മണിരത്തിനത്തിന്റെ അടുത്തടുത്ത രണ്ട് തമിഴ് പടങ്ങളിൽ (ഇദയകോവിൽ, മൗനരാഗം) നായകനായിരുന്നു.
"അഞ്ജലി'യിലേക്കും മണിരത്തിനം വിളിച്ചതാണ്. മൂന്ന് കുട്ടികളുടെ അച്ഛനായി നടിച്ചാൽ ആരാധകർ പിണങ്ങുമെന്നും പറഞ്ഞ് ഒഴിഞ്ഞു.
കമലഹാസനുമായി പിണങ്ങിയ കെ.ബാലചന്ദർ വിളിച്ചത് "ഏക് ദുജേ കേലിയേ ' യുടെ തമിഴിൽ നായകനാവാൻ. മറ്റൊരു പടത്തിനു വേണ്ടി മുടി വെട്ടിയ സമയമായിരുന്നു. അതും പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നെ "സിന്ദുഭൈരവി ' യിലേക്കും ബാലചന്ദർ വിളിച്ചു. മൂന്നുനാലു പടങ്ങളിൽ തിരക്കിട്ട് അഭിനയിക്കുന്ന കാലം. ഡേറ്റ് ഇല്ലെന്നും പറഞ്ഞ് അതും വിട്ടു.
പൊങ്കലിനോ ദീപാവലിക്കോ എന്നോർമ്മയില്ല, ഒരാഴ്ചയിലെ മൂന്ന് മുൻനിര റിലീസുകളിൽ നായകനായിരുന്നു. മൂന്നും ഹിറ്റ്.
അക്കാലത്ത് മദ്രാസ് കോടമ്പാക്കം ഹൈ റോഡിലെ പാംഗ്രോവ് ഹോട്ടലിന്റെ മുൻപിൽ കോളേജ് കുമാരികൾ കാത്തു നിൽക്കും - ഫിയറ്റ് കാറോടിച്ച് കടന്നു പോകുന്ന ഹീറോയെ ചുമ്മാ ഒന്ന് കാണാൻ. അന്ന് കമലഹാസനേക്കാൾ രജനീകാന്തിനേക്കാൾ ആരാധികമാരുണ്ടായിരുന്നു.
എൺപതുകളിൽ തമിഴിൽ ഒരു കൊല്ലം റിലീസായ 20 പടങ്ങളിൽ വരെ നായകനായിരുന്നു.
അയാൾ മൈക്ക് കയ്യിൽ പിടിച്ച് പാടുന്നത്, കാമുകിയുടെ കൈപിടിച്ച് ഊട്ടിയിലേയും കോടൈക്കനാലിലേയും പൂന്തോപ്പുകളിലൂടെ പാട്ടുംപാടി നടക്കുന്നത്, കൈവിട്ടുപോയ കൂട്ടുകാരിയെ ഓർത്ത് ഇളയരാജയുടെ ഈണത്തിലും എസ്.പി.ബാലസുബ്രമണ്യത്തിന്റെ ശബ്ദത്തിലും ഉരുകുന്നത്....
തമിഴ് യൗവ്വനം ആ കാഴ്ചകൾ കണ്ട് അയാളോടൊപ്പം ഉന്മാദിച്ചു, ഉരുകി. സന്തോഷത്തിലും സന്താപത്തിലും അയാളെ ഏറ്റു പാടി.
അയാൾ മൈക്ക് പിടിച്ച് പാടുന്നൊരു രംഗം ബോക്‌സോഫീസിൽ ഭാഗ്യം കൊണ്ടുവരുമെന്ന് നിർമാതാക്കൾ വിശ്വസിച്ചു. കൂട്ടുകാരിയുടെ കാതുകളോടെന്ന പോലെ തരളിതമായാണ് അയാൾ മൈക്കിനോട് മന്ത്രിച്ചത്.
"മൈക്ക്' എന്ന് അയാൾക്ക് വിളിപ്പേര് വീഴുക വരെ ചെയ്തു, ഏതാണ്ടൊരു ഔദ്യോഗിക ബഹുമതി എന്ന പോലെ.
അങ്ങനെയാണ് കാലം ചിലരെ ഇറക്കി വിടുന്നത്
അയാൾ സിംപിളായിരുന്നു. അസാമാന്യ അഭിനയശേഷി അവകാശപ്പെട്ടില്ല. ഉണ്ടായിരുന്നുമില്ല. കമലഹാസനെയോ തന്നെത്തന്നെയോ അനുകരിക്കാൻ മടിച്ചില്ല.
അമാനുഷിക നായകനായി ഒരു പടത്തിൽ പോലും വന്നില്ല.
ഉപജാപക വൃന്ദങ്ങളുടെ അകമ്പടിയില്ലാതെ, രസികമൺട്രങ്ങളുടെ ആരവങ്ങളില്ലാതെ ഒറ്റക്ക് നടന്നു. സ്വന്തം കാർ സ്വയം ഡ്രൈവ് ചെയ്തു. ദിവസം 20 മണിക്കൂർ ജോലി ചെയ്തു. മടങ്ങി വന്ന ചെക്കുകളിൽ വക്കീൽനോട്ടീസ് അയച്ചില്ല.
ആർക്കും എപ്പോഴും ചെന്ന് കാണാമായിരുന്നു.
ഒരിക്കലും ഡേറ്റ് തെറ്റിച്ചില്ല. ഡേറ്റില്ലെങ്കിൽ, ഡേറ്റില്ല എന്ന് കെ.ബാലചന്ദറിനോട് പോലും തുറന്ന് പറഞ്ഞു.
പുതുമുഖ സംവിധായകരെ വാൽസല്യത്തോടെ കേട്ടു. അവരോടൊപ്പം വൻവിജയങ്ങൾ ഉണ്ടാക്കി.
ആട്ടോഗ്രാഫ് ചോദിച്ച ആരാധികമാരോട് ഫോൺ നമ്പർ ചോദിച്ചില്ല. പ്രലോഭനങ്ങളെ, തടുക്കാവുന്നത്ര, തടുത്തു. അയാളുടെ കാമുകിയും ഭാവിവധുവുമാകാൻ മുൻനിര നായികമാരെ അമ്മയച്ഛന്മാർ പ്രോൽസാഹിപ്പിച്ചിരുന്നതായും കേട്ടിട്ടുണ്ട്.
മാധ്യമ പ്രവർത്തകർക്ക് അയാളുടെ മുറിയിൽ ഏതു സമയവും കടന്നു ചെല്ലാമായിരുന്നു.
തമിഴൻ അല്ലായിരുന്നു. തെറ്റില്ലാതെ തമിഴ് പറയാൻ അറിയില്ലായിരുന്നു. എസ്.എൻ.സുരേന്ദറിന്റെ ഒട്ടും ഗാംഭീര്യമില്ലാത്ത നനുത്ത ശബ്ദത്തിലുള്ള ഡയലോഗുകൾക്ക് അയാൾ എന്നിട്ടും അനശ്വരമായി ചുണ്ടനക്കി (എത്രയോ യുവതാരങ്ങൾക്ക് ശബ്ദം കൊടുത്ത ഡബ്ബിങ് ആർട്ടിസ്റ്റ് എസ്.എൻ.സുരേന്ദർ ഇന്നും ഓർമിക്കപ്പെടുന്നത് മോഹന്റെ പേരിനൊപ്പമാണ്. മോഹന്റെ പേരിൽ മാത്രം).
ഇളയരാജയുടെ അഭൗമ സംഗീതത്തിൽ എസ്.പി.ബാലസുബ്രമണ്യവും യേശുദാസും അയാളിലൂടെ പാടി. പാട്ടുകൾക്ക് ചുണ്ടനക്കുന്നതിൽ ശിവാജി ഗണേശനേയും പ്രേം നസീറിനെയും ഓർമ്മിപ്പിക്കുന്നു അയാൾ എന്ന് ശബ്ദലേഖകർ പറഞ്ഞു.
80 നും 90 നും ഇടയിൽ മാത്രം നൂറോളം പടങ്ങൾ. ഒട്ടുമിക്കതും സൂപ്പർ ഹിറ്റ്. പിന്നെ ഒരു ദിവസം അയാളെ തേടി നല്ല നിർമാതാക്കൾ, നല്ല സംവിധായകർ, നല്ല കഥകൾ വരാതായി. അയാളുടെ പടങ്ങൾക്ക് ആളുകൾ കയറാതായി.
പിന്നെ ഒരു ദിവസം അയാൾ കോടമ്പാക്കത്തു നിന്ന് ഇറങ്ങി നടന്നു. സ്‌ക്രീനിൽ നിന്ന് ഇറങ്ങി നടന്നു. സിനിമയിൽ നിന്നും ഇറങ്ങി നടന്നു. ഇറക്കിവിട്ടതാണെന്നും പറയാം.
ഇന്നിപ്പോൾ അയാൾ എവിടെയാവും? എന്തു ചെയ്യുന്നുണ്ടാവും? ജരാനരകൾ ഒളിച്ചുവെക്കാതെ, നിരാശനും ഹതാശനുമെന്ന് മറച്ചുവെക്കാതെ, ജീവിതത്തിലും സിനിമയിലും ഒട്ടും പ്രതീക്ഷ ബാക്കിവെക്കാതെ, ആഘോഷങ്ങളുടെ സമൃദ്ധ ഭൂതകാലങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട എല്ലാ പരാജിതരെയും പോലെ, ഏറ്റവും വില കുറഞ്ഞ മദ്യവുമായി വഴിതെറ്റി വന്നുകയറാനിടയുള്ള ഏതോ പഴയ ആരാധകനെയും കാത്ത്, വസന്തകാലത്തിന്റെ വികൃതമായ മറവിരൂപം പോലെ, ഉണങ്ങിയ കണ്ണുകളെ ഓർമകൾ ഒഴിഞ്ഞു പോയ വിജന വിദൂരതയിലേക്കയച്ച്, മദിരാശി നഗരപ്രാന്തത്തിലെ ഏതോ കുടുസ്സുമുറിയിൽ കുടുംബത്താൽ പോലും കയ്യൊഴിയപ്പെട്ട് കഴിയുന്നുണ്ടാവും, അല്ലേ?
അങ്ങനെയാണല്ലോ സിനിമയുടെ നിയമങ്ങൾ.
തോറ്റുപോയവരെ കാണുകയോ കാണിക്കുകയോ ഇല്ല അത്.
അഴിഞ്ഞു വീഴാതെ ആ തലപ്പാവ്
പക്ഷേ, നിങ്ങളുടെ നിഗമനം തെറ്റിയിരിക്കുന്നു. അവസാന ഹിറ്റ് പുറത്തിറങ്ങി 32 വർഷം കടന്നു പോയ, കഴിഞ്ഞ 30 വർഷത്തിനിടെ വെറും മൂന്നു പടങ്ങളിൽ മാത്രം അഭിനയിച്ച ആ നടൻ, ഇന്ന് ഈ അറുപത്തിമൂന്നാം പിറന്നാളിലും, തമിഴകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന താരങ്ങളിലൊന്നാണ്. അയാളെ ഒരിക്കലെങ്കിലും ഓർമ വരാതെ നിങ്ങൾക്ക് ഇന്നും തമിഴ്‌നാട്ടിലെ ഒരു തെരുവും താണ്ടാനാവില്ല. ഓട്ടോയിൽ, ടാക്‌സിയിൽ, റെയിൽവേ സ്റ്റേഷനിലെ പരസ്യപ്രദർശന സ്‌ക്രീനിൽ, കല്യാണമണ്ഡപങ്ങളിൽ, അയാൾ അശരീരിയായി നിങ്ങളുടെ മുൻപിലെത്തും. എഫ്.എം.റേഡിയോകൾക്ക് അയാളുടെ പാട്ടില്ലാതെ ഒഴുകാനാവില്ല. സിനിമയെ ഇഷ്ടപ്പെടുന്ന പത്ത് തമിഴരെ മൊബൈലിൽ വിളിച്ച് നോക്കൂ. മൂന്നു പേരിലെങ്കിലും കോളർ ട്യൂൺ അയാളായിരിക്കും. മധുരയിലോ മലേഷ്യയിലോ മാഞ്ചസ്റ്ററിലോ ആവട്ടെ, ഒരു തമിഴ് സദസ്സിനു മുന്നിൽ എസ്.പി.ബാലസുബ്രമണ്യത്തിനോ യേശുദാസിനോ അയാളെ ഓർമിപ്പിക്കാതെ ഒരു ഗാനമേള പൂർത്തിയാക്കാനാവില്ല.
സിനിമയും സിനിമക്കാരും ഒട്ടുമേ കൗതുകക്കാഴ്ച്ചയല്ലാത്ത കോടമ്പാക്കം - വടപളനി - സാലിഗ്രാമം തെരുവുകളിൽ പോലും അയാൾ കാറിൽ നിന്നിറങ്ങി നടന്നാൽ ഇന്നും വാഹനങ്ങൾ റോഡിൽ കിടക്കും.
മൂന്ന് മൂന്നര പതിറ്റാണ്ട് കടന്നുപോയത് അയാൾ അറിഞ്ഞിട്ടില്ലെന്ന് അയാളെ ഇന്നും കണ്ടാൽ നിങ്ങൾക്ക് തോന്നും. 30-32 വർഷം മുൻപ് ഒടുവിൽ അഭിനയിച്ചു നിർത്തിയ സീനിന്റെ തുടർച്ചയിൽ, ഒരു മെയ്ക്കപ്പ് ചെയ്ഞ്ച് പോലുമില്ലാതെ ഇന്നും അയാൾക്ക് അഭിനയിക്കാനാവും. ഇന്നും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അയാൾ ആരാധകരുടെ യോഗം വിളിക്കും. അവിടെ മൈക്കും പിടിച്ചിരുന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടികൾ പറയും. ചെന്നൈയിലെ സിനിമാ ചടങ്ങുകളിലെല്ലാം ഇന്നത്തെ ഏറ്റവും തിളക്കമുള്ള താരങ്ങളേക്കാൾ സജീവമായി അയാളുണ്ടാവും. മദ്രാസ് ഫിലിം ഫെസ്റ്റിവലുകളിൽ സംഘാടകനായും സദസ്സിലൊരാളായും അയാളെ കാണാം (പൃഥ്വിരാജിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്ത "തലപ്പാവ്' എന്ന മലയാളം സിനിമ അയാളാണ് നിർമിച്ചത്!). സുഹാസിനിയും ലിസിയും മോഹൻലാലുമൊക്കെ ചേർന്ന് സംഘടിപ്പിക്കാറുള്ള 80 കളിലെ താരങ്ങളുടെ സംഗമത്തിൽ അയാൾ വലിയ മുടക്കമില്ലാതെ എത്താറുണ്ട്.
ഏതുസഭയിലും അയാൾക്ക് മാത്രമായി ചില കയ്യടികൾ ബാക്കിയുണ്ടാവും. അത് ആ പാട്ടുകൾക്കുള്ള കയ്യടികളാണ്. അതെ. ആ പാട്ടുകളാണ് അയാളെ അനശ്വരവും നിത്യഹരിതവുമാക്കിയത്.
ഈ ലോക്ക് ഡൗൺ നാളുകളിലൊരിക്കൽ, ഏപ്രിൽ ഒന്നിനോ മറ്റോ, ചെന്നൈയിലെ വീട്ടിലിരുന്ന് സുഹാസിനി അയാളുമായി നടത്തിയ വീഡിയോ ചാറ്റ് വൈറലായിരുന്നു. അവരൊന്നിച്ച് അഭിനയിച്ച പാട്ടുകളെക്കുറിച്ചാണ് സുഹാസിനിക്ക് പറയാനും ഓർക്കാനുമുണ്ടായിരുന്നത് (വിചിത്രമെന്ന് പറയട്ടെ, അതിൽ പല പാട്ടുകളും അയാൾക്ക് ഓർമ്മ പോലും ഉണ്ടായിരുന്നില്ല!ആ മറവിയിൽ പോലുമുണ്ട്, മോഹിപ്പിക്കുന്ന ഓർമ്മകളുടെ ആധിക്യം, അതിന്റെ ധൂർത്ത്, ധാരാളിത്തം).
"He stood on llaiyaraja's legs.... '
ഒരു വർഷം മുൻപാണ്. ചെന്നൈ വൈ.എം.സി.എ. ഗ്രൗണ്ട്. ഇളയരാജയുടെ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോഷം.
ആശംസാ പ്രസംഗത്തിൽ രജനീകാന്ത് ഒരു പരിഭവം പറഞ്ഞു: ""രാജാ സാർ കൂടുതൽ നല്ല പാട്ടുകളൊക്കെ കമലഹാസനാണ് കൊടുത്തത്.. ''
ഇളയരാജ അത് കേട്ട് പൊട്ടിച്ചിരിച്ചു. സദസ്സിലെ കമലഹാസനെ ചൂണ്ടി പറഞ്ഞു: ""അങ്ങേർക്കും അത് തന്നെയാണ് പരാതി. നല്ല പാട്ടുകളൊക്കെ ഞാൻ രജനിക്കു കൊടുത്തു പോലും...''
എന്നിട്ട് ഇളയരാജ സദസ്സിനോട് ഇതു കൂടി പറഞ്ഞു: ""ഞാൻ താരങ്ങളെ നോക്കി പാട്ട് ഉണ്ടാക്കാറില്ല. നിങ്ങൾ നോക്കൂ, രാമരാജനും മോഹനും വേണ്ടി എത്രയോ നല്ല പാട്ടുകൾ ഞാൻ ഉണ്ടാക്കി. മോഹനെ നിങ്ങൾ മൈക്ക് മോഹൻ എന്നു വിളിക്കുന്നതു പോലും എന്റെ പാട്ടുകൾ കാരണമല്ലേ...''
ഇളയരാജയുടെ വാക്കുകളെ അത്യുക്തിയെന്ന് തള്ളിക്കളയേണ്ട. സ്‌ക്രീനിൽ നിന്നിറങ്ങി മൂന്ന് പതിറ്റാണ്ടിന് ശേഷവും പാട്ടു കൊണ്ടു മാത്രം ഓരോ നിമിഷവും ഓർമ്മിക്കപ്പെടുന്ന മറ്റേതു നടനുണ്ട്? ( " മാങ്കുയിലേ ' കേൾക്കുമ്പോൾ ഇളയരാജയോ എസ്.പി.ബി യോ ആണ്, രാമരാജനല്ല ഓർമ്മിക്കപ്പെടുക).
മോഹന്റെ "വീഴ്ച്ച'യുടെ കാരണങ്ങൾ വിവരിച്ച് ആരോ ഒരിക്കൽ എഴുതി:
" He stood on llaiyaraja's legs.... '.
ഇളയരാജയുടെ പാട്ടുകൾക്ക് മധുരം കുറഞ്ഞതോടെയാണ് മോഹന്റെ സിനിമാജീവിതത്തിനും മധുരം കുറഞ്ഞത് എന്ന് വിശ്വസിക്കുന്നവരാണേറെയും -എൺപതുകളിലെ രാജസംഗീതത്തിന് കാൽപ്പനിക മധുരം പകർന്നതിൽ മോഹന് അത്ര തന്നെ പങ്കുണ്ട് എന്നു വിശ്വസിക്കുന്നവരുമുണ്ടെങ്കിലും.
ഇന്നും പൊഴിയുന്ന ഇളയ നിലാ.....
ചെന്നൈ മൗണ്ട് റോഡിലെ പടുകൂറ്റൻ കട്ടൗട്ടുകളായിരുന്നു ഒരു കാലത്ത് മദിരാശിയെന്ന സിനിമാപ്പട്ടണത്തിൽ സിനിമാ പ്രേമികളെ ഏറ്റവുമേറെ ഹരം കൊള്ളിച്ചിരുന്ന മായികക്കാഴ്ച്ചകളിലൊന്ന്. മൗണ്ട് റോഡിലെ കട്ടൗട്ടിന്റെ ആകാരം താരപദവിയെ നിർണയിക്കുക വരെ ചെയ്തു അക്കാലത്ത്. ചെന്നൈയിൽ ഇളയരാജയുടെ കൂറ്റൻ കട്ടൗട്ട് ആദ്യമായ് വന്നത് 1982ലായിരുന്നു. ചിത്രം: "പയനങ്ങൾ മുടിവതില്ലൈ '. ചെന്നൈയിലെ ഒരു തിയ്യേറ്ററിൽ മാത്രം തുടർച്ചയായി 526 ദിവസം കളിച്ച "പയനങ്ങൾ മുടിവതില്ലൈ' ഇളയരാജയെ മാത്രമല്ല മോഹനെയും ഒറ്റരാത്രി കൊണ്ട് പെരിയ താരമാക്കി.
ഏഴ് പാട്ടുകൾ.
ഏഴും സൂപ്പർ ഹിറ്റ്.
"ഇളയനിലാ... പൊഴികിറതേ... ',
"ഏ.. ആത്താ ആത്തോരമാ വാരിയാ...',
"വൈഗരിയിൽ വൈഗൈക്കരയിൽ.. '
"മണിയോസൈ'.....
ചരിത്രമായ്ത്തീർന്ന പാടൽകൾ.
ഇന്നും തമിഴ്‌നാട്ടിലെ ജൂക്ക്‌ബോക്‌സുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പാട്ടുകളിലൊന്നാണ് "ഇളയനിലാ...'.
മോഹനെ തമിഴ്ത്തിരയിലെ നിത്യഹരിത പ്രണയ ഗായകനാക്കിയ പാട്ട്.
മരം ചുറ്റിപ്പാടിയാടുന്ന ബാച്ചിലർ കാമുകൻ മാത്രമായിരുന്നില്ല മോഹൻകഥാപാത്രങ്ങൾ. പ്രണയിയായ ഭർത്താവായും, ദാമ്പത്യത്തിനുമപ്പുറത്ത് പ്രണയം തേടുന്ന കാമുകനായും മോഹൻ ഹിറ്റുകളുണ്ടാക്കി. അക്കാലം ഗ്രാമീണ കൊട്ടകകളെ അടക്കി വാണിരുന്ന രാമരാജനും മറ്റും ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. " മുതൽ മര്യാദ' യിൽ ഭാരതിരാജ സ്വപ്നം കണ്ട നായകനെ തമിഴ് മധ്യവർഗ കുടുംബങ്ങൾക്ക് സ്വീകാര്യനാക്കിയത് മോഹനാണ് എന്നും പറയാം.
യേശുദാസിന്റെ തമിഴിലെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റുകളിലൊന്നായ ""രാജ രാജ ചോഴൻ ഞാൻ '' കണ്ടു നോക്കു.
ഒരേ പാട്ടിൽ അടുത്തടുത്ത ഷോട്ടുകളിൽ, അടുത്തടുത്ത ഫ്രെയിമുകളിൽ, ഭാര്യയേയും കാമുകിയേയും മാറിമാറി, അത്രമേൽ അരുമയായും കാതരമായും പ്രണയിക്കുന്നൊരു തമിഴ് നായകനെ വേറെങ്ങ് കാണും?
നഷ്ടപ്രണയത്തിന്റെ ഉണങ്ങാമുറിവുമായി കതിർമണ്ഡപത്തിലേക്ക് നിർബന്ധിക്കപ്പെട്ട ഓരോ തമിഴ്‌പ്പെണ്ണും സ്വപ്നം കണ്ടിരിക്കണം, "മൗനരാഗ' ത്തിലെപ്പോലൊരു ഭർത്താവിനെ. "നിലാവേ വാ... സെല്ലാതേ വാ...' എന്ന ആ പാട്ടു കൊണ്ടു മാത്രം കൂടിച്ചേർന്ന എത്രയോ കുടുംബങ്ങൾ, കൂട്ടുകൾ.
"മൻട്രം വന്ത തെൻട്രലുക്ക് മഞ്ചം വര നെഞ്ചം ഇല്ലയോ..',"ഇദയം ഒരു കോവിൽ...', "മലയോരം വീശും കാറ്റ്...', "സംഗീതമേഘം തേൻ സിന്തും നേരം...', " പാടവാ എൻ പാടലേ...', "വാ വെണ്ണിലാ ഉന്നൈ താനേ വാനം തേടുത്...'...... എൺപതുകളിലെ തമിഴ് പ്രണയത്തിന്റെ കഥ മോഹന്റെ കൂടി കഥയാണ്.
(മോഹൻ കഥാപാത്രങ്ങളുടെ സംഭാഷണവും സവിശേഷമായിരുന്നു. ഒതുങ്ങിയ, നനുത്ത, വിഷാദം മുറ്റിയ ആ ശബ്ദത്തെയും ചേർത്താണ് മോഹനെ ആരാധകർ ഇഷ്ടപ്പെട്ടത്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ ഒന്നിൽ പോലും പക്ഷേ, സ്വന്തം ശബ്ദത്തിലല്ല മോഹൻ സംസാരിച്ചത്. ഇന്ന് ഭംഗിയായി തമിഴ് സംസാരിക്കുമെങ്കിലും കന്നഡം കലർന്നതായിരുന്നു അക്കാല മോഹന്റെ തമിഴ്.
ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനും നടൻ വിജയ്യുടെ അമ്മാവനുമായ എസ്.എൻ. സുരേന്ദറാണ് മോഹന് പതിവായി ശബ്ദം കൊടുത്തത്. ഇളയരാജയുടെ സംഗീതത്തിന് ഓരോ വിജയാഘോഷ വേദിയിലും നന്ദി പറഞ്ഞ മോഹൻ, പക്ഷേ, സുരേന്ദറിന്റെ ശബ്ദത്തിന് ഒരിക്കലും നന്ദി പ്രകടിപ്പിച്ചില്ല. ആ പേര് പോലും മോഹൻ എവിടെയും ഉച്ചരിച്ചില്ല. തന്റെ കല്യാണത്തിന് വരാത്തതിൽ പ്രതിഷേധിച്ച് സുരേന്ദർ പിന്നീട് മോഹൻപടങ്ങളിൽ നിന്ന് പിന്മാറി.
കലൈഞ്ജർ കരുണാനിധിയുടെ തിരക്കഥയിൽ കൊച്ചിൻ ഹനീഫ് സംവിധാനം ചെയ്ത "പാസപ്പറവൈകൾ ' - മമ്മൂട്ടിയുടെ "മൂന്നു മാസങ്ങൾക്കു മുൻപി 'ന്റെ റീമേയ്ക്ക് - മുതലാണ് മോഹന്റെ കഥാപാത്രങ്ങൾ സ്വന്തം ശബ്ദത്തിൽ തമിഴ് പറഞ്ഞുതുടങ്ങിയത്. നല്ല ശബ്ദമാണല്ലോ, സ്വയം ഡബ്ബ് ചെയ്തു കൂടേ, എന്ന് കരുണാനിധി പ്രോൽസാഹിപ്പിക്കുകയായിരുന്നുവത്രെ.)
മോഹൻ ഒരു ഗാനം
ബാംഗ്ലൂരിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു മോഹൻ റാവു. നാടകാചാര്യൻ ബി.വി.കാരന്തിനെ ഒരു റസ്റ്റോറന്റിൽ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. നാടകവേദിയിൽ നിന്ന് സിനിമയിലേക്ക് കണ്ടെടുത്തതൊരു ലങ്കൻ തമിഴൻ : ബാലു മഹേന്ദ്ര. കമലഹാസനൊപ്പം നടിച്ച "കോകില' (കന്നഡ) ആയിരുന്നു അരങ്ങേറ്റം. 1977 ൽ.
ബാലു മഹേന്ദ്രയുടെ തന്നെ "മൂടുപനി' യിലൂടെ (1980) തമിഴിൽ ഇടമുറപ്പിച്ചു. ("മൂടൽമഞ്ഞ് ' എന്ന മലയാളം മൊഴിമാറ്റവും ശ്രദ്ധിക്കപ്പെട്ടു ). അതേ വർഷം മഹേന്ദ്രന്റെ "നെഞ്ചത്തെ കിള്ളാതെ' ഇളയരാജയുടെ ഈണത്തിലേറി 300 ദിവസത്തിലേറെ ഓടി മോഹനെ താരമാക്കി. അടുത്ത വർഷം ദൊരൈ സംവിധാനം ചെയ്ത "കിളിഞ്ചൽകൾ' 250 ദിവസം. ("റൂബി മൈ ഡാർലിങ്' എന്ന പേരിൽ മലയാളത്തിലും ഹിറ്റ്). 82-ൽ ബോക്‌സോഫീസ് റെക്കോഡുകൾ തിരുത്തിക്കുറിച്ച് ആർ.സുന്ദർരാജന്റെ "പയനങ്ങൾ മുടിവതില്ലൈ'. അങ്ങനെ പത്തു വർഷത്തോളം പാട്ടുംപാടി ജയിച്ചു കൊണ്ടിരുന്നു മോഹൻ. 86-ൽ "മെല്ലെ തിറന്തത് കതക് ' എന്ന ചിത്രത്തിൽ മോഹനു വേണ്ടി പാട്ടുകളൊരുക്കാൻ എം.എസ്.വിശ്വനാഥനും ഇളയരാജയും ഒന്നിക്കുക വരെ ചെയ്തു.
പൂർണിമ, അംബിക, രാധ, രാധിക, രേവതി, സുഹാസിനി, അമല... അക്കാലത്തെ മുൻനിര നായികമാരെല്ലാം മോഹനുമൊത്ത് മൽസരിച്ചഭിനയിച്ചു. അഥവാ, മോഹനുമൊത്ത് അഭിനയിക്കാൻ മൽസരിച്ചു.
മോഹൻ നായകനായ പടങ്ങളിൽ മൂന്നിലൊന്നും തിയ്യേറ്ററുകളിൽ 25 വാരം കളിച്ചതായാണ് കണക്ക്. അങ്ങനെ "സിൽവർ ജൂബിലി സ്റ്റാർ'' എന്നറിയപ്പെട്ടു. (പൃഥ്വിരാജിന്റെ "തലപ്പാവ്' എന്ന മലയാള പടം മോഹൻ നിർമിച്ചത് സിൽവർ ജൂബിലി സ്റ്റാറിന്റെ പേരിലായിരുന്നു).
1990 - ഓടെയായിരുന്നു മോഹന്റെ വീഴ്ച. മാരക രോഗമുണ്ടെന്ന് കോടമ്പാക്കത്ത് പ്രചരിച്ച കിംവദന്തിയാണ് വീഴ്ത്തിയതെന്ന് വിശ്വസിക്കുന്നവരുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പക തീർക്കാനൊരു മുൻ നായികയാണ് ആ പ്രചരണം അഴിച്ചുവിട്ടത് എന്നത് മറ്റൊരു കിംവദന്തി.
പടങ്ങളില്ലാതെ കുറെക്കാലം ബാംഗ്ലൂരിലും അമേരിക്കയിലുമായി കഴിച്ചു കൂട്ടി. 1999ൽ "അൻപുള്ള കാതൽ ' എന്ന പേരിൽ സ്വയം നിർമിച്ച് സംവിധാനം ചെയ്തത് ഓർക്കാനിഷ്ടപ്പെടാത്ത ഓർമ. 2008 ൽ നായകനായ "ചുട്ടപഴം' മറ്റൊരബദ്ധം. ഇടയ്ക്ക് കൈപ്പിഴ പോലെ രണ്ടോ മൂന്നോ തെലുഗ് / കന്നഡ പടങ്ങളും (മദാലസ, പൊന്മുടി, ഞാനൊന്നു പറയട്ടെ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു, തുടക്കകാലത്ത് ).
അച്ഛൻവേഷങ്ങളിലേക്ക് എത്രയോ വിളികൾ ഇന്നും വരുന്നുണ്ട്. പക്ഷേ, നായകനിൽ കുറഞ്ഞൊന്നുമാവാൻ മോഹന് കഴിയില്ലല്ലോ (പണ്ട്, നായകനായി തിളങ്ങുന്ന കാലത്ത്, കൊടും വില്ലനായഭിനയിച്ച "നൂറാവത് നാളും ' ബംപർ ഹിറ്റായിരുന്നു. തുടർ കൊലകൾ നടത്തി മൃതദേഹങ്ങൾ ഭിത്തിയിൽ ഒളിപ്പിക്കുന്ന ആ പടത്തിലെ രംഗങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് പിൽക്കാലത്ത് തൂക്കിലേറ്റപ്പെട്ട സീരിയൽ കില്ലർ ഓട്ടോശങ്കർ വെളിപ്പെടുത്തി).
ഈ വർഷമാദ്യം, ജനുവരി അഞ്ചിന്, ചെന്നൈയിൽ മോഹൻ ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായകനായി പുതിയ പടം ഇക്കൊല്ലം തന്നെയുണ്ടാവുമെന്ന് കൂടിക്കാഴ്ചയിൽ മോഹൻ വെളിപ്പെടുത്തിയത് തമിഴകത്ത് വലിയ വാർത്താപ്രാധാന്യം നേടി.
ആരാധകർ, പക്ഷേ, അത് വിശ്വസിച്ചിട്ടില്ല. പത്ത് വർഷത്തിലേറെയായി അവർ കേൾക്കുന്നതാണ് ആ മോഹനവാഗ്ദാനം.
മോഹൻ ആ വാഗ്ദാനം നിറവേറ്റിയില്ലെങ്കിലും അവർക്ക് ക്ഷമിക്കാനാവും. കാരണം, ഒരായുഷ്‌ക്കാലത്തേക്കുള്ള പ്രണയ വാഗ്ദാനങ്ങൾ പോലെ ആ പാട്ടുകൾ അവരുടെ ചുറ്റിലുണ്ട്. അവരുടെ ഉള്ളിലുണ്ട്. ഓരോ ദിവസവും, ഓരോ തെരുവും അവരെ അത് കേൾപ്പിക്കുന്നുമുണ്ട്..