എം.എസ്. ബാബുരാജ്

മരണാനന്തരവും ജീവിക്കുന്ന എം.എസ്. ബാബുരാജിന്
എന്തുകൊണ്ട് എഴുതപ്പെട്ട ജീവചരിത്രം ഇല്ലാതെപോയി?

അറുപതുകളിലെയും എഴുപതുകളിലെയും സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ നിന്നും ഉയർന്ന് നിഗൂഢമായ ഒരു സംഗീതഗോപുരം പോലെ ബാബുരാജ് ഇപ്പോഴും ആസ്വാദകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതപ്പെടാതെ പോയത്? ബാബുരാജ് മരിച്ചിട്ട് ഇന്ന് 45 വർഷം തികയുന്നു.

എം.എസ്. ബാബുരാജ് വിടവാങ്ങി 45 വർഷം പിന്നിടുമ്പോൾ സംഗീതലോകത്ത് അദ്ദേഹം കൈവരിച്ച സ്ഥാനം ജീവിച്ചിരുന്ന കാലത്തേക്കാൾ പതിന്മടങ്ങ് ഉയരത്തിലായിരിക്കുന്നു. 1978 ഒക്ടോബർ 7ന്, ബാബുരാജിന്റെ വിയോഗത്തിന് ശേഷം കുറച്ചു വർഷങ്ങൾ കാര്യമായ അനുസ്മരണ പരിപാടികളൊന്നും നടന്നിരുന്നില്ല. ഗസൽധാര എന്ന സംഗീതക്ലബ്ബിന്റെ ഉദ്ഘാടന വേളയിലാണ് കോഴിക്കോട് ടൗൺഹാളിൽ ബാബുരാജിന്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും ആദ്യമായി നടന്നത്. തുടർന്ന് അനുസ്മരണങ്ങളുടെയും അദ്ദേഹത്തിന്റെ പേരിലുള്ള സംഗീതപരിപാടികളുടെയും ഒഴുക്കു തന്നെയുണ്ടായി. ജീവിച്ചിരിക്കുന്ന കാലത്തേക്കാൾ ശക്തമായി ബാബുരാജ് മരണാന്തരം പുനർജനിച്ചു.

ബാബുരാജ് തട്ടിൻപുറത്തിരുന്ന് ഹാർമോണിയം വായിച്ച് സാധാരണ മൈക്കിൽ ലൈവായി പാടിയത് റെക്കോഡ് ചെയ്ത രണ്ട് കാസറ്റുകൾ വടേരി ഹസ്സൻ്റെ കൈവശമുണ്ടായിരുന്നു. അദ്ദേഹം ടേപ്പ് റെക്കോർഡുമായി വരുമ്പോൾ ആ പാട്ടുകൾ സുഹൃത്തുക്കളെ കേൾപ്പിക്കും. കേൾപ്പിച്ചു കഴിഞ്ഞാൽ തിരിച്ചുകൊണ്ടുപോവുകയാണ് പതിവ്. കാസെറ്റിന്റെ പകർപ്പെടുക്കാൻ പലവട്ടം സുഹൃത്തുക്കൾ ചോദിച്ചിട്ടും കൊടുത്തില്ല. ഒടുവിൽ ഗസൽധാരയുടെ മുഖ്യസംഘാടകനായ ലത്തീഫ് സ്‌റ്റെർലിംഗിന്റെ നിർബന്ധത്തിനുവഴങ്ങി അത് സമ്മതിച്ചു. ആ കാസെറ്റ് സുഹൃത്തുക്കൾ വഴി പ്രചരിച്ചു. വിസ്മൃതിയിലേക്ക് പോകുമായിരുന്ന പാട്ടുകൾ പിന്നീട് ‘ബാബുരാജ് പാടുന്നു’ എന്ന പേരിൽ മനോരമ മ്യൂസിക് വിപണിയിലിറക്കി. ബാബുരാജിൻ്റെ ശബ്‌ദത്തിൽ വന്ന പാട്ടുകൾ അദ്ദേഹം സിനിമയിൽ പാടിച്ച ഗായകരുടെ പാട്ടുകളെ അതിശയിപ്പിച്ചു.

എം.എസ്. ബാബുരാജ്
എം.എസ്. ബാബുരാജ്

ബാബുരാജിന്റെ പാട്ടുകളോട് സംഗീതാസ്വാദകർക്കുള്ള പ്രതിപത്തി കൂടിക്കൂടി വന്നു. ബാബുരാജിനെ പറ്റിയുള്ള എന്തും- അത് ലേഖനങ്ങളോ, ഡോക്യുമെന്ററിയോ, ചാനലിലെ പരിപാടികളോ ആയികൊള്ളട്ടെ, സംഗീതപ്രേമികൾ അതീവ താല്പര്യത്തോടെ കേട്ടു. അദ്ദേഹം വിടവാങ്ങി നാലരപതിറ്റാണ്ട് പൂർത്തിയാകുമ്പോൾ ബാബുരാജിന്റെ ജനസമ്മതിയുടെ വ്യാപ്‌തി അളക്കാൻ പറ്റാത്ത രീതിയിൽ എത്തിക്കഴിഞ്ഞിരുന്നു. അറുപതുകളിലെയും എഴുപതുകളിലെയും സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ നിന്നും ഉയർന്ന് നിഗൂഢമായ ഒരു സംഗീതഗോപുരം പോലെ ബാബുരാജ് ഇപ്പോഴും ആസ്വാദകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

കോഴിക്കോട്ടെ സമ്പന്നവീടുകളിൽ വിവാഹ ആഘോഷങ്ങൾക്ക് മെഹ്ഫിലുകൾ (സംഗീത സദസ്) അനിവാര്യമായിരുന്നു കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ ദശാബ്ദം. നിക്കാഹിന് വരൻ വരുമ്പോൾ അവരുടെ കൂടെ ഒരു ഖവാലി സംഘമുണ്ടാവും. വധുവിൻ്റെ വീട്ടിൽ മറ്റൊരു ഖവാലിസംഘം നേരെത്തെ എത്തിയിട്ടുണ്ടാവും. ഇവർതമ്മിൽ മത്സരിച്ചു പാടുകയാണ് ആ ചടങ്ങുകളിലെ ഏറ്റവും ആകർഷകമായ ഇനം. ചിലപ്പോൾ നേരം പുലരും വരെ ഇത്തരം സംഗീതസദസുകൾ നീളും. ഖവാലി സംഘത്തിലെ പ്രധാനി ഗുൽമുഹമ്മദിനോട് മത്സരിക്കാൻ പറ്റിയ ഒരു ഗായകനെ പ്രമാണിയായ ഒരു കച്ചവടക്കാരൻ കൊണ്ടുവന്നു. കൊൽക്കത്ത സ്വദേശി ജാൻമുഹമ്മദ്. വേദികളിൽ തകർപ്പൻ പ്രകടനം നടത്തിയ ജാൻമുഹമ്മദ് വളരെ വേഗം സംഗീത സദസ്സുകൾ കീഴടക്കി. പരിപാടിയുടെ ആധിക്യം മൂലം അദ്ദേഹം കോഴിക്കോട് സ്ഥിര താമസമാക്കി, വാഴക്കാടിനടുത്ത് നിന്ന് ഫാത്തിമ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അതിൽ ജനിച്ച ആദ്യ പുത്രനാണ് മുഹമ്മദ് സാബിർ എന്ന എം.എസ്‌. ബാബുരാജ്

യേശുദാസ്, ബാബുരാജ്
യേശുദാസ്, ബാബുരാജ്

ബാബുരാജിന് ആറുവയസ്സാകുമ്പോഴേക്ക് ഉമ്മ മരിച്ചു. പിന്നീട് ജാൻ മുഹമ്മദ് തലശ്ശേരിക്കാരിയായ റുഖിയബീവിയെ വിവാഹം കഴിച്ചു. തലശേരിയിലെ ചിറക്കരയിലാണ് ബാബുരാജ് ബാല്യം ചെലവഴിച്ചത്. ജാൻമുഹമ്മദ് കൊൽക്കൊത്തയിലേക്ക് തിരിച്ചുപോയതോടെ ബാബുരാജ് വീടുവിട്ട് അലയാൻ തുടങ്ങി. തെരുവിൽ പാടിനടന്ന ആ ബാലൻ്റെ കഴിവ് കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദിനെ ആകർഷിച്ചു. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുവന്നു. കോഴിക്കോട് അബ്ദുൾ ഖാദർ, കെ. ടി. മുഹമ്മദ് കെ. പി. ഉമ്മർ, ഒളിമ്പ്യൻ റഹ്‌മാൻ എന്നിങ്ങനെ ഒട്ടേറെ പ്രതിഭകൾക്ക് അത്താണിയായ കോൺസ്റ്റബിൾ ബാബുരാജ് ഉയരങ്ങളിൽ എത്തുമെന്ന് പ്രവചിച്ചു. ആ പ്രവചനം യാഥാർഥ്യമാവുമ്പോഴേക്കും കുഞ്ഞുമുഹമ്മദ് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു.

ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ബാബുരാജിന്. ആറുവയസ്സ് മാത്രം പ്രായമുള്ളപ്പോൾ മാതാവ് മരിച്ചു. പിന്നീട് സ്നേഹരഹിത്യമായ ബാല്യം. അലച്ചിലിൻ്റെ യൗവനം. കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദിൻ്റെ തണലിൽ അല്പം ആശ്വാസം കിട്ടിയെങ്കിലും ആദ്യ ഭാര്യ നഫീസയുടെയും മക്കളുടെയും മരണത്തോടെ ദുരന്തം പിന്നെയും ബാബുരാജിനെ പിന്തുടർന്നു. ഈ ജീവിതവ്യഥകൾ നൽകിയ ശോകാത്മകത അദ്ദേഹത്തിൻ്റെ പാട്ടുകളിൽ നിറഞ്ഞുനിന്നു.

നഷ്ടബോധത്തിൻ്റെയും ദുഃഖത്തിൻ്റെയും നേർത്ത സ്പർശങ്ങൾ ഇല്ലാത്ത പാട്ടുകൾ അപൂർവം. സന്തോഷമുള്ള പാട്ടുകളിൽപോലും വിഷാദത്തിൻ്റെ മറഞ്ഞിരിക്കുന്ന നേർത്ത പുഞ്ചിരി കാണാം. ‘കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്നവൻ ഞാൻ’, ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്നിവ ബാബുരാജിൻ്റെ വേദന നിറഞ്ഞ ജീവിതത്തിൻ്റെ ആവിഷ്കാരം തന്നെയായിരുന്നു. പ്രാണസഖി ബാബുരാജ് പാടിയതുപോലെ മറ്റാർക്കും പാടാൻ കഴിഞ്ഞില്ല. ആ പാട്ട് ബാബുരാജിൻ്റെ ജീവിതത്തെ പൊള്ളിക്കുന്നതായിരുന്നു. ഒരു ഗാനം സംഗീതസംവിധായകൻ്റെ ജീവിതവുമായി ഇഴചേർന്നിരിക്കുന്ന അപൂർവ്വത ഈ പാട്ടിൽ സംഭവിച്ചു.

ഹാർമോണിയത്തിൽ ബാബുരാജ് ചക്രവർത്തി തന്നെയായിരുന്നു. വായനയിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ബാബുരാജിൻ്റെ ഹാർമോണിയംവായനയിലെ മഹത്വം ഉദാഹരിക്കുന്ന നിരവധി സംഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. വിരലുകൾ കൊണ്ട് ഹാർമോണിയം കട്ടകളിൽ ഇന്ദ്രജാലം കാട്ടിയ ബാബുരാജിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു കോഴിക്കോട് പാടാൻ വന്ന തലത് മെഹമൂദ്. ബാബുരാജിൻ്റെ ഹാർമോണിയം വായന നോക്കി മന്ദഹസിച്ച് തലത് മെഹമൂദ് സിഗരറ്റ് പുകച്ചിരുന്ന കാഴ്ച പഴയകാല സംഗീതപ്രേമികൾക്ക് സുഖമുള്ള ഓർമയാണ്. വായന കഴിഞ്ഞപ്പോൾ തലത് ബാബുരാജിൻ്റെ കൈകൾ പിടിച്ചുകുലുക്കി അഭിനന്ദിച്ചു.

കൊൽക്കത്തയിലെ ചൗരംഗി എന്ന ഇടുങ്ങിയ തെരുവിൽ ഹാർമോണിയം വാങ്ങാൻ പോയ ബാബുരാജ് പിന്നെ അവിടെയിരുന്ന് ഹാർമോണിയം വായിക്കുന്നതാണ് കൂട്ടുകാർ കണ്ടത്. ഹാർമോണിയംവായനയിൽ മതിമറന്നു നിൽക്കുന്ന ബാബുരാജിൻ്റെ ചുറ്റും ജനം കൂടി. ജനബാഹുല്യം കൊണ്ട് ആ ചെറിയ തെരുവിൽ അൽപനേരത്തേക്ക് ഗതാഗതം നിശ്ചലമായി. ഇതിന് സാക്ഷ്യം വഹിച്ചത് സുഹൃത്തുക്കളായ തബലിസ്റ്റ് ഉസ്മാനും വിദ്യാധരനും.

 തലത് മെഹമൂദ്
തലത് മെഹമൂദ്

ഒരിക്കൽ ഗൾഫിൽനിന്ന് സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹാർമോണിയം തനിക്കു തരുമോ എന്ന് ചോദിച്ച ഒരു സുഹൃത്തിന് ബാബുരാജ് അത് കൊടുത്ത കഥ നജ്‌മൽബാബു പറഞ്ഞിട്ടുണ്ട്. മുപ്പതുവർഷം തൻ്റെ കൂടെയുണ്ടായിരുന്ന സന്തതസഹചാരിയെ ബാബുരാജ് ഒരു നിമിഷം മറന്നു. പല പ്രശസ്ത പാട്ടുകളും ഈണമിട്ടത് അതിലായിരുന്നു. നാട്ടിലെത്തിയപ്പോൾ പുതിയ ഹാർമോണിയം ബാബുരാജിനോട് അപരിചിതത്വം കാട്ടി. അപ്പോൾ ഹാർമോണിയം എടുത്ത് കൊടുക്കാൻ തോന്നിയ നിമിഷത്തെ അദ്ദേഹം ശപിച്ചു.

നീയെന്തറിയുന്നു നീലതാരമേ
വാസന്ത വാനത്തിൽ നീ ചിരിക്കുന്നു; ബാബുരാജിൻ്റെ ആദ്യഗസൽ എന്ന് കരുതാവുന്ന ഗാനം. കോഴിക്കോട് അബ്ദുൾഖാദർ പാടി പ്രശസ്തമാക്കിയ ഈ ഗാനം ബാബുരാജിൻ്റെ ആദ്യ സിനിമ (മിന്നാമിനുങ്ങ്- 1957) യിലേതാണ്. ബാബുരാജും അബ്ദുൾഖാദറും സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. പരസ്പരം സ്നേഹിച്ച് അവർ തങ്ങളുടെ ജീവിതത്തിൽ അന്യോന്യം തണൽ വിരിച്ചു. സംഗീതം കൊണ്ട് സമ്പന്നരും സമ്പത്ത് കൊണ്ട് ദരിദ്രരുമായിരുന്നു. തങ്ങളുടെ പാട്ട് കേൾക്കാനാഗ്രഹിക്കുന്നവർക്കുവേണ്ടി മാത്രം അവർ പാടി. കട്ടൻചായ കുടിച്ച്, ചുണ്ടിൽ ബീഡി പുകച്ച്, അവർ ആസ്വാദകരുടെ ഇടയിൽ മതിമറന്നിരുന്നു. ‘നക്ഷത്രപുണ്ണുകളായി എന്നിൽ പൊട്ടി ഒലിക്കുന്നമാനം’ എന്ന ഖാദറിൻ്റെ അവസാന പാട്ടിന് നിയോഗമായി തീർന്നതും ബാബുരാജ് തന്നെ. ഇടയ്ക്ക് അവർ തമ്മിൽ ചെറുതായി പിണങ്ങിയപ്പോൾ അബ്ദുൾ ഖാദറിന് നഷ്ടമായത് ‘അനുരാഗനാടകത്തിൻ അന്ത്യമാം രംഗം’ എന്ന പാട്ടാണ്. ഖാദർ പാടാൻ ഏറെ കൊതിച്ച ഗാനം പിന്നീട് ഉദയഭാനുവിനാണ് കിട്ടിയത്.

ബാബുരാജും അബ്ദുൾഖാദറും വിരുദ്ധ സ്വഭാവക്കാരായിരുന്നു. ബാബുരാജ് ഉല്ലാസവനായിരുന്നു. ധാരാളം സുഹൃത്തുക്കൾ അദ്ദേഹത്തെ വലയം ചെയ്തിരിക്കും. എന്നാൽ ഖാദർ ഏകാകിയായിരുന്നു. സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്‌. മൃദുഭാഷിയും ഗൗരവക്കാരനുമായിരുന്നു. സുഹൃത്തുക്കളാരും അദ്ദേഹം പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടില്ല. ബാബുരാജ് ബഹളക്കാരനായിരുന്നു. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു. അബ്ദുൾ ഖാദറിന് മദ്യപാനം ഒട്ടുമില്ലായിരുന്നു. അതേസമയം കട്ടൻചായയും ബീഡിയും ഒഴിച്ച് കൂടാൻ പറ്റാത്ത ശീലങ്ങളായിരുന്നു.

കോഴിക്കോട് അബ്ദുല്‍ ഖാദര്‍
കോഴിക്കോട് അബ്ദുല്‍ ഖാദര്‍

കലാകാരൻമാർക്ക് ദാരിദ്ര്യമുള്ള കാലമായിരുന്നു ബാബുരാജിൻ്റെത്. പരിപാടികൾക്ക് കൃത്യമായ കാശ് കിട്ടില്ല. ജനങ്ങളുടെ സന്തോഷത്തിനും പ്രശംസക്കും വേണ്ടിയായിരുന്നു പാടിയിരുന്നത്. കുടിക്കാനും തിന്നാനും ഇഷ്ടംപോലെ കൊടുക്കും. പക്ഷെ, കാശ് കൊടുക്കില്ല. കലാകാരന്മാരെ കുടിപ്പിക്കുക എന്നത് അക്കാലത്തെ ആരാധനയുടെ ഭാഗമാണ്. ഇതിൽപ്പെട്ടുപോയിരുന്നു ബാബുരാജ്‌. ഗായകന് ഒരു കുടുംബമുണ്ടെന്നും അയാൾക്ക് ജീവിക്കാൻ വരുമാനം വേണമെന്നുമുള്ള ചിന്തയൊന്നും സംഗീതപരിപാടി നടത്തുന്നവർക്കില്ലായിരുന്നു. കാശ് പറഞ്ഞു വാങ്ങാനുള്ള കഴിവ് ഗായകർക്കും ഉണ്ടായിരുന്നില്ല. ദാരിദ്ര്യമുണ്ടെങ്കിലും തങ്ങളുടെ കലയെ വിൽക്കാൻ അവർ തയ്യാറായിരുന്നില്ല. ആ കാലത്തിൻ്റെ മൂല്യബോധം ബാബുരാജിനെയും സ്വാധീനിച്ചിരുന്നു.

സംഗീതം തൻ്റെ സിരകളിൽ പടർന്ന കാലത്തായിരുന്നു ബാബുരാജ് നൗഷാദ് അലി സംഗീതം നൽകിയ ദീദാർ (1951) കാണുന്നത്. കോറണേഷൻ തിയേറ്ററിൽ ഒരേ സിനിമ തന്നെ പല തവണ കണ്ടത് സിനിമയോടുള്ള ഭ്രമം കൊണ്ടായിരുന്നില്ല. പാട്ട് കേൾക്കാൻ മാത്രമായിരുന്നു. ദീദാറിലെ ബജ്‌പെൻ കെ ദിൻ ബുലാന ദേന എന്ന പാട്ട് ആർക്കാണ് മറക്കാൻകഴിയുക? ദീദാറിലെ പാട്ടുകളിൽ അഭിരമിച്ച് ആദ്യ മകളെ ദീദാർ എന്ന് വിളിച്ചു ബാബുരാജ്. ശൈശവത്തിൽ തന്നെ ദീദാറും രണ്ട് സഹോദരങ്ങളും മരിച്ചു. ഹാർമോണിയം നന്നായി വായിച്ചു പാടുന്ന ഭാര്യ നഫീസ കൂടി മരണത്തിന് കീഴടങ്ങിയതോടെ ബാബുരാജ് ഏകനായി. ബാല്യത്തിലെ ഒറ്റപ്പെടലിനുശേഷം വീണ്ടും അതിലേക്ക് വഴുതിവീണു. ലഹരിയിലും സംഗീതത്തിലും തൻ്റെ സനാഥത്വം വീണ്ടെടുക്കാൻ ശ്രമിച്ചു ബാബുരാജ്. ലഹരി ഇല്ലായിരുന്നെങ്കിൽ തൻ്റെ ഉള്ളിൽ പുകയുന്ന കനലുകളിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടുമായിരുന്നു? പിന്നീട് ബിച്ചയെ വിവാഹം കഴിച്ചതോടെയാണ് ബാബുരാജ് സ്വസ്ഥമായ കുടുംബ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

യമൻ കല്യാണും, പഹാഡിയും, ഭൈരവിയും ബാബുരാജ് യഥേഷ്ടം ഉപയോഗിച്ചു. നാടോടി സ്പർശമുള്ള പഹാഡിയിൽ ‘മാണിമാരൻ തന്നത് പണമല്ല പൊന്നല്ല’ എന്ന ഗാനം, യമനിലെ ‘കൺമണി നീയെൻ കരംപിടിച്ചാൽ’, ‘കടലേ നീല കടലേ’ ആഹിർഭൈരവിലെ ‘പൊട്ടിത്തകർന്ന കിനാവിൻ്റെ മയ്യത്ത്’, ഭൈരവിയിലെ ‘പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്നിവ ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായിരുന്നു. പഹാഡിയിലെ ‘മണിമാരൻ തന്നത്’ എന്ന പാട്ടിൻ്റെ ശൈലിയിലാണ് ഗുലാം അലിയുടെ ‘ദിൽമേം ഏക് ലഹർ സി ഉഡി ഹെ അബി’ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യം വന്നത് ബാബുരാജിൻ്റെ പാട്ടു തന്നെ. പഹാഡിയുടെ പൊതുവായുള്ള ഒരു സഞ്ചാരരീതിയാണ് ഇരുവരും ഉപയോഗപ്പെടുത്തിയത്. ബാബുരാജിൻ്റെ വിഖ്യാതമായ പ്രണയഗാനം ‘ഒരു പുഷ്പം മാത്രം’ സൈഗളിൻ്റെ പ്രിയപ്പെട്ട രാഗമായിരുന്ന ദേശിലാണ്. അബ്ദുൾഖാദറും ദേശ് രാഗത്തിൻ്റെ ആരാധകനായിരുന്നു.

മലയാള സിനിമാസംഗീതത്തിൽ മനോധർമ്മം ഏറ്റവും കൂടുതൽ ഉപയോഗിച്ച സംഗീതകാരൻ ഒരു പക്ഷെ ബാബുരാജ് ആയിരിക്കും. ഉപകരണസംഗീതം വായിക്കുന്നവർക്ക് മനോധർമം ഉപയോഗിക്കാൻ ബാബുരാജ് കൊടുത്ത സ്വാതന്ത്ര്യത്തിലൂടെ സിതാറും ബാൻസുരിയും ഷഹനായിയും മികച്ച രീതിയിൽ ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞു. ആർ.കെ. ശേഖറും ഗുണസിങ്ങും അതിന് ബാബുരാജിനെ സഹായിച്ചു.

എം.എസ്. ബാബുരാജ്, ഭാര്യ ബിച്ച
എം.എസ്. ബാബുരാജ്, ഭാര്യ ബിച്ച

നിമിഷങ്ങൾക്കകം ട്യൂൺ ചെയ്യുക എന്നത് ബാബുരാജിൻ്റെ പ്രത്യേകതയായിരുന്നു. വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശരത് ചന്ദ്രമറാട്ടെ ഒരിക്കൽ പറഞ്ഞു; “ഞാൻ ഒരു പാട്ട് ട്യൂൺ ചെയ്യാൻ രണ്ടോ മൂന്നോ ദിവസം എടുക്കും. എന്നാൽ ബാബുവിന് പത്തോ ഇരുപതോ മിനുറ്റ് മതി”.

ഷെഹനായിയും സിതാറും ബാബുരാജിൻ്റെ ദൗർബല്യമായിരുന്നു. ഉസ്താദ് ബിസ്മില്ലാഖാൻ്റെ ഷെഹനായിയും പണ്ഡിറ്റ് രവിശങ്കറിൻ്റെ സിതാറും മലയാളികൾക്ക് പരിചിതമാവുന്നതിന് എത്രയോമുമ്പ് അവ സിനിമയിൽ ഉപയോഗിക്കാൻ ബാബുരാജിന് കഴിഞ്ഞു. കുട്ടിക്കുപ്പായത്തിലെ(1960) ‘പുള്ളിമാനല്ല മയിലല്ല’, ലൈല മജ്‌നുവിലെ( 1962) ‘ചുടുകണ്ണീരാൽ’ പുള്ളിമാനിലെ (1960) ‘ചന്ദ്രബിംബം നെഞ്ചിലേറ്റും’ എന്നീ പാട്ടുകളിൽ ഷഹനായിയും ഭാർഗവീനിലയത്തിലെ (1964) ‘താമസമെന്തേ വരുവാൻ’, ഖദീജ (1967) യിലെ ‘കണ്മണി നീയെൻ കരംപിടിച്ചാൽ’ എന്നിവയിൽ സിതാറും കേരളത്തിലെ സിനിമാസംഗീത പ്രേമികൾ ആദ്യമായി കേട്ടു.

സംഗീതത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള പാണ്ഡിത്യമൊന്നും ബാബുരാജിനുണ്ടായിരുന്നില്ല. നൈസർഗികമായ കഴിവിൽ സംഗീതത്തെ ജീവിതമാക്കി മാറ്റിയ അസാമാന്യ പ്രതിഭ. സംഗീതസംവിധായകൻ്റെയും ഗായകൻ്റെയും പതിവുവഴികളിൽ നിന്ന് മാറിനടന്ന ആൾ. മലയാളി വരച്ച കള്ളികളിലൊന്നും ബാബുരാജ് ഒതുങ്ങിയില്ല. തൻ്റെ അലച്ചിലും ലഹരിയുമായി സംഗീതത്തിൻ്റെ ലോകത്ത് സ്വപ്നാടകനെ പോലെ ബാബുരാജ് ജീവിച്ചു. 1929-ൽ ജനിച്ച ബാബുരാജ് 49-ാം വയസ്സിൽ, 1978 ഒക്ടോബർ 7- ന് ഈ ലോകത്തുനിന്ന് യാത്രയായി.

ബാബുരാജിനെപറ്റി നിരവധി ലേഖനങ്ങളും കഥകളും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഒരു ജീവചരിത്രം വന്നിട്ടില്ല എന്നത് പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. ആ ജീവചരിത്രം എഴുതാൻ ആഗ്രഹിക്കുന്ന എഴുത്തുകാർ നേരിടാൻ സാധ്യതയുള്ള ചില വെല്ലുവിളികളെ കുറിച്ച് സൂചിപ്പിക്കട്ടെ.

  • ഒരു മിത്തിക്കൽ മാനം കൈവരിച്ചിരിക്കുന്ന ബാബുരാജിന്റെ ജീവിതത്തിൽനിന്ന് കഥകളും യാഥാർഥ്യവും വേർതിരിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. ബാബുരാജിനെ ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്തവർ അദ്ദേഹത്തിൻ്റെ സുഹൃത്തായിരുന്നു എന്നും പറഞ്ഞ് നെയ്തെടുക്കുന്ന കല്പിതകഥകൾ ധാരാളമായി കേട്ടിട്ടുണ്ട്.

  • അദ്ദേഹം മുംബൈയിൽ പോയ കാലഘട്ടം അജ്ഞാതമാണ്. ഒരു ഹിന്ദി സിനിമയിൽ കോറസ് പാടിയിരുന്നു എന്നും കേട്ടിട്ടുണ്ട്. അതു പോലെ മുഹമ്മദ് സബീർ ബാബുരാജ് ആയതും മുംബൈയിൽ വെച്ചാണ് എന്നു പറയുന്നു. അവിടെ എത്രകാലം കഴിഞ്ഞു, അവിടെയുള്ള ജീവിതം എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ അജ്ഞാതമാണ് .

  • സഞ്ചരിക്കുന്ന സർക്കസുകാരുടെ സംഘത്തോടൊപ്പം സിലോണിൽ പോയിരുന്നു എന്നും കേട്ടിട്ടുണ്ട്. അവിടെ എത്ര കാലം തങ്ങിയിരുന്നു എന്നത് വ്യക്തമല്ല.

ഇങ്ങനെയുള്ള വിളക്കപ്പെടാത്ത കണ്ണികൾ (Missing links) ബാബുരാജിന്റെ ജീവിതത്തിൽ നിരവധിയുണ്ട്. അവയെല്ലാം ഏതെങ്കിലും രൂപത്തിൽ കണ്ടെത്താനുള്ള സാധ്യതകളും വിരളമാണ്.


Summary: നിഗൂഢമായ ഒരു സംഗീതഗോപുരം പോലെ ബാബുരാജ് ഇപ്പോഴും ആസ്വാദകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതപ്പെടാതെ പോയത്?


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments