ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 14 തുടർച്ച: രതിമൂർച്ചകളുടെ തോപ്പ്

ലില്ലി പറഞ്ഞ് കിതച്ചു. എല്ലാവരും പരസ്പരം നോക്കി പിന്നെ അവിടൊരു കൂട്ട ചിരി മുഴങ്ങി. "ഇതു പോലൊരു ജോലിക്കാരനെ കിട്ടിയതിനാണോ ഞങ്ങളെ നീ വിളിച്ചു വരുത്തിയത്? ഇത് നല്ലതല്ലേ? ഇതിനാണോ നീ ഞങ്ങളെ വിളിച്ച് പേടിപ്പിച്ചത്?'
"അല്ല. നാലു ദിവസം കഴിഞ്ഞിട്ടും കൂടെ നിൽക്കാൻ വരാമെന്ന് സമ്മതിച്ച സ്ത്രീ വരാഞ്ഞപ്പോൾ ഞാൻ ജോർജ്ജേട്ടനെ വിളിച്ചു. അവരിത് വരെ വന്നില്ലേ അന്നേ രാവിലെ പറഞ്ഞുവിട്ടിരുന്നുവല്ലോ എന്നായിരുന്നു മറുപടി. ഞാൻ പിന്നെ സംശയം തോന്നാതിരിക്കുവാൻ അവർ വന്നു പുറത്ത് പോയിരിക്കുകയാ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ കിട്ടുമോ എന്നും ചോദിച്ച് ഫോൺ വച്ചു. എന്നിട്ടാണ് നിങ്ങളെ വിളിച്ചത്'

"ഇയാളിനി വല്ല കള്ളൻ ആകുമോ?'
"കള്ളൻ ആണെങ്കിൽ ഇത്ര ദിവസം കാത്ത് നിൽക്കുമോ?'
"പോലീസിൽ അറിയിക്കേണ്ടേ?'
"ഹേയ്, പുറത്ത് അറിയിക്കണ്ടാ വച്ചിട്ടാ ജോർജ്ജേട്ടനോട് പോലും പറയാതിരുന്നത്'
"വല്ല മാനസികരോഗം ആവും. നിന്നെ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ ഇതു വരെ?'
"ഇല്ല.'
"നമുക്ക് അയാളുടെ മുറിയൊന്ന് പരിശോധിച്ചാലോ അയാൾ ഇപ്പോൾ എങ്ങാനും വരുമോ?'
"ഇല്ല സമയം പിടിക്കും. പക്ഷെ അതൊക്കെ മോശമല്ലേ?'
"നീ വന്നേ'. മേരി ലില്ലിയുടെ നിർദ്ദേശപ്രകാരം അവരെ അയാളുടെ ഷെഡിലേക്ക് കൊണ്ടു പോയി. വാതിൽ ചാരിയേ ഉള്ളുവായിരുന്നു. ഷെഡിൽ മടയ്ക്കി വക്കാവുന്ന ഒരു ഇരുമ്പ് കട്ടിൽ കിടപ്പുണ്ടായിരുന്നു. അതിലെ പ്ലാസ്റ്റിക് ഇഴകൾ താഴേക്ക് തൂങ്ങി നിന്നിരുന്നു. അതിനോട് ചേർന്ന് പ്ലാസ്റ്റിക് ചരടിൽ വലിച്ചു കെട്ടിയ അയയിൽ അയാളുടെ മുഷിഞ്ഞതും അല്ലാത്തതുമായ വസ്ത്രങ്ങൾ കിടപ്പുണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ ഷെഡിൽ മേരി തപ്പി തപ്പി ലൈറ്റിട്ടു.

"അങ്ങനെ വരട്ടെ ഇത് പണ്ട് തൊഴുത്തായിരുന്നിരിക്കണം. കണ്ടില്ലേ'
പശുക്കളെ കെട്ടുവാനും പുല്ലിട്ടു കൊടുക്കുന്നതിനുമായുള്ള വേർതിരിവിനു നേരെ ആരോ വിരൽ ചൂണ്ടി. ആരൊക്കെയോ അയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിക്കുന്നുണ്ടായിരുന്നു.
"ഈ പട്ടണത്തിൽ ഇങ്ങനെയൊരു വീട് അധികകാലം കാണില്ലായിരിക്കും. ഉടമസ്ഥൻ ഒക്കെ ഇടിച്ച് പൊളിച്ച് വല്ല മാൾ എന്നാ പണിയുന്നതാവോ?'
"ഇത് നോക്ക്' ആർക്കാണ് അത് ലഭിച്ചത് എന്നറിയില്ല മേരിയും ഒരു നോക്ക് കണ്ടു. ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അയാളും കുടുംബവും. ഒറ്റനോട്ടത്തിൽ ആ ഫോട്ടോയിൽ നിന്നും അയാളെ മേരി കണ്ടുപിടിച്ചു. ഒരു മൂലയിൽ ചിരിച്ച് കൊണ്ട് ഇരിക്കുന്നു.

"ഇത് അയാൾ തന്നെയല്ലേ?'
"അതെ അയാൾ തന്നെ. ചെറുപ്പമാണെന്നേ ഉള്ളു. കൂടെയുള്ളവർ ആരാണാവോ'
"കൂട്ടുകുടുംബം ആയിരുന്നിരിക്കും. ഒരുപാട് പേരുണ്ടല്ലോ'
"അത് ശരിയാ. ദേ നോക്ക് ഇതിൽ ഒരു മുത്തശ്ശിയും മുത്തച്ഛനുമുണ്ട്'
"ലില്ലീ അല്ലാ ഇത് നോക്ക് ' ആരോ വായ പിളർത്തി.
എല്ലാവരും കൂടെ ഫോട്ടോയിലേക്ക് ഉറ്റു നോക്കി.
"ഈ വീടിന്റെ ഉമ്മറത്തല്ലേ ഇവർ ഇരിക്കുന്നത്. ഈ വീട് തന്നെയല്ലേ ഇത്.'
"അതെ'
"അതെ'
"ഭഗവാനേ അപ്പോൾ ഇയാൾ ആയിരുന്നുവോ ഇതിന്റെ ഉടമസ്ഥൻ?'
"ഈശോയേ' ഓരോരുത്തരായി മുറിയിൽ നിന്നും പുറത്ത് വന്നു.

പ്രകാശത്തിലേക്ക് കടന്നപ്പോൾ അവർക്ക് കൂടുതൽ ധൈര്യം കൈവന്നതായി മേരിക്ക് തോന്നി. ഏറ്റവും അവസാനം ഫോട്ടോ നോക്കുവാൻ മേരിക്കും അവസരം ലഭിച്ചു. പഴയ പണിക്കാരനോ കാര്യസ്ഥനോ ചിലപ്പോൾ നാട് വിട്ട് ഈയിടെ തിരിച്ച് വന്നതോ എന്നെല്ലാം അഭ്യൂഹങ്ങൾ പരന്നു. വീട്ടിനുള്ളിൽ കയറി മേശയുടെ നടുവിൽ ആ ഫോട്ടോ വച്ച് അവർ ചുറ്റും കസേരകളിട്ട് ഇരുന്നു. രണ്ട് സാധ്യതകളേ ഉള്ളൂ. ഒന്ന് അയാൾ ഈ വീടിന്റെ പഴയ ഉടമസ്ഥനായിരുന്നു. രണ്ട് ഒരു കാര്യസ്ഥനോ പണിക്കാരനോ ഈ വീട്ടിലെ ഒരു അംഗം പോലെ.
"ഫോട്ടോയിലെ അയാളുടെ സ്ഥാനം വച്ച് കാര്യസ്ഥനാകുവാൻ സാധ്യത കുറവാണ്'
"ഉടമസ്ഥനാകുവാനും സാധ്യതയില്ല'
"അതെ, പുതിയ ഉടമസ്ഥനെ ലില്ലിക്ക് അറിയാമല്ലോ'
"പിന്നൊരു സാധ്യത പണ്ടെങ്ങോ നാട് വിട്ട് ഇപ്പോൾ തിരിച്ച് വന്ന ധൂർത്തനായ പുത്രൻ. തിരിച്ചെത്തിയപ്പോഴേക്കും വീടും കുടുംബവും നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞു കാണണം. സോ ഹീ സ്റ്റേയ്ഡ്. '
"പക്ഷെ സ്വന്തം ഐഡന്റിറ്റി മറച്ച് വച്ച് ജീവിക്കുന്ന അയാളെ പോലീസിൽ ഏൽപ്പിക്കണം'
"അയാളെ എന്ത് വിശ്വസിച്ച് ആണ് കൂടെ നിർത്തുക'
"അയാളോട് നേരിട്ട് സംസാരിച്ച് നോക്കിയാലോ ?'
"അതിന്റെ ഒരു ആവശ്യവുമില്ല. പോലീസ് മതിയാവും എപ്പോഴാ ഇവന്റെ ഒക്കെ സ്വഭാവം മാറുക എന്ന് മുൻകൂട്ടി അറിയുവാൻ സാധിക്കില്ല.'
"ഉടമസ്ഥൻ ആയിരുന്നുവെങ്കിൽപ്പോലും ഇറ്റ്‌സ് ക്രീപ്പി. ഇവിടെയീ ചുറ്റിപ്പറ്റി നിൽക്കുന്നത്'
"വീടിനെ ഓമനിക്കുവാൻ ആകും. തൊട്ടും തലോടിയും പഴയ കളിപ്പാട്ടം നാം സൂക്ഷിക്കും പോലെ' മേരിക്ക് പെട്ടന്ന് വീട് ഓർമ വന്നു.

പീറ്റർ എന്ന മനുഷ്യൻ നാലു ദിവസമായി വീടിനെ നോക്കിയത് അവളോർത്തു. മുറ്റമടിക്കുന്നതും ചെടികൾ നനക്കുന്നതും കിണറ്റിൽ നിന്നും വെള്ളം കോരുന്നതും ജലം കുടിക്കുന്നതും പച്ചക്കറികളെ താലോലിക്കുന്നതും വാതിലുകൾ ചാരുന്നതും മാറാല തൂക്കുന്നതും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ സിമന്റ് പൊത്തിയതും അവൾ തന്റെ മുൻപിൽ കണ്ടു. എല്ലാം കേട്ടു കൊണ്ടിരുന്ന ലില്ലി അവസാനം സംസാരിച്ചു.
"നിങ്ങൾ അയാളോട് സംസാരിച്ച് എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞ് വിട്ടാൽ മതി. അതല്ലേ നല്ലത്. അയാളെ ഉപദ്രവിക്കണ്ട. പോലീസിലൊക്കെ പറയുന്നത് നമുക്ക് ഇപ്പോൾ ഗുണകരമാവില്ല.'
"ആ കാര്യം വക്കീൽ ഏൽക്കും അവൾക്ക് ഇതൊന്നും പുത്തരി ആവില്ല' മൂന്നാമത്തെ സ്ത്രീ തലയാട്ടി
"എന്തായാലും അയാൾ വരട്ടെ'
"അതെ അയാൾ വരട്ടെ' അവർ കാത്തിരിന്നു. പ്‌ളേറ്റിലെ അവസാനത്തെ ചക്ക വറവ് ചവച്ച് ഒന്നാമത്തെ യുവതി ചോദിച്ചു
"നീയെന്റെ പുതിയ ടാറ്റൂ കണ്ടോ?'
"ഇല്ല എവിടെ?'
"അങ്ങനെ കാണിക്കാനൊന്നും പറ്റില്ല. അടിവയറ്റിലാ. നിർബന്ധം ആണേൽ കാണിക്ക്യാം'
"അയ്യേ വേണ്ട. നീയെന്തിനാ അവിടെയൊക്കെ ചെയ്യാൻ പോകുന്നത്?'
"അതു പിന്നെ അങ്ങേരുടെ വാശിയാന്നേ. അങ്ങേരുടെ പേരു അവടെത്തന്നെ പച്ചകുത്തണം എന്ന്'
"ഇതെന്താ പട്ടികൾ മൂത്രമൊഴിച്ച് അതിർത്തി കുറിക്കുന്ന പോലെ ഒരു ചടങ്ങ്?'
"സമ്മതിക്കാൻ നീയും അല്ലേ'
"അത് പിന്നെ ഒരോന്ന് ചോദിക്കാനും ഓരോ സമയം ഇല്ലേ. ആ സമയത്ത് ചോദിച്ചാ ആരായാലും സമ്മതിച്ചു പോകും അല്ലേ മോളേ' എല്ലാവരും ചിരിച്ചു
"അത് പറഞ്ഞപ്പോഴാണ് പെണ്ണുങ്ങളേ, ഈയിടെയായിട്ട് ക്ലൈമാക്‌സ് കഴിഞ്ഞാൽ പിന്നെ പത്ത് മിനിറ്റ് എനിക്ക് കണ്ണു കാണുന്നില്ലെന്നേ. ആകെ ഒരു ഗ്രെയ്ൻസ്. തല പൊക്കാൻ വയ്യാതെ ഉറങ്ങിപ്പോകുന്നു. വല്ല അസുഖം ആണോ? വയസായില്ലേ. '
"ക്ലൈമാക്‌സോ?'
"എടീ ഓർഗ്ഗാസം'
"അവരുടേതോ നമ്മുടേതോ?'
"നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? പുള്ളിക്കാരനാണെങ്കിൽ അവസാനം കണ്ടാലേ പരാക്രമം അവസാനിപ്പിക്കൂ'
"ആ അത്. അത് ഈ ഇരുട്ട് കയറുന്ന പോലെയല്ലേ?'
"ആ ഏതാണ്ട് അത് പോലെയൊക്കെത്തന്നെ'
"അത് എനിക്ക് ഒന്ന് രണ്ട് മിനിറ്റൊക്കെ തോന്നിയിട്ടുണ്ട്.'
"നിനക്കെങ്ങനാ തോന്നിയേ?'
"അങ്ങേരെടെ തൊണ്ണൂറു കിലോയുള്ള കുടവയറ് മേത്ത്ന്ന് ഒഴിഞ്ഞ ആശ്വാസാണ് എനിക്ക് കൂടുതലും തോന്നിയിട്ടുള്ളത്.'
"ആ ആശ്വാസം കൊണ്ടാണ് അവള് നാലു പിള്ളേരെ പെറ്റത്' എല്ലാവരും ചിരിച്ചു.
"അല്ല മോളെ ഇത്രേം കുടവയർ വച്ച് എങ്ങനെ കാര്യം നടക്കും?'
"അത് ആ സമയത്ത് വയർ ഉള്ളിൽ കേറി പോകും '
"സത്യം പറയാലോ ഇത് കഴിഞ്ഞ് കിടക്കുമ്പോഴുണ്ടല്ലോ കൂട് തുറന്ന് ആയിരം ആട്ടിങ്കുട്ടികൾ നമ്മളിൽ നിന്നും പോയത് പോലെയാകും നമ്മൾ'
"ദേ സാഹിത്യകാരി എന്തൊക്കെയോ പറയ്ണ്ട്.'
"ഇവക്കടെ കാര്യം പറയണ്ട. അവൾടെ പുള്ളിക്കാരൻ ഇപ്പഴും ജിമ്മിലൊക്കെ പോണുണ്ട്. അമ്മയുടെ മേൽ അച്ഛന്റെ സ്‌നേഹപ്രകടനം കണ്ടിട്ടാണത്രേ മക്കളും മരുമക്കളും താമസം മാറിയത്' രണ്ടാമത്തെ സ്ത്രീ ചമ്മിയ ഒരു ചിരി ചിരിച്ചു.
"സ്‌നേഹപ്രകടനമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയുണ്ട്. സ്വന്തം കാര്യം തീരുന്നത് വരെ'
"നീ ആ മേരി കൊച്ച് നിൽക്കുമ്പോൾ ഓരോന്ന് പറയല്ലേ കേട്ടോ'
"പിന്നേ ഇന്നത്തെ പിള്ളേർക്ക് ഇതൊക്കെ അറിയാതെ ഇരിക്കല്ലേ. നീ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവളോട് ചോദിച്ച് പഠിച്ചോ' എല്ലാവരും ചിരിച്ചു.
"എന്തേ ലില്ലി എന്താ നിന്റെ അഭിപ്രായം'
"ലില്ലീനെ ഇങ്ങനെ നോക്കിയിട്ട് കാര്യമൊന്നുമില്ല. അവൾക്കീ നോൺ വെജ് തമാശ ദഹിക്കില്ല. സ്വകാര്യത എന്നും പറഞ്ഞ് പുള്ളിക്കാരി മുങ്ങും' പതിവില്ലാതെ ലില്ലിയുടെ തൊണ്ടയിൽ വാക്കുകൾ വന്നടിഞ്ഞു കൂടി.അവൾ പതുക്കെ ചിരിച്ച് പ്ലേറ്റുകളും ഗ്‌ളാസുകളും എടുത്ത് അടുക്കളയിലേക്ക് നടക്കുവാൻ ആരംഭിച്ചു.
"നീ മുങ്ങാതെ നിൽക്ക്'
"അവളെ നീ വെറുതെ വിട്ടേക്ക് പാവം'
"ആ വിട്ടേക്കാം. പകരം നീ എനിക്ക് പറഞ്ഞു തന്നാലും മതി'
"എന്ത്?'
"ഡിഫൈൻ ഒർഗ്ഗാസം' ചോദ്യത്തിൽ രണ്ട് പേരുടെ നെറ്റി ചുളിഞ്ഞു പോയി. രണ്ട് പേർ ചിരിച്ചു. ലില്ലിയുടെ കൈകളിലിരുന്ന ഗ്ലാസുകൾ കൂട്ടി മുട്ടി കിലുങ്ങി.
"ഹഹ നല്ല ചോദ്യം. അങ്ങനെ ചോദിക്ക്'
"ആ നീയല്ലേ ലില്ലിയെ പറഞ്ഞു വിട്ടേ. ഉത്തരം പറയു.'
"അതൊക്കെ ഞാൻ പറയാം'

"ഒർഗ്ഗാസം അഥവാ രതിമൂർച്ഛ എന്നാൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ നമുക്ക് തോന്നുന്ന അനുഭൂതിയുടെ ഏറ്റവും അറ്റമാണ്. പാരമ്യം. ആണുങ്ങൾക്ക് അത് മിക്കപ്പോഴും എല്ലാ ലൈംഗിക ബന്ധത്തിലും സംഭവിക്കും. അവർക്ക് ഒരേസമയം ഒന്ന് എന്ന നിലയിൽ സംഭവിക്കുമ്പോൾ നമ്മൾ സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ സംഭവിക്കാം. ഈ അനുഭൂതി നീണ്ടുനിൽക്കുന്ന സമയവും നമ്മളിൽ അധികമായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. '
"സ്ത്രീകളുടെ കാര്യത്തിൽ ലൈംഗികബന്ധം എന്നതേ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് എന്റെ വാദം. സ്വയംഭോഗം അല്ലേ ശരി'
"തിയറി ക്ലാസ് കാണാപാഠം പഠിച്ച് മാർക്ക് വാങ്ങാൻ നമ്മൾ പണ്ടേ മിടുക്കരാണല്ലോ'
"ഹഹ'
"ഓ അത്ര വലിയ സുഖമൊന്നുമില്ല. വെറുതെ പറയുന്നതാ'
"നീയല്ലേ ഏതോ വാരികയിൽ അടിവയറ്റിൽ നിന്നും പൂമ്പാറ്റകൾ പറന്നു എന്നൊക്കെ എഴുതിയത്'
"അത് പ്രേമത്തെപ്പറ്റിയാണ്'
"ഓ അപ്പോൾ അത് വേറെയാണോ ?'
"എനിക്കൊരു കാര്യം പറയുവാനുണ്ട്'
"വക്കീലു പറ വക്കീലേ'
"നിങ്ങളീ പറയുന്ന സുഖമൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. എങ്ങനേലും ഇത് കഴിഞ്ഞ് അങ്ങ് ഒറങ്ങിയാൽ മതിയെന്നാ എനിക്കുള്ളുവെന്നേ'
"ദൈവമേ കുട്ടികളുണ്ടായി ഇത്രയും വർഷങ്ങളായിട്ടോ?'
"ശെടാ അതിനിപ്പോ കുട്ടികളുണ്ടാവാൻ നമുക്ക് ഇത് ആവണം എന്നുണ്ടോ?'
"എന്നാൽ എനിക്കും ഒരു കാര്യം പറയുവാനുണ്ട്'
"ആ പറ'
"ഐ ഹേറ്റ് സെക്‌സ്. അതൊരു വഴങ്ങിക്കൊടുപ്പായതു കൊണ്ടല്ല എനിക്കതിനോട് വെറുപ്പ്. എനിക്കത് ആവശ്യമില്ല എന്നൊരു തോന്നലാ. വേണേൽ വർഷത്തിൽ ഒന്നോ രണ്ടൊ'
"ങാ. പിള്ളേരു കെട്ടി കുട്ടികളാകാറായപ്പോ ഒരുത്തിക്കു വന്ന ബോധോദയം കണ്ടോ?'
"ഒരു കുടുംബം ആവുമ്പോൾ നമ്മൾക്ക് ഇഷ്ടമില്ലാത്ത എന്തൊക്കെ ചെയ്യേണ്ടി വരുമെന്നാ'
"അത് ശരിയാ'
"എന്ത് ശരി? കുടുംബം എന്നുള്ള പേരും പറഞ്ഞ് എത്ര കാലം ഇതൊക്കെ സഹിക്കണം'
"അത് വിട് എന്നിട്ട് ഇത് കേൾക്ക്'
"എനിക്കീപ്പറയണ സുഖമൊന്നും അല്ല അങ്ങേരു ഈ പണി കഴിഞ്ഞു നെറ്റിയിൽ ഉമ്മ വച്ച് കെട്ടിപ്പിടിച്ച് ഒറ്റക്കെടുപ്പാ. അപ്പോ ആ കൈകളുടെ ഉള്ളിലുള്ള ആ സുരക്ഷിതത്വം ഉണ്ടല്ലോ അതാണ് രതിമൂർച്ച'
"ഏതെന്ന്?'
"കുന്തമാണ്'
"ഇവളീപ്പറഞ്ഞില്ലേ ഒർഗ്ഗാസം അത്'
"എന്റെ ഈശോയേ എന്നതാ ഞാനീ കേൾക്കുന്നേ'
"എങ്കിൽ നീ പറ എന്നതാ ഈ സാധനം'
"ബിയർ കുപ്പി കുലുക്കി തുറക്കുന്നത് പോലെ'
"അത് ആണുങ്ങളുടേതിനല്ലേ കൂടുതൽ ചേർച്ച?'
"ബലൂൺ വീർപ്പിച്ച് പൊട്ടിക്കുന്നത് പോലെ?'
"അഗ്‌നിപർവ്വതം?'
"പൂത്തിരി?'
"കമ്പിത്തിരി'
"ഹഹ'
"എന്റെ അനുഭവത്തീന്ന് പറഞ്ഞാ മതിയോ?'
"ആ മതി'
"അതിപ്പോ എന്നാന്ന് വച്ചാ. ഇപ്പോ ഈ ഞരമ്പ് ഒക്കെ വലിഞ്ഞ് പൊട്ടുന്ന പോലെ ഒക്കെ.'
"ആ കണ്ടോ കണ്ടോ. അവൾക്കും അറിയില്ല. ഈ വീഡിയോയിൽ ഒക്കെ കാണുന്ന പോലെയെന്നാ ഇവളുടെ വിചാരം'
"അതിപ്പോ ഞാൻ എങ്ങനെയാ ഈ കാര്യം വിശദീകരിക്കുവാ. അനുഭവിച്ചാലല്ലേ മനസിലാകൂ. എനിക്കിങ്ങനെ ഏതാണ്ടാ തോന്നിയേ'
"അതേ നിങ്ങളൊക്കെ ഈ ആണുങ്ങളുടെ ഔദാര്യത്തിനു കാത്ത് നിന്നിട്ടല്ലേ. ഇതിനു പറ്റിയ ഉപകരണങ്ങൾ കിട്ടണ ഷോപ്പ് ഒക്കെ ഉണ്ട്'
"ഓ. അതൊക്കെ നാണക്കേടല്ലേ'
"അമേരിക്കയിലൊക്കെ ഇത് എല്ലാവരുടേലും കാണുമെന്നേ'
"എന്തിനാണ് ഉപകരണങ്ങളൊക്കെ, കൈകളുള്ളപ്പോൾ?'
"എനിക്ക് അടിവയറ്റിലേക്ക് പോകുവാൻ തന്നെ അറപ്പാ അപ്പോഴാ'
"സ്വന്തം ശരീരത്തെ ഇഷ്ടമില്ലാത്തവരുണ്ടോ?'
"ഇനി പ്രേമം മുഴുവൻ തീർന്നു പോയിട്ടാണോ ?'
"പ്രേമവും അറപ്പും തമ്മിലെന്ത്?'
"ബന്ധമില്ലെന്നാ?'
"ഔദാര്യം ചെയ്തു കൊടുക്കുന്ന പോലെയാണോ എല്ലാ പെണ്ണുങ്ങൾക്കും സെക്‌സ്?'
"എനിക്കതെ'
"എനിക്കും'
"എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ് ഇപ്പോൾ പറഞ്ഞത്.'
"ദൈവമേ'
"അപ്പോ രതിമൂർച്ഛ?'
"കോപ്പ്, ആണുങ്ങൾ ഷണ്ഠന്മാർ'
"മക്കളുണ്ടാകാത്തവരെയല്ലേ അങ്ങനെ വിളിക്കുക?'
"എനിക്ക് ഉണ്ടായിട്ടുണ്ട് കേട്ടോ'
"എന്ത് കുട്ടികളോ?'
"അല്ലെന്നേ രതിമൂർച്ഛ'
"ഉണ്ടയാ. സംഭവം ചെയ്തു കൊണ്ടിരുന്നപ്പോൾ ഉറങ്ങിപ്പോയവളല്ലേ നീ'
"ഞാൻ പിന്നെ അവസാനം ആവുമ്പോൾ രണ്ട് മൂന്ന് സൗണ്ട് ഒക്കെ ചുമ്മാ അങ്ങ് ഉണ്ടാക്കും'
"അത് ശരിയാ ആണുങ്ങൾക്ക് അതൊക്കെ വലിയ കാര്യമാ' പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.

സംസാരം കൗതുകപൂർവ്വം കേട്ട് കൊണ്ടിരുന്ന മേരി അങ്ങോട്ട് ചെന്നു. വാതിൽ തുറന്നപ്പോൾ സഞ്ചിയിൽ സാധനങ്ങളുമായി പീറ്റർ തലകുനിച്ച് നിൽക്കുന്നുണ്ടായിരുന്നു. രണ്ടു സ്ത്രീകൾ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് അകത്ത് നിന്നും പാഞ്ഞു വന്നു. ഭയന്ന് പിറകോട്ട് ഇറങ്ങിയ പീറ്റർ അലക്ഷ്യമായി വച്ചിരുന്ന ചെടിച്ചട്ടിയിൽ തട്ടി താഴെ വീണു. വീഴുവാൻ നേരം അയാൾ മൂന്നാമത്തെ സ്ത്രീയുടെ സാരിത്തുമ്പിൽ ബാലൻസിനായി പിടിച്ചു. കുത്തഴിഞ്ഞ് സാരിത്തുമ്പ് നീണ്ടു. അപമാനിതയായ ആ സ്ത്രീ വാരിക്കൂട്ടിയ സാരിയും ചുറ്റി അയാളുടെ നെഞ്ചിൽ ഊക്കോടെ ചവിട്ടി. അയാളത് കിടന്നു കൊണ്ടു. എങ്ങ് നിന്നു വന്ന ദേഷ്യമോ കണ്ട് കൊണ്ട് വന്ന സ്ത്രീയും അയാളുടെ കാലുകൾ കൂടിച്ചേരുന്നിടത്ത് കൂർത്ത ഹീലുള്ള ചെരുപ്പ് വച്ച് ആഞ്ഞ് ചവിട്ടി. അയാൾ ഞരങ്ങി.
"എഴുന്നേറ്റ് പോടോ' സ്ത്രീ അലറി. കാലുകൾക്കിടയിലെ വേദനയെ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് ആടിയാടി അയാൾ ഓടി.

തന്റെ സഹോദരങ്ങളെ സംരക്ഷിക്കുവാൻ ദേഹം ബന്ധുവിനു നൽകിയതിന്റെ വേരുകളിൽ കിടന്ന് അന്ന് രാത്രി ലില്ലി ഭർത്താവുമൊത്തുള്ള രതി സ്വപ്നം കണ്ട് വിയർത്തപ്പോൾ മേരി ഉറക്കം ഉണർന്ന് ഇരുട്ടിന്റെ വാതിലുകൾ തുറന്ന് തുറന്ന് ഉമ്മറത്തെത്തി. വലതുവശത്തുള്ള ഷെഡിന്റെ വാതിൽ ചാരി കിടക്കുകയായിരുന്നു.

അവൾ പതിയെ വാതിൽ തുറന്ന് ഉള്ളിൽ കടന്നു. മുറിക്കുള്ളിൽ എങ്ങു നിന്നെന്നറിയാത്ത മെഴുകുതിരിയുടേതു പോലുള്ള വെളിച്ചമുണ്ടായിരുന്നു. ഷെഡിന്റെ മൂലയിൽ കിടക്കുന്നുണ്ടായിരുന്ന കട്ടിലിനരികിലേക്ക് മേരി നടന്നു ചെന്നു. അതിൽ പുതക്കാതെ ചുരുണ്ട് ഉറങ്ങുന്നുണ്ടായിരുന്ന മെലിഞ്ഞ മനുഷ്യരൂപത്തെ നോക്കി നിൽക്കും തോറും അവൾക്ക് പാവം തോന്നി. അവൾ അയാളെ ഉണർത്താതെ അരികിലായി കിടന്നു. അയാളുടെ ശരീരത്തിന്റെ മണത്തിൽ അവൾ തട്ടി വീണു.

കട്ടിലിലെ പ്ലാസ്റ്റിക് ഇഴകൾ അവരെ താങ്ങാനാകാതെ വലിഞ്ഞുമുറുകി. ചവിട്ട് കൊണ്ട, അയാളുടെ കാലുകൾ മുളക്കുന്ന ഭാഗത്ത് മുണ്ടിനു മീതെ വിരലുകൾ കൊണ്ട് അവൾ ഉഴിഞ്ഞു. ആശ്വാസത്തിന്റേതായ ഒരു ഞരക്കം അയാളിൽ നിന്നും പുറത്ത് വന്നു. നോക്കി നോക്കി കിടക്കെ ഇരുട്ട് പ്രകാശമാനമായപ്പോൾ വിശറി കൊണ്ട് അയാളെ വീശിത്തണുപ്പിക്കുന്ന ഒരു സ്ത്രീയുടെ രൂപം മേരിക്ക് കാണുവാനായി. മേരി ഭയന്ന് ചാടിയെഴുന്നേറ്റു. ചെറിയ പ്രകാശത്തിലും സ്ത്രീയുടെ മുഖം അവൾക്ക് പരിചിതമായിത്തോന്നി. അപ്പുറത്തായി രണ്ടു കുട്ടികൾ ഇരുന്ന് കളിക്കുന്നതും അപ്പോളവളുടെ കണ്ണിൽപ്പെട്ടു. അന്ന് ഫോട്ടോയിൽ കണ്ട കുട്ടികളെ മേരി വേഗം തിരിച്ചറിഞ്ഞു. കുട്ടികൾ അവളുടെ വിരലുകളിലേക്ക് ഓടി വന്നു. മറ്റൊരു സ്ത്രീ കൈക്കുഞ്ഞിനും അണ്ണാറക്കണ്ണനും ഒരുമിച്ച് മുല കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പുറത്തായി കിടന്ന് അയവെട്ടുന്നുണ്ടായിരുന്ന വെളുപ്പും കറുപ്പും കാവിയും കലർന്ന പശുക്കൾ മേരിയെ നോക്കി അമറി. അയാൾ നനച്ച് വളർത്തിയ ചെമ്പരത്തികൾ കുട്ടികളുടെ പിച്ചിക്കീറലിനായി അവിടെ വന്ന് നിന്നു കൊടുത്തു. ശബ്ദം കേട്ട് പീറ്റർ ഉണർന്നു. മേരിയെ വിളിച്ച് അയാൾ തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. എല്ലാവരും ഫോട്ടോയിലെ പോലെത്തന്നെ പഴയതായി ഉണ്ടായിരുന്നു. എല്ലാവരേയും കൂട്ടി പീറ്റർ പറമ്പിലേക്കിറങ്ങി. പറമ്പ് ഇത്രനാളും താൻ കണ്ടതിൽ നിന്നും വ്യത്യാസപ്പെട്ടത് മേരിയെ സംശയാലുവാക്കി. പച്ചപ്പ് പടർന്നു പന്തലിച്ച് കൃഷിയിടം പോലെ അവിടം ചെടികളും വിളകളും നിറഞ്ഞു കിടന്നു.

സമയത്തിന്റെ ഏത് അടരിൽ ഈ പറമ്പിനെ പീറ്റർ ഒളിപ്പിച്ചു നിർത്തുന്നു എന്നവൾ അത്ഭുതം കൂറി. കുറച്ചുനാൾ യാത്ര പോയ ശേഷം വീട്ടിലേക്ക് തിരികെ വന്ന വെപ്രാളമായിരുന്നു പീറ്ററിൽ. അയാൾ ആദ്യം കയ്പക്കാത്തോട്ടത്തിൽ വളച്ചു വച്ചിരുന്ന വള്ളിയിൽ പുതിയ മുകുളം വന്നോയെന്ന് നോക്കി. ഉണ്ടെന്ന് കണ്ടപ്പോൾ സന്തോഷമായി. കരിഞ്ഞു പോകുമെന്ന് കരുതിയതായിരുന്നു. അയാൾ മേരിക്ക് ആ വള്ളിയെ പിടിച്ചു കാണിച്ചു കൊടുത്തു. പന്തലിൽ കിടന്ന് വളരുകയായിരുന്ന വിരലോളം പോന്ന പാവക്കയെ ഞാത്തി. വേപ്പെണ്ണ-വെളുത്തുള്ളി മരുന്ന് തളിക്കാറായി. അടുത്തത് വഴുതനത്തോട്ടമായിരുന്നു. വയലറ്റും വെളുത്തതുമായി രണ്ട് തരവും കൃഷി ചെയ്യുന്നുണ്ട്. നീളനും ഉണ്ടനും ഉണ്ട്. അയാൾ കരിഞ്ഞ ഇലകളെല്ലാം വൃത്തിയാക്കി കൊടുത്തു. പുഴുക്കളെ കുരുടിച്ച ചെടികളിലേക്ക് മാറ്റി പാർപ്പിച്ചു.

സ്വയംഭോഗത്തിനായി വഴുതന ഉപയോഗിക്കുന്നതിനിടെ പകുതി ഉള്ളിൽ കുരുങ്ങി പെട്ടുപോയ സ്ത്രീയെക്കുറിച്ചുള്ള കഥ ഓർത്തു. അവൾക്ക് വഴുതനങ്ങകളോട് പാവം തോന്നി. കൂട്ടത്തിൽ ചീരത്തോട്ടത്തിനാണ് പീറ്ററിനോട് കളി കൂടുതൽ. തങ്ങൾ വളർന്നുവെന്നും ഇനിയെങ്കിലും സ്വന്തമായി വിടണമെന്നും അവർ കെറുവിക്കുന്നുണ്ടായിരുന്നു.

"അവടെ നിക്കട്ടെ' പീറ്റർ വെള്ളം തേവിക്കഴിഞ്ഞ് ചേമ്പിൻ തോട്ടത്തിലേക്ക് നടന്നു. പോകുന്ന പോക്കിൽ കളകളെ കൈക്കോട്ട് വച്ച് ചെത്തി മലർത്തി. നാളെ മോരൊഴിച്ച് ചേമ്പ് വച്ചാലോ? മേരി തലയാട്ടി. അയാൾ ഒരു കട പിടിച്ചു വലിച്ചു. അടുത്തത് കൂർക്കത്തോട്ടമായിരുന്നു. അതിനരികിലായി കുഴികുത്തിയ പെരുച്ചാഴിയോടെന്ന പോലെ അയാൾ ഓളിയിട്ടു ""നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വാഴത്തോട്ടത്തിൽ മതി നിന്റെയീ കളിയെന്ന്'' എളവനും മത്തങ്ങയും മുലകൾ ഞാത്തിയിഴഞ്ഞു.

കോവയ്ക്കാ പന്തലിലൂടെ നടന്നപ്പോൾ തൂങ്ങി നിന്ന കോവയ്ക്കകൾ അവളെ തട്ടിത്തലോടി. അതിലൊന്ന് കയ്യെത്തി പറിച്ച് കടിച്ചപ്പോൾ ഉള്ളിൽ ഓറഞ്ച് നിറത്തിലുള്ള ഉള്ള് കണ്ട് തുപ്പിക്കളഞ്ഞു. അമരകളുടെ ഇരുഅരികുകളിലുമുള്ള പല്ലുകൾ അവളെ ഉരസി. അമരപന്തലൊരു കുട പോലെ അവൾക്ക് തോന്നി. മഴയത്തും വെയിലത്തും ചന്തയിൽ പോകുമ്പോഴും അമരപ്പന്തലുമായി പോകുന്നതവൾ ഓർത്ത് ചിരിച്ചു. പരാഗണത്തിനായി ചെറിയ പൂക്കളിൽ ചെറുതേനീച്ചകൾ പാറിക്കളിച്ചു. വെളുത്ത കാന്താരി മുളകുകൾ രാത്രിയിൽ മൊട്ടിട്ട മുല്ലമൊട്ടുകൾ പോലെ നിന്നു. കുടമ്പുളികളുടെ നീരു കുടിച്ചു കൊണ്ട് കടവാവലുകൾ തലകീഴായി കിടന്നു. അണ്ണാൻ ചാടി ഓടിയപ്പോൾ മുരിങ്ങ മരത്തിൽ നിന്നും പഴുത്ത ഇലകൾ വിഷുക്കണിപൂക്കളായി പൊഴിഞ്ഞു.

നഗരത്തിലെ റൗണ്ട് അബൗട്ടിലെ ഫൗണ്ടൻ പോലെ തഴച്ചു നിന്ന ചേനയ്ക്ക് അരികുകളിൽ കൊമ്പുകൾ മുളച്ചു. ഇഞ്ചികൾ ആരോടും പറയാതെ മണ്ണിനടിയിൽ പടർന്നു. പച്ചക്കറിത്തോട്ടം വിളഞ്ഞു നിൽക്കുകയായിരുന്നു. പീറ്റർ ചാണക കൊട്ടയുമെടുത്ത് ചീരത്തോട്ടത്തിലേക്കും കോവക്കാത്തോട്ടത്തിലേക്കും ഇറങ്ങി. പോകെപ്പോകെ അവർ ശംഖുപുഷ്പം പോലെ വിരിഞ്ഞു നിൽക്കുന്ന പൂക്കളുള്ള ഭാഗത്തേക്ക് എത്തിപ്പെട്ടു.

"ഇതെന്ത് ചെടിയാണ്?' മേരി ജിജ്ഞാസപ്പെട്ടു.
"ഇതിനിവിടുള്ള പേര് യോനിയെന്നാണ്' പീറ്റർ നടന്ന് നീങ്ങി.
മേരി ആ പൂവിൽ വിരലുകൊണ്ട് തൊട്ടുഴിഞ്ഞു. അപ്പോഴാ ചെടി കാറ്റില്ലാതേയും വിറച്ചു. മേരി സ്പർശിച്ചപ്പോഴൊക്കെ അത് വിറകൊണ്ടു. ഏതാനും സമയത്തെ പരിശ്രമത്തിനൊടുവിൽ പൂവ് സന്തോഷത്താൽ വാടി. ദൂരെയെവിടേയോ ഒരു സ്ത്രീ രതിമൂർച്ചയിൽ കണ്ണുകളടച്ചെന്ന് അവൾ കരുതി. ഭൂമിയിൽ അവഗണിക്കപ്പെട്ട ഓരോ യോനിയേയും അവൾ കാരുണ്യപൂർവ്വം തഴുകി. ലോകത്തെ എല്ലാ സ്ത്രീകളുടേയും യോനികൾ ഇവിടെ പൂക്കളായി വിരിഞ്ഞിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു. അങ്ങനെയെങ്കിൽ താനിവിടം രതിമൂർച്ചകളാൽ നിറച്ചേനെ. രതിമൂർച്ചകളുടെ തോപ്പ്.

വീട്ടുകാർ ഒരോരുത്തരായി പണി തുടങ്ങിയിരുന്നു. ഒരു സ്ത്രീ മുറ്റത്തെ ഇലകൾ മുഴുവൻ അടിച്ചു വാരി. മുത്തച്ഛൻ പശുക്കളെ പറമ്പിലേക്ക് മാറ്റിക്കെട്ടി അടയ്ക്കാ പെറുക്കിയെടുക്കുവാനായി പോയി. കുട്ടികൾ മണ്ണിൽ വാരിക്കളിച്ചു. ചെറിയച്ഛൻ പീറ്ററിനെ സഹായിക്കുവാനായി മുണ്ടു മുറുക്കിയുടുത്തു. പറമ്പ് നനക്കുവാൻ ജലം കിണറിൽ നിന്നും കുതിച്ച് പൊങ്ങി. അതിൽ മേരി നനഞ്ഞു. അത് കണ്ട് തെങ്ങുകൾ തലയാട്ടി. ജാതിക്കാ മരങ്ങൾ സ്വയം പുളിച്ചു. പുല്ലുകൾ മുളച്ചു. മാമ്പൂ പൊഴിഞ്ഞു. മുറ്റം നുണക്കുഴികൾ വിരിയിച്ചു. മരങ്ങൾ ജലം അടരുകളിൽ കരുതി വച്ചു. മണ്ണിനടിയിൽ പെരുച്ചാഴി വേരുകൾ കടിച്ചു. മണ്ണിരകൾ തണുപ്പിലേക്ക് ഉന്നം വച്ചു. തേനീച്ചകൾ പൂമ്പൊടിയേന്തി പറന്നു. മരിച്ചവരെല്ലാം ചേർന്ന് മണ്ണിനടിയിൽ കിടന്ന് വേരുകളിൽ ഊറി. വീട് വീണ്ടും ജീവിച്ച് തുടങ്ങി. രാത്രി, സ്വയം തീർന്നു പോകരുതേയെന്ന് പ്രാർത്ഥിച്ച് അവരുടെ കൃഷി ആസ്വദിച്ചു. മേരി കുഴഞ്ഞ മണ്ണിൽ കൈകൾ മുക്കി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments