ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പായിരിക്കണം ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് എന്ന പ്രശസ്തമായ വ്യാപാര കേന്ദ്രം വഴി പോകുമ്പോള്‍ വിക്ടോറിയന്‍ മാതൃകയിലുള്ള കൂറ്റന്‍ വെള്ളത്തൂണുകള്‍ ഉള്ള റേഡിയോ & ഗ്രാമഫോണ്‍ ഹൗസ് എന്ന വലിയൊരു സ്ഥാപനം കണ്ണില്‍ പെടുന്നത്. അത് സിഡി കാലമാണ്. ഏറ്റവും പുതിയ സി ഡികളുടെ നിര തന്നെയുണ്ട്. പക്ഷേ എനിക്ക് വേണ്ടിയിരുന്നത് പഴയ ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ എല്‍ പി റെക്കോഡുകളായിരുന്നു. അത് ചോദിച്ചപ്പോള്‍ കടയുടമ വലിയ താല്‍പര്യം കാണിച്ചില്ല. "മുകളിലുണ്ട് പോയി ഇഷ്ടമുള്ളത് എടുത്തു കൊള്ളൂ" എന്ന് അലസമായി പറഞ്ഞു. ഞാന്‍ ഗോവണി കയറി മുകളിലേക്ക് പോയി. അധികം വെളിച്ചമില്ലാത്ത ഒരു മുറിയില്‍ കടലാസു പെട്ടിയില്‍ കുറെ എല്‍ പി റെക്കോഡുകള്‍ ഒരു ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്നു. അതിലേക്ക് നോക്കിയ എന്റെ കണ്ണു തള്ളി. ചൗദ്വിന്‍ കാ ചാന്ദ്, ബൈജു ബാവ്റ പോലെയുള്ള സംഗീത ഹിറ്റുകളുടെ ഉള്‍പ്പടെ മറക്കാനാവാത്ത കുറെ ആല്‍ബങ്ങളാണ് അലസമായി ഇട്ടിരിക്കുന്നത്. ഞാന്‍ കുറെ തിരഞ്ഞെടുത്തു. " ഇതൊന്നും ആരും വാങ്ങാറില്ല. ഇപ്പോള്‍ സി ഡി യുടെ കാലമല്ലേ". എന്റെയൊപ്പം മുകളിലേക്ക് വന്ന പയ്യന്‍ പറഞ്ഞു. അന്ന് തുച്ഛമായ വിലയേ അതിന് കൊടുക്കേണ്ടി വന്നുള്ളൂ എന്നാണ് ഓര്‍മ്മ. വാങ്ങിയെങ്കിലും അവ കേള്‍ക്കാനുള്ള എല്‍ പി റെക്കോഡ് പ്ലെയര്‍ ഇത് വരെ കിട്ടിയിട്ടില്ല. ഒരു കൗതുകത്തിന് വേണ്ടി ഇവ ഇപ്പോഴും സൂക്ഷിക്കുന്നു.
എല്‍ പി റെക്കോഡ് എന്നത് ലോംഗ് പ്ലേയിംഗ് റെക്കോഡ് എന്നതിന്റെ ചുരുക്കപ്പേരാണ്. ആദ്യകാലങ്ങളില്‍ പാട്ടുകള്‍ റെക്കോഡ് ചെയ്തിരുന്നത് ഗ്രാമഫോണ്‍ റെക്കോഡുകളിലാണ്. ഷെല്ലാക്ക് റെക്കോഡുകള്‍ എന്നറിയപ്പെട്ട ഇവ പ്രത്യേക തരം മെഴുക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. ഷെല്ലാക്ക് ഡിസ്ക്കുകള്‍ വരുന്നതിന് മുമ്പ് മെഴുക് സിലിണ്ടറുകള്‍ ഉപയോഗിച്ച സ്വനഗ്രാഹി സംവിധാനമാണ് ഉണ്ടായിരുന്നത്. ഷെല്ലാക്ക് റെക്കോഡുകള്‍ 78 ആര്‍ പി എം (Rotation per minute) വേഗത്തിലുള്ളവയായതു കൊണ്ട് 78 റെക്കോഡുകള്‍ എന്നും അറിയപ്പെട്ടിരുന്നു.
ഷെല്ലാക്ക് റെക്കോഡുകള്‍ ലോംഗ് പ്ലേയിംഗ് അല്ല. അതിന്റെ അടുത്ത തലമുറയായ വിനൈല്‍ ഡിസ്ക്കുകളാണ് ലോംഗ് പ്ലേയിംഗ് സംവിധാനം കൊണ്ടുവന്നത്. 1948ല്‍ കൊളംബിയ റെക്കോഡ്സ് എന്ന കമ്പനിയാണ് വിനൈല്‍ ഡിസ്ക്കുകള്‍ അവതരിപ്പിക്കുന്നത്. അത് അക്കാലത്ത് സംഗീതലോകത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വന്നത്.
ഡിസ്ക്കുകളുടെ ചരിത്രമന്വേഷിച്ചത് വെറുമൊരു കമ്പം കൊണ്ടായിരുന്നു. പക്ഷേ ആ അന്വേഷണം പുതിയ അറിവുകളുടെ ഒട്ടേറെ വാതിലുകള്‍ തുറന്നു തന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ഗ്രാമഫോണ്‍ റെക്കോഡില്‍ വാണിജ്യാടിസ്ഥാനത്തില്‍ പാട്ട് റെക്കോഡ് ചെയ്തത് ആരെന്ന അന്വേഷണമാണ് ഒട്ടേറെ കൗതുകങ്ങള്‍ ശ്രുതിയും ലയവും ചേര്‍ക്കുന്നതാണ് ഇന്ത്യന്‍ സംഗീത ചരിത്രമെന്ന് മനസിലാക്കി തന്നത്.
1902ല്‍ ഗ്രാമഫോണ്‍ കമ്പനിയുടെ റെക്കോഡിംഗ് എഞ്ചിനിയര്‍ ഫ്രെഡ് ഗെയ്സ്ബെര്‍ഗ് കല്‍ക്കട്ടയില്‍ കപ്പലിറങ്ങി. പാട്ട് റെക്കോഡ് ചെയ്യേണ്ട വമ്പന്‍ ഗ്രാമഫോണ്‍ ഉപകരണങ്ങളുമായാണ് കക്ഷി വന്നത്. ലോകമെങ്ങും ചുറ്റി അതത് സ്ഥലത്തെ സംഗീതം ഡിസ്കുകളില്‍ ആക്കുന്ന പണിയുടെ ഭാഗമായാണ് ഇന്ത്യന്‍ സംഗീതത്തെ റെക്കോഡ് ചെയ്യാനും അദ്ദേഹം എത്തിയത്. അന്ന് പല പ്രാദേശിക ഗായകരെയും പരീക്ഷിച്ചുവെങ്കിലും ഒരു സംഗീതജ്ഞന്‍ കൂടിയായ ഗെയ്സ്ബെര്‍ഗ് തൃപ്തനായില്ല. ഒടുവില്‍ ഒരു ബംഗാളി ജന്മിയുടെ ബംഗ്ലാവില്‍ നടന്ന സംഗീത സദിര് ഗ്രാമഫോണ്‍ കമ്പനിയുടെ ഇന്ത്യന്‍ സംഗീത റെക്കോഡിംഗിന്റെ തലവര തന്നെ മാറ്റി.
വെള്ളക്കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ നിന്നും സര്‍വാഭരണ വിഭൂഷിതയായി ഒരു യുവതി ഇറങ്ങി വന്നു. ബാല്‍ക്കണിയില്‍ നിന്നും നോക്കിയ ഗെയ്സ്ബെര്‍ഗ് കണ്ടത് അവരെ കാണാനും കേള്‍ക്കാനുമായി തെരുവില്‍ കൂടി നില്‍ക്കുന്ന ജനത്തെയാണ്. മരത്തിന്റെ മുകളില്‍ പോലും ചിലര്‍ കയറിപ്പറ്റിയിട്ടുണ്ട്.
അതായിരുന്നു കല്‍ക്കട്ടയുടെ സ്വന്തം ഗോഹാര്‍ ജാന്‍. ഒരു നഗരത്തെ മുഴുവന്‍ തന്റെ സ്വരത്തിലും സൗന്ദര്യത്തിലും തളച്ചു നിര്‍ത്തിയ ഗായിക. അവരുടെ ശബ്ദമാണ് ഇന്ത്യയില്‍ ആദ്യമായി ഗ്രാമഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ടത്. ഓരോ റെക്കോഡിംഗ് സെഷനും അവര്‍ ആവശ്യപ്പെട്ട പ്രതിഫലം 3,000 രൂപയായിരുന്നു! 1902ലെ 3,000 രൂപയുടെ വില ഓര്‍ത്തു നോക്കുക.
ഉത്തര്‍പ്രദേശിലെ അസംഗഢില്‍ 1873ല്‍ ജനിച്ച ഗോഹാര്‍ ജാന് പാട്ടിന്റെയും നൃത്തത്തിന്റെയും അനുഗ്രഹം ലഭിച്ചത് ദേവദാസിയായിരുന്ന മുത്തശ്ശി രുക്മിണിയില്‍ നിന്നാവണം. അമേരിക്കന്‍ പൗരനായിരുന്നു ഗോഹാറിന്റെ അച്ഛന്‍. അയാളെ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറിയിരുന്ന അമ്മ വിക്ടോറിയ എന്ന പേര് സ്വീകരിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ വിക്ടോറിയ പിന്നീട് വാരാണസിയിലേക്ക് പോയി. അന്ന് കാശി ദേവദാസികള്‍ അഥവാ തവായിഫുകള്‍ക്ക് പറ്റിയ പട്ടണമായിരുന്നു. അവിടെ വച്ച് ഗോഹാറിന്റെ അമ്മ ഒരു മുസ്ലീം പ്രമാണിയുമായി പ്രണയത്തിലാവുകയും മതം മാറി ബഡി മല്‍ക്കാ ജാന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. കാശിയിലെ അറിയപ്പെടുന്ന തവായിഫുകളായി അമ്മയും ഗോഹാറും അറിയപ്പെട്ടു. ഗോഹാറിന്റെ ആലാപന ശൈലി കാശിയിലെ കൊട്ടാരങ്ങളിലും ജന്മി മന്ദിരങ്ങളിലും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അന്ന് കല്‍ക്കട്ടയാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും സിനിമയുടെയുമെല്ലാം തലസ്ഥാനം. അങ്ങനെ ആ അമ്മയും മകളും ഭാഗ്യം തേടി കല്‍ക്കട്ടയിലെത്തി. ആ നഗരം അവര്‍ക്ക് അളവറ്റ സമ്പത്തും കീര്‍ത്തിയും നല്‍കി.
പുതിയ റെക്കോഡിംഗ് സാങ്കേതിക വിദ്യ ഗോഹാറിന്റെ സംഗീത ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കിയ അവരുടെ ഡിസ്ക്കുകള്‍ വില്‍പ്പനയില്‍ റെക്കോഡ് ഭേദിച്ചു മുന്നേറി. പിടിച്ചാല്‍ പിടി കിട്ടാത്ത തരത്തിലായി ഗോഹാറിന്റെ വളര്‍ച്ച. ദാത്തിയയിലെ നാട്ടുരാജാവ് തന്റെ സദസില്‍ പാടാന്‍ ഗോഹാറിനെ ക്ഷണിച്ചപ്പോള്‍ തന്റെ ഒപ്പം അഞ്ച് കുതിരകളും സഹായികളും അലക്കുകാരും ഉള്‍പ്പടെ 111 പേരുണ്ടാവുമെന്നും തന്റെ ടീമിനായി മാത്രം ഒരു ട്രെയിന്‍ ബുക്ക് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടുവെന്നും വിക്രം സമ്പത്ത് എഴുതിയ My name is Gauhar Jaan: the life and times of a musician എന്ന പുസ്തകത്തില്‍ പറയുന്നു.
ഗോഹാര്‍ മാത്രമല്ല ഗ്രാമഫോണ്‍ കമ്പനി 1902ല്‍ റെക്കോഡ് ചെയ്ത 516 ഡിസ്ക്കുകളില്‍ 80 ശതമാനവും ഗായികമാരുടേത് ആയിരുന്നു. വാണിജ്യ ഡിസ്ക്ക് രംഗത്ത് അങ്ങനെ തങ്ങളുടെ ശബ്ദത്തിലൂടെ ഇന്ത്യന്‍ ഗായികമാര്‍ ഒരു സ്ത്രീപക്ഷ വിപ്ലവം സൃഷ്ടിച്ചു.
ഇതിനെ തുടര്‍ന്ന് 1904, 1905 വര്‍ഷങ്ങളിലും ഗ്രാമഫോണ്‍ കമ്പനി ഇന്ത്യയില്‍ വന്ന് റെക്കോഡ് ചെയ്തത് കൂടുതലും ഗായികമാര്‍ തന്നെയായിരുന്നു. കല്‍ക്കട്ടയില്‍ നിന്നും ഗോഹാര്‍ ജാന് പുറമെ ബിനോദിനി ദാസി, ബേദനാ ദാസി, മാനദാ സുന്ദരി ദാസ് എന്നിവരുടെ ആലാപനവും മീറത്തിലെ കീതി ജാന്‍, ദില്ലിയിലെ കലി ജാന്‍, മുംതാസ് ജാന്‍, അസീസന്‍ ജാന്‍ എന്നിവരുടെയും ഗാനങ്ങള്‍ കമ്പനി ഗ്രാമഫോണ്‍ ഡിസ്ക്കിലേക്ക് പകര്‍ത്തി. ലക്നൗ, ബനാറസ്, പാനിപത്ത് എന്നീ നഗരങ്ങളിലും ഗായികമാരെ തന്നെയാണ് റെക്കോഡിംഗിനായി കമ്പനി തിരഞ്ഞെടുത്തത്.
തെക്ക് മദിരാശിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കാഞ്ചിപുരം ധനകോടി, സേലം ഗോദാവരി, ബാംഗ്ലൂര്‍ നാഗരത്നമ്മ, സേലം പാപ്പ എന്നീ ഗായികമാരുടെ ആലാപനം ഡിസ്ക്കിലേക്ക് പകര്‍ത്തി ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കി.
അന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ ഇവര്‍ ഗണികകള്‍ അഥവാ courtesan എന്ന് മാത്രമാണ് അറിയപ്പെട്ടത് എന്നതാണ് ഏറെ വിചിത്രം. ആട്ടക്കാരികളും അഭിസാരികകളും എന്ന് മുദ്ര കുത്തി സദാചാര സമൂഹം അവരെ മാറ്റി നിര്‍ത്തിയിരുന്നു. ചരിത്രം പരിശോധിച്ചാല്‍ ഇവരില്‍ നല്ലൊരു പങ്കും മുസ്ലീം സമുദായത്തില്‍ നിന്നുമുള്ളവരായിരുന്നു എന്നും കാണാം. അന്ന് ഗ്രാമഫോണ്‍ കമ്പനി റെക്കോഡ് ചെയ്ത പുരുഷ ശബ്ദങ്ങളില്‍ ഏറെയും മുസ്ലീം ഗായകരായിരുന്നു. ഗായകരെ കൂടാതെ ചില ഉപകരണ വാദ്യങ്ങളും അന്ന് കമ്പനി റെക്കോഡ് ചെയ്തിരുന്നു. സിതാര്‍ പോലെയുള്ളവ വായിച്ചത് കൂടുതലും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു.
ഗണികകള്‍ എന്ന് മാത്രം സമൂഹം വിളിച്ച ഇവര്‍ക്ക് പക്ഷേ പാടാന്‍ മാത്രമല്ല കവിത എഴുതാനും സംഗീതം നല്‍കാനും കൂടി കഴിവുണ്ടായിരുന്നു. ഗോഹാര്‍ ജാന്‍ മാത്രമല്ല അമ്മ ബഡി മല്‍ക്കയും ഉറുദുവില്‍ മനോഹരമായ കവിതകളെഴുതിയിട്ടുണ്ട്. ബാംഗ്ലൂര്‍ നാഗരത്നമ്മ എന്ന ഗായികയ്ക്കു് സംസ്കൃതത്തിലും നല്ല ജ്ഞാനമുണ്ടായിരുന്നു എന്ന് മാത്രമല്ല രാധാകൃഷ്ണ സങ്കല്‍പ്പത്തെ കുറിച്ച് എഴുതപ്പെട്ട ഒരു പുരാതന കൃതിക്ക് അവര്‍ സ്വതന്ത്ര വ്യാഖ്യാനവും ചമച്ചു. കല്‍ക്കട്ടയില്‍ നിന്നുള്ള ബിനോദിനി ദാസി എന്ന ഗായിക തന്റെ ആത്മകഥയില്‍ തന്നെ വേശ്യയായി മാത്രം ചിലര്‍ വിളിക്കുന്നതിനെ കുറിച്ചും മറ്റും മനോഹരമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്. അവരുടെ ആത്മകഥയില്‍ നിന്നും അന്ന് ഈ ഗായികമാര്‍ കടന്നു വന്ന നോവിന്റെ കാലത്തെ കുറിച്ച് മനസിലാക്കാനാവും.
ഗ്രാമഫോണ്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ റെക്കോഡിംഗ് വന്‍ വിജയമായിരുന്നു. കമ്പനിയുടെ വിജയം കണ്ട് മറ്റ് ചില ഡിസ്ക്ക് കമ്പനികളും അന്ന് ഇന്ത്യയില്‍ വേരുറപ്പിച്ചു തുടങ്ങിയിരുന്നു. ഏകദേശം ഒരു ദശകത്തിന് ശേഷം ഗ്രാമഫോണ്‍ കമ്പനി നടത്തിയ രണ്ടാം വരവിലും ഗായികമാരെ തന്നെയായിരുന്നു അവര്‍ റെക്കോഡിംഗിനായി തിരഞ്ഞെടുത്തത്. അവരില്‍ ഭൂരിഭാഗവും ദേവദാസി പാരമ്പര്യമുള്ളവര്‍. മദിരാശിയിലെ റെക്കോഡിംഗില്‍ എടുത്തു പറയേണ്ടത് കോയമ്പത്തൂര്‍ തായി എന്ന ഗായികയുടെ പേരാണ്. തായിയുടെ ശബ്ദം മറ്റ് ഏത് ഗായികമാരെക്കാളും വേറിട്ട് നിന്നു. തായിയുടെ അനുപമമായ ആലാപന ശൈലിയും ശബ്ദവും കേട്ട് കമ്പനിയുടെ എഞ്ചിനിയര്‍മാര്‍ അന്തം വിട്ടു നിന്നുവത്രെ. തായിയെ കൂടാതെ ജാന്‍കി ബായ്, സോഹ്റാ ബായ്, മുംതാസ് ജാന്‍ എന്നിവരും ഗ്രാമഫോണ്‍ കമ്പനിയുടെ സംഗീത കാറ്റലോഗ് സമ്പന്നമാക്കി. മദിരാശിയില്‍ കോയമ്പത്തൂര്‍ തായിക്ക് ശേഷം കെ ബി സുന്ദരാംബാളിനെ പോലെയുള്ള ഗായികമാരെയും ഗ്രാമഫോണ്‍ കമ്പനി അവതരിപ്പിച്ചു.
മദിരാശിയില്‍ വീണ പോലെയുള്ള സംഗീതോപകരണങ്ങളുടെ ഡിസ്ക്കും കമ്പനി പുറത്തിറക്കി. ഉപകരണ സംഗീതരംഗത്ത് മദിരാശിയില്‍ നിന്നും കമ്പനി കണ്ടെടുത്ത മുത്താണ് ധാനമ്മാള്‍. വീണയായിരുന്നു ധാനമ്മാളിന്റെ ഉപകരണം. അത് കൊണ്ട് വീണാധാനം എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. മദിരാശിയില്‍ ദേവദാസി തെരുവ് എന്നറിയപ്പെട്ടിരുന്ന ജോര്‍ജ്ജ് ടൗണിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ അവര്‍ നടത്തിയ വീണാ സദിരുകള്‍ പ്രസിദ്ധമായിരുന്നു. അവരുടെ പെണ്‍മക്കളായ രാജലക്ഷ്മി, ലക്ഷ്മിരത്നം, ജയമ്മാള്‍, കാമാക്ഷി എന്നിവരും വീണാ വാദനത്തില്‍ കീര്‍ത്തി നേടിയിരുന്നു.
മധുരയില്‍ നിന്നും ഷണ്മുഖ വടിവേല്‍ എന്നൊരു വീണാ വാദകയെയും ഗ്രാമഫോണ്‍ കമ്പനി കണ്ടെത്തി. വീണാ വാദനത്തിന് പുറമെ ആലാപനത്തിലും ഒട്ടും മോശമായിരുന്നില്ല ദേവദാസി കുടുംബത്തില്‍ നിന്നും വന്ന ഷണ്മുഖവടിവേല്‍. അന്ന് മൂന്ന് മക്കളെയും സഹോദരങ്ങളെയും അമ്മാവന്മാരെയും വരെ പോറ്റേണ്ട ഗതികേടിലായിരുന്നു അവര്‍. ഡിസ്ക്ക് വില്‍പ്പന കരാര്‍ അവരെ സാമ്പത്തികമായും സഹായിച്ചു. മധുര ഷണ്മുഖവടിവേലിന്റെ ഒരു മകളെ ഇന്ന് ലോകമെങ്ങും അറിയും. എം എസ് സുബ്ബലക്ഷ്മി എന്ന മധുര ഷണ്മുഖവടിവേല്‍ സുബ്ബലക്ഷ്മി.
അപ്പോള്‍ രാജ്യത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഗ്രാമഫോണ്‍ റെക്കോഡ് ഇറക്കിയ ഗോഹാര്‍ ജാന് എന്ത് പറ്റി?
ആലാപനത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ഗോഹാര്‍ ജാന്‍. ഒരു ആസ്ട്രിയന്‍ തീപ്പെട്ടിക്കമ്പനിയുടെ തീപ്പെട്ടി പടമായി പോലും അവരുടെ മുഖം വന്നിട്ടുണ്ട്. പ്രതാപകാലത്ത് കല്‍ക്കട്ടാ തെരുവുകളിലൂടെ ആറ് അറബിക്കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ സര്‍വാഭരണ വിഭൂഷിതയായി യാത്ര ചെയ്തിരുന്ന അവരെ കാത്ത് കാമുകന്‍മാര്‍ തെരുവിന്റെ ഇരുവശത്തും നിന്നിരുന്നുവത്രെ. ബെഹ്റാംപൂരിലെ സമ്പന്നനായ ജന്മി നിമായ് സെന്‍ ആയിരുന്നത്രെ അവരുടെ ആദ്യപ്രണയം. ഒരിക്കല്‍ അവര്‍ക്ക് തലവേദനയാണെന്ന് അറിഞ്ഞപ്പോള്‍ നോട്ടുകെട്ടുകള്‍ കത്തിച്ച് തീ കൂട്ടി കെറ്റിലില്‍ ചായ ഉണ്ടാക്കി സെന്‍ നല്‍കിയത്രെ! ബനാറസിലെ ഛഗ്ഗന്‍ റായി ആയിരുന്നു ഗോഹാറിന്റെ മറ്റൊരു കാമുകന്‍. അയാള്‍ അവള്‍ക്ക് വേണ്ടി വിശാലമായ പുന്തോട്ടത്തോട് കൂടിയ ഒരു കോട്ടേജ് പണിതു നല്‍കി.
പക്ഷേ ഗോഹാറിന്റെ ശരിക്കുള്ള പ്രണയം ഗുജറാത്തി നാടക നടന്‍ അമൃത് കേശവ് നായിക്കിനോട് ആയിരുന്നു. കല്‍ക്കട്ട വിട്ട് അമൃതിനൊപ്പം അവര്‍ ബോംബെയില്‍ പോയി. പക്ഷേ അധികകാലം കഴിയും മുമ്പ് 1907ല്‍ അമൃത് ഹൃദയാഘാതം വന്ന് മരണമടഞ്ഞു. ആ വര്‍ഷം തന്നെ അമ്മ ബഡി മല്‍കാ ജാനും മരിച്ചതോടെ ഗോഹാര്‍ ആകെ തകര്‍ന്നു പോയി. വിഷാദം മറികടക്കാന്‍ മദ്യത്തില്‍ അഭയം തേടിയ അവര്‍ ക്രമേണ അതിന് അടിമയായി. ഒരു അഭയത്തിനായി കൊതിച്ച അവര്‍ തന്റെ സെക്രട്ടറി സയ്യദ് ഗുലാം അബ്ബാസ് സബ്സാരിയെ വിവാഹം കഴിച്ചു. ഗോഹാറിനെക്കാള്‍ അഞ്ച് വയസിലധികം പ്രായം കുറവായിരുന്ന അബ്ബാസിന്റെ കണ്ണ് അവരുടെ സ്വത്തിലായിരുന്നു. കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ അയാള്‍ അവരുടെ സ്വത്ത് ഭൂരിഭാഗവും കൈക്കലാക്കി. അവസാന കാലത്ത് അവരുടെ ദാരിദ്ര്യത്തെ കുറിച്ച് അറിഞ്ഞ അന്നത്തെ മൈസൂര്‍ രാജാവ് കൃഷ്ണരാജ വൊഡയാര്‍ ഗോഹാറിനെ മൈസൂരിലേക്ക് ക്ഷണിച്ചു. 1927ല്‍ മൈസൂര്‍ രാജ സദസിലെ ആസ്ഥാന ഗായികയായി അവര്‍ എത്തി. പക്ഷേ സ്വത്ത് സംബന്ധിച്ച കേസിന്റെ നടത്തിപ്പും മദ്യപാനം നല്‍കിയ രോഗങ്ങളും അവരെ തളര്‍ത്തിയിരുന്നു. 1930 ജനുവരി 17ന് മൈസൂരില്‍ വച്ച് ഗോഹാര്‍ അന്തരിച്ചു