പ്രണയവും നൃത്തവും സംഗീതവും വിപ്ലവവും കവിതയുമുള്ള നഗരമേ, നിന്റെ പേരെന്ത്?

‘‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ തുടരുന്നു.

Mixed Bag- 15

രാത്രി. തീവണ്ടി കിതച്ചുകിതച്ചു നീങ്ങുന്നു.
ഒന്നാം ക്ലാസ് ആഢംബര കോച്ചിലെ ജാലകച്ചില്ലിലൂടെ അരിച്ചുകയറുന്ന അരണ്ട വെളിച്ചത്തിൽ പുറത്തു പെയ്യുന്ന മഴത്തുള്ളികളുടെ നൃത്തം കാണാം. ഇതൊന്നുമറിയാതെ സുന്ദരിയായ ഒരു യുവതി പുതച്ചുറങ്ങുന്നുണ്ട്. വണ്ടിയുടെ ചലനത്തിൽ അവളുടെ കാലുകളും ചെറുതായി അനങ്ങുന്നു. അവൾ ഒന്ന് തിരിഞ്ഞു കിടക്കുമ്പോൾ ചിലങ്കയുടെ ശബ്ദം ഉണ്ടാക്കുന്ന പാദസരങ്ങൾ ഒന്ന് കിലുങ്ങി. മനോഹരമായ കാൽപ്പാദങ്ങൾ മൂടിയിരുന്ന പുതപ്പിന്റെ അറ്റം ഒന്നിളകി. അവ അനാവൃതമായി. അയാൾ ആ പാദങ്ങളിലേക്ക് നോക്കി.

‘താങ്കളുടെ പാദങ്ങൾ എത്ര സുന്ദരമാണ്.
അഴുക്കുപുരളുമെന്നതിനാൽ അവ ഭൂമിയിൽ സ്പർശിക്കരുതേ’, ഇങ്ങനെയൊരു കുറിപ്പെഴുതി അവളുടെ കാൽക്കീഴിൽ വച്ച ശേഷം അയാൾ സൊഹാഗ്പുർ എന്ന സ്റ്റേഷനിൽ ഇറങ്ങിപ്പോയി. അവൾ ഉണർന്ന് കുറിപ്പ് വായിച്ചു നോക്കുമ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടു പോയിരുന്നു.

പകീസ സിനിമയിൽ നിന്ന്

ഹിന്ദി സിനിമാ ചരിത്രത്തിലെ അവിസ്മരണീയമായ ഒട്ടേറെ പ്രണയരംഗങ്ങളിൽ ഒന്നാണ് പക്കീസായിലെ ഈ രംഗവും. മീനാകുമാരിയും രാജ്കുമാറുമാണ് ഈ രംഗത്തിലെ അനുരാഗികൾ. 1972-ൽ ഇറങ്ങിയ പക്കീസാ എന്ന ചിത്രം ലഖ്നൗവിലെ തവായിഫുകളുടെ അഥവാ കൊട്ടാരം നർത്തകികളുടെ കഥ പറയുന്ന ചിത്രമായിരുന്നു. അത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ ഹിന്ദിയിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും 1960-ൽ ഇറങ്ങിയ മുഗൾ ഇ അസമും, പക്കീസായും 1981-ൽ ഇറങ്ങിയ ഉമ്രാവോ ജാനുമാണ് ഈ ഗണത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. പ്രണയവും പകയും നൃത്തവും സംഗീതസദിരുകളും നിറഞ്ഞൊഴുകിയിരുന്ന അവധ് എന്ന നാട്ടുരാജ്യത്തെ നഗരമായ ലഖ്നൗവിന്റെ ചരിത്രവുമായി ഇഴുകിച്ചേർന്നതാണ് തവായിഫുകളുടെ ജീവിതം.

നവാബുമാരുടെ
പ്രിയപ്പെട്ട കോത്തകൾ

‘കോത്തകൾ’ എന്നറിയപ്പെടുന്ന കൊട്ടാരക്കെട്ടിലെ നർത്തകിമാർ എന്ന് ഒറ്റ വാക്കിൽ തവായിഫുകളെ വിശേഷിപ്പിക്കാം. കോത്തവാലികൾ എന്നാൽ ലൈംഗികത്തൊഴിലാളികളാണെന്നായിരുന്നു അന്ന് പൊതുവേയുണ്ടായിരുന്ന ധാരണ. പക്ഷേ അതിനുമപ്പുറമായിരുന്നു അവരുടെ ജീവിതം. നൃത്തം മാത്രമല്ല പാട്ടും കവിതയും ഒരു പോലെ വഴങ്ങിയിരുന്ന കലാകാരികളായിരുന്ന അവർ. അവരുടെ നൃത്തത്തിലും ആലാപനഭംഗിയിലും മയങ്ങി പ്രണയബദ്ധരായിത്തീർന്ന കുബേരകുമാരൻമാരുടെ കഥ ലഖ്നൗ തെരുവുകൾക്ക് ഇന്നും പരിചിതമാണ്.

1732 മുതൽ 1775 വരെ അവധിലെ നവാബായിരുന്ന ഷുജ ഉദ് ദൗലയുടെ കാലത്ത് ദൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നും കുടിയേറിയ കഞ്ചൻ ഗോത്രത്തിൽ പെട്ടവരായിരുന്നു ആദ്യത്തെ തവായിഫുകളെന്നാണ് ചരിത്രം. കാനാച്ചികൾ എന്നറിയപ്പെട്ടിരുന്ന ഇവർ ഭൂരിപക്ഷവും അവധിലെ പുരുഷന്മാരുടെ ലൈംഗികാവശ്യത്തിനായി ഉപയോഗിക്കപ്പെട്ടു. അന്ന് ഫൈസാബാദ് ആയിരുന്നു അവധിന്റെ തലസ്ഥാനം. നവാബിന്റെ പ്രിയപ്പെട്ടവരായി തീർന്ന ഇവരിൽ ചിലർ ഇസ്‍ലാം മതം സ്വീകരിക്കുകയും നവാബിന്റെ കോത്തകളിലെ നർത്തകരായി നിയമിക്കപ്പെടുകുയും ചെയ്തു. പിന്നീട് ലഖ്നൗ നഗരം വളർന്നപ്പോൾ ഇവർ ലഖ്നൗവിലേക്ക് കുടിയേറി. ലഖ്നൗവിലെ അറിയപ്പെടുന്ന തവായിഫുകളിൽ ഏറെയും കാനാച്ചി സ്ത്രീകളായിരുന്നുവെന്ന് അബ്ദുൾ ഹലിം ശരാർ തന്റെ ലഖ്നൗ എന്ന പുസ്തകത്തിൽ പറയുന്നു.

ഷുജ ഉദ് ദൗല

നാരങ്ങ വിൽപ്പനക്കാരായി അവധിലെത്തിയ സ്ത്രീകളായിരുന്നു പിന്നീട് കോത്തകളിലെ ഗായികമാരായത്. ചൂനാവാലി എന്നറിയപ്പെട്ട ഇവർ വശ്യമായ ശബ്ദസൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ടവരായിരുന്നു. പിന്നീട് ഗുജറാത്തിൽ നിന്നെത്തിയ നഗാർന്ത് എന്ന വംശത്തിൽ പെട്ട സ്ത്രീകളും അവധിലെ തവായിഫുകളുടെ കൂട്ടത്തിൽ ചേർന്നു.

സുന്ദരികളായ സ്ത്രീകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷുജ ഉദ് ദൗല തവായിഫുകൾക്ക് ധനം വാരിക്കോരി നൽകി. അവരിൽ പലരും ആഢംബര വസതികൾ സ്വന്തമാക്കി. ഇതിൽ കവിതയെഴുത്തിലും പാട്ടിലുമൊക്കെ വൈദഗ്ധ്യമുള്ള തവായിഫുകൾ വേട്ടയാടുന്നതിനും മറ്റ് യാത്രകൾക്കുമായി നവാബും സമ്പന്നരായ മറ്റ് പുരുഷന്മാരും പുറപ്പെടുമ്പോൾ അവർക്കൊപ്പം യാത്ര ചെയ്തു. അവിടവിടെ തങ്ങുന്നതിന് എല്ലാവിധ സൗകര്യങ്ങളോടു കൂടിയ കൂടാരങ്ങളും അവർക്കുണ്ടായിരുന്നത്രെ.

അക്കാലത്ത് സ്ത്രീവിദ്യാഭാസത്തിൽ ഏറെ പിന്നാക്കമായിരുന്നു അവധ് പോലെയുള്ള പ്രദേശങ്ങൾ. എത്ര സമ്പന്നരും ഉന്നതനിലയിൽ ഉള്ളവരായാലും അവരുടെ ഭാര്യമാർ നിരക്ഷരരായിരിക്കും. ഇവർ വീടിനുള്ളിൽ തന്നെ കഴിയും. ഈ ധനികർ യാത്ര ചെയ്യുമ്പോൾ കവിതയിലും പാട്ടിലും നൃത്തത്തിലും വ്യുത്പത്തിയുള്ള തവായിഫുകളെ കൂടെ കൂട്ടുമായിരുന്നുവെന്ന് ഹസൻ ഷാ തന്റെ ദി ഡാൻസിംഗ് ഗേൾ എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റെ ക്യാമ്പ് സഹായിയായി ജോലി ചെയ്തിരുന്ന ഹസൻ ഷാ, ഖാനും ജാൻ എന്ന തവായിഫുമായി പ്രണയത്തിലായിരുന്നു. തന്റെ അനുഭവങ്ങൾ തന്നെയാണ് ഷാ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

സംഗീതം സിരകളിലൊഴുകുന്ന നഗരം

1911-ൽ തുറന്ന പേൾ തിയേറ്റർ ലഖ്നൗ നഗരത്തിലെ ആദ്യത്തെ സിനിമാ തിയേറ്ററാണ്. ആദ്യകാലങ്ങളിൽ നാടകങ്ങൾ മാത്രമാണ് ഇവിടെ അവതരിപ്പിച്ചത്. പിന്നീട് നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയപ്പോൾ ഇതിന്റെ പേര് കോഹിനൂർ തിയേറ്റർ എന്നായി. 1918-ൽ ലുധിയാന സ്വദേശിയായ രാധാകൃഷ്ണ ധൻപത് റായി എന്നയാൾ ഇത് വാങ്ങി റോയൽ തിയേറ്റർ എന്ന് പേരിട്ടു. 1930 ആയപ്പോഴേക്കും അത് മെഹ്റാ ടാക്കീസ് ആയി. നിശ്ശബ്ദ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന കാലത്ത് ഇടവേളകളിലും മറ്റും ഓരോ പാട്ടുകാരും സംഗീതജ്ഞരും പരിപാടി ഇവിടെ അവതരിപ്പിക്കുമായിരുന്നു. അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്.

മെഹ്റ തീയേറ്റർ

ഇന്ന് ഗൗതം ബുദ്ധ മാർഗെന്ന് അറിയപ്പെടുന്ന പഴയ ലറ്റൂഷ് റോഡിലെ അല്ലാൻ സാഹിബ് ആൻഡ് സൺസ് എന്ന സംഗീതോപകരണ സ്ഥാപനം ലഖ്നൗ നഗരത്തിലെ ഇത്തരത്തിലുള്ള കടകളിൽ ഏറെ പഴക്കം ചെന്നതാണ്. നൗഷാദ് ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. ഓരോ ഉപകരണത്തിന്റെയും ശബ്ദവിന്യാസത്തിൽ എങ്ങനെ വ്യത്യസ്ഥത വരുത്താൻ കഴിയുമെന്ന് നോക്കാൻ മണിക്കൂറുകൾ ഇവിടെ അദ്ദേഹം ചെലവഴിച്ചിരുന്നുവത്രെ.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ലഖ്നൗ ഒരു പ്രധാന കേന്ദ്രമായിരുന്നു. അതിനുശേഷമാണ് നവാബുമാരുടെ പതനം തുടങ്ങുന്നത്. അന്ന് ആമിനാബാദ് എന്നറിയപ്പെട്ടിരുന്ന സ്ഥലം ബ്രിട്ടീഷ് ഗവർണറായിരുന്ന ജെയിംസ് ലറ്റൂഷ് നവീകരിച്ചു. ഇതിന്റെ ഓർമയ്ക്കാണ് ഇതിന് ലാറ്റൂഷ് റോഡ് എന്ന് പേരിട്ടത്. ഇത് പിന്നീട് ഗൗതം ബുദ്ധ മാർഗ് ആയി.

സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള ലഖ്നൗ ഗായകർ സ്വന്തമായി ലഖ്നൗ ഖരാന എന്ന ആലാപന ശൈലി വികസിപ്പിച്ചിരുന്നു. സിതാർ, തബല തുടങ്ങിയ ഉപകരണ വാദകരുടെയും സ്വർഗ്ഗഭൂമിയായിരുന്നു ലഖ്നൗ.

Photo credit: Library of Congress/Wikimedia Commons [Public Domain]

തവായിഫുകളുടെ കുടിയേറ്റ കഥ പോലെ സംഗീതജ്ഞരും ദില്ലിയിൽ നിന്ന് ലഖ്നൗവിലേക്ക് കുടിയേറിയെന്നാണ് ചരിത്രം പറയുന്നത്. ഷൂജ ഉദ് ദൗളയുടെ കാലത്തും അദ്ദേഹത്തിന്റെ മകൻ അസഫ് ഉദ് ദൗളയുടെ കാലത്തുമാണ് ഈ കുടിയേറ്റം ശക്തമായത്. അസഫ് ഉദ് ദൗള അവധിന്റെ തലസ്ഥാനം ഫൈസാബാദിൽ നിന്നും ലഖ്നൗവിലേക്ക് മാറ്റിയപ്പോൾ ഒട്ടേറെ ഗായകരും നർത്തകരും ദില്ലിയിൽ നിന്നും ലഖ്നൗവിലെത്തി.

1700-കളിൽ ദില്ലിയിൽ മുഹമ്മദ് ഷായുടെ സദസിലെ വീണാവാദകനായിരുന്ന നിയാമത് ഖാൻ ലഖ്നൗവിൽ വന്ന കഥ രസകരമാണ്. വീണയിൽ ഉസ്താദായിരുന്ന അദ്ദേഹത്തിന് ദില്ലിയിൽ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ലത്രെ. ഒരിക്കൽ ഒരു സാരംഗി വാദകന്റെ പിൻപാട്ടുകാരനാവാൻ മുഹമ്മദ് ഷാ ആവശ്യപ്പെട്ടത് അദ്ദേഹത്തിന് അപമാനകരമായി തോന്നി. വീണ വായിക്കാൻ വിസമ്മതിച്ച അദ്ദേഹത്തെ ഷാ സദസിൽ നിന്നും പുറത്താക്കി.

ലഖ്നൗവിലേക്ക് പലായനം ചെയ്ത അദ്ദേഹം കുറെ നാൾ ഒളിവിൽ താമസിച്ചശേഷം ഖയാൽ എന്ന പുതിയൊരു സംഗീതാലാപന ശൈലിക്ക് രൂപം കൊടുക്കുകയും ഇത് ചില ശിഷ്യന്മാരെ പഠിപ്പികുകയും ചെയ്തു. ഖയാൽ ആലാപനശൈലി ലഖ്നൗ ഗായകരെ പ്രശസ്തരാക്കി. മുഹമ്മദ് ഷായുടെ കീഴിൽ ദില്ലി തകരാൻ തുടങ്ങിയ കാലമായിരുന്നു അത്. 1739-ൽ നാദിർഷാ ദില്ലി ആക്രമിക്കുകയും ചെയ്തു. ഈ അരക്ഷിതാവസ്ഥ കണ്ടിട്ടാവണം നിയാമത്ത് ഖാൻ ഉൾപ്പടെയുള്ളവർ ലഖ്നൗവിലേക്ക് നീങ്ങിയത്.

സ്വാതി തിരുന്നാൾ

സാമ്പത്തിക സുരക്ഷിതത്വവും പുതിയ സാധ്യതകളും തേടി കലാകാരൻമാർ നാടുവിടുന്നത് ഇന്ത്യാ ചരിത്രത്തിൽ എവിടെയും കാണാം. തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ പതനം മുൻകൂട്ടി കണ്ട കലാകാരൻമാർ അക്കാലത്ത് സ്വാതിതിരുനാൾ ഭരിച്ചിരുന്ന തിരുവിതാംകൂറിലേക്ക് വന്നത് നമുക്ക് സുപരിചിതമായ ചരിത്രമാണല്ലോ.

തേനൂറുന്ന ഉറുദു കവിതകൾ പെയ്തിറങ്ങിയ നഗരം

"ഇതെന്റെ പൂന്തോട്ടമാണ്, ഞാൻ ഇവിടത്തെ വാനമ്പാടിയും" എന്ന് ലഖ്നൗ നഗരത്തെ കുറിച്ചെഴുതിയ ഉറുദു കവി അസറുൽ ഹഖ് എന്ന മജാസിനെ കുറിച്ചെഴുതാതെ ലഖ്നൗവിന്റെ സാംസ്ക്കാരിക ചരിത്രം പൂർണമാവില്ല. ഉറുദുവിന്റെ മനോഹരമായ താലത്തിൽ വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കടുംനിറങ്ങൾ ചാലിച്ചെഴുതിയവയായിരുന്നു മജാസിന്റെ കവിതകൾ. അദ്ദേഹത്തിന്റെ പ്രണയകവിതകൾ അലിഗഢ് മുസ്‍ലിം സർവകലാശാലയിൽ മുഴങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നും ആരാധികമാരുടെ വലയത്തിലായിരുന്നു സുന്ദരനായ മജാസ്. മജാസിന്റെ ചിത്രം തലയണക്കീഴിൽ വച്ച് കിടന്നാൽ അദ്ദേഹം സ്വപ്നത്തിൽ വരുമെന്ന് കരുതി ഒട്ടേറെ യുവതികൾ അദ്ദേഹത്തിന്റെ ചിത്രത്തിനുവേണ്ടി പിടിവലി നടത്തിയിരുന്നുവെന്ന് സയിദ് അൻവർ അബ്ബാസ് ദി അദർ ലഖ്നൗ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

അസറുൽ ഹഖ്

ഒരു ഘട്ടത്തിൽ പ്രണയത്തെ തീരെ ഉപേക്ഷിച്ച് മജാസ് വിപ്ലവ കവിതകൾ എഴുതുവാൻ തുടങ്ങി. പുരോഗമന കലാകാരൻമാരുടെ സംഘടനയിലും അംഗമായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായില്ലെങ്കിലും പാർട്ടിയിലെ നേതാക്കളുമായിട്ടായിരുന്നു അജാസിന് അടുപ്പം. പക്ഷേ ഉറുദുവിലെ കീറ്റ്സ് എന്ന് വിശേഷിപ്പിക്കപ്പെട്ട അജാസിനെ വീണ്ടും പ്രണയം പിടികൂടി. പക്ഷേ ഇത്തവണ അത് തിരിച്ചുകിട്ടിയില്ല. ഒരു സമ്പന്ന യുവതിയുമായി മജാസ് പ്രണയബദ്ധനായെന്നും നിസ്വനായ കവിയെ ഉപേക്ഷിച്ച് കാമുകി മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പറയപ്പെടുന്നു. നിരാശനായ മജാസ് മദ്യത്തിൽ അഭയം തേടി. ഒരു രാത്രി സുഹൃത്തുക്കളുമൊത്ത് ഒരു മദ്യശാലയുടെ മട്ടുപ്പാവിൽ മജാസ് മദ്യപാനഘോഷത്തിലായിരുന്നു. രാത്രി ഏറെ ചെന്നപ്പോൾ സുഹൃത്തുക്കൾ ഓരോരുത്തരായി മടങ്ങി. മേൽക്കൂരയില്ലാത്ത ടെറസിൽ ആ ഡിസംബർ രാത്രി മജാസ് മദ്യത്തിൽ മയങ്ങിക്കിടന്നത് ആരുമറിഞ്ഞില്ല. മജാസ് തണുത്തു വിറങ്ങലിച്ചു കിടന്ന ആ രാത്രി അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ രാത്രിയായി. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ അമ്മാവനാണ് മജാസ്.

മിര്‍സ വാജിദ് ഹുസൈന്‍

മജാസിന്റേതുപോലെ ദുഃഖകരമായ അന്ത്യമായിരുന്നു യാഗാന ചംഗേസി എന്ന പേരിൽ ഉറുദു കവിതകൾ എഴുതിയിരുന്ന മിർസാ വാജിദ് ഹുസൈന്റേത്. കവിയുടെ സുഹൃത്തായ നിയാസ് ഫത്തേപുരിക്ക് കവി ഒരിക്കൽ ഒരു കത്തെഴുതി. സുഹൃത്തിനെഴുതിയ വളരെ സ്വകാര്യമായ ഒരു കത്തായിരുന്നു അത്. അതിലെ ഒരു പരാമർശം മുഹമ്മദ് നബിക്ക് എതിരാണെന്ന് സുഹൃത്തിന് തോന്നി. അത് അയാൾ ഒരു സുന്നി വിഭാഗത്തിലെ നേതാവിന് കൈമാറി. അയാൾ അത് ഒരു മാസികയിൽ പ്രസിദ്ധീകരിച്ചു. കവി ഷിയാ വിഭാഗത്തിൽ പെട്ടയാളായിരുന്നു. ഷിയാക്കൾ ഇത് വച്ചു പൊറുപ്പിക്കരുതെന്നുകൂടി സുന്നി നേതാവ് പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഷിയാക്കൾ കവിയുടെ വീടാക്രമിച്ചു കൊള്ളയടിച്ചു. കവിയുടെ മുഖത്ത് കരിതേച്ച്, കഴുത്തിൽ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്ത് കയറ്റി നഗരം ചുറ്റി. ചില സുഹൃത്തുക്കൾ ഇടപെട്ട് കവിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് രക്ഷിക്കുകയായിരുന്നു. ആകെ തകർന്നുപോയ യാഗാന ചംഗേസി തന്റെ പ്രിയപ്പെട്ട നഗരത്തിൽ വച്ച് തന്നെ അധികം താമസിയാതെ മരിച്ചു.

സംഗീതജ്ഞൻ എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഉറുദുവിൽ മനോഹരമായ കവിതകളും ഗസലുകളും അദ്ദേഹം എഴുതിയിരുന്നു. ഒട്ടേറെ കവികളും എഴുത്തുകാരും ലഖ്നൗ നഗരത്തിന്റെ പാരമ്പര്യം പേറി ഇന്ത്യൻ സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തുമെത്തി.

ലഖ്നൗ മുതൽ ഇറാഖ് വരെ

തവായിഫുകളുടെ ചരിത്രത്തിൽ നിന്നാണല്ലോ ഈ കുറിപ്പ് ആരംഭിച്ചത്. തവായിഫ് പാരമ്പര്യം വിട്ട് ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബീഗം ഹസ്രത്ത് മഹലിന്റെയും ഒരു രാജ്ഞിയുടെ പദവിയിലേക്ക് ഉയർന്ന ഒരു തവായിഫ് വനിതയുടെയും കൂടി ചരിത്രം പറഞ്ഞുകൊണ്ട് ലഖ്നൗ നഗരത്തിന്റെ കഥ അവസാനിപ്പിക്കാം. ഭാജു എന്ന തവായിഫിന്റെ മകളായിരുന്നു ഹുസൈനി. ഈ നർത്തകിയെ കണ്ട് മതിമറന്ന നവാബായിരുന്ന നസിറുദ്ദീൻ ഇവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇവരുടെ തവായിഫ് പാരമ്പര്യം മറയ്ക്കാൻ ഇവരുടെ അച്ഛൻ കഥാപാത്രമായി ഒരാളെ കണ്ടെത്തുകയും ചെയ്തു. നവാബ് ഗഞ്ച് എന്ന സ്ഥലത്തിന്റെ ഭരണച്ചുമതല ആ 'പിതാവിന്’ നൽകുകയും ചെയ്തു. പ്രേമപൂർവം നവാബ് ഇവരെ ബീഗം താജ് മഹൽ എന്നായിരുന്നത്രെ വിളിച്ചിരുന്നത്.

ബീഗം ഹസ്രത്ത് മഹല്‍

പക്ഷേ, ഈ പ്രണയകാലം അധികം നീണ്ടുനിന്നില്ല. നവാബ് വീണ്ടും വിവാഹം കഴിച്ചതോടെ താജ് മഹലിനോട് അദ്ദേഹത്തിന് കമ്പം കുറഞ്ഞു. ദുഃഖം മറക്കാൻ ബീഗം മദ്യത്തിലേക്ക് തിരിഞ്ഞു. അക്കാര്യത്തിൽ നവാബിനും യോജിപ്പായിരുന്നു. രണ്ട് പേരും പിന്നീട് ഒരുമിച്ചായി കുടി എന്ന് രവി ഭട്ട് എഴുതിയ The life and Times of Nawabs of Lucknow എന്ന പുസ്തകത്തിൽ പറയുന്നു. 1837-ൽ നവാബ് മരിച്ചതോടെ ബീഗത്തിന്റെ കഷ്ടകാലം ആരംഭിച്ചു. നവാബിന്റെ പിന്തുടർച്ചക്കാർ അവരെ കൊട്ടാരത്തിന് പുറത്താക്കി.

1857-ൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ബീഗത്തിനെതിരെ സ്വാതന്ത്ര്യ സമരസേനാനികളെ പിന്തുണച്ച ബീഗം ഹസ്രത്ത് മഹൽ ഒരു ലക്ഷം രൂപ നികുതി ചുമത്തി. പിന്നീട് ബ്രീട്ടിഷുകാർ ലഹള അടിച്ചമർത്തിയെങ്കിലും ബീഗം താജ് മഹലിന്റെ ജീവിതം സുഖകരമായിരുന്നില്ല. മെക്കയിലേക്ക് പോയ അവർ അവിടെ വച്ച് വീണ്ടും വിവാഹം കഴിച്ചു. പിന്നീട് ഇറാഖിൽ വച്ച് മരണമടഞ്ഞു.

The life and Times of Nawabs of Lucknow

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബീഗം ഹസ്രത്ത് മഹലും ഒരു തവായിഫ് ആയിരുന്നു. അവധിലെ നവാബ് വാജിദ് അലി ഷായുടെ രണ്ടാം ഭാര്യയായിരുന്നു അവർ. ഫൈസാബാദിൽ ജനിച്ച അവരെ സ്വന്തം മാതാപിതാക്കൾ തന്നെയാണ് തവായിഫ് ജോലിക്കായി വിറ്റത്. തവായിഫ് ആയി പേരെടുത്ത അവരെ വാജിദ് അലി കണ്ട് ഇഷ്ടപ്പെടുകയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ അധികാരം വ്യാപിപ്പിക്കുന്ന കാലത്ത് കൽക്കട്ടയിലേക്ക് പോയ വാജിദ് അലിയുടെ അഭാവത്തിൽ തന്റെ മകനെ ബീഗം ഹസ്രത്ത് മഹൽ ഭരണാധികാരിയാക്കി. മകനെ മുൻനിർത്തി മറ്റ് നാട്ടുരാജാക്കൻമാരുമായി ചേർന്ന് കമ്പനി സൈന്യത്തെ നേരിട്ടുവെങ്കിലും കമ്പനി ലഹള അടിച്ചമർത്തിയതോടെ നിൽക്കക്കള്ളിയില്ലാതെ ബീഗം നേപ്പാളിലേക്ക് കടന്നു. 1879-ൽ അവിടെ വച്ച് ബീഗം അന്തരിച്ചു.

ദം ബിരിയാണി മുതൽ കബാബ് വരെ നീളുന്ന അവധി ഭക്ഷണ വൈവിധ്യം, അതിവിശിഷ്ടമായ ലഖ്നൗ പാൻ അഥവാ വെറ്റില മുറുക്ക്, ചികൻ എന്ന മനോഹരമായ ചിത്രത്തുന്നൽ കല എന്നിങ്ങനെ കലയുടെയും സംസ്ക്കാരത്തിന്റെയും മാസ്മരികമായ ഒരു കൂട്ടാണ് ലഖ്നൗവിന്റെ ചരിത്രം. എത്ര എഴുതിയാലും തീരുന്ന ഒന്നല്ല അത്. ആയതിനാൽ ഈ ലേഖനം വായിച്ചു തീരുമ്പോൾ ഒരിക്കലും അവസാനിക്കാത്ത ഒരു ഖവാലിയുടെ തുടക്കം മാത്രം കേട്ടുവെന്ന് കരുതിയാൽ മതി.

Comments