20 Jan 2023, 07:38 PM
""മനുഷ്യന് ഏറ്റവും ആനന്ദം ലഭിക്കുന്നത് ആവര്‍ത്തനങ്ങളിലാണ്. ശരിയായ ആവര്‍ത്തനങ്ങള്‍ ആയിരിക്കണമെന്നു മാത്രം. ആവര്‍ത്തനം കൃത്യമായി മുന്നോട്ട് പോകുന്നതിനെയാണു നാം ജീവിതം എന്നു വിളിക്കുന്നത്. എല്ലാ ദിവസവും ട്രെയിനും ബസും സമയത്ത് വരണം, കൃത്യം സമയം ട്രാഫിക് വിളക്കുകള്‍ തെളിയണം. എന്നും കൃത്യം ജോലി സമയമാകണം... ''
- മൂന്നു കല്ലുകള്‍, അജയ് പി. മങ്ങാട്ട്
ശരിയാണ് ഏറെക്കുറെ ആവര്‍ത്തനങ്ങളിലൂടെയാണ് ജീവിതത്തിലെ ഒട്ടുമിക്ക ദിവസങ്ങളും കടന്നു പോകുന്നത്. ചിലപ്പോള്‍ സുഖകരമായും ചിലപ്പോള്‍ വിരസമായും തോന്നുന്ന ആവര്‍ത്തനങ്ങള്‍. ഈ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകുമോ? മറ്റൊരു നാട്ടില്‍, മറ്റൊരു കാലത്ത്, മറ്റൊരു ജീവിതം ജീവിക്കുക. അത്തരത്തിലൊരു സ്വപ്‌നത്തിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി, നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ.
എന്നാല്‍ സ്വപ്‌നം എന്ന ഒറ്റവാക്കില്‍ സിനിമയുടെ കാഴ്ചാനുഭവത്തെ ഒതുക്കാനുമാവില്ല. മനസ്സിന്റെ ഉള്ളില്‍, അവരവര്‍ തന്നെ കെട്ടുന്ന സ്‌റ്റേജില്‍ നമ്മുടെ പരിചയപരിസരങ്ങളിലുള്ളവരെയൊക്കെ, (ഇല്ലാത്തവരെയും) ഓരോ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ച് നമ്മള്‍ സ്വയം മെനയുന്ന ചില നാടകങ്ങളില്ലേ? നമ്മുക്കല്ലാതെ മറ്റാര്‍ക്കും കാണാനാവാത്തത്... അത്തരത്തിലൊരു നാടകമായും വേണമെങ്കില്‍ ഈ സിനിമയെ കാണാം. ജെയിംസ് എന്ന മലയാളി സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് സ്വയം ആടിതീര്‍ത്ത നാടകം. സ്റ്റേജോ കാണികളോ ഇല്ലാത്ത ആ സങ്കല്‍പ നാടകത്തിലേയ്ക്ക് പ്രേക്ഷകനെയും വലിച്ചിടാനായി എന്നതാണ് സിനിമയുടെ വിജയം.
രണ്ട് സംസ്ഥാനങ്ങള്‍, രണ്ടു ജീവിതരീതികള്‍, അതിര്‍ത്തിക്കപ്പുറമുള്ള അപരനെ കുറിച്ച് നമ്മുടെ ഉള്ളിലുള്ള മുന്‍ധാരണകള്‍, എത്രമേല്‍ വ്യത്യസ്തരെങ്കിലും എല്ലാ മനുഷ്യരും മനുഷ്യന്‍ മാത്രമാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഒക്കെ കാട്ടിത്തരുന്നു ഈ സിനിമ. അല്പം ദൂരെ മാറിനിന്നു കാണുന്ന പ്രേക്ഷകര്‍ പോലും ഏതോ നിമിഷത്തില്‍ സിനിമയുടെ ഒപ്പം സഞ്ചരിച്ചു തുടങ്ങും. തമിഴ്‌നാട്ടിലെ ആ ഗ്രാമം, ജീവിതരീതികള്‍, അവിടെ ജീവിച്ചിരുന്ന സുന്ദരത്തെ പോലെ തന്നെ സിനിമ കണ്ടിറങ്ങിയവര്‍ക്കൊക്കെയും ഇപ്പോള്‍ പരിചിതമാണ്. അല്ലെങ്കില്‍ ഈ സിനിമയ്ക്കും മുന്‍പേ ആ ഗ്രാമം എനിക്കറിയാമായിരുന്നു എന്നൊരു തോന്നല്‍ സിനിമ സൃഷ്ടിക്കുന്നുണ്ട്.
ദൃശ്യം വൈഡ് ആകുംതോറും കാഴ്ചകള്‍ സാധാരണ അകന്നകന്നുപോകാറാണ് പതിവ്. രണ്ട് വീടുകള്‍, അതിനുള്ളില്‍ രണ്ടു ജീവിതം ജീവിക്കുന്ന മനുഷ്യര്‍, അവരുടെ സംഘര്‍ഷങ്ങളെ ഒറ്റ ഫ്രയിമില്‍ കൊണ്ടുവരുമ്പോഴും അത് പരമാവധി ക്ലോസായി കാണിക്കുന്ന വിഷ്വല്‍ മാജിക്ക് സിനിമയെ കൂടുതല്‍ മനോഹരമാകുന്നു. ഇത്തരം കാഴ്ചാനുഭവങ്ങള്‍ക്ക് തേനീ ഈശ്വര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പല വീടുകളിലെ ടിവിയില്‍ നിന്നുയരുന്ന ശബ്ദമാണ് സിനിമയുടെ പശ്ചാതലത്തില്‍ കൂടുതലും കേള്‍ക്കുന്നത്. ഇത് കാലത്തെ അടയാളപ്പെടുത്തുകയും സിനിമ എന്ന കല എത്രത്തോളം തമിഴ് ജീവിതത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. വെള്ളമുണ്ട് മാറി കള്ളിമുണ്ട് ഉടുക്കുന്ന അതേ അനായസതയോടെ മമ്മൂട്ടി കഥാപാത്രമായും കഥാപാത്രത്തിനുള്ളില്‍ നിന്ന് മറ്റൊരു കഥാപാത്രമായും മാറുന്നു. മലയാളത്തിനും തമിഴിനും തുല്ല്യ പ്രാധാന്യമുള്ള സംഭാഷണങ്ങള്‍ എടുത്തുപറയേണ്ടതില്ലാത്ത വിധം സിനിമതന്നെയായി മാറുന്നു. എസ്. ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. ഇനിയും പലകാഴ്ചകള്‍ക്കും പലവായനകള്‍ക്കുമുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട് ഈ സിനിമ.
സ്വപ്‌നങ്ങളില്‍ നമ്മള്‍ മറ്റൊരു ജീവിതം ജീവിക്കുന്നു. മയക്കം വിട്ടുണരുന്നതോടെ പല സ്വപ്‌നങ്ങളും പിന്നീട് ഓര്‍ത്തെടുക്കാനാവാത്ത വിധം മറന്നുപോകുന്നു. എന്നാല്‍ വളരെക്കുറച്ച് സ്വപ്‌നങ്ങള്‍, ചില ദൃശ്യങ്ങള്‍ ഒന്നു കണ്ടുകഴിഞ്ഞാല്‍ പിന്നെ എക്കാലത്തേയ്ക്കുമായി നമ്മുക്കൊപ്പം കൂടും. അത്തരത്തിലൊരു ദൃശ്യാനുഭവമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയും. തമിഴ് ഊരിലെ നീലംകൂട്ടി കുമ്മായം പൂശിയ ആ വീടുകളിലൊന്നിന്റെ ചുമരില്‍ ചാരിനിന്ന് കണ്ടപോലെ ആ ദൃശ്യങ്ങളിനി കുറേകാലത്തേയ്‌ക്കെങ്കിലും കൂടെയുണ്ടാകും.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch