കാള്‍ ക്രോസിന്റെ ‘ടോര്‍ച്ചും'
മാധ്യമങ്ങളിലെ ഇരുട്ടും
കാള്‍ ക്രോസിന്റെ ‘ടോര്‍ച്ചും' മാധ്യമങ്ങളിലെ ഇരുട്ടും
ആരാണീ കാള്‍ ക്രോസ്? പുതിയകാല മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ? ഏതായാലും അങ്ങനെയൊരാള്‍ ജര്‍മ്മനിയിലെ മാധ്യമ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് നിറഞ്ഞുനിന്നിരുന്നു. അക്കാലത്തെ മുഖ്യധാര പത്രങ്ങളെല്ലാം പേടിച്ചിരുന്ന ഒരു പേരാണത്. മുഖ്യധാരാ പത്രങ്ങള്‍ മുഴുവന്‍ നുണപ്രചാരണത്തിന്റെ ജിഹ്വകളായി മാറിയ കാലത്ത് 'ദി ടോര്‍ച്ച്' എന്ന പേരില്‍ ഒരു ബദല്‍ മാധ്യമം അദ്ദേഹം തുടങ്ങി. ഈ മാധ്യമം, സമകാലിക ഇന്ത്യന്‍ മാധ്യമലോകത്തുനിന്ന് പ്രസരിക്കുന്ന ഇരുട്ടിനെക്കുറിച്ച് പലതും ഓര്‍മിപ്പിക്കുന്നു
23 Sep 2020, 10:11 AM
1919-ല്‍ ജര്‍മ്മനിയിലെ പ്രധാന എഴുത്തുകാരനായ പീറ്റര്‍ ആള്‍ടെന്‍ബര്‍ഗ് അന്തരിച്ചു. എല്ലാ പത്രങ്ങളിലും അത് പ്രധാന വാര്‍ത്തയായിരുന്നു. പ്രശസ്ത എഴുത്തുകാരനായിരുന്നിട്ടും അദ്ദേഹത്തിന്റെ നിര്യാണവും സംസ്‌ക്കാരവും വിയന്നയിലെ പ്രമുഖപത്രമായ ‘ദി ന്യു ഫ്രീ പ്രസ്സി'ല്‍ മാത്രം വാര്‍ത്തയായില്ല. അതിന്റെ കാരണം, അവരുടെ റൂള്‍ബുക്കിലെ ഒരു നിബന്ധനയായിരുന്നു. ആള്‍ടെന്‍ബര്‍ഗിന്റെ സംസ്‌കാര ചടങ്ങില്‍ ശ്മശാനപ്രസംഗം നടത്തിയത് കാള്‍ ക്രോസ്സായിരുന്നു. കാള്‍ ക്രോസ് എന്ന പേര് ഒരു കാരണവശാലും പത്രത്തില്‍ അച്ചടിച്ചു വരാന്‍ പാടില്ല എന്നതായിരുന്നു "ന്യൂ ഫ്രീ പ്രസ്സി'ന്റെ നിബന്ധന. അതിനാല്‍ പ്രധാനപ്പെട്ടതാണെങ്കിലും ആ വാര്‍ത്ത അവര്‍ പാടേ ഉപേക്ഷിക്കുകയായിരുന്നു. കാള്‍ ക്രോസിനോട് അവര്‍ക്ക് അത്രമാത്രം വിരോധമായിരുന്നു.
ആരാണീ കാള്‍ ക്രോസ്? പുതിയകാല മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടോ? ജേണലിസം കോഴ്‌സുകളില്‍ അങ്ങനെയൊരാളെപ്പറ്റി പഠിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ ജേണലിസം പഠിച്ചയൊരാളല്ല. ഏതായാലും അങ്ങനെയൊരാള്‍ ജര്‍മ്മനിയിലെ മാധ്യമ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് നിറഞ്ഞുനിന്നിരുന്നു.
അക്കാലത്തെ മുഖ്യധാര പത്രങ്ങളെല്ലാം പേടിച്ചിരുന്ന ഒരു പേരാണത്. എന്താണ് അദ്ദേഹം ചെയ്തത്? മലീമസമായ അക്കാലത്തെ മാധ്യമ പ്രവര്‍ത്തനത്തോട് കോര്‍ത്തുകൊണ്ട് ‘ദി ടോര്‍ച്ച് ' ( Die Fackel) എന്ന പേരില്‍ സ്വന്തമായി ഒരു ബദല്‍ മാധ്യമം ആരംഭിച്ചു. ടോര്‍ച്ച് വാരികയായിരുന്നു. അതിനുവേണ്ടി കാത്തിരുന്നവരുടെ പേരുകള്‍ കൂടി കേള്‍ക്കുക: സിഗ്മണ്ട് ഫ്രോയ്ഡ്, ഫ്രാന്‍സ് കാഫ്ക, വാള്‍ട്ടര്‍ ബെന്‍ജമിന്‍.. 1899 ലാണ് ക്രോസ് ‘ദി ടോര്‍ച്ച്' തുടങ്ങുന്നത്. 1936-ല്‍ അദ്ദേഹം മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു. 1911 മുതല്‍ കാള്‍ ക്രോസ് മാത്രമെ വാരികയില്‍ എഴുതിയിട്ടുള്ളൂ. പൂര്‍ണ്ണമായും അദ്ദേഹം തയ്യാറാക്കിയ ഒന്നായി വാരിക മാറി. ഒരു ഒറ്റയാള്‍ പട്ടാളം ലൈന്‍! എന്തായിരുന്നു ടോര്‍ച്ചിന്റെ ഉള്ളടക്കം? പ്രധാനമായും മറ്റു പത്രങ്ങള്‍ പ്രചരിപ്പിച്ച അവാസ്തവ വാര്‍ത്തകളുടെ വാസ്തവം ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ‘ടോര്‍ച്ച്’ ഏറ്റെടുത്ത ദൗത്യം. അതദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചുപോന്നു. ടോര്‍ച്ച് സത്യത്തിന്റെ അവസാനവാക്കായി ജര്‍മനിയില്‍ നിലകൊണ്ടു. ഒരിക്കലും തെറ്റുപറ്റാതെ, ഒരു പ്രലോഭനത്തോടും സന്ധിയാവാതെ ആ പത്രം മുന്നേറി. രാഷ്ട്രീയത്തിലെയും സാംസ്‌കാരിക രംഗത്തെയും എല്ലാ കള്ളനാണയങ്ങളേയും പിച്ചിച്ചീന്തി. ഇതിലേറ്റവും ആക്രമിക്കപ്പെട്ടത് മുകളില്‍ സൂചിപ്പിച്ച "ദ ന്യൂ ഫ്രീ പ്രസ്സ്' എന്ന പത്രമായിരുന്നു. അതുകൊണ്ടാണ് കാള്‍ ക്രോസ് എന്ന പത്രാധിപര്‍ അവരുടെ കണ്ണിലെ കരടായത്.
ചോദ്യങ്ങളില്ലാതാകുന്നു
കാള്‍ ക്രോസ് (1874 - 1936) പത്രപ്രവര്‍ത്തകനെന്നതിലുപരി എഴുത്തുകാരനായിരുന്നു. ആസ്ട്രിയന്‍ കവിയും നാടകകൃത്തുമായിരുന്നു. ഹാസ്യസാഹിത്യകാരനെന്ന നിലയിലും പ്രശസ്തനായി. അദ്ദേഹം രചിച്ച The Last Days of Mankind എന്ന നാടകം ലോകസാഹിത്യത്തിലെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ - സാംസ്‌കാരിക വാരിക എന്ന നിലയിലാണ് ‘ദി ടോര്‍ച്ച് ' ആരംഭിക്കുന്നത്. ആധുനിക ജേണലിസത്തിന് പുതിയൊരു മുഖം നല്‍കുന്നതിന് അത് സാധ്യതയൊരുക്കി. ആദ്യമൊക്കെ മറ്റുള്ളവരെ കളിയാക്കിക്കൊണ്ടുള്ള രചനകളാണ് അതില്‍ വന്നത്. പിന്നീടത് ഗൗരവമായ മാധ്യമ വിമര്‍ശനമായി മാറി.

വര്‍ത്തമാനകാല ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് നോക്കി അസ്വസ്ഥനാവുന്നതിനിടയിലാണ് ഞാന്‍ കാള്‍ ക്രോസിനെ ഓര്‍ത്തുപോയത്. അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിസരത്ത് ജീവിച്ചുകൊണ്ടാണ് ഇങ്ങനെയൊരു സാഹസിക കൃത്യം നിര്‍വഹിച്ചു പോന്നത്. മുഖ്യധാരാ പത്രങ്ങള്‍ മുഴുവന്‍ നുണപ്രചരണത്തിന്റെ ജിഹ്വകളായി മാറിയ കാലം. എല്ലാവരും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ കാലം. കുറ്റകൃത്യങ്ങള്‍ പെരുകിവന്നു. ഒന്നിനും നാഥനില്ലാത്ത അവസ്ഥ. എല്ലാവരും നുണ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കി. എന്നാല്‍ ടോര്‍ച്ചിനൊപ്പവും ധാരാളം വായനക്കാരുണ്ടായി. ആദ്യ ലക്കം അച്ചടിച്ചത് മുപ്പതിനായിരം കോപ്പിയാണ്. 1899 ലാണെന്നോര്‍ക്കണം. സത്യത്തിന്റെ കൂടെ എപ്പോഴും ആളുകളുണ്ടായിരുന്നു. സത്യത്തിനു വേണ്ടി നിലകൊണ്ട കാള്‍ ക്രോസിന്റെ ചരിത്രം ഓര്‍ത്തുകൊണ്ട് നമുക്ക് വര്‍ത്തമാനകാലത്തേക്ക് മടങ്ങാം.
ഇന്ത്യയിലെ ജനാധിപത്യം അത്യസാധാരണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രം ഫാസിസ്റ്റ് ശക്തികളുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ - ഫാസിസ്റ്റ് രാഷ്ട്രീയം എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും തകര്‍ത്തുകൊണ്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ പോലും പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥ. അനുയായികളും നാഥനുമില്ലാത്ത അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍. ഒറ്റപ്പെട്ട വ്യക്തികള്‍ മാത്രമാണ് പല രംഗത്തായി ചെറുത്തുനില്‍ക്കുന്നത്. ഇങ്ങനെയൊരു ഇന്ത്യയിലാണ് മാധ്യമങ്ങളുടെ അധഃപതനം അപ്രതീക്ഷിത വേഗതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പത്ര- ദൃശ്യ മാധ്യമങ്ങള്‍ ഒരുപോലെ ഒട്ടും ഉളുപ്പില്ലാതെ, അധികാര രാഷ്ട്രീയത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് ചുറ്റും. ഒറ്റപ്പെട്ട ചെറുത്തുനില്‍പുകളെ, അത് വ്യക്തികളുടെ ഭാഗത്തു നിന്നായാലും ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നായാലും അവഗണിക്കപ്പെടുകയോ, വേട്ടയാടപ്പെടുകയോ ചെയ്യുകയാണ്. ഇതിന്റെ പുറകെ അസാധാരണമായ മറ്റൊരു സാഹചര്യം കൂടി സംഭവിക്കുന്നു- കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി. മാനവരാശി ഇത്തരം അസാധാരണ സാഹചര്യങ്ങളെ കാലത്തിന്റെ വലിയ ഇടവേളകളില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വര്‍ത്തമാനകാല തലമുറക്ക് ഇത് തീര്‍ത്തും അപരിചിതമായ സാഹചര്യം തന്നെയാണ്. ഒരു ഭാഗത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ഫാസിസം പിടിമുറുക്കുന്നു. അതോടൊപ്പം എല്ലാ സംവിധാനങ്ങള്‍ക്കും വെല്ലുവിളിയായി ഭയപ്പെടുത്തുന്ന പകര്‍ച്ചവ്യാധിയുടെ വ്യാപനം. മനുഷ്യന്റെ സഹായത്തിനെത്തേണ്ട എല്ലാ സുരക്ഷാസംവിധാനങ്ങളും അപകടപ്പെടുത്തി മുന്നേറുന്ന ഒരു കാലം. പൊതുജനത്തിന്റെ ജീവനോ സ്വത്തിനോ അവകാശങ്ങള്‍ക്കോ വില കല്‍പിക്കാത്ത ഒരു ഭരണവര്‍ഗം ഈ സാഹചര്യത്തെ അവരുടെ മേല്‍ക്കോയ്മ ശക്തിപ്പെടുത്താനുള്ള അവസരമായി കണക്കാക്കുന്നു. സമ്പദ്‌വ്യവസ്ഥ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് തകര്‍ന്നടിയുന്നു. സമൂഹത്തിലാകെ ഭയം പിടിമുറുക്കുന്നു. ആ ഭയം മാധ്യമ രംഗത്തേയും കീഴടക്കുന്നു. അവരും ജനങ്ങളെ മറക്കുന്നു. ഉത്തരവാദിത്തങ്ങള്‍ മറക്കുന്നു. തൊഴില്‍പരമായ ധാര്‍മികത കൈവെടിയുന്നു. ലാഭത്തില്‍ കുറവു വരാതെ നിലനില്‍ക്കാനായി ഫാസിസ്റ്റ് അധികാരക്രമത്തോട് സന്ധിയാവുന്നു. വളര്‍ന്നു വന്ന വഴിയിലെ വലിയ പാരമ്പര്യങ്ങളെ പാടെ മറക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടവര്‍ പോലും ഒരു മടിയും കൂടാതെ മറുകണ്ടം ചാടുന്നു.
ഇവിടെ ജയിക്കുന്നത് അധികാര രാഷ്ട്രീയമാണ്. അവര്‍ ചോദ്യങ്ങള്‍ക്കതീതരാവുന്നു. എതിര്‍പ്പിന്റെ ശബ്ദങ്ങള്‍, വിമത ചിന്തകള്‍ ഇല്ലാതാവുന്നു. ഉള്ളവയ്ക്കായി കാരാഗൃഹങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു. അതും ചോദ്യം ചെയ്യപ്പെടുന്നില്ല.
അത് മാധ്യമങ്ങളുടെ നുണയാണ്
ഇന്നത്തെ ഇന്ത്യ വന്നെത്തി നില്‍ക്കുന്നതും, നമ്മളാരും പ്രതീക്ഷിക്കാത്തതുമായ ഈ ദുരവസ്ഥയാണ് നമ്മുടെ മുന്നിലെ ഇരുണ്ട യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തില്‍ മാധ്യമങ്ങള്‍ ഏങ്ങനെ സ്വന്തം സ്വത്വം നിലനിര്‍ത്തും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. സമാനമായ ഒരു സാമൂഹ്യാവസ്ഥയിലാണ് ജര്‍മ്മനിയില്‍ കാള്‍ ക്രോസ് എന്ന പത്രാധിപര്‍ ശക്തമായ ബദല്‍ സാധ്യത മുന്നോട്ടുവെച്ചത്. അതില്‍ നിന്ന് ഇവിടെയുള്ളവരും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട് . എല്ലാവരും എന്നല്ല, കുറച്ചു പേരെങ്കിലും. ന്യൂനപക്ഷമാവാം. പുതിയ കാലം വിപുല സാധ്യതകള്‍ നമുക്കു മുന്നില്‍ ഒരുക്കിവെച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് നമ്മുടെ നിലപാടുമായി ബന്ധപ്പെട്ട വെല്ലുവിളി. അതിനെ സത്യാനന്തര കാലം എന്നൊക്കെയുള്ള സൈദ്ധാന്തിക ഉടയാടകള്‍ ചേര്‍ത്തുവെച്ച് വ്യാഖ്യാനിക്കേണ്ടതില്ല. ആത്യന്തിക പ്രശ്‌നം മുമ്പും ഇന്നും ഒന്നു തന്നെയാണ്. വസ്തുതകള്‍ മറച്ചുവെച്ചാല്‍, വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചാല്‍ ഉറപ്പാക്കപ്പെട്ടിട്ടുള്ള പ്രതിഫലം. അതു വേണോ, വേണ്ടയോ എന്ന തിരുമാനത്തിലെത്തല്‍. ഇതിനെ നിലനില്‍പുമായാണ് മാധ്യമ ഉടമകള്‍ ചേര്‍ത്തുപറയുന്നത്. അതൊരു നുണയാണ്. പട്ടിണിയൊന്നുമല്ല പ്രശ്‌നം. നിലനില്‍ക്കുന്ന ഓഹരി മൂല്യത്തിലെ ഇടിവു മാത്രമാണ്. എന്താണ് നഷ്ടപ്പെടുന്നത്? അവര്‍ കാണുന്നത് വരുമാനത്തിലെയും ലാഭത്തിലെയും കുറവു മാത്രമാണ്. അടിസ്ഥാനപരമായ മൂല്യനഷ്ടം അവരുടെ ചിന്തയില്‍ വരുന്നതേയില്ല. അതുകൊണ്ടാണ് പ്രധാനികള്‍ സ്വയം മറന്ന് മാനംവില്‍ക്കുക എന്ന തീരുമാനത്തിലേക്കു പോവുന്നത്. ഇന്ത്യന്‍ മാധ്യമരംഗം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി ഇതാണ്. പുതിയ അധികാരികള്‍ കുനിയാന്‍ പറയുമോ എന്ന് സംശയിച്ച്, കിടന്നു കൊടുക്കുന്ന ഒരു തലത്തിലേക്ക് മാധ്യമ മുതലാളിമാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അവര്‍ക്ക് ഒളിക്കാനും ഭയക്കാനും പലതുമുണ്ട് എന്നതു തന്നെയാണ് കാരണം. ഇതിന്റെ കാരണം അവര്‍ മാധ്യമ ഉടമകള്‍ മാത്രമല്ല; മറ്റു പല തരം മുതലാളിമാര്‍ കൂടിയാണ് എന്നതാണ്. അവര്‍ തിരഞ്ഞടുക്കുന്ന മുന്‍ഗണനകളാണ് മാധ്യമ രംഗത്തെ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുന്നത്. സ്വന്തം നിലനില്‍പ്പിന് ജനാധിപത്യം ആവശ്യമാണെന്നു പോലും അവര്‍ മറന്നു പോകുന്നു.
വസ്തുതകളുടെ മരണം
ജനാധിപത്യത്തില്‍ അടിസ്ഥാനപരമായി എല്ലാം ജനപക്ഷത്തായിരിക്കണം. മാധ്യമങ്ങളും അങ്ങനെ വേണം ചിന്തിക്കാന്‍. സമൂഹത്തില്‍ നടക്കുന്ന ഓരോ സംഭവവും വാര്‍ത്തയാവുന്നതിന്റെ പിന്നിലെ ലക്ഷ്യം അത് ജനങ്ങളറിയാന്‍ വേണ്ടിയായിരിക്കണം എന്നതാണ്. ജനങ്ങളെന്തറിയണം? സത്യമറിയണം. വാസ്തവമറിയണം. എന്നാല്‍ എന്താണ് നമുക്കു ചുറ്റും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? യാഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ജനശ്രദ്ധയകറ്റുക എന്നതാണ് മാധ്യമങ്ങളോട് അധികാരികള്‍ നിരന്തരം ആവശ്യപ്പെടുന്നത്. അതിനായി ഒരു വശത്ത് മാധ്യമങ്ങളെ വേണ്ടത് കൊടുത്ത് പ്രോത്സാഹിക്കുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി വരുതിയാല്‍ നിര്‍ത്തുന്നു. ഇതിനിടയില്‍ സത്യത്തിന്റെ മുഖം വക്രീകരിക്കപ്പെടുന്നു. യഥാര്‍ത്ഥ സത്യത്തിനു പകരം സത്യപ്രതീതി ഉളവാക്കുന്ന അനുബന്ധ വാര്‍ത്തകള്‍ നിറയ്ക്കുക എന്നതാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഇതിനായി കണ്ടെത്തിയ വഴി. ആകര്‍ഷകമായ വേഷം കെട്ടിച്ച നുണകളുടെ വലിയൊരു ശ്രംഖല നിരത്തി ജനത്തെ പ്രലോഭിപ്പിക്കുക. അതിനിടയില്‍ വാസ്തവത്തെ മറച്ചു പിടിക്കുക. വായനക്കാരുടെയും കാഴ്ചക്കാരുടെയും ചിന്താശേഷിയെ വിഷലിപ്തമാക്കുക.
ഇത് നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കും. അങ്ങനെ സത്യത്തില്‍ നിന്ന്, യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് ജനം അകന്നുപോയിക്കൊണ്ടിരിക്കും. ഒരു പരിധി കഴിയുമ്പോള്‍ അനുബന്ധ വാര്‍ത്തകളുടെ ധാരാളിത്തത്തില്‍ സത്യം മുങ്ങിച്ചാകും. വസ്തുതകള്‍ വാര്‍ത്തായാകാത്തിടത്ത് വസ്തുതകളുടെ മരണം വാര്‍ത്തയാവുന്നതെങ്ങനെ? അപ്പോഴേക്കും പുതിയ സംഭവങ്ങള്‍ കടന്നുവരും. അതും ഇതേ സൂത്രവാക്യത്തിലൂടെ കയറ്റി വിട്ട് പരിഹാരമില്ലാത്ത പ്രശ്‌നമായി രൂപാന്തരം വരുത്തും. ഭരണകൂടവും അവര്‍ക്കു താങ്ങായ മാധ്യമലോകവും ജൈത്രയാത്ര തുടരും. പാവം ജനം മുന്നില്‍ നിറഞ്ഞ വിഭ്രാന്തിയില്‍ അഭിരമിച്ച് കാലം കഴിച്ചുകൂട്ടും. സത്യത്തോടൊപ്പം മരിക്കുന്നത് ജനാധിപത്യമാണ്. അതിന് കാരണക്കാരാവുന്നത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ മാധ്യമ ലോകവും. മാധ്യമ കൂട്ടായ്മകള്‍ ഫാസിസത്തിന് ദാസ്യവൃത്തിയെടുക്കുന്ന ദാരുണമായ കാഴ്ചയാണ് ഇന്നത്തെ ഇന്ത്യയില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന് വെളിച്ചം പകരേണ്ടവര്‍ ഫാസിസത്തിന്റെ ടോര്‍ച്ചുമായി ഇരുട്ടില്‍ തപ്പുന്നു. ആ ടോര്‍ച്ചിലൂടെ ഇരുളും ഭയവുമാണ് സമൂഹത്തില്‍ പ്രസരിക്കുന്നത്. സത്യത്തെ മൂടിവെക്കാനാണ് ഇതുവഴി അവര്‍ കൂട്ടുനില്‍ക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ എണ്ണിപ്പെറുക്കിയെടുത്ത തുട്ടുകള്‍ കൊണ്ട് വില കൊടുത്തു വാങ്ങിച്ച ദിനപ്പത്രമാണ് നിങ്ങളുടെ സാമ്രാജ്യങ്ങളുടെ അടിത്തറ നിര്‍മ്മിച്ചത്. അവര്‍ കാലത്തിന്റെ പ്രഹരമേറ്റ് പിടയുമ്പോള്‍ അവരിലേക്ക് വെളിച്ചമെത്തിക്കേണ്ട ദൗത്യത്തില്‍ നിന്ന് ലാഭനഷ്ടങ്ങളുടെ പേരില്‍ മാറി നില്‍ക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു തിരിച്ചുവരവ് അസാധ്യമാകും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാള്‍ ക്രോസ് വിയന്നയില്‍ നിന്നടിച്ച ടോര്‍ച്ചിന്റെ വെളിച്ചം ചരിത്രത്തില്‍ ഇപ്പോഴും പ്രകാശം പരത്തുന്നുവെങ്കില്‍ അതൊരു സാധ്യതയാണ്. ഇന്നത്തെ ഇന്ത്യയില്‍ അതിന് പിന്‍ഗാമികളുണ്ടാവണം. ജനാധിപത്യത്തിലേക്ക് വെളിച്ചം പകരുന്ന ചെറിയ ചെറിയ ടോര്‍ച്ചുകള്‍ നമുക്കു ചുറ്റും നിറയട്ടെ. ഫാസിസത്തിന്റെ ഇരുണ്ട ലോകത്തെയെങ്കിലും അത് തുറന്നു കാണിക്കട്ടെ.
കെ. ബാബു ജോസഫ്.
23 Sep 2020, 03:56 PM
വളരെ കൃത്യമായ നിരീക്ഷണം. ഇന്ത്യ ൻ സമൂഹം ആയിരത്തിലേറെ വർഷങ്ങളായി ജാതിയെന്ന ഫാസിസ്റ്റ് വ്യവസ്ഥയുടെ പിടിയിലാണ്. അതിെ തുടർച്ചയാണിപ്പോൾ നാം കാണുന്നത്. ജാതിവ്യവസ്ഥയുടെ തടങ്കലി
Abdul Nazar KM
23 Sep 2020, 01:02 PM
വളരെ അര്‍ത്ഥവത്തായ വിശകലനം മലയാള മാധ്യമങ്ങള്‍ വരെ ഫാഷിസത്തിനു കുട ചൂടുന്ന അതി ഭീകരമായ കാഴ്ച്ചയുടെയാണ് വർത്തമാന കാലം കടന്ന് പോവുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങ മറച്ചു പിടിച്ചു, സാമാന്യ ജനത്തിന് ഇറക്കിയിരിക്കുന്നത്, നിരർത്ഥകങ്ങളായ വിഷയങ്ങളിൽ ഊന്നൽ നുൽകിയും പൊതുസമൂഹത്തെ കബളിപ്പിക്കുകയാണ് മാധ്യമങ്ങൾ. പത്രവായനയും, ദൃശ്യമാധ്യമ കാഴ്ചകളും നിരർത്ഥകമാവുന്ന കാലം
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
ഉമർ തറമേൽ
23 Sep 2020, 04:24 PM
കാൾ ക്രോസിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം. ഇന്ത്യയിലെ ഇന്നത്തെ മുഖ്യ ധാരരാ മാധ്യമങ്ങൾ പടച്ചുവെച്ച പുതിയ ഇന്ത്യയുടെ ഒരു വാർത്താ ഭൂപടത്തെ ഒരു അന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. എന്നാൽ ഭൂരിപക്ഷവും പുതിയ രാഷ്ട്രീയ ദുസ്ഥിതിയിൽ ഭീതി പൂണ്ടു അതിനടിമകൾ ആകുന്നവർ ആണ്. കേരളത്തിൽ അടക്കം ബദൽ രാഷ്ട്രീയ സാംസ്‌കാരിക മാധ്യമങ്ങൾ നിലച്ചു. കാൾ ക്രോസ്സ്ന്റേതു ഒരു ബദൽ ആയിരുന്നുവല്ലോ. എന്നാൽ, ഒരു ക്യാപിറ്റൽ മൂലധന മാധ്യമ വ്യവസ്ഥയെ മറികടന്നു സമാന്തരങ്ങൾ അസാധ്യം ആണിന്ന്. ഭരണകൂട മിത്രങ്ങൾ മാത്രമേ അതിജീവിക്കൂ എന്നായി കാലം.