ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 21 (തുടർച്ച): 1608E അപ്പാർട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

ണുപ്പേറ്റ് എഴുന്നേറ്റിരുന്ന മേരിയുടെ രോമഭാജികൾ മരവിച്ചു.
മേരി വിളറി വെളുക്കുന്നത് കണ്ട് സോളമൻ പുസ്തകം തിരയുന്നത് അവസാനിപ്പിച്ച് കയ്യിൽ കിട്ടിയ ഒന്നിലെ കടലാസു അടർത്തി സിഗററ്റ് ലൈറ്ററാൽ തീ കൊടുത്തു. അണഞ്ഞുപോയെങ്കിലും ആളിക്കത്തുംവരെ അയാൾ ആ പ്രവൃത്തി ആവർത്തിച്ചു. ചൂടേറ്റ് മേരി ഉണർന്നു.
സോളമൻ മരത്തടിയിൽ തീർത്ത പുസ്തകയലമാര ഇളക്കിയെടുത്ത് തീകൂട്ടുവാൻ ശ്രമിക്കുകയായിരുന്നു.
​അണഞ്ഞുപോകുവാൻ ആയുമ്പോഴെല്ലാം പുസ്തകങ്ങളിലെ കടലാസ് കീറിയെടുത്ത് തീയെ ആളിച്ചെടുത്തു.

"അത് ഷാൺ-പോൾ സാർത്രിന്റെ പുസ്തകമാണ്'
"ആരാണ്'
"തത്വചിന്തകൻ. ധാരാളം ആളുകളെ ആശയക്കുഴപ്പത്തിൽ എത്തിച്ച മനുഷ്യനാണ്'.
സോളമൻ അതിൽ നിന്നും കടലാസ് കെട്ട് കീറിയെടുത്ത് തീയിലേക്ക് എറിഞ്ഞു.
"എന്നിട്ടും സാധാരണ പുസ്തകം പോലെത്തന്നെ അതിന്റെ തീ'
"വാക്കുകൾ കൊണ്ട് ഏറെ ആളുകളുടെ മനസ് ജ്വലിപ്പിച്ച ആളാണ്' സോളമൻ ആ പുസ്തകം മേരിക്കെറിഞ്ഞു കൊടുത്ത് മറ്റൊന്നിലേക്ക് നീങ്ങി.
"അത് കാറൽ മാർക്‌സ് ആണ്'
"മറ്റത് ദസ്തയോവ്‌സ്‌ക്കിയാണ്'
"ഇപ്പോളെടുത്തത് ചെഖോവ്'
"എങ്കിൽ പ്രാധാന്യമില്ലാത്ത പുസ്തകങ്ങൾ എടുത്ത് തരൂ'
സോളമനു ക്ഷമ നശിക്കുന്നുണ്ടായിരുന്നു.
"ഇവിടെ അപ്രധാനമായത് നമ്മൾ മാത്രമാണ്'.
വിറകുപോലെ ദേഹം മഴുവിനാൽ കൊത്തിക്കീറി നെരിപ്പോടിലേക്ക് വച്ചു കൊടുക്കുവാനെന്ന വണ്ണം അവരിരുവരും പരസ്പരം അവയവങ്ങളെ നോക്കി നിന്നു. എരിയുവാനായി മാംസം തുടിച്ചു. നാക്കു നീട്ടി തീനാളങ്ങൾ മാംസത്തിനായി കൊതിച്ചു. എന്നാൽ വിശപ്പിനു മുൻപിൽ ആത്മാഭിമാനം, ഭയത്തിനു മുൻപിൽ കാമം എന്ന പോലെ മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾക്കു മുൻപിൽ ബൗദ്ധികതയും അറിവും താമസമില്ലാതെ തലതാഴ്ത്തി. പുസ്തകങ്ങളുടെ ചെറിയൊരു കൂന ഒരു പിടി ചാരത്തിലേക്ക് സഞ്ചരിച്ചു. വഴിയുടെ ഊഷ്മളതയിൽ മേരിയും സോളമനും കഥാപാത്രങ്ങളും കൈകൾ ചൂടാക്കി.

ഓരോ പുസ്തകം തീകുണ്ഠത്തിലേക്കെറിയുമ്പോഴും മേരിയുടെ ഒഴിഞ്ഞ ഹൃദയത്തിൽ കനലെരിഞ്ഞു. അക്ഷരങ്ങളുടെ ജ്വലനം നിസ്സഹായയായി അവൾക്ക് നോക്കിനിൽക്കേണ്ടി വന്നു. അതിനുള്ളിൽ നിന്നും കഥാപാത്രങ്ങൾ അവളെ നോക്കി കൈ നീട്ടി. കടലാസുകൾക്കുള്ളിൽ കാറ്റിൽ ചില്ലകളാട്ടി പക്ഷികൾക്കും അണ്ണാനും വീട് നൽകിയ മരങ്ങൾ. അവർ സ്വയം കൊളുത്തിയ വെളിച്ചത്തിൽ പുസ്തകം വായിച്ചും വാക്കുകളെ എരിച്ചും ദുഃഖിതയായ സ്ത്രീയുടെ അപൂർണമായ കഥ ശുഭാന്ത്യത്തിലൂടെ പൂർത്തിയാക്കുവാൻ ശ്രമിച്ചും ആ രാത്രിയവർ താണ്ടി.
രാവിലെ ഗ്രന്ഥശാലാധികാരി വാതിലുകൾ തുറന്ന മാത്രയിൽ ഉറക്കത്തിൽ നിന്നും ഉണർന്ന മേരിയും സോളമനും കഥാപാത്രങ്ങളെ തിരഞ്ഞ്, കാണാതായതിൽ നിരാശപ്പെട്ട് , ചാരമായിപ്പോയ ഒരു പിടി എഴുത്തുകാരെ അവഗണിച്ച് ലൈബ്രറിയിൽ നിന്നും ഇറങ്ങിയോടി. അപ്പോൾ അവരുടെ നഗരത്തിൽ മഞ്ഞുകാലം വന്നു.

സോളമനു ജോലി നഷ്ടമായതിൽ പിന്നെ ചിലവ് നിയന്ത്രിക്കുവാനായി വാടക കുറഞ്ഞ കെട്ടിടത്തിലേക്ക് താമസം മാറുവാൻ അവർ തീരുമാനിച്ചു. നാലാം നിലയിലെ പ്രാവുകളുടെ കൊഴിഞ്ഞ ഇളം പൂടകൾക്കിടയിൽ ഒരു മുറി ഒരു കുളിമുറി അപ്പാർട്ട്‌മെന്റിലേക്ക് മേരിയും സോളമനും ബാഗുകളുമായി കയറിച്ചെന്നു. പുസ്തകശാലയിൽ ജോലി നോക്കിയിരുന്ന മേരിയുടെ ശമ്പളമായിരുന്നു വാടകയ്ക്കും മറ്റ് ചിലവുകൾക്കുമായി ആ സമയം ഉപയോഗിച്ചിരുന്നത്. പുസ്തകങ്ങളിലെ പഴയതിനെയും പുതിയതിനെയും മണങ്ങളുടെ അടിസ്ഥാനത്തിൽ വേർത്തിരിച്ചറിയുന്നതിനു മേരി അപ്പോഴേക്കും പഠിച്ചുകഴിഞ്ഞിരുന്നു. ജോലി ഇല്ലാതിരുന്നതിനാൽ സോളമൻ മിക്കവാറും ഉപഗ്രഹം പോലെ മേരിക്കുചുറ്റും സ്‌നേഹവുമായി കറങ്ങിക്കൊണ്ടിരുന്നു. മുറിയുടെ അസൗകര്യം അതിനൊരു തടസമൊന്നുമായില്ല. ഒരു മൂലയിലിരുന്ന് മേരി ഉപ്പേരി കുത്തിക്കാച്ചിയപ്പോൾ ഇങ്ങേ മൂലയിലിരുന്ന് സോളമൻ ചുമച്ച് ചുമച്ച് കുരച്ചു. സോളമൻ മൂത്രമൊഴിക്കുന്ന ശബ്ദത്തിലേക്ക് കാതു കൂർപ്പിച്ചതിനാൽ പച്ചക്കറി അരിയുന്നതിനിടെ മേരിയുടെ വിരൽ മുറിഞ്ഞു. ഒരാൾക്ക് കിടക്കുവാൻ സൗകര്യമുള്ള കിടക്കയിൽ കിടന്ന് സോളമൻ താഴേക്ക് തുപ്പിയ ഓറഞ്ച് കുരുക്കൾ പുൽമേടുകളിലെ കാറ്റിൽ ഉലയാതെ നിൽക്കുന്ന കമ്പിളിയാടുകൾ പോലെയോ അവർ സിനിമാ തിയേറ്ററിലെ ഇരുട്ടിലേക്ക് തട്ടിത്തെറിപ്പിക്കുന്ന ചോളപ്പൊരികൾ പോലെയോ കിടന്നു. ആ അപ്പാർട്ടുമെന്റിലെ അവരുടെ ഏകയാശ്വാസം കുളിമുറിയിൽ ഘടിപ്പിച്ചിരുന്ന, സ്വമേധയാ ചൂടുവെള്ളം നിറയുന്ന ബാത്ത് ടബ്ബായിരുന്നു. ഒറ്റക്കിടക്കയിൽ ദിവസേനയെന്നോണം മാറ്റി വിരിക്കും നീല ബെഡ് ഷീറ്റുകൾ പോലെ ബാത്ത് ടബ്ബിൽ കടൽത്തിരമാലകൾ, അതിൽ മുങ്ങി നിവരും പൊങ്ങുതടികളെന്നോണം സെമിത്തേരി ഗേറ്റുകളെപ്പോലെ മരണം കൊണ്ട് കൈ കോർത്ത് ബാത്ത് ടബ്ബിൽ സോളമനും മേരിയും മുങ്ങി നിവർന്ന് കിടന്നു. ചിലപ്പോൾ ചൂടുവെള്ളത്തിന്റെ ഇടയ്ക്ക് പച്ചവെള്ളത്തിന്റെ പുതപ്പുകൾ അവർ മാറി മാറി പുതച്ചു. അതിനുള്ളിൽ അവർ ഒളിച്ചു. തലക്കു മുകളിലൂടെ പുതപ്പ് വലിച്ചിട്ട് ഇടയ്ക്കിടെ അവർ കുശുകുശുത്തു.
സോളമൻ: നമ്മൾ പുതപ്പിനുള്ളിൽ കിടക്കുമ്പോൾ പുറത്തുള്ള ആരോ നമ്മളെ നോക്കി നിൽക്കുന്നതു പോലെ.

മേരി: റോഡ് സൈഡിലുള്ള പഴച്ചാറു വിൽപ്പനക്കാരനാണോ?
സോളമൻ: അന്ന് കരിമ്പിൻ ചാറ് നാരങ്ങയ്ക്കും ഇഞ്ചിയ്ക്കുമൊപ്പം പിഴിഞ്ഞു നൽകിയ ആളോ?
മേരി: അതേ. അയാൾ കരിമ്പ് പിഴിയുന്നത് അയാളുടെ കക്ഷങ്ങൾ വച്ചിട്ടാണ്. പഴങ്ങളുമതേ.
സോളമൻ: ബ്ലാ
മേരി : ബ്ലാ
സോളമൻ: നിന്റെ ഈ നനുത്ത മീശയുണ്ടല്ലോ അതൊരു കുതിരയുടെ വാലാണ് പ്രാണികളും ഈച്ചകളും വന്നിരിക്കുമ്പോൾ സ്വയം ആട്ടിയോടിച്ചു കളയുവാൻ തക്ക നിയന്ത്രണമുള്ള അവയവം.
മേരി തന്റെ മീശ തൊട്ടുനോക്കി
സോളമൻ: നമ്മളെ ഒരു അനാക്കോണ്ട വിഴുങ്ങിയതു പോലെ ഇല്ലേ? പുതപ്പ് അതിന്റെ വയറ്. നമ്മൾ ഈ പാമ്പിനുള്ളിൽ താമസിക്കും. നമുക്ക് കുട്ടികൾ ഉണ്ടാകും. അവരും ഇതിനുള്ളിൽ താമസിക്കും.
മേരി: വേണ്ട. പാമ്പ് പടം പൊഴിക്കുന്ന ദിവസം സൂത്രത്തിൽ നമുക്കവരെ പുറത്ത് വിടണം. ഇതിനുള്ളിൽ നമ്മൾ മാത്രം മതി. പിന്നെ വേറൊരു കാര്യം. എനിക്ക് മക്കളായിട്ട് രണ്ട് പൂച്ചക്കുട്ടികളെയും ഒരു ആനക്കുട്ടിയെയും മതി.
സോളമൻ മേരിയുടെ കൈകളിലെ ടാറ്റൂ പരിശോധിക്കുകയായിരുന്നു. കഴുത്തിലെയും നട്ടല്ലിലെയും ആകൃതികൾ അവൾ അയാൾക്ക് കാണിച്ചുകൊടുത്തു. അയാളതിൽ തടവി.
മേരി: എന്തോ വലിയൊരു അപകടം ഉണ്ടാകാൻ പോകുന്നതുപോലെ. ആരോ എന്നെ വിഷമിപ്പിക്കുവാൻ പോകുന്നതുപോലെ.
സോളമൻ: കരിമ്പിൻ ജ്യൂസ് കഴിക്കുവാൻ റോഡ് മുറിച്ചുകടക്കുന്ന ദിവസം അപകടത്തിൽപ്പെട്ട് നീ കോമയിലാകും. നിന്റെ കാമുകന്മാർ വരും. ബന്ധുക്കൾ വരും കൂട്ടുകാർ വരും. ആപ്പിളും ഓറഞ്ചും കൊണ്ട് കൂടകൾ നിറയും.
മേരി: നമുക്കതെല്ലാം പഴക്കച്ചവടക്കാരനു കുറഞ്ഞ വിലയ്ക്ക് മറിച്ചുവിൽക്കാം.
സോളമൻ: പഴങ്ങൾ തന്നവരെല്ലാം വന്ന് കരഞ്ഞുവിളിക്കും.
മേരി: എന്നെ ആർക്കും കൊടുക്കരുത്.
സോളമൻ: നിന്റെ കാമുകന്മാർ സംഘടിക്കും. അവരൊരു പാർട്ടിയുണ്ടാക്കും. വീടിനും ആശുപത്രിക്കും മുൻപിൽ ധർണ നടത്തും. അടുത്ത തിരഞ്ഞെടുപ്പിൽ ആ പാർട്ടി അധികാരത്തിലേറും. നിന്നെ പിടിച്ച് കൊണ്ടുവരാൻ സർക്കാർ ഉത്തരവിറക്കും. പോലീസുകാർ ഇവിടെ കയറിയിറങ്ങും. 144 പ്രഖ്യാപിക്കപ്പെടും. കലാപം പൊട്ടിപ്പുറപ്പെടും. അതിൽപ്പെട്ട് എന്റെ ഒരു കണ്ണുപോകും. കടൽക്കൊള്ളക്കാരെപ്പോലെ നാശമായ കണ്ണ് കറുത്ത തുണിയാൽ മൂടും.
മേരി: സർക്കാരിനെതിരെ കോടതിയിൽ കേസിനു പോകണം. വാദിച്ച് ജയിച്ച് എന്നെ തിരിച്ച് കൊണ്ടുവരണം.
സോളമൻ: നിന്നെ നോക്കുവാനൊരു ഹോം നേഴ്‌സിനെ വയ്ക്കും. ഞങ്ങൾ അഗാധപ്രേമത്തിലാകും. ഞങ്ങൾക്കൊരു കുട്ടി ജനിക്കും. റാഹേൽ എന്ന പേരിൽ നീയറിയാതെ ഈ വീട്ടിൽത്തന്നെ അവളെ വളർത്തും.
മേരി: മകളായി ആനക്കുട്ടി മതിയെന്ന്. ഒരു ദിനം എന്റെ കൈകളനങ്ങും കാൽകളനങ്ങും. ആരും അറിയില്ല. നിന്നെയും നിന്റെ രഹസ്യക്കാരിയെയും വീടോടെ കൊളുത്തും. കുട്ടിയെ എടുത്ത് വളർത്തും. പേരുമാറ്റി അന്നമ്മയെന്നിടും.
സോളമൻ: കാമുകന്മാരെ എന്തുചെയ്യും?
മേരി: അവർ വരും, അച്ഛനമ്മമാർ വരും, ബന്ധുക്കൾ വരും, കൂട്ടുകാർ വരും, ആർക്കും എന്നെ കൊടുക്കരുത്. എന്നെ എന്നും കുളിപ്പിക്കണം. തുവർത്തി തരണം. വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കണം. പല്ലു തേപ്പിക്കണം. മരുന്നു തരണം. മുതുകിലേറ്റി നടക്കണം. പിന്നെ ഏറ്റവും പ്രധാനമായി ഞാനുറങ്ങുമ്പോഴെല്ലാം എന്നെയോർത്ത് ഇരുട്ടിൽ കരയണം.

ഒരു ദിവസം കൈകളനങ്ങും കാൽകളനങ്ങും ആരേയും അറിയിക്കില്ല. മുഴുവൻ ജോലിയും നിന്നെക്കൊണ്ടു തന്നെ എടുപ്പിക്കും. തളർന്നു നീയുറങ്ങുമ്പോൾ ഞാനുണർന്ന് നിന്നെ നോക്കിയിരിക്കും. നീ തട്ടിയിട്ടു പോയ പ്രതിമ നേരെ വച്ചു തരും. കാപ്പിയിട്ട പാത്രം കഴുകിവയ്ക്കും. ചരിഞ്ഞ തലയിണകൾ നേരെയാക്കും. നനച്ച് ചുരുട്ടിയിട്ട തോർത്തുമുണ്ട് വിരിച്ചിടും. അലക്കുവാനിട്ട തുണികളുടെ കീശകളിൽ മറന്നു വച്ചു പോയ കടലാസുകളും നോട്ടുകളും എടുത്തുമാറ്റും. തണുത്തുപോയ കാലുകൾ പുതപ്പാൽ മൂടും. കർട്ടനുകളിൽ തട്ടിനിൽക്കും പ്രാണികളെ ജനലു തുറന്നുവിടും. നിന്റെ അടിവസ്ത്രങ്ങൾ കഴുകിയിടും. അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യും. സോഫയിലിരുന്നു മയങ്ങിപ്പോയ നിന്റെ തുറന്ന വായ അടച്ചുതരും. കാലിലെ രോമം പിഴുതെടുത്ത് കത്തിച്ച് മണക്കും. നീ കടിച്ചു ചുളുക്കിയ പേനയുടെ ടോപ്പ് തൊട്ടുനോക്കും. ഫുൾ ചാർജ് ചെയ്ത മൊബൈയിൽ വിടുവിക്കും. നിനക്ക് പുതിയ കാമുകിമാർ ആയോയെന്ന് മെസേജ് തുറന്നുനോക്കും. പേടിസ്വപ്നം കണ്ട് ഞെട്ടിവിറയ്ക്കുമ്പോൾ കൈകൾ തരും. നിന്റെ വിയർപ്പ് മണമുള്ള വാച്ച് കൈകളിൽ നിന്ന് അഴിച്ചുവയ്ക്കും. നീ എപ്പോഴെങ്കിലും എഴുതി വച്ചേക്കാവുന്ന കവിത കണ്ടെത്തുവാൻ പുസ്തകങ്ങളുടെ പേജുകൾ മറിച്ച് നോക്കും. ഭക്ഷണം കഴിക്കുമ്പോൾ വായിച്ച പുസ്തകങ്ങൾക്കുള്ളിൽ വീണ പരിപ്പ് എടുത്ത് കളയും. ചെരിപ്പിന്റെ അരികുകളിലെ അഴുക്ക് കഴുകും. ഷാമ്പൂവിന്റെ ഒഴിഞ്ഞ ഡപ്പകൾ വേസ്റ്റ് ബാസ്‌ക്കറ്റിൽ തള്ളും. നിന്റെ ബ്രഷ് വച്ച് പല്ലു തേച്ചു നോക്കും. സോപ്പിൽ പറ്റിയ രോമങ്ങൾ എടുത്തു മാറ്റും. വാടിയ ചെടികൾക്ക് ജലം പകരും. കലണ്ടർ കൃത്യ മാസത്തേക്ക് മറിച്ച് വയ്ക്കും. ലൈബ്രറി അടുക്കും. പൂത്ത് തുടങ്ങിയ ബ്രഡിൽ ജലച്ചായങ്ങളാൽ ചിത്രം വരയ്ക്കും. എന്നിട്ട് ഒന്നുമറിഞ്ഞില്ലയെന്ന് കോട്ടുവായയിടും കുറിഞ്ഞിപ്പൂച്ചയെപ്പോലെ പുതപ്പിനുള്ളിൽ കയറി ശ്വാസോച്ഛ്വാസത്തിന്റെ മോട്ടോർ ഓൺ ചെയ്യും

പുതപ്പിനുള്ളിൽ അവർ ഇണചേർന്നു. ഇണചേരലിൽ ബാത്ത് ടബ്ബ് തൂക്കണാം കുരുവിയായി കിയോകിയോയെന്ന് ചിലച്ച് കൊണ്ടിരുന്നിട്ട് മൂന്നാം നിലയിലെ നൈറ്റ് ഡ്യൂട്ടിയുള്ള കുടവയറന്റെ കാലൊച്ച പകലുറക്കമുണർന്ന് കോണിപ്പടികൾ ധിറുതിയിൽ കയറി, വന്ന കാര്യം മറന്നു പോയി; പിന്നേയുമോർത്ത് വാതിലിൽ മുട്ടിക്കൊണ്ടിരിക്കെ; മേരിയുടെ കൈകളിൽ സോളമൻ വരച്ചു കൊടുത്ത വള്ളിച്ചെടികൾ വളർന്ന് ഇരുവരേയും ചുറ്റി പെരുമ്പാമ്പിനെപ്പോലെയവരെ വരിഞ്ഞു. താക്കോൽ ദ്വാരത്തിലൂടെ ഈ കാഴ്ച്ച കണ്ട കുടവയറൻ അന്നു രാത്രി ഡ്യൂട്ടിക്കിടെ പേടിച്ചുറങ്ങിപ്പോയി.

ആയിടയ്ക്കാണ് ചെടികൾക്ക് ചെവികളും കേൾവിയുമുണ്ടെന്ന യാഥാർഥ്യം മേരി തിരിച്ചറിഞ്ഞത്. അതിനു ശേഷം പച്ചക്കറികൾ അരിയുമ്പോൾ അവൾ അടുക്കളയുടെ ജനാലകൾ അടച്ചു കുറ്റിയിടുകയും ജനാലവിരികൾ വിടർത്തിയിടുകയും ചെയ്തു തുടങ്ങി. മുറിയിൽ നട്ടുനനച്ചു വളർത്തിയിരുന്ന ചെടികളെ മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് മാറ്റി. വിഷാദാത്മകമായ വിവരങ്ങൾ ബാൽക്കണിയിൽ വച്ച് സംസാരിക്കാതിരിക്കുവാൻ ശ്രദ്ധിച്ചു. രാവിലെ ബാൽക്കണിയിൽ നിന്നു കൊണ്ട് കാപ്പി കുടിക്കുമ്പോഴൊക്കെ ജോലി സ്ഥലത്തെ വിശേഷങ്ങൾ മേരി ചെടികളോടു കൂടെ പങ്കിട്ടു. അവർ സന്തോഷം കൊണ്ട് തലയാട്ടുന്നതിനും വിഷമം കൊണ്ട് കണ്ണു നിറക്കുന്നതിനും ദേഷ്യം കൊണ്ട് ചീറുന്നതിനും മേരി സാക്ഷിയായി. ചെടികൾക്കിടയിൽ സുഖജീവിതം നയിക്കുകയായിരുന്ന പച്ചയെന്നു പേരുള്ള ഒരു പുഴുവിനെ ഇടയ്ക്കിടെ അവൾ തോണ്ടിയെടുത്ത് പുറത്തേക്ക് തട്ടിത്തെറിപ്പിക്കുമെന്ന് ഭയപ്പെടുത്തുമായിരുന്നു. അപ്പോഴൊക്കെ ചെടികൾ ദുഃഖത്താൽ വാടും. പച്ചപ്പുഴു ചെടികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. സ്വന്തം ശരീരം മക്കൾക്ക് ഭക്ഷണമായി നൽകുന്ന ഞണ്ടുകളെപ്പോലെ ചെടികൾ തങ്ങളുടെ ഇലകൾ പച്ചപ്പുഴുവിനു നൽകുവാൻ മത്സരിച്ചു. മേരി അവനെ ഓരോ ദിവസവും ഓരോ ചെടികളിൽ എന്ന പോലെ പാർപ്പിച്ചു. രാവിലെയുള്ള നനയിൽ അവന്റെ കാഷ്ടങ്ങൾ ഇലകളിൽ നിന്നും കഴുകി കളഞ്ഞ് ചെടികൾ സ്വയം വൃത്തിയായി. അവനൊരു കുടുംബമുണ്ടായിക്കാണുവാൻ ഏറ്റവുമാഗ്രഹിച്ചത് കള്ളിമുൾച്ചെടിയായിരുന്നു. അതിനായി പലപ്പോഴായി കയറി വന്നിരുന്ന പുൽച്ചാടികൾ ഉറുമ്പുകൾ പല്ലിക്കുട്ടികൾ ശലഭങ്ങൾ എന്നിങ്ങനെ കുറച്ചു പേരോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ മടി പിടിച്ച് കിടന്നിരുന്ന പച്ചപ്പുഴുവിനെ സുഹൃത്താക്കുവാൻ പോലും ആരും തയ്യാറായില്ല. ബാൽക്കണിയിൽ ചാഞ്ഞു വീശിയ മഴ നനഞ്ഞ ദിവസങ്ങളിൽ ചെടികൾ ദൂരെ കാണുന്ന മരങ്ങൾ തിങ്ങിനിറഞ്ഞ കാടുകളിലേക്ക് നോക്കി നെടുവീർപ്പിടുന്നത് മേരിയെ അസ്വസ്ഥയാക്കി. മഴ പെയ്യുമെന്ന് ശങ്കിക്കുന്ന ആകാശത്തെ അവൾ വെറുത്തു.

പുസ്തകശാലയിലെ ജോലി മേരിയുടെ സ്വാഭാവിക സ്വഭാവത്തിൽ പല പരിണാമങ്ങൾക്കും വഴി വച്ചു. വായിച്ചു കൊണ്ടിരുന്ന നോവലിലെ ഇഷ്ടകഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ കടമെടുത്തത് സോളമനു പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ജീവിതത്തിലെ അസുഖകരമായ ചുറ്റുപാടുകളും സന്ദർഭങ്ങളും മറക്കുവാനായി മേരി അക്ഷരങ്ങളുടെ മാന്ത്രിക വലയത്തിൽ കയറിക്കൂടി പുറത്തിറങ്ങാതായി. അധോലോകനായകനു മദ്യത്തിന്റെ ബ്രാൻഡ് മാറി വിളമ്പിയതിനാൽ വെടിയേറ്റു മരിച്ച ഹോട്ടൽബോയിയായി ചില ദിവസങ്ങളിൽ മേരി ആളുകളോട് കയർത്തു. മറ്റു ചില ദിവസങ്ങളിൽ രേതസുറ്റിയ കിടക്കവിരികൾ കഴുകുവാൻ വിസമ്മതിച്ച അലക്കുകാരിയായി സോളമനോട് കെറുവിച്ചു. സ്തനങ്ങൾ നീക്കം ചെയ്തതിനാൽ ഭർത്താവുപേക്ഷിച്ച സ്ത്രീയായി മാറി ബ്രാ ഉപയോഗം നിറുത്തി വച്ചു.

മേരിയുടെ ഇഷ്ടാനിഷ്ടങ്ങൾ മാറിമറഞ്ഞ കാലഘട്ടം കൂടിയായിരുന്നു അത്. കോൾഗേറ്റ് ട്യൂബിൽ നിന്നും പേസ്റ്റ് പുറത്തേക്ക് തള്ളുന്നത് അശ്ലീലമാണെന്ന് അവൾക്ക് തോന്നിത്തുടങ്ങി. കഴിഞ്ഞ കാലത്തിനു വിപരീതമായി വെള്ളത്തിൽ നനച്ച ബ്രഷിൽ മാത്രം പേസ്റ്റ് തേച്ചു. മാറി വരുന്ന മാനസിക വികാരങ്ങൾക്കനുസരിച്ച് കൈപ്പടയും ഒപ്പും മാറി വരിക മേരിയെ സംബന്ധിച്ച് സാധാരണമായിരുന്നു. ഒറ്റപൊളിക്ക് മുട്ടയുടെ തോട് മുഴുവനായി പൊളിച്ചെടുക്കുവാൻ മേരി പഠിച്ചെടുത്തു. ലിഫ്റ്റിനുള്ളിൽ കയറി താഴോട്ടിറങ്ങുമ്പോഴുള്ള ഭാരമില്ലായ്മക്കായി മേരി പലവട്ടം കെട്ടിടങ്ങളിൽ കയറിയിറങ്ങി. സൂപ്പർ മാർക്കറ്റിൽ കയറി അവശ്യ സാധനങ്ങൾ സ്വയം കണ്ടു പിടിക്കുന്നതിലും അനാവശ്യസാധനങ്ങൾ തിരികെ വയ്ക്കുന്നതിലും രസം പിടിച്ചു.
ചിലവ് കുറക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ദിവസത്തിൽ രണ്ടു നേരമാക്കുവാൻ സോളമൻ ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരേക്കും ഉറങ്ങി. ജോലി പോയതിനാൽ മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ അയാൾക്ക് ജാള്യത തോന്നിയിരുന്നു. അയാൾ മുറിക്ക് പുറത്തിറങ്ങിയത് മേരി ജോലി കഴിഞ്ഞു വന്നതിനു ശേഷം മാത്രമായിരുന്നു. അവൾ അയാളെ മെട്രോ സ്റ്റേഷനുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

തിരക്കിനിടയിലൂടെ ഊളിയിടുന്നതിനും ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നതിനും ആ സമയത്ത് മേരി സോളമനെ പഠിപ്പിച്ചു. താഴെപ്പറഞ്ഞ ചെറിയ കാര്യങ്ങളുടെ രാഷ്ട്രീയം നിശ്ചലമായ തടാകത്തിൽ വന്നു വീണ ഇലയുടെ ഓളം കണക്കെ സോളമനിൽ സ്വാധീനം ചെലുത്തി.
1. കാൽ വിരലുകൾ ഞൊട്ടയിടുന്നത്
2. പുതിയ വസ്ത്രങ്ങളുടെ കിരുകിരുപ്പ്
3. ഉണങ്ങിയ ഇലകൾക്കു മീതെയുള്ള നടത്തം
4. ബിസ്‌കറ്റിന്റെ ആദ്യത്തെ കടി
5. കപ്പലണ്ടിയുള്ള പീനട്ട് ബട്ടർ വിരലുകൊണ്ട് ചൂഴ്ന്ന് കഴിക്കുന്നത്
6. കഷണ്ടിയായ തലയുടെ സ്പർശനം
7. ബസിലോ ട്രെയിനിലോ അപരിചിതർക്ക് ഉറങ്ങുവാൻ ചുമൽ നൽകുന്നത്
8. മക്‌ഡൊണാൾഡിൽ നിന്നും കഴിക്കാവുന്ന വില കുറഞ്ഞ ഐസ്‌ക്രീം
9. മുടി മുറിച്ചു കഴിഞ്ഞുള്ള മേരിയുടെ ഉമ്മ
10. ശരീരത്തിൽ തടയുന്ന ചിലന്തിവലയെ പൊട്ടാതെ തിരികെ വയ്ക്കുന്നത്
11. മൂക്കിന്റെ തുഞ്ചത്ത് പൊടിച്ച വിയർപ്പ് തണുത്ത കാറ്റിൽ അപ്രത്യക്ഷമാകാൻ അനുവദിക്കുന്നത്.
ചിലവ് കൈകളിൽ ഒതുങ്ങുന്നില്ലയെന്ന് മനസിലാക്കിയ മേരി പണത്തിനായി മറ്റു രണ്ട് ചെറുജോലികൾ കൂടി ഏറ്റെടുത്തു. മേരിയായിരുന്നു ജോലികൾ ഏറ്റെടുത്തതെങ്കിലും പിൽക്കാലത്ത് ഈ ചെറു ജോലികളുടെ ഉത്തരവാദിത്തം സോളമനിൽ വന്നു ചേർന്നു.

മഞ്ഞുകാലയിലകളിൽ മഞ്ഞുതുള്ളികളിറ്റിക്കുക എന്നതായിരുന്നു ഏറ്റെടുത്ത ആദ്യജോലി. ഇതേ ജോലിയിലേർപ്പെട്ടിരുന്ന സുഹൃത്തിന്റെ കൈകൾ ഒരപകടത്തിൽ നഷ്ടപ്പെട്ടതിനാൽ അവരുടെ ശുപാർശയിലാണ് മേരിക്ക് ഈ ജോലി വന്നു ചേർന്നത്. ഓരോ മാസവും ജോലിയിടങ്ങൾ മാറിക്കൊണ്ടിരിക്കുമെന്ന് അവർ അറിയിച്ചിരുന്നു. വിവരങ്ങളെല്ലാം സുഹൃത്തു വഴി കമ്പനി മേരിക്ക് കൈമാറി. ഒരു പ്രത്യേക ചുറ്റളവിൽ മഞ്ഞുകാലത്ത് ഇലകളിൽ വെള്ളത്തുള്ളികൾ ഇറ്റിക്കുക എന്നു മാത്രമേ സുഹൃത്ത് പറഞ്ഞുള്ളൂവെങ്കിലും കാര്യങ്ങൾ അതിൽ നിന്നെല്ലാം സങ്കീർണ്ണമായിരുന്നു. പണിയുടെ ഭാഗമായി കോടമഞ്ഞ് പോലെ മണമില്ലാത്ത പുക ആഴ്ചയിലൊരിക്കൽ പുറപ്പെടുവിച്ച് ടാർപ്പായ വലിച്ചു കെട്ടും പോലെ ഈ പുകയെ നിശ്ചിത സ്ഥാനത്തേക്ക് കൊണ്ടു വരേണ്ടതായി വന്നു. അതാണെങ്കിലോ അനുസരണയില്ലാത്ത വളർത്തു മൃഗം പോലെ തുടൽ വലിച്ചു കൊണ്ട് മറ്റിടങ്ങളിലേക്ക് പാഞ്ഞു. പറഞ്ഞ ചുറ്റളവിലെ ഇലകൾക്ക് പുറമേ പാർക്ക് ചെയ്യപ്പെട്ട വാഹനങ്ങളുടെ ചില്ലുകളിലും ചാരുകസേരകളിലും മഞ്ഞു തുള്ളിയിറ്റിക്കേണ്ടതായി വന്നത് ജോലിയുടെ കാഠിന്യം കൂട്ടുകയേ ചെയ്തുള്ളൂ.
ചെടികളിൽ മഞ്ഞുതുള്ളിയിറ്റിക്കുക എന്ന ജോലിക്കായി രണ്ടോളം ഉപകരണങ്ങളാണ് മേരിക്ക് വാങ്ങേണ്ടി വന്നത്. ഒന്ന് ക്ഷുരകൻ മുടിയിൽ വെള്ളം തളിക്കുവാനുപയോഗിക്കുന്ന യന്ത്രവും, രണ്ട് കണ്ണുകളിൽ തുള്ളി മരുന്നു ഇറ്റിക്കുന്ന വായ കൂർത്ത കുപ്പിയും. നാലുമണിക്ക് അലാറം വച്ചെഴുന്നേൽക്കുന്ന സോളമൻ രണ്ട് കുപ്പികളിലായി തണുത്ത വെള്ളം കരുതി സൈക്കിളിൽ യാത്രയാകും. നഗരത്തിലെ പാർക്കിനോട് ചേർന്ന ചെടികളുടെ ഒരു സഞ്ചയമായിരുന്നു സോളമന്റെ ആദ്യ ജോലിസ്ഥലം. ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച് ഇലകളാണ് സോളമനു ജോലിക്കായി തീർക്കേണ്ടിയിരുന്നത്. അതിൽ തന്നെ മുന്നൂറ്റി മുപ്പത്തി ഏഴെണ്ണത്തിൽ മഞ്ഞുതുള്ളികളും ഇറ്റിക്കണമായിരുന്നു. ആദ്യദിനമേ മടുപ്പ് മൂലം ആ ജോലിയിൽ നിന്നും മേരി ഒഴിഞ്ഞുമാറിയതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ആ ചുമതല സോളമനിൽ വന്നു പതിഞ്ഞു. തണുപ്പു കൂടിയ ജലം മരുന്നു കുപ്പിയിൽ നിറച്ച് സോളമൻ പുലർച്ചക്കേ പണി തുടങ്ങി. ക്ഷുരകന്റെ ഉപകരണത്തിനു പകരം തോട്ടങ്ങളിൽ കീടനാശിനി തളിക്കുന്ന യന്ത്രമാണ് ഈ ജോലിക്ക് കൂടുതൽ ഉപയോഗപ്രദമാകുക എന്ന ചിന്തയിൽ കൂട്ടുകാരനിൽ നിന്നും ഒരെണ്ണം തൽക്കാലം കടം വാങ്ങുവാൻ സോളമൻ തീരുമാനിച്ചു. ആറു മണിക്കുള്ളിൽ അതായത് സൂര്യനുദിക്കുന്നതിനിടയിൽ പണി കഴിഞ്ഞ് മേരി ഉറങ്ങുന്ന പുതപ്പിനുള്ളിൽ തണുത്ത കരങ്ങളുമായി സോളമൻ തിരിച്ചെത്തിയിരുന്നു. രാവിലെ നടക്കാനിറങ്ങുന്നവരും ജോലിക്കു പോകുന്നവരും ഉദിച്ചുയർന്ന സൂര്യകിരണങ്ങൾ മഞ്ഞു തുള്ളികളിൽ തട്ടിയ നിറങ്ങൾ കണ്ട് സന്തുഷ്ടരായി ജീവിതം തുടർന്നു. ഈ ജോലിക്കിടയിൽ സോളമൻ നേരിടേണ്ടി വന്ന വെല്ലുവിളികളും അവയെ മറികടക്കുവാനായി അയാൾ സ്വീകരിച്ച വഴികളും അവരുടെ ജീവിതത്തെ കൂടുതൽ അനുഭവവേദ്യമാക്കി.

ഉദാഹരണത്തിനു രാവിലെ അഞ്ചു മണിക്ക് ഇലകൾക്കിടയിൽ തപ്പിത്തടയുകയായിരുന്ന സോളമനെ തെരുവു പട്ടികൾ ഓടിപ്പിച്ചു. അതിനുശേഷം ജോലിക്ക് പോകുമ്പോഴെല്ലാം ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ ചെറിയ വടിയോ കൂടെ കയ്യിൽ കരുതുക അയാൾ പതിവാക്കി. ഒരിക്കലാണെങ്കിൽ റോഡിലൂടെ കടന്നു പോയ വാഹനത്തിന്റെ പ്രകാശത്തിൽ കുളിച്ച സോളമനെ ജോലിസ്ഥലത്തിനോരത്ത് നേരത്തേയുണർന്ന വീട്ടുകാർ കണ്ടുപിടിച്ചു. കള്ളനെന്ന് കരുതി അവർ കൂവി വിളിച്ചു ശബ്ദമുണ്ടാക്കി. മറ്റു വഴികളില്ലാതിരുന്നതിനാൽ സോളമനൊരു കുറ്റിക്കാട്ടിൽ പതുങ്ങി. കുറ്റിക്കാട്ടിൽ ആരോ എറിഞ്ഞു കളഞ്ഞ കുപ്പിച്ചില്ലുകൾ കൊണ്ട് കാലു മുറിഞ്ഞു. സുരക്ഷക്കായി ഉപയോഗിക്കുന്ന പ്രത്യേക ഷൂസും കോർപ്പറേഷൻകാരുടെ യൂണിഫോമും ഇതിന്റെ പേരിൽ കമ്പനിയിൽ നിന്നും മേരി സോളമനു വാങ്ങിക്കൊടുത്തു. അത് മറ്റൊരു ദിവസം മറ്റൊരു വിധത്തിൽ അയാൾക്ക് ഉപകാരപ്പെടുകയും ചെയ്തു. മേരിയെ കെട്ടിപ്പിടിച്ചുറങ്ങിപ്പോയ രാത്രികളിലൊന്നിൽ നാലു മണിക്ക് അടിച്ച അലാറത്തിനെ വിരൽ ചൂണ്ടി ഭയപ്പെടുത്തി നിശബ്ദനാക്കി ഒരഞ്ച് മിനിറ്റെന്ന് പറഞ്ഞ് കണ്ണടച്ച സോളമൻ പിന്നെ തുറന്നത് ഏഴു മണിക്കായിരുന്നു. അന്ന് ആ നഗരത്തിലെ 1135 ഇലകളിൽ പ്രഭാതം നനവ് പടർത്തിയില്ല. ഏകദേശം ഒരു എട്ടു മണിയായപ്പോൾ കൊതുകിനു മരുന്നടിക്കുവാൻ വന്ന കോർപ്പറേഷൻ തൊഴിലാളി എന്ന പേരിൽ സോളമൻ അവിടം സന്ദർശ്ശിക്കുകയും മരുന്നായി വെള്ളം തളിക്കുകയും ചെയ്തു. കടന്നലുകൾ കുത്തി മുഖം വീർപ്പിച്ചതും ഫ്രിഡ്ജിൽ വച്ച വെള്ളം ഐസായിപ്പോയതും തുടങ്ങി അശ്രദ്ധയാൽ ഉണ്ടായ ചില പ്രായോഗിക ബുദ്ധിമുട്ടുകളും ഇടയ്ക്കിടയ്ക്ക് ജോലിക്കിടെ കടന്നു വരികയുണ്ടായി.

അതിനിടയിലാണ് മേരി മറ്റൊരു ജോലി ഏറ്റെടുത്തത്.
ദേജാവു എന്നായിരുന്നു പുതിയ കമ്പനിയുടെ നാമം. ആർട്ട് ഫെസ്റ്റിവലിൽ പങ്കെടുത്ത വിശദാംശങ്ങളാണ് ഈ ജോലി ലഭിക്കുന്നതിനു മേരിയെ സഹായിച്ചത്. രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് പുതിയ ജോലിയുടെ പ്രത്യേകതയായിരുന്നു. മാസത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പണിയെടുത്താൽ മതിയെന്നതിനാൽ പുസ്തക കടയിലെ ജോലി ഉപേക്ഷിക്കാതെ തന്നെ ഇതുമായി മുന്നോട്ട് കൊണ്ടുപോകുവാൻ അവൾക്ക് കഴിഞ്ഞു. ജോലിയുടെ സ്വഭാവം നാടകത്തിലെ പശ്ചാത്തല നിർമ്മാണ പ്രവർത്തികളുമായി ഏറെ സാമ്യമുള്ളവയായിരുന്നു. മെയിലിൽ ലഭിക്കുന്ന ചിത്രത്തിനനുസരിച്ച് ഉപകരണങ്ങൾ തേടി കണ്ടു പിടിച്ച് ഒരു പ്രത്യേക സമയത്ത് പ്രത്യേക സ്ഥലത്ത് പ്രദർശിപ്പിക്കുക എന്നതായിരുന്നു തൊഴിലിന്റെ സ്വഭാവം. മൂന്ന് കാര്യങ്ങളാണ് മെയിൽ വഴി ലഭിക്കുക.

1 .ചിത്രം
2. സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ
3. സമയം

ഉദാഹരണത്തിനു ആദ്യമായി മേരിക്ക് ലഭിച്ച പ്രൊജക്ട് ഒരു കറുത്ത പട്ടി ഒരു സ്ത്രീക്കരികിലൂടെ നടന്നു പോകുന്ന സാഹചര്യം നിർമ്മിക്കുക എന്നതായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി അന്ന് ലഭിച്ച മെയിലിൽ മാർഗനിർദ്ദേശങ്ങളും അവശ്യ വസ്തുക്കളുടെ വിവരണങ്ങളും നൽകുകയുണ്ടായി. സാഹചര്യം ഒരുക്കേണ്ട സ്ഥലം സന്ദർശിക്കുകയാണ് ആദ്യ പടി. അക്ഷാംശ രേഖാംശങ്ങളിലൂടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം എല്ലായിപ്പോഴും കമ്പനി മെയിലൂടെ നൽകി പോന്നു. രണ്ടാമത്തെ പടി ചിത്രവും സ്ഥലവും താരതമ്യം നടത്തുകയും അതിൽ നിന്നും സാഹചര്യത്തിനാവശ്യമായ വസ്തുക്കളെ ശേഖരിക്കുക എന്നതായിരുന്നു. ആദ്യ പ്രൊജക്ടിൽ അത് പ്ലാസ്റ്റിക് കവർ, കറുത്ത പട്ടി, തൊപ്പി, വൃദ്ധ, ചാരി വച്ച സൈക്കിൾ എന്നിവയായിരുന്നു. മെയിലിൽ കമ്പനി നൽകിയതു പ്രകാരം അതേ സമയത്ത് സ്ഥലത്ത് ഇവയെല്ലാം ഒരുക്കി വച്ച് മേരി കാത്തിരുന്നു. സമയമാകുമ്പോൾ കറുത്തപട്ടിയെ അഴിച്ചു വിട്ടേക്കാമെന്ന് കരുതി കാത്തു നിൽക്കുന്നതിനിടെ എവിടെ നിന്നെന്നറിയാതെ ഒരു കറുത്ത പട്ടി രംഗത്തിൽ പ്രവേശിച്ചു. അതേ സമയം തന്നെ നിറുത്തിയിട്ട ഒരു കാറിൽ നിന്നും സ്ത്രീയും. ആ അനുഭവത്തിൽ നിന്നും മേരി ആശയക്കുഴപ്പത്തിൽ പെട്ടുപോയി എങ്കിലും ചിത്രത്തിലെ പറ്റാവുന്നത്രയും ഉപകരണങ്ങൾ ശേഖരിക്കുവാൻ അവളെന്നും ഉത്സാഹം കാണിച്ചു. മെയിലിൽ ലഭിക്കുന്ന ചിത്രം എവിടെ നിന്നെന്നോ എന്തിനെന്നോ അന്വേഷിക്കുവാനുള്ള ത്വര മേരിയിൽ വന്നു നിറഞ്ഞപ്പോൾ അവൾ സോളമനെ കൂട്ടു പിടിച്ച് ചുറ്റുപാട് നിരീക്ഷിക്കുവാൻ രഹസ്യമായി ഏർപ്പാടാക്കി. പിന്നീട് സംഭവിച്ച രണ്ടു പ്രൊജക്ടുകൾക്കുള്ളിൽ സോളമനു ഒരു കാര്യം മനസിലായി. ഈ പ്രത്യേക സമയത്ത് പ്രദർശിപ്പിക്കപ്പെട്ട വസ്തുക്കൾക്കിടയിലൂടെ കടന്നു പോകുന്നവരിൽ ഒരാൾ എന്ന തോതിൽ അഭൂതപൂർവ്വമാം വിധം അത്ഭുതപ്പെടുന്നുണ്ട്. ഒരു പ്രൊജക്ടിലെ അത്ഭുതം കൊണ്ട് കണ്ണുതള്ളിയ ആളെ പിന്തുടർന്ന് സോളമൻ സ്വകാര്യമായി സംസാരിച്ചു.
"എന്താണ് നിങ്ങൾ മരത്തിനരികിലൂടെ പോയപ്പോൾ ആരെയോ കണ്ട് ഭയപ്പെട്ടതു പോലെ ഞെട്ടി വിറച്ചത്?' ആദ്യമൊന്നും ചോദ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിലും സോളമനു ആവശ്യമായിരുന്ന വിവരം കാപ്പി കുടിക്കുന്നതിനിടയിൽ അയാളിൽ നിന്നും ചോർത്തിയെടുക്കുവാൻ കഴിഞ്ഞു.
"ഞാൻ ആ ചുറ്റുപാട് എവിടെയോ മുൻപ് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. സ്വപ്നത്തിലാണെന്നു തോന്നുന്നു.''

കാര്യം പറഞ്ഞപ്പോഴേ മേരി കമ്പനിയുടെ പേര് ഒരിക്കൽ കൂടി ഒരുവിട്ടു. ദേജാവു. തങ്ങളുടെ കമ്പനി രഹസ്യങ്ങളെ മേരി സ്വകാര്യമായി പിന്തുടരുന്നു എന്നറിവ് ലഭിച്ചതിനാലോ ഒരു പ്രൊജക്ടിൽ ലഭ്യമാക്കേണ്ടിയിരുന്ന ചുവന്ന കാറിന്റെ നിറം മാറിപ്പോയതിനാലോ കമ്പനി പിന്നീട് മേരിയെ ബന്ധപ്പെട്ടില്ല. ഇതേ കാലയളവിൽ തന്നെ മഞ്ഞുകാലം കഴിഞ്ഞു കടുത്ത വേനൽ വന്നതിനാൽ സോളമനുണ്ടായിരുന്ന മഞ്ഞുതുള്ളിയിറ്റിക്കുന്ന താൽക്കാലിക ജോലി കൂടി നഷ്ടപ്പെടുകയുണ്ടായി. ജോലി കൂടി ഇല്ലാതായപ്പോൾ അയാൾ സ്വയം ഒതുങ്ങി സുഹൃത്തുക്കളെയെല്ലാം വിട്ട് മറ്റൊരു ലോകത്ത് തനിയെ താമസമാരംഭിച്ചു. അതിൽ മേരി കൂടി ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. ലോകത്തിലെ ഒന്നിലും അയാൾക്ക് താൽപര്യം ജനിച്ചില്ല. പകരം മിക്കവാറും സമയം ഉറക്കത്തിൽ അഭയം തേടി. അയാളിലെ ഊർജ്ജത്തിന്റെ അളവ് താഴ്ന്ന് താഴ്ന്ന് വന്നു. ജീവിതത്തോടുള്ള നിരാശ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ പ്രവർത്തികളിലും പ്രതിഫലിച്ചു. പല്ലു തേക്കുന്നതിനിടെ ബ്രഷ് കടിച്ചു പിടിച്ച് കെട്ടിടങ്ങളെ നോക്കി നിൽക്കുക. ബക്കറ്റിലെ ജലത്തിൽ കൈ മുക്കി പിടിച്ചിരിക്കുക, ചുളുങ്ങിയ കൈവിരലുകളെ ആദ്യം വായിലിട്ടും പിന്നീട് കക്ഷങ്ങളിലൊതുക്കിയും ചൂട് നൽകുവാൻ പ്രയാസപ്പെട്ട് സമയം കളയുക. ആളുകൾ സമയം കളയുന്ന വിധം സോളമൻ നിരീക്ഷിച്ചു. ഒരു താൽപര്യവുമില്ലാതെ ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്ന ആളുകൾ, കാറിൽ നഗരത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ആളുകൾ, കാപ്പിയുണ്ടാക്കി കുടിച്ചു കൊണ്ടിരിക്കുന്ന ആളുകൾ, സിനിമകൾ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്ന ആളുകൾ, സിഗററ്റുകൾ വലിച്ച് പഴയ ഓർമ്മകളിലേക്ക് പുകയൂതുന്ന ആളുകൾ, കാട്ടിനുള്ളിലേക്ക് നടക്കുവാൻ പോകുന്ന ആളുകൾ, തയ്പ്പ് യന്ത്രം കറക്കിക്കൊണ്ടിരിക്കുന്ന ആളുകൾ, ഇളകുന്ന ജനാലവിരികളെ നോക്കിക്കൊണ്ടിരിക്കുന്ന ആളുകൾ, കെട്ടിടങ്ങൾക്കു മുകളിൽ നിന്നും ട്രാഫിക്ക് നിരീക്ഷിക്കുന്നവർ, ചുമരിൽ കാതോർക്കുന്നവർ, മുറ്റത്ത് നടന്നു നോക്കുന്നവർ എന്നിങ്ങനെയുള്ള ആളുകളെ സോളമനറിയും. എന്നാൽ ലോകത്തുള്ള ഒട്ടുമിക്ക ആളുകളേയും പോലെ അയാൾക്ക് അയാളെ അറിയുമായിരുന്നില്ല.

മേരിയാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒഴിവുസമയങ്ങളിൽ മുറിയിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരുന്ന ജീവജാലങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു. അതിനായി അവരെ കുടുക്കുവാനുള്ള പ്രത്യേക കെണികൾ അവൾ മെനഞ്ഞു. തന്റെ മുറിച്ചിട്ട നഖം പൊക്കിക്കൊണ്ട് പോയ മൂന്ന് നാലുറുമ്പുകളെ മുതൽ അടുക്കളയിലെ പ്ലാസ്റ്റിക്ക് കുപ്പികളുടെ ചെപ്പുകൾ കരണ്ടു മുറിക്കുന്ന എലിയെ അടക്കം വീട്ടിൽ നിന്നും രക്ഷപ്പെടുത്തി. ഓഫീസിലേക്ക് പോകും വഴി ഭ്രാന്തിയുടെ ജട പിടിച്ച തലപോലെ കാടുപിടിച്ച് കിടക്കുന്ന, ആളുകൾ മാലിന്യങ്ങൾ തള്ളുന്ന, ഒരിടത്ത് ജീവിജാലങ്ങളെ ഇറക്കിവിടുന്നത് അവളൊരു പതിവാക്കി. എലികൾ പാറ്റകൾ ചാഴികൾ പുഴുക്കൾ വണ്ടുകൾ എന്നിവയെ ചെപ്പിൽ നിന്നും പുറത്തിറക്കി വിട്ട് അവർ ഓടിയൊളിക്കുന്നത് കുറച്ചു സമയത്തേക്ക് നോക്കി നിന്ന് അവൾ പണിസ്ഥലത്തേക്ക് പാട്ടും പാടി നടന്നു.

ആറിത്തുടങ്ങിയ വേനൽപ്പോലെ ഒരു കപ്പ് ചായയോ ഒരു മൃതശരീരമോ തണുത്തു തുടങ്ങുന്നതിന്റെ ആദ്യനിമിഷങ്ങളിലൊന്നിൽ തേനീച്ചകളെ കമ്പിളിപ്പുതപ്പായി അണിഞ്ഞു കൊണ്ട് ഒരു മനുഷ്യൻ മേരിയെത്തിരക്കിയെത്തി. ഗ്രാമങ്ങളിലെ തോട്ടങ്ങളിൽ തേനീച്ച വഴി പരാഗണം നടത്തി അതുവഴി തേൻ ശേഖരിച്ച് വിൽക്കുന്നതാണ് പണിയെന്ന് സോളമനോട് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാൾ മേരിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ നിന്നും തേനീച്ചകളപ്പോൾ പാറി. അയാൾ നഗ്‌നനാണെന്ന് സോളമനു തോന്നി. തേനീച്ചകളെല്ലാം പറന്നുയർന്നാൽ അയാൾ നഗ്‌നനാണ് പക്ഷെ ഒട്ടൊരു സ്‌നേഹത്തോടെ തേനീച്ചകളയാളെ പൊതിഞ്ഞു നിന്നു. അയാളുടെ ശരീരം തന്നെയാണ് തേൻ ശേഖരിക്കുന്ന അറയെന്ന് മേരിയും തിരിച്ചറിഞ്ഞു.

തേനീച്ചകളുടെ മൂളിച്ച മുറിയാകെ നിറഞ്ഞു. ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യവേ മുറിച്ചുകടക്കേണ്ടി വന്നൊരു പുഴയാണീ നഗരമെന്ന് അയാൾ പറഞ്ഞു നിർത്തി. കാടു പിടിച്ചയിടത്ത് ഒരു ദിനം തങ്ങുവാൻ ആഗ്രഹമുണ്ടെന്നും അവിടെ താമസിച്ചു വരുന്ന ഒരു കൂട്ടം തേനീച്ചകളെ കൂടെക്കൂട്ടുവാൻ അനുവാദം നൽകണമെന്നുമുള്ള രണ്ട് ആവശ്യങ്ങളായിരുന്നു അയാൾക്കുണ്ടായിരുന്നത്. തേനീച്ചക്കൂട്ടത്തിനോടും മറ്റു ജീവജാലങ്ങളോടും ആരാഞ്ഞപ്പോൾ ഉടമസ്ഥയായ സ്ത്രീയെപ്പോയി കാണുവാൻ പറഞ്ഞ് മേരിയുടെ വിലാസം നൽകുകയായിരുന്നു.
""ഞാനല്ല അവരുടെ ഉടമസ്ഥ. ദിനവും അവിടം സന്ദർശിക്കുന്നത് കണ്ടവർ തെറ്റിദ്ധരിച്ചതാകണം. എളുപ്പത്തിന് കൂറകളെ കൊണ്ട് വിടുന്ന സ്ഥലമാണത്. അത്രയേയുള്ളൂ.'

"അവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത് ശരിയായ കാര്യമായി തോന്നുന്നുവോ?' തീപ്പൊരികൾ കണക്കേ ആ ചോദ്യത്തിൽ നിന്ന് സ്വർണ്ണ നിറമുള്ള ചെറിയ തേനീച്ചക്കുട്ടികൾ പറന്നു. മേരി അയാളുടെ കണ്ണുകളപ്പോൾ ശ്രദ്ധിച്ചു. മരണം. ആലീസിന്റെ ആവശ്യപ്രകാരം മേരിയെ സന്ദർശ്ശിച്ചതായിരുന്നു. അയാളുടെ വെളിവായ മുഖത്തിൽ തേൻ നിറഞ്ഞ അറകൾ അവരിരുവരും കണ്ടു. അയാൾ മുഷ്ടി ഞെരിച്ചപ്പോൾ തേൻ കിനിഞ്ഞു. ഓരോ തുടം തേൻ മേരിക്കും സോളമനും നൽകി അയാൾ ഇറങ്ങി.

വലിയ താമസമില്ലാതെ ഒരാൾ കൂടെ മേരിയെ സന്ദർശിച്ചു. കൊച്ചൈപ്പോര. ലില്ലിയുടെ നിർദ്ദേശപ്രകാരം അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് രഹസ്യമായ ഒരന്വേഷണം നടത്തുകയായിരുന്നു ദൗത്യം. വിശദാംശങ്ങൾ കൈമാറി കൊച്ചൈപ്പോര ഇറങ്ങിയപ്പോൾ ഒന്ന് രണ്ട് മുഴുത്ത ഇടിയോടു കൂടെ മഴക്കാലം മേരിയെ കാണുവാനായി എത്തിച്ചേർന്നു. പൊടിയും പുകയും മാലിന്യത്തിന്റെ ഗന്ധവും നിറഞ്ഞ അന്തരീക്ഷത്തെ അത് ഓടകളിലേക്ക് ഒഴുക്കി. ഓടകളാണെങ്കിൽ നിറഞ്ഞു കവിഞ്ഞു അടഞ്ഞു വെള്ളം പൊങ്ങി. പതിയെ നീങ്ങുന്ന വാഹനങ്ങൾ തളം കെട്ടി കിടക്കുന്ന ജലത്തിൽ ഓളങ്ങളുണ്ടാക്കി. അതു വരെ നഗരം ഒളിപ്പിച്ചു വച്ച അഴുക്കുകളെല്ലാം അതിലേക്ക് ഇഴുകിചേർന്നു. പുറത്തിറങ്ങുവാൻ മടിച്ച് ആളുകൾ കിടക്കയിൽ തന്നെ ചുരുണ്ടു കൂടി. രാത്രി വെളിച്ചത്തിൽ മരങ്ങൾ തിളങ്ങി. രോഗങ്ങളുടെ അണുക്കൾ അവിടമാകെ പടർന്ന് ആളുകളെ തിരഞ്ഞു നടന്നു. ഒഴിഞ്ഞ കെട്ടിടങ്ങളുടെ രണ്ടാം നിലകളിലേക്ക് താമസം മാറ്റിയ ജീവജാലങ്ങൾ വെള്ളമിറങ്ങുന്നത് എത്തിച്ച് നോക്കി നിന്നു. ഷൂസുകൾ മരക്കഷ്ണങ്ങൾ പോലെ പൊങ്ങിക്കിടന്നു നീന്തി. മഴ പെയ്തപ്പോൾ വീണ ആലിപ്പഴങ്ങൾ കുട്ടികളിൽ ചിലർ ഫ്രിഡ്ജിലെ ഫ്രീസറിൽ വയ്ക്കുകയും ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുകയും ചെയ്തു കൊണ്ടിരുന്നു. വെള്ളം പൊങ്ങിയതിനു അവധിയായതിനാൽ ചെറുകിടക്കയിൽ മേരി സോളമനു ചൂടു പകർന്നു കൊണ്ട് കിടന്നു. ഇടയ്ക്കിടെ കട്ടൻ കാപ്പിയും പുസ്തകങ്ങളും അവരെ ചൂട് പിടിപ്പിച്ചു. തണുപ്പ് കാരണം സോളമനു കാലിൽ പേശീവലിവ് അനുഭവപ്പെട്ടപ്പോഴെല്ലാം മേരി ഉഴിഞ്ഞു ഇറക്കി കൊടുത്തു. അലക്കി വിരിച്ചിട്ട തുണികൾ ഏറ്റവും മുകളിലെ നിലയിൽ നനഞ്ഞു കിടന്നതിനാൽ മിക്കവാറും സമയം നഗ്‌നരായും അല്ലാത്തപ്പോൾ നാറിയ വസ്ത്രങ്ങളിലും അവർ ജീവിച്ചു. കപ്പലിനുള്ളിലിരുന്ന് കടലുകാണും യാത്രക്കാരെപ്പോലെ മഴയിൽ മുങ്ങിയ നഗരത്തെ നാലാം നിലയിൽ നിന്നും നോക്കി നിന്നു ഇരുവരും കാപ്പി മോന്തി. ചീറിപ്പാഞ്ഞു പോകുന്ന കാറുകൾ തെറിപ്പിക്കുന്ന വെള്ളം അവയുടെ ചിറകുകളായി അവർക്ക് തോന്നി. അതിനുള്ളിൽ തന്നെ മേരിക്ക് ആ നഗരത്തിൽ സ്വന്തം ആളുകളെ ഉണ്ടാക്കുവാൻ സാധിച്ചിരുന്നു. കമ്പിളി വാങ്ങുന്ന കടയിലെ സ്വന്തക്കാരൻ, പച്ചക്കറി വാങ്ങുന്ന ഇടത്തിലെ സ്വന്തക്കാരൻ, ചെരിപ്പു കടയിലെ സ്വന്തക്കാരൻ, കപ്പലണ്ടി വിൽക്കുന്ന സ്വന്തക്കാരൻ, ബേക്കറി കടയിലെ സ്വന്തക്കാരൻ, തുണിക്കടയിലെ സ്വന്തക്കാരൻ, ടാക്‌സി ഓടിക്കുന്ന സ്വന്തക്കാരൻ എന്നിങ്ങനെ അവരെല്ലാം മേരിയുടെ സ്ഥിരം ആളുകളായി. മേരിയുടെ പേരു പറഞ്ഞു വരുന്ന ആളുകൾക്ക് പോലും ഇവർ വിലക്കുറവിനു സാധനങ്ങൾ നൽകിയത് സോളമനെ അത്ഭുതപ്പെടുത്തി. അവരിൽ മേരിക്കുണ്ടായ സ്വാധീനം തെല്ല് അസ്വസ്ഥനാക്കിയെങ്കിലും അപ്രതീക്ഷിതമായി ലഭിച്ച ജോലി അയാളെ മറ്റു പതർച്ചകളിൽ നിന്നും ഒഴിവാക്കി. ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചതിൽപ്പിന്നെ സോളമനിലുണ്ടായ മാറ്റങ്ങൾ മേരി തന്റെ ഡയറിയിൽ കുറിച്ചു വച്ചിരുന്നു. ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന ഒറ്റമുറി വിട്ട് കമ്പനി ലഭ്യമാക്കിയ ഫ്‌ലാറ്റിലേക്ക് മാറുവാൻ ഒറ്റക്ക് തീരുമാനമെടുത്തതായിരുന്നു അതിലേറ്റവും പ്രധാനപ്പെട്ടത്. ഒഴിവുസമയങ്ങളിൽ അതിനു മേലെ ചുവന്ന മഷിയിൽ മേരി കോറി വരച്ചു കൊണ്ടിരുന്നു.

S: Guess what? A new flat.Adichu moolee. Ready to move?M: Eh?! But we already have a place...S: Dude.Yeah, but let's move outM: Nooo I don't want to .. this is our homeS: This place is a lot much cooler. Big spacious bathroom and stuff. You gonna love it. Will send some pics. Just check it outM : I said I don't want to.. I can't take a change right now.. if you want to leave just leave.S: WTF? What's going on man? enthaa ninte preshnam? You said last week that you need a bigger placeM: So? Annu Eniku angane thonni but ippo Eniku inganeya thonnane.. I don't owe you any explanationsS: WTF? Why are you getting frustrated whenever i suggest you something?M: Everything you suggest is in favor of your convenience. You only care about yourselves now.S: Fuck youuuuuuuuuuuuuuuM: Get the fuck out of my lifeS: Are you breaking up with me?M: You think so?S: But we are so happyM: We were.. not anymore. Atleast I am not.. I don't know About youS: Don't do this nowM: Just Come home...

കാലം സോളമനിൽ അനുക്രമമായി നടത്തിയ മാറ്റങ്ങളിലൊന്നു മാത്രമായിരുന്നു ഇത്. സോളമനായിരുന്നെങ്കിൽ കണ്ടും അനുഭവിച്ചും വളർന്ന കുടുംബവ്യവസ്ഥയിലേക്കുള്ള തിരിച്ചു പോക്കും. കുടുംബം എന്ന വ്യവസ്ഥയുടെ ആശാരി ആണുങ്ങൾ ആണെന്നും അതിനാൽത്തന്നെ പ്രാമുഖ്യം അവർക്കു തന്നെയാണെന്നും അയാൾക്കറിയാം. മേരിയുമായുള്ള ബന്ധത്തെ അത്തരമൊരു വ്യവസ്ഥയിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിലൂടെ അധികാരത്തിന്റെ ദണ്ഡും അരക്ഷിതാവസ്ഥയിൽ നിന്നുള്ള മോചനവും അയാൾ ആഗ്രഹിച്ചു. മെട്രോട്രെയിനിൽ പോകുന്നതിനും ചെറിയ സന്തോഷങ്ങളിൽ പങ്കെടുക്കുന്നതിനും സോളമൻ വിസമ്മതിച്ചതിനാൽ ഒറ്റക്ക് പോകേണ്ടി വന്ന സമയം തൊട്ടാണ് മേരി ഈ മാറ്റം ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് വിലകൂടിയ സമ്മാനങ്ങൾ നൽകിയപ്പോൾ, പഴയ കിടക്ക കളഞ്ഞു പുതിയ വലിപ്പമുള്ള കിടക്ക വാങ്ങിയപ്പോൾ, മേരിയുടെ ജോലി ഉപേക്ഷിക്കുവാൻ നിർബന്ധിച്ചപ്പോൾ, മേരിയുടെ സുഹൃത്തുക്കളെ അപമാനിക്കുവാൻ ശ്രമിച്ചപ്പോൾ, ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് ഒറ്റക്ക് യാത്ര ചെയ്തു തുടങ്ങിയപ്പോൾ, പണത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ബഹുമാനിച്ചു തുടങ്ങിയപ്പോൾ, കാപ്പിയിടുവാൻ ആജ്ഞാപിച്ചപ്പോൾ, ശമ്പളം കുറഞ്ഞ ജോലിയെ പുച്ഛിച്ചു തുടങ്ങിയപ്പോൾ, ഒരുമിച്ച് പാചകം ചെയ്യുവാൻ വിസമ്മതിച്ചപ്പോൾ, പുസ്തകങ്ങൾ വായിച്ച് കേൾപ്പിക്കാതിരുന്നപ്പോൾ, കൂട്ടുകാർക്കൊപ്പം ചുറ്റിയടിക്കണ്ടെന്ന് പറഞ്ഞപ്പോൾ, മുറി വൃത്തിയാക്കുവാൻ കൂടാതിരുന്നപ്പോൾ, അടിക്കുവാൻ കൈ ഓങ്ങിയപ്പോൾ, താത്പര്യമില്ലാഞ്ഞും വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സ്വന്തം വസ്ത്രങ്ങൾ അലക്കാതെ കുന്നുകൂട്ടിയിട്ടപ്പോൾ, പോൺ വീഡിയോസ് കണ്ട് സ്വയംഭോഗം ചെയ്തു തുടങ്ങിയപ്പോൾ, ഉണരുന്ന സമയം കാപ്പി ഉണ്ടാക്കി തരാതിരുന്നപ്പോൾ, മടുത്ത് മടുത്ത് യന്ത്രമായപ്പോൾ ഒക്കെ മേരി മാറ്റത്തിന്റെ മിന്നലാട്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈയൊരു സന്ദർഭത്തിനായി മേരിയും കാത്തിരിക്കുകയായിരുന്നു എന്നു വേണം കരുതാൻ. ഏതൊരു ദമ്പതികളെപ്പോലെയും അവർ പരസ്പരം വെറുപ്പിന്റെ വിത്തുകൾ അവിടവിടെ കുഴിച്ചിട്ട് ഒറ്റമുറിയിൽ താമസം തുടർന്നു. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments