സ്വന്തത്തിനോടും സമൂഹത്തിനോടും പൊരുതുന്ന മുസ്‌ലിം സ്ത്രീകൾ

കേരളത്തിൽ, പൊതുമണ്ഡലങ്ങളിലെ മുസ്ലിം സ്ത്രീകളുടെ ഇടപെടലുകൾക്ക് ചരിത്രപരമായ അടിത്തറയുണ്ട്. മലബാർ കലാപ പോരാളി മാളു ഹജ്ജുമ്മയും, ആദ്യ വനിതാ പത്രാധിപ ഹലീമാ ബീവിയും മാത്രമല്ല, തെറുപ്പ് ജോലി ചെയ്ത, കൃഷിയിടങ്ങളിൽ പണിയെടുത്ത തൊഴിലാളികളായ അനേകം ഉമ്മമാരുടേയും ചരിത്രമാണത്. 1993-ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പിലാക്കുന്നത്. ഇതിനും വർഷങ്ങൾക്കു മുൻപ് തന്റെ 25-ാം വയസ്സിലാണ് ജമീല റസാഖ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റാകുന്നത്, 1979-ൽ. മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റ്.

തീർത്തും സ്റ്റീരിയോടിപ്പിക്കലായ ആഖ്യാനങ്ങളാണ് മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഇന്നും സമൂഹത്തിൽ പ്രചാരത്തിലുള്ളത്. പീഡിതരാണ് രാജ്യത്തെ മുസ്ലിം സ്ത്രീകളെന്നാണ് സംഘപരിവാർ പ്രചാരണം. ഒരു ന്യൂനപക്ഷ സമുദായത്തെ അപരവൽകരിക്കാനും അപരിഷ്‌കൃതരായി ചിത്രീകരിക്കാനും സംഘപരിവാർ ആവർത്തിച്ചുയർത്തുന്ന മുദ്രാവാക്യമാണിത്. കർണാടകയിലെ ഹിജാബ് നിരോധനം മുതൽ ബുള്ളി ബായ് പോലുള്ള ആപ്പുകൾ വരെ മുസ്ലിം സ്ത്രീകളെ നിരന്തരം അക്രമിക്കുന്നത് ഈയൊരു മുദ്രാവാക്യത്തിന്റെ തുടർച്ചയാണ്. ദൈനംദിന രാഷ്ട്രീയത്തിൽ ഇടപെടുന്ന, പൊതുപ്രവർത്തകരായ മുസ്ലിം സ്ത്രീകൾ അവരുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും, ബഹുമുഖങ്ങളായ പേരാട്ടങ്ങളെക്കുറിച്ചും പറയുന്നു.

Comments