ആറു വർഷമായി ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിക്കുന്ന ഒരാളാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതം വളരെ ഗൗരവമായി മനസിലാക്കുന്നതിനൊപ്പം മറ്റെല്ലാ സംഗീതശാഖകളോടും താത്പര്യം പുലർത്തുന്നയാളുമാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം എഴുതുന്നത്.
തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലുണ്ടായത് ലിംഗവിവേചന പ്രശ്നമാണ്. അതിനെ സംഗീതകോളേജിൽ മാത്രമുള്ള ഒരു പ്രശ്നമായി കാണാൻ പറ്റില്ല, അത് ഒരുവിധം എല്ലാ സ്ഥലങ്ങളിലും കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ അതിനെ ഒരു പൊതുവിഷയമായാണ് കാണേണ്ടത്. എല്ലായിടങ്ങളിലും കാണുന്ന ഒരു സാമൂഹികപ്രശ്നം എന്ന നിലയിലാണ് അതിനെ മനസിലാക്കേണ്ടത്.
ഇവിടെ പറയുന്നത് മറ്റൊരു വിഷയമാണ്. ഞാൻ 2021-22 അധ്യയനവർഷം കേരളത്തിലെ ഒരു ഗവൺമെൻറ് മ്യൂസിക് കോളേജിൽ ബി.എ. മ്യൂസിക്കിന് ചേരുകയും രണ്ടാമത്തെ സെമസ്റ്ററിൽ വെച്ച് പഠനം നിർത്തുകയും ചെയ്തു. എന്റെ അഭിരുചിയുമായി കൂടി ബന്ധപ്പെട്ട കാരണം കൊണ്ടാണ് കോഴ്സ് നിർത്തേണ്ടിവന്നത്.
കർണാടക സംഗീതത്തോടുള്ള എന്റെ അഭിരുചി വളരെ കുറവാണ്. ഞാൻ പിന്നെ എന്തിന് സംഗീതകോളേജിൽ പോയി എന്നു ചോദിച്ചാൽ, സംഗീതത്തിൽ ഒരു ബിരുദം വേണമെന്ന് തോന്നിയ ഘട്ടത്തിലാണ് ബി.എ. മ്യൂസിക്കിന് ചേരുന്നത്. അക്കാദമിക്കായും അല്ലാതെയും സംഗീതം കൂടുതൽ പഠിക്കണമെന്ന് താത്പര്യമുണ്ട്. അതോടൊപ്പം, ഒരു ബിരുദം കൂടി വേണമെന്ന ആഗ്രഹമുണ്ടായി.
സംഗീതത്തിൽ ബിരുദമെടുക്കണമെന്നാഗ്രഹിക്കുന്ന കേരളത്തിലുള്ള ഒരാൾക്ക് കർണാടക സംഗീതം പഠിക്കാൻ മാത്രമെ ഇവിടെ അവസരമുള്ളൂ എന്നതാണ് യാഥാർഥ്യം. സംഗീതം അക്കാദമിക്കായി പഠിക്കണമെങ്കിൽ കർണാടക സംഗീതം മാത്രം പഠിച്ചാൽ മതിയെന്ന സ്ഥിതി കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതം അക്കാദമിക്കായി പഠിക്കണമെങ്കിൽ ഉത്തരേന്ത്യയിലേക്ക് പോകേണ്ടിവരും. ഇത് രണ്ടുമല്ലാത്ത മ്യൂസിക്കിനെക്കുറിച്ച് പഠിക്കണമെങ്കിൽ അതിനുള്ള അവസരം ഇവിടെയില്ല.
പതിറ്റാണ്ടുകളായി കോളേജുകളുടെ അകം പല രീതിയിൽ വരേണ്യവത്കരിക്കപ്പെട്ടാണ് നിൽക്കുന്നത്. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. അംഗീകൃത സർവകലാശാലയിൽനിന്ന് ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടുക എന്നത് ഒരാളുടെ അവകാശമാണ്. അങ്ങനെയുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായത്തിൽ ഏതെങ്കിലും ഒരു സംഗീതശാഖ മാത്രം പഠിച്ചാൽ മതി എന്ന് പറയുന്നത് ഫാസിസ്റ്റ് സമീപനമല്ലേ?. കാരണം, കേരളത്തിലെ സർവകലാശാലകളിലുള്ള ബി.എ. മ്യൂസിക്, എം.എ. മ്യൂസിക് കോഴ്സുകളുടെ സിലബസുകളിലെല്ലാം പ്രധാനമായിട്ടുള്ളത് കർണാടക സംഗീതമാണ്. കർണാടക സംഗീതം അല്ലാത്ത സംഗീതശാഖകളെക്കുറിച്ച് ഒരു പേജിൽ കവിയാത്ത ഒരു നോട്ട് മാത്രമേ സിലബസിൽ പരമാവധി കാണാൻ പറ്റൂ. കർണാടക സംഗീതമല്ല എന്റെ അഭിരുചി എന്നിരിക്കെ എനിക്ക് ഇവിടെ സംഗീതത്തിൽ ബിരുദം നേടാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇതൊരു വലിയ പ്രശ്നം തന്നെയാണ്.
പതിറ്റാണ്ടുകളായി പരിഷ്‌കരിക്കപ്പെടാത്ത സിലബസാണ് കേരളത്തിലെ സംഗീത കോളേജുകളിലെല്ലാമുള്ളത്. ഈ സിലബസ് പരിഷ്‌കരിക്കപ്പെടണം. ഒന്നുകിൽ പൊതുവായി എല്ലാ സംഗീതധാരകളെയും ഉൾപ്പെടുത്തണം, പിന്നീട് ഇഷ്ടമുള്ള സംഗീതധാരയിൽ സ്പെഷ്യലൈസ് ചെയ്ത് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടാനുള്ള അവസരം നൽകണം. അതല്ലെങ്കിൽ കർണാടക സംഗീതത്തിനൊപ്പം മറ്റു സംഗീതവിഭാഗങ്ങളിലും ബിരുദ കോഴ്സുകൾ തുടങ്ങണം. ഇതിലേതെങ്കിലുമൊരു രീതിയിൽ സംഗീത കോളേജുകളിലെ സിലബസ് പരിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. കർണാടക സംഗീതത്തിന്റെ പ്രത്യേകതകളും പരിമിതികളുമൊക്കെ നമുക്കറിയാം. ഒരു സംഗീത വിദ്യാർഥിയെ സംബന്ധിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു സംഗീത ബിരുദം നേടാൻ നമ്മുടെ സർവകലാശാലകളിലോ വിദ്യാഭ്യാസ സമ്പ്രദായത്തിലോ സാധിക്കില്ല എന്നത് ഒരു പ്രശ്നം തന്നെയാണെന്ന് എനിക്ക് വളരെ കാലമായി തോന്നിയിട്ടുള്ളതാണ്. ഇതൊക്കെ മനസിലാക്കിയാണ്, എനിക്കതിൽ അഭിരുചി കുറവാണ് എന്നറിഞ്ഞിട്ടും സംഗീത ബിരുദം നേടാൻ മറ്റു വഴികളില്ലാത്തതിൽ ഞാൻ ബി.എ. മ്യൂസിക്കിന് ചേർന്നത്. എങ്ങനെയെങ്കിലും പഠിച്ച് ബിരുദം നേടണമെന്ന ആഗ്രഹത്തിലാണ് കോളേജിൽ ചേർന്നത്. പക്ഷെ, തുടരാൻ കഴിഞ്ഞില്ല.
നഞ്ചമ്മ എന്ന ഗായികയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ പല ഭാഗത്തുനിന്നുമുണ്ടായ അസഹിഷ്ണുതയൊക്കെ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. സംഗീതത്തിന്റെ തലതൊട്ടപ്പൻ ശാസ്ത്രീയസംഗീതമാണ്, അതിനുതാഴെയാണ് മറ്റെല്ലാം എന്ന തോന്നൽ ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നതുകൊണ്ടായിരിക്കാം മറ്റു സംഗീതശാഖകളെ വിലകുറച്ചു കാണുകയും ശാസ്ത്രീയസംഗീതമാണ് പഠിക്കേണ്ടത് എന്ന് പറയുകയും ചെയ്യുന്നത്. കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതിനനുസരിച്ച് എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ടതുണ്ട്.