സമ്പൂർണ്ണ കലാകാരർ ആണ് സംഗീതജ്ഞനായ ടി.എം. കൃഷ്ണ. നമ്മുടെ ഇന്നത്തെ ഇന്ത്യൻ സമൂഹമാകട്ടെ ശരാശരി കലാകാരരെ മാത്രം ഉൾക്കൊള്ളാനുള്ള സാംസ്ക്കാരികശേഷിയിലേക്കു ക്ഷയിക്കുകയാണ്. അതുകൊണ്ടാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്ക്കാരം ടി.എം. കൃഷ്ണക്കു നൽകുന്നതിനെ ചിലർ എതിർത്തതും വിഷയം കോടതിയിലെത്തിയതും, കോടതിയാകട്ടെ ഒരു സമ്പൂർണ കലാകാരനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതും.
എം. എസ്. സുബ്ബലക്ഷ്മിയെ കുറിച്ച് ടി. ജെ. എസ്. ജോർജ്ജ് എഴുതിയ പുസ്തകത്തിൻ്റെ (M. S. Subbulakshmi: The Definitive Biography) രണ്ടാം പതിപ്പ് പ്രകാശന വേളയിൽ ‘സംസ്ക്കാരവും സമുദായവും’ (Cuture and Community) എന്ന വിഷയത്തിൽ ഒന്നര മണിക്കൂറോളം ടി.എം. കൃഷ്ണ സംസാരിക്കുന്നുണ്ട്. 2017 നവംബർ 24 ന് ഹൈദരാബാദിൽ നടത്തിയ ഈ പ്രഭാഷണത്തിൻ്റെ വീഡിയോ യൂ ട്യൂബിൽ ആർക്കും കേൾക്കാം. സംസ്ക്കാരവും സമുദായവും തമ്മിൽ കലയ്ക്കുള്ള ബന്ധത്തെപ്പറ്റി അസാധാരണമായ ഉൾക്കാഴ്ചയിലേക്കു നയിക്കുന്ന കൃഷ്ണയുടെ ഈ പ്രഭാഷണത്തെ വൈജ്ഞാനികമായ സംഗീതാനുഭൂതിയെന്നേ വിശേഷിപ്പിക്കാൻ കഴിയൂ.
സംസ്ക്കാരമെന്നത് മാതൃകാപരമായ ഒരു ഡിസൈൻ - പാറ്റേൺ ആണെന്നും ഈ പാറ്റേണിനകത്താണ് കലയും സമുദായവും നിലകൊള്ളുന്നതെന്നും കൃഷ്ണ പറയുന്നു. സംസ്ക്കാരമെന്ന പാറ്റേൺ നിർമ്മാണത്തിൽ പങ്കാളികളാണ് കലാകാരർ. സംസ്ക്കാരത്തിന് അനുഗുണമായ സൗന്ദര്യസൃഷ്ടിയിയാണ് കല. സമുദായത്തിൻ്റെ സാംസ്ക്കാരിക ഭാവങ്ങളെ ആവിഷ്ക്കരിച്ച് സമുദായത്തെ സൗന്ദര്യാത്മകമായി ആനന്ദിപ്പിക്കുന്നു കലാസൃഷ്ടി ("കലാകാരർ മിക്കവാറും ഹാബിറ്റ് ക്രിയേറ്റേഴ്സ് ആണ്. ഹാബിറ്റ് സന്തോഷം തരും. കലയിലൂടെ നമ്മൾ നമ്മുടെ ഐഡൻ്റിറ്റിയെ തന്നെ ഉറപ്പിക്കുന്നു’’). എന്നാൽ കല ചിലപ്പോഴെങ്കിലും സമുദായത്തിൻ്റെ സാംസ്ക്കാരിക സൗന്ദര്യബോധത്തെ മറികടക്കാൻ ശ്രമിക്കാറുണ്ട്. ("കലയ്ക്ക് പാറ്റേണിനെ ചോദ്യം ചെയ്യാനുള്ള കഴിവുണ്ട്. കലക്ക് അതിൻ്റെ തന്നെ സംസ്ക്കാരത്തെ ചോദ്യം ചെയ്യാനുള്ള കഴിവുണ്ട്"). സമുദായത്തിൻ്റെ സാംസ്ക്കാരിക സൗന്ദര്യബോധത്തിൽ വിള്ളലുണ്ടാക്കാനുള്ള ഈ കഴിവാണ് കലയുടെ പ്രത്യേകത. സമ്പൂർണ കല സമുദായത്തിൻ്റെ സാംസ്ക്കാരികാനുഭവങ്ങളെയും സൗന്ദര്യാനുഭൂതികളെയും ഉടച്ചുവാർക്കാൻ തയ്യാറാകുന്നു.
കൃഷ്ണക്കു അവാർഡ് തടസപ്പെട്ടു എന്നതല്ല കാര്യം. സമ്പൂർണ്ണ കലയെന്തെന്നു തിരിച്ചറിയാൻ നീതിപീഠങ്ങൾക്കും കഴിവുകെട്ടു എന്നതാണ് കാതൽ.
എന്നാൽ സമ്പൂർണ കലയുടെ ഈ ദൗത്യം സമുദായത്തെയും അതിൻ്റെ സംസ്ക്കാരത്തെയും അസ്ഥിരപ്പെടുത്തുമെന്നതിനാൽ, അത്തരം ഏടാകൂടത്തിൽ പെടാതിരിക്കാൻ, കലയുടെ ധർമ്മം സമുദായത്തിൻ്റെ സൗന്ദര്യാനുഭവ ശീലങ്ങളെ പുനർനിർമ്മിച്ച് സമുദായത്തെ സന്തോഷിപ്പിക്കുക മാത്രമാണെന്നു കലാകാരർ കരുതുന്നു. അഥവാ സമുദായത്തിൻ്റെ സാംസ്ക്കാരിക സൗന്ദര്യമാതൃകകളെ പിന്തുടരാൻ അവർ നിർബ്ബന്ധിതരാകുന്നു.
ഇതിനുദാഹരണമായി ഒരു സാമൂഹ്യദൃഷ്ട്രാന്തം കൃഷ്ണ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ ഒരു ദലിത് യുവാവ് ക്ഷേത്ര പൂജാരിയായി സാംസ്ക്കാരിക ഘടനയിൽ ഒരു പുതിയ അനുഭവം നൽകുന്നു. എന്നാൽ അയാൾ പൂണൂൽ ധരിച്ചുകൊണ്ടാണ് പൂജാരിയാകുന്നത്. പൂജാരി പൂണൂൽ ധരിക്കണം എന്ന സാംസ്ക്കാരിക മാതൃക അവിടെ സംരക്ഷിക്കപ്പെടുന്നു. അതിനെ ധിക്കരിക്കുന്ന പുതിയ പാറ്റേൺ സൃഷ്ടിക്കുക അത്ര എളുപ്പമോ സ്വീകാര്യമോ അല്ല. എന്നാൽ കല അപൂർവ്വമായെങ്കിലും സാംസ്ക്കാരിക അധികാരങ്ങളുടെയും വിവേചനത്തിൻ്റെയും പൂണൂൽ പൊട്ടിക്കാൻ തയ്യാറാകുന്നു.
ഉദാത്തമായ കലാ- സംഗീത പാരമ്പര്യം കൈമുതലായ ദേവദാസി സമൂഹത്തിൽ നിന്നാണ് എം.എസ്. സുബ്ബലക്ഷ്മി വരുന്നത്. അവരുടെ സംഗീത ജീവിതത്തെ മുൻനിർത്തി സംസ്ക്കാരത്തിൻ്റെ പാറ്റേൺ എങ്ങനെ കലയിൽ പ്രവർത്തിക്കുന്നു എന്നു കൃഷ്ണ പറയുന്നു. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തൻ്റെ ദേവദാസീസ്വത്വത്തെ നിഷ്ക്കാസനം ചെയ്തതിനു മുമ്പും പിമ്പുമുള്ള സുബ്ബലക്ഷ്മിയുടെ സംഗീതാവിഷ്ക്കാരങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കൊട്ടാരങ്ങളിലും കോവിലുകളിലും ദേവദാസികളാൽ ആവിഷ്ക്കരിക്കപ്പെട്ട സംഗീതം ജീവിതത്തിൻ്റെ ബഹുതലഭാവങ്ങളുടെ സ്വതന്ത്രപ്രകാശനമായിരുന്നു. അതിൽ രതിയും വിരതിയും കലർന്നിരുന്നു. എന്നാൽ ദേവദാസി കലാജീവിതത്തെ വേശ്യാവൃത്തിയായി മുദ്രകുത്തി പാശ്ചാത്യ സദാചാരനിയമങ്ങൾ അതിനെ നിരോധിച്ചതോടെ -Bombay Devadasi Protection Act (1934) - ദേവദാസികളുടെ നൃത്തസംഗീത വാദ്യകലാപാരമ്പര്യം അന്യാധീനപ്പെട്ടു.
ഒരിക്കലും ഒരു വിധത്തിലും സുബ്ബലക്ഷ്മിയിലെ സംഗീതപ്രതിഭയെ ഇകഴ്ത്തുന്ന ഒരു വാക്കും കൃഷ്ണ പറഞ്ഞിട്ടില്ല. പകരം അവരുടെ അതുല്യമായ കലാവൈഭവത്തെ ആവർത്തിച്ച് ആദരിക്കുന്നുണ്ട് അദ്ദേഹം.
20-ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ദേവദാസികളുടെ കലാ- സംഗീത പാരമ്പര്യത്തിനു ഇന്ത്യൻ നഗരങ്ങളിൽ പുതുതായി ഉയർന്നു വന്ന സവർണ്ണ മധ്യവർഗ്ഗങ്ങളിലേയ്ക്കു കൂടുമാറ്റം സംഭവിക്കുന്നുണ്ട്. യൂറോപ്യൻ സദാചാരവും ബ്രാഹ്മണ പുരുഷാധിപത്യ മൂല്യങ്ങളും ദേവദാസീ കലകളിലേക്കു പ്രവേശിക്കുകയും കർണ്ണാടക സംഗീതമെന്നത് പുതിയ സവർണ്ണ മധ്യവർഗ്ഗ ഭക്തിയുടെ കലാപ്രകടനമായി സങ്കോചിപ്പിക്കപ്പെടുകയും ചെയ്തു. ഈ മാറ്റം സുബ്ബലക്ഷ്മിയുടെ സംഗീതജീവിതത്തിൽ, അവരുടെ പാട്ടിലും ബാഹ്യപ്രകൃതിയിലും ഒക്കെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നാണ് കൃഷ്ണ നിരീക്ഷിക്കുന്നത്.
എന്നാൽ, ഒരിക്കലും ഒരു വിധത്തിലും സുബ്ബലക്ഷ്മിയിലെ സംഗീത പ്രതിഭയെ ഇകഴ്ത്തുന്ന ഒരു വാക്കും കൃഷ്ണ പറഞ്ഞിട്ടില്ല. പകരം അവരുടെ അതുല്യമായ കലാവൈഭവത്തെ ആവർത്തിച്ച് ആദരിക്കുന്നുണ്ട് അദ്ദേഹം. പിന്നെ എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷം കൃഷ്ണയെ സുബ്ബലക്ഷ്മിയെ മുൻനിർത്തി വേട്ടയാടുന്നത്? കാരണം നമ്മൾ ഇന്നുവരെ കാണാത്തതും കേൾക്കാത്തതുമായ വിധത്തിൽ കർണ്ണാടക സംഗീതത്തിൻ്റെ സാംസ്ക്കാരിക സൗന്ദര്യ പറ്റേണുകളെ പാടിക്കൊണ്ടു തന്നെ തകർക്കുകയാണ് കൃഷ്ണ.
മൂന്നു വിധത്തിലാണ് കൃഷ്ണ സംഗീതത്തിൽ തൻ്റെ സാംസ്കാരികവിപ്ലവം നടത്തി സമ്പൂർണ്ണ കലാകാരർ ആയി മാറുന്നത്.
ഒന്ന്; താൻ പിറന്ന ബ്രാഹ്മണസമുദായം തന്നിൽ നിറച്ച മനുഷ്യത്വരഹിതമായ പൊള്ളത്തരങ്ങളെ കൃഷ്ണ നിശിതമായി ആത്മവിമർശനം നടത്തി സ്വയം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നു (അദ്ദേഹം കടപ്പുറത്തും ചേരികളിലും പുറമ്പോക്കിലും കച്ചേരി നടത്തുന്നു. തുകൽവാദ്യം നിർമ്മിക്കുന്ന അസ്പർശ്യരെ പറ്റി പുസ്തകം - Sebastian & Sons: A Brief History of Mrdangam Makers -എഴുതുന്നു).
രണ്ട്; ആൺ സമുദായത്തിൽ ജനിച്ച അംഗമെന്ന നിലയിൽ തന്നിൽ നിക്ഷേപിക്കപ്പെട്ട ആണധികാര ഘടനകളെ പരിശോധിക്കുകയും അവയെ സ്വയം കൈയൊഴിയുകയും ചെയ്യുന്നു. (കന്നട - തെലുങ്ക് - മറാത്ത അതിർത്തിയിലെ ഭിന്നലിംഗക്കാരായ ജോഗപ്പകൾക്കൊപ്പം പാടുന്നു. പക്കമേളക്കാരായി പെണ്ണുങ്ങളെ കൂടുതൽ ഉൾപ്പെടുത്തുന്നു).
അധികാരത്തിൽ മാത്രം ആസക്തമായവർ സാംസ്ക്കാരിക പാറ്റേണുകളുടെ ഹിംസാത്മകമായ സംരക്ഷകരാണ്. സമ്പൂർണ്ണ കലാകാരർ എന്ന നിലയിൽ കൃഷ്ണ നിൽക്കുന്നതാകട്ടെ പാറ്റേണുകൾ തരുന്ന തുച്ഛലഹരിയെ തിരസ്ക്കരിച്ച് മാനവികതയുടെ സൗന്ദര്യാനുഭൂതി അനുഭവിപ്പിക്കുന്നതിനും.
മൂന്ന്; കലാകാരരുടെ സമുദായത്തിൽ അംഗമായ അദ്ദേഹം തൻ്റെ കലാജീവിതത്തെ തന്നെ സൂക്ഷ്മപരിശോധനക്കു വിധേയമാക്കുന്നു. അതുവഴി പരമ്പരാഗത സൗന്ദര്യബോധ പരിസരങ്ങളെ നിരസിക്കുന്നു.
ഇപ്രകാരം ഒരു മനുഷ്യൻ ഏതൊക്കെ സാമുദായിക ഘടകങ്ങളിൽ പങ്കാളിയാണോ അതിൻ്റെയെല്ലാം സാംസ്ക്കാരിക അധികാരഘടനകളെ ആത്മവിമർശനത്തിനു വിധേയമാക്കുക എന്ന അത്യപൂർവ്വ ധീരകൃത്യമാണ് കൃഷ്ണ സ്വയം വഹിക്കുന്നത്.
ഈ മൂന്നു ആത്മനവീകരണ യജ്ഞങ്ങളും നാം അഭിമാനത്തോടെ പേറുന്ന വിവിധതരം സാമുദായിക അഹംബോധങ്ങൾക്ക് ഒട്ടും തന്നെ രുചിക്കുന്നതല്ല. നമുക്ക് ഇഷ്ടപ്പെട്ട വിധത്തിൽ നമ്മുടെ സാമുദായിക സൗന്ദര്യാസ്വാദനത്തെ തൃപ്തിപ്പെടുത്തുന്നതിലുപരി നമ്മെക്കൂടി ആത്മപരിശോധനക്കു ക്ഷണിച്ച് നമ്മെ പുതുക്കുന്നവയാണ് കൃഷ്ണയുടെ സംഗീതസപര്യകൾ. കേവലമായ സമാധാനവും സംതൃപ്തിയുമല്ല കൃഷ്ണയുടെ പാട്ട് വാഗ്ദാനം ചെയ്യുന്നത്. അത് അസ്വസ്ഥതയുടെയും തിരിച്ചറിവിൻ്റെയും ആനന്ദമാണ്. ശുദ്ധമെന്നു നാം കരുതുന്നതിലെ അശുദ്ധികളെയാണ് പാട്ടുകാരൻ തന്നെയായ ആക്ടിവിസ്റ്റ് അഭിസംബോധന ചെയ്യുന്നത്.
ഇന്ന് ജനാധിപത്യത്തിൽ ഭൂരിപക്ഷ ലബ്ധിയിലൂടെ രാഷ്ട്രീയാധികാരത്തിന് മതത്തെ മറയാക്കിയിരിക്കുന്നതിനാൽ - അതായത് സംസ്ക്കാരം തന്നെ ഏറ്റവും വലിയ രാഷ്ട്രീയായായുധമായി സമൂഹത്തിനുമേൽ പ്രയോഗിക്കുന്നതിനാൽ, അധികാരത്തിൽ മാത്രം ആസക്തമായവർ സാംസ്ക്കാരിക പാറ്റേണുകളുടെ ഹിംസാത്മകമായ സംരക്ഷകരാണ്. സമ്പൂർണ്ണ കലാകാരർ എന്ന നിലയിൽ കൃഷ്ണ നിൽക്കുന്നതാകട്ടെ പാറ്റേണുകൾ തരുന്ന തുച്ഛലഹരിയെ തിരസ്ക്കരിച്ച് മാനവികതയുടെ സൗന്ദര്യാനുഭൂതി അനുഭവിപ്പിക്കുന്നതിനും.
നാളിതുവരെ കർണ്ണാടക സംഗീതത്തിൻ്റെ സാംസ്ക്കാരിക വിമർശം ഇത്ര നിശിതമായും ആഴത്തിലും ആരും നടത്തിയിട്ടില്ലെന്നു നാമോർക്കണം. സംഗീതത്തിൻ്റെ സാംസ്ക്കാരിക വിമർശനത്തിലൂടെ അതിലെ അധികാര പ്രയോഗത്തിൻ്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയാണ് കൃഷ്ണ. രാഷ്ടീയാതീതമെന്നും ശുദ്ധസൗന്ദര്യമെന്നും പ്രീതി നേടിയ കർണ്ണാടക സംഗീതത്തിൽ ഇതാദ്യമാണ്. അതുകൊണ്ടാണ് 2014 മാർച്ചിൽ ചെന്നൈ മ്യൂസിക് അക്കാദമി കൃഷ്ണക്ക് സംഗീതകലാധിനി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യാതിരുന്ന സുബ്ബലക്ഷ്മിയുടെ ചെറുമകൻ അഞ്ചുമാസം കഴിഞ്ഞ് ആഗസ്റ്റിൽ കോടതിയിൽ കേസു കൊടുത്തത്. മാത്രമല്ല അതിന് ന്യായമായി ഇതിനു മുമ്പെങ്ങും തടസ്സമുണ്ടാക്കാതിരുന്ന സുബ്ബലക്ഷ്മിയുടെ വിൽപ്പത്രം (2005 മുതൽ ‘സംഗീത കലാനിധി എം.എസ് സുബ്ബലക്ഷ്മി അവാർഡ്’ ദ ഹിന്ദു പത്രവുമായി ചേർന്ന് മ്യൂസിക് അക്കാദമി നൽകി വരുന്നു) പുതിയതായി ഉയർത്തിയത്; കൃഷ്ണ സുബ്ബലക്ഷ്മിയെ അപമാനിച്ചു എന്നാരോപിച്ചത്.
നാളിതുവരെ കർണ്ണാടക സംഗീതത്തിൻ്റെ സാംസ്ക്കാരിക വിമർശം ഇത്ര നിശിതമായും ആഴത്തിലും ആരും നടത്തിയിട്ടില്ലെന്നു നാമോർക്കണം. സംഗീതത്തിൻ്റെ സാംസ്ക്കാരിക വിമർശനത്തിലൂടെ അതിലെ അധികാര പ്രയോഗത്തിൻ്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയാണ് കൃഷ്ണ.
കോടതിയാകട്ടെ, സുബ്ബലക്ഷ്മിയുടെ ഇപ്പോൾ ഹാജരാക്കിയ ഒസ്യത്ത് വെച്ചാകണം, അവാർഡിൻ്റെ പേരു മാറ്റണം എന്നു വിധിച്ചതോടെ കൃഷ്ണ ഉന്നയിച്ച കലാവിമർശനങ്ങളുടെ സമ്പൂർണ്ണതയെ ഉൾക്കൊള്ളാൻ കെല്പില്ലാതെ പോയിരിക്കുന്നു.
കൃഷ്ണ പറയുന്നതുപോലെ സംസ്ക്കാരമാണ് പ്രധാനം. സമ്പത്തും രാഷ്ട്രീയവും അതിൻ്റെ നിലനില്പിനും സംരക്ഷണത്തിനും വളർച്ചക്കും സംസ്കാരത്തെയാണ് ആശ്രയിക്കുന്നത്. കാരണം സംസ്ക്കാരം പ്രധാനമായും ഒരു വൈകാരിക പ്രശ്നമാണ്. അതിനാൽ സാംസ്ക്കാരിക ജീർണ്ണതകളിലെ സൗന്ദര്യം സംരക്ഷിക്കുക എന്നത് ഇന്ത്യയിൽ ഇന്നു രാഷ്ട്രീയാധികാരത്തിനുള്ള കുറുക്കുവഴിയാണ്.
കൃഷ്ണക്കു അവാർഡ് തടസപ്പെട്ടു എന്നതല്ല കാര്യം. സമ്പൂർണ്ണ കലയെന്തെന്നു തിരിച്ചറിയാൻ നീതിപീഠങ്ങൾക്കും കഴിവുകെട്ടു എന്നതാണ് കാതൽ. അതായത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ കലകളുടെ പോഷണത്തിന് 1928- ൽ സ്ഥാപിതമായ ചെന്നൈ മ്യൂസിക് അക്കാദമി എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാർഡ് ടി.എം. കൃഷ്ണക്കു നൽകിയതുതന്നെ കർണ്ണാടക സംഗീതത്തിൻ്റെ സമസ്തരംഗത്തും കൃഷ്ണയുടെ സംഭാവന വിലമതിക്കേണ്ടതാണെന്നു തിരിച്ചറിഞ്ഞിട്ടാണ്. വായ്പാട്ടു കൊണ്ട് സംസ്ക്കാരത്തിൻ്റെ അധികാരക്കോയ്മകളെ അദ്ദേഹം തൊട്ടപ്പോൾ സംഭവിച്ച ഭയത്തിൽ നിന്നാണ് കൃഷ്ണ തിരസ്കൃതനായത്.