‘നാട്ടു നാട്ടു’;
പൊടിപറത്തി കാളക്കൂറ്റന്‍
കുതറിയിളകുന്നതുപോലൊരു പാട്ട്
‘നാട്ടു നാട്ടു’; പൊടിപറത്തി കാളക്കൂറ്റന്‍ കുതറിയിളകുന്നതുപോലൊരു പാട്ട്
ഗ്രാമ സംസ്കാരവും ഭക്ഷണവും പ്രകൃതിയും സാധാരണ ജീവിതവുമെല്ലാം കടന്നുവരുന്നതാണ് ‘നാട്ടു നാട്ടു’ എന്ന പാട്ടിലെ വരികള്‍. അരിച്ചോളം കൊണ്ടുള്ള ചപ്പാത്തി മുളകുചേര്‍ത്ത് കഴിക്കും പോലെയുള്ള നൃത്തം, മൂര്‍ച്ചയേറിയ കത്തി പോലെയുള്ള നൃത്തം എന്നിങ്ങനെ പാട്ട് പുരോഗമിക്കുന്നു.
12 Jan 2023, 09:15 AM
മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിന് തെക്കേ ഇന്ത്യയിലെ തെരുവു നര്‍ത്തന ഗീതങ്ങളുടെ ചടുലതാളമാണുള്ളത്.
സ്വാതന്ത്ര്യസമര കാലത്ത് ആന്ധ്രയിലെ നാടന്‍ കലാരൂപങ്ങളിലൂടെ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ജനം പ്രതികരിച്ചിരുന്നു. തപ്പു, തപ്പേട്ടു, ഗുല്ലു എന്നിവ ഇത്തരം കലാരൂപങ്ങളാണ്. ഇവയുടെ ചുവടുപിടിച്ചാണ് പില്‍ക്കാലത്ത് നക്സൽ നേതാവും കവിയുമായ ഗദ്ദര്‍ ആന്ധ്രയിലെ ഗ്രാമങ്ങളിൽ ആശയപ്രചാരണം നടത്തിയത്. തപ്പുകൊട്ടിന്റെ താളമാണ് ‘നാട്ടു നാട്ടു’ ഗാനത്തിനുമുള്ളത്. ഈ ചടുലതാളത്തിന് നൃത്തച്ചുവടൊരുക്കാന്‍ ഒരു മാസമെടുത്തുവെന്നാണ് നൃത്തസംവിധായകന്‍ പ്രേം രക്ഷിത് പറയുന്നത്.
ഒരു വിരുന്നുചടങ്ങില്‍, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കളായ കഥാപാത്രങ്ങള്‍ നാടന്‍ നൃത്തം അവതരിപ്പിക്കുന്നതാണ് പാട്ടിലെ രംഗം. ‘നിങ്ങള്‍ക്ക് നാടന്‍ നൃത്തം അറിയാമോ’ എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കള്‍ തിരിച്ചു ചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്. "നാടന്‍ നൃത്തമോ, അതെന്താണ്?’ എന്ന ബ്രിട്ടീഷുകാരന്റെ ചോദ്യത്തിനുത്തരമായി ചടുലതാളത്തില്‍ അവര്‍ നൃത്തം തുടങ്ങുന്നു.
‘ദേവിയുടെ ഉത്സവത്തിന് പ്രധാന നര്‍ത്തകന്‍ ആടുന്നതുപോലെ, വിശാലമായ പാടത്ത് പൊടിപറത്തി കാളക്കൂറ്റന്‍ കുതറിയിളകുന്നതുപോലെ’... എന്നിങ്ങനെയാണ് നാടന്‍ നൃത്തമെന്ന് പറഞ്ഞുകൊണ്ടാണ് ഗാനത്തിന്റെ വരികളാരംഭിക്കുന്നത്. ഗ്രാമ സംസ്കാരവും ഭക്ഷണവും പ്രകൃതിയും സാധാരണ ജീവിതവുമെല്ലാം കടന്നുവരുന്നതാണ് വരികള്‍. അരിച്ചോളം കൊണ്ടുള്ള ചപ്പാത്തി മുളകുചേര്‍ത്ത് കഴിക്കും പോലെയുള്ള നൃത്തം, മൂര്‍ച്ചയേറിയ കത്തി പോലെയുള്ള നൃത്തം എന്നിങ്ങനെ പാട്ട് പുരോഗമിക്കുന്നു.

പാട്ടെഴുതിയ കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എന്ന കവി വാറംഗലിന് സമീപമാണ് ജനിച്ചത്. വാറംഗല്‍ ജില്ലയിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രത്തിലെ ശാകാംബരി ഉത്സവത്തിന് ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന കാളിയുടെ പാട്ടുകള്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കും. അതുകേട്ട് വളര്‍ന്ന ചന്ദ്രബോസിന് ഇത്തരമൊരു ഗാനത്തിന്റെ സത്ത പെട്ടെന്ന് ഉള്‍ക്കൊള്ളാനായി.
പാട്ടിലൂടെയും നാടന്‍ നൃത്തത്തിലൂടെയും ബ്രിട്ടീഷുകാര്‍ക്കും നൈസാമിനും എതിരെ പോരാടിയ ചരിത്രവും തെലുങ്കുനാടിനുണ്ട്. നാല്‍പ്പതുകളില്‍ തെലങ്കാന പ്രക്ഷോഭകാലത്ത് ബുറക്കഥ എന്ന നാടന്‍ കലാരൂപത്തിലൂടെ പ്രക്ഷോഭകാരികള്‍ നൈസാമിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പ്രതിഷേധിച്ചു. പാട്ടും കഥയും നൃത്തവും ചേര്‍ന്നതായിരുന്നു ബുറകഥ. നാടോടി സംഘങ്ങള്‍ കഥ പറഞ്ഞും പാട്ടു പാടിയും അവതരിപ്പിച്ചിരുന്ന ജംഗംകഥയില്‍ നിന്നാണ് ഈ കലാരൂപം രൂപം കൊണ്ടത്. ഹൈദരബാദില്‍ നൈസാമും മദ്രാസ് പ്രസിഡന്‍സിയില്‍ ബ്രിട്ടീഷ് സര്‍ക്കാരും ബുറകഥ നിരോധിച്ചു. അന്ന് ഹൈദരാബാദ് ഒഴികെയുള്ള തെലുങ്ക് നാട് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു.
ഒരുകാലത്ത് വിദേശ ശക്തികള്‍ക്കെതിരെ ഉപയോഗിച്ച നാടന്‍ സംഗീതം തന്നെ ഒരു വിദേശ പുരസ്കാരത്തിന് അര്‍ഹമായതും കാലത്തിന്റെ കളി എന്നുതന്നെ പറയാം.
കീരവാണി എന്ന സംഗീതസംവിധായകന്‍ മലയാളത്തിലും ഏതാനും ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന പടത്തിലെയും ദേവരാഗം എന്ന ഭരതന്‍ ചിത്രത്തിലെയും ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. നീലഗിരിയില്‍ മരഗതമണി എന്ന പേരാണ് ഉപയോഗിച്ചത്. തമിഴിലെ ചില ഗാനങ്ങളും അദ്ദേഹം മരഗതമണി എന്ന പേരില്‍ ചെയ്തു. നീലഗിരിയിൽ ചിത്ര പാടിയ ‘തുമ്പി നിന്‍ മോഹം’ എന്ന ഗാനം കല്യാണി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്.
1995ല്‍ മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്രിമിനല്‍ എന്ന ചിത്രത്തിലെ ‘തു മിലേ ദില്‍ ഖിലേ’ എന്ന ഗാനം കീരവാണിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഒരു പാശ്ചാത്യ ഗാനത്തിന്റെ ഈണം പകര്‍ത്തി എന്ന പേരില്‍ അതിനൊപ്പം പഴിയും കേള്‍ക്കേണ്ടി വന്നു. എനിഗ്മ എന്ന ജര്‍മന്‍ സംഗീത ബാന്‍ഡിന്റെ പ്രശസ്തമായ ‘ഏജ് ഓഫ് ലോണ്‍ലിനസ്’ അഥവാ ‘ഏകാന്തതയുടെ കാലം’ എന്ന ഗാനത്തിന്റെ തുടക്കം അതേപടി തന്റെ ഗാനത്തിന്റെ തുടക്കത്തിലും കീരവാണി ഉപയോഗിച്ചു. ഗാനനിരൂപകര്‍ കൈയോടെ പൊക്കിയെങ്കിലും ക്രിമിനല്‍ എന്ന പടം തന്നെ 1993ല്‍ പുറത്തിറങ്ങിയ ദി ഫ്യുജിറ്റീവ് എന്ന ഹോളിവുഡ് പടത്തിന്റെ പകര്‍പ്പ് ആയതിനാല്‍ ഈ ചെറുമോഷണം ആരും കാര്യമാക്കിയില്ല. ഹാരിസണ്‍ ഫോഡിന്റെ അഭിനയം കൊണ്ട് ശ്രദ്ധേയമായ ഫ്യുജിറ്റീവിന് മലയാളത്തിലും പതിപ്പുണ്ടായി; സംഗീത് ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച നിര്‍ണയം.
ഈ പാട്ടിന്റെ സംഗീതം പോലെ ചടുലവും നാടകീയവുമാണ് കീരവാണിയുടെ ജീവിതവും. 32 വയസിനപ്പുറം ആയുസുണ്ടാവില്ല എന്ന ജ്യോത്സ്യന്റെ പ്രവചനം കേട്ട് തകര്‍ന്നു പോയ യൗവനം അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ ആകെ വിഷമിച്ചു. യൗവ്വനത്തിളപ്പില്‍ നില്‍ക്കുന്ന കീരവാണി പ്രതീക്ഷയോടെ ജ്യോത്സ്യനോട് ചോദിച്ചു, എന്താണ് പരിഹാരം ?
""ഒരു വഴിയേ ഉള്ളൂ. താന്‍ ജീവിച്ചു കഴിഞ്ഞു എന്ന് കരുതുക. 32 വയസിന് അപ്പുറത്തേക്ക് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്ത് തീര്‍ക്കുക. അങ്ങനെ താന്‍ മരിച്ചു കഴിഞ്ഞുവെന്ന് സമയത്തെ തെറ്റിദ്ധരിപ്പിച്ച് വിധിയെ മറികടക്കുക. വേറെ മാര്‍ഗമില്ല”- ജ്യോത്സ്യൻ പറഞ്ഞു.
""അത് എങ്ങനെ?”- കീരവാണിയുടെ ചോദ്യം.
“ഹിന്ദു വിശ്വാസമനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാണല്ലോ വാനപ്രസ്ഥവവും സന്യാസവും വരുന്നത്. താന്‍ ഇപ്പോഴേ സന്യാസത്തിന് പോവുക. 32 വയസ് കഴിഞ്ഞാല്‍ തിരികെ വന്ന് ഗാര്‍ഹസ്ഥ്യം സ്വീകരിക്കുക”, ജ്യോത്സ്യന്റെ പരിഹാരം.
അങ്ങനെ കുടുംബം ആ ചെറുപ്പക്കാരനെ സന്യാസത്തിന് വിടാന്‍ തീരുമാനിച്ചു. ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി തീരത്തെ കൊവ്വൂരില്‍ ജനിച്ച ആ ചെറുപ്പക്കാരന്‍ തല മുണ്ഡനം ചെയ്ത് കാവി ധരിച്ച് സന്യാസിയായി കര്‍ണാടകത്തിലെ റായ്ച്ചൂരിലേക്ക് പോയി. ആകെ അറിയാവുന്നത് സംഗീതമാണ്. പാട്ട് പാടിയോ സംഗീതം ചെയ്തോ ജീവിക്കാന്‍ പറ്റിയ ഇടം അന്നത്തെ മദിരാശിയാണെന്ന് മനസിലാക്കി അവിടേക്ക് വണ്ടി കയറി. അവിടെ ഒരു ആശ്രമത്തിലായിരുന്നു ജീവിതം. പകല്‍ സ്റ്റുഡിയോകള്‍ തോറും അവസരം തേടി കയറിയിറങ്ങും. രാത്രി ആശ്രമത്തിലെ വെറും നിലത്ത് കിടന്നുറങ്ങും. സന്യാസി വേഷത്തിലെത്തുന്ന സംഗീതകാരന് ആരും അവസരം കൊടുത്തില്ല. ഒടുവില്‍ മലയാളി സംഗീത സംവിധായകന്‍ രാജാമണി ഈ സന്യാസി സംഗീതകാരനെ സഹായിയായി ഒപ്പം കൂട്ടി. അങ്ങനെയാണ് ആ സംഗീതയാത്ര തുടങ്ങിയത്.

കൊടൂരി മരഗതമണി കീരവാണി എന്ന എം. എം. കീരവാണിക്ക് ഇപ്പോള്‍ 61 വയസ് കഴിഞ്ഞു. ഹൈന്ദവ വിശ്വാസത്തില്‍ ശിവന് കാലഭൈരവന്‍ എന്നൊരു രൂപമുണ്ട്. ഇതില്‍ ശിവന്‍ കാലത്തിന്റെ അഥവാ സമയത്തിന്റെ ദൈവമാണ്. സമയത്തെ സംരക്ഷിക്കാനും നിയന്ത്രിക്കാനും കഴിവുള്ള ദേവനാണ് കാലഭൈരവന്‍. കീരവാണി തന്റെ മൂത്ത മകന് കാലഭൈരവ് എന്നാണ് പേരിട്ടത്.
തന്നെ സഹായിയായി ഒപ്പം കൂട്ടിയ രാജാമണിയെ കീരവാണി മറന്നില്ല. പിന്നീട് രാജാമണിയെക്കാള്‍ പേരെടുത്ത സംഗീത സംവിധായകനായപ്പോള്‍ കീരവാണി രാജാമണിയെ തന്റെ ചീഫ് മ്യൂസിക്ക് കണ്ടക്ടറാക്കി. അങ്ങനെ രാജാമണി തന്റെ അസിസ്റ്റന്റിന്റെ കീഴില്‍ പണിയെടുത്തു. അതും കാലത്തിന്റെ ഒരു കളി തന്നെ.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
Think
Feb 13, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Feb 10, 2023
5 Minutes Read
ഷിബു മുഹമ്മദ്
Feb 08, 2023
17 Minutes Read