മമ്മൂട്ടിയുടെ ഏകാംഗ നാടകം,
ഗംഭീര സിനിമ;
Nanpakal Nerathu Mayakkam Review
മമ്മൂട്ടിയുടെ ഏകാംഗ നാടകം, ഗംഭീര സിനിമ; Nanpakal Nerathu Mayakkam Review
19 Jan 2023, 04:49 PM
രണ്ട് മയക്കങ്ങള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് നന്‍പകല്‍ നേരത്ത് മയക്കം. കഥയെ ഉറക്കവുമായും സ്വപ്‌നവുമായും ബന്ധപ്പെടുത്തി ആ തരത്തിലുള്ള ലോജിക്ക് സെറ്റ് ചെയ്ത് കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം. ഉറക്കമോ സ്വപ്‌നമോ അവഗണിച്ച് ഒരു സോഷ്യല്‍ ഡ്രാമ എന്ന തരത്തില്‍ കാണേണ്ടവര്‍ക്കും അങ്ങനെയും ആവാം.
വേളാങ്കണ്ണിയില്‍ തീര്‍ഥയാത്രക്കെത്തി തിരിച്ച് പോവാനൊരുങ്ങുന്ന കുറച്ച് കുടുംബങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ലോഡ്ജില്‍ നിന്ന് തിരിച്ച് പോവാനായി എല്ലാവരും ഉറക്കമുണര്‍ന്ന് ഒരുങ്ങി ഇറങ്ങി ബസില്‍ കയറിയിട്ടും ജെയിംസും(മമ്മൂട്ടി) കുടുംബവും മാത്രം വണ്ടിയിലെത്തിയില്ല.
വൈകിയിറങ്ങുന്ന ജെയിംസ് ലോഡ്ജ് ബില്‍ അടയ്ക്കവേ ഉറക്കം ശരിയാവാത്തതിനെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലേക്കുള്ള വഴി മധ്യേ ആ ബസിലുള്ള എല്ലാവരും ക്ഷീണിച്ച് ഉറക്കമാവുന്നു. വഴിയിലൊരിടത്ത് വച്ച് ഉണര്‍ന്ന ജെയിംസ് ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബസില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുന്നു. നഷ്ടപ്പെട്ട ജെയിംസിനെ അന്വേഷിച്ച് ബസിലുള്ളവരും കൂടി ആ ഗ്രാമത്തിലെത്തുന്നു. രസകരവും പുതുമയുള്ളതുമായ ഈ പരിസരത്താണ് കഥ നടക്കുന്നത്.

ലിജോയുടെ സിനിമയില്‍ കഥാപാത്രം ഒരു സ്ഥലത്തെത്തുക എന്ന് പറഞ്ഞാല്‍ പ്രേക്ഷകരും അവിടേക്ക് എത്തുന്നു എന്നാണ്. ജെയിംസ് എത്തിപ്പെടുന്ന ആ തമിഴ് ഗ്രാമത്തിന്റെ വീട്ടകങ്ങളും പുറം ചുവരുകളും പ്രധാന ചന്തകളും കൃഷിയിടങ്ങളും ഉള്‍പ്പടെ ഗ്രാമത്തെ മുഴുവനായി കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഗ്രാമത്തിലെ മനുഷ്യരൊക്കെ ജീവിക്കാന്‍ എന്തു ചെയ്യുന്നു, വിനോദത്തിന് എന്ത് ചെയ്യുന്നു, വൃദ്ധര്‍ എന്ത് ചെയ്യുന്നു ഉള്‍പ്പടെയുള്ള കാര്യങ്ങളും ആദ്യ രംഗങ്ങളില്‍ തന്നെ അടയാളപ്പെടുന്നു. ജെയിംസിനൊപ്പം പ്രേക്ഷകരും ഒരു സ്വപ്‌നത്തിലെന്ന പോലെ പെട്ടെന്ന് പുതിയ ആളുകള്‍ക്കിടയിലേക്ക് എത്തപ്പെടുന്നു.
വളരെ വേഗത്തില്‍ തന്നെ കഥാപരിസരം സൃഷ്ടിച്ചെടുക്കാനും കഥയിലേക്ക് കടക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. യാഥാര്‍ഥ്യത്തില്‍ നിന്ന് ജെയിംസ് ഇറങ്ങി ചെല്ലുന്ന മാന്ത്രിക യാഥാര്‍ഥ്യത്തിലേക്കുള്ള സിനിമയുടെ ട്രാന്‍സിഷനും അത്രയേറെ സ്വാഭാവികതയോടെയാണ്. ആവശ്യത്തിന് നര്‍മവും രസകരമായ സംഭാഷണങ്ങളും കൊണ്ട് ഓരോ കഥാപാത്രങ്ങളെയും സിനിമ അടയാളപ്പെടുത്തിവെക്കുന്നു.

ഒരു സങ്കീര്‍ണ വിഷയത്തെ ലളിതമായി ക്യൂരിയോസിറ്റി നിലനിര്‍ത്തിക്കൊണ്ട് വളരെ ഫ്രഷ് ആയി ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവാന്‍ ആദ്യ പകുതിക്ക് കഴിയുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക് ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ചുറ്റുവട്ടത്തു നിന്ന് തന്നെ ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം കണ്ടെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഗ്രാമത്തിലെ റേഡിയോയില്‍ പാടുന്ന പാട്ട്, ചായക്കടയിലെ റേഡിയോയില്‍ നിന്നുള്ള പഴയ കാല പരസ്യങ്ങള്‍, വീടുകളില്‍ നിന്നുയരുന്ന ടി.വി. സിനിമയില്‍ നിന്നുള്ള സംഭാഷണങ്ങള്‍, സംഗീതം എന്നിങ്ങനെ കഥാപരിസരത്തു നിന്ന് തന്നെ ഉയരുന്ന ശബ്ദങ്ങളാണ് പശ്ചാത്തലത്തില്‍ ഏറെയും ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ സ്ഥലകാലങ്ങളില്‍ മനഃപൂര്‍വ്വമായ ഒരു വൈരുധ്യം ഉണ്ടാക്കിയെടുക്കാനും ഈ പശ്ചാത്തല സംഗീതം സഹായിച്ചിട്ടുണ്ട്.
തേനി ഈശ്വറിന്റെ ഛായാഗ്രാഹണവും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ ക്യാമറ നിര്‍ണായക പങ്കു വഹിക്കുന്നു.
സിനിമയുടെ ആദ്യഭാഗത്തിന്റെ അതേ പേസില്‍ തന്നെ രണ്ടാം പകുതിയും തുടരുന്നത് ചിത്രത്തെ അല്‍പം വിരസമാക്കുന്നുണ്ട്. കൂടുതല്‍ സങ്കീര്‍ണതകളിലേക്കും ഡ്രാമയിലേക്കും സിനിമയ്ക്ക് പോവാമായിരുന്നു എന്നും അഭിപ്രായമുണ്ട്. നേരത്തേ പറഞ്ഞ പശ്ചാത്തല ശബ്ദങ്ങളില്‍ കുറേ ഭാഗം വരുന്നത് സുന്ദരം എന്ന കഥാപാത്രത്തിന്റെ വീട്ടിലെ ടി.വിയില്‍ നിന്നാണ്. അതിന് പകരം കുറേക്കൂടി ക്രിയേറ്റീവായി ശബ്ദത്തിന്റെ സ്രോതസ്സ് വിപുലപ്പെടുത്താവുന്നതായിരുന്നു.

തമിഴര്‍ക്കും മലയാളികള്‍ക്കും ഒരേ പരിചിതത്വത്തോടെ കാണാനാവുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തമിഴ് സംസാരിക്കുന്ന മലയാള സിനിമയെന്നോ മലയാളം സംസാരിക്കുന്ന തമിഴ് സിനിമയെന്നോ എങ്ങനെയും കാണാം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റി അതേ പോലെ നിലനില്‍ക്കുമ്പോഴും നന്‍പകല്‍ നേരത്ത് മയക്കം വ്യത്യസ്തപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങളുടെ അക്രമവാസന, ഗ്രേ ഷേഡിലുള്ള കഥാസന്ദര്‍ഭങ്ങള്‍ തുടങ്ങിയവയുടെ അഭാവവും സ്റ്റാറ്റിക് ഷോട്ടുകളും കുറേക്കൂടി സ്ഥിരമായ പേസും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞിട്ടും അത്യധികം പുതുമയോടെ വീണ്ടും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുന്ന മമ്മൂട്ടി മികവു തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജെയിംസ് എന്ന മലയാളിയിലും സുന്ദരം എന്ന തമിഴ് കഥാപാത്രത്തിലും മമ്മൂട്ടിയുടെ ജൈവികമായ പകര്‍ന്നാട്ടം അത്ഭുതപ്പെടുത്തുന്നതാണ്. മമ്മൂട്ടി എന്ന ഒറ്റ നടന്റെ ഷോ ആണ് ചിത്രത്തെ എടുത്തുയര്‍ത്തുന്നതും മുന്നോട്ട് കൊണ്ടുപോവുന്നതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജെയിംസ് എന്ന നടനായി എത്തുന്ന മമ്മൂട്ടി ഒരു കൂട്ടം ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ഗംഭീരമായ ഏകാംഗ നാടകമാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് വേണമെങ്കില്‍ ചിത്രത്തെ വായിച്ചെടുക്കാം.
അശോകന്‍, രാജേഷ് ശര്‍മ, വിപിന്‍ അറ്റ്‌ലീ, ടി. സുരേഷ് ബാബു, തുടങ്ങിയ താരങ്ങളും രസകരമായി.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read