നീറ്റിലെ അടിവസ്ത്രാക്ഷേപം:
പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവര്‍
ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്
നീറ്റിലെ അടിവസ്ത്രാക്ഷേപം: പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവര്‍ ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്
മെരിറ്റാണ് പരമപ്രധാനമെന്ന് ജനാധിപത്യസമൂഹത്തിലെ ജനപ്രതിനിധികള്‍ പുലമ്പുന്നതുകണ്ട് ലജ്ജിക്കേണ്ടിവന്നവരാണ് നമ്മള്‍. മെരിറ്റാണ് പ്രധാനമെങ്കില്‍, നീറ്റ് പരീക്ഷക്ക് വിദ്യാർഥിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടിയെ അപലപിക്കാന്‍ നമുക്ക് അവകാശമില്ല. ‘മെരിറ്റിന്റെ നീതി നടപ്പിലാക്കാന്‍ ഇത്തരം ചില നടപടികള്‍ അനിവാര്യമായി വരും. കുറച്ചു കഴിയുമ്പോള്‍ ഇതെല്ലാം ശീലമായിക്കൊള്ളും’.
19 Jul 2022, 09:29 AM
കൊല്ലത്തെ ഒരു നീറ്റ് പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളോട് അടിവസ്ത്രം ഒഴിവാക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ നിര്‍ദ്ദേശം നല്‍കി എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതും നമ്മുടെ ആത്മാഭിമാനത്തെ തളര്‍ത്തുന്നതുമാണ്. വിദ്യാഭ്യാസത്തെ സംബന്ധിച്ചും വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൗമാരക്കാരില്‍ വളര്‍ത്തിയെടുക്കേണ്ട സ്വാതന്ത്ര്യബോധത്തെക്കുറിച്ചും നാം നാളിതുവരെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച എല്ലാ തത്ത്വങ്ങളുടെയും പരാജയസ്ഥാനമാണിത്. നമ്മുടെ നാട്ടില്‍ തലയുയര്‍ത്തി നിന്ന് വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളോടും ഇവിടത്തെ വിദ്യാഭ്യാസമേലാളന്മാര്‍ മാപ്പുപറയേണ്ടിയിരിക്കുന്നു.
അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍- ഡന്റല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ആരംഭിച്ച പ്രവേശനപരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്ററന്‍സ് എക്‌സാമിനേഷന്‍) സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനുമേല്‍ കേന്ദ്രം നടത്തിയ കടന്നുകയറ്റമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേരളം ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയതായി അറിവില്ല. നീറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കുന്നതു സംബന്ധിച്ച് കേന്ദ്രനയത്തിന്റെ തുടര്‍ച്ചയായി മാത്രമേ കേരളം ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. മലയാളത്തില്‍ ചോദ്യം നല്‍കുന്നതിനെ പ്രതികൂലിക്കാനും കേരളത്തില്‍ ആളുകള്‍ ഉണ്ടായി. മെരിറ്റാണ് പ്രാധാനം എന്ന വാദഗതിയാണ് അതിന് അടിസ്ഥാനമായി ഉന്നയിക്കപ്പെട്ടത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെയാണ് ഈ പരീക്ഷയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. നീറ്റ് ആരംഭിക്കുന്നതിനു മുമ്പ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ നടത്തിപ്പുചുമതല സി.ബി.എസ്.ഇക്കായിരുന്നു. മെരിറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വരാതെ കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ എന്ന പേരിലാണ് പുതിയ ഏജന്‍സിക്ക് രൂപം നല്‍കിയത്. അഖിലേന്ത്യാ ക്വാട്ടയിലുള്ള പ്രവേശനത്തിനു മാത്രമാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയിരുന്നതെങ്കില്‍ എന്‍.ടി.എ നടത്തുന്ന പരീക്ഷ രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍- ഡെന്റല്‍ കോളേജുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനു വേണ്ടിയാണ്. ഈ ചുവടുമാറ്റത്തിന്റെ ഭീകരത തമിഴ്‌നാടിനു തിരിച്ചറിയാന്‍ കഴിഞ്ഞതുപോലെ കേരളം മനസ്സിലാക്കിയിട്ടില്ലെന്നു വേണം കരുതാന്‍.
കേരളം മെരിറ്റിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന നയം പലകുറി അധികാരികള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതിന് വേണ്ടത്ര കൈയടിയും ലഭിച്ചിട്ടുണ്ട്. അതിനാല്‍ കേന്ദ്രനയത്തോടുള്ള ആഭിമുഖ്യം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മെരിറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് കേരളത്തെ അകറ്റുന്നു. അടിവസ്ത്ര വിവാദത്തില്‍ ചില നിലവിളികളും നെഞ്ചത്തടികളും അധികാരികളുടെ അടക്കം ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അവ പെട്ടെന്നുള്ള പ്രതികരണമായി മാത്രം കണ്ടാല്‍ മതിയാവും. അടിസ്ഥാനത്തില്‍ ആ നടപടികളോട് അനുഭാവമുള്ളതാണ് കേരളത്തിന്റെ വിദ്യാഭ്യാസമനസ്സ്. പരീക്ഷയില്‍ ക്രമക്കേടുണ്ടാകാതിരിക്കാനുള്ള സുരക്ഷയുടെ ഭാഗം മാത്രമായി ഈ നടപടിയെ ഉള്‍ക്കൊള്ളാന്‍ നമുക്ക് അധികസമയം വേണ്ടിവരില്ല. പരീക്ഷാഹാളില്‍ ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ മെരിറ്റിന്റെ പവിത്രതയ്ക്ക് കോട്ടംതട്ടാതെ അത് പരിഹരിക്കുന്നതിന് നാം മുന്‍കൈ എടുത്തല്ലോ. സംസ്ഥാനത്തിന്റെ ചെലവില്‍ ലോഹമുക്തമായ അടിവസ്ത്രം മുഴുവന്‍ പരീക്ഷാര്‍ത്ഥികള്‍ക്കും നല്‍കി അടിവസ്ത്രപ്രശ്‌നം പരിഹരിക്കാനുള്ള ആലോചനകളാവും വരുംദിവസങ്ങളില്‍ ഉണ്ടാവുക. കാരണം, നമ്മള്‍ കേരളീയര്‍ മെരിറ്റിന്റെ വിട്ടുവീഴ്ചയില്ലാത്ത ഉപാസകരാണ്.
കേരളത്തില്‍ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി നിരന്തരമൂല്യനിര്‍ണയവും ആഭ്യന്തരവിലയിരുത്തലും നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചനകള്‍ ഉണ്ടായപ്പോള്‍ അധ്യാപകരെ എങ്ങനെ വിശ്വാസത്തിലെടുക്കും എന്ന് ഉളുപ്പില്ലാതെ വിളിച്ചുകൂവിയവരില്‍ അധ്യാപകരും ഉള്‍പ്പെടുന്നു. അധ്യാപകര്‍ പക്ഷപാതികള്‍ ആയിരിക്കുമെന്നും ശരിയായ മെരിറ്റ് കണ്ടെത്താന്‍ അധ്യാപകര്‍ക്കു കഴിയില്ലെന്നുമെല്ലാം വാദിക്കാന്‍ ഇവിടെ ആളുകളുണ്ടായി. പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പൊതുപരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള സമരത്തോളം പ്രാധാന്യമുണ്ട്. എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ഇപ്പോഴും ട്രഷറികളിലാണ് സൂക്ഷിക്കുന്നത്. പ്രൈമറിക്ലാസിലെ ഒരു ടേം പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ കേരളം സമരമുഖത്ത് ജ്വലിച്ചുനിന്ന നാളുകളുണ്ടായി. കൊറോണകാലത്തെ പരീക്ഷാവിവാദങ്ങളും അധ്യാപകര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടികളും ഭീഷണികളും ആരെയും അമ്പരപ്പിക്കുന്നതാണ്.

മെരിറ്റാണ് പരമപ്രധാനമെന്ന് ജനാധിപത്യസമൂഹത്തിലെ ജനപ്രതിനിധികള്‍ പുലമ്പുന്നതുകണ്ട് ലജ്ജിക്കേണ്ടിവന്നവരാണ് നമ്മള്‍. മെരിറ്റാണ് പ്രധാനമെങ്കില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടിയില്‍ അപലപിക്കാന്‍ നമുക്ക് അവകാശമില്ല. മെരിറ്റിന്റെ നീതി നടപ്പിലാക്കാന്‍ ഇത്തരം ചില നടപടികള്‍ അനിവാര്യമായി വരും. കുറച്ചു കഴിയുമ്പോള്‍ ഇതെല്ലാം ശീലമായിക്കൊള്ളും. ഏജന്‍സിയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ലോഹനിര്‍മിത വസ്തുക്കള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍കൂട്ടി നല്‍കിയതാണ്. ‘ആയിരക്കണക്കിന് കേന്ദ്രങ്ങളിലെ ലക്ഷക്കണക്കിനു കുട്ടികള്‍ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിരുന്നു, നമ്മുടെ കുട്ടികളുടെ അശ്രദ്ധയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല’- പരീക്ഷകളെ സംബന്ധിച്ച വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ആവലാതികളെ ഇത്തരം ന്യായങ്ങള്‍ പറഞ്ഞല്ലേ അധികാരികള്‍ പ്രതിരോധിച്ചത്. അപ്പോള്‍ പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവര്‍ ഇപ്പോള്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണ്. അവര്‍ നിലകൊള്ളുന്നത് വിദ്യാര്‍ത്ഥികളുടെ പക്ഷത്തല്ല.
പഠനത്തിനായുള്ള പ്രവേശനത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പുകള്‍, മികവുകള്‍ സാക്ഷ്യപ്പെടുത്തല്‍, പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥിപക്ഷത്തുനിന്നുള്ള സമീപനം ഉണ്ടാവണം. സമൂഹത്തിന്റെ പൊതുവായ ശ്രേയസ്സാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മെരിറ്റ് എന്നത് ആപേക്ഷികമാണ്. അത് നിര്‍ണയിക്കുന്നതില്‍ പാകംവന്ന സാമൂഹികബോധത്തിന് നിര്‍ണായക പങ്കുണ്ട്. വലിയ പൊളിച്ചെഴുത്തുകള്‍ക്ക് പാങ്ങില്ലെങ്കില്‍ തമിഴ്‌നാടിന്റെ പാത പിന്തുടരാനെങ്കിലും ശ്രമിക്കാം.
നീറ്റ് അടക്കമുള്ള മത്സരപരീക്ഷകളുടെ ഭാഗമായ അണിയറപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്നു നടിക്കാനാവില്ല. കഠിന പരിശീലനങ്ങളിലൂടെ കടന്നുപോയാണ് പല കുട്ടികളും യോഗ്യത നേടുന്നത്. ഇത്തരത്തില്‍ കൃത്രിമമായി വികസിപ്പിക്കുന്ന പ്രതിഭാവിലാസങ്ങള്‍ സമൂഹനന്മയ്ക്ക് എത്രത്തോളും സഹായകമാവുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഈ പരീക്ഷകളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. പരിശീലനകേന്ദ്രങ്ങളില്‍ പലതും വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ കളങ്കപ്പടുത്തുന്ന തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നതായി ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജസ്‌കൂള്‍ പ്രവേശനം നല്‍കി പരിശീലനത്തിനായി സ്‌കൂളിങ് അനുഭവങ്ങള്‍ നിഷേധിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം മികച്ച പ്രവര്‍ത്തനങ്ങളായി വാഴ്ത്തുന്ന അധികാരികളല്ലേ യഥാര്‍ത്ഥ കുറ്റക്കാര്‍.
എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ആയിരുന്നു.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
എം.സുല്‍ഫത്ത്
Nov 22, 2022
7 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read