എല്ലാ മാധ്യമങ്ങളും കൂടി
ഒരു ശബ്ദത്തിൽ
സംസാരിച്ചാൽ മതിയോ?
എല്ലാ മാധ്യമങ്ങളും കൂടി ഒരു ശബ്ദത്തിൽ സംസാരിച്ചാൽ മതിയോ?
മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ഒരേ ശബ്ദം മാത്രം സംസാരിക്കുന്നവയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വലിയ ജനാധിപത്യവിരുദ്ധതയാണ്. ഇപ്പോള്‍ കണ്ടുവരുന്ന ഓഡിറ്റിങ്ങിന്റെ അപകടവും അതാണ്. ബഹുസ്വരതയെ ഇല്ലാതാക്കുകയെന്ന വ്യക്തമായ അജണ്ട അതിനടിയിലൂടെ പ്രവര്‍ത്തിക്കുന്നു- മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ. ടോണി ജോസ് സംസാരിക്കുന്നു.തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
കെ.ടോണി ജോസ് : ജനാധിപത്യത്തില്‍ ഏതു പൊതുസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങളും ഓഡിറ്റു ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യണം. അത് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. മാധ്യമങ്ങള്‍ക്ക് സ്വയം വിമര്‍ശനത്തിനുള്ള അവസരം കൂടി ഇതു തുറന്നു തരുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ഒരേ ശബ്ദം മാത്രം സംസാരിക്കുന്നവയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വലിയ ജനാധിപത്യവിരുദ്ധതയാണ്. ഇപ്പോള്‍ കണ്ടുവരുന്ന ഓഡിറ്റിങ്ങിന്റെ അപകടവും അതാണ്. ബഹുസ്വരതയെ ഇല്ലാതാക്കുകയെന്ന വ്യക്തമായ അജണ്ട അതിനടിയിലൂടെ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത ശബ്ദങ്ങള്‍ സാധ്യമല്ലെങ്കില്‍ പല മാധ്യമങ്ങള്‍ ആവശ്യമില്ലല്ലോ. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യത്തെയും ഭരണഘടനാപരമായ അവകാശത്തയും നിഷേധിക്കുക കൂടിയാണിത്.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ഒരു വശത്ത്, ഭരണ - അധികാര കേന്ദ്രങ്ങളുമായി മറ്റു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് സാധ്യമാകാത്തതരം ഒരടുപ്പം ജോലിയുടെ സ്വഭാവം കൊണ്ട് ജേണലിസ്റ്റുകള്‍ക്കു വന്നുഭവിക്കുന്നുണ്ട്. തങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നത് അധികാരകേന്ദ്രങ്ങളോട് ചോദിക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നതുകൊണ്ടുണ്ടാകുന്ന ഒരു പ്രാധാന്യവും അവര്‍ക്കുണ്ട്. പക്ഷേ ഇതു രണ്ടിനെയും ഒരു കിരീടമായി ധരിക്കാതിരിക്കുന്നതാണ് ഉചിതം. ഇതു പ്രിവിലേജല്ല, റെസ്‌പോണ്‍സിബിലിറ്റിയാണെന്ന് തിരിച്ചറിയുന്നവരാണ് പക്വതയുള്ള ജേണലിസ്റ്റുകള്‍. സ്വകാര്യസ്ഥാപനങ്ങളായിരിക്കുമ്പോഴും പൊതുജനങ്ങള്ക്ക്കേറ്റര് ചെയ്യുന്ന വലിയൊരു സംവിധാനം എന്ന നിലയില്‍ ഏതു പൊതുസ്ഥാപനവുമെന്ന പോലെ സാമൂഹിക പ്രതിബദ്ധത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വേണം.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
ഒരു സംഭവം/ഇഷ്യു അവതരിപ്പിക്കുമ്പോള്‍ അതിന്റെ എല്ലാ stake holders ന്റെ യും ശബ്ദത്തിന് ഇടം കൊടുക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയായിരിക്കെ തന്നെ underprivileged ആയവര്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അവരുടെ പക്ഷത്തുനില്‍ക്കുകയും വേണം. അങ്ങനെ അഭിപ്രായപ്രകടനങ്ങളുടെ വേദി എന്ന നിലയില്‍ നിഷ്പക്ഷമായിരിക്കുകയും പക്ഷം പിടിക്കേണ്ടിടത്ത് ശക്തമായിത്തന്നെ അതു ചെയ്യുകയും ചെയ്യുന്ന ideal situation സാധ്യമാകാനാണ് ശ്രമം വേണ്ടത്.
ഒപ്പം, ഭരണ- അധികാര കേന്ദ്രങ്ങളോട് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം വിമര്‍ശനബുദ്ധ്യാ തന്നെ നിലകൊള്ളുകയും വേണം, നിഷ്പക്ഷ മാധ്യമങ്ങള്‍. പ്രതിപക്ഷ ദൗത്യം ജനങ്ങളോടുള്ള കര്‍ത്തവ്യമാണ്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ഒരുപാട് ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, ഏതാണ്ട് പൂര്‍ണമായും പുരുഷമേഖലയായിരുന്ന മാധ്യമരംഗത്തേക്ക് സ്ത്രീകളുടെ വന്‍ കടന്നുവരവിന് അതു വാതില്‍ തുറന്നു. Information dissemination ല്‍
കൊണ്ടുവന്നിട്ടുള്ള വേഗം മറ്റൊന്നാണ്. പുതിയ മാധ്യമ സങ്കേതങ്ങളുടെ വരവ് ജേണലിസത്തെ കൂടുതല്‍ പക്വമാക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ടെലിവിഷന്‍ അതിലേക്കു കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അതേസമയം, ആശാസ്യമല്ലാത്ത പല പ്രവണതകളും ഒപ്പം കടന്നുവരും. എങ്കിലും എങ്ങനെ തുലനം ചെയ്താലും ഗുണപരമായ മാറ്റങ്ങളുടെ തട്ട് താഴ്ന്നു നില്‍ക്കും. Course correction നിലൂടെ ബാക്കിയൊക്കെ കാലാന്തരേണ തിരുത്തപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കണം. വളരുന്തോറുമാണല്ലോ പാകത കൂടി വരിക.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
മാധ്യമങ്ങളുടെ ഉടമസ്ഥത സാങ്കേതികമായി ആര്‍ക്കായാലും കേരളത്തെ പോലെ രാഷ്ട്രീയ ജാഗ്രതയും തുറന്ന ജനാധിപത്യവുമുള്ള ഒരു സമൂഹത്തില്‍ അത്തരം താല്‍പര്യങ്ങളുടെ നിയന്ത്രണം എളുപ്പത്തില്‍ നിര്‍വഹിക്കപ്പെടില്ലെന്നു തന്നെ വേണം കരുതാന്‍, അതാണ് അനുഭവം. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന പത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ഉണ്ടെന്നു പറഞ്ഞു കൂടാ. ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ഓരോ മാധ്യമങ്ങളുടെയും സ്ഥിതിയനുസരിച്ച് ഇതു മാറി വരും. generalise ചെയ്തു പറയാനാകില്ല. ഉയര്‍ന്ന തസ്തികകളിലിരിക്കുന്നവര്‍ക്കും മികച്ച വേതനമില്ലാത്ത സാഹചര്യമുള്ള മാധ്യമങ്ങളുണ്ട്. മറിച്ച്, ആ ലാഡറില്‍ താഴെയുള്ളവര്‍ക്കും മാന്യമായ വേതനം നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. എങ്കിലും പൊതുവേ underpaid ആണ് മിക്കയിടത്തും ജേണലിസ്റ്റുകള്‍. സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്.
വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വ്യവസ്ഥാപിത മാധ്യമ ലാന്‍ഡ്‌സ്‌കേപ്പിനെ ഇത്രയേറെ disrupt ചെയ്ത ഒരു സംഗതി വേറെയില്ലെന്നാണു തോന്നുന്നത്. മനുഷ്യചരിത്രത്തിലാദ്യമായി ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ് നമ്മള്‍ അനുഭവിക്കുകയാണ്. നമുക്ക് കണ്‍സ്യൂം ചെയ്തു തീര്‍ക്കാന്‍ കഴിയാത്തത്ര കണ്ടന്റ് നിര്‍മിക്കപ്പെടുന്നു. ഇതിലേത്, എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണമെന്ന ആശയക്കുഴപ്പം സാധാരണ മനുഷ്യന്‍ മാത്രമല്ല, വ്യവസ്ഥാപിത മാധ്യമങ്ങളും അനുഭവിക്കുന്നു, പലപ്പോഴും അതിനു മുന്നില്‍ പകച്ചുനില്‍ക്കുന്നു. വ്യാജവാര്‍ത്തകളും mis information, dis information, mal information എന്നിവയും മുതല്‍ Post Truth വരെ ഇതിന്റെ എക്സ്റ്റന്‍ഷനായി വരുന്ന കാര്യങ്ങളാണ്. ഇവിടെ വ്യവസ്ഥാപിത മാധ്യമങ്ങളുടെ ഇതുവരെയുള്ള സമീപനരീതികളില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നുണ്ട്. ജേണലിസത്തില്‍ ഫാക്ട് ചെക്കേഴ്‌സ് എന്നൊരു പുതിയ തൊഴില്‍ മേഖല ഇപ്പോള്‍ മിക്കവാറും ഒരു സ്റ്റാന്‍ഡേഡ് ആയി മാറിയിട്ടുണ്ട്. മലയാളത്തിലേക്കും അതു വന്നുകഴിഞ്ഞു.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
സാമാന്യം നല്ല വായനക്കാരായിരിക്കുകയും വാര്‍ത്താ ജോലിയില്‍ പ്രവേശിക്കുന്നതോടെ അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നവരാണ് വലിയൊരു ശതമാനം ജേണലിസ്റ്റുകളും. ഒറ്റനോട്ടത്തില്‍ തന്നെ ഇതു മനസ്സിലാകും. ഉള്ള വായന തന്നെ യൂട്ടിലിറ്റി ലെവലിലുള്ള വായനയിലേക്കു മാറും, അതായത് ജേണലിസത്തിന് ആവശ്യമായ വായന. വായിക്കാനുള്ളതിന്റെ അളവു കൂടുന്നതിനാല്‍ ഒരു ഘട്ടത്തില്‍ ഫിക്ഷന്‍ വായന ഉപേക്ഷിച്ച ഒരുപാടു ജേണലിസ്റ്റുകളുണ്ട്. എന്തായാലും കോവിഡും ലോക്ഡൗണും അത്തരക്കാര്‍ക്ക് വലിയൊരു അവസരം തുറന്നുകൊടുത്തു. പലരും വായനയിലേക്കു തിരിച്ചു വന്നു. വ്യക്തിപരമായും അതാണ് അനുഭവം. തുടക്കമെന്ന നിലയില്‍ ലോക്ഡൗണില്‍ എം.ടിയുടെ എല്ലാ നോവലുകളും വീണ്ടും വായിച്ചു തീര്‍ത്തു. എം.ടി വായന തുടങ്ങാന്‍ പറ്റിയ സ്റ്റെപ്പിങ് സ്റ്റോണാണ്. ഇപ്പോള്‍ വിജയന്‍ റീ റീഡിങ് തുടങ്ങി. ഏറ്റവും വലിയ stress buster എന്ന നിലയില്‍ക്കൂടി വി.കെ.എന്‍ എപ്പോഴും മേശപ്പുറത്തുണ്ട്.
ഇപ്പോള്‍ കയ്യിലുള്ള പുസ്തകം രാജീവ് ധവാന്റെ Publish & Be damned: Censorship and intolerance in India ആണ്. തുടക്കത്തില്‍ പറഞ്ഞ നിശ്ശബ്ദമാക്കല്‍ ശ്രമത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകമാണ്. കോടതി നടപടികള്‍, നിയമങ്ങള്‍, കേസുകള്‍ തുടങ്ങിയ ഉപാധികളിലൂടെ ഭരണകൂടവും പൊതുസമൂഹത്തില്‍ അസഹിഷ്ണുത വിതച്ച് അതിലൂടെയും സ്വതന്ത്രശബ്ദങ്ങളെ എങ്ങനെ അടിച്ചമര്‍ത്തി എന്നതിന്റെ ഒരു ക്രോണിക്കിള്‍ ഉണ്ടിതില്‍. 12 വര്‍ഷം മുന്‍പെഴുതിയതാണ്. അവിടെനിന്ന് സ്ഥിതി എത്ര ഗുരുതരമായി മാറിയെന്ന സമകാലിക തിരിച്ചറിവു കൂടി വച്ചു വായിക്കണം.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
പരസ്യങ്ങളുടെ കുറവ്, വിതരണത്തിലെ തടസ്സങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ നിലവില്‍ ഒരു gloom ഉണ്ടെന്നു തോന്നിക്കുന്നുവെങ്കിലും പത്രങ്ങള്‍ക്ക് വലിയ സാധ്യതയാണ് കോവിഡാനന്തര ലോകത്തുള്ളതെന്നാണ് വ്യക്തിപരമായ തോന്നല്‍. പല കാരണങ്ങളുണ്ട് അങ്ങനെ തോന്നാന്‍. ലോക്ഡൗണ്‍ കാലത്തു പത്രവായന കൂടുകയാണു ചെയ്തത് സത്യത്തില്‍. ആളുകളുടെ പക്കല്‍ സമയം ഇഷ്ടം പോലെയാവുകയും ചെയ്യാന്‍ വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ, മുന്‍പ് പത്രം വായിക്കാതിരുന്നവര്‍ പോലും അതു കയ്യിലെടുക്കുകയും ഓടിച്ചു നോക്കിയിരുന്നവര്‍ വിശദമായി വായിക്കുകയും ചെയ്യാനാരംഭിച്ചു. അതുമാത്രമല്ല, ഏറ്റവും പ്രതീക്ഷാജനകമായി തോന്നിയത്, ഒരുപാടു വീടുകളില്‍ മാതാപിതാക്കള്‍ കുട്ടികളോട് പത്രം വായിക്കൂ എന്ന നിഷ്‌കര്‍ഷിക്കാനും നിര്‍ബന്ധിക്കാനും ആരംഭിച്ചു എന്നതാണ്. അങ്ങനെ പത്രവായന തുടങ്ങിയ ഒരു വലിയ വിഭാഗം കുട്ടികളുണ്ട്; പുതിയ വായനക്കാര്‍.
ഇപ്പോഴത്തെ മുതിര്‍ന്നവരുടെ കാലശേഷം പത്രം നിന്നുപോകുമായിരുന്ന പല വീടുകളിലും അത് ഈ കുട്ടികളിലൂടെ തുടരുമെന്നത് വലിയ മാറ്റമാണ്.
പ്രധാന കാര്യം ഇതല്ല. നേരത്തെ പറഞ്ഞ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌പ്ലോഷന്റെ കാലത്ത്, വിവരങ്ങളെ ആരെങ്കിലും ക്യൂറേറ്റ് ചെയ്തു കൊടുക്കേണ്ട സാഹചര്യമുണ്ട്. സാധാരണ ജനങ്ങള്‍ അതിന് പത്രങ്ങളെ ആശ്രയിക്കും. ഒപ്പം, ഈ വിവരങ്ങളെ അനലൈസ് ചെയ്തു കിട്ടുന്ന മാധ്യമങ്ങളെയും ജനങ്ങള്‍ വല്ലാതെ ആശ്രയിക്കും. ഈ രണ്ടു മേഖലകളിലും അറിവും വ്യക്തതയും അനലറ്റിക്കല്‍ ആയ പെര്‍സപ്ഷനും നിഷ്പക്ഷതയുമുള്ള പത്രങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടാകും. വിശ്വാസ്യതയാണ് ഇതില്‍ ഏറ്റവും paramount ആയിട്ടുള്ള കാര്യം. ന്യൂസ് ചാനലുകള്‍ക്കും ഇതേ കാരണങ്ങള്‍ കൊണ്ട് ഭാവിയുണ്ട്.
വലിയ സാധ്യതയാണ്; എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള വഴി.
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
Political Desk
Feb 19, 2021
1 Minutes Read
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
ഡോ. നിതിഷ് കുമാര്‍ കെ. പി. / മനില സി. മോഹന്‍
Feb 11, 2021
43 Minutes Watch
Abhilash
20 Aug 2020, 08:52 AM
Excellent insights from a seasoned journalist!