വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയെ 2025-ൽ ഒരു യുവസംവിധായകൻ ദൃശ്യവൽക്കരിക്കുമ്പോൾ, അത് ഇന്നത്തെ പ്രേക്ഷകരുമായി എത്രത്തോളം സംവദിക്കുമെന്ന ആകാംക്ഷയോടെയാണ് ഞാൻ പ്രിവ്യൂവിന് പോയത്. കേരളത്തിലെ പരിവർത്തന വിധേയമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, പ്രധാനധാരയിൽ ദൃശ്യരല്ലാത്തവരും അജ്ഞാതരുമായ വലിയൊരു വിഭാഗം മനുഷ്യരിലേക്കാണ് സിനിമയുടെ ക്യാമറ ഫോക്കസ് ചെയ്യുന്നത്. ചുറ്റും ശ്രദ്ധിച്ചാൽ സുതാര്യമായി കാണാമെങ്കിലും, സൗകര്യപൂർവ്വം അവഗണിച്ച് ഒഴിവാക്കിവിടുന്ന ജീവിതങ്ങളാണ് ഈ സിനിമയുടെ ദൃശ്യപ്രപഞ്ചം. അലോസരപ്പെടുത്താതെ, അലങ്കോലപ്പെടുത്താതെ, ആത്മാവിലേക്ക് നോക്കാനാവാതെ 'കൃഷ്ണാഷ്ടമി'യുടെ ലോകത്തു നിന്നും മടങ്ങിപ്പോകാനാവില്ല.
ഓരോ വ്യക്തിയും ജീവിതാനുഭവങ്ങളിലൂടെ എത്തിച്ചേരുന്ന അഥവാ ആർജ്ജിച്ചെടുക്കുന്ന ജീവിത ദർശനങ്ങളെ ഒരു കാരാഗൃഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാരാഗൃഹവാസം നിശ്ചലതയാണ്, നിർബന്ധിത ധ്യാനമാണ്, അത് അവരവരുടെ ആന്തരികമായ യാത്രയാണ്. ആ നിശ്ചലത പീഡകരിൽ നിന്നും വേദനകളിൽ നിന്നുമുള്ള സ്വാഭാവികമായ വിടുതലാണ്. ആ ഇടുങ്ങിയ മുറിയിലേക്ക് വേറിട്ട വഴികളിലൂടെ തള്ളി നീക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ അകമേയുള്ള ലോകമാണ് 'കൃഷ്ണാഷ്ടമി' വെളിവാക്കുന്നത്. മുഖ്യധാരാ സമൂഹവും അതിന്റെ നിയമ വ്യവസ്ഥയും പ്രൗഢിയോടും പൊള്ളത്തരങ്ങളോടും നിലനിന്നു പോകണമെങ്കിൽ, ഇത്തരം ഉണങ്ങി വരണ്ട് കീറിപ്പറിഞ്ഞ കരിയില മനുഷ്യരെ അടിച്ചുവാരി എവിടെയെങ്കിലും മറക്കേണ്ടതുണ്ട്. അവരിനിയും ഇറങ്ങി നടന്നാൽ, പുറത്തെ സുന്ദരലോകം കളങ്കപ്പെടുമെന്നതിനാൽ, കാക്കി വസ്ത്രധാരികളായ രണ്ടു കാവൽക്കാരും പ്രവർത്തന സന്നദ്ധരായുണ്ട്.
ചിത്രത്തിലുടനീളം ഗഹനമായ താത്വിക ചർച്ചകൾക്ക് വഴി തുറക്കുന്ന സംഭാഷണ ശൈലിയും സാധാരണ സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചിതമല്ലാത്ത അനുഭവമാണ്. ഓരോ വാചകങ്ങളും ഒന്നു കൂടെ ചിന്തിക്കാനുള്ള വക തരുന്ന വിധം അപഗ്രഥിക്കപ്പെടേണ്ടതാണ്.
'കൃഷ്ണാഷ്ടമി' ദൃശ്യപരമായ സവിശേഷതകളുള്ള ഒരു പരീക്ഷണം കൂടിയാണ്. ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഏറ്റക്കുറച്ചിലുകൾ, മന്ദ-ദ്രുതഗതിയിലുള്ള -വ്യക്തവും മങ്ങിയതുമായ, ചിലപ്പോൾ തുടർച്ചയില്ലാത്ത നിരവധി നിശ്ചല ദൃശ്യങ്ങൾ- എന്നിവയിലൂടെ കഥാകഥനം തുടരുന്നു. ഫോട്ടോഗ്രഫിയുടെ വൈദഗ്ദ്ധ്യം ഉടനീളം ശ്രദ്ധേയമാണ്. പ്രത്യേകം എടുത്തു പറയാനുള്ളത്, സംവിധായകൻ ജിയോ ബേബിയുടെ അഭിനേതാവെന്ന നിലയിലുള്ള മുഖ്യ വേഷമാണ്.

'കൃഷ്ണാഷ്ടമി' കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന കവിതാശകലങ്ങൾ അതിമനോഹരമായി ഔസേപ്പച്ചൻ ഗാനങ്ങളാക്കിയിരിക്കുന്നു:
"നാളെ വരാമെന്നോതി മധുരക്ക്
മായികലോചനൻ പോയല്ലോ
നാളെയെന്നെത്തും?
എൻ താരുണ്യക്കടൽ വേലിയിറക്കവുമായല്ലോ"
വൈലോപ്പിള്ളിയുടെ വരികൾക്കൊപ്പം ഔസേപ്പച്ചന്റെ സംഗീതവും സ്വർണയുടെ ശബ്ദവും ലയിക്കുമ്പോൾ, ഒരു നല്ല നാളേക്കുള്ള നമ്മുടെ പ്രതീക്ഷകളുടെ കനൽ 'കൃഷ്ണാഷ്ടമി' ഊതിക്കത്തിക്കുന്നു.
കൃഷ്ണനെന്ന പ്രതീകം വളരെയധികം ആഴത്തിലാണ് ഈ കരിയില മനുഷ്യരെ സാന്ത്വനപ്പെടുത്തുന്നത്. കാഴ്ചക്കാർ കഥാപാത്രങ്ങളുമായി ആത്മീയമായി ഒത്തുചേരുന്ന നിമിഷങ്ങളാണവ. എല്ലാത്തരം മനുഷ്യരുടെയും പല തീവ്രതയിലുള്ള വേദനകളും പ്രതീക്ഷകളും ഒന്നിക്കുന്ന ആ ദൃശ്യങ്ങൾ സംവിധായകന്റെ വളരെ വ്യക്തിപരമായ ഒരു സ്വപ്നമായാണ് അനുഭവപ്പെട്ടത്. നിശ്ചലതയിൽ, ശാന്തതയിൽ മാത്രം വെളിപ്പെട്ടു വരുന്ന ആന്തരിക ഉയിർത്തെഴുന്നേൽപ്പാണ് 'കൃഷ്ണാഷ്ടമി' അനായാസമായി ചിത്രീകരിച്ചിരിക്കുന്നത്.
കഥാപാത്രസൃഷ്ടിയിലെ അസ്വാഭാവികതയുടെ അഭാവം തന്നെ സംവിധായകന്റെ ധീരമായ നിലപാടാണ്. വലിയ തെരുവുകളിൽ ഇരുട്ടും വിശപ്പും നിസ്സഹായതയും മാത്രം കൂട്ടായ ഏകാകികളെ നിർമ്മിച്ചുകൊണ്ടേയിരിക്കുന്ന സവിശേഷാധികാരം കൈയാളുന്ന നമ്മളോരോരുത്തരും ഈ പാർശ്വവൽക്കരണത്തിൽ പങ്കുചേരുന്നുണ്ട്. അവരുടെ അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും യാഥാർഥ്യം പഠന-ഗവേഷണ-ശാസ്ത്ര-രാഷ്ട്രീയ വേദികളിലേക്കെത്തുന്നില്ല. അങ്ങനെ ഒരേ സമയം വൈകാരികതയും ബൗദ്ധികതയും ആത്മീയതയും ഇഴചേർത്തു കൈകാര്യം ചെയ്യുന്നുണ്ട് ഈ സിനിമ. കാഴ്ചക്കാരുടെ സോഷ്യൽ സൈക്കിയെ ഇളക്കിമറിക്കുന്നതിനോടൊപ്പം അവരെ ധ്യാനാവസ്ഥയിലേക്കുയർത്തുകയും സ്വയാവബോധത്തിലൂടെ വേദനകളുടെ ഉത്തരങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. ഒരേ സമയം അദൃശ്യരെ ചേർത്ത് നിർത്തിക്കൊണ്ട് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.
പൊതുസ്ഥലത്ത്, ആൾക്കൂട്ടത്തിൽ, ഫുട്ട്പാത്തിൽ, ഇരുട്ടിന്റെ മറവിൽ, പാലങ്ങൾക്കടിയിൽ, ചന്തയിൽ, വീടകങ്ങളുടെ ഒഴിഞ്ഞ കോണുകളിൽ എല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങൾ നമുക്ക് സുപരിചിതരാണ്. വ്യവസ്ഥ നിർമ്മിച്ചുകൊണ്ടേയിരിക്കുന്ന ഇവരെ വ്യവസ്ഥ തന്നെ ഒഴിവാക്കി നിർത്തുന്ന പരസ്പര വിരുദ്ധ നിലപാടുകളും നമുക്ക് അറിയാവുന്നതാണ്. നീതിയും സമത്വവും സത്യവുമില്ലാത്ത ലോകത്ത് ജീവിക്കാൻ ഗതിമുട്ടുന്നവരെ മാത്രം കുറ്റവാളികളാക്കി തുറുങ്കിലടക്കുന്ന നീതിന്യായ വ്യവസ്ഥയെയും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. അങ്ങനെ വ്യവസ്ഥക്കുപരിയായി കാവൽക്കാരും കുറ്റവാളികളും കാഴ്ചക്കാരും സംവിധായകനും കൃഷ്ണാഷ്ടമിയിൽ ഒരേ ചിന്താ-അനുഭവ തലങ്ങളിലേക്കെത്തുന്നു.
ഉള്ളൂർ ട്രാഫിക് സിഗ്നലിൽ എന്നും രാവിലെ കാണാറുണ്ട് കരിയില മനുഷ്യരെ- തുന്നൽ വിട്ട പഴയ ബാഗുമായി റോഡ് മുറിച്ചു കടക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളി, ബസിലേക്ക് ഓടിക്കയറും വഴി പൊട്ടിയ ചെരുപ്പ് തിടുക്കത്തിൽ കൈയിലൊതുക്കി നന്നാക്കുന്ന അതിദരിദ്ര രേഖക്ക് മുകളിൽ എങ്ങനെയോ എത്തിപ്പെട്ട ഒരു മുത്തശ്ശിയും!അഭിലാഷ് ബാബു- നിങ്ങളുടെ 'കൃഷ്ണാഷ്ടമി' കാഴ്ചകളുടെ ഫ്രെയിമിനുള്ളിലാണ് ഞാനിപ്പോൾ…





