കോവിഡ് കാലത്ത്
മുടങ്ങരുത്, ഈ കുട്ടികളുടെ
ചികിത്സ
കോവിഡ് കാലത്ത് മുടങ്ങരുത്, ഈ കുട്ടികളുടെ ചികിത്സ
ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയെയും റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും കോവിഡ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളും ഇവരെ ചികിത്സിക്കുന്നവരും ഒരുപോലെ പറയുന്നു
16 Jun 2021, 11:49 AM
""ഒരു ദിവസം മകന് ഫിറ്റ്‌സ് വന്നപ്പോള്‍ ഞങ്ങള്‍ ആകെ ടെന്‍ഷനിലായി. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അവിടെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവുമില്ല. ഫോണ്‍വഴിയുളള നിര്‍ദേശമാണ് കിട്ടിയത്. ഡോക്ടര്‍ രോഗിയെ കാണാതെങ്ങനെയാ''; കോഴിക്കോട് സ്വദേശിയായ സെറിബ്രല്‍ പാള്‌സി ബാധിച്ച പതിനാലുവയസുകാരന്റെ അമ്മയുടെ വാക്കുകളാണിത്. ഭിന്നശേഷിക്കാരായ കുട്ടികളുള്ള പല കുടുംബങ്ങള്‍ക്കുമുണ്ടാവും ലോക്ക്ഡൗണ്‍ കാലത്ത് ആകെ പാനിക്കായിപ്പോയ ഇത്തരം നിമിഷങ്ങളെക്കുറിച്ച് പറയാന്‍. ഇവരുടെ ചികിത്സയെയും റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും കോവിഡ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളും ഇവരെ ചികിത്സിക്കുന്നവരും ഒരുപോലെ പറയുന്നത്.

പ്രധാനപ്പെട്ട മൂന്നിനം തെറാപ്പികളാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നത്. സംസാരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സ്പീച്ച് തെറാപ്പി, ഫിസിക്കലായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി, ഇന്റലക്ച്വല്‍ ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്കും മറ്റും അവരുടെ തലച്ചോറിനെയും ശരീരഭാഗങ്ങളെയും കണക്ട് ചെയ്ത് കൊണ്ടുവരാന്‍ ചെയ്യുന്ന ഒക്യുപേഷണല്‍ തെറാപ്പി (Occupational therapy) എന്നിവ.
ഈ മൂന്ന് തെറാപ്പികളും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി സ്ഥിരമായി നല്‍കിക്കൊണ്ടിരുന്നതാണ്. എന്നാല്‍ കോവിഡ് കാലമായതോടെ പലപ്പോഴും ഇത് മുടങ്ങുന്ന സ്ഥിതിയുണ്ടായെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം തിങ്കിനോടു പറഞ്ഞു. ""കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടികളേയും കൊണ്ട് തെറാപ്പി കേന്ദ്രങ്ങളിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയുണ്ട്. തെറാപ്പികള്‍ ചെയ്തു തുടങ്ങിയാല്‍ അത് തുടര്‍ച്ചയായി ചെയ്യണം. ഇല്ലെങ്കില്‍ തെറാപ്പികളിലൂടെ നേടിയെടുത്ത കപ്പാസിറ്റി നഷ്ടപ്പെടും. വീണ്ടും ആദ്യത്തേതില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയുണ്ടാവും.''

കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം മുതല്‍ യാത്രാ പ്രശ്‌നങ്ങളും കോവിഡ് പടരുമോയെന്ന ഭീതിയുമൊക്കെ ഇത്തരം തെറാപ്പികള്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്. ഏതാണ്ട് ഒരുവര്‍ഷമായി കുട്ടിയെ തെറാപ്പികള്‍ക്കായി കൊണ്ടുപോകാന്‍ പറ്റിയിട്ടില്ലയെന്നാണ് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച നാലാം ക്ലാസുകാരിയുടെ രക്ഷിതാവ് തിങ്കിനോട് പറഞ്ഞത്; "കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം തെറാപ്പി സെന്ററിലേക്ക് കുട്ടിയെ കൊണ്ടുപോയി തെറാപ്പി ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് അവളുടെ ഉപ്പ നാട്ടിലുള്ള സമയത്ത് സ്വന്തമായി വണ്ടിയുള്ളതുകൊണ്ട് കൊണ്ടുപോയി. ഉപ്പ തിരിച്ചുപോയപ്പോള്‍ ഓട്ടോയൊക്കെ വിളിച്ച് കൊണ്ടുപോകാനുള്ള പ്രയാസവും പേടിയും കാരണം കൊണ്ടുപോയില്ല. മോളിപ്പോള്‍ നാലാംതരത്തിലാണ്. ആ ഒരു ലെവലിലുള്ള മറ്റു കുട്ടികളുടെയത്ര അവര്‍ക്ക് ഉയരാനാവില്ല. എങ്കിലും മാക്‌സിമം ട്രെയിനിങ് കൊടുത്തിട്ടുണ്ടെങ്കില്‍ കുറച്ചുകൂടി അവരെ ഉയര്‍ത്താന്‍ പറ്റും.''
സ്ഥിരമായി തെറാപ്പികള്‍ ആവശ്യമുള്ള കുട്ടികള്‍ അത് ചെയ്യാതെയാവുന്നത് വലിയ തോതില്‍ ബാധിക്കുമെന്ന് ഇത്തരം കുട്ടികള്‍ക്ക് തെറാപ്പികള്‍ നല്‍കിവരുന്ന കൊയിലാണ്ടിയിലെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള നെസ്റ്റിലെ സോഷ്യല്‍ വര്‍ക്കറായ അമൃത തിങ്കിനോടു പറഞ്ഞു. ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്ന് ഇവിടെ തെറാപ്പികള്‍ ചെയ്തിരുന്നവരില്‍ ചിലര്‍ ഇതിനടുത്ത് താമസിച്ച് തെറാപ്പികള്‍ തുടരുകയാണ് ചെയ്യുന്നത്. സ്വന്തമായി വാഹനമുള്ളവര്‍ അങ്ങനെയും വരുന്നുണ്ട്. ഇവിടെ ട്രീറ്റ്‌മെന്റിനായി വരുന്നവര്‍ക്ക് യാത്രചെയ്യാനായി ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും കുറച്ചുപേര്‍ക്ക് ഇപ്പോഴും തെറാപ്പികള്‍ തുടരാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ""വാഹനങ്ങളില്ലാത്ത ബുദ്ധിമുട്ടാണ് ഒരുപാട് പേര്‍ക്കുള്ളത്. ആ ഏരിയ കണ്ടയ്ന്‍മെൻറ് സോണാണെങ്കിലുമൊക്കെ അതുപോലുള്ള കാരണങ്ങള്‍ കൊണ്ടാണ് കുറച്ചുപേര്‍ വരാതിരിക്കുന്നത്. വരാന്‍ കഴിയാത്തവരെ ഫോണില്‍ വിളിച്ച് ഫോളോ അപ് ചെയ്യുകയും രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്''; അമൃത പറഞ്ഞു.
ഇത്തരം കുട്ടികള്‍ക്ക് ഫോണ്‍വഴി കൗണ്‍സിലിങ് നടത്താന്‍ ടെലി റിഹാബ് എന്ന പരിപാടിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ വിദഗ്ധരായിട്ടുള്ള സൈക്കോളജിസ്റ്റ് തെറാപ്പിസ്റ്റ് എന്നിവരുടെ കൗണ്‍സിലിങ് കുട്ടികള്‍ക്ക് ഫോണിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഏറെ വിജയകരമായി ഇത് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതിന്റെ ഭാഗമായി വീട്ടില്‍ നിന്ന് എങ്ങനെ തെറാപ്പി നല്‍കാനാമെന്ന നിര്‍ദേശം രക്ഷിതാക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇത് കോഴിക്കോട് ജില്ലയില്‍ മാത്രമേയുള്ളൂ. കൗണ്‍സിലിങ് സെന്ററുകളിലേക്ക് കുട്ടികളെ കൊണ്ടുപോയി ചെയ്യുന്നത്ര ഗുണകരമല്ല ഫോണിലൂടെയുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള തെറാപ്പിയെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. നേരിട്ട് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് കുറച്ചുകൂടി താല്‍പര്യമുണ്ടാവുമെന്നും അവര്‍ പറയുന്നു.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഫിസിയോതെറാപ്പിക്കായി എത്തിയിരുന്ന കുട്ടികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞെന്നാണ് ഫിസിയോതെറാപ്പിസ്റ്റായ ഫൗസന്‍ തിങ്കിനോടു പറഞ്ഞത്. ഇത്തരം കുട്ടികള്‍ പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരായതിനാല്‍ പുറത്തിറങ്ങിയാല്‍ കോവിഡ് പടരുമോയെന്ന ഭയം ചികിത്സ നിര്‍ത്തിവെക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ യാത്ര സൗകര്യങ്ങളുടെ പ്രശ്‌നവും തെറാപ്പികള്‍ തുടരുന്നതിന് തടസമായെന്ന് അദ്ദേഹം പറയുന്നു.
""ഫിസിയോ തെറാപ്പിയുടെ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നാല്‍ നല്ല ഇംപ്രൂവ്‌മെന്റുണ്ടാകും. ചെയ്തിട്ടില്ലെങ്കില്‍ അതിന്റേതായ വീക്ക്‌നസുമുണ്ടാകും. ചിലഭാഗങ്ങള്‍ തീരെ ഇളകിയിട്ടില്ലെങ്കില്‍ അവിടെ മസില്‍സും ജോയിന്റ്‌സുമൊക്കെ ടൈറ്റാവും. ഫോണില്‍ പാരന്റ്‌സിനു നിര്‍ദേശം കൊടുക്കുന്നത് കുറച്ചൊക്കെ എഫക്ടീവാണ്. എന്നാല്‍ ഒരു ഫിസിയോ നേരിട്ട് കൈവെക്കുന്നത്ര ഗുണകരമാകില്ല ഇത്. കാരണം കുറേകാര്യത്തില്‍ പരിമിതികളുണ്ട്. പാരന്റ്‌സിനു പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അവര്‍ക്ക് പറഞ്ഞുകൊടുത്ത് അവര് ട്രൈ ചെയ്താല്‍ തന്നെ ചിലപ്പോള്‍ പരിക്കുകള്‍ ഉണ്ടാവാനിടയുണ്ട്. ''

ചില കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഇത്തരം തെറാപ്പികള്‍ നല്‍കുന്നുണ്ട്. പക്ഷേ നെറ്റുവര്‍ക്ക് കവറേജും മറ്റും പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ടെന്നാണ് ഫൗസന്‍ പറയുന്നത്; ‘‘തെറാപ്പികള്‍ നിന്നുപോകാതിരിക്കാന്‍ ചിലര്‍ക്ക് ഓണ്‍ലൈനായി ചികിത്സ നല്‍കിയിരുന്നു. ഗ്രാമീണ മേഖലയില്‍ നെറ്റുവര്‍ക്ക് കവറേജ് വലിയ ബുദ്ധിമുട്ടുണ്ട്. ഒരു രോഗിക്ക് 40 മിനിറ്റ് 45 മിനിറ്റ് വരെ വേണ്ടിവരും. നെറ്റുവര്‍ക്ക് പ്രശ്‌നം കൊണ്ട് ഇത് തുടരാന്‍ പറ്റാത്ത അവസ്ഥയുണ്ട്.’’
രക്ഷിതാക്കള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന
കുട്ടികളെയും കൊണ്ട് പുറത്തിറങ്ങിയാല്‍ കോവിഡ് ബാധിക്കുമോയെന്ന ഭയമാണ് പല കുടുംബങ്ങളെയും തെറാപ്പികള്‍ തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച പ്രധാന കാരണം. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളാണ് പലരും. ഇടയ്ക്കിടെ അസുഖം വരുന്ന ഇവരെ ആശുപത്രികളില്‍ കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോഴും പേടിയുണ്ട്. പലരും ഫോണ്‍വഴിയും മറ്റും സഹായം തേടുകയാണുണ്ടായത്. കിടപ്പുരോഗികളായ കുട്ടികള്‍ക്കുവേണ്ടി തെറാപ്പിസ്റ്റുകളെ വീട്ടിലേക്ക് എത്തിച്ച് ചികിത്സ നടത്തിയിരുന്നവരും കോവിഡ് വ്യാപനഭയം കാരണം അത് നിര്‍ത്തി. വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമായിരുന്നെന്നും അത് ചെയ്യാതിരുന്നത് ഈ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ചെയ്ത ദ്രോഹമാണെന്നും സെറിബ്രല്‍ പാഴ്‌സി ബാധിച്ച കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
""സ്ഥിരമായി ഞാനും ആഴ്ചയില്‍ രണ്ടുദിവസം തെറാപ്പിസ്റ്റിനെ വീട്ടില്‍ വരുത്തിയുമാണ് മകനുവേണ്ടി തെറാപ്പി ചെയ്തിരുന്നത്. കോവിഡ് വന്നതോടെ തെറാപ്പിസ്റ്റിനെ വീട്ടില്‍ വരുത്താന്‍ ഭയമായി. മകനുമായി അടുത്ത് ഇടപഴകുന്നതിനാല്‍ എനിക്കും പുറത്തുപോകാന്‍ ഭയമാണ്. മകനെ എഴുന്നേല്‍പ്പിക്കാനും മറ്റും സഹായത്തിന് ആരെയും വിളിക്കാനാവാത്ത അവസ്ഥയായിരുന്നു. ജോലിക്കു പോകുന്നവരുടെ കാര്യമാണ് ഇതിലും കഷ്ടം. അതിനാല്‍ തീര്‍ച്ചയായും ഇവരെക്കൂടി വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.''
ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ട്
സാമ്പത്തിക ബുദ്ധിമുട്ട് വലിയൊരളവില്‍ ഇത്തരം കുട്ടികളുടെ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഇതിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. തെറാപ്പി സെന്ററുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ വീട്ടില്‍ ഉറപ്പുവരുത്തി ചികിത്സ തുടരുകയെന്നത് പല കുടുംബങ്ങള്‍ക്കും സാധിക്കാത്ത കാര്യമാണ്. സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഇത്തരം കുട്ടികളാണ് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ദുരിതം ഏറ്റവുമധികം പേറുന്നത്. കോവിഡ് പ്രതിസന്ധിയ്ക്കിടയില്‍ ചികിത്സ തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായവരെ കണ്ടെത്തി അവരുടെ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കി എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
Think
Mar 22, 2023
4 Minutes Read
ഡോ. മനോജ് തേറയില്‍
Mar 05, 2023
24 Minutes Listening
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read
ലീനാ തോമസ് കാപ്പന്‍
Feb 16, 2023
8 minutes read