒരോണക്കാലത്ത് സ്കൂളിൽനിന്ന് ഞങ്ങളെ ഒരു അനാഥാലയത്തിലേക്ക് കൊണ്ടുപോയി. ജീവിതമെന്ന വലിയ സമസ്യയുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമായി അത്. അവിടെ ആ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം അതിന്റെ സാമൂഹികാനുഭവം കൊണ്ടും തീവ്രത കൊണ്ടും ഉള്ളുകലക്കുന്നതായിരുന്നു.

കാട്ടുപൂക്കൾ എന്ന ചിത്രത്തിൽ പി.ലീല പാടിയ ഗാനമായിരുന്നു അത്. പല നിറമുള്ള ഉടുപ്പുകളണിഞ്ഞ് അവർ പാടുകയും ആടുകയുമാണ്.

“കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ...
കാടറിയാതെ പിറന്ന കാട്ടുപൂക്കൾ, ഞങ്ങൾ
കാറ്ററിയാതെ വിടർന്ന കാട്ടുപൂക്കൾ’’

ആ കുഞ്ഞുങ്ങൾ അർഥമറിഞ്ഞായിരിക്കില്ല നൃത്തം ചെയ്തത്. പക്ഷേ അത്രത്തോളം ഉള്ളുലച്ച ഒരു നൃത്തം പിന്നീട് കണ്ടിട്ടില്ല.

“കണികാണാനരുതാത്ത കാട്ടുപൂക്കൾ
ആർക്കും അണിയുവാൻ കൊള്ളാത്ത കാട്ടുപൂക്കൾ
പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കൾ
കൊച്ചുപൂമ്പാറ്റ പോലും മറന്ന പൂക്കൾ’’

കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ ഗാനരംഗം
കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ ഗാനരംഗം

ലളിതനൃത്തങ്ങളുടെ ഗീതവാദ്യമേളനങ്ങളുടെ ചടുലതയെ കുറിച്ച്, അവയുണ്ടാക്കിയ അനുഭവരസത്തെ കുറിച്ച്, എത്രയെഴുതിയാലും തീരില്ല. നെല്ലിലെ കദളീ കൺകദളീ, അനുഭവങ്ങൾ പാളിച്ചകളിലെ കല്യാണി കളവാണി, മയിലാടുംകുന്നിലെ മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ, ചെമ്പരത്തിയിലെ കുണുക്കിട്ട കോഴി കുളക്കോഴി, തറവാട്ടമ്മയിലെ ചേട്ടത്തിയമ്മാ എന്റെ ചേട്ടത്തിയമ്മാ… അങ്ങനെ എത്രയെത്ര ഗാനങ്ങൾ. ലളിതവും എന്നാൽ വർണ്ണാഭവുമായ ഒരു കാലഘട്ടത്തിന്റെ അന്തശ്ചൈതന്യങ്ങൾ ഇവയുടെ ശക്തിയാണ്. നൃത്തമാടുന്നവരിൽ സ്വയം രൂപപ്പെട്ടുവരുന്ന ഒരു ഊർജ്ജത്തിന്റെ ശക്തിയിലാണ് ഈ ആവിഷ്കാരങ്ങൾ ഇങ്ങനെ ഓർമ്മയിൽ തങ്ങിനിൽക്കുന്നത്.

ചിലപ്പോൾ എനിക്കും ഒരു റീൽ ചെയ്യാൻ ആവേശം തോന്നാറുണ്ട്. അപ്പോൾ ഞാൻ തിരഞ്ഞെടുക്കുന്ന പാട്ട് ഇതായിരിക്കും.

‘‘ഈ മയിലാടുംകുന്ന് മറന്നേപോയോ
അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും
കളിവീടുവെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ
വന്നെങ്കിൽ ഒന്നു വന്നെങ്കിൽ
ഈ വളയിട്ട കൈകളിൽ വാരിയെടുത്തു
വെച്ചൂഞ്ഞാലാട്ടും ഞാൻ,
ഊഞ്ഞാലാട്ടും ഞാൻ‍”


Summary: S Saradakutty's Column Padam pattukal Part 6. She also writes about folk dances in Malayalam movies.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments