കേംബ്രഡ്ജ് അനലറ്റിക ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ബ്രക്‌സിറ്റിനെയും സ്വാധീനിക്കുന്ന തരത്തില്‍ എങ്ങനെ ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയാണ് ദ ഗ്രേറ്റ് ഹാക്ക്. ഡാറ്റയും അതിന്റെ വിശകലനവും വന്‍കിട ബിസിനസായി മാറിയെന്നതിന് പല ഉദാഹരണങ്ങളും ലോകത്തിന് മുമ്പിലുണ്ട്. ഡാറ്റ കൊടുക്കുകയെന്നത് പലരും കരുതുംപോലെ അത്ര നിസാരമായ കാര്യമല്ലയെന്നും വമ്പന്‍ മൂലധന സാധ്യതയാണ് ഡാറ്റ ബിസിനസ് മുന്നോട്ടുവെക്കുന്നതെന്നും ദ ഗ്രേറ്റ് ഹാക്ക് എന്ന ചിത്രത്തെ പശ്ചാത്തലമാക്കി വിശദീകരിക്കുകയാണ് നന്ദലാല്‍ ആര്‍.
23 Apr 2020, 12:03 PM
"നിരീക്ഷണ മുതലാളിത്തം അതിന്റെ സത്തയില്‍ തന്നെ പരാന്നഭോജിയും സ്വപരാമര്‍ശപരവുമായ ഒന്നാണ്. മുതലാളിത്തം അധ്വാനമൂറ്റിക്കുടിച്ചു വളരുന്ന ചെകുത്താനാണെന്ന കാള്‍മാര്‍ക്‌സിന്റെ പഴയ സങ്കല്പനത്തെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടുള്ള ഒരു തിരിമറിച്ചിലിലൂടെ, അത് ബലപ്പെടുത്തിയിരിക്കുന്നു. അധ്വാനത്തിനു പകരം നിരീക്ഷണ മുതലാളിത്തം ഊറ്റിക്കുടിക്കുന്നത് ഓരോ മനുഷ്യരുടെയും അനുഭവങ്ങളുടെ സര്‍വതലങ്ങളെയുമാണ്.' ഷോഷനാ സ്യൂബോഫിന്റെ ദ് ഏജ് ഓഫ് സര്‍വയലന്‍സ് കാപിറ്റലിസം എന്ന കൃതിയില്‍ നിന്ന്.

കോവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അങ്ങനെ ലഭ്യമാകുന്ന ക്രമരഹിതമായ ഡാറ്റയെ വിശകലനം ചെയ്ത് പ്രാധാന്യമുള്ളവ കണ്ടെത്തി ആവശ്യക്കാരിലേക്ക് സമയം വൈകാതെ സഹായമെത്തിക്കുന്നതിനും മറ്റുമായി ഒരു മികച്ച ഐ.ടി. ടൂള്‍ ലഭ്യമാക്കുവാനും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ളറിന്റെ സോഫ്റ്റ്‌വെയര്‍ സേവനം തേടാനും കേരളസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
കോവിഡ്-19 പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തിലും ആവര്‍ത്തിച്ചേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെയും മറ്റ് മഹാരോഗങ്ങളുടെയും സാധ്യതയുടെ പശ്ചാത്തലത്തിലും കേരളീയര്‍ക്ക് പെട്ടെന്ന് പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഒക്കെയായി ആള്‍ക്കാരുടെ വ്യക്തിഗത വിവരങ്ങളോടൊപ്പം ആരോഗ്യവിവരങ്ങളും അത്യാവശ്യമാണെന്ന് വന്നിരിക്കുന്നു. അപ്പോള്‍ അത്തരത്തിലുള്ള ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയാണെങ്കില്‍ അത് ഇപ്പോഴെന്നല്ല എല്ലാ കാലത്തേക്കും ഉപയോഗിക്കാവുന്ന ഒരു സംവിധാനമായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നിലനിന്നുകൊള്ളുകയും ചെയ്യും. ഇങ്ങനെയൊരു ഡാറ്റാബാങ്ക് തയ്യാറാക്കുക എന്ന നടപടിയിലേക്ക് നീങ്ങുന്നതില്‍ കേരളസര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം ഇതാണ്.
ഇങ്ങനെയൊരു അടിയന്തിര ഘട്ടത്തില്‍, വളരെ വിശദമായ ഡാറ്റാ ശേഖരണത്തിനും വിശകലനത്തിനും ഒക്കെ ഉതകുന്ന ഒരു സംവിധാനം വളരെ പെട്ടെന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള പശ്ചാത്തലസൗകര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കില്ലാത്തതിനാലും ഇത്തരത്തിലുള്ള വന്‍കിട ഡാറ്റ ശേഖരിച്ചുവെക്കുവാന്‍ മാത്രമുള്ള ശേഷി സര്‍ക്കാര്‍ സര്‍വറുകളില്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതിനാലുമാണ് സൗജന്യമായി ഈ സേവനം ലഭ്യമാക്കും എന്ന് പറഞ്ഞിട്ടുള്ള, മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയെ ഈ ദൗത്യം ഏല്‍പിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്ന പല കമ്പനികളും ഇപ്പോള്‍ സ്വകാര്യതാലംഘനം സംബന്ധിച്ച പലതരം ആരോപണങ്ങളുടെ നിഴലിലാണ് എന്നതായിരിക്കാം ഒരു പക്ഷെ കേരള സര്‍ക്കാറിന്റെ ഈ നടപടി പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയത്. പ്രത്യേകിച്ചും കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബിഗ്ഡാറ്റ ബിസിനസ് കമ്പനി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയതുമായും അത് പലതരത്തിലുള്ള ഉപജാപങ്ങള്‍ക്ക് ഉപയോഗിച്ചതുമായും ബന്ധപ്പെട്ട ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത വന്‍വിവാദം സ്വകാര്യതാലംഘനവുമായി ബന്ധപ്പട്ട് ഉയര്‍ത്തിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സമ്പര്‍ക്കപഥത്തെ പിന്തുടരാനുള്ള സംവിധാനങ്ങള്‍
ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയിട്ടുള്ള ആരോഗ്യസേതു അടക്കം, സമ്പര്‍ക്കപഥത്തെ പിന്തുടരുന്നതിനുള്ള (contact tracing) വിവിധ സംവിധാനങ്ങള്‍ പല ലോകരാജ്യങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ ആപ്പുകളായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഈ സംവിധാനങ്ങള്‍ ബ്ലൂടൂത്ത് അല്ലെങ്കില്‍ ജി.പി.എസ്. സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഹോട്‌സ്‌പോട്ടുകളും രോഗീസാമീപ്യവും തിരിച്ചറിഞ്ഞ് മൊബൈല്‍ ഉടമയ്‌ക്കോ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കോ മുന്നറിയിപ്പ് നല്‍കുന്ന രീതിയാണ് കോണ്‍ടാക്റ്റ് ട്രേസിങില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ജനസംഖ്യയില്‍ 50% പേരെങ്കിലും അവരവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ആരോഗ്യസേതു ആപ് വിജയകരമാവൂ എന്ന് ഇതിന്റെ റിലീസ് സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. മൂന്നില്‍ രണ്ട് ഭാഗവും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാത്ത രാജ്യത്ത് ഈ ആപ് ഒരു പരാജയമാവും എന്നാണോ ഇതിന്റെ അര്‍ത്ഥം?
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ കൊറോണ പ്രതിരോധതന്ത്രങ്ങളിലെ നാല് നെടുംതൂണുകള്‍ പരിശോധന, ഐസൊലേഷന്‍/ക്വാറന്റൈന്‍, സഞ്ചാരപഥം മനസ്സിലാക്കല്‍, ചികിത്സ എന്നിവയാണ്. ഇവയില്‍ രോഗി അല്ലെങ്കില്‍ വൈറസ് വാഹകര്‍ സഞ്ചരിച്ചിരിക്കുന്ന പഥം കണ്ടെത്തുക എന്നതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി പുറത്തുവിടുക എന്നത് കേരളത്തിലും നാം സ്വീകരിച്ചിരുന്ന ഒരു പ്രധാനമാര്‍ഗമായിരുന്നു. ഈ സഞ്ചാരപഥം നോക്കി രോഗവാഹകര്‍ വഴി രോഗം പടര്‍ന്നിരിക്കാനിടയുള്ള ഇടങ്ങളിലെല്ലാം ഉണ്ടായിരുന്ന ആളുകളെ കണ്ടെത്തി തിരിച്ചറിഞ്ഞ് അവരെ ഐസോലേറ്റ് ചെയ്യാനോ ക്വാറന്റൈന്‍ ചെയ്യാനോ സാധിച്ചിരുന്നു എന്നുള്ളത് കേരളത്തില്‍ രോഗപ്പകര്‍ച്ച കുറയുന്നതിന് വളരെ സഹായകരമാവുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍, കോവിഡ്-19 സംശയിക്കപ്പെടുന്നവരെയും ക്വാറന്റൈനിലുള്ളവരെയും മറ്റുള്ളവരെയും നിരീക്ഷിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന സംവിധാനങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
തമിഴ്‌നാട്ടില്‍ ഗോ ബഡ്ഡി (GoBuddy) എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഈ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത്. മുഖം തിരിച്ചറിയുന്ന ഉപാധികളും ജിയോഫെന്‍സിങുമാണ് ഈ ആപ്പിന്റെ സവിശേഷത. ജി.പി.എസ് ലൊക്കേഷനും സ്വന്തം മുഖത്തിന്റെ ഫോട്ടോയും ഉപയോക്താക്കള്‍ ഈ ആപ്പിലേക്ക് നല്‍കണം. വീട്ടില്‍ നിന്ന് 10 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെയുള്ള ദൂരം സഞ്ചാരപരിധിയായി നിജപ്പെടുത്തിക്കൊണ്ടുള്ള ഒരു അദൃശ്യവേലി (ജിയൊഫെന്‍സ്) ഈ ആപ്പില്‍ സൃഷ്ടിക്കപ്പെടുന്നു. ആദ്യം കൊടുത്ത ഫോട്ടോയുമായി ഒത്തുനോക്കുവാന്‍ രണ്ടോ മൂന്നോ പ്രാവശ്യം മുഖത്തിന്റെ ഫോട്ടോ ആപ് വീണ്ടും ആവശ്യപ്പെടും. ഈ ആപ്പിന് എന്തെങ്കിലും പ്രൈവസി പോളിസിയുള്ളതായി കാണുന്നില്ല. തെളിവുകളൊന്നും എടുത്തുകാണിക്കാനില്ലെങ്കിലും, ഈ ആപ് അവകാശപ്പെടുന്നത് വ്യക്തിഗതവിവരങ്ങള്‍ സ്വകാര്യമായിരിക്കും എന്നാണ്.
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ പേരും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന നയത്തിന് വിരുദ്ധമാണ്.
കര്‍ണാടകത്തിലെ സ്ഥിതി കുറച്ചുകൂടി കടുത്തതാണ്. ക്വാറന്റൈന്‍ വാച് എന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഈ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ക്വാറന്റൈനിലുള്ള ഉപയോക്താക്കള്‍ രാവിലെ 7നും രാത്രി 10നുമിടയില്‍ ഓരോ മണിക്കൂറിലും ഈ ആപ്പിലേക്ക് സ്വന്തം മുഖത്തിന്റെ ഫോട്ടോകള്‍ നല്‍കിക്കൊണ്ടിരിക്കണം; അതും ജി.പി.എസ് ലൊക്കേഷന്‍ കോഓഡിനേറ്റുകളുടെ വിവരങ്ങള്‍ സഹിതം. ഇത് ചെയ്തില്ലെങ്കില്‍ സര്‍ക്കാറില്‍ നിന്ന് അതിനുള്ള നിര്‍ദേശം കിട്ടും. ആരെങ്കിലും തെറ്റായ ഫോട്ടോ ഇടുകയാണെങ്കില്‍ അവരെ ഉടന്‍ തന്നെ വീട്ടില്‍ നിന്നും മാസ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ പേരും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന നയത്തിന് വിരുദ്ധമാണ്. പഞ്ചാബും ഏതാണ്ട് ഈ രീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
ലോകത്തിലെ വിവിധ രാജ്യങ്ങള്‍ മൊബൈല്‍ ഫോണും ലൊക്കേഷന്‍ ഡാറ്റയും അടിസ്ഥാനമാക്കിയ നിരീക്ഷണസംവിധാനങ്ങള്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും അവിടത്തെ നിവാസികളോട് മൊബൈല്‍ ഫോണ്‍ യാതൊരു കാരണവശാലും ഓഫ് ചെയ്യരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ടെലികോം മേഖല നേരിട്ട് സര്‍ക്കാറിന്റെ കീഴിലല്ലാത്ത പല രാജ്യങ്ങളും അവിടത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുമായി ഇത്തരം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനായി കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന, ആളുകളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, രാജ്യത്തെ കൊറോണ ബാധയുടെ ഗൗരവത്തിനനുസരിച്ച്, പല രാജ്യങ്ങളും പല രീതിയിലാണ് കൈകാര്യം ചെയ്തുവരുന്നത്.

സിസിടിവി ദൃശ്യങ്ങളും ആളുകളുടെ മുഖം തിരിച്ചറിയുന്ന പരിശോധനകളും ശരീരതാപനില അളക്കാനാവുന്ന സംവിധാനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ വിവരവും എല്ലാം ഒരുമിച്ച് ശേഖരിച്ചുകൊണ്ടാണ് ചൈന രോഗികളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനുള്ള ആപ് അവതരിപ്പിച്ചത്. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ കളര്‍കോഡുകള്‍ നല്‍കിക്കൊണ്ടാണ് അവിടെ രോഗികളെയും രോഗസാധ്യതയുള്ളവരെയും രോഗം ഭേദമായവരെയും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വര്‍ഗീകരിച്ചിരുന്നത്. ഈ കളര്‍കോഡുകളായിരുന്നു അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിരുന്നത്.
സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാനങ്ങളിലെല്ലാം ഉണ്ടായേക്കാവുന്ന ഒരു പ്രധാന പ്രശ്‌നം പുറത്തുള്ള ചില സ്വകാര്യ ഏജന്‍സികളുടെ നുഴഞ്ഞുകയറ്റമാണ്. ഇസ്രയേലി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ NSO ഗ്രൂപ് ലിമിറ്റഡ് ഇത്തരത്തിലൊരു സ്വകാര്യ ഏജന്‍സിയുടെ ഉദാഹരണമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സ്‌പൈവേറുകള്‍ നിര്‍മിച്ച് നല്‍കുന്ന ഒരു സ്ഥാപനമാണ് NSO ഗ്രൂപ്പ് ലിമിറ്റഡ്. ലോകമെമ്പാടുമുള്ള ഒരു പാട് മനുഷ്യാവകാശലംഘന പ്രശ്‌നങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതുമാണ്.

ഇവര്‍ നിര്‍മിച്ചിട്ടുള്ള പെഗാസസ് എന്ന സ്‌പൈവേര്‍ ഉപയോഗിച്ചാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ സൗദി അറേബ്യന്‍ വിമതനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതും പിന്നീട് അത് ഖഷോഗിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതും എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതേ ഗ്രൂപ്പിന്റെ സ്‌പൈവേര്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ കുറേ പത്രപ്രവര്‍ത്തകരുടെയും വക്കീലന്മാരുടെയും ഫോണുകള്‍ ചോര്‍ത്തിയിട്ടുള്ളതെന്ന് വാട്‌സ്ആപ്പ് സമ്മതിച്ചിട്ടുള്ളതുമാണ്.
ഈ NSO ഗ്രൂപ്പിനെ പല സര്‍ക്കാരുകളും ജനങ്ങളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സമീപിച്ചിട്ടുള്ളതായി വാര്‍ത്തകളുണ്ട്. അത്തരത്തിലുള്ള വന്‍കിടക്കാരുടെ ഇടപെടല്‍ ഡാറ്റ സുരക്ഷിതത്വത്തിന് വന്‍ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമേയില്ല.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ സാംക്രമികരോഗവിദഗ്ധരും എഞ്ചിനീയര്‍മാരും ഡാറ്റാ ശാസ്ത്രജ്ഞരും ഡിജിറ്റല്‍ പ്രൈവസിക്കുവേണ്ടി വാദിക്കുന്നവരും പ്രൊഫസര്‍മാരും ഗവേഷകരും എല്ലാം ഉള്‍പ്പെടുന്ന ഒരു വലിയ സംഘം വികസിപ്പിച്ചെടുത്തിട്ടുള്ള പ്രൈവറ്റ് കിറ്റ്‌സ്: സേഫ് പാത്സ് (Private Kit: Safe Paths) എന്ന മൊബൈല്‍ ആപ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒന്നാണ്. ആളുകള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം മാത്രം തിരഞ്ഞെടുക്കാവുന്ന ഒപ്ഷനുകളാണ് ഇതില്‍ ഉള്ളതെന്ന് മാത്രമല്ല ഇതില്‍ നാം കൊടുക്കുന്ന വിവരങ്ങള്‍ കൊടുക്കുന്നവരുടെ മൊബൈലില്‍ മാത്രമായി നില്‍ക്കുന്നു എന്നതാണ് ഇതിന്റ പ്രത്യേകത.
1885ലെ ടെലഗ്രാഫ് ആക്റ്റ്, 2000ലെ ഐ.ടി. ആക്റ്റ് തുടങ്ങിയവയെ ആശ്രയിച്ച് ഡാറ്റാ പ്രൊട്ടക്ഷന്‍ നടപ്പിലാക്കാന്‍ നോക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും എന്നത് ഊഹിക്കാനേ പറ്റൂ.
ഉപയോക്താക്കളുടെ സമ്മതമുണ്ടെങ്കില്‍ മാത്രം കോവിഡ്-19 രോഗവാഹകര്‍ക്ക് അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പൊതുജനാരോഗ്യസംവിധാനങ്ങളുമായി പങ്കുവെക്കാം. വ്യക്തിയുടെ വിവരങ്ങള്‍ സര്‍ക്കാരുമായോ മറ്റേതെങ്കിലും തേഡ് പാര്‍ട്ടിയുമായോ പങ്കുവെക്കേണ്ട ആവശ്യം ഇവിടെ വരുന്നുമില്ല.
ഇന്ത്യയുടെ ആരോഗ്യസേതു എന്ന ആപ്പിനും ധാരാളം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അത് സ്മാര്‍ട് ഫോണുകളില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ എന്നുള്ളതാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ മൂന്നില്‍ രണ്ടു ഭാഗം പേരും ഉപയോഗിക്കുന്നത് സ്മാര്‍ട് ഫോണുകളല്ല എന്നത് അത്രയും പേരെ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുന്നുണ്ട്. ജനസംഖ്യയില്‍ 50% പേരെങ്കിലും അവരവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഈ ആപ് വിജയകരമാവൂ എന്ന് ഇതിന്റെ റിലീസ് സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. മൂന്നില്‍ രണ്ട് ഭാഗവും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാത്ത രാജ്യത്ത് ഈ ആപ് ഒരു പരാജയമാവും എന്നാണോ ഇതിന്റെ അര്‍ത്ഥം?
പോരാത്തതിന് മറ്റേത് ആപ്പുകള്‍ ശേഖരിക്കുന്നതിലും കൂടുതലായി ഡാറ്റാ പോയിന്റുകള്‍ വ്യക്തിഗതവിവരങ്ങളായി ഈ ആപ് സ്വീകരിക്കുന്നുണ്ട്. കാര്യമായ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങളൊന്നും നിലവിലില്ലാതെ, പ്രധാനമായും 1885ലെ ടെലഗ്രാഫ് ആക്റ്റ്, 2000ലെ ഐ.ടി. ആക്റ്റ് തുടങ്ങിയവയെ ആശ്രയിച്ച് ഡാറ്റാ പ്രൊട്ടക്ഷന്‍ നടപ്പിലാക്കാന്‍ നോക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും എന്നത് ഊഹിക്കാനേ പറ്റൂ.
ഡാറ്റ അത്ര വിലകുറഞ്ഞ ചരക്കല്ല
മേല്‍പ്പറഞ്ഞ നിരീക്ഷണ (സര്‍വയലന്‍സ്) ആപ്പുകളെല്ലാം പ്രാഥമികമായ ഉദ്ദേശം കോവിഡ്-19 രോഗവ്യാപനം തടഞ്ഞ് ക്വാറന്റൈന്‍ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കുക എന്നതാണ്. എന്നാല്‍ ഇത്തരം സര്‍വയലന്‍സ് ആപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധി തന്നെയാണ്.

"" ഇനി ഇപ്പറയുന്ന sprinkler കമ്പനി എന്റെ ഡേറ്റ അങ്ങ് ചോര്‍ത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍. പൊതുജനത്തിനോ ലോകത്തില്‍ ആര്‍ക്കെങ്കിലുമോ അറിയാന്‍ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങള്‍ സാധാരണക്കാരുടെ കയ്യില്‍ ഇല്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുന്ന തരം ഫോണ്‍ ഡേറ്റയും ഇല്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.'' എന്ന് എഴുത്തുകാരനായ ബെന്യാമിന്‍ പറയുന്നതുപോലെ അതീവലളിതമാക്കിയും നിസ്സാരവല്‍കരിച്ചും യുക്തിരഹിതമായും വിലയിരുത്താവുന്ന ഒരു ചെറിയ പ്രശ്‌നമല്ല ഡാറ്റയുമായി ബന്ധപ്പെട്ടത്.
സ്വന്തം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാല്‍ എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന സാമാന്യവാദം കൊണ്ട് ബിഗ് ഡാറ്റയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിക്കാന്‍ വന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനിടയാക്കിയ, ബ്രെക്‌സിറ്റ് ക്യാംപെയിനിന്റെ വിജയത്തിനുതകിയ ഒരു വന്‍കിട മൂലധനവ്യവസായത്തെ വായ മൂടിക്കെട്ടി അംഗീകരിക്കുക എന്നതിലേക്കാണ് അതെത്തുക. ബിഗ് ഡാറ്റയും അതിന്റെ അനാലിസിസും ഇന്ന് വന്‍കിട ബിസിനസായി മാറിയിരിക്കുന്നു. അതെങ്ങനെയാണ് ഇത്ര വലിയ ബിസിനസാകുന്നത് എന്നിടത്താണ് സര്‍വയലന്‍സ് കാപ്പിറ്റലിസം (ഇതിനെ നിരീക്ഷണ മുതലാളിത്തം എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ഒളിനോട്ട മുതലാളിത്തം എന്ന വാക്കാണ് ഇവിടെ കൂടുതലിണങ്ങുക എന്ന് തോന്നുന്നു) എന്ന ഗഹനമായ വിഷയത്തിന്റെ പ്രാധാന്യം കടന്നുവരുന്നതും.
സ്വന്തം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാല്‍ എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന സാമാന്യവാദം കൊണ്ട് ബിഗ് ഡാറ്റയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിക്കാന്‍ വന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനിടയാക്കിയ, ബ്രെക്‌സിറ്റ് ക്യാംപെയിനിന്റെ വിജയത്തിനുതകിയ ഒരു വന്‍കിട മൂലധനവ്യവസായത്തെ വായ മൂടിക്കെട്ടി അംഗീകരിക്കുക എന്നതിലേക്കാണ് അതെത്തുക.
ഇവിടെ വില്‍പനച്ചരക്കാവുന്നത് നമ്മുടെ ഇഷ്ടങ്ങളാണ്. യാതൊരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞ് നമ്മള്‍ കൊടുക്കുന്നതോ, നമ്മുടെ ഇന്റര്‍നെറ്റ് വ്യവഹാരങ്ങളില്‍ നിന്ന് ചോര്‍ത്തിയെടുത്തതോ ആയ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ഇഷ്ടങ്ങള്‍ നിര്‍വചിക്കപ്പെടുകയോ നിര്‍ണയിക്കപ്പെടുകയോ ചെയ്യുക എന്നതിലുപരി നമ്മുടെ സ്വഭാവത്തെ തന്നെ ഗഹനമായി പഠിച്ച് ആഴത്തില്‍ സ്വാധീനിച്ച് ആ രീതിയില്‍ ഒരു വിപണിസാധ്യത തുറന്നുവച്ചിട്ടുള്ള ഒരു മൂലധനപദ്ധതിയാണ് ഒളിനോട്ട മുതലാളിത്തം. സാധാരണ മനുഷ്യന്റെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ആര്‍ക്കെന്ത് കിട്ടാനാണ് എന്ന ബാലിശമായ ചോദ്യം, ഒളിനോട്ട മുതലാളിത്തം ശതകോടികളുടെ ബിസിനസായി മാറിക്കഴിഞ്ഞ ഇക്കാലത്തും ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. ഒന്നുകില്‍ അങ്ങനെയൊരു മൂലധനവ്യവഹാരത്തെ പറ്റി സമഗ്രവും വ്യാപകവുമായി മനസ്സിലാക്കപ്പെട്ടിട്ടില്ല; അല്ലെങ്കില്‍ പലരും ഇക്കാര്യം മനസ്സിലാക്കാനുദ്ദേശിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനോ ഐ.ടി വകുപ്പിനോ കേരളത്തിലെ സ്പ്രിംക്ളര്‍ വിഷയത്തില്‍ തെറ്റ് പറ്റിയിട്ടില്ലെങ്കിലും ഉണ്ടെങ്കിലും, ഈ വിവാദങ്ങളില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സൈബര്‍കാലത്ത് ഏറ്റവും വലിയ, വിലയേറിയ, അതീവഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ആയുധം ഏതാണ് അല്ലെങ്കില്‍ എന്താണ് എന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ഡാറ്റ എന്ന ആയുധം; പ്രത്യേകിച്ചും നമ്മളോരോരുത്തരെയും കുറിച്ചുള്ള വ്യക്തിഗതവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡാറ്റ.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായും അവര്‍ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതുമായും ബന്ധപ്പെട്ട് 2018ല്‍ പുറത്തുവന്ന വന്‍വിവാദങ്ങളും വെളിപ്പെടുത്തലുകളും അതിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളും കേംബ്രിഡ്ജ് അനലിറ്റിക എന്ന കമ്പനി എന്നെന്നേക്കുമായി പൂട്ടിപ്പോകുന്നതിന് ഇടയാക്കിയിരുന്നുവെങ്കിലും, ആ പ്രശ്‌നത്തിലൂടെ പുറത്തുവന്ന വിവരചോരണവുമായും ഡാറ്റ മൈനിങ്ങുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്ന വസ്തുത നാം മനസ്സിലാക്കിയേ പറ്റൂ.
ഓണ്‍ലൈനായി പങ്കുവെക്കപ്പെടുന്ന വ്യക്തിഗതവിവരങ്ങളെന്തായാലും ഒളിനോട്ടമുതലാളിത്തക്കാര്‍ക്ക് ഒരു വന്‍ ബിസിനസ് സാധ്യതയാണ് ഇന്നത് തുറന്നുനല്‍കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി പങ്കുവെക്കുന്ന ഡാറ്റയെ മൂലധനമാക്കിക്കൊണ്ടുതന്നെയാണ് ഒളിനോട്ട മുതലാളിത്തം ലോകത്ത് പടര്‍ന്നുപന്തലിച്ചതും ലാഭക്കൊയ്ത്ത് ആരംഭിച്ചതും.
ഒരു ഉല്പന്നം വാങ്ങിച്ചുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന കാര്യം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവേണ്ടതാണ്. ഈ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് മാത്രമേ വരൂ എന്നൊന്നുമില്ല. കടയില്‍ നിന്ന് നടത്തിയ പര്‍ചേസ് ആണെങ്കിലും, ആ കടയില്‍ നമ്മുടെ ഫോണ്‍ നമ്പറോ ഇ-മെയില്‍ അഡ്രസോ നല്‍കിയിട്ടുണ്ടെങ്കില്‍ ഈ രീതിയില്‍ ഉള്ള പരസ്യങ്ങള്‍ നമ്മളുപയോഗിക്കുന്ന കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ നിരന്തരമായി വരും.
ഓണ്‍ലൈനായി പങ്കുവെക്കപ്പെടുന്ന വ്യക്തിഗതവിവരങ്ങളെന്തായാലും ഒളിനോട്ടമുതലാളിത്തക്കാര്‍ക്ക് ഒരു വന്‍ ബിസിനസ് സാധ്യതയാണ് ഇന്നത് തുറന്നുനല്‍കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി പങ്കുവെക്കുന്ന ഡാറ്റയെ മൂലധനമാക്കിക്കൊണ്ടുതന്നെയാണ് ഒളിനോട്ട മുതലാളിത്തം ലോകത്ത് പടര്‍ന്നുപന്തലിച്ചതും ലാഭക്കൊയ്ത്ത് ആരംഭിച്ചതും.
യൂട്യൂബില്‍ ഏതെങ്കിലും ഒരു പാട്ടോ മറ്റേതെങ്കിലും വീഡിയോയോ സെര്‍ച്ച് ചെയ്തിട്ടുണ്ടെങ്കില്‍ സമാനമായ പാട്ടുകളും വീഡിയോകളും കാണുന്നതിനുള്ള ലിങ്കുകള്‍ അതില്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാറുണ്ടല്ലോ. ചിലപ്പോള്‍ ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വന്ന മറ്റൊരു ഗാനത്തിന്റെ ലിങ്ക് ആവും, നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അടുത്തതായി നമ്മുടെ മുന്നിലേക്ക് വരുന്നത്. മോണിങ് വാക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജോഗിങ് ഷൂവിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നതു പോലെ ഒരുല്പന്നം മേടിക്കാന്‍ സാധ്യതയുള്ള ഒരു കൃത്യസമയത്തോ സന്ദര്‍ഭത്തിലോ ആ ഉല്പന്നത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ അല്പം കൂടി മുന്തിയസംവിധാനങ്ങളാണ്. നമ്മുടെ ഇഷ്ടങ്ങള്‍ പോലും കൃത്യമായി തിരിച്ചറിയുന്ന രീതിയില്‍ ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ നിസ്സാരം എന്ന് കരുതി ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്ന ഡാറ്റ തന്നെയാണ് ഇതിനെല്ലാം ആധാരമായിട്ടുള്ളത്.
മനഃശാസ്ത്രപരമായ കരുനീക്കങ്ങള്‍
സൈക്കൊഗ്രാഫിക്‌സ് (psychographics) എന്നാണ് ഇത് അറിയപ്പെടുന്നത്. മനുഷ്യരുടെ മനോഭാവം, അഭിലാഷങ്ങള്‍ എന്നിവ പോലെയുള്ള നിരവധി മനഃശാസ്ത്രപരമായ അളവുകോലുകളെ നിദാനമാക്കി - വിശിഷ്യാ വിപണി ആവശ്യങ്ങള്‍ക്കു വേണ്ടി - അവരെ പഠിക്കുന്നതിനെയും തരംതിരിക്കുന്നതിനെയും, ആണ് സൈക്കോഗ്രാഫിക്‌സ് എന്നു വിളിക്കുന്നത്. ഇങ്ങനെ മനുഷ്യരെ അളക്കുന്നതിനുള്ള ഈ അളവുകോല്‍ സൈക്കൊമെട്രിക്‌സ് എന്നും അറിയപ്പെടുന്നു.
മനുഷ്യര്‍ക്കിടയില്‍ സൗഹൃദം പങ്കിടുന്നതിനുള്ള മാധ്യമമായി നിലവില്‍ വന്ന ഫേസ്ബുക്ക് ഇന്ന് നമ്മളോരോരുത്തരെയും സംബന്ധിച്ചുള്ള അതീവരഹസ്യങ്ങളുടെ കലവറ കൂടിയാണ്.
ഓണ്‍ലൈന്‍ വിവരങ്ങളിലൂടെ മനുഷ്യരെ പഠിച്ച് ഓരോ വ്യക്തിയെയും സംബന്ധിച്ച സൈക്കോളജിക്കല്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയും അതിനനുസൃതമായി വ്യക്തികളിലേക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച ഉല്പന്നങ്ങളോ സേവനങ്ങളോ എത്തിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഗൂഗിളില്‍ നമ്മളെന്തെങ്കിലും തിരയുമ്പോള്‍ തിരിച്ച് നമ്മള്‍ തിരയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ സൗഹൃദം പങ്കിടുന്നതിനുള്ള മാധ്യമമായി നിലവില്‍ വന്ന ഫേസ്ബുക്ക് ഇന്ന് നമ്മളോരോരുത്തരെയും സംബന്ധിച്ചുള്ള അതീവരഹസ്യങ്ങളുടെ കലവറ കൂടിയാണ്. ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള ഇത്തരം വിവരങ്ങളെല്ലാം ഒരുമിച്ച് ചേര്‍ത്താണ് നാമോരോരുത്തരുടെയും സൈക്കോളജിക്കല്‍ പ്രൊഫൈല്‍ പിന്നണിയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
ഒളിനോട്ടമുതലാളിത്തത്തിന്റെ അടിത്തറ പണിയുന്ന പ്രക്രിയയാണ് മുകളില്‍ പറഞ്ഞത്. ഒളിനോട്ടമുതലാളിത്തം എന്ന വിപണി നിയന്ത്രിത പ്രക്രിയയിലെ അസംസ്‌കൃതവസ്തു നമ്മളോരോരുത്തരെയും കുറിച്ചുള്ള വിവരങ്ങളാണ്. അത് ലഭിക്കുന്നത് ഇന്റര്‍നെറ്റിലൂടെ നടക്കുന്ന വന്‍നിരീക്ഷണങ്ങള്‍ വഴിയാണ്. ഇത് സാധ്യമാകുന്നത് നമുക്ക് സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍, സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ വഴിയാണ്. ഇത്തരം കമ്പനികള്‍, നമ്മുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, തിരച്ചിലുകള്‍, പര്‍ച്ചേസുകള്‍, നാമുള്‍പ്പെട്ടിട്ടുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, എന്നിവയിലൂടെയെല്ലാം നമ്മുടെ ഓണ്‍ലൈന്‍ പ്രകൃതം എന്താണെന്ന് വളരെ കൃത്യമായി മനസ്സിലാക്കുന്നു.
ഈ വിവരങ്ങള്‍ വച്ചാണ് വിപണിസാധ്യതക്ക് ഉതകുന്ന രീതിയില്‍ നമ്മുടെ സൈക്കോളജിക്കല്‍ പ്രൊഫൈല്‍ തയ്യാറാക്കുന്നത്. ഇത് നമ്മുടെ പൂര്‍ണമായ അറിവോടെ ആയിരിക്കണമെന്നില്ല. പല ഓണ്‍ലൈന്‍ സംവിധാനങ്ങളിലും കയറുന്നതിന് മുമ്പായി നമ്മള്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് ഒന്നും വായിച്ചുനോക്കാതെ തന്നെ I Agree എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മളെക്കുറിച്ചുള്ള ഡാറ്റ, വിനിമയത്തിന് ലഭ്യമാണ് എന്നുള്ള സമ്മതപത്രം കൂടിയാണ് നമ്മള്‍ നല്‍കുന്നത്.
ദ് ഗ്രേറ്റ് ഹാക്
ഈ പശ്ചാത്തലത്തിലാണ് നേരത്തെ സൂചിപ്പിച്ച കേംബ്രിഡ്ജ് അനലിറ്റിക-ഫേസ്ബുക്ക് ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തെ നോക്കിക്കാണേണ്ടത്. അക്കാര്യം വിശദമാക്കുന്നത് ദ് ഗ്രേറ്റ് ഹാക് എന്ന ഡോക്യുമെന്ററി (സംവിധാനം - കരീം അമര്‍, ജെഹാന്‍ നൂജെയ്ം) ചലച്ചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാവാം.

ഈ ചിത്രം കേംബ്രിഡ്ജ് അനലിറ്റികയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള വന്‍ വിവരചോരണത്തിന്റെയും അതിന്റെ ഫലമായി ലോകം അനുഭവിക്കേണ്ടിവന്ന ചില വന്‍കിട തിരിമറികളെയും അട്ടിമറികളെയും യഥാതഥമായി അവലോകനം ചെയ്യുന്ന ഒന്നാണ്. ആരും പ്രതീക്ഷിക്കാതിരുന്ന ബ്രെക്‌സിറ്റ് ക്യാംപെയ്‌ന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും വിജയം എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക എന്ന ബ്രിട്ടീഷ് രാഷ്ട്രീയ ഉപദേശക-വിവര ദല്ലാള്‍ സ്ഥാപനം, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ട് വളരെ ആസൂത്രിതമായി നടപ്പിലാക്കിയത് എന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം.
പ്രധാനമായും മൂന്ന് വ്യക്തികളുമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. കേംബ്രിഡ്ജ് അനലിറ്റിക എന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബ്രിറ്റനി കെയ്‌സര്‍ ആണ് ഇവരിലൊരാള്‍. സാധാരണക്കാരായ മനുഷ്യരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയായിരുന്നു അവര്‍. പക്ഷെ ചെയ്യുന്ന ജോലിയിലെ നൈതികതയില്ലായ്മ അവരെ ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുകയും അതിനെത്തുടര്‍ന്ന് മനംമാറ്റം വന്ന അവര്‍ കേംബ്രിഡ്ജ് അനലിറ്റികയിലെ ജോലി രാജിവെച്ച് പുറത്തുവരികയുമായിരുന്നു. തുടര്‍ന്ന് അവര്‍ കേംബ്രിഡ്ജ് അനലിറ്റികക്കെതിരായ ഒരു വിസില്‍ ബ്ലോവര്‍ ആയി മാറി.

അവര്‍ കേംബ്രിഡ്ജ് അനലിറ്റികയില്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഈ ചിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രെക്‌സിറ്റിനു വേണ്ടി പ്രവര്‍ത്തിച്ച ആരോണ്‍ ബാങ്ക്‌സ് ഉള്‍പ്പെടുന്ന ബാഡ് ബോയ്‌സ് എന്ന് അറിയപ്പെട്ടിരുന്നവരുമായി കേംബ്രിഡ്ജ് അനലിറ്റികക്ക് ഉണ്ടായിരുന്ന അഗാധമായ ബന്ധത്തെക്കുറിച്ചും അവര്‍ ചിത്രത്തില്‍ സംസാരിക്കുന്നുണ്ട്.
ചിത്രത്തില്‍ അഭിമുഖം ചെയ്യപ്പെടുന്ന മറ്റൊരു വ്യക്തി പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായ കരോള്‍ കാഡ്വാളഡര്‍ ആണ്. അവരാണ് ബ്രെക്‌സിറ്റ് ക്യാംപെയ്‌ന്റെയും ട്രംപിന്റെയും വിജയത്തിന്റെ പിറകില്‍ കേംബ്രിഡ്ജ് അനലിറ്റികക്കുള്ള പങ്കിനെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളെല്ലാം പുറത്തുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ സ്വന്തം ജീവന് ഇപ്പോഴും ഭീഷണിയുള്ള ഒരു വ്യക്തിയാണവര്‍. ആളുകളുടെ സമ്മതമില്ലാതെ അവരുടെ വ്യക്തിഗതവിവരങ്ങള്‍ ശേഖരിച്ച് അതുവച്ച് ദല്ലാള്‍പ്പണിയും വില്പനയും നടത്തി, ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിര്‍ണായകമായേക്കാവുന്ന വോട്ടുകളെ മുഴുവന്‍ അവരുദ്ദേശിക്കുന്ന രീതിയില്‍ മറിക്കുവാന്‍ കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് സാധിച്ചതെങ്ങനെയെന്നത് കാഡ്വാളഡര്‍ ഇതില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
മൂന്നാമത് ചിത്രത്തില്‍ വരുന്നത് അമേരിക്കന്‍ മാധ്യമവിദഗ്ദ്ധനായ ഡേവിഡ് കരോള്‍ ആണ്. അദ്ദേഹമാണ് കേംബ്രിഡ്ജ് അനലിറ്റികക്കെതിരെ ബ്രിട്ടനില്‍ കേസ് ഫയല്‍ ചെയ്തത്. തന്നെക്കുറിച്ച് കേംബ്രിഡ്ജ് അനലിറ്റകയുടെ കയ്യില്‍ ഉള്ള ഡാറ്റയുടെ റിപോര്‍ട്ട് വിട്ടുകിട്ടണം എന്നതായിരുന്നു കരോളിന്റെ ആവശ്യം.

അതിനായി അദ്ദേഹം സഞ്ചരിച്ച വഴികള്‍ കേംബ്രിഡ്ജ് അനലിറ്റികയെക്കുറിച്ചുള്ള പുതിയ പുതിയ വെളിപ്പെടുത്തലുകളിലേക്ക് എത്തുകയായിരുന്നു.
ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ വോട്ടു ചെയ്യുവാന്‍ ഏത് പക്ഷം നോക്കണം, എന്ത് തീരുമാനമെടുക്കണം എന്നറിയാതെ നില്‍ക്കുന്ന, വേണമെങ്കില്‍ ഏത് ചേരിയിലേക്കും തിരിയാവുന്ന കുറേ ജനങ്ങളുണ്ടാകും. ഇവര്‍ രേഖപ്പെടുത്തുന്ന വോട്ടുകളാണ്, ഒരു പക്ഷെ, ആ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയുടെ വിജയം നിര്‍ണയിക്കുന്നത്. ഇത്തരത്തിലുള്ള വോട്ടര്‍മാരെയാണ് കേംബ്രിഡ്ജ് അനലിറ്റിക സ്വാധീനിച്ചത്. പാട്ടിലാക്കാവുന്നവര്‍ (persuadables) എന്ന വാക്കാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന തീരുമാനമെടുക്കാതെ നില്‍ക്കുന്ന ആളുകളെ വിശേഷിപ്പിക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക ഉപയോഗിച്ചത്.
പാട്ടിലാക്കാവുന്നവരുടെ മനസുകളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുക എന്നതാണ് പിന്നീട് കേംബ്രിഡ്ജ് അനലിറ്റിക പോലെയുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന ദൗത്യം. അതിനായി ഇവരിലേക്ക് നിരന്തരം ഫേസ്ബുക്ക് വഴിയും മറ്റുമായി അവരിഷ്ടപ്പെടുന്ന തരത്തിലുള്ള വിവരങ്ങള്‍ പരസ്യരൂപത്തിലും മറ്റും കൊടുത്തുകൊണ്ടേയിരിക്കുന്നു. അവരില്‍ പലര്‍ക്കുമുള്ള ചില മുന്‍ധാരണകളെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങളും സന്ദേശങ്ങളുമായിരിക്കും ഓരോരുത്തര്‍ക്കും അവരവരുടെ സ്മാര്‍ട്‌ഫോണുകളില്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നത്. സ്വന്തം അരക്ഷിതാവസ്ഥയെക്കുറിച്ച് അവര്‍ക്കുള്ള അതേ വേവലാതികള്‍ തന്നെയാവും ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങളുടെയും ഉള്ളടക്കം. അതേസമയം അവ ഇവരുടെ വേവലാതികളുടെയും വിഷമങ്ങളുടെയും കാരണങ്ങളെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അടര്‍ത്തിമാറ്റി പര്‍വതീകരിച്ചും വക്രീകരിച്ചും അവതരിപ്പിക്കുന്നതുമായിരിക്കും. ഇത് അവര്‍ക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കും. തങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ വില്‍ക്കപ്പെട്ടിരിക്കുന്നു എന്ന വിവരം ഈ പാവങ്ങള്‍ അറിയുകയേയില്ല. ഈ വിവരങ്ങള്‍ ലഭിച്ച മുതലാളിത്ത സംഘങ്ങളാകട്ടെ, ആരുടെയൊക്കെ വിവരങ്ങളാണോ തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് അവരെയെല്ലാം ഒരു കാണാച്ചരടില്‍ കോര്‍ത്തിട്ട് അവര്‍ പോലും അറിയാതെ അവരെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും.
തെക്കെ അമേരിക്കയില്‍ വെനസ്വേലയോട് ചേര്‍ന്ന് അറ്റ്‌ലാന്റിക് മഹാസുമദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് റിപബ്ലിക്കാണ് ട്രിനിഡാഡ്-ടൊബാഗൊ. അവിടത്തെ തിരഞ്ഞെടുപ്പിനെ കേംബ്രിഡ്ജ് അനലിറ്റിക എങ്ങനെയാണ് സ്വാധീനിച്ചത് എന്നതാണ് ചിത്രം നമുക്ക് കാണിച്ചുതരുന്നത്.
ഇവരാകട്ടെ നടക്കുന്നതെന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍മീഡിയ ആപ്പുകളിലും കിട്ടുന്ന ഇത്തരം നിര്‍മിത (manufactured)സന്ദേശങ്ങളുടെ പിറകേ പോകുന്ന ഹാമെലിന്‍ എലികളായി മാറിപ്പോകുന്നു. അത്തരം ഹാമെലിന്‍ എലികളെക്കൊണ്ട് ഒരു നാടിന്റെ ഭാഗധേയം നിര്‍ണയിപ്പിക്കാം എന്നു വരുന്നിടത്ത്, വലിയ രീതിയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്നത്തെ ജനാധിപത്യത്തിന് ഇനിയങ്ങോട്ട് എന്താണ് പ്രസക്തി എന്ന വലിയൊരു ചോദ്യം ഈ ചിത്രം ആത്യന്തികമായി ഉന്നയിക്കുന്നു.
കേംബ്രിഡ്ജ് അനലിറ്റിക എന്നാല്‍ ആരാണ് എന്താണ് എന്നത് അവര്‍ തന്നെ വിശദമാക്കുന്ന ഒരു ഭാഗം ഈ ചിത്രത്തിലുണ്ട്. Who We Are എന്ന പേരില്‍ കേംബ്രിഡ്ജ് അനലിറ്റിക തന്നെ തയ്യാറാക്കിയ സേല്‍സ് പ്രസന്റേഷന്‍ വീഡിയോ, ബ്രിറ്റാനി കെയ്‌സറുടെ കമ്പ്യൂട്ടറില്‍ നിന്ന് ലഭിച്ചത് അതേപടി ഈ ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. അ വീഡിയോയില്‍ പറയുന്നത് ഇപ്രകാരമാണ്:
"ആളുകളുടെ സ്വഭാവം തന്നെ മാറ്റിമറിക്കാനുള്ള ഒരു ഏജന്‍സിയാണ് ഞങ്ങള്‍. ആളുകളുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതിന് തുടക്കമിടാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന വസ്തുതയാണ് വാര്‍ത്താവിതരണമേഖലയിലെ അമൂല്യനിധി.' തുടര്‍ന്ന് ട്രിനിഡാഡില്‍ കേംബ്രിഡ്ജ് അനലിറ്റിക വിജയകരമായി നടത്തിയ ഒരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിന്റെ ദൃശ്യങ്ങളിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
തെക്കെ അമേരിക്കയില്‍ വെനസ്വേലയോട് ചേര്‍ന്ന് അറ്റ്‌ലാന്റിക് മഹാസുമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് റിപബ്ലിക്കാണ് ട്രിനിഡാഡ്-ടൊബാഗൊ. അവിടത്തെ തിരഞ്ഞെടുപ്പിനെ കേംബ്രിഡ്ജ് അനലിറ്റിക എങ്ങനെയാണ് സ്വാധീനിച്ചത് എന്നതാണ് ചിത്രം നമുക്ക് കാണിച്ചുതരുന്നത്. ഇവിടെ പ്രധാനമായും രണ്ട് വിഭാഗം ആള്‍ക്കാരാണുള്ളത്. അവിടത്തെ യഥാര്‍ത്ഥ നിവാസികളായ കറുത്തവര്‍ഗക്കാരും പിന്നെ ഇന്ത്യക്കാരുടെ ഒരു വിഭാഗവും. കൊളോണിയല്‍ ഭരണകാലത്ത് പല തൊഴിലുകളും ചെയ്യുന്നതിനായി ട്രിനിഡാഡിലും ടൊബാഗൊയിലും എത്തിക്കപ്പെട്ട ഇന്ത്യന്‍ ജനത അവിടെ ഒരു വലിയ സമൂഹമായി പിന്നീട് വളരുകയായിരുന്നു. ഈ രണ്ട് പ്രബലവിഭാഗങ്ങള്‍ തമ്മില്‍ എല്ലായ്‌പ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും.
കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നത്. യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അവിടത്തേക്ക് അവര്‍ തിരഞ്ഞെടുത്ത രീതിശാസ്ത്രം. കന്നിവോട്ട് ചെയ്യാന്‍ പോകുന്ന യുവാക്കളില്‍ വോട്ടെടുപ്പ് സംബന്ധിച്ച് താല്‍പര്യമില്ലായ്മ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക ആരംഭിച്ചത്. അത്തരത്തിലുള്ള ഒരു പ്രചരണം അരാഷ്ട്രീയമായിരിക്കണം എന്നത് അവര്‍ക്ക് ഉറപ്പായിരുന്നു; കാരണം യുവജനത രാഷ്ട്രീയം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെ ആ ക്യാംപെയ്ന്‍ ക്ഷിപ്രപ്രതികരണങ്ങളുളവാക്കുന്നതുമായിരിക്കണം; കാരണം പുതുതലമുറ പൊതുവേ മടിയന്മാരാണ്.
അതിനായി ജോയിന്‍ ദ ഗ്യാങ് എന്ന പേരില്‍ ഒരു ക്യാംപെയ്ന്‍ ആരംഭിച്ചു. ഇങ്ങിനെ ചെയ്യൂ എന്നര്‍ത്ഥം വരുന്ന Do So എന്ന പേരാണ് ഈ പ്രസ്ഥാനത്തിന് നല്‍കിയത്. Do So ക്യാംപെയ്ന്‍ ട്രിനിഡാഡിലെ യുവാക്കള്‍ക്കിടയില്‍ വന്‍പ്രചരണം നേടി. മുന്‍പത്തെ സര്‍ക്കാറിന്റെ തിരസ്‌കാരമായിരുന്നു ഈ ക്യാംപെയിനിന്റെ ഭാഗമായി വന്ന പൊതുവികാരം. ഞാന്‍ വോട്ട് ചെയ്യുന്നില്ല എന്നതായിരുന്നു Do So എന്നതുകൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. അതായത് മുന്‍സര്‍ക്കാറിന്റെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് അവര്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യാതിരിക്കൂ എന്ന ഉദ്ദേശത്തിലാണ് ആ ക്യാംപെയ്ന്‍ തുടങ്ങിയത് എന്നര്‍ത്ഥം.
Do So! Don't Vote എന്ന മുദ്രാവാക്യം ട്രിനിഡാഡിലെ തെരുവുകളിലെല്ലാം ഉച്ചത്തില്‍ മുഴങ്ങി. രണ്ട് കൈകളും പരസ്പരം X ആകൃതിയില്‍ കോര്‍ത്ത എംബ്ലമായിരുന്നു ഈ ക്യാംപെയ്ന്‍ സ്വീകരിച്ചത്. ആ എംബ്ലം പതിച്ച തൊപ്പികളും ടീഷര്‍ട്ടുകളും രാജ്യത്ത് മുഴുവന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഈ ആശയപ്രചരണത്തിനായി നിരവധി യുട്യൂബ് വീഡിയോകളും ഇറങ്ങി.
മലേഷ്യ, ലിത്വാനിയ, റൊമേനിയ, കെനിയ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ കേംബ്രിഡ്ജ് അനലിറ്റിക നടത്തിയിട്ടുണ്ട്. ബീഹാറിലെ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക ഇടപെട്ടിരുന്നതായി വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്.
സത്യത്തില്‍ Do So എന്ന പേരില്‍ രാജ്യം മുഴുവന്‍ നടന്ന പ്രതിഷേധം സര്‍ക്കാറിനെതിരെ ആയിരുന്നില്ല; മറിച്ച് രാഷ്ട്രീയത്തിനും വോട്ട് ചെയ്യുന്നതിനുമെതിരെയായിരുന്നു. Do So ക്യംപെയ്‌നിന്റെ ഭാഗമായ ആഫ്രോ-കരീബിയന്‍ വിഭാഗത്തില്‍ പെട്ട യുവാക്കളൊന്നും തന്നെ വോട്ട് ചെയ്യില്ലെന്ന കാര്യം കേംബ്രിഡ്ജ് അനലിറ്റികക്ക് ഉറപ്പായിരുന്നു. അതേ സമയം ഇന്ത്യന്‍ യുവവോട്ടര്‍മാരാണെങ്കിലോ? അവര്‍ അവരുടെ രക്ഷിതാക്കള്‍ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചെയ്യുമായിരുന്നില്ല. രക്ഷിതാക്കള്‍ സ്വാഭാവികമായും അവരോട് വോട്ട് ചെയ്യാനാവശ്യപ്പെടുമ്പോള്‍ അവര്‍ വോട്ട് ചെയ്യും. ഇത് തന്നെയായിരുന്നു കേംബ്രിഡ്ജ് അനലിറ്റികക്ക് വേണ്ടിയിരുന്നതും.
ഒരു കാര്യം ചെയ്യാതിരിക്കാനുള്ള ക്യാംപെയ്‌നിന് Do So എന്ന പേര് നല്‍കിയത് അതിലുള്ള വിരോധാഭാസം എടുത്തുകാട്ടുന്നുണ്ട്. ആ ക്യാംപെയ്ന്‍ വന്‍ വിജയമായിരുന്നു. പ്രതിപക്ഷകക്ഷിയായ UCL അവിടെ അധികാരത്തിലേറി. 18നും 35നും ഇടയിലുള്ളവരില്‍ വോട്ട് ചെയ്യാനെത്തിയവരില്‍ ഏതാണ്ട് 40%ത്തിന്റെ വ്യത്യാസമുണ്ടായിരുന്നു. UCLന്റെ വിജയം ഉറപ്പിക്കാന്‍ അതുതന്നെ ധാരാളമായിരുന്നു. വോട്ട് ചെയ്യുന്നതെല്ലാം പാഴാണ് എന്ന് കരുതുന്ന ഒരുപാടാളുകള്‍ക്കുള്ള പാഠം കൂടിയാണ് ഈ ചിത്രം.
പ്രധാനമന്ത്രി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകളില്‍ വര്‍ഷം തോറും പത്ത് ദേശീയ ക്യാംപെയ്‌നുകളെങ്കിലും കേംബ്രിഡ്ജ് അനലിറ്റിക ഏറ്റെടുത്ത് നടത്തി വരുന്നുണ്ടെന്ന് ഈ പ്രൊമോഷണല്‍ വീഡിയോയില്‍ പറയുന്നുണ്ട്. മലേഷ്യ, ലിത്വാനിയ, റൊമേനിയ, കെനിയ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ കേംബ്രിഡ്ജ് അനലിറ്റിക നടത്തിയിട്ടുണ്ട്. ഇന്ത്യയിലടക്കം ബീഹാറിലെ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്.
2013നും 2015നും ഇടയില്‍ ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക ചോര്‍ത്തുകയുണ്ടായി. ഈ ചോര്‍ത്തല്‍ നടന്നത് ഈ ഉപഭോക്താക്കളുടെയൊന്നും അറിവോടെയല്ലായിരുന്നു. ഈ വിവരങ്ങള്‍ അവര്‍ ഉപയോഗിച്ചത് വലിയ ഒരു വിപണിതന്ത്രത്തിനായിട്ടായിരുന്നു. ചോര്‍ത്തിയ ഈ പ്രൊഫൈല്‍ വിവരങ്ങളെല്ലാം ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും കൃത്യമായി തിരിച്ചറിയാന്‍ കേംബ്രിഡ്ജ് അനലിറ്റികക്ക് സാധിച്ചു. ഇതുപയോഗിച്ചുകൊണ്ട് ജനങ്ങളെ വിപണിപരമായി കൃത്യമായി ലക്ഷ്യം വച്ചുകൊണ്ടുള്ളതും അതിഭീമമായതും ആയ ഒരു വിവരശേഖരണി കേംബ്രിഡ്ജ് അനലിറ്റിക ഉണ്ടാക്കി. ഈ ഡാറ്റാബേസ് ആണ് വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ നിലപാടുകാരുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ വിറ്റത്.
ഇവിടെ ഒരു കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക 'ചോര്‍ത്തി' എന്ന് പറയപ്പെടുന്ന വിവരങ്ങളില്‍ ഏറിയ പങ്കും യഥാര്‍ത്ഥത്തില്‍ ചോര്‍ത്തിയതല്ല. ഫേസ്ബുക്കിലെ ഉപഭോക്താക്കളുടെ പ്രൊഫൈല്‍, താല്‍പര്യങ്ങള്‍ എന്നീ ഇനത്തില്‍ പെടുന്ന വിവരങ്ങളൊന്നും തന്നെ പ്രൈവറ്റ് ആയിട്ടുള്ള വിവരങ്ങള്‍ അല്ല എന്നതാണ് വാസ്തവം. നമ്മളില്‍ പലരും കരുതുന്നത് അത് പ്രൈവറ്റായ വിവരങ്ങളാണെന്നാണ്.

ഫേസ്ബുക്ക് ആപ്പിന്റെ API (Application Programming Interface) ക്കുള്ള ഒരു ചെറിയ തകരാറാണ് ചോര്‍ത്താതെ തന്നെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുവാന്‍ കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള സ്ഥാപനങ്ങളെ സഹായിച്ചത്. നമുക്കറിയാം പല ആപ്പുകളിലേക്കും വെബ് പേജുകളിലേക്കും ഫേസ്ബുക്ക് ലോഗിന്‍ വഴി കയറാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. ഒരു ആപ്പ് ഉപയോഗിക്കുന്നതിന് പലപ്പോഴും അത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതിലേക്ക് രജിസ്റ്റര്‍ ചെയ്ത് അതിനൊരു പാസ് വേഡ് സൃഷ്ടിച്ച് രജിസ്‌ടേഷന്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട മറ്റ് വിവരങ്ങളെല്ലാം നല്‍കേണ്ടത് ആവശ്യമാണ്. ഇതിന്റെ നൂലാമാലകള്‍ എളുപ്പമാക്കുവാനാണ് ഫേസ്ബുക്ക് ലോഗിന്‍ അല്ലെങ്കില്‍ ഗൂഗിള്‍ ലോഗിന്‍ വഴി കയറാനുള്ള സൗകര്യം ഒട്ടുമിക്ക ആപ്പുകളും ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ഫേസ്ബുക്ക് ലോഗിന്‍ വഴി ഒരു ആപ്പിലേക്ക് കയറിക്കഴിഞ്ഞാല്‍ കയറുന്നയാളുടെ വ്യക്തിഗത വിവരങ്ങളും താല്‍പര്യങ്ങളും മാത്രമല്ല അയാളുടെ ഫേസ്ബുക്ക് സുഹൃദ് വലയത്തിലുള്ള സകലമാനയാള്‍ക്കാരുടെയും വ്യക്തിഗതവിവരങ്ങളും താല്‍പര്യങ്ങളും എല്ലാം ഈ പുതിയ ആപ്പിന്റെ ഡവലപ്പര്‍ക്ക് കിട്ടുന്നു.
ഫേസ്ബുക്കിന്റെ APIക്ക് ഉണ്ടായിരുന്ന ഒരു തകരാറ് കാരണമാണ് ഇത് സാധ്യമായതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. എന്നാലീ തകരാറിനെക്കുറിച്ച് അന്നുതന്നെ പല വിമര്‍ശകരും ഫേസ്ബുക്കിനെ അറിയിച്ചിരുന്നെങ്കിലും അത്തരം മുന്നറിയിപ്പുകള്‍ ഫേസ്ബുക്ക് അവഗണിക്കുകയായിരുന്നു. 2015ല്‍ മാത്രമാണ് ഈ പ്രശ്‌നം തിരുത്തി പുതിയ API ഇറക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞത്. എന്നാലപ്പോഴേക്കും അമ്പത് ദശലക്ഷത്തോളം ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈകളിലെത്തിക്കഴിഞ്ഞിരുന്നു.
സൈക്കോഗ്രാഫിക്‌സിനെ ആയുധമായി ഉപയോഗിക്കുക എന്ന നയമാണ് ഈ കമ്പനി സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്. ബ്രെക്‌സിറ്റിനുള്ള Leave.EU ക്യാംപെയ്‌നിന്റെ ഭാഗമായി ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുടെ വ്യക്തിഗതവിവരങ്ങളാണ് ഈ രീതിയില്‍ ചോര്‍ത്തി സൈക്കോളജിക്കല്‍ പ്രൊഫൈലിങിന് വിധേയമാക്കിയത്. ഡാറ്റ ആയുധമായി ഉപയോഗിക്കുന്നതിന്റെ ശക്തി എന്തുമാത്രമാണെന്ന് ബ്രെക്‌സിറ്റ് റഫറണ്ടത്തില്‍ നമ്മള്‍ കണ്ടുകഴിഞ്ഞതുമാണ്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു പരീക്ഷണപദ്ധതി (Petri dish) ആയിരുന്നു ബ്രെക്‌സിറ്റ് ക്യാംപെയ്‌നും അതിന്റെ വിജയവും എന്നാണ് കരോള്‍ കാഡ്വാളഡര്‍ ഈ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നത്. മിലിട്ടറി ഭാഷയില്‍ സയോപ്‌സ് (Psyops - Psychological operations) എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു പ്രദേശം ബോംബിട്ട് തകര്‍ക്കുന്നതിന് പകരം മനഃശാസ്ത്രപരമായ രീതിയിലൂടെ അവിടത്തെ ആളുകളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ പല സ്ഥലങ്ങളിലും പട്ടാളം ഉപയോഗിച്ച ഒരു രീതിയാണിത്.
കേംബ്രിഡ്ജ് അനലിറ്റികയുടെ പാരന്റ് കമ്പനിയായ SCL, ഡിഫന്‍സ് ബിസിനസുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന സ്ഥാപനമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തെയും, നാവികസേനയെയും അമേരിക്കന്‍ പട്ടാളത്തെയും അമേരിക്കന്‍ പ്രത്യേകസേനകളെയും പരിശീലിപ്പിക്കുന്നതില്‍ SCLനും പങ്കുണ്ട്. അതോടൊപ്പം NATO, CIA, ആഭ്യന്തരവകുപ്പുകള്‍, പെന്റഗണ്‍ എന്നിവര്‍ക്കും അവര്‍ പരിശീലനം നല്‍കുന്നു. എതിര്‍പ്പുള്ളയാളുകളുടെ പോലും സ്വഭാവത്തെ മാറ്റുവാനുളള ഗവേഷണങ്ങളാണ് ഇതില്‍ അവര്‍ ഉപയോഗിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം അവര്‍ ഇത്തരത്തിലുള്ള ഓപറേഷന്‍സ് നടത്തിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പുകള്‍ മാനിപ്പുലേറ്റ് ചെയ്യുന്ന രീതിയില്‍ കളം മാറ്റിച്ചവിട്ടിയുള്ള കളികള്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെ വഞ്ചകിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള Crooked Hillary എന്ന കൊണ്ടുപിടിച്ച ക്യാംപെയ്‌നിലൂടെ, അവര്‍ക്കെതിരായി ദുഷ്പ്രചരണങ്ങളും അപവാദങ്ങളും അഴിച്ചുവിട്ടുകൊണ്ട്, നേരത്തെ പറഞ്ഞ തരത്തിലുള്ള പാട്ടിലാക്കാവുന്നവര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ജനവിഭാഗങ്ങളിലേക്ക് നിരന്തരമായി ഇത്തരത്തിലുള്ള മെസേജുകള്‍ അയച്ചുകൊണ്ട് അത്തരക്കാരുടെ വോട്ടുകള്‍ ട്രംപിന് അനുകൂലമായി ചെയ്യിക്കുകയായിരുന്നു ചെയ്തത്. അവസാനനിമിഷം വരെ വിജയസാധ്യത കല്‍പിച്ചിരുന്ന ഹിലരി ക്ലിന്റണ്‍ എങ്ങനെ പരാജയപ്പെട്ടു എന്ന് ലോകത്തിലെ പ്രമുഖരായ സെഫോളജിസ്റ്റുകള്‍ക്കൊന്നും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. പക്ഷെ കേംബ്രിഡ്ജ് അനലിറ്റിക അത് നേടിയെടുക്കുക തന്നെ ചെയ്തു.
ബ്രിട്ടീഷ് പൗരരെയോരോരുത്തരെയും സംബന്ധിച്ചും ആയിരക്കണക്കിന് ഡാറ്റാ പോയിന്റുകള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ബ്രിട്ടനില്‍ ഇനി സാധ്യമാകാനിടയില്ലെന്ന് കരോള്‍ കോഡ്വാളഡര്‍ ഈ ചിത്രത്തില്‍ പറയുന്നുണ്ട്.
ഓണ്‍ലൈനിലൂടെ നമ്മള്‍ കൈമാറുന്ന ചെറിയ കമന്റുകള്‍ പോലും കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് ഓരോ വ്യക്തിയെയും സംബന്ധിച്ച സൈക്കോളജിക്കല്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കാനുള്ള ചെറിയ ചെറിയ നുറുങ്ങുകളായിരുന്നു. ഇങ്ങനെ അമേരിക്കയിലെ ഓരോ വോട്ടര്‍മാരുടെയും വ്യക്തിഗതവിവരങ്ങള്‍ ശേഖരിച്ച് അനലൈസ് ചെയ്ത കേംബ്രിഡ്ജ് അനലിറ്റിക അവരിലോരോരുത്തര്‍ക്കുമായി 5000 ഡാറ്റാ പോയിന്റുകളാണ് കണ്ടെത്തിയത്. അത് വച്ച് നടത്തിയ 'ഡാറ്റായുദ്ധ'ത്തിലൂടെയാണ് അവരെ ഹിലാരിക്കെതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ആരും പ്രതീക്ഷിക്കാതിരുന്ന ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായതും. ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് നിശ്ചയമില്ലാതിരുന്ന ഏതാണ്ട് 70000ത്തോളം വരുന്ന വോട്ടര്‍മാരെയാണ് കേംബ്രിഡ്ജ് അനലിറ്റിക കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വാധീനിച്ചത്.
ബ്രിട്ടീഷ് പൗരരെയോരോരുത്തരെയും സംബന്ധിച്ചും ആയിരക്കണക്കിന് ഡാറ്റാ പോയിന്റുകള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ബ്രിട്ടനില്‍ ഇനി സാധ്യമാകാനിടയില്ലെന്ന് കരോള്‍ കോഡ്വാളഡര്‍ ഈ ചിത്രത്തില്‍ പറയുന്നുണ്ട്. കാരണം പൗരരുടെ ഇഷ്ടങ്ങളൊന്നും അവരുടേതല്ലാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. അവരോട് പറയുന്നതെന്താണോ അതാണ് അവരുടെ ഇഷ്ടം എന്ന നിലയില്‍ അവരുടെ സ്വഭാവത്തെ മാറ്റിമറിക്കാന്‍ വന്‍ ഡാറ്റ കൈകാര്യം ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. ഒളിനോട്ട മുതലാളിത്തം മുന്നോട്ടുവെക്കുന്ന കമ്പോളത്തില്‍, ഉല്പന്നങ്ങളും വസ്തുക്കളും മാത്രമല്ല ആശയങ്ങളെയും സ്ഥാനാര്‍ത്ഥികളെയും വരെ വില്‍ക്കാന്‍ പറ്റും എന്നര്‍ത്ഥം.
ബിഗ് ഡാറ്റ
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മിക്കവരും നിരന്തരമായി കേട്ടിരിക്കാനിടയുള്ള ഒരു വാക്കാണ് ബിഗ് ഡാറ്റ. എന്താണ് ഈ ബിഗ് ഡാറ്റ? വന്‍തോതിലുള്ള ഡാറ്റയെയാണ് ഈ പദം കൊണ്ട് സൂചിപ്പിക്കുന്നത്. അത് ഒരു നിശ്ചിതക്രമത്തിലുള്ളതോ തീര്‍ത്തും ക്രമരഹിതമോ ആയ ഒന്നാവാം. ഈ ഡാറ്റയുടെ അളവിനല്ല പ്രാധാന്യം. ഈ ഡാറ്റ വെച്ച് ചെയ്യുന്നതെന്താണോ അതാണ് പ്രധാനം.
കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പര്‍ച്ചേസുകളും, ഗൂഗിളില്‍ നമ്മള്‍ നടത്തുന്ന ഓരോ തിരച്ചിലുകളും മൊബൈല്‍ ഫോണുമായി നമ്മള്‍ നടത്തുന്ന ഓരോ ചലനവും, ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോകളിലും മറ്റ് പല സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും നമ്മള്‍ നല്‍കുന്ന ഓരോ ലൈക്കുകളും ഡിസ്ലൈക്കുകളും എവിടെയൊക്കെയോ ശേഖരിച്ചുവെക്കപ്പെടുന്നുണ്ട്.
ഡിജിറ്റല്‍ കാലഘട്ടത്തില്‍ നമ്മള്‍ ഓണ്‍ലൈനോ ഓഫ് ലൈനോ ആയി ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനവും അതിന്റെ ചില പാടുകള്‍ അവിടെ അവശേഷിപ്പിക്കുന്നുണ്ട്. നമുക്കിതിനെ digital traces എന്ന് വിളിക്കാം. കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പര്‍ച്ചേസുകളും, ഗൂഗിളില്‍ നമ്മള്‍ നടത്തുന്ന ഓരോ തിരച്ചിലുകളും മൊബൈല്‍ ഫോണുമായി നമ്മള്‍ നടത്തുന്ന ഓരോ ചലനവും, ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോകളിലും മറ്റ് പല സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും നമ്മള്‍ നല്‍കുന്ന ഓരോ ലൈക്കുകളും ഡിസ്ലൈക്കുകളും.... എല്ലാമെല്ലാം എവിടെയൊക്കെയോ ശേഖരിച്ചുവെക്കപ്പെടുന്നുണ്ട്.
ഇങ്ങനെ ശേഖരിച്ചുവെക്കപ്പെടുന്ന വിവരങ്ങള്‍ ബിഗ് ഡാറ്റയാണ്. ഇതുകൊണ്ട് എന്തെങ്കിലും വലിയ കാര്യലാഭം ഉണ്ടാക്കാനാവുമെന്ന് ആദ്യമൊന്നും ആരും കരുതിയിരുന്നില്ല. ഗൂഗിളില്‍ normal blood sugar level എന്ന് തിരഞ്ഞാല്‍ മിക്കവാറും വീട്ടില്‍ നിന്ന് ബ്ലഡ് ഷുഗര്‍ ചെക്ക് ചെയ്യാനുള്ള വിവിധതരം ഗ്ലൂക്കോമീറ്ററുകളുടെ പരസ്യം നമുക്ക് വരുന്നതുപോലെ, ഒരു ബസ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ നമ്മള്‍ നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് എന്ന മട്ടില്‍ വിവിധ ബസ് ടിക്കറ്റ് ബുക്കിങ് കമ്പനികളുടെ പരസ്യം വരുന്നതുപോലെ, നമ്മളേതെങ്കിലും ഒരു ഹോട്ടലിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ പോയാല്‍ അതുപോലുള്ള നിരവിധി കേന്ദ്രങ്ങളുടെ പരസ്യം നമുക്ക് വരുന്നതുപോലെ ഒക്കെയുള്ള നിസ്സാരം എന്ന് തോന്നിയേക്കാവുന്ന പരസ്യങ്ങളുടെ വില്‍പനാകേന്ദ്രമായി നമ്മുടെ വിപണി ശരീരത്തെ മാറ്റുന്നു എന്നതില്‍ക്കവിഞ്ഞ കാര്യങ്ങളൊന്നും, നേരത്തേ പറഞ്ഞ തരത്തില്‍ നമ്മളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കും എന്ന് ആരും തന്നെ കരുതിയിരുന്നുമില്ല.
പക്ഷെ, നേരത്തേ സൂചിപ്പിച്ചതുപോലെ, ട്രംപിന്റെ വിജയവും ബ്രെക്‌സിറ്റ് ഫലവും പോലെയുള്ള തീര്‍ത്തും അപ്രതീക്ഷിതമായ ചില വന്‍ അട്ടിമറികള്‍ നടന്നപ്പോഴാണ് ബിഗ് ഡാറ്റ കൊണ്ടുള്ള കളികള്‍ അത്ര നിസ്സാരമല്ലെന്ന് പലര്‍ക്കും ബോധ്യമായത്; ഈ വിവരചോരണത്തിന്റെ അപകടം പലരും മനസ്സിലാക്കിത്തുടങ്ങിയതും അപ്പോഴാണ്. ഇവിടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ വിനിമയ മൂല്യമുള്ള വില്‍പ്പനച്ചരക്കുകളായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
സൈക്കോളജിക്കല്‍ പ്രൊഫൈലിങ് ഉപയോഗിച്ചുള്ള ഈ പരിപാടി 2012ല്‍ ഒബാമ ക്യാംപെയ്‌നിങ്ങിലും നടത്തിയിരുന്നു എങ്കിലും ഒരു വന്‍കിട ഡാറ്റാ ചോരണ സ്ഥാപനത്തിന്റെ പിന്തുണയില്ലാത്തതു കൊണ്ടായിരിക്കാം, അത് വലിയ വിജയമായില്ല.
ഡാറ്റയില്‍ നിന്ന് വ്യക്തിയുടെ സ്വഭാവത്തിലേക്ക്
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലാത്തവര്‍ക്കായി കുറച്ചുകൂടി ലളിതമായി പറയാം. ഉദാഹരണത്തിന് ഒരു വ്യക്തി ഫേസ്ബുക്കിലോ അതുപോലുള്ള മറ്റേതെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലോ ഇടുന്ന പോസ്റ്റുകളും കമന്റുകളും ലൈക്കുകളും കൃത്യമായി ആരെങ്കിലും പഠിക്കുന്നു എന്നു കരുതുക. അങ്ങനെയാണെങ്കില്‍ അത്തരം ഗഹനമായ പഠനത്തിലൂടെ പോസ്റ്റിട്ട വ്യക്തിയുടെ ഒരു സൈക്കോഗ്രാഫിക് പ്രൊഫൈല്‍ തയ്യാറാക്കുവാന്‍ ബുദ്ധിമുട്ടില്ല. അയാളുടെ ഇഷ്ടങ്ങളെന്ത് അനിഷ്ടങ്ങളെന്ത്, യോജിപ്പുകളും വിയോജിപ്പുകളും ഏതിനോടൊക്കെയാണ്, അയാള്‍ക്കുള്ള ഗുണങ്ങളെന്ത് ദോഷങ്ങളെന്ത് അയാള്‍ക്ക് ദേഷ്യം വരുന്നതെപ്പോള്‍ സന്തോഷം തോന്നുന്നതെപ്പോള്‍ എന്നതെല്ലാം വ്യക്തമായി മനസ്സിലാക്കാനും അങ്ങനെ ആത്യന്തികമായി അയാളുടെ രാഷ്ട്രീയത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഒക്കെ വളരെ വ്യക്തമായ ഒരു കാഴ്ചപ്പാടിലെത്താന്‍ ഈ സൈക്കോളജിക്കല്‍ പ്രൊഫൈലുകള്‍ അതുണ്ടാക്കുന്നവരെ സഹായിക്കുന്നു.
അടുത്തതായി ഈ ഫേസ്ബുക്ക് അംഗം സ്വാധീനിക്കാന്‍/പാട്ടിലാക്കാന്‍ കഴിയുന്ന ഗണത്തില്‍ പെടുന്നയാളാണോ എന്ന കൃത്യമായ നിഗമനത്തിലേക്ക് അവരെത്തിച്ചേരുന്നു. എന്ത് തരം വാര്‍ത്തകള്‍/വിവരങ്ങള്‍ നല്‍കിയാല്‍ അവരെ വൈകാരികമായി സ്വാധീനിക്കാം എന്ന കണ്ടെത്തലിന് വിവരചോരരെ സഹായിക്കുന്നത് ഇത്തരം സൈക്കോളജിക്കല്‍ പ്രൊഫൈലുകളാണ്.
ഇവിടെ പറഞ്ഞിരിക്കുന്ന ഉദാഹരണത്തില്‍ സൂചിപ്പിച്ചത് ഒരു വ്യക്തിയുടെ സ്വഭാവത്തെ സംബന്ധിച്ച രണ്ടോ മൂന്നോ ഡാറ്റാ പോയിന്റുകളെക്കുറിച്ച് മാത്രമാണ്. ഇത്തരത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ച് എത്രയേറെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നുവോ അതിനനുസൃതമായി അവരെക്കുറിച്ച് ഉണ്ടാക്കാവുന്ന ഡാറ്റാ പോയിന്റുകളുടെ എണ്ണവും കൂടുന്നു. ഡാറ്റാ പോയിന്റുകള്‍ കൂടുന്നതിനനുസരിച്ച് അയാളുടെ സ്വഭാവത്തെയും പ്രകൃതത്തെയും സംബന്ധിച്ചുള്ള പഠനത്തിന്റെ വ്യക്തത കൂടുന്നു; അതോടെ അവരിലേക്ക് തൊടുക്കാവുന്ന വിവരായുധങ്ങളുടെ കൃത്യതയും കണിശതയും വര്‍ദ്ധിക്കുന്നു.

അമേരിക്കയിലെ പാട്ടിലാക്കാവുന്ന വോട്ടര്‍മാരിലേക്ക് അവിടത്തെ പ്രധാന എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റണെതിരായ നിര്‍മിതവും തീര്‍ത്തും വ്യാജവുമായ പോസ്റ്റുകള്‍ നിരന്തരമായി പ്രവഹിപ്പിക്കാനാരംഭിച്ചു. പാട്ടിലാക്കാവുന്നവരായ ഓരോ വ്യക്തിയുടെയും സാമൂഹ്യ മാധ്യമങ്ങളിലെ പേര്‍സണല്‍ വിലാസങ്ങളിലേക്ക് ആ വ്യക്തിയുടെ സ്വാഭാവത്തിനിണങ്ങുന്ന തരത്തിലുള്ള, അവരുടെ നിലപാടുകളുമായി യോജിച്ചുപോകുന്ന തരത്തിലുള്ള വെവ്വേറെ പോസ്റ്റുകളായാണ് ഈ വ്യാജ ആരോപണങ്ങള്‍ ഇത്തരത്തില്‍ ഓരോരുത്തരിലേക്കും മാറിമാറി പടര്‍ന്നത്. ഈ ഗീബല്‍സിയന്‍ തന്ത്രത്തില്‍ വീണു പോയ ഒരു വലിയ വിഭാഗം വോട്ടര്‍മാരുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് എല്ലാ തിരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങളെയും അനാലിസിസുകളെയും കീഴ്‌മേല്‍ മറിച്ചു കൊണ്ട് ട്രംപ് 2016ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഈ വിജയം കേംബ്രിഡ്ജ് അനലിറ്റിക ശരിക്കും ആലോചിച്ചിരുന്നു എന്ന കാര്യം ബ്രിറ്റാനി സ്പിയേഴ്‌സ് വ്യക്തമാക്കുന്നുമുണ്ട്.
ഈ ആവശ്യത്തിലേക്കായി ഡൊണാള്‍ഡ് ട്രംപ് കേംബ്രിഡ്ജ് അനലിറ്റികക്ക് 15 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 110 കോടി ഇന്ത്യന്‍ രൂപ) നല്‍കിയിരുന്നത് എന്ന കാര്യം കേംബ്രിഡ്ജ് അനലിറ്റികയുടെ സി.ഇ.ഒ. ആയ അലക്‌സാണ്ടര്‍ നിക്‌സ് തന്നെ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ സൈക്കോളജിക്കല്‍ പ്രൊഫൈലിങ്ങിന്റെ ഭാഗമായി കേംബ്രിഡ്ജ് അനലിറ്റിക ചെയ്ത കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അമേരിക്കന്‍ ജനതയെ ഒന്നടങ്കം, അവരുടെ സ്വഭാവത്തിനനുസരിച്ച് 32 ഗ്രൂപ്പുകളായി തരംതിരിച്ചു എന്നതാണ്. 17 സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അവിടങ്ങളിലാണ് വോട്ട് എങ്ങോട്ട് വേണമെങ്കിലും മറിയാനുള്ള സാധ്യത നിലനിന്നിരുന്നത്. എന്തുതന്നെയായാലും ആളുകള്‍ ഹിലാരിക്ക് തന്നെ വോട്ട് ചെയ്യും എന്ന് ഏതാണ്ടുറപ്പായ പ്രദേശങ്ങളിലേക്കൊന്നും അവര്‍ പോയതേയില്ല. മറിച്ച് വോട്ട് ചെയ്യുന്നത് ആര്‍ക്കായിരിക്കണം എന്ന് അന്തിമതീരുമാനമെടുത്തിട്ടില്ലാത്ത, ആര്‍ക്ക് വോട്ടു ചെയ്താലും തനിക്കെന്താ എന്നൊക്കെ സംശയങ്ങളുള്ള ആളുകളിലേക്ക് മാത്രമായാണ് അവര്‍ എത്തിയത്. അവരുടെ വോട്ട് ട്രംപിന് അനുകൂലമായി രീതിയില്‍ എങ്ങിനെ മറിക്കാം എന്നതിലേക്കാണ് സൈക്കോളജിക് പ്രൊഫൈലിങ് വഴി ആളുകളുടെ സ്വഭാവത്തെ കുറിച്ച് നടത്തിയ കണ്ടെത്തലുകളുടെ ഫലത്തെ അവര്‍ ഉപയോഗിച്ചതും പ്രയോഗിച്ചതും.
ഈ സിനിമയെക്കുറിച്ച് ഇത്രയും പറഞ്ഞത് ഡാറ്റ കൊടുക്കുക എന്നത് പലരും പറയുകയോ കരുതുകയോ ചെയ്യുന്നതുപോലെ അത്ര നിസ്സാരമായ ഒരു കാര്യമല്ല എന്ന കാര്യം ഉദാഹരണസഹിതം അറിയിക്കുന്നതിനാണ്. ലോക് ഡൌണ്‍ കാലത്ത് താല്‍പര്യമുള്ളവര്‍ക്ക് ഈ സിനിമ കാണാനുള്ള പല സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ഒളിനോട്ട മുതലാളിത്തം പ്രായോഗികതലത്തില്‍

"ഉല്പാദന ഉപാധികളുടെ സാന്ദ്രീകരണം നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ് വ്യവസായ മുതലാളിത്തത്തിന്റെ പ്രേരകശക്തിയെങ്കില്‍ ഒളിനോട്ടമുതലാളിത്ത ശക്തികളും അവരുടെ കമ്പോളക്കളിക്കാരും സ്വഭാവപരിണാമത്തിനുള്ള ഉപാധികളുടെ സാന്ദ്രീകരണം നിരന്തരം വര്‍ദ്ധിപ്പിക്കുന്നതിലാണ് മുഴുകിയിരിക്കുന്നത്' എന്ന ഷോഷനാ സ്യൂബോഫിന്റെ നിരീക്ഷണങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്.
ഒളിനോട്ടമുതലാളിത്തം ആദ്യമായി പ്രയോഗിച്ചു തുടങ്ങയിത് ഗൂഗിള്‍ ആണ്. ഇപ്പോള്‍ ഗൂഗിളിനൊപ്പം ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് സജീവമാണ്. ഇവരെല്ലാം ചേര്‍ന്ന് നമ്മളോരോരുത്തരുടെയും പ്രകൃതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമാനതകളില്ലാത്ത വിധം ശേഖരിച്ച് അതിനനുസൃതമായ ഉല്പന്നങ്ങളോ സേവനങ്ങളോ രൂപകല്പന ചെയ്യുന്നു. ലഭ്യമായിക്കൊണ്ടിരിക്കുന്ന ഡാറ്റയുടെ അളവ് ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരികയുമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയാണ് ഇത്തരം ഡാറ്റ കൊണ്ട് തഴച്ചുവളരുന്ന മറ്റൊരു കൂട്ടര്‍. അമേരിക്കയിലാണെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്ത കക്ഷികളുടെ കയ്യിലുള്ള ഏതെങ്കിലും ഉപകരണത്തില്‍ നിന്നുള്ള ഡിജിറ്റല്‍ ഫീഡ്ബാക്ക് ലഭ്യമാകുമെങ്കില്‍ മാത്രമേ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ സേവനം ലഭ്യമാക്കൂ എന്ന സ്ഥിതി പോലുമുണ്ട്. ഇവിടെയെല്ലാം വ്യക്തിവിവരങ്ങള്‍ നിര്‍ദാക്ഷിണ്യം വന്‍കിട ബിസിനസുകാര്‍ ഉപയോഗപ്പെടുത്തുകയാണ്.
നമ്മുടെ കയ്യിലുള്ള നമ്മുടെ മാത്രമായ വിവരങ്ങളുപയോഗിച്ച് നമ്മുടെ സ്വഭാവത്തെയും പ്രകൃതത്തെയും പെരുമാറ്റത്തെയുമെല്ലാം പഠിച്ച് അതില്‍ നിന്നാണ് ഒളിനോട്ടമുതലാളിത്തം വളരുന്നതും തഴയ്ക്കുന്നതും ശതകോടികളുടെ ആസ്തികള്‍ സൃഷ്ടിക്കുന്നതും. ഉല്പാദനത്തിനും വില്പനയ്ക്കുമുള്ള സൗജന്യ അസംസ്‌കൃതവസ്തുക്കളായി മനുഷ്യന്റെ സ്വകാര്യ അനുഭവങ്ങളെ ഏകപക്ഷീയമായി അവകാശപ്പെടുന്നിടത്താണ് അതിന്റെ യുക്തി തുടങ്ങുന്നത് തന്നെ.
നിങ്ങള്‍ പാര്‍ക്കിലൂടെ നടക്കുന്നതും, ഓണ്‍ലൈനില്‍ ബ്രൗസ് ചെയ്യുന്നതും വിനിമയം നടത്തുന്നതും, വാഹനം പാര്‍ക് ചെയ്യുവാനുള്ള ഇടമന്വേഷിച്ചലയുന്നതും, പ്രാതല്‍ മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നതുമെല്ലാം ഇതിന് ആവശ്യമാണ്. ഈ അനുഭവങ്ങളെല്ലാം ബിഹേവിയറല്‍ (നമ്മുടെ സ്വഭാവം, പ്രകൃതം, പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട) ഡാറ്റ എന്ന നിലയില്‍ അവര്‍ മനസ്സിലാക്കുന്നു. നമുക്ക് ആവശ്യമായ ചില ഉല്പന്നങ്ങളോ സേവനങ്ങളോ മെച്ചപ്പെടുത്തുന്നതിന് ഇതിന്റെ ചെറിയൊരംശം ഉപകരിച്ചേക്കാം. ബാക്കിയുള്ളതെല്ലാം ബിഹേവിയറല്‍ മിച്ചമൂല്യം എന്ന നിലയില്‍ മനുഷ്യന്റെ ബിഹേവിയര്‍ പ്രവചിച്ച് മനുഷ്യരെക്കുറിച്ച് കാര്യങ്ങള്‍ വളരെ കൃത്യമായി പ്രവചിക്കാവുന്ന കാര്യങ്ങള്‍ക്കായി നീക്കിവെക്കപ്പെടും.
ഒരു മനുഷ്യന്‍ ഉള്ള ഭൂമിശാസ്ത്രപരമായ ഇടം, അവരുടെ വയസ്സ്, തൊഴില്‍, ജീവിതശൈലി, ശീലങ്ങള്‍ എന്നിവയും അയാളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഡാറ്റ അവശേഷിപ്പിക്കുന്ന ബിഹേവിയറല്‍ മിച്ചമൂല്യം ഉപയോഗിച്ചാണ് മനുഷ്യപ്രകൃതം, സ്വഭാവം, പെരുമാറ്റം എന്നിവയെക്കുറിച്ച് കൃത്യമായി അളക്കുന്നതും മനസ്സിലാക്കുന്നതും. ഗൂഗിള്‍ ഈ രീതി പരീക്ഷിക്കാനാരംഭിച്ച 2000 തൊട്ട് 2004 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ അവരുടെ വരുമാനം 3590% വര്‍ദ്ധിച്ചിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് ഒളിനോട്ടമുതലാളിത്തം എന്തുമാത്രം ഭീമമായ പദ്ധതിയാണ് എന്ന് നമുക്ക് മനസ്സിലാവുക.
ഈ പുത്തന്‍ മുതലാളിത്ത വിപണി, നിര്‍ബന്ധമോ ബലമോ ചെലുത്തി നമ്മെ ഒരു കാര്യത്തിന് പ്രേരിപ്പിക്കുകയല്ല ചെയ്യുന്നത്; മറിച്ച് അവര്‍ തരുന്ന സംഗീതത്തിന് അനുസൃതമായി നൃത്തം ചെയ്യുന്ന യാന്ത്രികജീവികളായി നമ്മെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഡാറ്റ ഉപയോഗിച്ച് തന്നെയാണ് ഒളിനോട്ടമുതലാളിത്തം ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്; അതിനായി ഡാറ്റ ആര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുകയോ ചോര്‍ത്തിക്കൊടുക്കുകയോ ഒന്നും ചെയ്യണമെന്നില്ല. ലഭ്യമായ ബിഗ് ഡാറ്റയെ കൃത്യമായി അനലൈസ് ചെയ്ത് വിദഗ്ധമായി ഉപയോഗിച്ചാല്‍ മതി.
ഈ രീതിയില്‍ അടിച്ചേല്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ ജനാധിപത്യത്തെ മുകളില്‍ നിന്നും കീഴില്‍ നിന്നും ദ്രവിപ്പിച്ചുകൊണ്ടിരിക്കുകയാണ്. താഴേത്തട്ടില്‍, വ്യക്തിതലത്തിലുള്ള അവബോധത്തെ ഇല്ലാതാക്കുന്ന, മാനുഷിക വ്യവഹാരങ്ങളെ വിലകുറച്ചുകാണുന്ന, തീരുമാനമെടുക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കുന്ന, സ്വാവലംബത്തെ ഇല്ലായ്മ ചെയ്യുന്ന സംവിധാനങ്ങള്‍ രൂപകല്പന ചെയ്തുകൊണ്ട് നമുക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നു.
അറിവിന്റെയും അധികാരത്തിന്റെയും അനിതരസാധാരണമായ കേന്ദ്രീകരണത്തിലേക്കാണ് ഇത് നയിക്കുക. ഒളിനോട്ടമുതലാളിത്തത്തിന്റെ പ്രയോക്താക്കള്‍ക്ക് നമ്മെക്കുറിച്ചുള്ള സകലമാന കാര്യങ്ങളും അറിയാം, എന്നാല്‍ നമുക്ക് അവരെക്കുറിച്ച് ഒരു ചുക്കും അറിയുകയും ചെയ്യില്ല. നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും രാഷ്ട്രീയ ചായ്‌വും വരെ ഫേസ്ബുക്ക് പോലെയുള്ള മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങള്‍ വില്‍പ്പനച്ചരക്കാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ മുക്കാല്‍ പങ്കിനും ഇതിനെക്കുറിച്ചൊന്നും യാതൊന്നും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളതും. ഇങ്ങനെ ബിഹേവിയറല്‍ മിച്ചമൂല്യത്തെ കൈമുതലാക്കിയ ഒളിനോട്ടമുതലാളിത്തത്തെ നാം സൂക്ഷിച്ചേ പറ്റൂ.
ചെറിയൊരു ഡാറ്റ ആരെങ്കിലുമായി പങ്കുവെച്ചു എന്നൊക്കെ വളരെ നിസ്സാരമായി പറഞ്ഞൊതുക്കാവുന്ന ഒന്നല്ല ഈ വിഷയം. ഇത്തരം ഡാറ്റ ഇപ്പോള്‍ത്തന്നെ എല്ലായിടത്തും ധാരാളമായി കിട്ടാനില്ലേ, അവരുടെ കയ്യിലുള്ള ഡാറ്റ വില്‍ക്കുന്നത് ആ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കില്ലേ, ആധാറില്‍ ബയോമെട്രിക് ഡാറ്റ അടക്കം കൊടുത്തിട്ടുള്ള നമുക്ക് ഈ ചെറിയ ഡാറ്റ കൊടുക്കുന്നതാണോ പ്രശ്‌നം എന്നൊക്കെയുള്ള മട്ടിലുള്ള പല അഭിപ്രായങ്ങളും പല കോണില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെ ഇതിനോടകം കൊടുത്തിട്ടുള്ള ഡാറ്റയാണെങ്കില്‍ അതുപയോഗിച്ചാല്‍ പോരേ എന്തിനാണ് വീണ്ടും ഡാറ്റ ശേഖരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചാല്‍ അവയൊന്നും സ്ട്രക്‌ചേഡ് രീതിയിലല്ല എന്നൊക്കെയാവും ഇക്കൂട്ടരുടെ മറുപടി. എന്നാല്‍ ആധാര്‍ ഡാറ്റ എല്ലാവരെയും സംബന്ധിച്ച് ഒരു പോലെ സ്ട്രക്‌ചേഡ് ആയി കിട്ടില്ലേ? കേന്ദ്രസര്‍ക്കാറും അത് ഉപയോഗിക്കുന്നില്ല. അപ്പോള്‍ പിന്നെ ഒരു കാര്യം ഉറപ്പാണ്. ഇത്തരത്തില്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞിട്ടുള്ള വ്യക്തിഗതവിവരങ്ങളിലൊന്നും ഉള്‍പ്പെടാത്ത എന്തോ ഒരു വിവരമെങ്കിലും ഈ പുതിയ ഡാറ്റാശേഖരണത്തിലൂടെ അധികമായി കിട്ടാനുണ്ടെന്നത് തന്നെയാണ്. അവിടെയാണ് ഈ പുതിയ ബിഗ് ഡാറ്റയുടെ കാതല്‍.
ഇതേ രീതിയിലുള്ള ഡാറ്റ ഉപയോഗിച്ച് തന്നെയാണ് ഒളിനോട്ടമുതലാളിത്തം ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്; അതിനായി ഡാറ്റ ആര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുകയോ ചോര്‍ത്തിക്കൊടുക്കുകയോ ഒന്നും ചെയ്യണമെന്നില്ല. ലഭ്യമായ ബിഗ് ഡാറ്റയെ കൃത്യമായി അനലൈസ് ചെയ്ത് വിദഗ്ധമായി ഉപയോഗിച്ചാല്‍ മതി.
മഹാമാരിയുടെ കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ പുതിയ വിവരശേഖരണം നടക്കുന്നത്. എന്തായാലും സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ ഏത് ദിശയിലേക്കാണ് നീങ്ങാന്‍ പോകുന്നതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ആരോഗ്യസേതു എന്ന മൊബൈല്‍ ആപ്ലിക്കേഷന് വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ പൗരന്മാരെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുളള സാധ്യതകള്‍ ഉണ്ട് താനും. എന്നാല്‍ ഇവയെല്ലാം തന്നെ ബിഗ് ഡാറ്റയുടെ സ്റ്റോറേജും അനാലിസിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ബിഗ് ഡാറ്റ ബിസിനസ് ഒരു വമ്പന്‍ മൂലധന സാധ്യതയാണ് മുന്നോട്ടുവെക്കുന്നത് എന്ന് നാമിത്രയും നേരം സംസാരിച്ചതുമാണ്.
അപ്പോള്‍ സ്പ്രിംക്ളറുമായി ബന്ധപ്പെട്ട്, വ്യക്തിഗതവിവരങ്ങളെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താനുള്ള പരമാവധി സാധ്യതകള്‍ സര്‍ക്കാര്‍ ഐ.ടി വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തി കണ്ടെത്തേണ്ടതുണ്ട്; പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇത് ഒരിക്കലും സാധ്യമല്ലെങ്കില്‍ പോലും.
കാരണം ബിഗ് ഡാറ്റ നൂറ് ശതമാനം സുരക്ഷിതമാക്കിവെക്കാനുള്ള മാര്‍ഗങ്ങളൊന്നും തന്നെ ഇന്ന് നിലവിലില്ലെന്നതുതന്നെ. വ്യക്തിഗതവിരങ്ങള്‍ പങ്കുവെക്കപ്പെടുന്നതിന് നമ്മളായിട്ട് പ്രോത്സാഹനം നല്‍കണോ വേണ്ടയോ എന്നത് രാഷ്ട്രീയ തിരഞ്ഞെടുപ്പാണ് എന്ന കാര്യം എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകേണ്ടത്. ഒരു പക്ഷെ നമ്മുടെ സ്വകാര്യത മറ്റാരുടെയെങ്കിലും മൂലധനമായി മാറുകയാവാം ചെയ്യുന്നത്.
എം.സി.പ്രമോദ് വടകര
26 Apr 2020, 11:36 AM
ഇത് കൊറോണക്കാലം. സൈബർ കാലം കൂടിയാണിത്. ഒളിനോട്ട മുതലാളിത്തത്തിന്റെ ക്രൂരമായ ലാഭനോട്ടങ്ങളുണ്ട്, എവിടെയും ..യുദ്ധവും അധികാരവും കമ്പോളവും ജയിക്കാൻ ,പിടിച്ചെടുക്കാൻ ,നിലനിർത്താൻ പരിചയമില്ലാത്ത ഏത് വഴിയും അന്വേഷിക്കുന്ന ഈ കച്ചവടത്തിന്റെ ആഗോളീകരണ കാലത്ത്; വമ്പൻ മുതലാളിത്തത്തിന്റെ ലോകത്ത്, ഡാറ്റാ കച്ചവടം നിസ്സാരമായി കാണേണ്ട ഒന്നേയല്ലെന്ന് ഈ ലേഖനം ഓർമപ്പെടുത്തുന്നു.' രോഗ വിശകലനത്തിന്റെ ഗുണപരമായ സാധ്യതകൾ നിലനില്‌ക്കെത്തന്നെ, ' ഗ്രേറ്റ് ഹാക്ക് ' എന്ന ഡോക്യുമെൻററി പശ്ചാത്തലവും മഹാമാരിവിതക്കുന്ന കച്ചവട സാഹചര്യങ്ങളും ഡാറ്റാ വിശകലനത്തിന്റെ വിപണനമടക്കമുള്ള മറ്റ് സാധ്യതകളിലേക്കും ഈ സമഗ്രലേഖനം വെളിച്ചം വീശുന്നു. സൂക്ഷ്മ നിരീക്ഷണങ്ങൾക്ക് നന്ദി, ....നന്ദ ലാൽ, നത്തോലി ഒരു ചെറിയ മീനല്ല !!!
പ്രേമചന്ദ്രന്‍ പി
25 Apr 2020, 09:36 PM
ഇതെല്ലാം ഇപ്പോള്‍ എത്തിച്ചേരുന്ന ആമസോണ്‍ ക്ലൌഡ് സ്റ്റോറേജിനെ ക്കുറിച്ചും കൂടുതല്‍ വിശകലനങ്ങള്‍ ആവശ്യം. നല്ല ലേഖനം നന്ദന്‍.
Ajithan K R
25 Apr 2020, 05:19 PM
വ്യക്തിഗത വിവരങ്ങൾ കൊണ്ട് കോപ്പറേറ്ററുകൾക്കു ലാഭമുണ്ടാക്കാം എന്നത് ശരി തന്നെ. കൂടുതലായി നമ്മുടെ എന്ത് വിവരം ആണ് ഇനിയും പരസ്യമാക്കാനുള്ളത്? പഞ്ചസാരയിൽ പൊതിഞ്ഞ കമ്പനി ഉത്പന്ന അപദാനങ്ങൾക്കു ഉപഭോക്താവ് ചെവി കൊടുക്കാതിരുന്നാൽ പോരെ? ഡാറ്റ വിശകലം ചെയ്തു, നിങ്ങള്ക്ക് പത്തു ദിവസത്തിനുള്ളിൽ ജലദോഷം വരും എന്ന് പറഞ്ഞു ഇൻഷുറൻസ് ഏജൻറ് വന്നാൽ ഞാൻ ചുക്കുകാപ്പി കുടിച്ചോളാം എന്ന് പറയുന്നവരും കുറവല്ല. അമേരിക്കൻ ജനതയെക്കാൾ ഒരുപാടു റാഷനാൽ ആയ ജനങ്ങലാണ് കേരളത്തിൽ ഉള്ളത്.ഇപ്പോഴത്തെ വിവാദത്തെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, ഡാറ്റ ഉപയോഗിച്ച് പ്രതിപക്ഷമാണോ, ഭരണപക്ഷമാണോ അഥവാ സ്പ്രിങ്ക്ലെർ ആണോ ലാഭമുണ്ടാക്കാൻ പോകുന്നത് എന്ന് സംശയം തോന്നും. അതോ, എല്ലാവരും ചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ? കുറേക്കാലം കഴിഞ്ഞു,ഗ്രേറ്റ് ഹാക്കന് ഒരു കേരളം അനുബന്ധം നാം തന്നെ വായിക്കേണ്ടിവരുമോ?
Ramesh Appumaster
24 Apr 2020, 08:22 PM
ഒരു പാട് പുതിയ അറിവുകൾ കിട്ടി നന്ദി. നന്ദൻ
ഉണ്ണിക്കൃഷ്ണൻ
24 Apr 2020, 07:54 PM
പുതിയ കാലത്തിൻ്റെ മീഡിയയുടെ സാധ്യത മാത്രമാണിത്. ഇപ്പോഴും നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ വലതുപക്ഷ മാധ്യമങ്ങൾ വലതുപക്ഷ സ്ഥാനാർത്ഥികൾക്കായി വായനക്കാരുടെയും കാഴ്ചക്കാരുടെയും മനസ്സിൽ വലതുപക്ഷ ആഭിമുഖ്യം ഉണ്ടാക്കും വിധമല്ലേ വാർത്ത നൽകാറ്.ട്രംപ് അത് നവമാധ്യമങ്ങളിൽ പരീക്ഷിച്ചുവെന്ന് മാത്രം. അതിന് പഴയതിനേക്കാൾ കുറേ കൂടി സാധ്യതകളുമുണ്ട്. മെഡിക്കൽ ഡാറ്റ യുടെ കാര്യത്തിൽ അത്ര കണ്ട് ആശങ്കപ്പെടേണ്ടതുണ്ടോ? കാരണം ഒരു റീജിയണിൽ ഇത്ര ഹൃദയ രോഗികൾ, ഇത്ര കാൻസർ രോഗികൾ, ഇത്ര വൃക്കരോഗികൾ ഉണ്ട് എന്നൊക്കെ ഉള്ള അറിവ് അവർക്ക് വേണ്ട ചികിത്സാ സൗകര്യമൊരുക്കാൻ ഗവർമെണ്ടുകളെയും മെഡിക്കൽ കമ്പനികളെയും സഹായിക്കുകയല്ലേ ഉള്ളൂ
പ്രീതി.എം
24 Apr 2020, 02:31 PM
നമ്മുടെ സ്വകാര്യത മറ്റു വല്ലവരുടേയും മൂലധനമായി മാറുകയാവും ,ശരി തന്നെ . ലോകമാകെ നാശം വിതയ്ക്കുന്ന മഹാമാരി നമ്മുടെ കേരളത്തിലും ഗുരുതര ഭീഷണി ഉയർത്തുന്ന സാഹ ചര്യത്തിൽ ക്വാറൈൻ റ നിലാക്കപ്പെടുന്നവരുടെ സ്ഥിതി ദിനം പ്രതി വിലയിരുത്താൻ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയർ നമുക്ക ത്യാവശ്യമാണ് .സർക്കാർ സംവിധാനങ്ങൾക്ക് ഇത്തരത്തിലൊരു പ്ലാറ്റ്ഫോം പെട്ടന്ന് നൽകാൻ കഴിയുമായിരുന്നില്ല ,ഇതിൽ നിന്നും ഒരു പാഠമുൾക്കൊണ്ട് ഇനിയെങ്കിലും നമ്മൾ ഇതിന് സജ്ജരാ വേണ്ടതല്ലേ ,അതിനുള്ള മാനവവിഭവശേഷി നമുക്കുണ്ടുതാനും .സ്വയം പര്യാപ്തത കാർഷിക മേഖലയിൽ മാത്രമല്ല ,മറ്റെല്ലാ മേഖലകളിലും അനിവാര്യമായിരിക്കുകയാണ് .
Dr Manoj Kumar T G
24 Apr 2020, 11:10 AM
Wonderful writeup. Excellent thought provoking. Congratulate your dedicated work and home work behind the same
അനിൽകുമാർ.പി.
24 Apr 2020, 08:51 AM
വിവര സാങ്കേതിക വിദ്യയിൽ പരിമിത അറിവുള്ള എന്നെ പോലുള്ളവർ അതിലേക്ക് കൊളുത്തിവച്ച വിളക്കു പോലെയുള്ള എഴുത്ത് !
Do.ഡോ. ഇ. സുധീർ, മട്ടന്നൂർ
23 Apr 2020, 10:51 PM
നല്ല എഴുത്ത്. പുതിയതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങൾ.. ബെന്യാമിനും ശ്രീരാമകൃഷ്ണനുമൊക്ക പറഞ്ഞത് പോലെ നിസ്സാരമായ ഒരു കാര്യമായേ ഞാനും ഇതിനെ കണ്ടിരുന്നുള്ളൂ. പക്ഷെ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി തരാൻ നന്ദലാലിന്റെ ഈ ലേഖനത്തിലൂടെ കഴിഞ്ഞു. നന്ദി നന്ദൻ... ഒപ്പം പുതിയ ഈ മാഗസിന് എല്ലാ ഭാവുകങ്ങളും...
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
പ്രിയേഷ് മാതമംഗലം
10 May 2020, 11:15 AM
കോവി ഡാനന്തര കാലത്ത് തീർച്ചയായും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കും ഡാറ്റയുടെ ശേഖരണവും വിനിമയവും. ലോക മുതലാളിത്തം ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ വറുതിയിൽ വരുത്താൻ ഉപയോഗിക്കുന്ന പ്രധാന ടൂളുകളിൽ ഒന്നാകും ഇത്. തീർച്ചയായും മികച്ച ലേഖനമാണ് നന്ദന്റേത്.