ജനം ഡിമാൻറ് ചെയ്യണം;
ഈ ഫോർമാറ്റ് പോരാ
ജനം ഡിമാൻറ് ചെയ്യണം; ഈ ഫോർമാറ്റ് പോരാ
ഇപ്പോള്‍ പാട്രിയാര്‍ക്കി, ഫാസിസം, bigotry മുതലായ കാര്യങ്ങള്‍ നമ്മുടെ ചുറ്റും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ജേണലിസം റീ ഇമാജിന്‍ ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇത് ലോകമെമ്പാടും എല്ലാവരും നേരിടുന്ന ഒരു ചോദ്യമാണ്- ദ ന്യൂസ് മിനിറ്റ് ഫൗണ്ടറും എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ സംസാരിക്കുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
ധന്യ രാജേന്ദ്രന്‍: രണ്ടുതരം മാധ്യമ വിമര്‍ശനമാണ് പൊതുവായി കാണുന്നത്. ഒന്ന്, മാധ്യമങ്ങള്‍ക്ക് പറ്റുന്ന തെറ്റ്, അത് ചൂണ്ടിക്കാട്ടുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. അത് ഫെയ്ക്ക് ന്യൂസ് ആവാം, ഒരുവാര്‍ത്ത പെട്ടെന്ന് കൊടുക്കുന്ന തിരക്കില്‍ തെറ്റായി കൊടുത്തതാവാം, അല്ലെങ്കില്‍ സോഴ്സ് ശരിക്കും പരിശോധിക്കാതെ രണ്ട് സോഴ്സിനോട് ചോദിക്കാതെ കൊടുത്തവാര്‍ത്തയാവാം. അത് കണ്ട് റിയാക്ട് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെ വിമര്‍ശനം രണ്ടുതരത്തിലായിരിക്കാം. ഒന്ന്, വളരെ ബാലന്‍സ്ഡ് ആയ വിമര്‍ശനം. രണ്ട്, ഇന്റര്‍നെറ്റില്‍ ആളുകളുടെ ഇടപെടല്‍ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ അത് അബ്യൂസിവാകാം, ഹരാസ് ചെയ്തേക്കാം. അല്ലെങ്കില്‍ വളരെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്ന ആളുകളുണ്ട്. ഇതാണ് ഒന്നാമത്തെ വിമര്‍ശനം. അതായത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനോടുളള പ്രതികരണം എന്ന രീതിയില്‍.
രണ്ടാമത്തെ വിഭാഗം മീഡിയ എന്തു ചെയ്താലും അത് ശരിയായാലും ശരി, തെറ്റായാലും ശരി അവരെ വിമര്‍ശിച്ചേ അടങ്ങൂ. അവരുടെ ക്രഡിബിലിറ്റിയെ ചോദ്യം ചെയ്ത് ആ ക്രഡിബിലിറ്റിയെ ഇല്ലാതാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍. ഇതില്‍ മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികളാണ്. ഉദാഹരണത്തിന് എത്രയോ വര്‍ഷങ്ങളായി, എനിക്കു തോന്നുന്നത് 2014ന് മുമ്പുതന്നെ ബി.ജെ.പി തുടങ്ങിവെച്ച പ്രചാരണമാണ് മാധ്യമങ്ങള്‍ക്ക് ക്രഡിബിലിറ്റിയില്ല, മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിക്കരുത് എന്ന ഒരു നരേറ്റീവ്. അതിപ്പോള്‍ പല സംസ്ഥാനങ്ങളിലും അവിടെയുള്ള
പ്രാദേശിക പാര്‍ട്ടികള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ആര്‍ക്കൊക്കെയാണോ മാധ്യമങ്ങളോട് പ്രശ്നം അവര്‍ മാധ്യമങ്ങളെ എതിര്‍ക്കാന്‍വേണ്ടി ക്രഡിബിലിറ്റി ക്രൈസിസ് ഉണ്ടാക്കുക. ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രവണതയല്ല, ലോകത്തില്‍ എല്ലായിടത്തും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. മീഡിയയുടെ ക്രഡിബിലിറ്റി ഒന്നടങ്കം ചോദ്യം ചെയ്യുക, ഒന്നടങ്കം മീഡിയയ്ക്ക് ക്രഡിബിലിറ്റി ഇല്ല എന്നു വരുത്തിവെയ്ക്കുക, അങ്ങനെയാണെങ്കില്‍ സത്യം റിപ്പോര്‍ട്ടു ചെയ്യുമ്പോഴും ജനങ്ങള്‍ സംശയിക്കും, ഇല്ല ഇവരെ വിശ്വസിക്കാന്‍ പറ്റില്ലയെന്ന്. ഡൊണാള്‍ഡ് ട്രംപ് മുതല്‍ ലോകമെമ്പാടുമുള്ള ഒരുപാട് നേതാക്കള്‍ ഇങ്ങനെ ചെയ്തുവരുന്നത് നമ്മള്‍ കാണുന്നുണ്ട്.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ജേണലിസ്റ്റുകള്‍ക്ക് എന്തെങ്കിലും പ്രിവിലേജ് ഉള്ളതായി എനിക്കു തോന്നുന്നില്ല. ചില കാര്യങ്ങളില്‍ നമ്മുടെ ഐഡി കാര്‍ഡ് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും നമുക്ക് മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ നമുക്ക് പ്രവേശനം ലഭിക്കും. രണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ചില പരിഗണനകള്‍ ലഭിക്കുന്നുണ്ട്, അത് ലാന്റ് ആയാലും വെഹിക്കിള്‍ പാസ്, ട്രെയിന്‍ ട്രാവല്‍ അങ്ങനെ ചിലതായാലും. അതല്ലാതെയുള്ള പ്രിവിലേജുകളെല്ലാം ജേണലിസ്റ്റുകള്‍ ഒന്നുകില്‍ they earn those പ്രിവിലേജസ്, അല്ലെങ്കില്‍ they take those privileges. എന്റെ അഭിപ്രായത്തില്‍ ഇത് ശരിയല്ല. അതായത് ഇല്ലാത്ത പ്രിവിലേജുകള്‍ ഉണ്ടാക്കാന്‍ നോക്കുന്നതും നേടിയെടുക്കാന്‍ നോക്കുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
ഒരു പോസ്റ്റ് ട്രൂത്ത് ലോകത്തില്‍ ന്യൂട്രാലിറ്റി അല്ലെങ്കില്‍ നിഷ്പക്ഷത എന്നത് നമ്മള്‍ റീ തിങ്ക് ചെയ്യേണ്ട ഒരു കാര്യമാണ്. ജേണലിസ്റ്റുകള്‍ നിഷ്പക്ഷരാണോ? അവര്‍ക്ക് ന്യൂട്രലായി ഇരിക്കാന്‍ പറ്റുമോ? എനിക്കു തോന്നുന്നത് പറ്റില്ലയെന്നാണ്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു സ്റ്റോറിയില്‍ പരമാവധി ന്യൂട്രലാവാന്‍ ശ്രമിക്കുകയാണ്. അതായത്, രണ്ടുവശത്തുനിന്നും അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് ആ രണ്ടുവശവും വായനക്കാർക്ക് മുമ്പില്‍ വെക്കുന്നു. തീരുമാനം എടുക്കാന്‍ വായനക്കാർക്ക് വിട്ടുകൊടുക്കുന്നു. എന്റെ ഒരു ഒപ്പീനിയനും ചേര്‍ക്കാതെ ഞാനൊരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ ഞാനൊരു ന്യൂട്രല്‍ ജേണലിസ്റ്റാണെന്ന് പറയാം. പക്ഷേ ഞാന്‍ പറയുന്നത്, ഒരു വാര്‍ത്ത എഴുതുന്നതിനു മുമ്പ് ഞാന്‍ ഏത് വാര്‍ത്തയെഴുതാന്‍ തെരഞ്ഞെടുക്കുന്നോ അതില്‍ തന്നെ എന്റെ ന്യൂട്രാലിറ്റി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എ, ബി, സി എന്നിങ്ങനെ മൂന്ന് സ്റ്റോറികളുണ്ടെങ്കില്‍ അതില്‍ എ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് എനിക്കു തോന്നുകയാണെങ്കില്‍ അവിടെ നിന്ന് തുടങ്ങുകയാണ് എന്റെ ബയാസ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍, വ്യക്തിയെന്ന നിലയില്‍, സ്ത്രീയെന്ന നിലയില്‍ എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് എനിക്ക് ഒരു പക്ഷമുണ്ടാവും. ആ പക്ഷംചേരലിന്റെ അടിസ്ഥാനത്തിലായിരിക്കാം ഞാന്‍ ആ സ്റ്റോറി റിപ്പോര്‍ട്ടു ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത്. അവിടെ തുടങ്ങും നമ്മുടെ പക്ഷം. നമ്മള്‍ ആ സ്റ്റോറിയെ എങ്ങനെ അവതരിപ്പിക്കുന്നു, എങ്ങനെ തുടങ്ങുന്നു ഇതില്‍ എല്ലാത്തിലും ബയാസ് തീര്‍ച്ചയായിട്ടും ഉണ്ട്. ബയാസ് പാടില്ലേ, എന്തുകൊണ്ട് പാടില്ല? ഇപ്പോള്‍ പാട്രിയാര്‍ക്കി, ഫാസിസം, bigotry മുതലായ കാര്യങ്ങള്‍ നമ്മുടെ ചുറ്റും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ജേണലിസം റീ ഇമാജിന്‍ ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇത് ലോകമെമ്പാടും എല്ലാവരും നേരിടുന്ന ഒരു ചോദ്യമാണ്. should be re- imagine the way we learnt and practiced journalism till now?
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ഏകദേശം 14 വര്‍ഷം മുമ്പ് ഞാനൊരു ടെലിവിഷന്‍ ജേണലിസ്റ്റ് ആയിരുന്നു. ഇന്ത്യയില്‍ അന്ന് ആദ്യമായി ഇംഗ്ലീഷ് ചാനലുകള്‍ നിറയെ വന്ന ഒരുകാലത്ത്, ആരംഭിച്ച ഇംഗ്ലീഷ് ചാനലില്‍ വര്‍ക്കു ചെയ്ത് തുടങ്ങിയ ആളാണ് ഞാന്‍. 2004-2005 കാലത്ത്, അതായത് ആദ്യത്തെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ചാനലുകള്‍ അല്ലാതെ കൂടുതല്‍ സാറ്റലൈറ്റ് ടെലിവിഷനുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ തീര്‍ച്ചയായും ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ചില ചാനലുകളുടെ മൊണോപ്പൊളി അന്നത്തോടെ അവസാനിച്ചു. ദല്‍ഹി അടിസ്ഥാനമാക്കിയുള്ള രണ്ട് മൂന്ന് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, അല്ലെങ്കില്‍ ചില സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്ന് മാത്രം വാര്‍ത്ത കൊടുത്തിരുന്ന ന്യൂസ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ള ന്യൂസ് ചാനലുകള്‍ ഈ മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ വാര്‍ത്തകള്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെടാന്‍ തുടങ്ങി. കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു, കൂടുതല്‍ വശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
കൂടുതല്‍ ടെലിവിഷന്‍ ചാനലുകള്‍ വന്നപ്പോള്‍ ചാനല്‍ എഡിറ്റര്‍മാര്‍ക്ക് രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ മനസിലായി, മാര്‍ക്കറ്റില്‍ നിലനില്‍ക്കണമെങ്കില്‍ എന്തു ചെയ്യണമെന്ന്. വെറും വാര്‍ത്തകള്‍ വായിച്ചോ വാര്‍ത്തകള്‍ പ്രസന്റ് ചെയ്തോ കാര്യമില്ല, മറ്റുള്ള ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കണമെങ്കില്‍, മാര്‍ക്കറ്റ് പിടിച്ചടക്കണമെങ്കില്‍, ഒരു ഒപ്പീനിയന്‍, ചാനല്‍ എന്തില്‍ വിശ്വസിക്കുന്നുവെന്ന് പറയേണ്ടത് അത്യാവശ്യമാണെന്ന് ചാനലുകള്‍ക്ക് തോന്നാന്‍ തുടങ്ങി. അങ്ങനെയാണ് ഡെമോക്രാറ്റൈസേഷന്‍ ഓഫ് ന്യൂസില്‍ നിന്ന് നമ്മള്‍ പോളറൈസേഷന്‍ ഓഫ് ന്യൂസിലേക്ക് കടന്നത്. പിന്നീടത് വലിയ ട്രെന്റായി. അതിപ്പോള്‍ ജേണലിസത്തെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആ ഒരു അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. അന്ന് തുടങ്ങിയ ധ്രുവീകരണം ഇപ്പോള്‍ വളരെ ശക്തമായി ഒരുവിധം എല്ലാ ചാനലുകളിലും തുടരുന്നു. ജേണലിസത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണിത്.
കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ന്യൂസ് ചാനലുകള്‍ ഒട്ടും മുന്നോട്ടു പോയിട്ടില്ല. അതായത് അന്നുണ്ടായിരുന്ന ടെക്നോളജി പോലെ തന്നെ, അന്നുണ്ടായിരുന്ന ഫോര്‍മാറ്റുകള്‍, എട്ടുമണിക്കുശേഷം നാലോ അഞ്ചോ ആറോ എട്ടോ ആള്‍ക്കാരെ സ്റ്റുഡിയോയില്‍ വിളിച്ച് സംസാരിപ്പിക്കുക, പറ്റുമെങ്കില്‍ അവരെ അങ്ങോട്ടും ഇങ്ങോട്ടും അടികൂടിപ്പിക്കുക, നിലവിളിക്കുക ആ ഒരു ഫോര്‍മാറ്റ്. എട്ടുമണിവരെ അഞ്ചോ ആറോ ന്യൂസ് സ്റ്റോറികള്‍ എല്ലാദിവസവും ഫോളോ ചെയ്യുക, തുടര്‍ച്ചയായി റിപ്പോര്‍ട്ടര്‍മാരുടെ ലൈവ്, അതായത് പലസമയവും വളരെ ഷാലോ ആയി, ഒരുകാര്യത്തിന്റെ ഗൗരവം
മനസിലാക്കാതെ, അതിന്റെ ചരിത്രം പ്രേക്ഷകര്‍ക്ക് പറഞ്ഞുകൊടുക്കാതെ വളരെ ഷാലോ ആയ ലൈവുകള്‍ കൊണ്ട് മാത്രം ബുള്ളറ്റിനുകള്‍ നിറക്കുന്ന പ്രവണതയാണ് ഇപ്പോഴുമുള്ളത്. ഇത്രയും വര്‍ഷമായിട്ടും ആ ഒരു ഫോര്‍മാറ്റ് മാറിയിട്ടില്ല. ടെലിവിഷന്‍ ചാനലുകളുടെ കാര്യത്തില്‍ കഴിഞ്ഞ ഏഴെട്ടുവര്‍ഷത്തില്‍ ഇന്ത്യ മുന്നോട്ടുപോയിട്ടില്ല. ഇപ്പോഴും ജനങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് ചാനലുകള്‍ മാറാന്‍ ജനങ്ങള്‍ ഡിമാന്റ് ചെയ്യേണ്ടതുണ്ട്. ഈ ഫോര്‍മാറ്റ് പോരാ, കുറേക്കൂടി ഗൗരവമായ ഫോര്‍മാറ്റ് വേണം എന്ന ആവശ്യം ജനങ്ങളില്‍ നിന്ന് വരാതെ ഇതുമാറുമെന്ന് എനിക്കു തോന്നുന്നില്ല.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
ഞാന്‍ മലയാളം മാധ്യമങ്ങളില്‍ അധികകാലം ജോലി ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
മാധ്യമരംഗത്ത് ലിംഗപരമായ അസമത്വം ഉണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും ഉണ്ട്. മാത്രമല്ല, ജാതി- മത അടിസ്ഥാനത്തിലുള്ള അസമത്വവും ഉണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി മാറ്റമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, മാധ്യമസ്ഥാപനങ്ങളില്‍ ധാരാളം സ്ത്രീകള്‍ ജോലിയെടുക്കാന്‍ തുടങ്ങി. ടെലിവിഷന്‍, വെബ്സൈറ്റ്, പ്രിന്റ് മീഡിയ ആയാലും സ്ത്രീകള്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. റീജ്യനൽ, ഇംഗ്ലീഷ്, ഹിന്ദി... ഏത് മീഡിയ എടുത്താലും എണ്ണത്തില്‍ വളരെ കൂടിയിട്ടുണ്ട്. പക്ഷേ ഇത് കോസ്മെറ്റിക് ചെയ്ഞ്ച് മാത്രമാണ്. ഉയര്‍ന്ന എഡിറ്റോറിയല്‍ നേതൃത്വമെടുത്താല്‍ അതില്‍ എത്ര ശതമാനം സ്ത്രീകളുണ്ട് എന്നത് നമുക്ക് അറിയാം. വളരെ ചെറിയ ശതമാനം മാത്രമാണ് എഡിറ്റോറിയല്‍ ലീഡര്‍ഷിപ്പില്‍ സ്ത്രീകള്‍ ഉള്ളത്. അതുകൊണ്ടുതന്നെ ന്യൂസ് റൂമുകളും ആ ന്യൂസ് കാണുന്ന ജെന്‍ഡറും ഈ കാരണംകൊണ്ട് ഇപ്പോഴും മാസ്‌കുലിന്‍ ആണ്.
റീജ്യനൽ മീഡിയകളില്‍ ഇപ്പോഴും പല സ്ഥലങ്ങളിലും ശമ്പളത്തിന്റെ കാര്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് കുറച്ചു ശമ്പളം കൊടുക്കുന്ന മീഡിയ ഹൗസുകള്‍ ഇപ്പോഴുമുണ്ട്. ഇതിനെക്കുറിച്ചെല്ലാം പല പഠനങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും വലിയൊരു ഇംപാക്ട് ഇത്രയും വര്‍ഷങ്ങളായി ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, ചില ബീറ്റ്സ്. പല പത്രമാധ്യമങ്ങളിലും ഒരുകാലത്ത് പൊളിറ്റിക്സ് എന്ന ബീറ്റ് സ്ത്രീകള്‍ക്ക് കൊടുക്കാറില്ലായിരുന്നു. അതൊരു സീരിയസ് ബീറ്റാണ്. അത് സ്ത്രീകള്‍ക്ക് കൊടുക്കാറില്ല. എപ്പോഴും ഹെല്‍ത്ത്, എഡ്യുക്കേഷന്‍, ഫീച്ചേഴ്സ് - ഇതൊന്നും, സീരിയസല്ലയെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഒരു മെയില്‍ കാഴ്ചപ്പാടില്‍ സീരിയസ് ആയിട്ട് കാണുന്ന ഒരു ബീറ്റാണ് പൊളിറ്റിക്സ്. പക്ഷേ ആ അവസ്ഥയില്‍ നിന്ന് ഒരുപാട് മാറി. കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വര്‍ഷമായി സ്ത്രീകള്‍ ഇതുപോലുള്ള ബീറ്റുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും എനിക്കു തോന്നുന്നു, ഇനിയും നമ്മള്‍ ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്. വലിയ ന്യൂസ് ഹൗസുകളില്‍ കൂടുതല്‍ സ്ത്രീകള്‍ എഡിറ്റോറിയല്‍ ലീഡര്‍ഷിപ്പ് സ്ഥാനത്തേക്ക് വരേണ്ടത് വളരെ പ്രധാനമാണ്.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുമേല്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനമുണ്ട്. സോഷ്യല്‍ മീഡിയ പലരീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. സോഷ്യല്‍ മീഡിയ ഒരു എക്കോ ചേമ്പറാണ്. ഒരാള്‍ക്ക് അല്ലെങ്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഒരു അഭിപ്രായമുണ്ടെങ്കില്‍, അവിടെ ആര്‍ക്ക് മസില്‍ പവറുണ്ടോ, അല്ലെങ്കില്‍ കൂടുതല്‍ പേര്‍ അവര്‍ക്കുവേണ്ടി ട്വീറ്റു ചെയ്യാനുണ്ടോ അല്ലെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റിടാനുണ്ടോ, അങ്ങനെ എക്കോ ചേമ്പറായി അല്ലെങ്കില്‍ ഒരേ അഭിപ്രായം പലര്‍ പങ്കുവെയ്ക്കുന്ന സ്ഥലമാണ് സോഷ്യല്‍ മീഡിയ. പലപ്പോഴും സോഷ്യല്‍ മീഡിയയിലെ എക്കോ ചേമ്പര്‍ പ്രഷര്‍ ടാക്ടിക്സ് ആയി മെയിന്‍ സ്ട്രീം മീഡിയയ്ക്കുമേല്‍ ഉപയോഗിക്കുകയാണ്.
അതായത്, സുശാന്ത് സിങ് രജപുത്തിന്റെ മരണം. ഈ കവറേജ് തന്നെ എനിക്കു തോന്നുന്നു, വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുവന്ന ഡിമാന്റാണ്. സുശാന്ത് സിങ്ങിന്റെ മരണം നാച്ചുറലല്ല, അതിനു പിന്നില്‍ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ കോണ്‍സ്പിരസി തിയറിയാണ് പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിലെ പല ചാനലുകളും ഏറ്റുപിടിച്ചത്. ചിലപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന്ഐഡിയകള് മെയിന്‍ സ്ട്രീം മീഡിയ എടുക്കും. ഒരു സ്റ്റോറിയുടെ ടോണ്‍ എന്തായിരിക്കണം, ഏത് രീതിയിലാണ് ആ സ്റ്റോറിയെ ഒരു മാധ്യമസ്ഥാപനം അപ്രോച്ച് ചെയ്യുന്നത്, അതുവരെ സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദ്ദം അനുസരിച്ച് തീരുമാനിക്കുന്ന ഒരുപാട് മാധ്യമ സ്ഥാപനങ്ങളുണ്ട്.
ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഞാന്‍ ചിന്തിക്കുന്നത് ഇതാണ്, എന്താണ് ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്, എന്താണ് ജനങ്ങള്‍ക്ക് അറിയേണ്ടത്, കാണേണ്ടത്, അല്ലെങ്കില്‍ ജനങ്ങളുടെ അഭിപ്രായം എന്താണ്... മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഇതെല്ലാം നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കാരണം, നമ്മള്‍ ഒരു ശൂന്യതയിലല്ല വര്‍ക്കു ചെയ്യുന്നത്. ഒരു സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. അതുകൊണ്ട് ആ സൊസൈറ്റി എന്തുവിചാരിക്കുന്നുവെന്ന് നമ്മള്‍ അറിയേണ്ടതാണ്. പക്ഷേ, നമ്മള്‍ അറിയേണ്ട മറ്റൊരു കാര്യം, സൊസൈറ്റിയെന്നത് ന്യൂട്രല്‍ അല്ല. അവര്‍ ഉണ്ടാക്കുന്ന ഈ ഒപ്പീനിയന്‍ എത്രത്തോളം ഫാബ്രിക്കേറ്റഡായേക്കാം എന്നും നമ്മള്‍ തിരിച്ചറിയണം. എന്താണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്, എന്താണ് ട്രന്റ് എന്നൊക്കെ മനസിലാക്കാന്‍ നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണം. പക്ഷേ നമ്മുടെ ജേണലിസം എന്താണെന്ന് ഒരിക്കലും സോഷ്യല്‍ മീഡിയ തീരുമാനിക്കരുത്. എന്ത് സ്റ്റോറി ചെയ്യണമെന്ന് ഒരുപക്ഷേ നമുക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മനസിലാക്കാം. ആ സ്റ്റോറി എങ്ങനെ ചെയ്യണം, ഏത് രീതിയില്‍ അവതരിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്ന കാലത്ത് നിങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം നഷ്ടപ്പെടും.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
വായിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ പലപ്പോഴും അതിന് സമയം കിട്ടാറില്ല. ഈയിടെ ഞാന്‍ വായിച്ച രണ്ട് പുസ്തകങ്ങളും മീറ്റൂ മൂവ്മെന്റിനെക്കുറിച്ചുള്ളതാണ്. ഒന്ന് She said എന്ന പുസ്തകം. മറ്റൊന്ന് റോണന്‍ ഫാരോവിന്റെ Catch and Kill.
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
ഡോ. നിതിഷ് കുമാര്‍ കെ. പി. / മനില സി. മോഹന്‍
Feb 11, 2021
43 Minutes Watch
Jisha Elizabeth
18 Aug 2020, 07:54 PM
ധന്യയുടേതു വളരെ കൃത്യമായ നിരീക്ഷണം. സോഷ്യൽ മീഡിയയിൽ പ്രബലമായ പല പാർട്ടികളുണ്ട്. മാസ് ആയി,ഒരേ വിഷയം ഒരേ സമയം നിരവധി പ്രൊഫൈലുകളിൽ നിന്നും പോസ്റ്റ് ചെയ്യിക്കാൻ ബോട്ട് സംവിധാനം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളും ഉണ്ട്. ഇന്ത്യയിൽ ഫേസ് ബുക്ക് വംശീയ / വർഗ വിദ്വേഷത്തിന് കുടപിടിക്കുന്നു എന്ന വാർത്ത ഫേസ്ബുക്കിന്റെ മുൻ ജീവനക്കാരെ ഉദ്ധരിച്ചു കൊണ്ട് , അടുത്തിടെ വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ചിരുന്നു. അതായതു അനുകൂലമായ അഭിപ്രായ രൂപീകരണം നടത്താൻ കുത്തക സാമൂഹിക മാധ്യമം ഇന്ത്യൻ സർക്കാരിനെ സഹായിക്കുന്നു എന്നത് ഞെട്ടിപ്പിക്കേണ്ട കാര്യമാണ്. ഇക്കാര്യം സോഷ്യൽ മീഡിയകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് വഴി നേരത്തെ മനസിലായ കാര്യമാണ്. അത് കൃത്യമായ തെളിവുകളോടെയും ബൈറ്റുകളിലൂടെയും വാൾ സ്ട്രീറ്റ് ജേർണൽ ഇപ്പോൾ പ്രസിദ്ധീകരിച്ചുവന്നു മാത്രം. വാട്സ് ആപ് കേശവൻമാമന്മാർക്കു ഒട്ടും പഞ്ഞം ഇല്ലാത്ത നാട്ടിൽ, ഏതെങ്കിലും തല്പര കക്ഷികൾ ഫാബ്രിക്കേറ്റഡ് അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നു എന്നത് അതീവ ഗൗരവകരമായ കാര്യമാണ്. അത്തരം ഫാബ്രിക്കേറ്റഡ് അഭിപ്രായമുള്ള സോഷ്യൽ മീഡിയയെ ആശ്വസിപ്പിക്കാനും അവരുടെ ക്ലിക്കുകളെ പണമാക്കി മാറ്റാനും മാത്രം ജേർണലിസത്തേ ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാർ എണ്ണം കൂടി വരുന്ന കാലത്തു, കാലിൽ ചങ്ങലപ്പൂട്ടുള്ള നിലവിലെ മുഖ്യധാരയിൽ വലിയ പ്രതീക്ഷ വച്ച് പുലർത്തരുത്. മാധ്യമപ്രവർത്തകർ വെറും തൊഴിലാളികളും കോർപറേറ്റ്/ ചങ്ങാത്ത മുതലാളിത്ത സ്ഥാപനങ്ങൾ അവരുടെ മുതലാളിയും ആകുന്ന കാലത്ത് ഒട്ടും പ്രിവിലേജ് ഇല്ലാത്ത മാധ്യമപ്രവർത്തകൻ എന്ന വ്യക്തിയുടെ പേനക്കോ ക്യാമറക്കോ പ്രസക്തി ഇല്ല. അവിടെയാണ് ധന്യയുടെ നേതൃത്വത്തിൽ ഉള്ളത് പോലെയുള്ള മാധ്യമങ്ങൾ പ്രസക്തമാകുന്നത്.