ഞങ്ങളുടെ മണ്ണ്
കവർന്നത്
ആരാണ്?
ഞങ്ങളുടെ മണ്ണ് കവർന്നത് ആരാണ്?
ഭൂമിയെന്ന മൂലധനത്തിന്റെ അഭാവമാണ് ആദിവാസി സമൂഹത്തിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്ന പ്രധാന ഘടകം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണോത്പാദനവും പാര്‍പ്പിട നിര്‍മാണവും നടത്താതെ എങ്ങനെയാണ് അടുത്ത ഘട്ടമായ വിദ്യാഭ്യാസത്തെയും മറ്റ് വികസനങ്ങളെയും പറ്റി ചിന്തിക്കുക? സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ നീതികേടാണ്. ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ചരിത്ര പശ്ചാത്തലവും അതുയര്‍ത്തുന്ന വെല്ലുവിളികളും വിശകലനം ചെയ്യപ്പെടുന്നു. വയനാടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗവേഷകനാണ് ലേഖകന്
21 Jul 2020, 10:24 AM
ആദിവാസി ജീവിതത്തിന്റെ അടിസ്ഥാനഘടകം അവര്‍ വളര്‍ന്നുവന്ന ഭൂമിയും ചുറ്റുപാടും ആണ്. ഇവരുടെ വികസനത്തിന്റെ ഏറ്റവും വലിയ കണ്ണിയായി പ്രവര്‍ത്തിക്കുന്നതും ഭൂമി തന്നെ. നിലവിലെ ആദിവാസി സമൂഹങ്ങളുടെ വികസനത്തെ താരതമ്യപ്പെടുത്തുമ്പോള്‍ കയ്യില്‍ അല്‍പ്പമെങ്കിലും ഭൂമിയുള്ള വിഭാഗങ്ങള്‍ മറ്റുള്ളവരെക്കാളും ഒരുപടി മുന്നിലാണ്. മലയരയര്‍, കുറിച്ച്യര്‍, മുള്ളകുറുമര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ജീവിതനിലവാരത്തില്‍ അല്‍പ്പമെങ്കിലും മുന്നോട്ടെത്താന്‍ കഴിഞ്ഞത് ഭൂമിയെന്ന മൂലധനത്തിന്റെ പിന്‍ബലത്തിലൂടെയാണ്. എന്നാല്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഭൂരഹിതരാണ്. വികസനത്തിന്റെ പിന്‍വാതിലുകളില്‍ നില്‍ക്കുന്ന ഈ വിഭാഗക്കാര്‍ ചരിത്രപരമായി ഭൂമി ഉന്‍മൂലനത്തിന് വിധേയരായവരാണ്.
ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണോൽപാദനവും പാര്‍പ്പിട നിര്‍മാണവുമെല്ലാം നടത്താതെ എങ്ങനെയാണ് അടുത്ത ഘട്ടമായ വിദ്യാഭ്യാസവും മറ്റ് വികസനങ്ങളെയും പറ്റി ചിന്തിക്കുക? വനഭൂമിയും റവന്യൂഭൂമിയും കയ്യേറി വെള്ളവും വെളിച്ചവുമില്ലാത്ത ചുറ്റുപാടില്‍ കഴിയുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളെ കാണാന്‍ കഴിയും. എങ്ങനെയാണ് ഈ ഭൂമിയില്‍ ആദ്യം താമസിച്ചിരുന്നവരുടെ ഭൂമി നഷ്ടമായി എന്നതിന്റെ ചരിത്ര യാഥാര്‍ത്ഥ്യമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
ഭൂമി - പാര്‍പ്പിടം - അധികാരം - തുല്യനീതി എന്ന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കേരളത്തിലെ ആദിവാസി ജനതയ്ക്ക് ഏറെ പ്രതീക്ഷകളേകുന്നു. കേരളത്തിലെ കോളനിവല്‍ക്കരണത്തിനെതിരെ ഉയര്‍ന്നുവന്ന ഈ ആശയം രണ്ടാം ഭൂപരിഷ്‌കരണത്തിന് വഴിയൊരുക്കുമോ? കാലങ്ങളായി ഈ വിഭാഗങ്ങള്‍ മണ്ണിനും സ്വാതന്ത്ര്യത്തിനും തുല്യനീതിക്കുമായി കാത്തിരിക്കുന്നു. ഗോത്രങ്ങളുടെ കൃഷിഭൂമിയും പൂര്‍വ്വികരെ അടക്കം ചെയ്ത മണ്ണും സര്‍ക്കാരിന്റേയും

പൊതുസമൂഹത്തിന്റേയും കൈകളിലായി, അധിനിവേശം, ജാതീയമായ അടിച്ചമര്‍ത്തല്‍ തുടങ്ങിയ അനേകം കാരണങ്ങളാലാണ് ആദിവാസികള്‍ക്ക് പൂര്‍വ്വിക ഭൂമി നഷ്ടമായത്. ഓരോ ദിനം കഴിയുമ്പോഴും പ്രകൃതി - മണ്ണ് - വനം എന്നിവയുമായുള്ള ജൈവികബന്ധം ഇവരില്‍ കുറഞ്ഞുവരുന്നു. പൊതുസമൂഹം നല്‍കുന്ന ഓരോ പാഠവും ഗോത്രപാരമ്പര്യത്തിന് വിപരീതമാണ്. വന്‍കിട മുതലാളിമാര്‍ക്കും സംഘടിത മതവിഭാഗങ്ങള്‍ക്കും ജാതിസംഘടനകള്‍ക്കും മാത്രം സംരക്ഷണം നല്‍കി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ഇവയെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു മുത്തങ്ങയിലും ആറളത്തും ചെങ്ങറയിലുമെല്ലാം നാം കണ്ടത്. ഭരണഘടനയും മറ്റ് നിയമവ്യവസ്ഥകളും ഞങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുമ്പോള്‍ ജനാധിപത്യ കേരളം എന്തുകൊണ്ടാണ് ഈ വിഭാഗങ്ങളെ വിസ്മരിക്കുന്നത്?
ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത അവകാശങ്ങളും ജീവിതസ്വാതന്ത്ര്യവും അംഗീകരിക്കാന്‍ നാളിതുവരെ കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ നീതികേടാണ്. ഈ സാഹചര്യത്തിലാണ് ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ചരിത്ര പശ്ചാത്തലവും അതുയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യേണ്ടത്.
വീടുണ്ടാക്കാൻ അനുവാദമില്ലാത്തവർ
കൊളോണിയല്‍ കാലത്തിന് മുമ്പുള്ള ആദിവാസി ജീവിതത്തെ രണ്ടു ഘട്ടങ്ങളായി തരം തിരിക്കാം. ഓരോ ഗോത്രവര്‍ഗങ്ങളും അവരുടെ തനത് പാരമ്പര്യത്തില്‍ കമ്യൂണല്‍ ജീവിതം നടത്തിയിരുന്ന കാലം. അക്കാലത്ത് ഭൂമി ആരുടേയും സ്വന്തമല്ലാത്തതിനാല്‍, ആര്‍ക്കും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പല വിഭാഗങ്ങളും കാടിനെ പൂര്‍ണമായും ആശ്രയിച്ചു ജീവിച്ചിരുന്നു. എന്നാല്‍ കുറുമര്‍, കുറിച്യര്‍, മലയരയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൃഷിയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പങ്കുവെയ്ക്കലിന്റെ രാഷ്ട്രീയം മാത്രമായിരുന്നു ഇക്കാലത്ത് സമൂഹം വച്ചുപുലര്‍ത്തിയുന്നത്. അക്കാലത്തെ ഏറ്റവും പ്രധാന സവിശേഷത കൂട്ടുകൃഷി സമ്പ്രദായമാണ്. ഭക്ഷണോത്പാദനവുമായി ബന്ധപ്പെട്ട് സാമൂഹ്യബന്ധങ്ങളായിരുന്നു സമൂഹത്തെ നയിച്ചിരുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൃഷിയുടെ ബന്ധം പ്രകടമായിരുന്നു. ഇന്നും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചടങ്ങുകളായ തുലാപ്പത്ത്, കതിരുകയറ്റം, പുത്തരി തുടങ്ങിയ ചടങ്ങുകള്‍ കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.
ഓരോ സമൂഹവും ആവശ്യത്തിന് ജീവിതസാമഗ്രഹികള്‍ ഉൽപാദിപ്പിക്കുവാനും സൂക്ഷിക്കുന്നതിനും കൂട്ടായ്മകള്‍ സഹായകരമായി.

ഈ കൂട്ടായ്മകള്‍ ഗോത്രജനതയുടെ ഭാഷ, കലാ സാംസ്‌കാരിക ജീവിതത്തിന് കരുത്തേകി. അന്നത്തെ ജീവിതത്തിന്റെ അടിസ്ഥാന തത്വം subsistence ആയിരുന്നു. ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഇക്കോ സോഷ്യലിസത്തിന്റെ പൂര്‍വമാതൃകയായിരുന്നു ഗോത്രജീവിതം. ഓരോ കുടുംബവും അവര്‍ക്ക് വേണ്ട മിക്ക ഉൽപന്നങ്ങളും ഉത്പാദിപ്പിക്കുകയും ഉണ്ടാക്കിയ വിഭവങ്ങള്‍ സ്വയം ഉപയോഗിക്കുകയും വളരെ ചുരുക്കം സാധനങ്ങള്‍ മാത്രം വാങ്ങുകയും ചെയ്യുന്ന സ്വഭാവിക സമ്പദ് വ്യവസ്ഥ (Natural Economy)യാണ് ഉണ്ടായിരുന്ന സമ്പദ് മാതൃക. ഇവരുടെ മേല്‍ നാട്ടുരാജ്യങ്ങള്‍ അധിനിവേശം നടത്തി കീഴടക്കിയതാണ് രണ്ടാം ഘട്ടം. നാട്ടുരാജാക്കന്മാര്‍ ആദിവാസി മേഖല കൈക്കലാക്കി ഉന്നത കുലജാതരായ നായര്‍ തറവാടുകളെ ഏല്‍പ്പിച്ചു. നാടിനെ ദേശങ്ങളായും അംശങ്ങളായും തരംതിരിച്ച് ഓരോ ജന്മിമാര്‍ക്കും കരം പിരിക്കാനുള്ള അധികാരം നല്‍കി. മൊത്തം ഭൂമിയെ ദേവസ്വം, ജന്മന ഭൂമി എന്നിങ്ങനെ വേര്‍തിരിച്ചു. ജന്മിയുടെ അധികാരത്തില്‍ വരുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനായി കൈമാറുകയും ചെയ്തു. കാണം, കുഴിക്കാണം, പേറ്റുപാട്ടം, മുന്‍പാട്ടം, പണയം, ചേരത്ത്, ഓട്ടി തുടങ്ങിയവയായിരുന്ന ഭൂവിനിയോഗ വ്യവസ്ഥകള്‍. ഊരാളരായ നായര്‍ സമുദായങ്ങള്‍ നാട്ടിലെ ഭൂമിയുടെ അവകാശികളായി മാറിയ പശ്ചാത്തലം ഇതായിരുന്നു. (ജോഷിമാത്യു, 2011).
ആദിവാസി സമൂഹങ്ങള്‍ പാട്ടകൃഷി ചെയ്തുതുടങ്ങിയാല്‍ പിന്നെ ജന്മിമാരുടെ സ്വന്തം പറമ്പില്‍ കൃഷി ചെയ്യാന്‍ തൊഴിലാളികളെ ലഭ്യമാകുകയില്ല. ആയതിനാല്‍ ചില ആദിവാസി സമൂഹങ്ങളെ പാട്ടവ്യവസ്ഥയില്‍ നിന്നും മാറ്റി കേവലം തൊഴിലാളി വര്‍ഗ്ഗമാക്കി. പണിയ അടിയ വിഭാഗക്കാര്‍ ഇതിന്റെ മുഖ്യ ഉദാഹരണങ്ങളാണ്.
സമ്പന്നമായ ആദിവാസി മേഖല ജന്മിമാരുടെ കൈകളില്‍ വന്നതോടെ അവര്‍ക്ക് കൂടുതല്‍ ഉൽപാദിപ്പിക്കുവാനും സമ്പത്ത് കൈയ്യടക്കി വയ്ക്കുവാനും കഴിഞ്ഞു. സ്വയം ജോലി ചെയ്യാതെ ജീവിക്കാന്‍ അതും പണിയെടുക്കാത്തവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ ഉന്നതകുല ജാതര്‍ക്കായി. നാട്ടുരാജ്യങ്ങളുടെ ശക്തമായ പിന്തുണയും ഈ ചൂഷകവിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഭൂമിയുടെ അവകാശികള്‍ ജന്മിമാര്‍ ആയതിനാല്‍ മറ്റുള്ളവര്‍ക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യണം. ആദിവാസി സമൂഹങ്ങള്‍ പാട്ടകൃഷി ചെയ്തുതുടങ്ങിയാല്‍ പിന്നെ ജന്മിമാരുടെ സ്വന്തം പറമ്പില്‍ കൃഷി ചെയ്യാന്‍ തൊഴിലാളികളെ ലഭ്യമാകുകയില്ല. ആയതിനാല്‍ ചില ആദിവാസി സമൂഹങ്ങളെ പാട്ടവ്യവസ്ഥയില്‍ നിന്നും മാറ്റി കേവലം തൊഴിലാളി വര്‍ഗ്ഗമാക്കി. പണിയ അടിയ വിഭാഗക്കാര്‍ ഇതിന്റെ മുഖ്യ ഉദാഹരണങ്ങളാണ്. അതോടൊപ്പം പണം കൊടുത്ത് ജന്മിമാരുടെ കയ്യില്‍ നിന്ന്ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ മിക്ക ആദിവാസികളും പ്രാപ്തരല്ലായിരുന്നു. സ്വന്തമായി കാടുവെട്ടിത്തെളിച്ചുണ്ടാക്കിയ ഭൂമി ജന്മിമാര്‍ പിടിച്ചെടുത്തപ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ ആദിവാസികള്‍ അസംഘടിതരായിരുന്നു. ഓരോ വിഭാഗങ്ങളും വ്യത്യസ്ത ജീവിതരീതികള്‍ വച്ചുപുലര്‍ത്തിയതുകൊണ്ട് അവര്‍ക്കൊരു സംഘടിതമുന്നേറ്റത്തിന് കഴിഞ്ഞില്ല.
കാര്‍ഷികരംഗത്ത് മാത്രമായിരുന്നില്ല മറിച്ച്, മെച്ചപ്പെട്ട ഒരു വീടുപോലും ഉണ്ടാക്കുവാന്‍ താഴേ തട്ടിലുള്ളവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ സംഘര്‍ഷാത്മകമായ ശക്തിബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുവാനും ആദിവാസികളുടെ പ്രതികരണശക്തി ഇല്ലായ്മ ചെയ്യുവാനും വേണ്ടി ആദിവാസി

Photo/commons.wikimedia
സമൂഹങ്ങളെ പുതിയ ദൈവവിശ്വാസ പ്രമാണങ്ങളിലേക്ക് എത്തിച്ചു. പ്രാദേശിക ക്ഷേത്രവിശ്വാസങ്ങളുമായി ഗോത്രജനതയെ ബന്ധപ്പെടുത്തി പുതിയ വിശ്വാസപ്രമാണങ്ങളിലേക്ക് ഇവരെ വഴി തിരിച്ചു വിട്ടു. ഇത് തനത് ഗോത്ര വിശ്വാസത്തേയും പ്രമാണങ്ങളേയും വ്രണപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഉത്പാദനത്തിന്റെ കേന്ദ്ര ഉപാധിയായ ഭൂമിയുടെ ഉടമാവകാശം ക്ഷേത്രങ്ങളിലും നായര്‍ തറവാടുകളിലുമായി ഒതുങ്ങി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ കേവലം തൊഴിലാളികളും പാട്ടക്കാരുമായി മാറി. ചൂഷണത്തിന്റെ ഭീകരാവസ്ഥയായ അടിമ വ്യാപാരം ഇക്കാലത്ത് വളരെ സജീവമായിരുന്നു. വയനാട്ടിലെ വള്ളിയൂര്‍ക്കാവ് കേന്ദ്രമായി പണിയ, അടിയ സമുദായങ്ങളെ വ്യാപാരം ചെയ്തിരുന്നു. ജാതി വ്യവസ്ഥയിലൂന്നിയ ജന്മിത്ത വ്യവസ്ഥയാണ് ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ആദ്യ കണ്ണിയായി പ്രവര്‍ത്തിച്ചത്.
ആദിവാസികൾക്ക് വനം നഷ്ടമാകുന്നു
ആദിവാസി സമൂഹങ്ങള്‍ വിദേശശക്തികള്‍ക്ക് എന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അവരുടെ സംഘടിത മുന്നേറ്റംമൂലം പാരതന്ത്ര്യത്തിന് വഴങ്ങാതെ ജീവിക്കാനുമായി. ആദിവാസികള്‍ ബ്രിട്ടീഷ് പീരങ്കികള്‍ക്ക് മുന്നില്‍ പകച്ചുപോകാതെ പോരാടിയത് ഇന്ത്യാചരിത്രത്തിലുണ്ട്. സാന്താള്‍ വിഭാഗം നടത്തിയ പോരാട്ടത്തെ ബ്രിട്ടീഷുകാര്‍ ഇങ്ങനെ വിലയിരുത്തി.- ‘‘അവര്‍ക്ക് തിരിഞ്ഞോടാന്‍ മനസ്സില്ല, വെള്ളക്കൊടി കാണിക്കാന്‍ അറിയില്ല, അവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യാചരിത്രം മാറിയേനെ.'' ഇതുപോലെ വറളിയിലെ കല്‍ക്കൂനകള്‍, ഒറീസയിലെ ഗോണ്ട് വംശം ഉയര്‍ത്തിയ പ്രതിരോധം തുടങ്ങി പഴശ്ശിയോടൊത്ത് കുറിച്യരും കുറുമരും നടത്തിയ ആക്രമണങ്ങള്‍ വരെ ആദിവാസിക്കരുത്തിന്റെ ഉദാഹരണങ്ങളാണ് (സി. ആര്‍. ബിജോയ്, 2003).
സാന്താള്‍ വിഭാഗം നടത്തിയ പോരാട്ടത്തെ ബ്രിട്ടീഷുകാര്‍ ഇങ്ങനെ വിലയിരുത്തി.- ‘‘അവര്‍ക്ക് തിരിഞ്ഞോടാന്‍ മനസ്സില്ല, വെള്ളക്കൊടി കാണിക്കാന്‍ അറിയില്ല, അവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യാചരിത്രം മാറിയേനെ.''
നേരിട്ട് ആദിവാസികളെ കീഴ്പ്പെടുത്താന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഇതരസമൂഹങ്ങളെ കൂട്ടുപിടിച്ച് പല ആദിവാസിമേഖലകളും ചതിയിലൂടെയും വഞ്ചനയിലൂടെയും അവരുടെ പരിധിയിലാക്കി. എന്നിരുന്നാലും ബ്രിട്ടീഷ് ഭരണകൂടം ആദിവാസി മേഖലകളെ എക്സ്‌ക്ലൂഡഡ് ഏരിയ എന്നും പാര്‍ഷ്യലി എക്സ്‌ക്ലൂഡഡ് ഏരിയ എന്നും തരംതിരിച്ച് ഷെഡ്യൂള്‍ഡ് ഡിസ്റ്റിന്‍ക്ട് ആക്ട് നടപ്പിലാക്കി. ഇത്തരത്തില്‍ ചില നിയമ ആനുകൂല്യങ്ങള്‍ നല്‍കിയെങ്കിലും വനനിയമങ്ങളിലൂടെ ആദിവാസികളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു.
കേരളത്തിലെ ആദിവാസിമേഖലകള്‍ തനത് വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു. ഇടുക്കിയിലെ ഏലമലകളും വയനാട്ടിലെ നിബിഢവനങ്ങളും ബ്രിട്ടീഷുകാര്‍ ഉന്നം വച്ചു. 1891 മുതല്‍ 1905 വരെ നീണ്ടു നിന്ന പോരാട്ടത്തിലൂടെ മലബാര്‍ മേഖല ബ്രിട്ടീഷുകാരുടെ കൈകളിലായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നേതൃത്വത്തില്‍ ആദിവാസിമേഖല കേന്ദ്രീകരിച്ച് ശക്തമായ വനനശീകരണം നടന്നു. 1768-1800 കാലത്ത് യൂറോപ്പില്‍ ഉടലെടുത്ത സയന്റിഫിക്ക് ഫോറസ്ട്രി വയനാട്, നിലമ്പൂര്‍ മേഖലകളില്‍ തേക്കിന്‍തോട്ടത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. മാത്തമാറ്റിക്ക് യൂട്ടിലേറിയനിസം എന്നതായിരുന്നു ഇതിനുപിറകിലെ തത്വം (ജെയിംസ് സ്‌കോട്ട്). ഇത്തരത്തില്‍ ഉടലെടുത്ത മോണോക്രോരീതി കേരളത്തിന്റെ വനവൈവിധ്യം തകര്‍ത്തു.

പൂര്‍ണമായും വനസമ്പത്തിനെ ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസി വിഭാഗങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മലയോര മേഖലകളില്‍ തേക്ക്, അക്കേഷ്യ പോലുള്ള വന്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചത് മൂലം കാലാവസ്ഥവ്യതിയാനം ഉണ്ടാവുകയും വനവൈവിധ്യത്തിന് ഏറ്റക്കുറച്ചിലുണ്ടാവുകയും വഴി സ്വഭാവിക ആവാസവ്യവസ്ഥ ആദിവാസികള്‍ക്ക് നഷ്ടമായി. സമാനമായ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ പിന്നീട് ആദിവാസികള്‍ക്ക് നേരിടേണ്ടി വന്നു. ഏലം, കാപ്പി, തേയില, തോട്ടനിര്‍മാണം മൂലം വൻതോതിൽ ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. ഈ സമയത്തുണ്ടായ പ്രതിഷേധത്തെ ബ്രിട്ടീഷുകാര്‍ നേരിട്ടത് നയരൂപീകരണത്തിലൂടെയായിരുന്നു. 1870-ല്‍ ആദിവാസികളുടെ മാറ്റകൃഷി നിരോധിച്ച് ഉത്തരവിറങ്ങി. 1893-ല്‍ വനനിയമം പ്രാബല്യത്തില്‍ വരികയും ഇതിലൂടെ ആദിവാസികളെ വനത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്തു.
കൊളോണിയല്‍ ചൂഷണത്തെ ശക്തിപ്പെടുത്താന്‍ ആദിവാസികള്‍ക്ക് വനാവകാശം ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് 1911-ല്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ പുറത്തുകൊണ്ടുവന്നു. വനമേഖലകളും ആദിവാസിമേഖലകളും പൂര്‍ണ്ണമായും ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് കൈമാറുന്നത് സുഗമമാക്കുന്ന നിലപാടായിരുന്നു ഇത്.
കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ അക്കാലത്ത് നീതിരഹിതമായ നിലപാടാണ് സ്വീകരിച്ചത്. മധ്യതിരുവിതാംകൂറില്‍ ആദിവാസികളുടെ പരമ്പരാഗത അവകാശം കണക്കിലെടുക്കാതെ പൂഞ്ഞാര്‍ രാജവംശം വിപുലമായ വനമേഖല ജോണ്‍ ഡാനിയല്‍ മണ്‍റോയ്ക്ക് കൈമാറി. കൊളോണിയല്‍ ചൂഷണത്തെ ശക്തിപ്പെടുത്താന്‍ ആദിവാസികള്‍ക്ക് വനാവകാശം ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് 1911-ല്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ പുറത്തുകൊണ്ടുവന്നു. വനമേഖലകളും ആദിവാസിമേഖലകളും പൂര്‍ണ്ണമായും ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്ക് കൈമാറുന്നത് സുഗമമാക്കുന്ന നിലപാടായിരുന്നു ഇത്. 1943-44 കാലഘട്ടത്തില്‍ 21 വന്‍കിട തോട്ടകമ്പനികള്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നു. പിയേഴ്സ്, ലസ്ലി, കണ്ണന്‍ദേവന്‍, കോമണ്‍വെല്‍ത്ത്, പാരി തുടങ്ങിയ കമ്പനികള്‍ ഇതില്‍ പ്രമുഖരായിരുന്നു. (എം. ഗീതാനന്ദന്‍, 2016).
1823ല്‍ സ്ഥാപിച്ച ഏലം ഡിപ്പാര്‍ട്ട്മെന്റും ട്രാവന്‍കൂര്‍ പ്ലാനിംഗ് ആന്റ് അഗ്രികള്‍ച്ചര്‍ കമ്പനിയും ഇടുക്കി മേഖല അവരുടെ വരുതിയാക്കി. അങ്ങിനെ ഏലത്തിന്റെ കുത്തക സ്വന്തമാക്കി കേരളത്തിന്റെ നല്ലൊരു വിഭാഗം സമ്പത്തും ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. ഈ കാലയളവില്‍ തമിഴ് വംശജരും ആദിവാസി ഭൂമി ഇടുക്കി മേഖലകളില്‍ കയ്യേറിയിരുന്നു. 1905-ല്‍ ഈ മേഖലയില്‍ 85% വനമായിരുന്നെങ്കില്‍ 1973-ല്‍ 34% ആയി കുറഞ്ഞത് അധിനിവേശത്തിന്റെ ഫലമായാണ് (എം. ഗീതാനന്ദന്‍ 2016). അളവില്‍ കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ച് വിലസുന്ന കുത്തകകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം സമീപകാലത്ത് ചില ഇടപെടലുകള്‍ വഴി ഉണ്ടായെങ്കിലും രാഷ്ട്രീയ ഇടപെടലുകള്‍ മൂലവും കുത്തക കമ്പനികളുടെ സ്വാധീനം മൂലവും ഒരു പരിധി വരെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നുമാത്രമല്ല അത്തരമൊരു സര്‍ക്കാര്‍ ശ്രമം കെട്ടടങ്ങുകയും ചെയ്തു.

ആദിവാസികളുടെ സ്വതന്ത്രജീവിതത്തിന് ഏറ്റവും വലിയ വിലങ്ങു തടിയായത് വനനയങ്ങളായിരുന്നു. 1927-ല്‍ രൂപം കൊണ്ട ബ്രിട്ടീഷ് വനനിയമത്തിന്റെ ലക്ഷ്യം യാതൊരു പ്രതിരോധവും ഇല്ലാത്ത വനചൂഷണമായിരുന്നു. എന്നാല്‍ 1961-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ വനനയം ബ്രിട്ടീഷ് വനനയത്തിന്റെ ഇന്ത്യന്‍ പതിപ്പ് മാത്രമായിരുന്നു. ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ സ്വകാര്യകമ്പനികള്‍ക്ക് നമ്മുടെ വനഭൂമി ആവശ്യാനുസരണം ഉപയോഗിക്കാന്‍ അവസരം കൊടുക്കുകയാണ് ചെയ്തത്. ലഭ്യമായ കണക്കനുസരിച്ച് ആകെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ളത് 3269 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതില്‍ 1881 ച.കി.മി. യഥാര്‍ത്ഥ വനമാണ്. 250 ച.കി.മി. ഏലത്തോട്ടവും 476 ച.കി.മി. പാട്ടഭൂമിയും സ്വകാര്യവ്യക്തികളാണ് നിയന്ത്രിക്കുന്നത്. ഇതിനുപുറമേ 336 ച.കി.മി. കയ്യേറ്റ ഭൂമിയുണ്ട്. എന്നാല്‍ 289 ച.കി.മി. ഭൂമിയില്‍ മാത്രമാണ് ആദിവാസികള്‍ അധിവസിക്കുന്നത് (എം. ഗീതാനന്ദന്‍ 2016). ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വനസംരക്ഷകരായ ആദിവാസികള്‍ യഥാര്‍ത്ഥ വനത്തിന്റെ നാലിലൊന്ന് ഭാഗത്തില്‍ പോലും അധിവസിക്കുന്നില്ല എന്നതാണ്.
2006-ലെ വനാവകാശനിയമമാണ് വനത്തിന്റെ സംരക്ഷകരായി ആദിവാസികളെ പരിഗണിച്ചിട്ടുള്ളത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ആദിവാസികള്‍ക്ക് വനാവകാശം നല്‍കിയെങ്കിലും കേരളത്തില്‍ ഇത് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. ടൈഗര്‍ റിസര്‍വിന്റേയും മൃഗശല്യത്തിന്റേയും പേരില്‍ ആദിവാസികളെ വനമേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.
വരുന്നു, കുടിയേറ്റക്കാർ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന്അണുകുടുംബ വ്യവസ്ഥയിലേക്ക് കേരളസമൂഹം മാറിയപ്പോള്‍ ഭൂമിയുടെ തുണ്ടുവല്‍ക്കരണം കൂടി സംഭവിക്കുകയാണുണ്ടായത്. തിരുവിതാംകൂര്‍ മേഖലയില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നത് ക്രിസ്ത്യാനികള്‍, ഈഴവര്‍, നായര്‍ എന്നീ സമൂഹങ്ങളായിരുന്നു. സെന്റ് തോമസ് ക്രിസ്ത്യാനികള്‍ കൃഷിയില്‍ മികവുള്ളതായതുകൊണ്ട് നാടുവാഴികള്‍ അവര്‍ക്ക് ധാരാളം ഭൂമി നല്‍കിയിരുന്നു. അറബ് മുസ്‌ലീങ്ങളുടെ വരവോടെ കേരളത്തിന്റെ തീരമേഖലകളില്‍ നിന്ന് ക്രിസ്തീയ സമൂഹങ്ങള്‍ മലയോര മേഖലകളിലേക്ക് നീങ്ങി (ജോഷി മാത്യു, 2011).
നമ്പൂതിരി, നായര്‍ വിഭാഗങ്ങള്‍ക്ക് കൃഷിയില്‍ താല്‍പര്യം കുറഞ്ഞതോടെ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകൾക്കും ഈഴവര്‍ക്കുമായി വിറ്റു. ഈ കാലത്ത് മലബാര്‍ മേഖലകളില്‍ ഭൂമി നിസ്സാര വിലയ്ക്ക് ലഭ്യമാണെന്ന വിവരം മലബാറില്‍ നിന്നും തിരുവിതാംകൂറിലെത്തിയ മാപ്പിള തൊഴിലാളികള്‍ വഴി പ്രചരിക്കപ്പെട്ടു. തിരുവിതാംകൂറില്‍ അക്കാലത്ത് ഏക്കറിന് 150 രൂപ മുതല്‍ 200 രൂപ വരെ വിലയുണ്ടായിരുന്നപ്പോള്‍ വയനാടന്‍ മേഖലകളില്‍ അഞ്ചും ആറും രൂപയ്ക്ക് ഒരേക്കര്‍ ഭൂമി ലഭ്യമായിരുന്നു. 1865-ലെ പട്ടയ വിതരണത്തിലൂടെ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് സ്വന്തമായി ഭൂമി കൈവന്നു. ഇതില്‍ പലരും തങ്ങളുടെ കൈയ്യിലെ ഭൂമി വിറ്റ്, മലബാര്‍ മേഖലയില്‍ കുടിയേറി പത്തും പതിനഞ്ചും ഏക്കര്‍ സ്വന്തമാക്കി. ഈ സംഘടിത കുടിയേറ്റം ആദിവാസി മേഖലകളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചു.
ഈ കാലത്ത് മലബാര്‍ മേഖലകളില്‍ ഭൂമി നിസ്സാര വിലയ്ക്ക് ലഭ്യമാണെന്ന വിവരം മലബാറില്‍ നിന്നും തിരുവിതാംകൂറിലെത്തിയ മാപ്പിള തൊഴിലാളികള്‍ വഴി പ്രചരിക്കപ്പെട്ടു. തിരുവിതാംകൂറില്‍ അക്കാലത്ത് ഏക്കറിന് 150 രൂപ മുതല്‍ 200 രൂപ വരെ വിലയുണ്ടായിരുന്നപ്പോള്‍ വയനാടന്‍ മേഖലകളില്‍ അഞ്ചും ആറും രൂപയ്ക്ക് ഒരേക്കര്‍ ഭൂമി ലഭ്യമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രതിഫലനം പട്ടിണിയുടെ രൂപത്തില്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷമായി. അതിരൂക്ഷമായ ഭക്ഷ്യക്ഷാമം അരിയുടെ വില നേരെ ഇരട്ടിയാക്കി. നെല്ലുല്‍പ്പാദനം വളരെ കുറഞ്ഞ തിരുവിതാംകൂര്‍ മേഖലയില്‍ നിന്ന് കൂടുതല്‍ അനുയോജ്യമായ വയനാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ നീങ്ങി. ഇത്തരത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ നടന്ന കുടിയേറ്റത്തെ ‘ഗ്രോ മോര്‍ ഫുഡ്' എന്ന ആശയത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. കൂടാതെ കുടിയേറ്റക്കാര്‍ക്ക് പള്ളികള്‍ വഴി സഹായം ലഭിച്ചത് അവരുടെ സാമൂഹ്യജീവിതത്തെ മെച്ചപ്പെടുത്തി. ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ വയനാട്, ഇടുക്കി, അട്ടപ്പാടി മേഖലകളില്‍ ആദിവാസി സമൂഹങ്ങളെ രണ്ടാംകിട പൗരന്മാരാക്കി. അട്ടപ്പാടിയില്‍ 1947-ല്‍ ആദിവാസി ജനസംഖ്യ 98% ആയിരുന്നെങ്കില്‍ അത് 2001-ല്‍ 31% ആയി ചുരുങ്ങി. 8996.41 ഏക്കര്‍ ഇരുളര്‍ക്കും 1083 ഏക്കര്‍ മുടുകര്‍ക്കും 3304 ഏക്കര്‍ കുറുമ്പര്‍ക്കും അന്യാധീനപ്പെട്ടു. (സര്‍വ്വേ റിപ്പോര്‍ട്ട് ഓഫ് ട്രൈബല്‍ ലാന്‍ഡ്സ് കളക്ഷന്‍ ഡാറ്റ ഓഫ് ട്രൈബല്‍സ്, ഐ. ടി. ഡി. പി, അട്ടപ്പാടി).
1965 മുതല്‍ ഇന്ത്യയില്‍ നക്സല്‍ പ്രസ്ഥാനം ശക്തി പ്രാപിച്ചു. ഭൂപ്രഭുക്കന്മാര്‍ക്കും ഭരണകൂടത്തിനുമെതിരെ ഇവര്‍ നടത്തിയ വെല്ലുവിളികള്‍ വളരെ വലുതായിരുന്നു. കേരളത്തിലും നക്സല്‍ബാരി കര്‍ഷക സാഹായസമിതി പ്രവര്‍ത്തനം ശക്തമായ പശ്ചാത്തലത്തിലാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കല്‍ (റസ്ട്രിക്ഷന്‍ ഓഫ് ട്രാന്‍സ്ഫര്‍ ഓഫ് ലാന്‍ഡ്സ് ആന്‍ഡ് റീസ്റ്റൊറേഷന്‍ ഓഫ് ഏലിനേറ്റഡ് ലാന്‍ഡ് ആക്ട്, 1975) നിലവില്‍ വരുന്നത്. എന്നാല്‍ ഈ നിയമം പൂര്‍ണരൂപത്തില്‍ നടപ്പിലാക്കുന്നതിന് തടസ്സമായി. 1999-ല്‍ കേരള സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയും 1960 മുതല്‍ 1986 വരെ നടന്ന എല്ലാ കയ്യേറ്റങ്ങള്‍ക്കും അംഗീകാരം നല്‍കുകയുമുണ്ടായി. കേരളത്തിലെ ആദിവാസി സമൂഹങ്ങളോട് ഭരണകൂടം കാണിച്ച ഏറ്റവും വലിയ നീതികേടാണിത്. സംവരണത്തിനെതിരെ സംസാരിക്കുന്ന പലരും ഞങ്ങളുടെ മണ്ണില്‍ നിന്നുകൊണ്ടാണ് പറയുന്നതെന്ന് മനസ്സിലാക്കണം.
ആദിവാസിയെ പുറത്താക്കിയുള്ള ഭൂപരിഷ്‌കരണം
കേരളത്തിലെ വിപ്ലവത്തിന്റെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ഭൂപരിഷ്‌കരണം (കേരള ലാന്റ് റിഫോം ആക്ട്, 1969) ആദിവാസി - ദളിത് വിഭാഗങ്ങളെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. ജന്മിത്ത വ്യവസ്ഥയെ ഇല്ലാതാക്കി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക എന്നതായിരുന്നു ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം. എന്നാല്‍ പിറന്ന മണ്ണില്‍ കഴിയുന്നവര്‍ക്ക് ഭൂമി ലഭിക്കാതെ കയ്യേറി വന്നവര്‍ക്ക് ഭൂമി ലഭിച്ചു എന്നതാണ് ഇതിലെ ന്യൂനത. അനേകം ഏക്കര്‍ ഭൂമി എസ്റ്റേറ്റുകള്‍ക്കും വന്‍തോട്ടങ്ങള്‍ക്കും വിട്ടുനല്‍കുമ്പോള്‍ വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആദിവാസികളെ പരിഗണിച്ചില്ല. ഒരിക്കലും ആദിവാസികളെയും ദളിത് സമൂഹങ്ങളെയും കര്‍ഷകരായി പരിഗണിച്ചില്ല.
വന്‍കിട പദ്ധതികളും സാങ്കേതിക വിദ്യകളുമെല്ലാം നാടിന്റെ വികസനത്തിന് അത്യാവശ്യം തന്നെയാണ്. എന്നാല്‍ പദ്ധതികള്‍ക്കുവേണ്ടി കണ്ടെത്തുന്ന ഇടങ്ങള്‍, അവയുടെ പാരിസ്ഥിതികമൂല്യം എന്നിവ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ വൈദ്യുത പദ്ധതികള്‍ക്കും ഡാമുകള്‍ക്കുമായി അനേകം ആദിവാസികളെ കുടിയിറക്കിയിട്ടുണ്ട്. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, കാരാപ്പുഴ, ഇടുക്കി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഭൂസമരങ്ങളിലൂടെ നേടിയെടുത്ത ഉടമസ്ഥാവകാശം, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമി തുടങ്ങിയ അവകാശങ്ങള്‍ ആദിവാസി ജനതയ്ക്ക് കൂടി വേണ്ടിയാണ് എന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യണം. കേരളം എന്നും നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള കേരളവികസനം ഉണ്ടാകും എന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.
ദിണ്ടിഗൽ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ് ലേഖകന്‍.
റഫറന്‍സ്
* കെ. എന്‍. ഗണേഷ് 2017, കേരളത്തിന്റെ ഇന്നലെകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
* കെ. സഹദേവന്‍ 2016, ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്
* എം. ഗീതാനന്ദന്‍. ആദിവാസി ഭൂമി ഉന്മൂലനം
* JOSHY MATHEW. 2011, TRADITION, MIGRATION AND TRANSFORMATION
* സി. ആര്‍. ബിജോയ്. 2003, Muthanga : The Real Story, EPW
* കെ. ജയരാജ്.
* R.C. VERMA. INDIAN TRIBES THROUGH THE AGES. PUBLICATION DIVISION, MINISTRY OF INFORMATION AND BROADCASTING, GOVERNMENT OF INDIA
* JAMES C SCOTT, 1998, SEEING LIKE A STATE
Vinod Kuruman
22 Jul 2020, 01:45 PM
Voice of New Generation AllThe Best
Harish
21 Jul 2020, 09:56 PM
ആദിവാസികളുടെ വീകസന തന്ത്രം രൂപീകരിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞ് ' കണ്ട് 'മനസ്സിലാക്കി നടപ്പാക്കണം.
Vijesh
21 Jul 2020, 09:49 PM
എന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു ഇത്തരം ഒരു പ്രതികരണം ;അങ്ങയ്ക്കു നന്ദി ഓരോ ദളിതനും അറിഞ്ഞിരിക്കേണ്ടത് നമ്മുടെ പൂർവികർ ഈ രാജ്യത്ത്തന്നെ ജനിച്ചുവളർന്നവരാണ്, ഈ രാജ്യം നമ്മുടേതാണ്, ഭരണഘടന നമ്മൾക്ക്കൂടി വേണ്ടി വിഭാവനം ചെയ്തതാണ്. മതേതര ഭാരതത്തിന് നേതൃത്വം കൊടുക്കുന്നത് ഹിന്ദുവാണെങ്കിലും സ്വാതന്ത്ര്യം കിട്ടി 73വർഷം പൂർത്തിയാകുന്ന ഈ അവസാന നാളിലും ഭരണഘടനയിൽ സൂചിപ്പിക്കുന്ന ഒരു ആനുകൂല്യവും ദളിതന് ഇതുവരെ കിട്ടിയില്ല എന്നതാണ് വാസ്തവം. പലപ്പോഴും ബ്രിട്ടീഷുകാരേക്കാൾ അതിക്രൂരമായാണ് പലസ്ഥലങ്ങളിലും ദളിതനെ പീഡിപ്പിക്കുന്നത്. ദളിതന്റെ സംവരണം എന്ത്കൊണ്ട് വെട്ടിച്ചുരുക്കി ആരാണ് വെട്ടിച്ചുരുക്കിയത്,;;; ത്രിതല പഞ്ചായത്ത്, നിയമസഭ, പാർലിമെന്റ് എന്നീ സീറ്റുകളിൽ എന്തുകൊണ്ട് ദളിതനെ മത്സരിപ്പിക്കുന്നില്ല (സംവരണം ഒഴികെ ). വംശീയ ഉന്മൂലനത്തിന് ഒരുവിഭാഗം കോപ്പുകൂട്ടുന്നുവോ?????
Prasanth Saseendran
21 Jul 2020, 06:15 PM
Good writing. Survival of marginalized lives is often not considered in urban-centered development concepts. It is generally believed that providing modern education and thereby uplifting the tribal community is a solution. But there is not even an opportunity to learn in their mother tongue. Not just in Kerala, this is a pan Indian reality. Although the situation of tribal communities is way better in Kerala than any other states, we should keep our focus because 'still we lag behind in several walks of tribal development' debates. Linguistic genocide is happening rapidly, we must act before it is too late. Thanks again for the writing. Hope you continue.
Suresh
21 Jul 2020, 04:33 PM
ആദിവാസി സമൂഹത്തിെന്റെ വർത്തമാന അവസ്ഥകളെ ചരിത്രത്തിെന്റെ പിൻബലേടെ അവതരിപ്പിച്ച ലേഖകന് അഭിനന്ദനങ്ങൾ.
എം. കുഞ്ഞാമൻ
Oct 24, 2020
14 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Oct 21, 2020
5 Minutes Read
എ.ആർ. സിന്ധു
Oct 05, 2020
4 Minutes Read
മനില സി.മോഹൻ
Oct 04, 2020
2 Minutes Read
വി.എസ്. സനോജ്
Oct 03, 2020
14 Minutes Read
സാലിം സംഗീത്
Sep 15, 2020
28 Minutes Read
കെ.രാമചന്ദ്രന്‍
Sep 05, 2020
2 minute read
SREEKUTTY P S
14 Oct 2020, 09:29 AM
Good writing. Go ahead with the same spirit