ജീവിതത്തിലെ ഏറ്റവും വിഷമകരവും സങ്കടകരവുമായ ഷൂട്ടിങ് ആയിരുന്നു നകുസ എന്ന ഡോക്യുമെന്ററിയുടേത്. ആര്‍ക്കും വേണ്ടാത്തവള്‍ ആയി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടം കേള്‍ക്കും. അവരുടെ കരച്ചിലുകള്‍ക്കുമുന്നില്‍ കാമറ ഓഫ് ചെയ്ത് നിശ്ശബ്ദമായിരിക്കും. മൂന്നുനാല് വര്‍ഷമെടുത്താണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. വേണ്ടാത്തവള്‍ എന്ന പേരുംചുമന്ന് ജീവിതകാലം മുഴുവന്‍ നടക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ജീവിതത്തിലൂടെ, മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളിലൂടെ നടത്തിയ ഒരു സിനിമാ ഇടപെടലിന്റെ തീവ്രമായ അനുഭവമാണ് ഷിജിത്ത് വി.പി സംവിധാനം ചെയ്ത ‘നകുസ’യുടെ ക്യാമറാമാന്‍ കൂടിയായ ലേഖകന്‍ എഴുതുന്നത്
21 Oct 2020, 11:59 AM
മുംബൈ IIPS (International Institute for Population Science) വിദ്യാര്‍ത്ഥിയായിരുന്ന വടകരക്കാരന്‍ ഷിജിത് വി.പിയുടെ ഗവേഷണ വിഷയമായിരുന്നു നകുസ.
മറാത്തിയില്‍ നകോഷി എന്നാല്‍ unwanted- വേണ്ടാത്തവള്‍ എന്നര്‍ത്ഥം. ആര്‍ക്കും ‘വേണ്ടാത്തവളായി’ ജനിക്കുന്ന പെണ്‍കുട്ടികളെ നകുസ എന്ന് വിളിച്ചുവരുന്നു. അങ്ങനെ പേരിടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു പെണ്‍കുട്ടിയ്ക്ക് നകുസ എന്ന് പേരിട്ടാല്‍ അടുത്തതായി ജനിക്കുന്നത് ആണ്‍കുട്ടിയായിരിക്കും എന്നാണ് വിശ്വാസം. നഗരങ്ങളിലോ അര്‍ധനഗരങ്ങളിലോ ഉള്ളവര്‍ സോണോഗ്രാഫി ചെയ്ത് പെണ്‍കുട്ടികളെ ഗര്‍ഭത്തിലേ കൊല്ലുന്നു. അതിനു നിവൃത്തിയില്ലാത്തവര്‍ നകുസ എന്ന് പേരിടുന്നു.
ഇത്രയും ഗൗരവമുള്ള വിഷയം ഒരു അക്കാദമിക് പ്രബന്ധത്തില്‍ ഒതുങ്ങരുത് എന്ന തോന്നലില്‍ നിന്നാണ് ഷിജിത് ഡോക്യുമെന്ററി എന്ന ലക്ഷ്യത്തില്‍ കാമറയുമെടുത്ത് ഇറങ്ങുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. കൂടുതല്‍ മുന്നോട്ട് പോകുന്തോറും വിഷയത്തിന്റെ വ്യാപ്തി ഷിജിത്തിനെ വൈകാരികമായി തളര്‍ത്തി. ഷൂട്ട് ചെയ്ത ഫയലുകള്‍ ഡിലീറ്റ് ചെയ്ത് ഷിജിത് സത്താറ വിട്ടു.
ഇത്രയും കഥ പറഞ്ഞശേഷമാണ് കാമറ ചെയ്യാന്‍ കഴിയുമോ എന്നുചോദിച്ച് ഷിജിത് എന്നെ സമീപിക്കുന്നത്.

ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുടെ സിനിമകളിലൂടെയാണ് എനിക്ക് സത്താറയെ പരിചയം. മൊട്ടക്കുന്നുകള്‍കൊണ്ട് നിറഞ്ഞ ഇടയ്ക്കിടയ്ക്ക് ചെറുതും വലുതുമായ കൃഷിയിടങ്ങളുള്ള മനോഹര പ്രദേശം. കാലിക്കൂടുകള്‍ക്കും കോഴിക്കൂടുകള്‍ക്കുമൊപ്പം സമാനമായ അവസ്ഥയില്‍ മനുഷ്യര്‍ കൂട്ടംകൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍. സത്താറയില്‍നിന്ന് ബൈക്ക് വാടകയ്‌ക്കെടുത്ത് 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരെ ഉള്‍ഗ്രാമങ്ങളിലേയ്ക്ക് പോകും. നകുസ എന്ന് പേരുള്ള നിരവധിപേരെ കണ്ടെത്തിയെങ്കിലും ആരും സംസാരിക്കാന്‍ തയ്യാറല്ല. തയ്യാറായാല്‍ തന്നെ ദ്വിഭാഷിയുടെ സഹായമില്ലാതെ ഒന്നും വിനിമയം ചെയ്യാന്‍ കഴിയില്ല. ഇങ്ങനെ പലവിധ പ്രതിബന്ധങ്ങളിലൂടെയാണ് ഡോക്യുമെന്ററി കടന്നുപോയത്.
ആദ്യഘട്ടത്തില്‍ പത്തിരുപത് ദിവസം തുടര്‍ച്ചയായി ഷൂട്ട് ചെയ്തു. ഷൂട്ട് എന്നുപറഞ്ഞാല്‍ കാമറയുമെടുത്ത് ഇറങ്ങും. പലരോടും സംസാരിക്കും. ജീവിതകാലം മുഴുവന്‍ വേണ്ടാത്തവള്‍ ആയി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടം കേള്‍ക്കും. അവരുടെ കരച്ചിലുകള്‍ക്കുമുന്നില്‍ കാമറ ഓഫ് ചെയ്ത് നിശ്ശബ്ദമായിരിക്കും. അതില്‍ എല്ലാ പ്രായക്കാരും ഉണ്ടായിരുന്നു.
2012 ല്‍ മഹാരാഷ്ട്ര ഗവണ്മെന്റ് മുന്‍കൈയെടുത്ത് ഒരു പേരുമാറ്റല്‍ ചടങ്ങ് നടത്തിയിരുന്നു. അങ്ങനെ നകുസ എന്ന പേര് ഔദ്യോഗികമായി മാറ്റിയവരെയും പിന്നീട് ആളുകള്‍ നകുസ എന്നുതന്നെ വിളിച്ചുപോന്നു.

ജീവിതത്തിലെ ഏറ്റവും വിഷമകരവും സങ്കടകരവുമായ ഷൂട്ടിങ് ആയിരുന്നു നകുസ എന്ന ഡോക്യുമെന്ററിയുടേത്. പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴായി മൂന്നുനാല് വര്‍ഷമെടുത്താണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. അതിന് ഗുണവുമുണ്ടായി. EPW യില്‍ ഷിജിത്തിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതിന് പിന്നാലെ Times of India അത് ഒന്നാം പേജില്‍ വാര്‍ത്തയായി കൊടുത്തു. അതിന്റെ പിന്നാലെ മഹാരാഷ്ട്ര ഗവണ്മെന്റ് വിഷയം പഠിക്കുന്നതിന് കമീഷനെ നിയോഗിച്ച.
ഇത് സത്താറയുടെ മാത്രം പ്രശ്‌നമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ മിക്കയിടങ്ങളിലും പലരീതിയില്‍ ഇതേ പ്രശ്‌നം നിലനില്‍ക്കുന്നു. ഒരു ദളിതയാവുക, പെണ്‍കുട്ടിയാവുക എന്നതുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ പലരീതിയിലുള്ള പരിമിതികള്‍ക്ക് കാരണമാകാറുണ്ട്. അക്കൂട്ടത്തില്‍ വേണ്ടാത്തവള്‍ എന്ന പേരുംചുമന്ന് ജീവിതകാലം മുഴുവന്‍ നടക്കേണ്ടിവരിക അങ്ങേയറ്റം സങ്കടകരമാണ്. വൈകാരികമായല്ല ഈ ഡോക്യുമെന്ററിയെ സമീപിക്കേണ്ടത് എന്ന് സംവിധായകന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് കരച്ചിലുകളിലല്ല, നിശ്ശബ്ദതകളില്‍ ആണ് ദൃശ്യങ്ങള്‍ കൂടുതല്‍ ഊന്നിയിട്ടുള്ളത്. ഡോക്യുമെന്ററി ഇത്ര ഷോര്‍ട്ടാവാനും കാരണം മറ്റൊന്നുമല്ല.
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
അഖില പി.
Dec 08, 2020
7 Minutes Read
അനുരാധ സാരംഗ്
Nov 27, 2020
7 Minutes Read
രേഖാ രാജ്
Nov 27, 2020
15 Minutes Read
അനുപമ വെങ്കിടേഷ്
Nov 27, 2020
7 Minutes Read
കെ. എസ്. ഇന്ദുലേഖ
Nov 27, 2020
10 Minutes Read
ശ്രീജ ആറങ്ങോട്ടുകര
Nov 27, 2020
6 Minutes Read
ശ്രീജ നെയ്യാറ്റിന്‍കര
Nov 27, 2020
5 Minutes Read
Anie Thomas
23 Oct 2020, 04:46 PM
പെൺകുഞ്ഞ് ജനിക്കുന്നതേ ഭൂമിക്ക് ഭാരമെന്ന് ഈ നൂറ്റാണ്ടിലും ചിന്തിപ്പിക്കപ്പെടേണ്ടി വരുന്ന ഒരു ഗതികെട്ട നാടാകുന്നുവോ ഭാരതം.
Annie Thomas
25 Oct 2020, 12:40 PM
സങ്കടം തോന്നുന്നു. നകുസ. ആർക്കും വേണ്ടാത്തവൾ. പെൺകുഞ്ഞ് പിറന്നാലേ ഭൂമിക്ക് ഭാരമെന്ന് കരുതപ്പെടുന്ന ഇടങ്ങൾ