ലൂയിസ് ഗ്ലുകിന്റെ കവിതകളില്‍
U.S. ഉണ്ടായിരിക്കാം;
പക്ഷേ Us ഉണ്ടോ?
ലൂയിസ് ഗ്ലുകിന്റെ കവിതകളില്‍ US ഉണ്ടായിരിക്കാം; പക്ഷേ Us ഉണ്ടോ?
ഇത്തവണത്തെ സാഹിത്യ നൊബേല്‍ ഒരു അമേരിക്കന്‍ കവിയെ കണ്ടെത്തുകയാണ്. ലോകം അവരെ സ്വീകരിക്കുമോ എന്ന ചോദ്യമാണ് ലേഖകന്‍ മുന്നോട്ടു വെക്കുന്നത്.
9 Oct 2020, 11:28 AM
അമേരിക്കന്‍ കവി ലൂയിസ് ഗ്ലുക് 2020ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിരിക്കുന്നു. നൊബേല്‍ നേടിയേക്കാമെന്ന് വായനക്കാര്‍ ആഗ്രഹിച്ച എഴുത്തുകാരുടെ കൂട്ടത്തിലും പ്രധാന മാധ്യമങ്ങള്‍ മുന്നോട്ടുവെച്ച സാധ്യതാലിസ്റ്റിലും ഈ പേരുണ്ടായിരുന്നില്ല. കെനിയന്‍ നോവലിസ്റ്റ് ഗൂഗി വാ തോങ്ങ്‌ഗോ, ജപ്പാനീസ് എഴുത്തുകാരന്‍ ഹറുകി മുറകാമി, റഷ്യന്‍ നോവലിസ്റ്റ് ല്യുഡ്മില ള്ളിത്സ്‌കയ, കനേഡിയന്‍ കവി ആനെ കാര്‍സന്‍, കനേഡിയന്‍ നോവലിസ്റ്റ് മാര്‍ഗരറ്റ് അറ്റ് വുഡ്, ചെക്കോസ്ലാവാക്കിയന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര തുടങ്ങിയ പേരുകളാണ് പൊതുവില്‍ പറഞ്ഞു കേട്ടത്. അതിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത പേരാണ് ലൂയിസ് ഗ്ലുകിന്റെത്.

ഒരുവേള അമേരിക്കയിലെ വായനക്കാര്‍ പോലും അവരുടെ പ്രിയ കവി ലൂയിസ് ഗ്ലുക് നോബല്‍ പുരസ്‌കാരം നേടുമെന്ന് കരുതാനിടയില്ല. അമേരിക്കയ്ക്ക് പുറത്ത് അത്രയൊന്നും പരിചിതയല്ലെങ്കിലും ഗ്ലുക് അമേരിക്കന്‍ സാഹിത്യത്തിലെ വലിയ പേരുകളിലൊന്നാണ്. അമേരിക്കയിലെ ഒട്ടുമിക്കവാറും സാഹിത്യ പുരസ്‌കാരങ്ങള്‍ അവര്‍ ഇതിനകം കരസ്ഥമാക്കിയിട്ടുമുണ്ട്. ഭാവഗീതങ്ങളിലൂടെ അമേരിക്കന്‍ വായനാസമൂഹത്തിന്റെ ഇഷ്ടപ്പെട്ട കവിയായി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവര്‍ അംഗീകാരം നേടിക്കഴിഞ്ഞതാണ്.
പൊതുവില്‍ വ്യക്തിയധിഷ്ഠിതമായ രചനകളാണ് ഗ്ലുകിന്റേത്. അവര്‍ സ്വന്തം ജീവിതത്തിലേക്കു നോക്കിയാണ് സര്‍ഗ്ഗാത്മക വേദനകളെ നേരിട്ടു കൊണ്ടിരിക്കുന്നത്. ജീവിതത്തെ കവിത കൊണ്ട് അഭിവാദ്യം ചെയ്യുന്ന ഒരു രീതിയാണ് എന്നും അവലംബിച്ചത്. " The Best American Poetry - 1993 ' എന്ന സമാഹാരത്തിനെഴുതിയ ആമുഖത്തില്‍ "കവിതകള്‍ ആത്മകഥകളാണ് ' എന്നവര്‍ ഏറ്റുപറയുന്നുണ്ട്.

ബാല്യകാല ജീവിതത്തില്‍ നിന്നാണ് കവിതയ്ക്കുള്ള ഊര്‍ജ്ജം ആദ്യമവര്‍ കണ്ടെത്തിയത്. ആഗ്രഹങ്ങളെ കവിതയിലൂടെ സ്‌നേഹിക്കുവാനും അവര്‍ വഴി കണ്ടെത്തി. കുടുംബ ജീവിതത്തിന്റെ വേറിട്ട ചിത്രങ്ങളും അവരുടെ കവിതയില്‍ സ്ഥാനം നേടിയിട്ടുണ്ട്. പിന്നീടങ്ങോട്ട് അദ്ധ്യാത്മചിന്തയുടെ ഒരു തലം ഗ്ലുകിന്റെ കവിതയില്‍ നിറയാന്‍ തുടങ്ങി. ബിബ്ലിക്കല്‍ ഭാഷയേയും മിത്തിനേയും സ്വന്തം കവിതയിലേക്ക് ചേര്‍ത്തുവെക്കുന്നതിലും അവര്‍ താല്‍പര്യം കാണിച്ചിരുന്നു. അവയിലൊക്കെ പാഠാന്തരധ്വനികള്‍ നിരൂപകര്‍ കണ്ടെത്തി. അങ്ങനെ അവര്‍ ഒരേ സമയം നിരൂപകരുടെയും വായനക്കാരുടെയും പ്രശംസ നേടിയെടുത്തു. സ്ത്രീത്വത്തിന്റെ ദര്‍ശനവും ആത്മീയതയുടെതായ ഒരു പ്രവചനതലവും അവരുടെ കവിതയുടെ പൊതുസ്വഭാവമായി വിലയിരുത്തപ്പെടുന്നു. ആത്മീയതയുടെ സാക്ഷ്യപ്പെടുത്തലും പ്രകൃതിയോടുള്ള അനുരാഗവും അവരുടെ വാക്കുകളില്‍ എപ്പോഴും കാണുന്നുണ്ട്.
1943-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഗ്ലുക് ജനിച്ചത്. 1968-ല്‍ Firstborn എന്ന സമാഹാരത്തിലൂടെ അമേരിക്കന്‍ സാഹിത്യ ലോകത്ത് ഇടം നേടി. ഇതിനകം പന്ത്രണ്ട് കവിതാസമാഹാരങ്ങളാണ് അവരുടേതായി പുറത്തുവന്നിട്ടുള്ളത്. Firstborn, Ararat, Meadowlands, The Wild Iris, The House on MarshIand, Descending Figure, The Triumphof Achilles, Vita Nova, The Seven Ages , A Village Life എന്നിവയാണ് പ്രധാന കൃതികള്‍. Proofs & Theories എന്ന ഒരു ലേഖന സമാഹാരവും പ്രസിദ്ധികരിച്ചിട്ടുണ്ട്. The Wild Iris 1992-ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരവും The Triumph of Achilles 1985 ല്‍ നാഷണല്‍ ബുക്ക് ക്രിറ്റിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും നേടുകയുണ്ടായി.

2003-2004 കാലഘട്ടത്തില്‍ അമേരിക്കയിലെ പോയറ്റ് ലോറേറ്റ് എന്ന പദവിയും ലൂയിസ് ഗ്ലുക് അലങ്കരിച്ചു. സാഹിത്യ അദ്ധ്യാപിക എന്ന നിലയില്‍ കവിത പഠിപ്പിക്കുന്നതിലാണ് ഈ കവി ആനന്ദം കണ്ടെത്തുന്നത്. ഇപ്പോള്‍ യേല്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ് അവര്‍.
സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നിശ്ചയിക്കുന്ന സ്വീഡിഷ് അക്കാദമി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവാദങ്ങളുടെ വലയത്തിലാണ്. സാമ്പത്തിക അഴിമതിയും ലൈംഗികാരോപണവും രഹസ്യസ്വഭാവത്തില്‍ വന്ന പിഴവുമൊക്കെ സ്വീഡിഷ് അക്കാദമിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു. ഇതു കൂടാതെ മൂല്യനിര്‍ണ്ണയത്തിലെ വേറിട്ട രീതികളും വിവാദങ്ങളുയര്‍ത്തുകയുണ്ടായി. ഇംഗ്ലീഷ് പാട്ടുകാരനായ ബോബ് ഡിലനും വംശീയ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത നേതാവിന്റെ ആരാധകനായ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കും സാഹിത്യ നൊബേല്‍ സമ്മാനിച്ചത് ശക്തമായി എതിര്‍ക്കപ്പെട്ടിരുന്നു. തീര്‍ച്ചയായും ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പും വലിയ രീതിയില്‍ ചര്‍ച്ചയാവാന്‍ പോവുകയാണ്. ലോകസാഹിത്യനഭസ്സില്‍ ഇരിപ്പിടം കിട്ടാനുള്ള സര്‍ഗ്ഗാത്മക വൈഭവം ലൂയിസ് ഗ്ലുകിനുണ്ടോ എന്ന ചോദ്യം വരുംദിവസങ്ങളില്‍ ഉയര്‍ന്നു വരും. 1962-മുതല്‍ 2012 വരെ അവരെഴുതിയ കവിതകളുടെ ഒരു സമാഹാരകൃതി മറിച്ചുനോക്കാന്‍ ഈ ലേഖകന് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എന്നെ സ്പര്‍ശിച്ച കവിതകള്‍ ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെട്ടില്ല. ലോക വായനയെ തൃപ്തിപ്പെടുത്തുന്ന നൂതനമായ ഒരു സാഹിത്യവീക്ഷണം അവരുടെ എഴുത്തുകളിലുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

ഒറ്റനോട്ടത്തില്‍ അവര്‍ അമേരിക്കന്‍ ഭാവുകത്വത്തിന്റെ മാത്രം സൃഷ്ടിയാണ്. സാര്‍വലൗകികവീക്ഷണമോ ദാര്‍ശനികാന്വേഷണങ്ങളോ നൂതനമായ സര്‍ഗ്ഗാത്മകപരീക്ഷണത്വരയോ അവരുടെ കവിതകളില്‍ ഉള്ളതായി സ്വീഡിഷ് അക്കാദമിയും സാക്ഷ്യപ്പെടുത്തുന്നില്ല. നൊബേലിന്റെ യശസ്സിന് മങ്ങലേല്‍ക്കാനാണ് ഈ വര്‍ഷത്തെ പുരസ്‌കാരവും വഴിയൊരുക്കുക. ആദ്യം സൂചിപ്പിച്ചവരുള്‍പ്പെടെ പ്രതിഭാശാലികളായ മറ്റു പല എഴുത്തുകാരെയും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിന് നോബേല്‍ പുരസ്‌കാരനിര്‍ണ്ണയസമിതി തയ്യാറായിട്ടുള്ളത്. ഇതിന്റെയൊക്കെ പ്രതിഫലനമായാണ് 2018-ല്‍ സമാന്തര നൊബേല്‍ പുരസ്‌കാരം രംഗത്തെത്തിയത്. ഗൗഡ്‌ലോപിയന്‍ നോവലിസ്റ്റ് മാരീസ് കോണ്ടേയാണ് ആദ്യപുരസ്‌കാരം നേടിയത്. അവരുടെ പേരും ചില മാധ്യമങ്ങള്‍ ഇത്തവണത്തെ സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഏതായാലും ലൂയിസ് ഗ്ലുകിന്റെ രചനകള്‍ ലോകം ശ്രദ്ധയോടെ വായിക്കും എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ സംഭവിക്കുന്ന നേട്ടം. അവ വായനക്കാരുടെ വിശാലലോകത്തില്‍ ഇടം നേടുമോ എന്നത് കാലം നിശ്ചയിക്കേണ്ടതാണ്. സ്വീഡിഷ് അക്കാദമി അവരുടെ തീരുമാനം പറഞ്ഞു കഴിഞ്ഞു. ലോകത്തിന്റെ എഴുത്തായി നിലകൊള്ളാനുള്ള കരുത്ത് ലൂയിസ് ഗ്ലുകിന്റെ വരികള്‍ക്കുണ്ടോ എന്നത് ഇനി നമ്മള്‍ വായനക്കാരാണ് കണ്ടെത്തേണ്ടത്.
എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍
ശ്രീനിവാസൻ കേശവമേനോൻ
10 Oct 2020, 04:45 PM
സസ്യസന്യാസിനി നിർമ്മമഹൃദയരായ് നിങ്ങൾ ജീവിപ്പതെങ്ങനെയെന്നോ, മഹാമധുവൃക്ഷത്തിൻ താഴെ തണുശിലചൂഴും നിഴലിൽ ഞാൻ പടർന്നു മരുവും പോലെ. തെല്ലുമെന്നുള്ളം തൊടുന്നീലാ സൂര്യൻ വസന്താഗമത്തിൽ കാണാറുണ്ടതെത്രയും വിദൂരത്തായ് ഉദിച്ചുപൊന്തുന്നത് ഇലകൾ തെഴുത്തതിനെ സമ്പൂർണ്ണമായ് മറയ്പ്പത് ലോഹക്കരണ്ടിയായാൽ കണ്ണാടിച്ചിൽപ്പുറത്താരോ ഇടിക്കും പോൽ വളർന്നേറിയ ഇലകൾക്കിടയിലൂടത് ചിന്നുന്നത് . വേണ്ടൊരേ മാത്രയിൽ വെട്ടം ജീവജാലങ്ങൾക്കെല്ലാം നമ്മിൽച്ചിലർ തെളിക്കുന്നൂ നമ്മുടെ വെളിച്ചങ്ങൾ രജതരോഗപത്രമൊരുക്കും, മഹാമധുവൃക്ഷത്തിൻ താഴെ ഇരുളാഴമേറിയൊരു വെള്ളിത്തടാകം, ഒരാൾക്കും പദമൂന്നുവാനാവാ പഥം.. ഇതത്രയും നിങ്ങൾക്ക് ജ്ഞാതമെന്നിരിക്കിലും സത്യത്തിനായ്, വിശാലമായ് ചൊല്കിൽ, ശുദ്ധ സ്നേഹത്തിനായ് ജീവിപ്പതെന്നത്രെ നിനയ്ക്കുന്നു നിങ്ങളും മറ്റുള്ളോരും, അതൊക്കെയും നിർമ്മമം. ( 2020ലെ നൊബേൽ പുരസ്കാരം ലഭിച്ച ലൂയിസ് എലിസബത്ത് ഗ്ലക്കിൻ്റെ Lamium എന്ന കവിത ഇയാൾ മൊഴി മാറ്റിയത് )
ഇശാം
10 Oct 2020, 12:36 PM
സുധീർ സാറിന്റെ പുസ്തകപരിചയ വീഡിയോക്ക് തുടർച്ച കണ്ടില്ല. ഉടനെ പ്രതീക്ഷിക്കുന്നു.. നോൺ ഫിക്ഷൻ പുസ്തകങ്ങളുടെ തുടർച്ച..
RK San
9 Oct 2020, 08:21 PM
എൻ ഇ സുധീറിന്റെ അഭിപ്രായത്തോടു ശക്തമായി വിയോജിയ്ക്കുന്നു. അരരാത് എന്ന ചെറിയ പുസ്തകം മതി അവരുടെ വലിപ്പമറിയാൻ
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read
റഫീഖ് ഇബ്രാഹിം
Apr 06, 2022
20 minutes read
Abdul Majeed MT
11 Oct 2020, 09:43 AM
സമധാനത്തിനുള്ള നൊബേൽ തെരഞ്ഞെടുപ്പിൽ കാണിച്ച പക്വത സാഹിത്യകാര്യം വന്നപ്പോൾ കാണിച്ചില്ല എന്നതോന്നലാണ് ഈ കാര്യത്തിൽ ഉണ്ടാകുന്നത് .മിലൻ കുന്ദേര യെ പോലെയുള്ള ഒരു ഒരു പ്രഗൽഭ മതിയെ ഒഴിവാക്കിയത് ശരിയായി എന്ന് തോന്നുന്നില്ല