മാനുഷിക വികാരത്തിന്റെ പ്രതിരൂപമാണ് ഗാനങ്ങൾ. ചിട്ടപ്പെടുത്തുന്നത് സംഗീതസംവിധായകരാണ്, വരികൾ ഗാനരചയിതാക്കളും. ഇവ രണ്ടും ഒരേ അനുപാതത്തിൽ സമ്മേളിക്കുമ്പോൾ ഗായകനോ ഗായികയോ അതിനെ പൂർണ്ണതയിൽ എത്തിക്കുന്നു. ആലാപനത്തിന്റെ ഭംഗി പ്രചാരത്തെ സ്വാധീനിക്കും. പലപ്പോഴും അപ്രകാരം തന്നെയാണ് സംഭവിക്കാറുള്ളത്.
1966 ഡിസംബർ 15-ന് "ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ" എന്ന തെലുങ്ക് ചിത്രത്തിലൂടെ എസ്. പി. കോദണ്ഡപാണിയുടെ ഈണത്തിൽ സംഗീത-സിനിമ ആസ്വാദകർ ഒരു ശബ്ദം കേട്ടു. "അടിമപ്പെണ്ണ് " എന്ന എം ജി ആർ ചിത്രത്തിലൂടെ തമിഴരും, ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ "കടൽപ്പാലം" എന്ന ചിത്രത്തിലൂടെ മലയാളികളും ആ ശബ്ദത്തെ പരിചയപ്പെട്ടു. അതുവരെയുണ്ടായിരുന്ന പ്രായാധിക്യത്തിന്റെ ശബ്ദങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു യുവാവിന്റെ മധുരമായ ശബ്ദത്തെ എല്ലാവരും ശ്രദ്ധിച്ചു. അവിടെ നിന്നും ആരംഭിച്ച യാത്ര എത്തിച്ചേർന്നത് 40000-ത്തോളം ഇന്ത്യൻ ഭാഷാ ഗാനങ്ങളിലും നാഷണൽ അവാർഡുകളിലും ഗിന്നസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലുമാണ്. എസ്.പി.ബി എന്ന മൂന്നക്ഷരത്തെ ഓർക്കാൻ ഇതൊന്നിന്റെയും ആവശ്യമില്ല. അനുഭവേദ്യമായ രാഗങ്ങളുടെ ചിട്ടയായ ഈണം ഉദ്ഭവിക്കുമ്പോൾ ശ്രവണ സൗകുമാര്യം നൽകുന്നതാണ് ക്ലാസ്സിക്കൽഗാനം. ശാസ്ത്രീയമായ സംഗീത വിദ്യാഭ്യാസം നേടാതിരുന്നിട്ടും ഇത്രത്തോളം ഗാനങ്ങൾ പാടുകയും 46-ഓളം ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു.
സംഗീതവും നൃത്തവും ലോകത്തിന്റെ ഏത് കോണിൽ പോയാലും കാണാനാവുന്നതാണ്. നാഗരിക മനുഷ്യരുമായി ബന്ധമില്ലാത്ത ഗോത്രങ്ങളിൽ പോലും ഇവ രണ്ടും കാണാൻ ആകുന്നു. ചുരുക്കത്തിൽ ഇവ രണ്ടും മനുഷ്യൻെറ ജനിതകപരമായ സവിശേഷതയായും കണക്കാക്കാം. ആ സവിശേഷതയെ പരിശീലനത്തിലൂടെ മനുഷ്യർ കൂടുതൽ ജനകീയമാക്കുകയും അതിനെ ശാസ്ത്രീയമായ ചില ചട്ടക്കൂടുകളും വിലയിരുത്തലുകളും പരിശീലനവും നടത്തി പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിൽ ഒരു പരിശീലനം എസ്.പി.ബി നേടിയിരുന്നില്ല. ശാസ്ത്രീയമായ സംഗീതത്തിന്റെ അടിത്തറയെപ്പറ്റി ബോധവാനായിരുന്നില്ല അദ്ദേഹം. സ്വാഭാവികമായും ശാസ്ത്രീയച്ചരടിൽ തളച്ചിടാതെ സ്വതന്ത്രമായി നടക്കാനും ഓടാനും ഉലാത്താനും പാട്ടിൽ അദ്ദേഹത്തിന് കഴിഞ്ഞു. പി. ജയചന്ദ്രനും സമാനമായ രീതിയിൽ ഗാനാലാപന രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ്.

ശാസ്ത്രീയമായ പഠനം നടത്താതിരുന്നിട്ടും 1980-ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന ചിത്രത്തിലെ "ശങ്കരാ" എന്നാരംഭിക്കുന്ന ക്ലാസ്സിക്കൽ ഗാനത്തിന്റെ ഗായകൻ എസ്.പി.ബിയാണ്. ഈ ഗാനത്തിലൂടെ നാഷണൽ അവാർഡും പ്രസിദ്ധിയും അദ്ദേഹം നേടി. 1970-കളുടെ തുടക്കത്തിലും 80-കളുടെ അവസാനത്തിലും എസ് പി ബാലസുബ്രഹ്മണ്യം ഇന്ത്യയിലെ പ്രശ്തനായ ഗായകനായി വളർന്നു. എസ്.പി.ബി - ഇളയരാജ - എസ്. ജാനകി എന്ന ത്രയം തമിഴിൽ സമ്മാനിച്ചത് അവിസ്മരണീയമായ ഗാനങ്ങളാണ്. 120-ഓളം ഗാനങ്ങളാണ് മലയാളത്തിൽ അദ്ദേഹം പാടിയിട്ടുള്ളത്.ഉച്ചസ്ഥായി (High Pitch) വരുന്ന ഗാനങ്ങളിൽ ആ ശബ്ദത്തിന്റെ മാസ്മരികത മനസിലാകും. എൻ കാതലേ,അഞ്ജലി അഞ്ജലി (ഫിലിം-ഡ്യൂവറ്റ്), സുന്ദരി കണ്ണാൽ (ദളപതി), മണ്ണിൽ ഇന്ത കാതൽ (കേളടി കണ്മണി - ഈ ഗാനരംഗത്തിൽ അഭിനയിച്ചതും അദ്ദേഹം തന്നെയാണ്) തുടങ്ങിയ ഗാനങ്ങളിൽ ചരണത്തിന്റെ അവസാനത്തിൽ അത് വ്യക്തമാണ്. പ്രണയത്തിന്റെ സൗന്ദര്യവും പ്രണയനൈരാശ്യത്തിന്റെ വേദനയും അരികെ ഉള്ളപ്പോഴുള്ള കുളിരും അകൽച്ചയുടെ ചൂടും ഒരേ കണ്ഠത്തിൽ നിന്നും പുറപ്പെടുന്നതാണെന്ന് വിശ്വസിക്കാൻ കഴിയില്ല. അദ്ദേഹം ഒരേസമയം കാമുകനും നിരാശാകാമുകനും ആയിമാറി. കേൾക്കുന്നവരെ കണ്ണീരിൽ ആഴ്ത്താനും ആനന്ദത്തിൽ എത്തിക്കാനും ആ ശബ്ദത്തിനായിട്ടുണ്ട്. ജീവിതത്തിന്റെ പ്രയാണങ്ങളിൽ മനസ്സ് മടുക്കുമ്പോൾ മനുഷ്യർ ഏറ്റവും കൂടുതൽ ശരണം പ്രാപിക്കുന്നത് സംഗീതത്തിലായിരിക്കും. ആ ബോധ്യം അദ്ദേഹത്തിനുണ്ട്. തന്റെ ശബ്ദത്തെ കേൾക്കുന്ന മനുഷ്യർക്ക് അവരുടെ മാനസികാവസ്ഥയുമായി ഒത്തിണങ്ങി പോകത്തക്ക രീതിയിൽ തന്നെ അദ്ദേഹം പാടി.
മലയാളത്തിലെ "താരാപഥം ചേതോഹരം" എന്ന ഗാനം നൽകുന്ന അനുഭവം ചങ്ങമ്പുഴയുടെ കവിതാഗുണങ്ങളിൽ ഒന്നായ ശ്രവണസുഖം മാത്രമല്ല. അതിന്റെ ഭാവതലത്തെ അത്രയേറെ സ്വായത്തമാക്കി ഏറ്റവും ലളിതമായി ആ ശബ്ദം സംവദിച്ചു. സംഗീതം, രചന, ആലാപനം എന്നീ മൂന്ന് ചേരുവകൾ കൃത്യമായ അളവിൽ ചേർന്നിട്ടുള്ള ഒരു മാന്ത്രികതയാണത്. എഞ്ചിനീയറിങ്ങിന്റെ പാത സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്ന എസ്.പി.ബി സംഗീതത്തിന്റെ സാങ്കേതികതയെ ഏറ്റവും ലളിതമായി സ്വായത്തമാക്കുകയും ജനങ്ങൾക്ക് നൽകുകയും ചെയ്തു. നിരവധി അഭിനേതാക്കളുടെ ശബ്ദമായി അദ്ദേഹം മാറി. ഒരു ദിവസം തന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ റെക്കോർഡും എസ് പി ബി യുടേത് ആണ്. ഉപേന്ദ്രകുമാറിന് വേണ്ടി 1981ൽ അദ്ദേഹം 21 പാട്ടുകളാണ് ഒരു ദിവസം, 12 മണിക്കൂർ സമയം കൊണ്ട് പാടിയത്. 80 കൾ അദ്ദേഹത്തെയും ഇളയരാജയെയും സംബന്ധിച്ചിടത്തോളം സുവർണ കാലമായിരുന്നു. ഒരുമിച്ച് പ്രവർത്തിച്ച ഗാനങ്ങളിൽ മിക്കതിനും സംസ്ഥാന പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞു. 1981-ൽ ബോളിവുഡിൽ ‘മേരെ പ്യാർ കിയ’ എന്ന ചിത്രത്തിൽ സൽമാൻഖാന് വേണ്ടി പാടിയ എസ് പി ബി പിന്നീട് ഒരുപാട് സിനിമകൾക്ക് അദ്ദേഹത്തിന്റെ ശബ്ദമായി മാറി. തെലുങ്കിൽ നിന്നും ആരംഭിച്ച സംഗീതയാത്ര തമിഴ്, മലയാളം, കന്നട, ഹിന്ദി തുടങ്ങി പ്രധാനപ്പെട്ട പല ഭാഷകളിലൂടെ സഞ്ചരിച്ചു. പാടിയ പാട്ടിന്റെ ഭാഷ സംസാരിക്കുന്ന മനുഷ്യർക്കിടയിൽ ആ മൂന്നക്ഷരം എളുപ്പത്തിൽ പ്രചാരം കൊണ്ടു.
കമലഹാസന്റെ ശബ്ദമായും എസ് പി ബി ഉണ്ടായിരുന്നു. എന്നാൽ അത് പാട്ട് പാടാൻ ആയിരുന്നില്ല. തെലുങ്കിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന ചിത്രങ്ങളിൽ കമൽഹാസന് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. കമൽഹാസന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ ദശാവതാരത്തിൽ ഏഴോളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. ഗായകനും സംഗീതസംവിധായകനും അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ് അദ്ദേഹം. മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റിനുള്ള അവാർഡ് വരെ അദ്ദേഹത്തെ തേടിയെത്തി.
ഇളയരാജ കഴിഞ്ഞാൽ അദ്ദേഹം ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് എ.ആർ റഹ്മാനൊപ്പമാണ്. 1996-ൽ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ 'തങ്കത്താമരേ' എന്ന ഗാനത്തിന് ആ വർഷത്തെ മികച്ച ഗായകനുള്ള നാഷണൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 2001-ൽ പദ്മശ്രീ, 2011-ൽ പദ്മഭൂഷൺ ബഹുമതികളും തേടിയെത്തി.

കോവിഡ് രോഗാനന്തരം 2020 സെപ്റ്റംബർ 25-ന് ആ സ്വരമാധുര്യം ഭൗതികമായി നിലച്ചു. ഏറ്റവും ഒടുവിൽ കോവിഡ് മഹാമാരിക്കെതിരെ ഇളയരാജ സംഗീതം നൽകിയ "ഭാരത് ഭൂമി" എന്ന ഗാനവും പാടിയതിന് ശേഷമാണ് ഈ മണ്ണിൽ നിന്നും അദ്ദേഹം അനശ്വരനായി മാറിയത്. തന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്കും വരും കാലഘട്ടത്തിലും അവരുടെയും വരും തലമുറയ്ക്കും കേട്ടാലും മതിയാവാത്ത അനേകായിരം ഗാനങ്ങളാണ് ശബ്ദത്തിലൂടെ സമ്മാനിച്ചത്. ഓർമ്മ എന്ന വാക്കിന് ഒരു അർത്ഥമേ ഉള്ളൂ. ഇടയ്ക്കിടയ്ക്ക് മനസ്സിൽ തെളിഞ്ഞു വരുന്നത് എന്ന്. എസ് പി ബി എന്ന മൂന്നക്ഷരവും പുഞ്ചിരി തൂകുന്ന ആ മുഖവും സുന്ദരമായ ശബ്ദവും വരുംകാലങ്ങളിലും ഓർക്കും.