ലൂപ്പിലായിപ്പോയ പ്ലേലിസ്റ്റിലെ വീഡിയോകൾ വീണ്ടും വീണ്ടും ഫോണിൽ പ്രവർത്തിച്ചു കൊണ്ടിരുന്നു. സോളമൻ ട്രെയിനിൽ അഞ്ച് സ്റ്റേഷനുകളിലായി കറങ്ങിക്കൊണ്ടിരുന്നു. പ്ലേ ലിസ്റ്റ് ക്ലോസ് ചെയ്തിട്ടും ഹെഡ് ഫോൺ വലിച്ചൂരിയിട്ടും കണ്ണടച്ചു തുറന്നിട്ടും മുടിയിൽ വിരലു കൊണ്ട് പിടിച്ചു വലിച്ചിട്ടും അടുത്തിരുന്നവരോട് പുറത്ത് ചൂണ്ടിക്കാണിച്ചിട്ടും ബാറ്ററി ഊരിമാറ്റിയിട്ടും ആ വൃത്തത്തെ മുറിക്കുവാൻ അയാൾക്കായില്ല. സ്വപ്നമാകണേ സ്വപ്നമാകണേയെന്നാഗ്രഹിച്ച് കൊണ്ട് കണ്ണു ചിമ്മിത്തുറന്ന സോളമനിൽ മിനിറ്റിനു 110 ഇടിപ്പ് വേഗതയിൽ നെഞ്ചിലെ ആവി എഞ്ചിൻ കൂകിപ്പാഞ്ഞു. പരിഭ്രാന്തിയിൽ കണ്ണു നിറഞ്ഞ് തളർന്നു വീണുപോയ അയാളെ ആരോ കുലുക്കി വിളിച്ച് കണ്ണു തുറപ്പിച്ചു.
"ആരോ എന്ന് തോന്നിപ്പിക്കുമാറ് വൈബ്രേഷൻ മോഡിൽ കിടന്ന് വിറച്ച് അയാളെ ഉണർത്തിയത് ഞാൻ തന്നെയായിരുന്നു. മയക്കു മരുന്നിന്റെ അമിത ഉപയോഗം അയാളെ വല്ലാതെ ബാധിച്ചിരുന്നു. ക്ഷീണിതമായ തലച്ചോറിനുള്ളിൽ മതിവിഭ്രമത്തിന്റെ കാഴ്ചകൾ നിറക്കുന്നതിനു താരതമ്യേന എളുപ്പമാണ്'
ബ്ലാക്ക് ബെറി സംസാരിക്കുന്നത് മുറിയിലെ മറ്റുപകരണങ്ങൾ ശ്രദ്ധിച്ചു കേട്ടു. ആ യാത്രയിൽ മറ്റാരേയും സോളമൻ കൂടെക്കൂട്ടിയിരുന്നില്ല. കണ്ണുനീർ വീണു നനഞ്ഞ അയാളുടെ കവിള് കണ്ട് ബ്ലാക്ക്‌ബെറി അയാളെ ലൂപ്പിൽ നിന്ന് വിളിച്ചുണർത്തുക ആയിരുന്നു എന്ന അറിവ് ലെനോവക്ക് അത്ര ഇഷ്ടമൊന്നുമായില്ല.
‘ലൂപ്പ് അയാളുടെ മതിവിഭ്രമമായിരുന്നുവോ?'
"അതെ. പുറപ്പെടുന്നതിനു മുൻപ് അയാളെടുത്ത എൽഎസ്ഡിയാണ് അപ്പോൾ അയാളുടെ കാഴ്ച്ചകളെ നിയന്ത്രിച്ചിരുന്നത് '
"മേരിയുടെ മരണത്തിനു ഹേതുവായ വിഷയത്തെ തേടിയാണോ അയാളിറങ്ങിയത്'
"അതെ. ഹോസ്പിറ്റൽ തേടിത്തന്നെ'
"കൗതുകത്തിനു പിറകേ പോകുന്ന കുട്ടിയെപ്പോലെയാണ് സോളമൻ'
"കുട്ടിക്കാലത്തിന്റെ അടിമകളാണ് മനുഷ്യർ'
"ശരിയാണ്'
"കുട്ടിക്കാലത്തിന്റെ ഓർമ്മ ഓരോ മനുഷ്യന്റേയും തലച്ചോറിനെ ഭരിക്കുന്നു. ആ ശീലങ്ങൾക്ക് അടിമപ്പെട്ട് ജീവിതം തീർക്കുന്നു'
"സോളമനിലും ഇന്ദ്രിയങ്ങളും കുട്ടിക്കാലവും ശീലങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടന്നിരുന്നു'
ബ്ലാക്ക് ബെറി തുടർന്നു.
കണ്ണു തുറന്ന സോളമൻ ലൂപ്പ് പൊട്ടിച്ച് പായുന്ന ട്രെയിൻ ആറാമത്തെ സ്റ്റേഷനിലേക്ക് വന്നു ചേരുന്നതാണ് കണ്ടത്. ഇയാളിതെന്താണ് ഇത്രയും ഭീതിദമായി ഉറ്റുനോക്കുന്നത് എന്ന് നെറ്റി ചുളിക്കുന്നുണ്ടായിരുന്നു ആളുകളെല്ലാം. സോളമൻ ചാടിപ്പിടഞ്ഞെഴുന്നേറ്റ് പുറത്തിറങ്ങി. സ്റ്റേഷനു പുറത്ത് യാത്രക്കാർ നിരന്നു നടന്നു. 3.5 പോയിന്റ് കണ്ണട ധരിച്ച ഒരാൾ നോക്കിയപ്പോൾ കാഴ്ചയിൽ സോളമന്റെ തലക്കു മുകളിൽ ഒരു കട്ടിൽ കണ്ടു.
ആ കട്ടിൽ അയാളുടെ കുട്ടിക്കാലമായിരുന്നു, അയാളുടെ പൂർവ്വികരായിരുന്നു, ഭൂതകാലമായിരുന്നു, സ്വന്തം ഇടമായിരുന്നു, വീടായിരുന്നു, കുറ്റബോധമായിരുന്നു, മേരിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു. കട്ടിൽ ചുമന്നു കൊണ്ട് സോളമൻ ഹോസ്പിറ്റൽ തേടി വെളിയിലേക്കിറങ്ങി. സ്റ്റേഷനു പുറത്ത് മതിലിനോരം ചേർന്ന് വളരുന്ന പുല്ലിനൊപ്പം ചാഞ്ഞ് നീങ്ങി. മുറിവാടക കൊടുക്കുന്നതിനോ കുഞ്ഞിനു മരുന്നു വാങ്ങുന്നതിനോ സിഗററ്റും മദ്യവും ഏർപ്പാടാക്കുന്നതിനോ വേശ്യാവൃത്തിയിലേർപ്പെട്ടവരുടെ തെരുവിലേക്ക്, കട്ടിൽ തലയിലേന്തി മതിലിനോരം ചേർന്ന് വളരുന്ന പുല്ലുകൾക്കൊപ്പം അയാൾ ചാഞ്ഞു നടന്നു. ഇടയ്ക്കിടയ്ക്ക് തലയിൽ വച്ചും കൈകളിൽ പിടിച്ചു നിരക്കിയും കട്ടിലുമായി അയാൾ; അയാളിലോ ചുമ, കാലങ്ങളായി വളർത്തിയ പരാദ സസ്യം കണക്കെ കഫത്തിന്റെ തൊണ്ടക്കുഴലുകളുള്ള പ്രാവുകളായി ഉള്ളിൽ കുറുകി. വിശപ്പ് ഉള്ളിലെ ഉറുമ്പിൻ വള്ളികളിൽ തീവണ്ടികളായിപ്പാഞ്ഞു.
ആളുകൾ കൂടിനിൽക്കുന്ന കവലയിൽ അയാൾ ആശുപത്രിയിലേക്കുള്ള വഴി ചോദിച്ചു. ഇടപാടുകാരെക്കാത്ത് നിന്നിരുന്ന സ്ത്രീകൾ അയാളെ വളഞ്ഞു. കൂട്ടിക്കൊടുപ്പുകാരില്ലാതിരുന്നൊരുവൾ ആശുപത്രിയിലേക്കുള്ള പോലെ അയാളുടെ കൈകളിൽ പിടിച്ചു വലിച്ചു. അയാൾ കൂടെപ്പോയി. ലിഫ്റ്റ് നിലച്ചു പോയ, മാറ്റിപ്പണിയുവാൻ പോകുന്നയാകെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിയപ്പോഴേക്കും അയാളും കട്ടിലും കിതച്ചു. മരക്കട്ടിലിന്റെ ഭാഗങ്ങൾ പടികളിൽ തട്ടി ഉരഞ്ഞ് പൊട്ടി. മുറിയിലേക്ക് കയറുവാൻ അവൾ വാതിൽ തുറന്നു കൊടുത്തു. സോളമൻ കട്ടിലുമെടുത്ത് നിരക്കി നീക്കി കയറി. ആളുകളെ ആകർഷിക്കുവാനായി ശരീരത്തിൽ ചുറ്റിയ വില കൂടിയ പരുത്തിത്തുണി മുറിയുടെ ഒരു മൂലയിൽ നിന്നു കൊണ്ട് അവൾ അഴിച്ചു സൂക്ഷിച്ചു വച്ചു. കമ്മലുകളും വളകളും കാലുറകളും അഴിച്ച് ബാഗിൽ വച്ചു കൊണ്ടിരുന്നപ്പോൾ സോളമൻ മുറിയിൽ വിരിച്ചിട്ട കട്ടിലിനരികിൽ തന്റെ ഭാരം ഇറക്കി വച്ചു അതിൽ കയറിയിരുന്നു.
മരണത്തിന്റെ കിണറ്റുവക്കത്തിരുന്നു ഏന്തിവലിഞ്ഞു ഉള്ളിലേക്ക് നോക്കുന്നതു പോലെ കട്ടിലിൽ കിടന്ന് അയാൾ ചുറ്റുപാടും നോക്കി. അതിനുള്ളിൽ സോളമൻ സ്വയം അടഞ്ഞിരുന്നു. ആശുപത്രി എവിടെ എന്ന് സോളമന്റെ പുരികം അവളോട് ചോദിച്ചു. ആശുപത്രി മറന്നേക്കൂ ഇതാ ഞാൻ എന്നെ നോക്കൂ. അവൾ അടുത്തു വന്നിരുന്നു. സോളമൻ അനങ്ങിയില്ല. അവളാദ്യം അയാളുടെ ജീൻസിനു മുകളിലൂടെ തുടയിൽ പിടിച്ചു. പതുക്കെ അയാളുടെ കൈകളെടുത്ത് ബ്രായ്ക്ക് മുകളിൽ വച്ചു കൊടുത്തു. സോളമൻ അതിനുള്ളിലെ മൃദുത്വം ഊഹിച്ചു. കൈകളെടുത്ത് അയാൾ ജീൻസ് പോക്കറ്റിനുള്ളിൽ തപ്പി. വാഷിംഗ് മെഷീനിലിട്ട് അലക്കിയപ്പോൾ കുതിർന്നലിഞ്ഞു ചേർന്ന കടലാസു തുണ്ടുകൾ വിരലുകളിൽ തടഞ്ഞു. അതിനിടയിൽ ഉണ്ടായിരുന്ന നോട്ടുകൾ അവളുടെ കൈകളിൽ വച്ചു കൊടുത്തു. അടിവസ്ത്രമൂരാതെ പണമുണ്ടാക്കിയ കഥ തന്റെ കൂട്ടുകാരികളോട് പറഞ്ഞിന്ന് ചിരിച്ച് മറിയണമെന്ന് അഭിമാനത്തോടെ അവളോർത്തു. പണം ലഭിച്ചതോടെ സോളമനെ അവൾ ഇറക്കി വിട്ടു. കട്ടിലും തലയിലേന്തി അയാൾ വീണ്ടും മുറിക്ക് പുറത്തിറങ്ങി. പടികളിലൂടെ ശ്രദ്ധിച്ച് ഇറങ്ങുന്നതിനിടെ പലപ്പോഴായി അയാളിടറി. കട്ടിലയാൾക്ക് വിരലു കൊടുത്തു.
പാർക്കിങ് സ്ഥലം ലഭിക്കാതിരുന്ന കാറു പോലെ മറ്റൊരു തെരുവിലേക്ക് അയാളലച്ചിലിനെ തുറന്നു. പുതിയ തെരുവിൽ പാലത്തിനായുള്ള ദ്വീപ് നിവാസികളുടെ ജനകീയ സമരം നടക്കുകയായിരുന്നു. ജനക്കൂട്ടം കടന്നലുകൾ പോലെ മൂളി. ഉള്ളിൽ നിന്നും വെട്ടിപ്പോയൊരു മീൻ തടാകമിളക്കിയതു പോലെ ഒരു വെടിശബ്ദത്തിൽ ജനക്കൂട്ടം ചിതറിയോടി. വെടിശബ്ദം കേട്ടു ആലിൻ മരത്തിൽ നിന്നുയർന്ന് പറന്ന വവ്വാൽക്കൂട്ടത്തെ അയാളോർത്തു. റോഡരികിലൂടെ നടന്ന സോളമനെ ലക്ഷ്യമാക്കി പോലീസുകാരിൽ ഒരാൾ ദൂരെയുള്ളൊരു മഞ്ഞുകാലത്തിൽ നിന്നെന്ന പോലെ വിളറിയ മുഖവുമായി പാഞ്ഞു വന്നു ലാത്തി വീശി. ആദ്യത്തെ അടിയിലേ സോളമനൊന്നു കറങ്ങി.
സോളമൻ കട്ടിൽ നിലത്ത് വച്ച് അതിനുള്ളിൽ കയറിയിരുന്ന് കണ്ണുകളടച്ചു.
അവസാനമില്ലാത്ത തുരങ്കത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന തീവണ്ടിയിലെ യാത്രക്കാരന്റെ കാഴ്ച്ച പോലെ അന്ധത കടന്നു വന്നു. പുഴയ്ക്കരികിൽ നീന്തിക്കൊണ്ടിരിക്കേ ഒരു ചുഴി ജലത്തിനുള്ളിലേക്ക് കാലുപിടിച്ച് വലിച്ചപ്പോൾ ലഭിച്ച നിശബ്ദത പോലെ ചെവികളടഞ്ഞു. ഏറ്റവും തണുത്ത ഐസ്‌ക്രീം ഒറ്റയടിക്ക് കഴിച്ചതു പോലെ നാക്ക് മരവിച്ചു. കളിക്കിടെ കൂട്ടുകാരൻ തലയിണയാൽ ശ്വാസം മുട്ടിച്ചതു പോലെ നാസാരന്ധ്രങ്ങൾ മൂടി. ഒരുപാട് സമയം ഒരേ ഇരുപ്പിരുന്ന് കാൽ തരിച്ച പോലെ സ്പർശനനാഡികൾ തൊലിയുമായുള്ള ബന്ധം വിച്ഛേദിച്ചു.
ടിവിയിലെ ഓഡിയോ വീഡിയോ പ്ലഗുകൾ ആരോ ഊരിയെറിഞ്ഞതു പോലെ ശരീരത്തിൽനിന്നും അഞ്ച് ഇന്ദ്രിയങ്ങൾ അവരവരുടെ പ്ലഗുകൾ വലിച്ചെറിഞ്ഞു. എങ്കിലും കട്ടിൽ അമ്മയുടെ ഗർഭപാത്രമായി അയാളെ പൊതിഞ്ഞു പിടിച്ചിരുന്നു. അതിനുള്ളിൽ കിടന്നു അയാൾ വിരൽ കുടിച്ചു. അയാളുടെ ഇന്ദ്രിയങ്ങൾ അവരുടെ പണികൾ അവസാനിപ്പിച്ചു. ഷിഫ്റ്റ് കഴിഞ്ഞ തൊഴിലാളികളെപ്പോലെ, ഇന്ദ്രിയങ്ങൾ യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം അണച്ച് വസ്ത്രം മാറി പുറത്തിറങ്ങി മേരിയുടെ ഓർമക്കായി ബിയർ പൊട്ടിച്ചും തമ്മിൽ മുട്ടിച്ചും ആഘോഷം തുടങ്ങി. ആമ തന്റെ തോടിനുള്ളിലേക്ക് കയറിപ്പോയ പോലെ ഇന്ദ്രിയങ്ങളിൽ നിന്നും പിൻവാങ്ങിക്കൊണ്ട് അയാൾ; അയാളിലോ സമുദ്രങ്ങൾക്കടിയിൽ കാണുന്ന ടയറുകളുടെ ശ്മശാനം പോലെ ഓർമകൾ മാത്രം ബാക്കിയായി. എല്ലാ സന്തോഷങ്ങൾക്കും വിപ്ലവങ്ങൾക്കും ബഹളങ്ങൾക്കും സംഗീതങ്ങൾക്കും ലഹരികൾക്കും ഇടയിൽ ഇരുട്ടിന്റെ സീറോ ബൾബ് കത്തുന്ന മുറിയിലെ കട്ടിലിൽ അയാൾ അമർന്നു. അതിൽ വായ തുറന്ന് കിടന്നുറങ്ങിയപ്പോൾ മേരി ഓർമ്മകളിൽ നിന്നിറങ്ങി വന്ന് അമ്മയുടെ കൈവിരലുകൾ കൊണ്ട് മുടിയിഴകളിൽ തലോടിക്കൊടുത്തു.
പോലീസ് വന്നതും ജനങ്ങളോടിയതും ലാത്തി വീശിയതും അയാളറിഞ്ഞില്ല. തെങ്ങ് പ്രസവിച്ച കുട്ടികളാണ് മുക്കുറ്റിച്ചെടികളെന്ന മേരിയുടെ വാദം ആ കട്ടിലിൽ കിടന്ന് സോളമൻ ഓർത്തു. ഓർമകളുടെ ഇളംവെയിൽവള്ളികൾ ഇഴഞ്ഞിഴഞ്ഞ് അയാളെ ചുറ്റിപ്പടർന്നു. അതിൽ കിടന്ന് കുന്നുകളുടെ മഞ്ഞച്ചതും പച്ചപുള്ളികൾ നിറഞ്ഞതുമായ പാവാടയെ അരുവിയുടെ വെളുത്ത ചരടു കോർത്തു മുറുക്കികെട്ടി. ശ്വാസോച്ഛാസം നിയന്ത്രിക്കുന്ന ഒരു ഇരട്ടക്കുഴൽ തോക്കാണ് മൂക്കെന്ന് സോളമനു തോന്നി. അയാളുടെ ഓർമകളിലേക്ക് ഗന്ധങ്ങൾ അയച്ച രാസിക നിവേശങ്ങൾ സഞ്ചരിച്ച നൂൽ പൊട്ടിപ്പോയിരുന്നു. ആ പട്ടം പൊട്ടിയ കുട്ടി അവിടെയിരുന്നു ഒഴിഞ്ഞ ആകാശത്തെ നോക്കി. മെഴുകുതിരിയിൽ വീണ പ്രാണി ഉറച്ചു പോകും പോലെ മൂക്കട്ടയിൽ പൊടിപടലങ്ങൾ പറ്റിപ്പിടിച്ചു. വായു, മണങ്ങൾ നഷ്ടപ്പെട്ട വെറും വാതകമായി അയാളിലേക്കിറങ്ങി.
:ഘ്രാണേന്ദ്രിയം:
മണങ്ങൾ ഓർമകളിലെ കാഴ്ചകളായും രുചികളായും സ്പർശനങ്ങളായും കേൾവികളായും അയാളിൽ കെട്ടുപിണഞ്ഞു കിടന്നു. സോളമൻ മണങ്ങളെ ഒന്ന് ഓർത്തു നോക്കി. വിയർത്തൊട്ടിയ അമ്മയുടെ സാരി മണം, വിശന്ന് കരിഞ്ഞ ദോശ മണം, മുള്ളുകളുള്ള മഞ്ഞ നിറത്തിന്റെ പൈനാപ്പിൾ മണം, ഛർദ്ദികൾക്കു മേലെ കശുമാവിന്റെ ഇലമണം, കാലുകൾ തണുപ്പിച്ച പച്ചചാണക മണം, കൂർത്ത ഇഞ്ചപ്പുല്ലു മണം, ഒട്ടിപ്പിടിച്ച ചോക്ലേറ്റ് മണം, ഒഴുകിയ മൂത്രമണം, കൊഴുത്ത ഇറച്ചി മണം, ഇളകുന്ന കാടിമണം, കുതിക്കുന്ന കടൽപ്പച്ചമണം എന്നിങ്ങനെ ഓരോന്ന് ഓർത്തപ്പോഴും അയാളുടെ മനസിൽ ഓർമകൾ ചിത്രങ്ങളായും ചിലത് രസമുകുളങ്ങളോട് ചേർന്നും ഇറങ്ങി വന്നു. മണങ്ങളിൽ നിന്നും കാഴ്ച്ചയിലേക്കും രുചിയിലേക്കും നേരിട്ട് കനം കൂടിയ നൂൽകമ്പി വലിച്ചു കെട്ടിയിരുന്നു. കട്ടിലിൽ കിടന്നപ്പോൾ മേരിയുടെ മണം ആലോചിക്കുവാൻ ശ്രമിച്ച് സോളമൻ പരാജയപ്പെട്ടു. ഒടുവിൽ അവൾ ഉപയോഗിച്ചിരുന്ന പച്ചസുഗന്ധദ്രവ്യക്കുപ്പിയുടെ മണം അവനോർത്തെടുത്തു. മേരിയുടെ കക്ഷത്തിൽ മണപ്പിച്ചപ്പോഴൊക്കെ അവളുടെ മണത്തിനെ കമ്പിളിയാൽ പുതപ്പിച്ച സുഗന്ധം. മേരിയുടെ മണം ഓർത്തെടുക്കുവാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ അടി സോളമന്റെ ദേഹത്ത് ആഞ്ഞു പതിച്ചു. അതേ സമയത്ത് തന്നെ സോളമന്റെ ഓർമയിൽ നിന്നും ഒരു ഗന്ധം ഇറങ്ങി വന്നു. ഓർമയിൽ കാഴ്ചകൾ തെളിഞ്ഞു.
"എന്താണമ്മേ മാളു പഴത്തൊലി കഴിക്കാത്തത്?'
"അവൾക്കത് വേണ്ട'
"നമ്മുടെ അപ്പാപ്പനും അമ്മാമയ്ക്കും നമ്മളെ വേണ്ടാത്തതു പോലെ ആണോ അമ്മേ?' അമ്മ ഭാവവ്യത്യാസങ്ങൾ പ്രകടമാക്കാതെ പശുവിനെ നോക്കി നിന്നു. സോളമന്റെ അപ്പൻ ക്രിസ്ത്യാനിയും അമ്മ ഹിന്ദുവുമാണ്. നീണ്ട പ്രേമത്തിൽ കൊരുത്ത സന്തതി. വിവാഹത്തിനു ശേഷം ഇരുവീട്ടുകാരും അകന്നു. സ്‌നേഹിച്ച പുരുഷനോടൊപ്പം ജീവിക്കുവാനായി സമരം ചെയ്തവളാണ് സോളമന്റെ അമ്മ
"അപ്പാപ്പനിനി എന്നാണമ്മേ നമ്മളെ കാണാൻ വരിക'' ക്രൂരനായിരുന്നെങ്കിലും അപ്പാപ്പനെ കാണണമെന്ന് അവനു തോന്നി തുടങ്ങിയിരിക്കുന്നു.
"അപ്പാപ്പൻ നിനക്കരികിലുണ്ട്. എല്ലാം കണ്ടും കേട്ടും'
"എവിടെ'
"അദൃശ്യനായതിനാൽ കാണാൻ കഴിയുകില്ല'
"അതെങ്ങനെയാണമ്മേ അപ്പാപ്പൻ മായാവിയാണോ?'
"അല്ല മകനേ. കാളിപ്പുലയന്റെ രക്തമായതു കൊണ്ടാണത്'
"കാളിപ്പുലയനോ?'
"ഏതാണ്ട് പത്തിരുന്നൂറു വർഷങ്ങൾക്കു മുൻപേ പുലയന്മാർക്കൊരു രാജാവുണ്ടായിരുന്നു. കാളിപ്പുലയൻ. കാളിപ്പുലയനും ഭാര്യയും മാന്ത്രികകർമ്മങ്ങളിൽ അഗാധമായ ജ്ഞാനം ഉള്ളവരായിരുന്നു. ആ പ്രത്യേകതയാണു അവരെ പുലയരുടെ രാജാവും രാജ്ഞിയുമാക്കിയത്. രാജ്യത്ത് വലിയ ക്ഷാമം വന്നിട്ടും കാളിപ്പുലയന്റെ നാട്ടിൽ മാത്രം ധാന്യവിളകൾ തഴച്ച് വളർന്നു നിന്നു. ഈ വിവരം രാജാവറിഞ്ഞു.
പുലയന്മാരുടെ രാജാവിനോട് നാട്ടുരാജാവ് അയ്യായിരം പറ നെല്ല് കടമായി ചോദിച്ചു. കാളിപ്പുലയൻ അത് കൊടുത്തു. ക്ഷാമം മാറി നാട് തെളിഞ്ഞിട്ടും കടംവാങ്ങിയ നെല്ല് തിരിച്ചു തരുവാൻ രാജാവിനു ഒരു ഉദ്ദേശവും ഇല്ലെന്ന് കണ്ട് കാളിപ്പുലയൻ വിഷമഘട്ടത്തിലായി. ആശ്രിതർക്ക് കൃഷിയിറക്കാൻ പാകത്തിൽ നെല്ല് നൽകാമെന്നയാൾ ഉറപ്പ് പറഞ്ഞിരുന്നു. കടം കൊടുത്ത നെല്ല് തിരികെ ചോദിക്കുവാൻ ദൂതനെ വിട്ട കാളിപ്പുലയനു രാജാവ് മറുപടിയൊന്നും കൊടുത്തില്ല എന്ന് മാത്രമല്ല ദൂതനിട്ട് രാജകിങ്കരന്മാർ നല്ല തല്ലും കൊടുത്തിട്ടാണു വിട്ടത്.
ഒടുവിൽ കാളിപ്പുലയൻ നേരിട്ട് തന്നെ നാട്ടുരാജാവിനെ മുഖം കാണിക്കുവാൻ പുറപ്പെട്ടു. കൊട്ടാരത്തിലെത്തിയ കാളിപ്പുലയനെ കൊട്ടാരത്തിനു പുറത്ത് നിർത്തി. രാജാവ് അറിഞ്ഞ മട്ടില്ല. നേരിട്ട് മുഖം കാണിക്കുന്നതിനു അനുവാദം ചോദിച്ചപ്പോൾ കൊട്ടാര വളപ്പിനു പുറത്ത് സദ്യയുണ്ട്. കഴിച്ചിട്ട് പോയ്‌ക്കൊള്ളാൻ രാജാവ് അനുവാദം നൽകി. കാളിപ്പുലയൻ അപമാന ഭാരം കൊണ്ട് തലകുനിച്ചു. ഒടുവിൽ നാട്ടുരാജാവിനെ ഒരു പാഠം പഠിപ്പിക്കുവാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. തന്റെ മന്ത്രസിദ്ധിയാൽ ഉരുവം ചെയ്‌തെടുത്ത ഉണ്ണിത്തൈലത്തിന്റെ കുപ്പി തുറന്ന് മേലാസകലം അത് പൂശി. ഉണ്ണിത്തൈലം പൂശിയാൽ നൊടിയിടെ ആർക്കും അപ്രത്യക്ഷനാകാം. അത് കഴുകിക്കളയും വരെ അദൃശ്യനായി നാട് ചുറ്റാം. ഇതേ ഉണ്ണിത്തൈലമുപയോഗിച്ച് തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പത്മനാഭസ്വാമി ക്ഷേത്രത്തിൽ കാളിപ്പുലയൻ കയറിയതും ദർശനം നടത്തിയതും പുലയ സമുദായത്തിൽ പരസ്യമായ രഹസ്യമാണ്. രാജാവിന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനു ഒരിക്കൽ കൂടി കാളിപ്പുലയൻ ഉണ്ണിത്തൈലം പൂശി കൊട്ടാരം ലക്ഷ്യമാക്കി നടന്നു. പാൽക്കഞ്ഞി കഴിക്കുവാൻ തയ്യാറെടുക്കുകയായിരുന്ന നാട്ടുരാജാവിനരികിലേക്ക് അദൃശ്യനായി കടന്നു ചെന്ന കാളിപ്പുലയൻ രാജാവിനു വിളമ്പി വച്ച പാൽക്കഞ്ഞി കുടിച്ചു. തന്റെ നെല്ല് കടം വാങ്ങി മൃഷ്ടാന്നം ഭോജിക്കുന്ന രാജാവിനു തെറ്റ് മനസിലാക്കുവാൻ ഒരവസരമായിട്ടേ കാളിപ്പുലയൻ അതിനെയെടുത്തുള്ളൂ. വിളമ്പി വച്ചിരുന്ന കഞ്ഞി ഞൊടിയിടയിൽ അപ്രത്യക്ഷമായത് കണ്ട് രാജാവ് അമ്പരന്നു.
എന്തോ മാന്ത്രികത തനിക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ ചുറ്റും പടയാളികളെ അണിനിരത്തി പാൽക്കഞ്ഞി പിന്നേയും വിളമ്പി. ശരിയാണ്. ക്രമക്കേടുണ്ട്. ഒരു കരണ്ടി കഞ്ഞി രാജാവ് ഭുജിക്കുമ്പോൾ നാല് കരണ്ടി കഞ്ഞി കാണാതാകുന്നു. രാജാവാകെ പരിഭ്രമത്തിലായി. ദിവസേന ഇതേ പ്രതിഭാസം തുടർന്നു. ഒടുവിൽ കൊട്ടാരം ജ്യോത്സ്യൻ പ്രശ്‌നം വച്ചു. അദൃശ്യനായ ഒരാൾ രാജാവിന്റെ പാൽക്കഞ്ഞി കട്ടു കഴിക്കുന്നുണ്ടെന്ന് പ്രശ്‌നത്തിൽ തെളിഞ്ഞു. പരിഹാരമായി പിറ്റേന്ന് ചൂടുള്ള കഞ്ഞി പാത്രത്തിൽ ഒഴിച്ചു വയ്ക്കുവാനും ജ്യോത്സ്യൻ അറിയിച്ചു. പിറ്റേന്ന് ചൂടുള്ള പാൽക്കഞ്ഞി കുടിച്ച് കാളിപ്പുലയൻ വിയർക്കലോട് വിയർക്കൽ. ചൂടും വിയർപ്പും അസഹ്യമായപ്പോൾ അടുത്തുകിട്ടിയ തോർത്തെടുത്ത് മുഖം തുടച്ചു. മേലാസകലം പൂശിയിരുന്ന തൈലം മുഖത്തു നിന്നും മാഞ്ഞു. കാത്തു നിന്ന പടയാളികൾ കാളുപ്പുലയനെ വലയിലാക്കി. രാജാവ് കാളിപ്പുലയനു വധശിക്ഷ വിധിച്ചു. വൈകാതെ കാളിപ്പുലയനെ അവർ തൂക്കിലേറ്റി.
ഉണ്ണിത്തൈലത്തിന്റെ കൂട്ടും മന്ത്രങ്ങളും അറിയാവുന്ന ഒരാൾ കൂടി ബാക്കിയുണ്ടായിരുന്നു ഭൂമിയിൽ കാളിപ്പുലയന്റെ ഭാര്യ ചീത. അവരത് തന്റെ മക്കൾക്ക് പകർന്നു നൽകി. അങ്ങനെ തലമുറകളിലൂടെ തൈലത്തിന്റെ വിദ്യ അപ്പാപ്പനും കൈവന്നു.
വിവാഹക്കാര്യത്തിൽ അപ്പനുമായി പിണങ്ങിയ അപ്പാപ്പൻ നിന്റെ പ്രസവദിവസം അദൃശ്യനായി വന്ന് നെറ്റിയിൽ ഉമ്മ വയ്ക്കുകയും അരയിൽ മന്ത്രം ജപിച്ച കറുത്ത ചരട് കെട്ടുകയും ചെയ്തു. അപ്പാപ്പനെന്നും അദൃശ്യനായി നമ്മളെ കാണാൻ വരും. അടുത്ത് തന്നെയുണ്ടാകും. നിന്നെ നോക്കുന്നുണ്ടാകും അനുഗ്രഹിക്കുന്നുണ്ടാകും'
സോളമനു ഭയം തോന്നി. അപ്പാപ്പൻ മരിച്ചു പോയതല്ല അദൃശ്യനായതാണെന്ന അറിവ് അവനു നട്ടെല്ലിൽ ഒരു തരിപ്പ് സംഭാവന ചെയ്തു. അമ്മ വിളിച്ചു. അവൻ നോക്കി.
വീർത്ത് പാലിറങ്ങിയപ്പോൾ വന്ന വീക്കം പോലെ പശുവിന്റെ അകിട് തൂങ്ങിയിട്ടുണ്ട്. അതിൽ നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം ചോർന്നു പോകുന്നുണ്ടായിരുന്നു. പൊക്കിൾകൊടി വരേയും വീക്കം നിറഞ്ഞു കഴിഞ്ഞു. സോളമന്റെ അപ്പൻ പശുവിനെ തൊഴുത്തിൽ നിന്നും മാറ്റിക്കെട്ടി. പിറകിൽ നിന്നും സുതാര്യമായ വാലു പോലെ ഒലിക്കുന്ന കൊഴുത്ത ദ്രാവകം പശു നക്കുവാനായി തിരിഞ്ഞപ്പോൾ അപ്പൻ അത് തടഞ്ഞു. കണ്ണുനീർ ചെടിയുടെ തണ്ടിൽ പറ്റിപ്പിടിച്ച പശിമയാർന്ന ദ്രാവകം ജലത്തിന്റെ കണികകളെ ചേർത്തു പിടിച്ചു. പശു വെപ്രാളത്തിൽ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്തു കൊണ്ടിരുന്നു. വേദനയെടുത്തിട്ട് അത് കുഞ്ഞുസോളമനെ ദയനീയയായി നോക്കി.
കാത്തിരുന്നു കാത്തിരുന്നു പശുവിനു പിറകിൽ രണ്ട് കൊമ്പ് മുളച്ചു. അസംബ്ലിയിൽ അസ്വസ്ഥനായി ഇളകി നിൽക്കുന്ന, വരിയിൽ തൊട്ടു മുൻപിലുള്ള കുട്ടിയേ പോലെ പശു കാലുകൾ ഇളക്കി. മുയലിന്റെ മാളത്തിൽ നിന്നും രണ്ട് ചെവികൾ പുറത്തു വരുന്നതു പോലെ പശുവിൽ നിന്നും രണ്ടു കുളമ്പുകൾ പുറത്തു വന്നു. വാൽ, ചിത്രം വരയ്ക്കുന്ന ബ്രഷു പോലെ കൂർത്തു നിന്നു. അറ്റത്തുള്ള രോമങ്ങൾ പാറി നടന്ന കൊതുകുകളിലും ഈച്ചകളിലും പട്ടുണ്ണികളിലും താല്പര്യമില്ലാതെയെന്നോണം എഴുന്നു നിന്നു. കാൻവാസ് ബ്രഷിന്റെ തലോടലിനായി കൊതിച്ചു. പശു കിടന്ന് അകിടിൽ നക്കി. ദഹിക്കാതിരുന്ന ഭക്ഷണം പുറത്ത് വിടുന്ന പാമ്പിനെപ്പോലെ പശുവിൻ പിൻവായിൽ നിന്നും കാലുകളും മുഖവും വെളിവാക്കി പശുക്കുട്ടി വന്നു. പശു തന്റെ പേശികൾ വച്ച് മുക്കിക്കൊണ്ടിരുന്നു. അതിനൊപ്പം തന്നെ കൊഴുത്ത ദ്രാവകങ്ങൾ പതിയെ ചാടി. സാവധാനം മുഖവും കൈകളും പുറത്തായി. മാമ്പഴപുളിശ്ശേരിയിലെ വലിച്ചു കുടിക്കുവാനാഞ്ഞ മാങ്ങ കൈകളിൽ നിന്നും വഴുതിയതു പോലെ പശുവിൽ നിന്നും കിടാവ് വഴുതി വീണു. കൊഴുകൊഴുപ്പ് കൂട്ടിനു മറുപിള്ളയെ വിളിച്ചു. മറുപിള്ളയുടെ മണം സോളമൻ ഉള്ളിലേക്കെടുത്തു. പശുവിനെപ്പോലെ അവനും കൊതി തോന്നി. പശു ആഞ്ഞപ്പോഴേക്കും അപ്പൻ മറുപിള്ളയെ എടുത്ത് വലിച്ചു. പെട്രോളിയം എന്ന് തോന്നിക്കുന്ന ദ്രാവകം കനം കുറഞ്ഞ മാംസ പാളികൾക്കുള്ളിൽ കിടന്ന് അലയടിച്ചു. പശു തന്റെ നാവ് നീട്ടി മറുപിള്ളയെ തൊടുന്നതിനായി ശ്രമിച്ചു. മറുപിള്ള തിന്നാൽ പാലു കുറയും.
അപ്പൻ അവനു പറഞ്ഞു കൊടുത്തു കൊണ്ട് ഒരു കുഴി കുത്തി അത് കുഴിച്ചിട്ടു. കിടാവിനെ തള്ളക്കരികിലേക്ക് നീക്കി കിടത്തി. പശു തുറക്കാത്ത കണ്ണുകളിലും പാട മൂടിയ ശരീരത്തിലും മൂർച്ചയുള്ള നാവു വച്ച് നക്കി. പാട പൊട്ടി. പശുക്കിടാവ് കണ്ണു തുറന്ന് ലോകം നോക്കി. അമ്മയെ നോക്കി. മരങ്ങളെനോക്കി. പുല്ലുകളെ നോക്കി. പുൽച്ചാടികളെ നോക്കി. കുഴിയിൽ നിന്നും മറുപിള്ള കൊത്തി വലിക്കാൻ കാത്തു നിൽക്കുന്ന കാക്കകളെ നോക്കി. അതിലൊരു കാക്ക പശുവിന്റെ പിറകിൽ ഒട്ടിയ സുതാര്യമായ വാലിൽ കണ്ണു വച്ചു. കിടാവിന്റെ പൊക്കിൾ കൊടി ചുവന്ന് നീണ്ടു കിടന്നു. ജന്മജന്മാന്തരങ്ങളായുള്ള ഓർമ്മയിൽ നിന്നും കിടാവ് എഴുന്നേറ്റു നിന്ന് അമ്മയുടെ അകിടിലേക്ക് ചാഞ്ഞു. സോളമൻ അമ്മയോട് ആരാഞ്ഞു
"അമ്മേ അപ്പാപ്പനായിരിക്കണം പശൂമ്പയെ നേരെ നിൽക്കാൻ സഹായിച്ചത് അല്ലേ അമ്മേ'
"അതേ മോനെ'
പശു തന്റെ കിടാവിനെ നക്കി വൃത്തിയാക്കിയതു പോലെ താൻ മേരിയെ വൃത്തിയാക്കിയത് സോളമനോർത്തു.
മറുപിള്ളയുടെ മണം അയാൾക്ക് ചുറ്റും അപ്പോഴൊക്കെ പരന്നു. അയാൾക്ക് ലോകത്തോട് ഉള്ളിൽ സ്‌നേഹം വന്നു. തന്നെ ഏറ്റവും സ്വാധീനിച്ച എല്ലാ ഇന്ദ്രിയാനുഭവങ്ങളേയും സോളമൻ മേരിയുമായി കോർത്തു വച്ചിരുന്നത് അയാൾക്ക് തന്നെ വിനയായിത്തീർന്നു. പോലീസുകാരൻ ലാത്തി വച്ച് രണ്ടാമത്തെയടി വച്ചു കൊടുത്തു
:ശ്രോത്രേന്ദ്രിയം:
സോളമൻ തന്റെ ചെവികളുടെ വാതിലുകൾ കൊട്ടിയടച്ചു. അതിനുള്ളിൽ പെട്ടു പോയ അടി ശബ്ദം കമ്പനങ്ങളിലൂടെ സോളമന്റെ ഓർമകളിലെ ശബ്ദങ്ങളെ ഉണർത്തി. ചെവിയുടെ ജനലിലൂടെ ശബ്ദത്തിന്റെ ഒരു ഇല മാത്രം പറന്നു വന്നു. അത് തട്ടി കർണ്ണപുടം ഒന്ന് അരക്കെട്ടിളക്കി. അതിനിടയിൽ ദിനങ്ങൾക്കകലെ നിന്നും ഒരു സംഭാഷണം അയാളിൽ മുഴങ്ങി.
സോളമൻ: "Do you know why I like you so much?'
മേരി: "may be because I am a wolf?'
സോളമൻ: അല്ല.
മേരി: ബികോസ് ഐ ഹാവ് വൺ പുഴുപ്പല്ല്.
സോളമൻ: അല്ലല്ല.
മേരി: ബികോസ് എന്റെ കുഞ്ഞ് ആനക്കുട്ടി ആയതോണ്ട്.
സോളമൻ: അല്ലല്ലല്ല.
മേരി: ബികോസ് ബികോസ് എന്റെ ദിവടെ കാക്കപ്പുള്ളി ഉള്ളതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ല.
മേരി: പനി പകർന്നു തരുന്നോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ല.
മേരി: ആരും ഇല്ലാത്ത റോഡിൽ അമ്മിഞ്ഞ കാണിച്ച് തരുന്നോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ല.
മേരി: സിഗററ്റ് പുകക്കൊപ്പം ഉമ്മ വയ്ക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: വീണ് കാൽമുട്ട് പൊട്ടിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: മൊത്തം കാമുകന്മാരേം പിന്നാലെ നടത്തിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: വയറിൽ ഗുളു ഗുളു സൗണ്ട് ഉണ്ടാക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നീ കുക്ക് ചെയ്യുന്നതൊക്കെ മിണ്ടാതെ തിന്ന് തീർക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിന്ന് മൂത്രം ഒഴിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: സോക്‌സ് ഇടാതെ കാൻവാസ് ഷൂ ധരിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിന്റെ ഗിത്താറ് തല്ലിപ്പൊട്ടിച്ചതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി:ചാറ്റിനിടെ ബൂബ് പിക്‌സ് അയച്ചു തരുന്നതുകൊണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നല്ല സൂപ്പർ കുണ്ടി ഉള്ളതോണ്ട്.
സോളമൻ: അല്ലേയല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിനക്ക് ഞാൻ മാത്രം ഉള്ളതോണ്ട്.
സോളമൻ: No. because you have a forehead just like my mom
മേരി:ഭൂമിയിലെ ഓരോ മകനും തുടക്കത്തിൽ തങ്ങളുടെ അമ്മമാരുമായി പ്രേമത്തിലായിരിക്കും. പിന്നീട് അമ്മമാരുടേതു പോലെയുള്ള സ്ത്രീകളെത്തേടിപ്പിടിച്ച് പ്രേമം അനുഭവിക്കുന്നു. സ്‌നേഹത്തിന്റെ മൂർദ്ധന്യതയിൽ അമ്മമാരെ ഓർക്കുന്നു.
അതിരിക്കട്ടെ അമ്മയെന്നോ അമ്മച്ചിയെന്നോ ഏതാണു സത്യം?
സോളമൻ: രണ്ടും. അമ്മയെന്നും അമ്മച്ചിയെന്നും. നിനക്ക് അമ്മയുടെ അതേ നെറ്റി. ധൈര്യം. പിന്നെ നിന്റെ കാറൽ ചീനച്ചട്ടിയിൽ കയ്യിലിട്ടുരസും പോലെ അസ്വസ്ഥാജനകം.
ഓർമ്മ ആ സംഭാഷണത്തിൽ നിന്നും അമ്മയിലേക്ക് കുതിച്ച് പാഞ്ഞു.
സോളമൻ അവന്റെ അമ്മയുടെ തനി സ്വരൂപമായിരുന്നു. രൂപത്തിലും സ്വഭാവത്തിലും. അമ്മയാണെങ്കിൽ അവരുടെ പിതാവിന്റേയും. ഉയർന്ന ജാതിയിൽ ജനിച്ച അമ്മ താഴ്ന്ന ജാതിയിൽ ജനിച്ച് ക്രിസ്ത്യാനിയായി മതം മാറിയ അപ്പനൊപ്പം ജീവിക്കുവാൻ ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ അത് അമ്മയുടെ അച്ഛൻ ദിവാകരൻ മാഷ് കൈമാറിയ തെളിച്ചമുള്ള ജ്ഞാനം മൂലം മാത്രമായിരുന്നു. നാണക്കാരിയായ അധികം സംസാരിക്കാത്ത ചിട്ടക്കാരിയായ നീന്തലിഷ്ടമുള്ളവളാണ് അമ്മ. സോളമനും അതെ.
പരിചിതർക്കൊപ്പം മാത്രം ഇഷ്ടങ്ങളും കുസൃതിത്തരങ്ങളും പങ്കുവച്ചിരുന്ന അമ്മ അപരിചിതരുടെ മുൻപിൽ നിശബ്ദയായിരുന്നു. അത്തരമൊരു നിശബ്ദത ഭയം കൊണ്ടെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചായിരുന്നു തറവാട്ടിൽ അമ്മ തന്റെ പ്രേമപ്രഖ്യാപനം നടത്തിയത്. അന്ന് രാത്രി ദിവാകരൻമാഷ് അടുത്ത് വന്ന് ചോദിച്ചു
"മോളെ നിന്നെ ജീവിതകാലം മുഴുവൻ സ്‌നേഹിക്കുവാനും പരിപാലിക്കുവാനും കഴിവുള്ളവനാണോ അവൻ?'
"അതെ' ഉത്തരം കേട്ട് സമാധാനപ്പെട്ട് തന്റെ സ്ഥിരം ഇരിപ്പിടമായ ചാരുകസേരയിലിരുന്ന് കണ്ണട മൂക്കിൽ പിടിപ്പിച്ച് അച്ഛൻ പുതിയ പുസ്തകത്തിലേക്ക് കടന്നു.
മകളെ അയാൾക്കറിയാം. സമാധാനപ്രിയ. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന പോരാളി. ഉള്ളിലേക്കത്രയും ഒതുങ്ങിയ ഒരാളുടെ ദൃഢനിശ്ചയം. അമ്മ മരിച്ചു പോയ കുട്ടിയാണവൾ. അവധി കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചെത്തിയ ദിനം കൂട്ടുകാർ വീടുകളിൽ നിന്നും അവരുടെ അമ്മമ്മാർ തന്നയച്ച വിഭവങ്ങൾ നിരത്തി.
"എന്താ കുട്ടിയുടെ അമ്മ ഒന്നും തന്നു വിട്ടില്ലേ?'' അമ്മ മരിച്ച വിവരം അവൾ സുഹൃത്തുക്കളെ അറിയിച്ചിട്ടില്ല. അവളൊന്നും പറഞ്ഞില്ല. അന്ന് അമ്മമാർ തന്നു വിട്ട ഭക്ഷണം അവൾ സ്വാദോടെ കഴിച്ചു. അടുത്ത അവധിക്കാലം മുഴുക്കെ അതുവരെ പഠിച്ചിട്ടില്ലായിരുന്ന പാചകം മകൾ ചെയ്തു പഠിച്ചു. കോളേജിലെത്തിയപ്പോൾ ആ വട്ടം അവൾ വിഭവങ്ങൾ നിരത്തി. സുഹൃത്തുക്കൾ അമ്മയെ അഭിനന്ദിച്ചു.
"കുട്ടിയുടെ അമ്മക്കെന്താ കൈപുണ്യം. എന്തൊരു സ്വാദ്' സ്വയം അമ്മയായി മാറുന്ന പെൺകുട്ടികൾ. കോളേജവധിക്ക് വീട്ടിൽ വന്നാൽ വായനാശാലയിലേക്കൊരു സന്ദർശനം. അത് മാത്രമാണ് ഏക ആശ്വാസം.
അത്രയൊന്നും സൗന്ദര്യമില്ലാഞ്ഞിട്ടും കലുങ്കിനടുത്ത് കൂടി നിന്ന ആൾക്കൂട്ടത്തിൽ നിന്നുമൊരുവൻ നടന്നു പോകുന്ന അവരെ നോക്കി ചൂളമടിച്ചു വിളിച്ചു. സൈക്കിളിനു പിറകിൽ വായനശാലയിലേക്കുള്ള പുസ്തകങ്ങൾ വച്ച് ചവിട്ടിക്കൊണ്ടിരുന്ന അവൾ ബ്രേക്ക് പിടിച്ചു നിറുത്തി ഇറങ്ങി ആൾക്കൂട്ടത്തിനടുത്ത് വന്ന് ചോദിച്ചു.
'എന്താണു? വിളിച്ചോ?'
മിണ്ടാപ്പൂച്ചയായി നടന്ന ഒരു പെൺകുട്ടിക്ക് ഇത്ര ധൈര്യം കാണുമെന്ന് ചൂളമടിച്ചവൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ചോദ്യം കേട്ട് പുറത്തേക്ക് ചൂളമടിച്ചവൻ കുറച്ച് വായു അകത്തോട്ട് വലിച്ചു കയറ്റി. അതിൽ വീണുപോയതാണ് നിന്റപ്പൻ. ആൾക്കൂട്ടത്തിലെ വിപ്‌ളവകാരി.
"വിപ്ലവകാരിയോ അപ്പനോ ?'
സോളമൻ ചോദിച്ചു.
"തൈലം തേച്ച് ലോകം ചുറ്റാറുള്ള അപ്പാപ്പനൊരിക്കൽ കാലു തെറ്റിയൊരു കുളത്തിൽ വീണു. എണ്ണയെല്ലാം പോയി. എല്ലാവർക്കും ദൃശ്യനായി. അവിടന്ന് എഴുന്നേറ്റ് വലിയ ക്ഷീണത്തിൽ വീട്ടിലേക്ക് വച്ച് പിടിക്കുന്നതിനിടെ വഴിയിൽ ഒരു ചായക്കട കണ്ടു.
പുറത്ത് നിന്ന് ചായക്കടയിലെക്ക് ഒരു ചായയെന്ന് വിളിച്ചു പറഞ്ഞു. മുണ്ട് ഒരിക്കൽ കൂടി പിഴിഞ്ഞു. ചായക്ക് പകരം തിളച്ച ചൂടുവെള്ളം അപ്പാപ്പന്റെ ശരീരത്തിൽ വന്നുവീണു. ശരീരം പൊള്ളിയ അപ്പാപ്പൻ ഓടി. ഓടുന്നതിനിടെ ചായക്കടക്കരൻ വിളിച്ചു പറയുന്നതിനു ചെവി കൊടുത്തു.
"ഇവിടല്ല പിന്നാമ്പൊറത്ത്'
അപ്പാപ്പനോടുന്നത് കണ്ട് ചായക്കടയുടെ മുൻവശത്തിരുന്ന് ചായകുടിക്കുന്ന പ്രമാണികൾ തലയറഞ്ഞ് ചിരിച്ചു.
"അല്ലെ ഇവന്റെ ഒക്കെ ഓരോ ആഗ്രഹങ്ങള്'
അന്ന് ഓടിയ ഓട്ടത്തിൽ അപ്പാപ്പൻ കരഞ്ഞു. അപമാനഭാരത്താൽ കോപമോ പ്രതികാരമോ അല്ല ഉള്ളിൽ നുരഞ്ഞത്. വീട്ടിൽ ചെന്നിട്ട് പെണ്ണുമ്പിള്ള പൊള്ളലിൽ തേൻ പുരട്ടിയിട്ടും ആ തല കുമ്പിട്ട് തന്നെ ഇരുന്നു. നാലു ദിവസം കഴിഞ്ഞ് അപ്പാപ്പൻ ഒരിക്കൽ കൂടെ ആ ചായക്കടയ്ക്ക് മുന്നിൽ വന്നു നിന്നു.
"ഒരു ചായ'
ചായയടിക്കുന്ന പാത്രത്തിൽ തിളച്ച വെള്ളം പകർത്തി ആഞ്ഞ് വീശാൻ പോകുന്നതിനിടെ അപ്പാപ്പൻ കുരിശുമാല എടുത്ത് പുറത്തിട്ടു.
"അല്ലാ മതം മാറി വന്നേക്കുവാണോ? നീയൊക്കെ എന്ത് മാറി വന്നാലും ഈ പൂമുഖത്തൂന്ന് പച്ചവെള്ളം കിട്ടുമെന്ന് കരുതണ്ട. പിന്നാമ്പൊറത്തേക്ക് ചെല്ല്. പൊള്ളണ്ടേല്' രണ്ട് നിമിഷത്തെ താമസം ഉണ്ടായുള്ളൂ. കുരിശു ധരിച്ച ഒരു കറുത്ത മനുഷ്യൻ വന്നു ചോദിച്ചു
"ചേട്ടാ ഒരു ചായ'
എന്നിട്ട് അപ്പാപ്പനരികിൽ മാറി നിന്നു. പിന്നേയും ഒരാൾ. അങ്ങനെ ആളുകൾ കൂടി വന്നു. സംഭവം പന്തിയല്ലയെന്ന് ചായക്കടക്കാരൻ നാണുക്കുറുപ്പിനു തോന്നിത്തുടങ്ങി. അപ്പാപ്പനൊപ്പം കുരിശും കഴുത്തിലിട്ട ഇരുപതോളം ആണുങ്ങൾ നിരന്നു നിന്നു. അവർ ഒരുമിച്ച് ചായക്കടയിലോട്ട് തള്ളിക്കയറി.
"ജീവൻ വേണമെങ്കിൽ ചായയിട്ട് തരീൻ നാണുക്കുറുപ്പേ' അപ്പാപ്പൻ അലറി. ആ അലർച്ചയിൽ ചായക്കടയുടെ മുൻവശത്ത് ഇരിപ്പുണ്ടായിരുന്ന രണ്ട് പ്രമാണിമാർ പ്രാണരക്ഷാർത്ഥം എഴുന്നേറ്റ് ഓടി. ജീവനും കടയും ഭയന്ന് വിറയ്ക്കുന്ന കൈകളോടേയും കൂട്ടിപ്പിടിച്ച പല്ലുകളോടേയും പതിമൂന്ന് പേർക്ക് പാൽച്ചായയും ബാക്കിയുള്ളവർക്ക് കട്ടൻ ചായയും കുറുപ്പ് അടിച്ച് കൊടുത്തു.
ചായ കുടിച്ചു കഴിഞ്ഞവർ ഓരോരുത്തരായി അണപ്പൈസ മേശപ്പുറത്ത് അടിച്ചു വച്ച് ചായക്കടയിൽ നിന്നും ഇറങ്ങിപ്പോയി. അവർ മേശയിൽ അടിച്ച ഓരോ അടിയും മുഖത്ത് ലഭിക്കുന്ന അടിയായി കുറുപ്പിനു അനുഭവപ്പെട്ടു. അവസാനം ചായ കുടിച്ച് കഴിഞ്ഞ് അപ്പാപ്പനും എഴുന്നേറ്റു മേശയിൽ സർവ്വശക്തിയുമെടുത്ത് നാണയം അടിച്ചു വച്ചു. പണമേശ തകർന്നു വീണു. ഭയന്ന് കുറുപ്പ് നിലവിളിച്ചു പോയി.
"കറുപ്പാ'
"കറുപ്പനല്ല. ഔത. ഇനി അങ്ങനെ വിളിച്ച് ശീലിക്കണം നാണു'' അങ്ങനെയുള്ള അപ്പന്റെ മകനാണ് ആന്റോ, സോളമന്റെ അപ്പൻ.
അമ്മ രാധ അസാമാന്യ ധൈര്യത്താൽ ഒരു ആൺകൂട്ടത്തെ മുഴുക്കെ വെല്ലുവിളിച്ചതിൽ അയാൾ ഞെട്ടിയില്ല. പകരം എങ്ങാണ്ടോ കണ്ടു മറന്ന മുഖമാണല്ലോ എന്ന് ചിന്തിച്ചു. ആൺകൂട്ടത്തെ മുഴുവൻ വിറപ്പിച്ച ശേഷം രാധ സൈക്കിൾ ചവിട്ടിയത് വായനശാലയിലേക്കായിരുന്നു.
ആന്റോയാണെങ്കിൽ വിപ്‌ളവം തലക്ക് പിടിച്ച് ഒന്ന് രണ്ട് കയ്യേറ്റക്കേസുകളിൽ പെട്ട് രാഷ്ട്രീയത്തിൽ നിന്നും ഉൾവലിയുവാൻ ശ്രമിക്കുന്ന സമയമായിരുന്നു. രാധയെ പിന്തുടർന്ന് വായനശാലയിലെത്തിയ ആന്റോയെക്കണ്ട് ലൈബ്രേറിയൻ സഖാവ് തോമസിനു സന്തോഷം തോന്നി.
"ഈയിടെയായി നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ'
ആന്റോ പുസ്തകങ്ങളിലേക്കുറ്റു നോക്കി
"എന്താ നിനക്ക് പുസ്തകം വല്ലതും വേണോ?'
ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് പുസ്തകങ്ങൾക്കുള്ളിലേക്ക് അയാൾ കയറിപ്പോയി. എവിടെ വച്ച് കണ്ട് മറന്ന മുഖമാണെന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടുന്നില്ല. ഇനി വല്ല കളിക്കൂട്ടുകാരിയാണോ? അയാൾ കിണഞ്ഞ് പരിശ്രമിച്ചു. രാധ അപ്പോഴേക്കും ഒരു പുസ്തകം സംഘടിപ്പിച്ച് പുറത്തിറങ്ങി. പിറകെ അയാളും. രാധ സൈക്കിൾ ചവിട്ടി പോകുന്നത് നോക്കി അയാൾ പിറകിലായി നടന്നു. പിന്നേയും രണ്ടാഴ്ചക്ക് ശേഷമാണു രാധ ആന്റോയെ ശ്രദ്ധിക്കുന്നത്.
"ചാന്നാന്മാരെക്കുറിച്ച് വിവരിക്കുന്ന ഒരു പുസ്തകമുണ്ടല്ലോ' രാധ സഖാവ് തോമസിനോട് ചോദിച്ചു. അറിയില്ലല്ലോ സഖാവ് മറുപടി കൊടുത്തു.
"മാർത്താണ്ഡവർമ്മ. സി വി യുടെ'
ശബ്ദം കെട്ട് രാധ നോക്കി. മെലിഞ്ഞ ഒരു മനുഷ്യൻ. "ഉവ്വ് ഓർമ്മ വന്നു' രാധ ഉപചാരപൂർവ്വം നന്ദി പറഞ്ഞു. കട്ടിമീശ വച്ച മെലിഞ്ഞ ആളെ അവൾ ആദ്യമായാണു അന്ന് ശ്രദ്ധിച്ചത്.
അതിനും പതിനഞ്ചു ദിവസങ്ങൾക്കപ്പുറം അവർ ഒരുമിച്ച് നടന്നു തുടങ്ങി. അവർക്ക് സംസാരിക്കുവാൻ പുസ്തകങ്ങളുടെ വിശാലമായ ലോകമുണ്ടായിരുന്നു. അവർ ഒരിക്കലും പരസ്പരം ഇഷ്ടമാണെന്ന് പറയുകയോ പ്രേമപൂർവ്വം കത്തുകൾ കൈമാറുകയോ ചെയ്തില്ല. വീട്ടിൽ കല്ല്യാണാലോചന കലശലായപ്പോൾ രാധ വന്ന് അറിയിച്ചു. 'അച്ഛനെ വന്ന് കാണണം'
ഒരു തൊഴിൽ നേടിയിട്ട് വരാമെന്ന് ആന്റോ ഉറപ്പ് നൽകി. അതു വരെ രാധ കാത്തിരുന്നു. പറഞ്ഞതു പോലെ ജോലി നേടി ആന്റോ രാധയുടെ വീട്ടിൽ പെണ്ണു ചോദിക്കുവാനെത്തി.
"ഇരിക്കൂ' മാഷ് അയാളെ ക്ഷണിച്ചു.
"പേരെന്താണ് കണ്ടിട്ട് മനസിലാകുന്നില്ല' ചാരുകസേരയിൽ പലകയും കടലാസുകളും ഒരു ഹീറോ പേനയും. എന്തോ എഴുതുകയായിരുന്നു മാഷ്.
"ഞാൻ ആന്റോ. മാപ്പ്ൾ കമ്പനിയിലാണു ഉദ്യോഗം. തരക്കേടില്ലാത്ത ശമ്പളം. രാധയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. ആലോചിച്ചു പറഞ്ഞാൽ മതിയാകും. ഒരാഴ്ച്ച കഴിഞ്ഞ് വന്നുകൊള്ളാം' അയാൾ ഇറങ്ങിപ്പോയി. അന്ന് വീട്ടിലൊരു ലഹള നടന്നു.
സഹോദരങ്ങളൂടേയും അമ്മാവന്മാരുടേയും ജാതിവെറി എന്തെന്ന് രാധ കേട്ടു. ആന്റോയെ സഹോദരങ്ങൾ ജാതി അധിക്ഷേപം നടത്തുന്നത് കേട്ട് തന്റെ ഊഴത്തിനായവൾ കാത്തു നിന്നു. ഇതോടെ നിർത്തിക്കോണം നിന്റെ ലൈബ്രറിപ്പോക്ക് മൂത്ത ജ്യേഷ്ഠൻ അന്ത്യശാസന നൽകി. എല്ലാവരും പറഞ്ഞു കഴിഞ്ഞപ്പോൾ രാധ വായതുറന്നു.
"ഞാൻ സ്‌നേഹിക്കുന്ന എന്നെ സ്‌നേഹിക്കുന്ന പുരുഷനെക്കുറിച്ചാണു നിങ്ങളീ സംസാരിക്കുന്നത്. വിവാഹം നടത്തിത്തന്നാൽ നിങ്ങൾക്ക് കൊള്ളാം. ഏത് വിധേനയും ഞങ്ങൾ ഒന്നിക്കും'. കൊല്ലും നിന്നെ ഞാനെന്നു പറഞ്ഞ് മൂത്ത ജ്യേഷ്ഠൻ അവൾക്ക് നേരെ കൈ വീശി.
രാധ സ്ഥിരമായി എഴുതുവാനുപയോഗിക്കുന്ന, മാഷ് അവൾക്ക് സമ്മാനമായി കൊടുത്ത ഹീറോ പേനയുടെ മുന വച്ച് അടിയവൾ തടുത്തു. കൈപ്പത്തി പൊത്തിപ്പിടിച്ച് മൂത്ത സഹോദരൻ അലറി വിളിച്ചു. അവൾ മുറിയിൽ കയറി വാതിലടച്ചു.
അൽപസമയത്തിനു ശേഷമാണു ദിവാകരന്മാഷ് വാതിലിൽ മുട്ടിയത്
"മോളെ നിന്നെ ജീവിതകാലം മുഴുവൻ സ്‌നേഹിക്കുവാനും പരിപാലിക്കുവാനും കഴിവുള്ളവനാണോ അവൻ'
"അതെ'
മാഷ് അവൾക്ക് ഭക്ഷണപാത്രം മുറിയിൽ വച്ച് കൊടുത്ത് താഴേക്ക് ഇറങ്ങിപ്പോയി. പിറ്റേദിവസം കയ്യിൽ കുത്തു കൊണ്ട മൂത്ത ജ്യേഷ്ഠൻ പൊതിഞ്ഞു കെട്ടിയ കയ്യുമായി മാഷെ കാണാൻ വന്നു.
"മകളെ ആ പുലയച്ചെറുക്കനു പിടിച്ചു കൊടുക്കുന്നതൊക്കെ കൊള്ളാം തറവാട്ടിലെ ഒരു തരി സ്വത്ത് അവൾക്ക് കൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല' മാഷ് മറുപടി പറയാതെ ഒരു പുസ്തകം തുറന്ന് വായന തുടങ്ങി. മകൾക്ക് കൊടുക്കേണ്ട സ്വത്ത് അയാൾ പണ്ടേക്ക് പണ്ടേ കൊടുത്തിരുന്നു. പുസ്തകങ്ങൾ. അറിവ്. വായനാശീലം. അവിടെ നിന്നും പന്ത്രണ്ടാം ദിവസം അവരുടെ വിവാഹം മാഷിന്റെ അനുഗ്രഹത്താൽ പാർട്ടിക്കാർ നടത്തി.
തന്നോട് പറയാതെ വിവാഹം കഴിച്ച മകനെ നോക്കി ഔത തൊണ്ടയനക്കി. ആന്റോയുടെ ജോലി സ്ഥലത്തിനടുത്ത് ചെറിയൊരു വാടക വീട്ടിലേക്ക് പുതുദമ്പതികൾ താമസം മാറി. മഴപെയ്താൽ സ്റ്റീൽ പാത്രങ്ങളിൽ ജലം സംഗീതം പരിശീലിക്കുന്ന, കാറ്റടിച്ചാൽ ഓടുകൾ ഇലകളായി കൊഴിയുന്ന, വെയിലിൽ ചൂടടിച്ച് സ്വയം കത്തിയിരുന്ന തീപ്പെട്ടികളുള്ള, മഞ്ഞു കാലത്ത് നനഞ്ഞ അടുപ്പുകൾ പുകയാത്ത ആ വീട്ടിലായിരുന്നു എന്റെ ജനനം.
"അമ്മ ആദ്യമായി അപ്പനുണ്ടാക്കി കൊടുത്ത കറി വിഭവം എന്താണെന്ന് അറിയാമോ?'
"പായസം?'
"അല്ല വഴുതനങ്ങാ ഉപ്പേരി' ചീനച്ചട്ടിയിൽ കയ്യിലിട്ട് ഉരസി സോളമന്റെ അമ്മ വഴുതനങ്ങാ ഉപ്പേരി പാചകം ചെയ്യുകയായിരുന്നു. ചീനച്ചട്ടിയുടെ കീറശബ്ദം സോളമനു അസഹ്യമായി.
ചീനച്ചട്ടിയിൽ കയ്യിലിന്റെ അരികു തട്ടി ശബ്ദം ഉയർന്നു. അത് കേട്ട് സോളമന്റെ ചെവിയിൽ നിന്നും രക്തം കിനിഞ്ഞു, ബക്കറ്റിൽ വച്ച വെള്ളം വിറച്ചു, മൂന്നാം നിരയിലെ ഹോർലിക്‌സ് കുപ്പികൾ പൊട്ടിപ്പോയി. ശബ്ദത്തിന്റെ ആവൃത്തി കൂടിയപ്പോൾ പട്ടികൾ വാലു താഴ്ത്തി, കാളകൾ ചെവി വെട്ടിച്ചു, മരങ്ങൾ കരിയിലകൾ കൊഴിച്ചു, ടെലിവിഷന്റെ സിഗ്‌നൽ നഷ്ടപ്പെട്ടു, ചാണക പുഴുക്കൾ കുഴിയിലെ ആഴങ്ങളിലേക്ക് ഊളിയിട്ടു, പള്ളിയിലെ മണി തനിയെ ശബ്ദിച്ചു, നടന്നു കൊണ്ടിരുന്ന ഒരാളുടെ തലയിൽ വന്ന് കാക്ക ഞോണ്ടിപ്പറന്നു പോയി, സർബത്തു കുടിക്കുന്ന ഒരാൾ ചെറുനാരങ്ങയുടെ ഇതൾ കടിച്ചു പുളിച്ചു, മാവിൽ നിന്നും മാമ്പൂപൊഴിഞ്ഞു, ഇണ ചേർന്നു കൊണ്ടിരുന്ന രണ്ടു പേർ, താഴെ വീണു പൊട്ടിയ ഗ്ലാസിന്റെ ശബ്ദത്തിൽ ഞെട്ടി വേർപ്പെട്ടു, പക്ഷികൾ കൂട്ടമായി പാടങ്ങളിൽ നിന്നും പറന്നു രക്ഷപ്പെട്ടു, മീനുകളാഴങ്ങളിലേക്ക് നീന്തി, അലക്കിവിരിച്ച വസ്ത്രങ്ങൾ താഴെ വീണു, മണ്ണിരകൾ കല്ലുകളുടെ ദ്വാരങ്ങളിൽ പതുങ്ങി, കാറിന്റെ ചില്ലുകൾ പൊട്ടി, വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി പക്ഷിക്കൂട്ടം പിടഞ്ഞു വീണു, തൊഴിലാളികളുടെ കൈകളുയർന്നു. വഴുതനങ്ങ മുളകിട്ട് മൂപ്പിക്കുകയായിരുന്നു അമ്മ. രക്തം കിനിയുന്ന ചെവിയടച്ചു പിടിച്ച് സോളമൻ ചോറിനൊപ്പം തണുത്തു. കറി ആയിക്കഴിഞ്ഞപ്പോൾ തണുത്ത ചോറിനൊപ്പം ചൂടു വഴുതനങ്ങാ കറി കൂട്ടിക്കുഴച്ച് സോളമൻ കഴിച്ചു.
ഉറങ്ങാൻ പോകുന്നതിനു മുൻപ് മുറ്റത്തിറങ്ങി ട്രൗസർ അഴിച്ച് മൂത്രം കൊണ്ട് ചെടികളുടെ ഇലകളിൽ സ്വന്തം പേരെഴുതി. അവനൊരു നീറ്റൽ വന്നു, പുകച്ചിൽ വന്നു. വീടിനു ചുറ്റും അവനോടി. കിണറ്റിനുള്ളിലേക്ക് എടുത്ത് ചാടുവാൻ അവനാഗ്രഹിച്ചു. വെള്ളം നിറച്ച പാത്രങ്ങളിൽ അവനഭയം പ്രാപിച്ചു. എരിവിനൊപ്പം ചീനച്ചട്ടിയിൽ കയ്യിലിട്ടുരസുന്ന ശബ്ദം അവന്റെ ദേഹത്തിലാകമാനം നിറഞ്ഞു. അവൻ കൈകളാൽ ചെവിയടച്ചു പിടിച്ചു. വിരലുകൾക്കിടയിലൂടെ ചീനച്ചട്ടി ശബ്ദം നുഴഞ്ഞു കയറിയപ്പോൾ രക്തം കൈകളിൽ നിന്നും ഇറ്റു വീണു. തിരിഞ്ഞും മറിഞ്ഞും അവൻ നീറിപ്പുകഞ്ഞു. രക്തം മുറി നിറഞ്ഞു വാതിലിനടിയിലെ ദ്വാരത്തിലൂടെ പുറത്തേക്കൊഴുകി. അവന്റെ പുകച്ചിലുമൊപ്പം ഒഴുകി. തെരുവു നിറഞ്ഞു. ഓടകളടഞ്ഞു. രക്തം പൊന്തി. ▮
(തുടരും)